ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
എ.എ. റഹിം: ജനാധിപത്യത്തിന്റെ നിലനിൽപിന് സംവാദങ്ങൾ അത്യന്താപേക്ഷിതമാണ്. അതിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. സംവാദങ്ങൾ നിലച്ചുപോകുന്നിടത്ത് ജനാധിപത്യം റദ്ദാക്കപ്പെടും എന്നാണ് എന്റെ അഭിപ്രായം. സ്വാതന്ത്ര്യത്തിനു വേണ്ടി നാളിതുവരെ മനുഷ്യർ നടത്തിയിട്ടുള്ള എല്ലാ പോരാട്ടങ്ങളും സംവാദങ്ങൾക്ക് വേണ്ടി കൂടിയുള്ളതായിരുന്നു. സ്വതന്ത്രമായി അഭിപ്രായം പറയാനും, തലയുയർത്തി നിൽക്കാനും, ചോദ്യം ചെയ്യാനും ഒക്കെയുള്ള അവകാശമെന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യ അവകാശങ്ങളുടെയുമെല്ലാം കാതലാണ്.
സംവാദങ്ങൾക്കുള്ള അവകാശം ഇല്ലാതാകുമ്പോൾ ഒരു ജനാധിപത്യ രാജ്യത്ത് പാരതന്ത്ര്യത്തിന്റെ നിഴൽ പടരും. അഭിപ്രായം പറയാനും പ്രകടിപ്പിക്കാനുമുള്ള അവകാശങ്ങൾ റദ്ദാക്കപ്പെട്ടാൽ അത് എത്ര ഭയാനകമായിരിക്കുമെന്നത് ഇന്ത്യയുടെ തന്നെ അനുഭവത്തിലുണ്ട്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ നിരപരാധികളായ മനുഷ്യർക്കൊപ്പം സ്വതന്ത്രമായ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള പൗരന്റെ അവകാശങ്ങൾ കൂടിയാണ് തുറുങ്കിലടക്കപ്പെട്ടത്. അഭിപ്രായം പറയാനും അത് പ്രകടിപ്പിക്കാനുമുള്ള ഓരോ പൗരന്റെയും അവകാശത്തെ ഇന്ത്യൻ ഭരണഘടന അടിവരയിട്ട് ആഘോഷിക്കുന്നത് നമുക്ക് കാണാൻ കഴിയും. രാജ്യത്തിന്റെ ജനാധിപത്യവും ജനങ്ങളുടെ പരമാധികാരവും സംരക്ഷിക്കാനുള്ള പോരാട്ടമെന്നത് ക്രിയാത്മകമായ സംവാദ സാധ്യതകളെ നിലനിർത്തുകയും കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുവാനുള്ള ശ്രമങ്ങൾ കൂടിയാണ്. നിർഭയമായ സംവാദ സാധ്യതകൾ ഉണ്ടാകണം. ക്രിയാത്മകമായ അഭിപ്രായങ്ങൾ ഏറ്റുമുട്ടുമ്പോൾ, സാമൂഹ്യ പുരോഗതിക്ക് അത് ഇന്ധനമായി മാറും. മുന്നോട്ടുള്ള വഴികളിൽ വ്യക്തതയുടെ വെട്ടം തെളിയും.
സംവാദത്തിൽ ഭാഷയ്ക്ക് എത്ര പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗ ഭാഷകളിൽനിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?
‘വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ ഞാൻ നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്- ചിക്കാഗോയിലെ സർവ്വമത സമ്മേളനത്തിൽ സ്വാമി വിവേകാനന്ദൻ തന്റെ പ്രൗഢഗംഭീരമായ പ്രഭാഷണം ആരംഭിച്ചത് ഇങ്ങനെയായിരുന്നു. ശ്രീനാരായണ ഗുരു മുൻകൈയെടുത്ത് ആലുവയിൽ വിളിച്ചുചേർത്ത സർവ്വമത സമ്മേളനത്തിന്റെ സ്വീകരണ കമാനത്തിൽ രേഖപ്പെടുത്തിയിരുന്നതും ഇതേ വാചകമാണ്. അറിയാനും അറിയിക്കാനും സംവാദത്തിന്റെ സാധ്യത തേടിയിരുന്ന ഈ ഇന്നലെകളിലൂടെയാണ് നമ്മുടെ സമൂഹം കൂടുതൽ നവീകരിക്കപ്പെട്ടതും, വികസിച്ചതും, മുന്നോട്ടുപോയതും. മേൽപറഞ്ഞ ചരിത്രസന്ദർഭങ്ങൾക്ക് എത്രയോ മുൻപ് ‘തർക്കശാസ്ത്രം’ തന്നെ വികസിച്ചിരുന്നു എന്നുകൂടി ഓർക്കേണ്ടതുണ്ട്. ഒരു ലക്ഷം കൊല്ലത്തിന് മുൻപായിരുന്നു ഭാഷ ഉണ്ടായതായി കണക്കാക്കുന്നത്. എഴുത്തുഭാഷയുടെ പഴക്കം അയ്യായിരം വർഷവും. ആധുനിക അച്ചടിക്ക് അഞ്ച് നൂറ്റാണ്ടിന്റെ പ്രായം. അച്ചടിയുടെ ആവിർഭാവത്തോടെ ഭാഷ വികസിച്ചു. പുതിയ പദാവലികൾ വന്നു. പുതിയ പദങ്ങളും ഭാഷാപ്രയോഗങ്ങളും സംവാദത്തിന്റെയും തർക്കങ്ങളുടെയും പരിസരങ്ങളിൽ കൂടിയാകണം രൂപപ്പെടുകയും വികസിക്കുകയും ചെയ്തിട്ടുണ്ടാവുക. പറഞ്ഞുവന്നത്, സംവാദത്തിൽ ഭാഷയ്ക്ക് വലിയ പ്രാധാന്യമുണ്ട്. സംവാദത്തിൽ മാത്രമല്ല, സാമൂഹ്യ ജീവിയായ മനുഷ്യന്റെ അനുദിനമുള്ള ജീവിത പരിസരങ്ങളിൽ, അവരുടെ ഉയർച്ച താഴ്ചകളിൽ ഒക്കെ ഭാഷയ്ക്ക് വലിയ സ്വാധീനമുണ്ട്. ‘കമ്യൂണിക്കേഷൻ സ്‌കിൽ’ എന്നത് ആധുനിക കാലത്ത് എല്ലാ മേഖലയിലും വളരെ പ്രധാനപ്പെട്ട ഒരു ഘടകമായി മാറിക്കഴിഞ്ഞു. സംവാദ ഭാഷ മാത്രമല്ല, ശരീരഭാഷ പോലും വളരെ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്ന ഒരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. അതുകൊണ്ട് സംവാദത്തിലോ, സംസാരത്തിലോ ഉപയോഗിക്കുന്ന ഭാഷ വളരെ പ്രാധാന്യമർഹിക്കുന്നു.
സംവാദ ഭാഷ മറ്റ് പ്രയോഗ ഭാഷകളിൽനിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ എന്നത് സംവാദം നടക്കുന്ന സ്ഥലത്തെയും ഉപയോഗിക്കുന്ന മാധ്യമ സങ്കേതത്തെയും ആശ്രയിച്ചിരിക്കും. നവമാധ്യമങ്ങളുടെ പിറവിക്കും കാലങ്ങൾക്കും മുൻപ് ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ഏറ്റവും വലിയ സംവാദങ്ങളും തർക്കങ്ങളും നടന്നിരുന്ന സ്ഥലം കടവരാന്തകളും, ചായ പീടികകളും, ബാർബർ ഷോപ്പുകളുമായിരുന്നു. അവിടങ്ങളിൽ നടന്ന, എവിടെയും രേഖപ്പെടുത്തപ്പെടാത്ത, അർത്ഥപൂർണമായ എത്രയോ സംവാദങ്ങൾ, തർക്കങ്ങൾ നമ്മുടെ സമൂഹത്തിന്റെ പുരോഗമന സ്വഭാവത്തെ നിർമിക്കുന്നതിൽ നിർണായക സംഭാവനകൾ നൽകിയിട്ടുണ്ട്. മേൽപറഞ്ഞ പട്ടികയിൽ നിന്ന് ഗ്രന്ഥശാലകളെ ബോധപൂർവ്വം മാറ്റിനിർത്തിയതാണ്. വെറും സാധാരണക്കാരായ മനുഷ്യർ മേൽപറഞ്ഞ പൊതു സ്ഥലങ്ങളിൽ നിരന്തരമായി ഏർപ്പെട്ടിരുന്ന ഹരം പിടിപ്പിച്ചിരുന്ന ചർച്ചകളിലും സംവാദങ്ങളിലും ഉപയോഗിച്ചിരുന്ന ഭാഷയും, ഗ്രന്ഥശാലകൾക്കകത്തും ക്ലബ്ബുകൾക്കകത്തും നടന്ന ചർച്ചകളിലും ഉപയോഗിച്ചിരുന്ന ഭാഷ തമ്മിൽ ഉറപ്പായും വ്യത്യാസമുണ്ടാകും. അതേ കാലഘട്ടത്തിൽ തന്നെ പ്രസിദ്ധീകരിക്കപ്പെട്ടിരുന്ന ആനുകാലികങ്ങളിലും പുസ്തകങ്ങളിലും ഗൗരവമേറിയ സംവാദങ്ങൾ ഉണ്ടായിരുന്നു. ഒരേ കാലമാണ്, വിഷയവും സമാനമായിരിക്കാം. എന്നാൽ ഭാഷയിലും പ്രയോഗങ്ങളിലും വലിയ വ്യത്യാസങ്ങൾ ഉറപ്പായും കാണാനാകും. പീടികയിലും പരിസരങ്ങളിലും ഇതര പൊതു സ്ഥലങ്ങളിലും തർക്കം പിടിക്കുന്നവർ തന്നെയാണ് ഗ്രന്ഥശാലകൾക്കും ക്ലബ്ബുകൾക്കുമുള്ളിൽ ഗൗരവമുള്ള ചർച്ചക്കാരായി അവതരിച്ചതും. മേൽപറഞ്ഞ വ്യത്യസ്ത ഇടങ്ങളിൽ വ്യത്യസ്ത മാധ്യമങ്ങളിൽ ഒരേ വിഷയം വ്യത്യസ്ത ഭാഷകളിലൂടെയാണ് മനുഷ്യർ കൈകാര്യം ചെയ്തിട്ടുള്ളത്.
ഇനി പുതിയ കാലത്തേക്കുവരാം. ഒരേ മനുഷ്യർ, ഒരേ വിഷയം, വ്യത്യസ്ത മാധ്യമങ്ങളിൽ, വേറിട്ട ഭാഷാരീതികളിലൂടെ കൈകാര്യം ചെയ്യുന്നത് കാണാൻ കഴിയും. ഉദാഹരണത്തിന്, ഫെയ്‌സ്ബുക്കിന്റെയും, ട്വിറ്ററിന്റെയും, ഇൻസ്റ്റഗ്രാമിന്റെയും, യൂട്യൂബിന്റെയും, ഭാഷയും പ്രയോഗവും എത്രയോ വ്യത്യസ്തമാണ്. ഒരേവിഷയം, ഒരേ സമയം, ഒരേ മനുഷ്യൻ ഇതേ മാധ്യമങ്ങളിൽ വ്യത്യസ്ത ഭാഷയും ശൈലിയും ഉപയോഗിക്കുന്നത് എന്തുകൊണ്ടാണ്? കടത്തിണ്ണയിൽ വർത്തമാനംപറയുന്ന ഭാഷ ചെരുപ്പിനൊപ്പം ഊരിവെച്ചാകും ഗ്രന്ഥശാലയ്ക്കുള്ളിലേക്ക് കാലെടുത്ത് വെയ്ക്കുക. അതുതന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലും കാണുന്നത്. ദൃശ്യമാധ്യമങ്ങളുടെയും അച്ചടിമാധ്യമങ്ങളുടെയും ഭാഷാ ശൈലിപോലും വേറിട്ടതല്ലെ? എന്തിനേറെ ദൃശ്യമാധ്യമങ്ങൾക്കുതന്നെ വെബ് ഡിവിഷനുണ്ട്. ഒരേ ഓഫീസുകളിൽ തന്നെയാകും ഇത് രണ്ടും പ്രവർത്തിക്കുന്നത്. ഒന്ന് ശ്രദ്ധിച്ചുനോക്കൂ, ഒരേ വാർത്ത, എന്നാൽ ഭാഷയും ശൈലിയും അതേ മാധ്യമത്തിന്റെ തന്നെ വെബ് എഡിഷനിൽ വേറിട്ടതായിരിക്കും.
വീട്ടിലോ, ഓഫീസിലോ, എഴുതുമ്പോഴോ, പ്രസംഗിക്കുമ്പോഴോ, സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുമ്പോഴോ, ഭാഷാ പ്രയോഗങ്ങളും ശൈലിയും വേറിട്ടുനിൽക്കുന്നു എന്നതാണ് എന്റെ അഭിപ്രായം. എന്നാൽ വിദ്വേഷ പ്രചാരണവും വ്യക്തിഹത്യ പ്രവണതയും ഇതിൽനിന്നും വേറിട്ടുനിൽക്കുന്നു.
സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തെയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
അത് എളുപ്പത്തിൽ അളന്നുതൂക്കി പറയാൻ കഴിയുന്ന ഒന്നല്ല. കൂടുതൽ നവീകരിക്കപ്പെടണം എന്നുറപ്പ്. വീണ്ടും വീണ്ടും നവീകരിക്കപ്പെടണം. സൈബർ സ്‌പേസ്, സംവാദത്തിന്റെ ഒരു പൊതുഇടമാണ്. വിവര സാങ്കേതികവിദ്യയുടെ വിസ്‌ഫോടനകരമായ വളർച്ചയിൽ മനുഷ്യൻ എത്തിച്ചേർന്ന ഒരു സംവാദ സാധ്യതയാണ് സൈബർ സ്‌പേസ്. ഭാഷാപോഷിണിയിലോ, മാതൃഭൂമിയിലോ, പച്ചക്കുതിരയിലോ നടക്കുന്നത് പോലെയുള്ള സംവാദങ്ങൾ മാത്രമെ സൈബർ സ്‌പേസിലും നടക്കാവൂ എന്ന് വാശിപിടിക്കുന്നത് ചരിത്ര നിഷേധമാണ്. അശാസ്ത്രീയവുമാണ്. എന്തിനേറെ ചാനൽ ചർച്ചയിലെ ഭാഷയും സാമൂഹ്യമാധ്യമങ്ങളിലെ ഭാഷയും ഒന്നാകണമെന്നുപോലും നമുക്ക് വാശിപിടിക്കാനാവില്ല.
സൈബർ ഇടത്തിന് അധികം വയസായിട്ടില്ല. തുടർച്ചയായ ഇടപെടലുകളിലൂടെ, വിമർശനങ്ങളിലൂടെ, സ്വയം വിമർശനങ്ങളിലൂടെ സൈബർ ഇടവും കൂടുതൽ നവീകരിക്കപ്പെടും. അഥവാ പക്വത ആർജ്ജിക്കും. വ്യക്തിഹത്യയും അശ്ലീലചുവയുള്ള ഭാഷാ പ്രയോഗങ്ങളും ജനാധിപത്യപരമല്ലാത്ത സംവാദരീതിയും കുറയ്ക്കാനും നിയന്ത്രിക്കാനും ഇടപെടേണ്ട ബാധ്യത നമുക്കെല്ലാവർക്കും ഉണ്ട് തന്നെ. വിദ്വേഷ പ്രചരണങ്ങൾക്കെതിരെ നിതാന്ത ജാഗ്രതയും പുലർത്തണം. നിക്ഷിപ്ത താൽപര്യങ്ങളിലാതെ, കാതലായ വിമർശനങ്ങളിലൂടെയും ആത്മവിമർശനങ്ങളിലൂടെയും സൈബർ സ്‌പേസിനെയും അതിന്റെ ഭാഷയെയും കൂടുതൽ ജനാധിപത്യവൽക്കരിക്കാനുള്ള സംവാദങ്ങൾ നമുക്ക് ശക്തിപ്പെടുത്താം.
ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾകൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?
ഭാഷാ ശൈലിയിൽനിന്ന് വ്യത്യസ്തമാണ് ആൾക്കൂട്ട ആക്രമണങ്ങൾ. സാമൂഹ്യമാധ്യമങ്ങളിൽ അത്തരം ആക്രമണങ്ങൾ ഇന്ന് വ്യാപകവുമാണ് എന്ന കാര്യത്തിൽ സംശയമില്ല. പലപ്പോഴും ഓർഗനൈസ്ഡ് ആയ ഒരു ക്രിമിനൽ പ്രവർത്തനമായി അത് മാറാറുമുണ്ട്. ഈ പ്രവണത ഒരു പരിഷ്‌കൃത സമൂഹത്തിനും ചേർന്നതുമല്ല. ആദ്യം സൂചിപ്പിച്ച ഭാഷാ രീതി സംബന്ധിച്ച കാര്യങ്ങളിൽ നിന്നും ഈ ക്രിമിനൽ പ്രവർത്തനത്തെ ഇഴപിരിച്ച് വിശകലനം ചെയ്യാൻ കഴിയണം.
മറ്റൊന്ന്, ആൾക്കൂട്ട ആക്രമണങ്ങളെയും വസ്തുതാപരമായ പൊളിച്ചെഴുത്തുകളെയും സാമാന്യവൽക്കരിക്കുന്ന രീതിയും ശരിയല്ല. ഒരാൾ മുന്നോട്ടുവെയ്ക്കുന്ന വസ്തുതാവിരുദ്ധമോ ശാസ്ത്രവിരുദ്ധമോ ആയ ഒരഭിപ്രായം നിമിഷനേരം കൊണ്ട് പൊളിച്ചടുക്കപ്പെടും. സൈബർ സ്‌പേസിലെ ഏറ്റവും വലിയ ഒരു പ്രത്യേകത അത് ഏകപക്ഷീയമല്ല എന്നതാണ്. അതായത് പ്രധാനമന്ത്രിയുടെ മൻ കി ബാത്തുപോലെയല്ല എന്നർത്ഥം. മുൻ ഡി.ജി.പി. അലക്‌സാണ്ടർ ജേക്കബ് മുതൽ എം.എൻ. കാരശ്ശേരിയും സി.ആർ. നീലകണ്ഠനും വരെ വിചാരണയ്ക്കും തിരുത്തലുകൾക്കും വിധേയമാകുന്നത് നമ്മൾ കണ്ടു. പ്രിവിലേജ്ഡ് ആയ ഒരാൾ പറഞ്ഞാൽ ‘അയ്യോ, ഈ സാറന്മാർ പറയുന്നത് ശരിതന്നെയായിരിക്കും’ എന്നുകരുതി ഉൾവലിയുന്ന രീതിയിലല്ല ഡിജിറ്റൽ സ്‌പേസിന്റെ ജനിതക ഘടന. നിക്ഷിപ്ത താൽപര്യങ്ങളും, ശാസ്ത്രവിരുദ്ധതയും, വസ്തുതയില്ലായ്മയും തുടർച്ചയായും നിശിതമായും ചോദ്യം ചെയ്യപ്പെടും. ദയാരഹിതമായ വിചാരണകൾക്ക് വിധേയമാക്കപ്പെടും. അത്തരം അർത്ഥപൂർണമായ ഇടപെടലുകളെ സൈബർ ബുള്ളിയിങ് എന്നുപറഞ്ഞ് ആരെയും രക്ഷപ്പെടുത്താൻ ശ്രമിക്കരുത്. യഥാർത്ഥ സൈബർ ആക്രമണങ്ങളെയും വസ്തുതാപരമായ സംവാദങ്ങളെയും കൂട്ടിക്കലർത്തരുത്. അത് സൈബർ സ്‌പേസിലെ യഥാർത്ഥ ആൾക്കൂട്ട ആക്രമണങ്ങളെയും അതിന്റെ ഭീകരതയെയും തമസ്‌കരിക്കാൻ മാത്രമെ ഉപകരിക്കൂ.
ക്രിയാത്മകമായ പ്രതിരോധങ്ങളുണ്ടാകുമ്പോൾ ഇരവാദമുയർത്തരുത്. എന്നാൽ ഡിജിറ്റൽ സ്‌പേസിലെ യഥാർത്ഥ പ്രശ്‌നങ്ങളെ ശക്തമായി തുറന്നുകാട്ടുകയും വേണം. അങ്ങനെവരുമ്പോൾ മാത്രമാണ് മുൻ ചോദ്യത്തിന് മറുപടി പറയുമ്പോൾ പരാമർശിച്ച നവീകരണ ദൗത്യത്തെ നമുക്ക് ശക്തിപ്പെടുത്താൻ കഴിയുന്നത്.
സന്ദർഭത്തിൽ മറ്റ് ചില കാര്യങ്ങൾകൂടി പറയാനുണ്ട്. കേരളത്തിലെ സാമൂഹ്യ മാധ്യമങ്ങളിലെ തെറ്റായ പ്രവണതകൾക്കെതിരായ സമരം പലപ്പോഴും സെലക്ടീവ് ആകുന്നു എന്നാണെന്റെ അഭിപ്രായം. ഡിജിറ്റൽ സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളും ഡിജിറ്റലല്ലാത്ത ഇടങ്ങളിൽ നേരിടുന്ന ആക്രമണങ്ങളും തമ്മിൽ വ്യത്യാസമുണ്ടോ എന്നായിരുന്നല്ലോ ചോദ്യം? എവിടെയും ആരും ആക്രമിക്കപ്പെടരുത് എന്നുതന്നെയാണ് എന്റെ അഭിപ്രായം. കേരളത്തിൽ ‘രാഷ്ട്രീയ കൊലപാതകങ്ങൾ’ വലിയ ചർച്ചയായിട്ടുണ്ട്. രൂക്ഷമായ വിമർശനങ്ങൾ, കവിതകൾ, പുസ്തകങ്ങൾ, വൈകാരികമായ വിചാരണകൾ, അച്ചടി- ദൃശ്യ മാധ്യമങ്ങളിലൂടെ ആരംഭിച്ച്, പോളിംഗ് ബൂത്തുകൾവരെ സ്വാധീനിച്ച പ്രഹരശേഷിയുള്ള വാർത്താനിർമ്മിതികൾ! രാഷ്ട്രീയ കൊലപാതകങ്ങൾക്കെതിരായ നിരന്തരവും നിശിതവുമായ മാരത്തോൺ വാർത്തകളിലൂടെയും ഏകപക്ഷീയമായ സാംസ്‌കാരിക പ്രതികരണങ്ങളിലൂടെയും നിർമ്മിച്ചെടുത്ത പൊതുബോധം തികഞ്ഞ ഇടതുപക്ഷ വിരുദ്ധമായിരുന്നു. വസ്തുതാവിരുദ്ധവുമായിരുന്നു. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും, എസ്.എഫ്.ഐയുമാണ് ‘വേട്ടക്കാർ’ എന്ന പൊതുബോധമാണ് മേൽപറഞ്ഞ പ്രചാരവേലയിലൂടെ (propaganda) സൃഷ്ടിക്കപ്പെട്ടത്. കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ തന്നെ കെ. സുധാകരന്റെ ‘രക്തസാക്ഷി അവകാശവാദത്തെ’ ചോദ്യം ചെയ്തപ്പോൾ കല്ലും നെല്ലും തിരിഞ്ഞു. വേട്ടക്കാർ ആരെന്നും ഇരകളാരെന്നും ഇന്ന് വ്യക്തത വന്നിരിക്കുന്നു. ഇരവാദമുയർത്തിയ കോൺഗ്രസും സംഘവരിവാറും മത-വർഗീയ സംഘടനകളുമാണ് വേട്ടക്കാരെന്ന് വസ്തുതകൾ ഇന്ന് വിളിച്ചുപറയുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ സാധ്യത ഉപയോഗിച്ച് നിക്ഷിപ്ത താൽപര്യത്തോടെ നിർമ്മിച്ചെടുത്ത ഒരു തെറ്റായ പൊതുബോധത്തെ പൊളിച്ചടുക്കിയത് മാത്രമല്ല, നമ്മൾ ഇവിടെ ചർച്ച ചെയ്യേണ്ടത്. കമ്യൂണിസ്റ്റുകാരും പുരോഗമന സ്വഭാവമുള്ള സംഘടനകളുമാണ് വേട്ടക്കാരെന്ന പൊതുബോധം നിർമ്മിച്ചെടുത്തത് കൃത്യമായ പ്രൊപഗാന്റയിലൂടെയായിരുന്നു. കമ്യൂണിസ്റ്റുകാർ കൊല്ലപ്പെടുമ്പോൾ അത് വാർത്തയാക്കാതിരിക്കുകയും കമ്യൂണിസ്റ്റുകാർ പ്രതിസ്ഥാനത്തുവരുമ്പോൾ കടന്നാക്രമിക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇരകളാക്കപ്പെട്ട കമ്യൂണിസ്റ്റു പാർട്ടി പ്രവർത്തകർ മുഖ്യധാരാ മാധ്യമങ്ങളാൽ തമസ്‌കരിക്കപ്പെട്ടു. മറുഭാഗത്തുണ്ടായ നഷ്ടങ്ങൾ പർവ്വതീകരിക്കുകയും ചെയ്തു. ഡിജിറ്റൽ സ്‌പേസിലെ ധാർമികതയെക്കുറിച്ചുള്ള വിലാപങ്ങളിലും മേൽപറഞ്ഞ മാതൃകയിലുള്ള സെലക്ടീവായ, തികച്ചും നിക്ഷിപ്ത താൽപര്യത്തോടെയുള്ള പ്രൊപഗാന്റ നമുക്ക് കാണാൻ കഴിയും.
കെ-റെയിൽ പദ്ധതിയെ വിമർശിച്ച് കവിത എഴുതിയ റഫീക്ക് അഹമ്മദ് സൈബർ ആക്രമണത്തിന് വിധേയമായി. ഈ വാർത്ത ആദ്യമായി നൽകുന്നത് മലയാള മനോരമയാണ്. എന്തുതരം ആക്രമണമാണ് എന്നൊന്നും ചോദിക്കരുത്. കാരശ്ശേരിയുടെയും സി.ആർ. നീലകണ്ഠന്റെയും നേർക്ക് സൈബർ ആക്രമണം എന്ന പ്രൊപ്പഗാന്റ വന്നു. ഇതേ സമയത്തുതന്നെ അശോകൻ ചെരുവിലിനെതിരായ കടന്നാക്രമണം എന്തുകൊണ്ട് വാർത്തയായില്ല? ഈ സെലക്ടീവിസം അധാർമ്മികമാണ്, നിക്ഷിപ്ത താൽപര്യത്തോടെയുള്ളതുമാണ്. ഇനിയുമുണ്ട് ഉദാഹരണങ്ങൾ.
കെ.ആർ.മീരയ്‌ക്കെതിരായ വി.ടി. ബൽറാമിന്റെ തെറിവിളി, എ.കെ.ജിക്കും സുശീലാ ഗോപാലനുമെതിരായ വി.ടി. ബൽറാമിന്റെ തന്നെ അശ്ലീല പ്രയോഗം, എം.എം. ഹസ്സനെതിരായ വി.ടി.ബൽറാമിന്റെയും സംഘത്തിന്റെയും സൈബർ ആൾക്കൂട്ടാക്രമണം, ബെന്യാമിനെതിരായ കെ.എസ്. ശബരീനാഥിന്റെ അതിരുവിട്ട സൈബർ പ്രതികരണങ്ങൾ, ഇതൊന്നും കേരളം മറന്നിട്ടില്ല. ഇതിനെല്ലാം പുറമെയാണ് സ്വന്തം വെരിഫൈഡ് പേജിൽ നിന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ തന്റെ മണ്ഡലത്തിലെ ഒരാളെ പച്ചത്തെറിയും അശ്ലീലവും വിളിച്ചത്. സാധാരണ രീതിയിൽ ഒരു പ്രതിപക്ഷ നേതാവിന്റെ ഒഫിഷ്യൽ വെരിഫൈഡ് പേജിൽ നിന്ന് ഇത്തരത്തിൽ അസാധാരണമായൊരു പ്രതികരണമുണ്ടായാൽ ദയാരഹിതമായ സോഷ്യൽ ഓഡിറ്റിങിന് വിധേയമാകേണ്ടതല്ലേ. എന്തുകൊണ്ട് ഒരു ഗൗരവമായ ചർച്ചയും മേൽപറഞ്ഞ ഒരുസന്ദർഭത്തിലും ഉയർന്നുവന്നില്ല. നടൻ ജോജു ജോർജ്ജിനെതിരായ സൈബർ ബുള്ളിയിങ് എത്ര ഭീകരമായിരുന്നു. കോൺഗ്രസിന്റെ പ്രമുഖരായ നേതാക്കളാണ് ഇതിന് നേതൃത്വം കൊടുത്തത്.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയനെതിരെ എൽദോസ് കുന്നപ്പള്ളി എം.എൽ.എ. നടത്തിയ വ്യക്തിഹത്യ സമാനതകളില്ലാത്തതായിരുന്നു. അതിന്റെ ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളിൽ കോൺഗ്രസ് പ്രൊഫൈലുകൾ നടത്തിയ നിന്ദ്യമായ പ്രചരണങ്ങൾ എന്തുകൊണ്ട് തമസ്‌ക്കരിക്കപ്പെട്ടു. കെ.കെ.ശൈലജ ടീച്ചർ, മേഴ്‌സിക്കുട്ടി അമ്മ എന്നിവർക്കെതിരായ വ്യക്തിഹത്യകൾ തുടങ്ങിവെച്ചത് കോൺഗ്രസിന്റെ സമുന്നതരായ നേതാക്കളായിരുന്നു. തുടർന്ന് ദയാരഹിതമായി ഈ രണ്ട് വനിതകൾ സൈബർ ബുള്ളിയിങിന് ഇരയായി. കാരശ്ശേരിയും സി.ആർ. നീലകണ്ഠനും റഫീക്ക് അഹമ്മദും ഇപ്പോൾ നേരിട്ടതിനെക്കാൾ എത്രയോ കടുത്ത ആൾക്കൂട്ടാക്രമണങ്ങളെയാണ് (യഥാർത്ഥ ആൾക്കൂട്ടാക്രമണങ്ങൾ) വീണാ വിജയനും കെ.ആർ.മീരയും ബെന്യാമിനും കെ.കെ.ശൈലജയും മേഴ്‌സിക്കുട്ടി അമ്മയും നേരിട്ടത്. തുടങ്ങിവെച്ചതും നേതൃത്വം കൊടുത്തതും അപരമുഖങ്ങളോ സാധാരണക്കാരോ അല്ല, ഉത്തരവാദിത്വമുള്ള കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളുമായിരുന്നു. മേൽപറഞ്ഞവർക്ക് പുറമെ, ചിന്ത ജെറോമും, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും തുടർച്ചയായി സൈബർ സ്‌പേസിൽ വ്യക്തിഹത്യക്ക് വിധേയമാക്കപ്പെട്ടവരാണ്.
മാധ്യമപ്രവർത്തകരിലേക്കുകൂടി വരാം. വലതുപക്ഷ ആഭിമുഖ്യം പ്രകടിപ്പിക്കുന്ന വനിതാ മാധ്യമ പ്രവർത്തകരുൾപ്പെടെ പല സന്ദർഭങ്ങളിലും വ്യക്തിഹത്യക്കും ആൾക്കൂട്ടാക്രമണങ്ങൾക്കും സൈബർ സ്‌പേസിൽ വിധേയമാക്കപ്പെട്ടിട്ടുണ്ട്. ഒരു തരത്തിലും അതൊന്നും ആർക്കും നീതീകരിക്കാനുമാകില്ല. ആരും നീതീകരിച്ചിട്ടുമില്ല. എന്നാൽ ഇടതുപക്ഷ നിലപാടുള്ള മാധ്യമപ്രവർത്തകർക്കുനേരെയുള്ള സമാന സ്വഭാവമുള്ള കടന്നാക്രമണങ്ങൾ എന്തുകൊണ്ടാണ് സോഷ്യൽ ഓഡിറ്റിങിൽനിന്ന് ഇളവ് ലഭിക്കുന്നത്? പല സന്ദർഭങ്ങളിലും ഇത്തരം ഇടതുപക്ഷ അനുകൂലികളായ മാധ്യമപ്രവർത്തകർക്കുമെതിരായ സൈബർ ആക്രമണങ്ങൾക്ക് ഉത്തരവാദിത്വമുള്ള കോൺഗ്രസ് നേതാക്കൾ തന്നെ നേതൃത്വം കൊടുക്കുന്നത് കാണാൻ കഴിയും.
ഒടുവിലുണ്ടായൊരു ഉദാഹരണം പറയാം. ഒരു കോൺഗ്രസ് വക്താവ് കടുത്ത വിമർശനം ക്ഷണിച്ച് വരുത്തുന്ന വിധം ഒരു ടെലിവിഷൻ ചർച്ചയിൽ ഒരു രക്തസാക്ഷിയുടെ ഭാര്യയെ അപഹസിക്കുന്നു, ഒരു കൊലപാതകത്തെ ന്യായീകരിക്കുന്നു. ഇതിനോടുള്ള വിമർശനമായി മേൽപറഞ്ഞ കോൺഗ്രസ് വക്താവ് ‘ഒരു മോശം രാഷ്ട്രീയക്കാരനാണ്’ എന്ന് മാധ്യമപ്രവർത്തകനായ ടി.എം.ഹർഷൻ ഫെയ്‌സ്ബുക്കിൽ കുറിക്കുന്നു. തുടർന്നുള്ള മണിക്കൂറുകളിൽ വി.ടി.ബൽറാം ഉൾപ്പെടെയുള്ള ഒരുപറ്റം യുഡിഎഫ് നേതാക്കളും എംഎൽഎമാരും ഹർഷനെതിരായ കടന്നാക്രമണം സൈബർ സ്‌പേസിൽ ആരംഭിക്കുന്നു. ഇവിടെ ഒരുകാര്യം വ്യക്തമാക്കേണ്ടതുണ്ട്. വലതുപക്ഷ നിലപാട് സ്വീകരിക്കുന്ന മാധ്യമപ്രവർത്തകർക്കെതിരെ സി.പി.എം. നേതാക്കളോ ഉത്തരവാദിത്വപ്പെട്ടവരോ നിന്ദ്യമായ കടന്നാക്രമണങ്ങൾ ഇതുവരെ നടത്തിയിട്ടില്ലെന്ന് സംശയലേശമന്യേ പറയാൻ കഴിയും. നേരത്തെ സൂചിപ്പിച്ച രാഷ്ട്രീയ നേതാക്കൾക്കും സാഹിത്യ -സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കും നേരെ നടന്ന നിന്ദ്യമായ ആൾക്കൂട്ടാക്രമണങ്ങളുടെ നേതൃത്വം തന്നെ ഉത്തരവാദിത്വമുള്ള കോൺഗ്രസ് മുഖങ്ങളിൽ നിന്നായിരുന്നു. അതൊക്കെയും ഒരു വിചാരണയുമില്ലാതെ മുഖ്യധാരാ മാധ്യമങ്ങൾ തമസ്‌കരിച്ചു.
ഇതുവരെ സൂചിപ്പിച്ചുവന്ന തമസ്‌കരണവും പർവ്വതീകരണവും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണ്. സൈബർ സ്‌പേസിലെ ഭാഷാ നവീകരണവും ധാർമികതയുമാണ് പ്രശ്‌നമെങ്കിൽ രാഷ്ട്രീയ നേതൃത്വവും മാധ്യമ സ്ഥാപനങ്ങളും നിരുപാധികമായി ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണം. സി.പി.എമ്മും ഡി.വൈ.എഫ്.ഐയും അങ്ങനെ നിലപാട് സ്വീകരിച്ചവരാണ്. സൈബർ സ്‌പേസിലെ അനഭലഷീണിയമായ പ്രവണതകളിൽനിന്നും വിട്ടുനിൽക്കുന്നു എന്നുമാത്രമല്ല, ശക്തമായ ഭാഷയിൽ തള്ളിപ്പറയേണ്ടതിനെ തള്ളിപ്പറയുകയും ചെയ്യുന്നു.
സാമൂഹ്യമാധ്യമങ്ങളിലെ അപരമുഖങ്ങൾക്കും ആൾക്കൂട്ടാക്രമണങ്ങൾക്കുമെതിരെ ശക്തമായ സമീപനം എല്ലായ്‌പ്പോഴും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ഇനിയും അത് തുടരും.
വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
നിരവധി തവണ നേരിട്ടിട്ടുണ്ട്. ചിലപ്പോഴൊക്കെ ജീവിതപങ്കാളിയിലേക്ക് പോലും അവരുടെ അക്രമണം നീളും. അതിലെല്ലാമുപരി തികച്ചും വർഗ്ഗീയമായ സൈബർ ആക്രമണത്തിനും വിവിധ സന്ദർഭങ്ങളിൽ ഞാൻ വിധേയമായിട്ടുണ്ട്, ഇനിയും പ്രതീക്ഷിക്കുന്നുമുണ്ട്. അവഗണിക്കുക എന്നതാണ് പൊതുവിൽ എന്റെ രീതി. അപൂർവ്വം ചില സന്ദർഭങ്ങളിൽ ഞാനോ, കുടുംബാംഗങ്ങളോ, സഹപ്രവർത്തകരോ പരാതി നൽകിയിട്ടുമുണ്ട്. സംഘടിതവും ആസൂത്രിതവുമായ കടന്നാക്രമണങ്ങളാണ് പല സന്ദർഭങ്ങളിലും നേരിടേണ്ടി വന്നിട്ടുള്ളത്. രാഷ്ട്രീയ എതിരാളികളിൽ നിന്ന് സ്വാഭാവികമായും പ്രതീക്ഷിക്കുന്ന അക്രമങ്ങൾ തന്നെയാണ്. ശരിയായ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നു എന്ന ഉത്തമ ബോധ്യമാണ് ഇത്തരം ആക്രമണങ്ങൾ എന്നിൽ ഉൽപാദിപ്പിച്ചിട്ടുള്ള ചിന്ത. നിയമപരമായ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുകയും ചിലപ്പോഴൊക്കെ അവഗണിക്കുകയും ചെയ്തുകൊണ്ട് മുൻപോട്ടു പോകുക എന്നതാണ് എന്റെ നിലപാട്.