Photo : pinterest.com

യന്ത്രങ്ങളുടെ നിസ്സംഗമായ ദുരധികാര ശക്തിയും
​ഒരു വി.കെ.എൻ കഥയും

മുതലാളിത്തം ആർട്ടിഫിഷ്യൽ ഇൻറലജിൻസ്​ യന്ത്രങ്ങളുടെ ഭാവിയെ ദർശിക്കുന്നത് മാൽത്തൂസിയൻ കാഴ്ചപ്പാടോടെ തന്നെയാകണം. അതായത്, പ്രകൃതിസമ്പന്നമായ ഈ സുന്ദരഭൂമുഖത്ത്​ എന്തിന്​ ഇത്രയേറെ മനുഷ്യർ? മലയാളിയുടെ ‘ടെക്- അഭിനിവേശം’ പ്രമേയമാക്കി നാലുപതിറ്റാണ്ടുമുമ്പ്​ വി.കെ.എൻ എഴുതിയ ഓട്ടോമേഷൻ' എന്ന കഥ ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നേർക്കുനേർ അഭിമുഖീകരിക്കുന്ന രചനയാണ്​.

‘Everybody wants to own the end of the world.’- Don DeLillo, ‘Zero K ’

നുഷ്യാലംബമില്ലാതെ, ആർട്ടിഫിഷ്യൽ ഇൻറലിജൻസിന്റെ സഹായത്തോടെ ഒരു പ്രസിദ്ധീകരണം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള വാർത്ത കൗതുകത്തോടെ സുഹൃത്തുക്കൾ പലരും ഷയർ ചെയ്തു കണ്ടു. കൗതുകമുണർത്തുന്നതാണെങ്കിലും ഈ വാർത്ത മനസ്സിലേക്ക് ഓടിയെത്തിച്ചത് വി.കെ.എന്നിന്റെ ‘ഓട്ടോമേഷൻ' എന്ന കഥയാണ്. ഒരു അച്ചടിവാരികയുടെ സർക്കുലേഷനെ ആസ്പദമാക്കിയാണ് ഈകഥ എന്നതാണ് ഇതിലെ രസകരമായ വസ്തുത. വിമർശനാത്മക മനുഷ്യാന്തര കാഴ്ചപ്പാടിൽനിന്ന്​ നോക്കുകയാണെങ്കിൽ ‘ഓട്ടോമേഷൻ' എന്ന വി.കെ.എൻ കഥ നാലുപതിറ്റാണ്ടുകൾക്കുമുമ്പുതന്നെ നിശിത വിമർശനത്തിനു വിധേയമാക്കുന്നത് കേരളത്തിൽ പൊതുവിൽ കണ്ടുവരുന്ന ടെക്‌നോളറ്ററി (Technolatry) അല്ലെങ്കിൽ ടെക്‌നോ - ഫെറ്റിഷിസം (Techno -fetishism) എന്നു വിളിക്കാവുന്ന സാ​ങ്കേതികവിദ്യാ വിഗ്രഹാരാധനയെയാണ്. ഒരേസമയം, ഭക്തിയും ഭയവും വിശ്വാസവും വിധേയത്വവും ഇടകലർന്ന മാനസികാവസ്ഥയാണിത്. മലയാളിയുടെ സാങ്കേതിക വിഗ്രഹാരാധനയുടെ പ്രകരണ സവിശേഷതയാണ് ‘ടെക്- അഭിനിവേശ'മായി പ്രകടമാകുന്നത്. കേവല മനുഷ്യനന്മയിലുള്ള (absolute humanism) വിശ്വാസം പോലെ തന്നെയുള്ള അത്യാഹിതം (casualty) ഈ ടെക്‌നോ വിഗ്രഹഭക്തിയിലും (Technolatry) അന്തർഭവിച്ചിരിക്കുന്നു. സാമൂഹിക- രാഷ്ട്രീയ അധികാരഘടനകൾ ടെക്‌നോളജിയിൽ എങ്ങനെ എംബെഡഡായിരിക്കുന്നുവെന്നുള്ള (embedded) വിമർശനാത്മക അന്വേഷണത്തെ മാറ്റിവെച്ചുകൊണ്ടുള്ള ടെക്‌നോളജി മൂല്യ നിർണയനങ്ങൾ കോർപറേറ്റ് സാങ്കേതികവിദ്യകളുടെ പബ്ലിക്​ റിലേഷൻസിന്റെ പണി മാത്രമാണ് നിർവഹിക്കുന്നത്. ടെക്‌നോ- അഭിനിവേശത്തിന്റെ തിരിമറികളിലൂടെ സംഭവിക്കുന്നതെന്താണെന്നാണ് വി.കെ.എൻ ഈ കഥയിലൂടെ കാണിച്ചുതരുന്നത്.

വി.കെ.എൻ /ഫോട്ടോ: പുനലൂർ രാജൻ

അടിയന്തരാവസ്ഥയുടെ മൂർദ്ധന്യഘട്ടത്തിലെത്തിയപ്പോഴാണ് വി.കെ.എൻ കൃത്രിമ ബുദ്ധി എന്നും നിർമിതബുദ്ധി എന്നുമൊക്കെ മലയാളത്തിൽ വിവക്ഷിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ നേർക്കുനേർ അഭിമുഖീകരിക്കുന്നത്. കാലാന്തരത്തിൽ എ.ഐ ഉയർത്താൻ പോകുന്ന സമസ്യകളെ വി.കെ.എൻ ‘ഓട്ടോമേഷൻ' എന്ന കഥയിൽ സാരവത്തായവിധം ആ സമയത്തുതന്നെ ഉന്നയിക്കുന്നുണ്ട്. പ്രശ്‌നം ഉന്നയിച്ചിട്ടുപോവുകയല്ല, എ.ഐ യുടെ നടപ്പിലാക്കലിലൂടെ സംഭവിക്കാവുന്ന ഒട്ടും അസ്വാഭാവികമല്ലാത്ത പരിണിതിയെന്താണെന്നും കൃത്യം രേഖപ്പെടുത്തിയിട്ടുമുണ്ട് കഥയിൽ. ഇ.പി. രാജഗോപാലൻ വി.കെ.എൻ കഥയായ‘ടാഗോറി’ന്റെ അതിമനോഹരവും സൂക്ഷ്മവുമായ വിശകലനത്തിനു നൽകിയ തലവാചകം ‘മിനിമലിസ്റ്റ് ടെക്​സ്​റ്റ്​' എന്നാണ്. ഒരു മിനിമൽ പാഠത്തിനകത്തു പ്രവഹിക്കുന്ന അനേകമായ കലാപരവും കാലപരവുമായ എപ്പിസ്റ്റെമിക്ക് (epistemic) അന്തർധാരകളെയാണ് ഈ വിശകലനത്തിൽ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നത്. ‘ഓട്ടോമേഷൻ' എന്ന കഥയുടെ മിനിമൽ പാഠത്തിനകത്തും അതിശയകരമായ വിധത്തിൽ കാലത്തെ മറികടന്നുപോകുന്ന ദാർശനികബോധത്തോടെ, വാണിജ്യ- മാധ്യമ ലോകത്തിൽ നവസാങ്കേതികവിദ്യകളുടെ അധിനിവേശവും മൂലധനാധിപത്യവ്യവസ്ഥയും ഫ്യൂഡൽ ഉടമസ്ഥാ ദുഷ്​പ്രഭുത്വവും പരസ്പരാശ്രിതമായി സൃഷ്ടിക്കുന്ന തൊഴിലുന്മൂലനത്തിന്റെ പുതിയ അടിച്ചമർത്തൽ വ്യവസ്ഥയെ ക്രാന്തദർശികമായ തലത്തിൽ നിന്ന് വി.കെ.എൻ അനാവരണം ചെയ്യുന്നു. ‘എ.ഐ നിർമിതമായ ആദ്യത്തെ അച്ചടി പ്രസിദ്ധീകരണം’ എന്നൊക്കെ വിളംബരം ചെയ്യുന്ന കാലത്ത്​ വി.കെ.എൻ കാണിച്ചുതന്ന വിധത്തിലുള്ള ഭാവി പുറപ്പെടാൻ പോകുന്ന അതേ സ്റ്റേഷനിലേക്കുതന്നെയാണോ നമ്മളും ഓടിച്ചെത്തുന്നത് എന്നാലോചിക്കാവുന്നതാണ്.

‘ഓട്ടോമേഷൻ' എന്ന കഥ കൃത്യം ഏതു വർഷമാണ് എഴുതിയത് എന്നറിയില്ല. അടിയന്തരാവസ്ഥാ കഥകൾ എന്ന സമാഹാരത്തിൽ ഈ കഥയുണ്ട് (അടിയന്തരാവസ്ഥയിലെ കഥകൾ, കെ.വി. കിഷോർകുമാർ, എൻ.ബി. രമേഷ്, ഗൂസ്‌ബെറി, 2022). അടിയന്തരാവസ്ഥ ഈ കഥയുടെ ഒടുക്കത്തിൽ പരാമർശവിധേയമാകുന്നു എന്നു മാത്രമല്ല, കഥയ്ക്ക് ഇനി മറ്റൊരു പരിണാമത്തിനും ഗുപ്തിയില്ലാത്തവിധം അടിയന്തരാവസ്ഥ സർവ്വതിനും തീർപ്പുമാകുന്നു. 1975 ജൂൺ 25 മുതൽ 1977 മാർച്ച് 21 വരെയുള്ള കാലത്ത്​ എഴുതിയതാണ് ഈ സമാഹാരത്തിലെ എല്ലാ രചനകളുമെന്ന്​ എഡിറ്റർമാർ ആമുഖത്തിൽ പറയുന്നുണ്ട്. വി.കെ.എൻ ‘ഓട്ടോമേഷൻ' എന്ന കഥയെഴുതുന്ന കാലത്തിൽ കമ്പ്യൂട്ടർവൽക്കരണം ഒരു പ്രധാന പ്രവർത്തന പന്ഥാവായി ഉരുത്തിരിഞ്ഞിരുന്നോ എന്ന് സംശയമാണ്.

എഴുപതുകളിലും എൺപതുകളുടെ തുടക്കത്തിലും സ്പേസ് കോളനീകരണമാണ് ശാസ്ത്രസാങ്കേതികരംഗത്തെ പ്രധാന പ്രശ്‌നം. ശീതസമരം കൊടുമ്പിരിക്കൊണ്ടിരുന്ന സമയവുമാണിത്. ആണവരംഗത്താണ് ഭരണകൂടം കൂടുതലായും മുതൽമുടക്കിയിരുന്നത്. ‘ഓട്ടോമേഷൻ' ഒരു സജീവ ചർച്ചാ വിഷയമാകുന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതോടെ സാം പിട്രോഡയെ പോലുള്ള സാങ്കേതികവിദ്ഗദർ ഉപദേശകരായി വരുന്നതോടെയാണ്. എങ്കിലും, അടിയന്തരാവസ്ഥയുടെ ഘട്ടത്തിൽ വി.കെ.എൻ ഓട്ടോമേഷനെക്കുറിച്ച്​കഥയെഴുതാനുള്ള കാരണം, അദ്ദേഹം വിദേശത്തു നിന്നുള്ള പ്രസിദ്ധീകരണങ്ങൾ പതിവായി വായിക്കുകയും ലോകത്ത്​ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ വളരെ ശ്രദ്ധപൂർവം മനസ്സിലാക്കുകയും ചെയ്​തിരുന്നു എന്നതുകൊണ്ടാകാം. ഇതിനു പുറമേ, അടിയന്തരാവസ്ഥാകാലത്ത്​ കേരളം പോലുള്ള സംസ്ഥാനത്ത്​ഓട്ടോമേഷനുമായി സാമ്യപ്പെടുത്താവുന്ന സാമൂഹിക ജീവിതവ്യവസ്ഥയും നിലനിന്നിരുന്നുവെന്നതും കാരണമായിരിക്കാം. കൃത്യസമയങ്ങളിൽ ഓടുന്ന ട്രെയിനും അച്ചടക്കത്തോടെ പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥവൃന്ദവും ഏതാണ്ട് ‘ഓട്ടോമാറ്റ' (automata) എന്ന അവസ്ഥയെ പ്രതിനിധീകരിച്ചിരുന്നു.

സെൻസർഷിപ്പ് വ്യവസ്ഥ കർക്കശമായി തന്നെ നടപ്പാക്കിയിരുന്ന കാലത്താണ് ക്രാന്തദർശിത്വത്തോടെ മാധ്യമ മുതലാളിത്തത്തിന്റെ മനോഗതികളെ വി.കെ.എൻ ഈ കഥയിൽ വരച്ചിടുന്നത്. ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത്​ മാധ്യമ മുതലാളിത്തത്തിന്റെ തൊഴിലുന്മൂലന സമീപനം കൂടുതൽ പ്രകടമായിരിക്കുകയാണ്. അച്ചടി വാരിക നേരിടുന്ന സർക്കുലേഷൻ ഇടിവ് എന്ന പ്രശ്‌നത്തിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. ഒരു ലക്ഷമുണ്ടായിരുന്ന വാരികയുടെ സർക്കുലേഷൻ 80,000-മായി കുറഞ്ഞുവന്നു. മാത്രമല്ല, എതിർ വാരികയായ ‘മദർ' ഡെയ്​ലിയുടെ വായനക്കാർ ആയിരക്കണക്കിന് ഉയരുകയും ചെയ്​തു. ഇത് വാരികയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നതെന്ന കാര്യത്തിൽ ജനറൽ മാനേജർ കൂടിയായ മാനേജിങ് എഡിറ്റർ ആകെ ആശങ്കാകുലനാണ്. പരിഹാരം തേടി ജ്യോതിഷിയെയോ എന്തെങ്കിലും സാമുദായിക സംഘടന നേതാവിനെയോ സമീപിക്കുന്നതിനുപകരം ശാസ്ത്രീയമായി കാര്യങ്ങളെ സമീപിക്കുന്ന എം.ഡി, കംപ്യൂട്ടറിനെയാണ് സമീപിക്കുന്നത്. സർക്കുലേഷൻ കുറവിന് എന്താണ് പ്രായശ്ചിത്തം എന്നു തേടി കമ്പ്യൂട്ടറിനുമുന്നിൽ തന്റെ പ്രാർത്ഥനകൾ നിവേദിക്കുകയാണ്. ഇന്ന് ഈ കഥ വായിക്കുന്ന ആരൊരാളും ചാറ്റ് ജി.പി.ടിയുടെ പ്രശ്‌നപരിഹാര കഴിവ് ഓർക്കാതിരിക്കില്ല. പ്രായശ്ചിത്തം, പ്രാർത്ഥന എന്നീ രണ്ടേ രണ്ടു വാക്കുകളിലൂടെ കമ്പ്യൂട്ടറിന്റെ ദൈവികമായ സൃഷ്ടിസ്ഥിതിത്വം വി.കെ.എൻ രേഖപ്പെടുത്തുന്നു. തുടർന്ന്​ ഗോമാതാവിന്റെ സങ്കല്പത്തിലേക്ക് ദൈവികത്വത്തെ പുനർനിർമിക്കുന്നു. കമ്പ്യൂട്ടറിനുമുമ്പിൽ പ്രാർഥനാനിരതനായി നിൽക്കുന്ന മാധ്യമ ഉടമ യന്ത്രത്തെ പ്രസാദിപ്പിക്കാൻ ‘പുല്ലും വൈക്കോലും ചേർത്തു തീറ്റികൊടുത്തു’ എന്നാണ് വി.കെ.എൻ എഴുതുന്നത്.

ഓട്ടോമേഷൻ' ഒരു സജീവ ചർച്ചാ വിഷയമാകുന്നത് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുന്നതോടെ സാം പിട്രോഡയെ പോലുള്ള സാങ്കേതികവിദ്ഗദർ ഉപദേശകരായി വരുന്നതോടെയാണ് / Photo : Sam Pitroda, fb

ക്ഷിപ്രപ്രസാദിയാണ് യന്ത്രൻ. അതിപ്പോൾ തിരച്ചിൽ യന്ത്രമായ ഗൂഗ്ളാകട്ടെ, ബാർഡോ ചാറ്റ് ജി.പി.ടിയോ മൈക്രോസോഫ്റ്റിന്റെ സിഡ്നിയോ ആക​ട്ടെ, നിമിഷാംശങ്ങൾക്കകം ഉത്തരം തരിക എന്നതാണ് യന്ത്രങ്ങളുടെ അത്യോത്തമമായ ഗുണവിശേഷം.

യന്ത്രൻ ആദ്യം ചോദിച്ചത് ‘വാരികയെ വഷളാക്കിവരുന്ന സ്റ്റാഫെത്രെ?' എന്നാണ്.
സംശയലേശമന്യേ എം.ഡി തിരികെ ഫീഡ്ബാക്ക് ചെയ്തു: ‘എഡിറ്റർ ഒന്ന്, അസിസ്റ്റൻറ്​ എഡിറ്റർ ഒന്ന്, സബ് എഡിറ്റർ ഒന്ന്, ശിപായി ഒന്ന്, ചിത്രകാരന്മാർ രണ്ട്.'
കമ്പോസിംഗ്? യന്ത്രൻ ചോദിച്ചു.
വാരികയ്ക്ക് പൊതുവായി ഒരാളെയുള്ളൂവെന്ന് എം.ഡി മറുപടി നൽകി. അയാളുടെ ഇനിഷ്യലാണ് പിന്നെ യന്ത്രൻ തിരക്കിയത്. തുടർന്ന് യന്ത്രൻ രാമചന്ദ്രൻ എന്ന കമ്പോസിറ്ററെക്കുറിച്ചാരായുന്നു. വാരികയിലേക്ക് വന്നുകൊണ്ടിരിക്കുന്ന മാറ്ററുകളെക്കുറിച്ചു തിരക്കുന്നു. ഒടുവിൽ പ്രതിവിധി കല്പിക്കുന്നു. വി.കെ.എന്നിന്റെ ഭാഷയിൽ അത് ഇപ്രകാരമാണ്:

‘ഒരു കാര്യം ചെയ്ക' ‘കല്പന' ‘എഡിറ്റർമാരുടെ അക്ഷരശൂന്യതക്കുപുറമേ ചാന്ത്, കൺമഷി, സിന്ദൂരം, കുപ്പിവള, മുതലായ ക്ഷുദ്രവാരികകൾ മലയാണ്മയിലെമ്പാടും കൂൺ പോലെ പൊന്തുന്നതിനാൽ കൂടിയാണ് നമ്മുടെ സാധനത്തിന്റെ സർക്കുലേഷൻ തലകുത്തി വീഴുന്നത്.' ‘ഉത്തരവ്' ‘ആയതിനാൽ എഡിറ്റർമാരെയും ചിത്രകാരന്മാരെയും ശിപായികളെയും പിരിച്ചുവിടുക.' ‘സന്തോഷം' ‘കമ്പോസിറ്റർ കെ. രാമകൃഷ്ണൻ മാത്രം മതി കൃതി പുറത്തിറക്കാൻ.'

മനുഷ്യർ നിർവഹിക്കുന്ന നിലവിലുള്ള ജോലികൾ പലതും പഠിച്ച യന്ത്രങ്ങൾ (learned machines) അനായാസേന കൈകാര്യം ചെയ്യുമെന്നുള്ള ധാരണ 19-ാം നൂറ്റാണ്ടോളം പഴയതാണ്. ഓട്ടോമേഷൻ എന്ന ആശയത്തിന്റെ പ്രഭവം തന്നെ 19-ാം നൂറ്റാണ്ടിലെ യന്ത്രവൽക്കരണത്തിൽ നിന്നാണ്. യന്ത്രവൽക്കരണം സൃഷ്ടിക്കുന്ന തൊഴിലുകളുടെ ഉന്മൂലനത്തെക്കുറിച്ചുള്ള ആശങ്ക തൊഴിലാളികളെയും തൊഴിൽ സംഘടനകളെയും ഹിംസാത്മകമായ പ്രതികരണങ്ങളിലേക്ക് നയിച്ചിരുന്നു. യന്ത്രങ്ങളെ അടിച്ചുപൊട്ടിക്കുന്ന പ്രസ്ഥാനമായി ചരിത്രത്തിൽ കുപ്രസിദ്ധി നേടിയതാണ് ലുഡായിറ്റുകൾ. ശാസ്ത്രസാങ്കേതിക വികാസത്തിനെതിരെ വാദിക്കുകയൂം പ്രവർത്തിക്കുകയും ചെയ്യുന്നവരെ ലുഡായിറ്റുകൾ എന്നാണ് അപഹസിക്കപ്പെടുന്നത്. ഇന്നിപ്പോൾ സാങ്കേതികവിദ്യകളുടെ സാമൂഹികാഘാതത്തെ ചോദ്യം ചെയ്യുന്നവരെ, എതിർക്കുന്നവരെ ആക്ഷേപിക്കാൻ ഉപയോഗിക്കുന്ന പ്രയോഗമാണ് ലുഡായിറ്റുകൾ എന്നത്​. കമ്യൂണിസ്റ്റ് പാർട്ടിയെയും ലുഡായിറ്റുകളെന്ന്​ ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. കാരണം, കമ്പ്യൂട്ടർവൽക്കരണം എന്ന്​ സാമാന്യേന അറിയപ്പെടുന്ന ഓട്ടോമേഷൻ സൃഷ്ടിക്കുന്ന, തൊഴിലുകളുടെ ഉന്മൂലനത്തെക്കുറിച്ചുള്ള വലിയ ആശങ്ക തന്നെയാണ് കമ്മ്യൂണിസ്‌റ് പാർട്ടിയെ വ്യാപകമായ കമ്പ്യൂട്ടർവൽക്കരണത്തെ ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകം. കമ്യൂണിസ്റ്റ് രാഷ്ട്രീയ സങ്കല്പങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പരമ്പരാഗതമായ കമ്യൂണിസ്റ്റ് പാർട്ടികൾ സാമൂഹിക മാറ്റത്തിന്റെ ചരിത്രപരമായ നിർവാഹകത്വം ഏല്പിച്ചിട്ടുള്ളത് മുന്നണി പോരാളികളായ തൊഴിലാളി വർഗത്തെയാണ്. ഈ വർഗത്തെ തന്നെ നിർമാർജ്ജനം ചെയ്യുന്ന തൊഴിലിനെ തന്നെ അപ്രധാനമാക്കുന്ന ഏതൊരു നടപടിയും എതിർക്കപ്പെടേണ്ടതാണ് എന്നതിനാലാണ് തൊഴിലാളി പ്രസ്ഥാനങ്ങൾ ഓട്ടോമേഷനെ ശക്തിയുക്തം എതിർത്തത്. കമ്പ്യൂട്ടറിനെ ‘തൊഴിൽ തിന്നുന്ന ബകൻ' എന്ന വിശേഷണത്തോടെയാണ് കമ്യൂണിസ്റ്റ് പാർട്ടികളും ട്രേഡ് യൂണിയൻ ബഹുജന പ്രസ്ഥാനങ്ങളും കണ്ടത്. ദീർഘവീക്ഷണരഹിതമായിരുന്നു കമ്യൂണിസ്റ്റ് പാർട്ടികളുടെ യന്ത്രവിരുദ്ധത എന്ന ആക്ഷേപമാണ് എതിർക്കുന്ന വേളയിൽ തന്നെ ഉയർന്നുവന്നത്. ലുഡായിറ്റുകൾ എന്ന ആക്ഷേപം നേരിടേണ്ടി വന്ന കമ്യൂണിസ്റ്റ് പാർട്ടി, ഓട്ടോമേഷനോടുള്ള വിമർശന സമീപനം തെറ്റായിരുന്നുവെന്നു വിലയിരുത്തി, കമ്പ്യൂട്ടർ വിരുദ്ധ സമരത്തിന്റെ കുറ്റബോധത്തിൽ നിന്നുള്ള അകാലമുക്തിവേണ്ടി വൈജ്ഞാനിക ചൂഷകരായ പ്രൊപ്രൈറ്ററി ടെക്​നോക്രസി ഒരുക്കിവെച്ച കെണിയിലേക്കാണ് നേരെ ചെന്നു കയറിയത്. ‘ഓട്ടോമേഷൻ' ചൂഷണോന്മുഖമായൊരു മൂലധന സംരംഭം എന്ന നിലയിൽ പ്രതിവാദങ്ങൾ ഉയർത്താൻ ബാധ്യതപ്പെട്ട തൊഴിലാളി പ്രസ്ഥാനങ്ങൾ ഒരു പുതിയ ‘പരിഷ്‌കൃത നേതൃത്വത്തിൻ' കീഴിൽ ഒരർദ്ധ നവലിബറൽ വികസന മാതൃകയെ പുൽകിയതോടുകൂടി ‘ഓട്ടോമേഷന്റെ' ചൂഷണയുക്തിയെ പറ്റി വിമർശനം ഉന്നയിക്കുന്നതുതന്നെ എന്തോ മഹാപരാധമായി കണക്കാക്കപ്പെടാൻ തുടങ്ങി.

കമ്പ്യൂട്ടർവൽക്കരണം എന്ന്​ സാമാന്യേന അറിയപ്പെടുന്ന ഓട്ടോമേഷൻ സൃഷ്ടിക്കുന്ന, തൊഴിലുകളുടെ ഉന്മൂലനത്തെക്കുറിച്ചുള്ള വലിയ ആശങ്ക തന്നെയാണ് കമ്മ്യൂണിസ്‌റ് പാർട്ടിയെ വ്യാപകമായ കമ്പ്യൂട്ടർവൽക്കരണത്തെ ചോദ്യം ചെയ്യാൻ പ്രേരിപ്പിച്ച ഘടകം

മൂലധന നിരപേക്ഷമല്ല സാങ്കേതിക വിദ്യകളുടെ വികാസം. യന്ത്രങ്ങളുടെ അൽഗോരിതമിക് യുക്തികളിൽ മൂലധനത്തിന്റെ ഇച്ഛ എഴുതിച്ചേർക്കപ്പെട്ടിരിക്കുന്നു. മുതലാളിത്തത്തിന്റെ പുരോഗതിക്ക് ഏറ്റവും പ്രധാനമായത് തൊഴിലാളികളുടെ ചോറ്റുപട്ടാളമാണ് (reserve army of labour). തൊഴിലാളികളുടെ വേതന നിരക്ക് നിയന്ത്രിക്കാനും അവരെ പിരിച്ചുവിടാനും ദീർഘകാലത്തേക്ക് ലോക്ക് ഔട്ട് പ്രഖ്യാപിച്ച്​ തൊഴിലാളികളെ പട്ടിണിക്കിടാനും സഹായകമാകുന്നത് ഈ തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന റിസർവ് ആർമിയാണ്. യന്ത്രങ്ങളുടെ വരവോടെ റിസർവ് ആർമിയുടെ സ്ഥാനമാണ് പഠിച്ച യന്ത്രങ്ങൾക്ക് നല്കപ്പെടുന്നത്. ഇതോടെ തൊഴിലാളികളുടെ മേൽ വലിയ സമ്മർദ്ദം വരികയാണ്. എങ്കിലും കൂടുതൽ നൈപുണികൾ ആവശ്യമുള്ള തൊഴിലുകൾ നൈപുണ്യപരമായ പ്രത്യേകത കൊണ്ട്​ ഈ സമ്മർദ്ദങ്ങളെ അതിജീവിക്കുമെന്നായിരുന്നു മധ്യവർഗത്തിന്റെ ഇടയിലുണ്ടായിരുന്ന പൊതുസമ്മതി. നിലവാരം കുറഞ്ഞ തൊഴിലുകളും തൊഴിലാളികളും പുറന്തള്ളപ്പെടുമെന്നും നൈപുണ്യ വൈദഗ്ധ്യമുള്ള തൊഴിൽ മേഖലകൾ പുഷ്ടിപ്പെടുമെന്നാണ് വിശ്വസിക്കപ്പെട്ടിരിക്കുന്നത്. എന്നാൽ, പഠിച്ച യന്ത്രങ്ങളുടെ വർദ്ധമാനമായ കടന്നുവരവോടെ പ്രത്യേകമായ നൈപുണ്യം ആവശ്യമുള്ള തൊഴിലുകളിലും യന്ത്രങ്ങളാൽ പകരം വെയ്ക്കപ്പെടുകയാണ്. ഒരു ഘട്ടത്തിൽ അടിസ്ഥാനം ജനവിഭാഗം എന്ന നിലയിൽ തൊഴിലാളികൾ മാത്രമാണ് നിസ്സാഹയവൽക്കരിക്കപ്പെട്ടിരുന്നതെങ്കിൽ (immiserization) പ്രൊഫഷണൽ വർഗം തന്നെ സമാനമായ അവസ്ഥയെ നേരിടാൻ തുടങ്ങുകയാണ്.

ഉദാഹരണത്തിന്, മാധ്യമ പ്രവർത്തനം, അഭിഭാഷകവൃത്തി, അധ്യാപനം, മാനേജീരിയൽ പ്രവൃത്തികൾ, ബാങ്കിങ് തൊഴിലുകൾ, ആരോഗ്യ രംഗത്തെ പ്രഫഷനുകൾ എന്നിവ എടുക്കുക. എന്തിനേറെ പറയുന്നു, ദുരന്ത നിവാരണ ഉപദേശം വരെയുള്ളവക്കുപോലും പഠിച്ച യന്ത്രങ്ങൾ (learned machines) നല്ല പകരക്കാരനായിരിക്കുന്നു. ഡിസ്​റ്റോപിക്​ (dystopic) പ്രവചനം നടത്തുകയല്ല. പുതിയ മുതലാളിത്തത്തിന്​ ഭൂമുഖത്ത് ഇത്രെയേറെ മനുഷ്യരെ ആവശ്യമില്ല. മാൽത്തൂസിയൻ സിദ്ധാന്തത്തിലൂടെ അധികപ്പറ്റായ മനുഷ്യരെ എങ്ങനെ പ്രകൃതി തന്നെ നിർമാർജ്ജനം ചെയ്യുന്നു എന്നാണ് മുതലാളിത്തത്തിന്റെ സാമ്പ്രദായിക രാഷ്ട്രീയ സമ്പദ്​വ്യവസ്​ഥാശാസ്ത്രം ദീർഘദർശനം ചെയ്തത്. മഹാമാരികളുടെ പരോക്ഷ ന്യായീകരണവുമായി ഈ വാദം നിരത്തപ്പെടാറുണ്ട്. മുതലാളിത്തം ആർട്ടിഫിഷ്യൽ ഇൻറലജിൻസ്​ യന്ത്രങ്ങളുടെ ഭാവിയെ ദർശിക്കുന്നത് മാൽത്തൂസിയൻ കാഴ്ചപ്പാടോടെ തന്നെയാകണം. അതായത്, പ്രകൃതിസമ്പന്നമായ ഈ സുന്ദരഭൂമുഖത്ത്​ എന്തിന്​ ഇത്രയേറെ മനുഷ്യർ? അതിനാൽ, മനുഷ്യവംശഹത്യ (humanicide) തന്നെയാണ് നവലിബറൽ മൂലധന വ്യവസ്ഥ ഈ നീലഗ്രഹത്തെ രക്ഷിക്കാനും ഭൂമിയെ വെടിപ്പാക്കാനും തയ്യാറാക്കിയിരിക്കുന്ന ആ മനോഹര പദ്ധതി.

തൊഴിലാളികളുടെ വേതന നിരക്ക് നിയന്ത്രിക്കാനും അവരെ പിരിച്ചുവിടാനും ദീർഘകാലത്തേക്ക് ലോക്ക് ഔട്ട് പ്രഖ്യാപിച്ച്​ തൊഴിലാളികളെ പട്ടിണിക്കിടാനും സഹായകമാകുന്നത് ഈ തൊഴിലിനുവേണ്ടി കാത്തിരിക്കുന്ന റിസർവ് ആർമിയാണ്

വി.കെ.എൻ ‘ഓട്ടോമേഷൻ' കഥയിലൂടെ വിഭാവനം ചെയ്യുന്നത് യന്ത്രങ്ങളുടെ നിസ്സംഗവും എന്നാൽ ദുഷ്‌കൃതവുമായ ദുരധികാരശക്തിയെയാണ്. സാങ്കേതികവിദ്യകളുടെ ദുരധികാരക്രമത്തെ (technological tyranny) പിന്താങ്ങാനും നിലനിർത്താനും രാഷ്ട്രീയ ദുശ്ശാസകക്രമം (political tyranny) അത്യന്താപേക്ഷിതമാണെന്നുകൂടി വി.കെ.എൻ ദർശിക്കുന്നു. വി.കെ.എന്നിന്റെ ഫലിതദർശനം ഉപരിതലവായനയിൽ ഫ്യൂഡലും പുരുഷാധികാരപക്ഷവും സ്ത്രീവിരുദ്ധവും ജാതീയബോധ്യങ്ങളെ അടിയുറപ്പിക്കാനാണെന്നുമുള്ള പ്രതീതിയാണ് സൃഷ്ടിക്കുന്നുവെങ്കിൽ അത് യഥാർത്ഥത്തിൽ നമ്മുടെ സാമൂഹിക ഘടനയിൽ നിഗൂഹനം ചെയ്യപ്പെട്ടിരിക്കുന്ന എല്ലാവിധമുള്ള ക്രൂരമനുവാദക്രമങ്ങളെയും അതിലടങ്ങിയിരിക്കുന്ന നഗ്നമായ ഹിംസയെയും അനാവരണം ചെയ്യുകയാണ്. കമ്പോസിറ്ററെ മാത്രം നിലനിർത്തി, എഡിറ്റർമാരെ പുറന്തള്ളി, ടെക്‌നോ- അഭിനിവേശിതനായ മാധ്യമ മുതലാളി പുതിയ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുകയാണ്. പുറത്താക്കലിൽ മാത്രം ഒതുങ്ങുന്നില്ല ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​ അഥവാ പഠിച്ച യന്ത്രത്തിന്റെ ഇടപെടൽ. മത്സരത്തിൽ മുമ്പനാകാൻ ഉള്ളടക്കം ക്രമീകരണം എപ്രകാരം വേണമെന്നും ഉത്തരവുകൾ നൽകുന്നു ആർട്ടിഫിഷ്യൽ ഇൻറലിജൻസ്​. എല്ലാ പരിഷ്‌ക്കരണങ്ങൾക്കുമൊടുവിൽ മാധ്യമ മുതലാളി അല്പം ഭയപ്പാടോടെ ഒടുക്കത്തെ ഒരു സംശയം ചോദ്യം കംപ്യൂട്ടറിനോട് നിവർത്തിക്കുന്നുണ്ട്, ഒടുക്കത്തെ ഒരു മറുപടിയും കമ്പ്യൂട്ടർ നല്കുന്നുണ്ട്: ‘എഡിറ്റർമാരെയും ചിത്രകാരന്മാരെയും ശിപായിയെയും പിരിച്ചയച്ചാൽ അവർ പോകുമോ? സമരം ചെയ്യില്ലേ? മരണം വരേക്കും?'

യന്ത്രൻ ചിരിച്ചു: ‘അടിയന്തരാവസ്ഥയാണ് നിലവിൽ. തല്ലിക്കൊന്നാലും ഒരെഡിറ്റനും ചിത്രകാരനും ചപ്രാസിപോലും ഒരക്ഷരം ശബ്ദിക്കാൻ പോകുന്നില്ല.'

എലോൺ മസ്‌ക്

അക്രൂരമാണ് ആ പരിഹാസം. കാരണം അതാണ് യാഥാർഥ്യം. കോവിഡ് മഹാമാരിയെ തുടർന്ന് ഏതാണ്ട് അപ്രഖ്യാപിത അടിയന്തരാവസ്ഥയ്ക്ക് സമാനമായ ക്രമസമാധാന വ്യവസ്ഥയ്ക്ക് ലോകം കീഴടങ്ങിയ ഘട്ടത്തിലാണ് എലോൺ മസ്‌ക് മുതൽ ലോകത്തെ ചെറുതും വലുതുമായ എല്ലാ മാധ്യമ സാങ്കേതിക സ്വേച്ഛാധിപതികളും കാര്യക്ഷമമായവിധത്തിൽ ഓട്ടോമേഷൻ നടപ്പിലാക്കിയത്. ഡിജിറ്റൽ ഓട്ടോമേഷനെ തുടർന്ന്​ മനുഷ്യർ നിർവഹിച്ചു വന്നിരുന്ന പല തൊഴിലുകളും അപ്രധാനങ്ങളായി എന്നു മാത്രമല്ല, സ്ഥാപനങ്ങൾക്ക് ഈ തൊഴിലുകൾ, സവിശേഷ നൈപുണികൾ ആവശ്യമായ തൊഴിലുകളടക്കം അധികരിച്ച ഭാരവുമായി. പിരിച്ചുവിടലിനെ സാധൂകരിക്കുന്ന നിയമനിർമാണങ്ങൾ രാജ്യസ്‌നേഹികളായ ഭരണാധികാരികൾ അന്തരാഷ്ട്ര കോർപറേറ്റ് മൂലധനത്തിനു വേണ്ടി പാസാക്കിയതും ഈ ദുരന്തഘട്ടത്തിലാണ്. ലോകവ്യാപകമായി തന്നെ ഐ.ടി കമ്പനികളും മാധ്യമ സ്ഥാപനങ്ങളും കൂട്ടപിരിച്ചുവിടൽ നടപ്പാക്കിയതും മഹമാരി ദുരന്തത്തിൽ നിന്ന് ലോകം പൂർണമായും മുക്തമാകും മുമ്പാണ്. 2030 ആകുമ്പോഴേക്കും 20 ദശലക്ഷം തൊഴിലുകളെ റോബോട്ടുകൾ മനുഷ്യർക്കു പകരം വെയ്ക്കും. ഉറക്കം, ഭക്ഷണം, രതി, വ്യഥ, വ്യവസ്ഥാവിരുദ്ധമായ ആനന്ദം, മടി, ബോറടി, തുടങ്ങി മാനവിക വികാരങ്ങൾക്കൊന്നും അടിമപ്പെടാത്തതായ ആൻഡ്രോയിഡ് കുഞ്ഞപ്പന്മാരെ, അൽഗോരിതമിക് നിർദേശത്തിലില്ലാത്ത, പരോപകാര പ്രവണത പോയിട്ട് പരോപദ്രവ പ്രവണത പോലുമില്ലാത്ത ഈ നിസ്സംഗ തൊഴിൽക്കൂട്ടത്തെ ഏതു മുതലാളിയാണ് ഇഷ്ടപ്പെടാതിരിക്കുക. പ്രത്യയശാസ്ത്രങ്ങളുടെ, മനുഷ്യചിന്തയുടെ സകല ഭാണ്ഡക്കെട്ടുകളും എന്നെന്നേക്കുമായി ഉപേക്ഷിച്ച്​സന്തോഷാതിരേകത്തോടെ കെ -റോബോട്ടുകളുടെ ആ പുരസ്‌കൃത ഭാവിയിലേക്ക് വിനീത വിധേയമായി ടെലിപോർട്ടിങ്ങിനു തയ്യാറെടുക്കുന്നവർക്ക് വായിച്ചാസ്വദിക്കാവുന്ന ഭാവിയുടെ ലഘുചിത്രമാണ് വി.കെ.എന്നിന്റെ ‘ഓട്ടോമേഷൻ'. ▮


ദാമോദർ പ്രസാദ്

എജ്യുക്കേഷണൽ മാധ്യമ മേഖലയിൽ പ്രവർത്തിക്കുന്നു. മലയാളത്തിലും ചിലപ്പോൾ ഇംഗ്ലീഷിലും എഴുതുന്നു.

Comments