നിതാന്ത തർക്കങ്ങളിലൂടെ വേണം സകല കോയ്മകളും ഇല്ലാതാക്കാൻ

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

ജനാധിപത്യത്തിന്റെ നിലനില്പിന് ജീവശ്വാസം പോലെ പ്രധാനമാണ് സംവാദം . എന്നാൽ കുട്ടിക്കാലം മുതൽ മാധ്യമങ്ങളിൽ കണ്ടുവന്നതൊക്കെ ആൺകോയ്മകൾ ചിട്ടപ്പെടുത്തിയ സംവാദങ്ങൾ മാത്രമായിരുന്നു - patriarchal orchestration. അതിനൊക്കെ ചൂട്ടുപിടിച്ചവരാണ് പത്രാധിപ വല്യേട്ടന്മാർ. മാധ്യമങ്ങളിൽ തീരുമാനമെടുക്കുന്ന ഇടങ്ങളിലൊന്നും തന്നെ സ്ത്രീകളുണ്ടാവാറില്ല. നിർണ്ണായകമായ എഡിറ്റോറിയലുകൾ തീരുമാനിക്കുന്ന ഇടങ്ങൾ എത്ര സ്ത്രീശൂന്യമായിരുന്നു എന്ന് അതിനകത്ത് ജീവിച്ച, എന്റെ ജീവിതപങ്കാളി ദൈന്യംദിന തൊഴിലനുഭവങ്ങൾ പങ്കുവയ്ക്കുന്നതിലൂടെ മനസ്സിലാക്കിയിട്ടുണ്ട്. ഒരിക്കൽ ഒരന്താരാഷ്ട വനിതാ ദിനത്തിന് സ്ത്രീകളുടെ ചുമതലയിൽ പത്രമിറക്കണം എന്ന് യു.എൻ. ആഹ്വാനമുണ്ടായപ്പോൾ മരുന്നിനു പോലും നമ്മുടെ പത്രസ്ഥാപനങ്ങളിൽ സ്ത്രീകളുണ്ടായിരുന്നില്ല എന്നത് എന്റെ തിരിച്ചറിവിനെ ബലപ്പെടുത്തി.

ഇത്തരം ആൺകോയ്മാ പ്രവണതകൾ സ്വാഭാവികം എന്ന മട്ടിൽ നമ്മിൽ രൂഢമൂലമായിരിക്കുന്നതിന്റെ ഉദാഹരണങ്ങൾ അനവധിയുണ്ട്. സ്ത്രീയ്ക്കും വേണം സംവാദങ്ങളുടെ അജണ്ട നിശ്ചയിയ്ക്കാൻ ഒരിടമെന്ന് സമർത്ഥിക്കാൻ എനിക്ക് ദീർഘമായ സംവാദത്തിലേർപ്പെടേണ്ടി വന്നിട്ടുണ്ട് . "അന്വേഷി ' ഒരു വനിതാ മാസിക തുടങ്ങുമ്പോഴായിരുന്നു അത്. "സംഘടിത' സ്ത്രീകൾക്ക് മാത്രം എഴുതാവുന്ന ഒരു മാസികയായാൽ മതി എന്ന തീരുമാനമെടുപ്പിക്കാൻ അതിന്റെ ആദ്യ എഡിറ്റോറിയൽ ബോർഡിലിരുന്ന് ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൽ എന്റെ വഴികാട്ടികളായിരുന്ന സാറാ ജോസഫിനോടും അജിതയോടും അടക്കം നിരന്തരം പടവെട്ടിയാണ് അങ്ങിനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. ഞാനതിന് വലിയ വില കൊടുത്തിട്ടുണ്ട്. ഫെമിനിസ്റ്റ് തീവ്രവാദി എന്ന് മുദ്രകുത്തി പരിസഹിക്കപ്പെട്ടിട്ടുമുണ്ട്.

എത്രയോ പിണക്കങ്ങളും പേരാട്ടങ്ങളുമുണ്ടായി. എന്നാൽ ഇന്നും ഞാനതിൽ ഖേദിക്കുന്നില്ല. ബാലികാരിഷ്ടതകൾ മറികടന്ന് മുതിർന്ന് സ്വീകാര്യമായപ്പോൾ ഇന്നത് കേരളത്തിലെ സ്ത്രീ ആവിഷ്‌ക്കാര ചരിത്രത്തിൽ വേറിട്ട വഴിയാണ് എന്ന ബോധ്യം അന്ന് എതിർത്തവർക്ക് പോലുമുണ്ടാകും എന്ന് ഞാൻ കരുതുന്നു.

ഇന്ന് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരു സംവാദം ശ്രദ്ധിക്കുക. 90 വയസ്സ് പിന്നിട്ട മലയാള സിനിമയിൽ സുപ്രീം കോടതി അനുശാസിച്ച പരാതി പരിഹാരസമിതി നിലവിൽ വരാത്തത് നിയമ വിരുദ്ധമാണ് എന്നതിന് ഒരു നാണക്കേടും തോന്നാത്ത ഒരു സംവിധാനത്തിൽ ഇരുന്നു കൊണ്ടാണ് ആ ചർച്ചകൾ നടക്കുന്നത്. പ്രശ്‌നപരിസരം തന്നെയാണ് പ്രശ്‌നം എന്നറിയാതെ പരിഹാരം നിർദ്ദേശിക്കുന്നതെങ്ങിനെയാണ് ?

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

ഭാഷ ഒരു വീണ്ടെടുപ്പാണ്. ഞാനെന്റെ വിദ്യാർത്ഥികളുമായി ഭാഷയും സാഹിത്യവും ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ട് കഴിഞ്ഞു. പഠനത്തിലും ജീവിതത്തിലും സിദ്ധാന്തവും പ്രയോഗവും ഭാഷയിൽ വേറിട്ടു നിൽക്കില്ല. ഒന്നിച്ചു നിൽക്കും. പാർശ്വവൽകൃതരുടെ ഉച്ചത്തിലുള്ള ഇടപെടൽ പോസ്റ്റ് കൊളോണിയൽ മുഴക്കങ്ങളാണ്. തറവാടി/ ചെററ , "മേൽ ' / ഉയർന്ന ജാതി / "കീഴ് '/ താഴ്ന്ന ജാതി തുടങ്ങിയ ദ്വൈതങ്ങൾക്ക് ഇനി ഭാഷയിൽ രാഷ്ട്രീയ ശരികളായി നിലനിൽക്കാനാകില്ല. സ്ത്രീ/ ദളിത് / ട്രാൻസ് ജെന്റർ ഇടപെടലുകൾ ഭാഷയുടെ വരേണ്യത തകർക്കുന്നത് നാം കാണുന്നുണ്ടല്ലോ. ഭാഷയെ മാറ്റി വേണമല്ലോ ലോകത്തെ മാറ്റാൻ.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ആവിഷ്‌ക്കാരത്തിന് എഡിറ്റോറിയൽ തമ്പ്രാക്കളുടെ കയ്യൊപ്പ് വേണം എന്ന സെൻസർഷിപ്പ്, സൈബർ സ്‌പേസ് മറികടന്നത് ഒരു ജനാധിപത്യ മുന്നേറ്റമാണ്. തമ്പ്രാക്കളുടെ ഹൃസ്വദൃഷ്ടിയുടെ പക്ഷപാതങൾക്കപ്പുറത്ത് അത് ബഹുസ്വരമായി പരന്നൊഴുകുകയാണ്. ഇവിടെ നടക്കുന്ന നിതാന്തമായ തർക്കങ്ങളിലൂടെ തന്നെ വേണം സകല കോയ്മകളും ഇല്ലാതാക്കാൻ. പൊരുതിക്കൊണ്ട് വേണം മുന്നേറാൻ.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

അല്ല. രണ്ടും ദുരധികാരത്തിന്റെ കയ്യേറ്റങ്ങളാണ്. രണ്ടും അധികാര പ്രയോഗങ്ങളുടെ പ്രതിഫലനങ്ങൾ - Mirroring- ആണ് .

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

എത്രയോ തവണ. ആണുങ്ങളായും ആണുങ്ങളുടെ വായ്‌മൊഴികളായി മാറിയ പെണ്ണുങ്ങളായും. അതൊക്കെ ഫെമിനിസ്റ്റ് രാഷ്ട്രീയ പ്രവർത്തനത്തിൽ സ്വാഭാവികം മാത്രം. "Interpellation' എന്നാൽ എന്ത് എന്ന് ഇപ്പോൾ കുട്ടികൾക്ക് പോലും അറിയാം. അൽത്യൂസറിന്റെയോ ഗ്രാംഷിയുടെയോ ഫൂക്കോയുടെയോ സിദ്ധാന്തങ്ങളിൽ നിന്നല്ല. ജീവിതത്തിൽ നിന്നും അവരത് പഠിച്ചു വരുന്നു. അതാണ് പ്രത്യാശ, ഈ ലോകം ഇരുളടഞ്ഞതല്ലെന്ന് വിശ്വസിക്കാൻ.

Comments