ഇന്റലിജൻസ്​ ആപ്ലിക്കേഷനുകളുടെ ഭാവിയും

ചാറ്റ് ജി.പി.ടി എന്ന സാങ്കേതികവിദ്യ നമ്മുടെ മുമ്പിലെ യാഥാർഥ്യമാണ്. ഈ സാങ്കേതികവിദ്യയെയും ഇതു പോലുള്ള ഭാവി സാങ്കേതികവിദ്യകളെയും വിദൂരത്തുനിർത്തി വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചാലോചിക്കാനാകില്ല. യാഥാർഥ്യബോധത്തോടെ സാങ്കേതിക വിദ്യകളെ സമീപിച്ചില്ലെങ്കിൽ ഡിജിറ്റൽ പൗരോഹിത്യം ഈ മണ്ഡലത്തെ ‘സ്വകാര്യവൽക്കരിക്കും'.

മനുഷ്യന്റെ വൈഞ്ജാനിക ‘അഹംഭാവ’വും

ചാറ്റ് ജി.പി.ടി (Chat GPT) യാണ് ഏറ്റവും പുതിയ സെൻസേഷൻ. ചാറ്റ് ജി.പി.ടി മാത്രമല്ല ക്വിൽബോട്ട് (Quillbot) തുടങ്ങി വ്യത്യസ്തങ്ങളായ എ.ഐ ആപ്ലിക്കേഷനുകളും ലഭ്യമാണ്. തിരച്ചിൽ യന്ത്രമായ ഗൂഗിളിനെ കവച്ചുവെയ്ക്കുന്ന ആപ്ലിക്കേഷനാണ് ചാറ്റ് ജി.പി.ടി എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ക്വിൽബോട്ട് വ്യാകരണ പരിശോധന ആപ്ലിക്കേഷനാണ്.

ജീവിതത്തിന്റെ നാനാമേഖലകളെയും സ്പർശിക്കുന്ന എ.ഐ ആപ്ലിക്കേഷനുകൾ ലഭ്യമാണ്. ഫിനാൻസ്‌ ബോട്ട് ആപ്ലിക്കേഷൻ നിങ്ങളുടെ കൈയിലെ ധനം ഇരട്ടിപ്പിക്കാനും ശാസ്ത്രീയമായി ചെലവാക്കാനും ഉപദേശം തരുന്നു. നിർമാണത്തിലിരിക്കുന്ന അല്ലെങ്കിൽ ഭാവിയിൽ വരാൻ പോകുന്ന ആപ്ലിക്കേഷനുകളുടെ ഉപയോഗങ്ങൾ പരിശോധിക്കുമ്പോൾ നിലവിലുള്ള എ.ഐ ആപ്ലിക്കേഷനുകൾ വെറും ചീളു കേസുകളാണെന്നാണ് പറയപ്പെടുന്നത്. ഉദാഹരണത്തിന്​, എ.ഐ കണ്ണടയ്ക്കു പകരമായി ഉപയോഗിക്കാവുന്ന ലെൻസ്. പഴയ കോൺടാക്ട് ലെൻസ് എന്ന പോലെ കൃഷ്ണമണിക്കുമേൽ ഒട്ടിച്ചുവെയ്ക്കുക. അത്രയും നൈർമല്യമേറിയതാണ് ഈ എ.ഐ ലെൻസ്. ദൂരക്കാഴ്ചയാണെങ്കിലും സമീപക്കാഴ്ചയാണെങ്കിലും ലെൻസ് സ്വയം അഡ്‌ജെസ്റ്റ് ചെയ്യും. മാത്രമല്ല, മീൻ കണ്ണിന്റെ ഗുണവും ചെയ്യും. വൈഡ് ആംഗിൾ കാഴ്ചയാണ് ഇതിൽ ലഭിക്കുക. മാത്രമല്ല, വൈകീട്ട് വീട്ടിലെത്തിയാൽ ലെൻസ് ഊരിവെയ്ക്കുന്ന വേളയിൽ ലാപ്‌ടോപ്പിന്റെ യു.എസ്.ബി യിലേക്ക് കണക്റ്റ് ചെയ്താൽ ആ ദിവസത്തെ നിങ്ങളുടെ കണ്ണുകളിൽ പതിഞ്ഞ ദൃശ്യമത്രയും ഡൗൺലോഡ് ചെയ്യാം. ഈയൊരു ‘കാഴ്ചയുടെ' ഭവിഷ്യത്ത്​ എന്താണെന്ന്​ സ്വയം ആലോചിക്കുക.

Photo: Openxcell
Photo: Openxcell

പുതിയ എ.ഐ വിജ്ഞാനത്തെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പ്രസക്ത വിഷയം. ഞാൻ ഇവിടെ എഴുതിക്കൊണ്ടിരിക്കുന്ന ഈ ചെറുകുറിപ്പിന്റെ പ്രമേയമായ ‘വിജ്ഞാനം ചാറ്റ് ജി.പി.ടിക്കുശേഷം' (Knowledge after Chat GPT), ഈ ആപ്ലിക്കേഷനിൽ തിരഞ്ഞാൽ അതിസുന്ദരമായ ഒരു കുറിപ്പ് ഉല്പാദിപ്പിക്കും. അതും ആരെഴുതിയതിനേക്കാളും എത്രയോ മികച്ചതാകാനുമിടയുണ്ട്. പല തലങ്ങളിൽ നിന്ന് ഈ വിഷയം ചർച്ച ചെയ്യുന്ന കുറിപ്പുമായിരിക്കും ഇത്. ഇനി ഈ വിഷയത്തിൽ ഒരു പ്രബന്ധം തന്നെ വേണമെന്നു കരുതുക. അതും കൃത്യമായ രീതിശാസ്ത്രം പാലിച്ചു​തന്നെ ചാറ്റ് ജി.പി.ടി ഉല്പാദിപ്പിക്കും. ഈ വിഷയത്തെക്കുറിച്ചു മാത്രമല്ല, ഏതൊരു വിഷയത്തെക്കുറിച്ചും തെളിഞ്ഞ ഭാഷയിൽ മികവാർന്ന ലേഖനങ്ങൾ എ.ഐ ആപ്ലിക്കേഷന് ഉല്പാദിപ്പിക്കാനാകും. ഓരോ വിഷയത്തെക്കുറിച്ചും, അതിന്റെ നാനാവശങ്ങളും പരിശോധിച്ച്​ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ‘സമഗ്രമായ' ഒരു ലേഖനമോ പ്രബന്ധമോ ചാറ്റ് ജി.പി.ടിയിൽ ലഭ്യമാണ്. ഗൂഗ്ൾ തിരച്ചിൽ യന്ത്രം വഴിയും പരമ്പരാഗത രീതിയിൽ അച്ചടി പ്രസിദ്ധീകരണങ്ങളിലൂടെയും ‘കണ്ടെത്തിയ' വിവരങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യർ മനുഷ്യർക്കായി തയ്യാറാക്കിയ ലേഖനമാണോ പ്രബന്ധമാണോ കൂടുതൽ മികവുറ്റത് എന്നത് തർക്കവിഷയമാണ്.

മനുഷ്യരുടെ എഴുത്തിന്റെ പ്രധാന പരിമിതി ‘സമഗ്രത'യുടെ അഭാവമാണ്. ഏതു വിഷയമാകട്ടെ, അതിനെ സംബന്ധിച്ച വിവരങ്ങൾ തിരയാനും കണ്ടെത്താനും അതിനൊരു രൂപം നൽകാനും സ്ഥലകാലപരിധി മാത്രമല്ല, ബൗദ്ധികമായ പക്ഷപാതിത്വവും ഇഷ്ടാനിഷ്ടങ്ങളും തുടങ്ങി മനുഷ്യരുടെ പരിധികൾ തന്നെ ഒട്ടേറെയാണ്. അൽഗോരിതം ഈ പരിധികൾക്കപ്പുറത്താണ്​. താരതമ്യേന മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങൾക്കും ചായ്​വുകൾക്കും പ്രതിജ്ഞാബദ്ധതയ്ക്കുമനുസരിച്ചുള്ള അന്വേഷണ വിശകലന രീതികളും എ.ഐ ആപ്ലിക്കേഷനുകൾക്ക് ബാധകമല്ല. എങ്കിൽ പിന്നെ, മനുഷ്യരുടെ പക്ഷപാതിത്വപരമായ കണ്ടെത്തലുകളെ പാടേ ഒഴിവാക്കി എന്തുകൊണ്ട് തുടർന്നുള്ള വൈജ്ഞാനിക അന്വേഷണങ്ങൾക്ക് ഇങ്ങനെയുള്ള ആപ്ലിക്കേഷനുകൾ ഉപയോഗപ്രദമാക്കിക്കൂടാ? മനുഷ്യന്റെ വൈഞ്ജാനിക ‘അഹംഭാവം' ഭാവിയിലല്ല, ഇപ്പോൾ തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ഭീഷണി, കൂടുതൽ മികവും കൂടുതൽ വിശകലന വൈദഗ്​ധ്യവുമുള്ള ഇന്റലിജൻറ്​ ആപ്ലിക്കേഷനുകൾ വരുമെന്നതാണ്. ഇതൊരു സാങ്കല്പിക ഭാവിയല്ല. നമുക്ക് ഇന്ന് അനുഭവവേദ്യമാകുന്ന യാഥാർഥ്യമാണ്.

Photo: Pinterest
Photo: Pinterest

പുതിയ തലമുറയെ ഡിജിറ്റൽ തദ്ദേശീയർ (digital natives) എന്നാണ് വിളിക്കുന്നത്. അച്ചടി പ്രസിദ്ധീകരങ്ങൾ വായിച്ചും പഠിച്ചും വളർന്ന്​ ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ഇന്റർനെറ്റ് (അതും ഗൂഗ്ൾ രംഗപ്രവേശം ചെയ്യും മുമ്പേ) ഉപയോഗിക്കാൻ തുടങ്ങിയ എന്റെയൊക്കെ തലമുറയെ ഡിജിറ്റൽ കുടിയേറ്റക്കാർ (digital migrant) എന്നുമാണ് വിളിക്കുന്നത്. ഡിജിറ്റൽ കുടിയേറ്റക്കാർ പൊയ്​പ്പോയ ലോകവും വർത്തമാന ലോകവും തമ്മിലുള്ള വിടവുകളിൽ കിടന്ന്​അന്തകാലത്തിന്റെയും ഇന്തകാലത്തിന്റെയും ഗുണവും ദോഷവും അയവിറക്കിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഡിജിറ്റൽ തദ്ദേശീയരെ ഇതൊന്നും ബാധിക്കുന്നേയില്ല. അവർക്ക് ഇന്റർനെറ്റ് പൂർവലോകം (pre-internet) അജ്ഞാതമാണ്. ഇനിയും ജനിച്ചിട്ടില്ലാത്ത ഭാവിതലമുറയുടെ കാര്യമോ? അവരുടെ മാതാപിതാക്കൾ അല്ലെങ്കിൽ തൊട്ടുമുമ്പുള്ള തലമുറക്കുതന്നെ ഡിജിറ്റൽപൂർവ ലോകത്തെക്കുറിച്ച്​ ധാരണയില്ല. അവരുടെ ലോകബോധവും അന്വേഷണ ത്വരകളും രീതികളും ഇന്നത്തെ നമ്മളിൽനിന്ന് തീർത്തും ഭിന്നമായിരിക്കും. നമ്മൾ, സമകാലജീവികളുടെ അറിവിനായുള്ള ജിജ്ഞാസയായിരിക്കുകയില്ല ഭാവി തലമറയുടേത്. അറിവന്വേഷണത്തിലുള്ള നമ്മുടെ ജിജ്ഞാസയ്ക്ക് പ്രധാനമാകുന്നത് അറിവ് ‘തേടി' കണ്ടുപിടിക്കണമെന്നുള്ളതാണ്. കണ്ടെത്തലിന്റേതായ (discovery) ഒരു പ്രക്രിയ ഈ അന്വേഷണങ്ങളിൽ അന്തർഭവിച്ചിരിക്കുന്നു. അറിവിന്റെ കനി തിന്നാനുള്ള കൊതിയും അതിന്റെ അനന്തരഫലങ്ങളും മനുഷ്യർക്ക് സൃഷ്ടിച്ച ആഘാതമാണ് ‘സ്വാതന്ത്ര്യം'. അറിവിനാൽ സ്വതന്ത്രരായ മനുഷ്യർ വാസ്തവത്തിൽ നിരാലംബരാവുകയാണ് ചെയ്തത്. സ്വന്തം വഴി കണ്ടെത്താൻ ബാധ്യതപ്പെട്ടവർ. തുടർന്ന് മനുഷ്യസമൂഹത്തിന്​ ഭാരിച്ച ഉത്തരവാദിത്തങ്ങളാണ് ഏറ്റെടുക്കേണ്ടി വന്നത്. ഇതിന്റെ ഫലമായാണ് ഇന്നുവരെ ലോകത്തിലുള്ള സർവവൈജ്ഞാനികതയും സൃഷ്ടിക്കപ്പെട്ടത്. പറുദീസയിൽനിന്ന് പുറത്താക്കപ്പെട്ട മനുഷ്യർ ദൈവത്തോട് കലഹിച്ച്​ ഭൂമി തന്നെ മറ്റൊരു പറുദീസയാക്കാൻ നടത്തിയ ‘എളിയ' ശ്രമങ്ങളാണ് നമ്മൾ അനേകസഹസ്രാബ്ദങ്ങളിലൂടെ പരീക്ഷിച്ചും നീരീക്ഷിച്ചും കണ്ടെത്തിയ അറിവുകൾ. ശാസ്ത്രവും സാങ്കേതികവിദ്യകളും മാത്രമല്ല കലയും സാഹിത്യവും എല്ലാ മനുഷ്യരുടെ ഭൂമിയെ പറുദീസയാക്കാനുള്ള വൈജ്ഞാനികമായ അന്വേഷണങ്ങളുടെ സൃഷ്ടികളാണ്. ഇതിന്റെ ഭാഗമായാണ് ‘വിമോചനത്തിന്റെ' ആശയങ്ങളും മനുഷ്യർ വിഭാവനം ചെയ്തത്.

മനുഷ്യരുടെ ജിജ്ഞാസയായിരുന്നു ഈ അന്വേഷണങ്ങളെയെല്ലാം തിളപ്പിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ സ്ഥലകാലബൗദ്ധിക പരിധികളാൽ പരിമിതപ്പെട്ടതായിരുന്നു മനുഷ്യരുടെ ജിജ്ഞാസ. നവ അൽഗോരിതമിക് ബിഗ് ഡാറ്റ സാങ്കേതികവിദ്യകൾ മനുഷ്യചിന്തയെ ആഴത്തിൽ സ്പർശിച്ച ജിജ്ഞാസയെ നിർവീര്യമാക്കുമോ? ഏതുവിഷയത്തെക്കുറിച്ചും ഏതുതലത്തിൽ വേണമെങ്കിലും കുറിപ്പോ പ്രബന്ധമോ തയ്യാറാക്കാൻ കെല്പുള്ള ഒരു അൽഗൊരിതം ആവിർഭവിക്കുന്നതോടെ ഭാവിതലമുറ ഏറെ ക്ലേശം സഹിച്ച് ​അറിവ്​ അന്വേഷിച്ച്​കണ്ടെത്തി കുറിപ്പോ പ്രബന്ധമോ തയ്യാറാക്കാൻ പ്രയാസപ്പെടുമോ? പ്രബന്ധ രചനയുടെ കാര്യം അവിടെ നിൽക്കട്ടെ. അതിനേക്കാൾ കൂടിയ പ്രപഞ്ചാന്വേഷണത്തിന്റെ കാര്യം തന്നെ പരിഗണിക്കുക. വാനനീരിക്ഷണത്തിന്​ 16-ാം നൂറ്റാണ്ടിൽ നിർമിച്ച ദൂരദർശനിയിൽ നിന്ന് ഹബ്ൾ ടെലസ്​കോപ്പ്​ തുടങ്ങി അതിവിദൂര ആകാശങ്ങളിൽ ചെന്നുതന്നെ സമീപത്തുനിന്ന് നീരീക്ഷണം നടത്താൻ കെല്പുള്ള സാങ്കേതിക ഉപകരണങ്ങളും സാറ്റെലൈറ്റുകളും നമ്മൾ നിർമിച്ചുകഴിഞ്ഞിരിക്കുന്നു. ഇതിലൂടെ ലഭ്യമാകുന്ന ഡാറ്റ വിശകലം ചെയ്യാൻ അൽഗോരിതമിക് ഉപാധികളും സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യർ വ്യക്തിഗതമായി നടത്തിയിരുന്ന തൊഴിലുകൾ ലഘൂകരിക്കപ്പെട്ടിരിക്കുന്നു. ഈ ലഘൂകരണത്തിന്റെ തുടർപ്രക്രിയ എന്നത്, നമ്മൾ നിർമിച്ച സാങ്കേതിക ഉപാധികളേക്കാൾ കൂടുതൽ മികവുള്ള സാങ്കേതിക ഉപാധികൾ സൃഷ്ടിക്കുക എന്നതാണ്. കൂടുതൽ നിരീക്ഷണ ശേഷിയുള്ള ഈ ഉപാധികൾ പ്രപഞ്ചത്തെക്കുറിച്ച്​ കൂടുതൽ തെളിമയാർന്ന വിവരങ്ങൾ കണ്ടെത്തും. ഈ പ്രക്രിയ തുടരും.

Photo: Pinterest
Photo: Pinterest

പക്ഷെ, മനുഷ്യരുടെ ഭാവനയും ബൗദ്ധികശേഷിയും ഈ തുടർപ്രക്രിയയിൽ പ്രധാനമാകുന്നില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, നവ സാങ്കേതികവിദ്യകളുടെ ‘പ്രജനന' ശേഷിയാണ്. മെഷീനുകളിൽനിന്ന് മനുഷ്യരെ വേർപ്പെടുത്തുന്ന ഏറ്റവും സവിശേഷ ഘടകം മനുഷ്യരുടെ ‘പുനരുത്പാദന' ശേഷിയാണല്ലോ. മനുഷ്യരുടെ സർഗാത്മക മികവിന്​ ആധാരമാകുന്നതും ഈ ശേഷി തന്നെ. എങ്കിൽ, സ്വയം പുനരുൽപാദിക്കാൻ ശേഷിയുള്ള സാങ്കേതിക ഉപാധികൾ സംഭാവ്യമാകുന്നതോടെ ഒരു പുത്തൻ സാങ്കേതികസമൂഹം തന്നെ രൂപപ്പെടും. വാസ്തവത്തിൽ, ഉപേന്ദ്ര ബക്ഷിയെ പോലുള്ള ജൂറിസ്​പ്രുഡൻറ്​ (jurisprudence) പണ്ഡിതർ വളരെ വളരെ കാലം മുമ്പുതന്നെ മനുഷ്യാന്തര അവകാശങ്ങളെ (posthumans rights) കുറിച്ച് പറയാൻ തുടങ്ങിയിരുന്നു. നമ്മൾ ജീവിക്കുന്ന വർത്തമാന കാലത്തിൽ തന്നെ സാങ്കേതികവിദ്യകളുടെ സ്വച്ഛന്ദമായ (autonomous) ഭാവി സമൂഹത്തെക്കുറിച്ചുള്ള സൂചനകൾ ലഭ്യമാണെങ്കിലും തൽക്കാലത്തേക്ക്​നമ്മുടെ ആശ്വാസത്തിന്​ ഇതൊക്കെ സാങ്കേതികവിദ്യകളെകുറിച്ചുള്ള വിചിത്ര ഭാവന എന്ന നിലയിൽ പുച്ഛിച്ചുതള്ളാം. പക്ഷെ, ഒന്നോർക്കുക: മോഴ്‌സ് കോഡ് വഴി ടെലിഗ്രാം വിദൂരസംവേദനത്തിന്​ അയക്കാമെന്ന്​ കണ്ടുപിടിക്കുകയും പ്രായോഗികമായി നടപ്പാക്കുകയും ചെയ്ത 19-ാം നൂറ്റാണ്ടിൽ ‘വീഡിയോ കാൾ' തികച്ചും വിചിത്ര ഭാവനയായിരുന്നു. മനുഷ്യരൂപത്തെ തന്നെ ഇലക്​ട്രോണിക്​ഡാറ്റയായി പരിവർത്തിപ്പിക്കാൻ പറ്റുമെന്നതിനെപ്പറ്റി 19-ാം നൂറ്റാണ്ടിലെ സൂരി നമ്പൂതിരിപ്പാട് മാത്രമല്ല, ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ മാധവൻ തന്നെ ശങ്കിച്ചിട്ടുണ്ടെങ്കിൽ കുറ്റം പറയാൻ കഴിയുമോ?

സാങ്കേതിക വിദ്യകൾക്ക് മാന്ത്രികസ്വഭാവമുണ്ടെന്നുള്ളത് തീർച്ചയാണ്. യക്ഷിക്കഥകളിലെ മന്ത്രവാദിനി പറക്കാനുപയോഗിക്കുന്ന ചൂല് പോലെയോ അറബിക് കഥകളിലെ മാന്ത്രിക കമ്പളം പോലെയോ മാന്ത്രികത സാങ്കേതികവിദ്യകളുടെ പൊതുപ്രകൃതത്തിലുണ്ട്. ഈ മന്ത്രികതയാണ് ‘ഡിജിറ്റൽ പൗരോഹിത്യം' തട്ടിപ്പുകൾക്കായി ഉപയോഗിക്കുന്നത്. ഡിജിറ്റൽ പൗരോഹിത്യത്തിന്റെ വ്യാജവിദ്യകൾ ഒന്നൊന്നായി അപനിർമിക്കപ്പെടേണ്ടതാണ്. പ്രത്യേകമായി പരാമർശിക്കേണ്ട വിഷയമായതുകൊണ്ട്​ അത് ഇവിടെ മാറ്റിവെക്കുന്നു. ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്തം സാങ്കേതിക വിദ്യകളെ അപനിഗൂഢവൽക്കരിക്കുക (de mystify) എന്നതും കൂടിയാണ്. അതിനായി ആദ്യം ചെയ്യേണ്ടത് യാഥാർഥ്യബോധത്തോടെ സാങ്കേതിക വിദ്യകളെ സമീപിക്കുക എന്നതാണ്. ചാറ്റ് ജി.പി.ടി എന്ന സാങ്കേതികവിദ്യ നമ്മുടെ മുമ്പിലെ യാഥാർഥ്യമാണ്. ഈ സാങ്കേതികവിദ്യയെയും ഇതു പോലുള്ള ഭാവി സാങ്കേതികവിദ്യകളെയും വിദൂരത്തുനിർത്തി വിദ്യാഭ്യാസത്തിന്റെ ഭാവിയെക്കുറിച്ചാലോചിക്കാനാകില്ല. യാഥാർഥ്യബോധത്തോടെ സാങ്കേതിക വിദ്യകളെ സമീപിച്ചില്ലെങ്കിൽ ഡിജിറ്റൽ പൗരോഹിത്യം ഈ മണ്ഡലത്തെ ‘സ്വകാര്യവൽക്കരിക്കും'.

Photo: Pinterest
Photo: Pinterest

ഇക്കാര്യത്തിൽ ആവശ്യമായ യാഥാർഥ്യബോധം ഇതാണ്​: വർത്തമാനകാലത്തിലെ ആവശ്യങ്ങളെ മാത്രമല്ല ഭാവിയിലെ ആവശ്യങ്ങളെകൂടി ഉൾക്കൊണ്ട്​ സമീപനങ്ങൾ സ്വീകരിക്കുക. മനുഷ്യരുടെ ബുദ്ധിപരമായ പരിമിതികൾ വെച്ച് അത്ര എളുപ്പം കാര്യമല്ല, ഭാവിയെ കൃത്യമായി വിഭാവനം ചെയ്യുക എന്നത്​. അതുകൊണ്ട്​ മനുഷ്യർ യാഥാർഥ്യബോധം ഉൾക്കൊള്ളുക എന്നാൽ, മനുഷ്യരുടെയും മനുഷ്യനിർമിത ലോകത്തിന്റെയും പരിമിതികളും പരിധികളും തിരിച്ചറിയുക എന്നതാണ്. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ, നമ്മുടെ പ്രവർത്തനങ്ങളെയും മനുഷ്യർ സൃഷ്ടിച്ച സ്ഥാപനരൂപങ്ങളെയും സംഘടനാ സംവിധാനങ്ങളെയും പുനർനിർമിക്കുക. 18- 19 നൂറ്റാണ്ടുകളിലെ മനുഷ്യസങ്കല്പത്തിന്റെയും 20-ാം നൂറ്റാണ്ടിൽ നവീകരിച്ച വൈജ്ഞാനികരൂപങ്ങളുടെയും അടിസ്ഥാനത്തിലാണ് നമ്മുടെ ഒട്ടുമിക്ക വിദ്യാഭ്യാസ ജ്ഞാനാന്വേഷണ പ്രക്രിയകളും രൂപപ്പെടുത്തിയിട്ടുള്ളത്. ഇതിൽ കാതലായ മാറ്റം വരേണ്ടതുണ്ട്. പെട്ടെന്നൊരു ദിനം ഈ മാറ്റം സാധ്യമാകുമായിരിക്കില്ല. നവസാങ്കേതിക വിദ്യകൾ സാധ്യമാക്കുന്ന വൈജ്ഞാനികതയുടെ പുനർക്രമീകരണങ്ങൾ ഗൗരവത്തിലെടുത്തുവേണം വിദ്യാഭ്യാസരംഗത്തെ നവീകരിക്കേണ്ടത്. ഒപ്പം, ഡിജിറ്റിൽ പൗരോഹിത്യം കോർപറേറ്റുകളുമായി ചേർന്ന്​ ഒരുക്കുന്ന സ്വകാര്യവൽക്കരണത്തിന്റെ കെണി തിരിച്ചറിഞ്ഞ്​ പൊതുമ (commons) എന്ന പ്രായോഗിക സങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ സാങ്കേതികവിദ്യകളെ പൊതുവൽക്കരിക്കേണ്ടതുണ്ട്. സാങ്കേതികവിദ്യകളോടുള്ള സമീപനത്തിലെ ഇത്തരത്തിലുള്ള കാതലായ മാറ്റം തന്നെ ഭാവി തലമുറകൾക്കും ഭാവി വൈജ്ഞാനികതയ്ക്കും വേണ്ടി ഇന്നത്തെ സമൂഹം നടത്തുന്ന വലിയ ഈടുവെയ്പുകളായിരിക്കും. ▮


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments