‘‘Knowledge in the form of an information commodity indispensable to productive power is already, and will continue to be, a major-perhaps the major-stake in the worldwide competition for power. It is conceivable that the nation-states will one day fight for control of information, just as they battled in the past for control over territory, and afterwards for control of access to and exploitation of raw materials and cheap labor.’’- Jean François Lyotard, The Postmodern Condition: A Report on Knowledge (1979)
ഉത്തരാധുനികതയും സാംസ്‌കാരികപഠനവും മലയാളത്തിൽ പരിചയപ്പെടുത്തിയ പദാവലികൾ പലതും ഇന്ന് സാമാന്യ വ്യവഹാരങ്ങളുടെ ഭാഗമായിരിക്കുന്നു. ആഖ്യാനം (narrative), ബഹുസ്വരത (polyphony), സംഭവം (event) തുടങ്ങിയവ ഇന്ന് മുഖ്യധാരാവൽകരിക്കപ്പെട്ട പ്രയോഗങ്ങളാണ്. വൈജ്ഞാനികസമൂഹം / വൈജ്ഞാനിക സമ്പദ്വ്യവസ്ഥ എന്ന സംജ്ഞയ്ക്ക് ചുരുങ്ങിയത് നാല്പതിൽ കൂടുതൽ വർഷത്തെ പഴക്കമുണ്ട്. 30 വർഷം മുമ്പെങ്കിലും മലയാളത്തിൽ ഈ സംജ്ഞ പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആധുനികതയുടെ യുക്തിവാദത്തെയും അനുഭവൈകതയെയും (empiricism) ശാസ്ത്രസത്യമായി സാമൂഹിക വിശകലനത്തിൽ പ്രയോഗിച്ചവർക്ക് ഈ സംജ്ഞകൾ സംശയാസ്പദ സങ്കല്പനങ്ങളായിരുന്നുവെന്നു മാത്രമല്ല, ഇതിലെല്ലാം സാമ്രാജ്യത്വത്തിന്റെ ഒളി അജണ്ടയും അവർ ആരോപിച്ചിരുന്നു. ഇന്നിപ്പോൾ നാലുപതിറ്റാണ്ടുകൾക്കിപ്പുറം ഡാറ്റാ സാമ്രാജ്യത്വം അധീനപ്പെടുത്തിയ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെ അഥവാ ഡിജിറ്റൽ കാപ്പിറ്റലിസത്തെ ഒരു പുത്തൻ പ്രതീക്ഷയായി വരവേൽക്കുന്നതിനെ ചരിത്രപരമായ വിരോധാഭാസമെന്നേ പറയാനാകൂ.
ഒന്ന്: ചരക്കുവൽക്കരിക്കപ്പെടുന്ന ഡാറ്റ
തദ്ദേശീയ ജനതയുടെമേൽ സമഗ്രാധിപത്യം സ്ഥാപിക്കാൻ അധിനിവേശ ഭരണകൂടം, ശാസ്ത്രീയമെന്ന് ഇന്നും നിനച്ചുപോരുന്ന പതിനേഴും പതിനെട്ടും നൂറ്റാണ്ടിലെ ലഭ്യമായ സർവേ ഉൾപ്പെടെയുള്ള പല ഉപായങ്ങളിലൂടെയും പരമാവധി വിവരങ്ങൾ സ്വരുക്കൂട്ടുകയുണ്ടായി. ഇങ്ങനെ ശേഖരിക്കപ്പെട്ട വിവരങ്ങളാണ് കൊളോണിയൽ ജ്ഞാനനിർമിതിക്കാധാരമായത്. അധിനിവേശ ഭരണത്തിന് അതിന്റെ ചൂഷണക്രമം, ആവശ്യമായ പരിഷ്‌കരണങ്ങളിലൂടെ മൂന്നുമൂന്നര നൂറ്റാണ്ടോളം സുസംഘടിതമായി നിലനിർത്താൻ സൈനികശക്തി എന്നതുപോലെ തന്നെ ജ്ഞാനാധികാരവും പ്രധാനമായിരുന്നു. എത്രയോ പഠനങ്ങളിലൂടെ സുവ്യക്തമാക്കപ്പെട്ടതാണ് ഈ വസ്തുത.
നമ്മൾ വിനിമയം ചെയ്യുന്ന ഡാറ്റ ശേഖരിക്കുന്നതുമുതൽ ഈ ഡാറ്റയെ വിപണനത്തിനു വിധേയമാക്കുന്ന ടെക് കോർപ്പറേറ്റുകളുടെ വിപുലമായ ബാനോപ്റ്റികോണിന്റെ പരിധിയിലാണ് ലോകവും മനുഷ്യരും.
വിവരശേഖരണം, സ്വരൂപണം, ക്രോഡീകരണം, വിശകലനം, കേന്ദ്രീകരണം എന്നിവയായിരുന്നു ഈ അറിവിന്റെ നിർമിതിക്ക് ഉപാധിയായ പ്രക്രിയ. അതിബൃഹത്തും സ്ഥാപനവൽകൃതവുമായിരുന്ന പ്രക്രിയയായിരുന്നു ഇത്. തദ്ദേശീയരുടെ തന്നെ വലിയൊരു മനുഷ്യവിഭവശേഷിയുടെ കാര്യക്ഷമമായ ഉപയോഗം ഇതിനാവശ്യമായിരുന്നു. ഇതിന് പല ഉപാധികളും കോളനിഭരണം സ്ഥാപിച്ചു. ജീവിതവ്യവസ്ഥയുടെ സമഗ്രമേഖലയെയും സ്പർശിക്കുന്ന ഒരു പ്രായോഗിക പ്രവർത്തനമായിരുന്നു അത്. അന്ന് ലഭ്യമായിരുന്ന ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകളും ഗണന (enumerative) പ്രയോഗങ്ങളും ഇതിനായി ഉപയോഗപ്പെടുത്തി. എത്ര തന്നെ സമഗ്രമായിരുന്നാലും ഈ പ്രക്രിയക്ക് പലവിധ പരിമിതകളുമുണ്ടായിരുന്നു. പ്രധാനമായും വിവരങ്ങൾ ശേഖരിക്കാനുള്ള ഭൂമിശാസ്ത്രപരവും ഭാഷാപരവുമായ തടസ്സങ്ങൾ തന്നെ. വിവരങ്ങൾ ശേഖരിക്കാനുള്ള പ്രാഥമിക നടപടി തദ്ദേശീയ ജീവിതവ്യവസ്ഥയെ വസ്തുവല്കരിക്കുക (Objectify) എന്നതാണ്.
കൊളോണിയൽ ഭരണകൂടം അഭിമുഖീകരിച്ച മറ്റൊരു പ്രശ്‌നം, വസ്തുവൽകരിക്കപ്പെട്ട ജീവി വ്യവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും വിശകലനം ചെയ്യാനും പ്രധാനമായും ആശ്രയിച്ചത് ഇടനിലക്കാരെയും തദ്ദേശീയ വ്യാഖ്യാതാക്കളെയുമാണ് എന്നതാണ്. ഇതിനെല്ലാം പുറമേ മറ്റൊരു പ്രധാന പ്രശ്‌നം കോളനിഭരണം അഭിമുഖീകരിച്ചത്, പാശ്ചാത്യ ജ്ഞാനോപകരണത്തിന്റെ അളവുമാതൃകയെ അവലംബമാക്കി വേണം വിവര ശേഖരണവും വിശകലനവും എന്നതാണ്. എന്നാൽ, ഈ പരിമിതികളെയെല്ലാം മറികടക്കുന്നു എന്നുമാത്രമല്ല വിവരശേഖരണത്തിന്റെയും, ക്രോഡീകരണത്തിന്റെയും വിശകലനത്തിന്റെയും കേന്ദ്രീകരണത്തിന്റെയും പ്രക്രിയകളെ കൂടുതൽ സൂക്ഷ്മവും ഗാഢവുമാക്കിയിരിക്കുന്നു ഡിജിറ്റൽ കൊളോണിയലിസം. അറിവധികാരത്തിന്റെ പുതിയ മാതൃകയാണ് (paradigm) ഡിജിറ്റൽ കൊളോണിയലിസം സൃഷ്ടിച്ചിരിക്കുന്നത്. ഈ അറിവാധികാരത്തിലൂടെ ഡിജിറ്റൽ കൊളോണിയലിസം കല്പിതമാക്കിയിരിക്കുന്ന ജീവിതവ്യവസ്ഥയെയാണ് വളരെ വിശ്വാസത്തോടെയും ആദരപൂർവവും വൈജ്ഞാനികസമൂഹമെന്നും വൈജ്ഞാനിക സമ്പദ്വ്യവസ്ഥയെന്നും വിളിച്ചുവരുന്നത്. ഡിജിറ്റൽ നീതി (digital justice) അല്ലെങ്കിൽ ഡാറ്റ നീതി (data justice) എന്നതിനെ അടിസ്ഥാനമാക്കി ഗാഢവിമർശനം അർഹിക്കുന്ന ഒരു സംജ്ഞ കൂടിയാണ് വൈജ്ഞാനികസമൂഹം / വൈജ്ഞാനിക സമ്പദ്വ്യവസ്ഥ എന്നുള്ളത്.
വൻകിട ടെക് കമ്പനികളുടെ വിദേശ സെർവറുകളിൽ ഇന്ത്യയിൽ നിന്നുല്പാദിപ്പിക്കുന്ന ഡാറ്റ സൂക്ഷിച്ചിരിക്കുന്നതിനെയാണ് അംബാനി ഡിജിറ്റൽ കൊളോണിയലിസം എന്ന് വിളിച്ചത്.
യുവാൽ ഹരാരിക്ക് മുമ്പേ ഡിജിറ്റൽ കൊളോണിയലിസത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചത് മുകേഷ് അംബാനിയാണ്. മുകേഷ് അംബാനിയുടെ പ്രശ്‌നം ഡാറ്റ സ്റ്റോറേജുമായി ബന്ധപ്പെട്ടതാണ്. വൻകിട ടെക് കമ്പനികളുടെ വിദേശ സെർവറുകളിൽ ഇന്ത്യയിൽ നിന്നുല്പാദിപ്പിക്കുന്ന ഡാറ്റ സൂക്ഷിച്ചിരിക്കുന്നതിനെയാണ് അംബാനി ഡിജിറ്റൽ കൊളോണിയലിസം എന്ന് വിളിച്ചത്. മറ്റൊരു അവസരത്തിൽ ഡിജിറ്റൽ സാമ്രാജ്യത്വമെന്നും വിളിച്ചു. ദേശീയതയുടെ രാഷ്ട്രീയമുന്നയിച്ച് അംബാനി ഈ പ്രശ്‌നം ഉന്നയിച്ചത്, ഇന്ത്യയിൽ നിന്നുല്പാദിപ്പിക്കപ്പെടുന്ന ഡാറ്റ ഇന്ത്യൻ ടെക് കുത്തകകളുടെ സെർവറുകളിൽ കേന്ദ്രീകരിക്കുകയാണെങ്കിൽ ഇത്രയധികം ഡാറ്റയുടെ കുത്തകാവകാശം ജിയോക്ക് ലഭിക്കും എന്ന മോഹത്തിലാണ്. ഡാറ്റയാണ് പുതിയ ഇന്ധനമെന്ന് അംബാനി അതിനു മുൻപേ പ്രസ്താവിച്ചിരുന്നു.
ഗൂഗ്ൾ, ആമസോൺ, ഫേസ്ബുക്ക് (മെറ്റാ), ആപ്പിൾ തുടങ്ങിയ ആഗോള കുത്തകകൾ പുതിയൊരു ഡാറ്റാ സാമ്രാജ്യത്വം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. അമേരിക്കയിൽ ആസ്ഥാനമുള്ള ഈ വൻകിട ടെക് കോർപ്പറേഷനുകളുടെ ആഗോളസാമ്രാജ്യത്വമാണ് ടെക്‌നോളജിയെ നിയന്ത്രിക്കുന്നത്. നെറ്റ്വർക്കിന്റെ നിയന്ത്രണം ഈ ടെക് കമ്പനികളുടെ കൈയിലാണ്. ടെക് കമ്പനികൾ പരമാധികാര രാഷ്ട്രങ്ങളിലെ ഭരണവർഗ നേതൃത്വവുമായി നടത്തുന്ന നീക്കുപോക്കുകളിലൂടെ അവരുടെ സാങ്കേതിക അപ്രമാദിത്വം ലോകജനതയുടെ മേൽ നിലനിർത്തുന്നു. ഈ ടെക് കമ്പനികൾക്ക് ഏഷ്യ വികസ്വരമായിക്കൊണ്ടിരിക്കുന്ന വിപണിയാണ്. അതിൽ ഏറ്റവും സുപ്രധാന സ്ഥാനത്താണ് ഇന്ത്യ. ഒരുപക്ഷെ, ടെക് കമ്പനികളെല്ലാം കഴിഞ്ഞൊരു ദശകത്തിൽ ഇന്ത്യക്കാരായ ടെക് വിദഗ്ധരെ കമ്പനികളുടെ ഉന്നതസ്ഥാനത്തേയ്ക്ക് നിയോഗിച്ചത് അവരുടെ തൊഴിൽപരമായ മികവിനൊപ്പം ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ വിപണിയിലേയ്ക്ക് ആഴത്തിലും പരപ്പിലുമിറങ്ങുക എന്ന ലക്ഷ്യം വെച്ചുകൂടിയാകാനും സാധ്യതയുണ്ട്.
വിപണികളുടെ സാംസ്‌കാരികവൈവിധ്യത്തെ തന്നെയാണ് പുതിയ കോർപ്പറേറ്റുകൾ ചൂഷണോപാധിയാക്കി മാറ്റുന്നത്. നവഉദാരവൽകരണത്തിന്റെ ആദ്യകാല പ്രവണതയായ അമേരിക്കവൽകരണത്തെക്കാൾ ദീർഘകാല ഈടുള്ളതും കൂടുതൽ ലാഭകരവുമാണ് വൈവിധ്യത്തെ തന്നെ വിപണിയുടെ സാധ്യതകൾക്കായി ഉപയോഗപ്പെടുത്തുക എന്ന രീതി. ഡിജിറ്റൽ സാമ്രാജ്യത്വത്തിന്റെ കാഴ്ചയിൽ ആഗോളമായ സ്വാധീനം സുസ്ഥിരമാക്കുക എന്നതാണ് പ്രധാനം. ടെക് കമ്പനികളുടെ ഉത്പന്നങ്ങളുടെ ഉപഭോഗം പരമാവധി വർധിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ഒപ്പം, ഉപഭോഗത്തിലൂടെ വിനിമയം ചെയ്യപ്പെടുന്ന ഡാറ്റയിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളിലൂടെ കൂടുതൽ വിപണി സ്വാധീനത വർധിപ്പിക്കുക എന്ന പദ്ധതിയും വൻകിട ടെക് കമ്പനികൾക്കുണ്ട്.
ആധുനിക മുതലാളിത്തത്തിന് അടിത്തറ പാകിയത് കൊളോണിയലിസവും അറ്റ്‌ലാന്ററിക്ക് അടിമത്തവുമാണ്. ഇന്നതിന്റെ ആവശ്യമില്ല. രാജ്യത്തെ കീഴടക്കാൻ സൈനികരെ അയക്കേണ്ട കാര്യമില്ല. ഡാറ്റ കവർന്നാൽ മാത്രം മതിയാകും.
ഡാറ്റാ കേന്ദ്രീകരണത്തിന്റെ പ്രശ്‌നം മാത്രമല്ല ഇന്ത്യലെയും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും മധ്യേഷ്യയിലെയും രാജ്യങ്ങൾ അഭിമുഖീകരിക്കുന്നത്. ഡാറ്റാ കേന്ദ്രീകരണത്തിനൊപ്പം ഡാറ്റ തന്നെ ചൂഷണോപാധിയായി മാറുന്നു. യുവാൽ ഹരാരിയും ഇതിനെ ഡിജിറ്റൽ കൊളോണിയലിസം എന്നാണ് വിശേഷിപ്പിക്കുന്നത്. യുവാൽ ഹരാരിയുടെ വിശദീകരണത്തിൽ, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയെ കോളനീകരിച്ചത് കപ്പലുകളും സൈന്യവുമയച്ച് നിരവധി നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തിയശേഷം ഇവിടെ നിന്ന് അസംസ്‌കൃതവസ്തുക്കൾ വിദേശത്തേയ്ക്ക് കയറ്റിക്കൊണ്ടുപോയിട്ടാണ്. ഈ അസംസ്‌കൃതവസ്തുക്കളുപയോഗിച്ചു നിർമിച്ച വസ്തുക്കൾ തിരികെ കോളനികളിൽ വിപണനം ചെയ്താണ് വൻലാഭം കൊയ്തത്. കൊളോണിയൽ രാജ്യങ്ങൾ അമിത മിച്ചം ഉല്പാദിപ്പിച്ചത് അധിനിവേശ രാജ്യങ്ങളിൽ നിന്ന് കവർന്നെടുത്ത വിഭവങ്ങൾ ഉപയോഗിച്ചാണ്.
ആധുനിക മുതലാളിത്തത്തിന് അടിത്തറ പാകിയത് കൊളോണിയലിസവും അറ്റ്‌ലാന്ററിക്ക് അടിമത്തവുമാണ്. ഇന്നതിന്റെ ആവശ്യമില്ല. രാജ്യത്തെ കീഴടക്കാൻ സൈനികരെ അയക്കേണ്ട കാര്യമില്ല. ഡാറ്റ കവർന്നാൽ മാത്രം മതിയാകും. പത്തിരുപതു വർഷത്തിനപ്പുറം ചൈനയ്ക്കോ അമേരിക്കയ്ക്കോ ഓരോ രാജ്യങ്ങളിലെയും രാഷ്ട്രീയക്കാരുടെയും ന്യായാധിപരുടെയും മാധ്യമപ്രവർത്തകരുടെയും സൈനിക ഉദ്യോഗസ്ഥരുടെയും വ്യക്തിഗത ഡാറ്റ ശേഖരിച്ചുവെയ്ക്കാൻ സാധിക്കും, അതോടെ രാജ്യത്തിന്റെ പരമാധികാരം നഷ്ടപ്പെടും, കേവലം ഡാറ്റ കോളോണിയായി മാറുകയും ചെയ്യും എന്നാണ് ഹരാരി പ്രവചിച്ചത്.
പെഗാസസിനെക്കാളും സൂക്ഷ്മമായ സൈനിക ചാര സോഫ്റ്റ്വെയറുകൾ ആഗോള സാമ്രാജ്യത്വ ഏജൻസികൾ ഇപ്പോൾ തന്നെ വികസിപ്പിക്കുക മാത്രമല്ല ടെസ്റ്റ് ചെയ്തിട്ടുമുണ്ടാകാം. അതുകൊണ്ട്, പത്തോ ഇരുപതോ വർഷത്തിനുശേഷം സംഭവിക്കുന്ന കാര്യമായി ഇതിനെ കാണേണ്ടതില്ല. പത്തോ ഇരുപതോ വർഷം മുമ്പ് തുടങ്ങിയ ഒരു പ്രക്രിയ പൂർത്തിയായിക്കഴിഞ്ഞിരിക്കുന്നു എന്നുവേണമെങ്കിൽ അനുമാനിക്കാം. മനുഷ്യവംശം തന്നെ ടെക് കമ്പനികളുടെ ഡാറ്റാ കോളനിയായി പരിവർത്തനപ്പെട്ടുകഴിഞ്ഞിരിക്കുന്നു. കൊളോണിയൽ ഭരണക്രമത്തിന്റെ മറ്റുചില സവിശേഷതകൾ കൂടി ഉൾക്കൊണ്ടതാണ് ഡാറ്റ കൊളോണിയലിസം.
അധിനിവേശ ജീവിതവ്യവസ്ഥയെ സംബന്ധിച്ച സാംസ്‌കാരികവും സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ അത്രയധികം വിവരങ്ങളുടെ സമ്പത്താണ് കൊളോണിയൽ ഭരണം ഉല്പാദിപ്പിച്ചത്. കൊളോണിയലിസത്തിന്റെ ജ്ഞാനനിർമിതിയുടെ രീതികളെക്കുറിച്ച് ബെർണാഡ് കോഹെൻ ‘കോളോണിയിലിസവും അതിന്റെ ജ്ഞാനരൂപങ്ങളും' എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്. ബെർണാഡ് കോഹെൻ ഇപ്രകാരമാണ് പറയുന്നത്: ‘ദേശരാഷ്ട്രത്തിന്റെ സംസ്ഥാപനവും നടത്തിപ്പും ഭൂതകാലത്തിന്റെ കോഡിഫിക്കേഷൻ, പ്രതിനിധാനം, നിയന്ത്രണം എന്നിവയെ ആശ്രയിച്ചാണ് നിന്നിരുന്നത്. വളരെയധികം വിവരങ്ങളുടെ ശേഖരണവും അതിന്റെ സ്വാഭാവികവല്ക്കരണവും അതിനെ അടിസ്ഥാനമാക്കിയുള്ള ഭരണനി ർവഹണശേഷിയുമാണ് ഡോക്യുമെന്റേഷൻ സാധ്യമാക്കുന്നത്. അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകൾ, അതിന്റെ സമാഹരണം, സ്റ്റോറേജ് തുടങ്ങി ധനസ്ഥിതി, വ്യാപാരം, ആരോഗ്യം, ജനസംഖ്യ, കുറ്റകൃത്യങ്ങൾ, വിദ്യാഭ്യാസം, ഗതാഗതം, കൃഷി, വ്യവസായം എന്നിവയെക്കുറിച്ച് ഉല്പാദിപ്പിക്കപ്പെട്ട ഡാറ്റയാണ് ശേഖരിക്കപ്പെട്ടത്. അർഥനിർധാരണവും വ്യാഖ്യാനവും ആവശ്യമായി വരുന്ന നിഗൂഢാർഥങ്ങളുള്ള സംസ്‌കൃത ടെസ്റ്റുകൾ ഉൾപ്പെടെയുള്ളവയും ഇതിന്റെ ഭാഗമായി ശേഖരിച്ചു.'
പരമാവധി വിവരങ്ങൾ ശേഖരിക്കുകയും വ്യാഖ്യാനിക്കുകയം ചെയ്യുക എന്നത് കൊളോണിയൽ ഭരണനിർവഹണത്തിന് അത്യന്താപേക്ഷിതമായി. കൊളോണിയൽ വിവരശേഖരണം ആദ്യത്തെ സർവൈലൻസ് പദ്ധതിയായി മനസ്സിലാക്കാം. അധിനിവേശ സമൂഹത്തെ സൂക്ഷ്മനീരിക്ഷണങ്ങൾക്ക് വിധേയമാക്കുകയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ അനുഭവൈക ശാസ്ത്രത്തിന്റെ സങ്കേതങ്ങളാണ് വിവരശേഖരണത്തിനും ക്രോഡീകരണത്തിനും നിർധാരണത്തിനും വ്യഖ്യാനത്തിനും ഉപയോഗിച്ചത്. കൊളോണിയൽ യന്ത്രത്തിന്റെ ആദിമ അൽഗോരിതമിക് രൂപങ്ങളായ സ്റ്റാറ്റിസ്റ്റിക്കലും ദൈവശാസ്ത്രപരവും ഭാഷാശാസ്ത്രപരവും വംശീയവുമായ വ്യാഖ്യാനരീതികളാണ് ശേഖരിക്കപ്പെട്ട വിവരങ്ങളെ വിശകലനം ചെയ്യാൻ ഉപയോഗിച്ചത്.
ഇന്ന് ഉല്പാദിപ്പിക്കുന്ന കൂടുതൽ സൂക്ഷ്മവും സമഗ്രവുമായ ഡാറ്റ വൻകിട ടെക് കമ്പനികളുടെ പുതിയ ചൂഷണരീതികൾക്ക് അനുഗുണമാകുന്നു.
അധിനിവേശ ജ്ഞാനശാസ്ത്രത്തിന്റെ പ്രോട്ടോകോളാണ് ഈ വിശകലന- വ്യാഖ്യാന വിദ്യകൾ പിന്തുടർന്നിരുന്നത്. ദൈവം സൃഷ്ടിച്ച ഈ പ്രകൃതിലോകത്തെ ഇന്ദ്രിയങ്ങളിലൂടെ മനസിലാക്കുക എന്നതാണ് പ്രധാനമായും കൊളോണിയൽ ജ്ഞാനശാസ്ത്രജ്ഞർ പിന്തുടർന്ന രീതി എന്ന് ബെർണാഡ് കോഹെൻ പറയുന്നുണ്ട്. അതിന്റെ ഭാഗമായി അനുയോജ്യമായ ‘വസ്തുതകളെ' കണ്ടെത്തുകയായിരുന്നു. പക്ഷെ ബെർണാഡ് കോഹെൻ ചൂണ്ടിക്കാട്ടുന്നതുപോലെ ഇന്ത്യയിൽ നിന്ന് ശേഖരിച്ച പല വിവരങ്ങളും പാശ്ചാത്യ ജ്ഞാനശാസ്ത്രത്തിന്റെ പ്രോട്ടോകോളുമായി ചേർന്നുപോകുന്നവയായിരുന്നില്ല. അതിനാൽ വ്യഖ്യാതാക്കളും ഇടനില സംഭാഷകരും ആവശ്യമായി വന്നു. ഡാറ്റ ശേഖരിക്കുകയും കേന്ദ്രീകരിക്കുകയും ചെയ്യുന്നതോടൊപ്പം ഈ വിവരങ്ങളെ വ്യഖ്യാനിക്കാനുള്ള ഒരു സിവിൽ ഉദ്യോഗസ്ഥ സേനയെയും കൊളോണിയലിസം സ്ഥാപിച്ചു. വ്യഖ്യാനത്തിന്റെ ഉദ്ദേശ്യം തന്നെ കൊളോണിയൽ ജ്ഞാനയന്ത്രത്തിന് തിരിച്ചറിയാൻ പറ്റുന്ന വിധത്തിൽ ഈ വിവരങ്ങൾക്ക് പുനരർഥം നൽകുക എന്നതാണ്.
കൊളോണിയൽ ഡാറ്റാ ശേഖരണത്തിനും വിശകലനത്തിനും മറ്റൊരു സവിശേഷത കൂടിയുണ്ട്. അപര ജനതയെക്കുറിച്ചറിയാനുള്ള ജിജ്ഞാസ ഇതിൽ അന്തർഭവിച്ചിട്ടുണ്ട് പാശ്ചാത്യ ജ്ഞാനോദയത്തിന്റെ ജ്ഞാനതൃഷ്ണ അധിനിവേശകരുടെ അന്വേഷണങ്ങളിൽ നിറഞ്ഞുനിൽക്കുന്നു. ബെർണാഡ് കോഹെൻ വിശദീകരിക്കുന്നതുപോലെ, ഈ വിവരശേഖരണപ്രക്രിയയ്ക്ക് പ്രത്യേക രീതികളുണ്ടായിരുന്നു (modality). നീരിക്ഷണ- സഞ്ചാരം, ചരിത്രശാസ്ത്രം, സർവേ, എന്യുമറേഷൻ, മ്യൂസിയം ശാസ്ത്രം, സർവൈലൻസ്, അന്വേഷണാത്മകത എന്നിങ്ങനെ സവിശേഷപരീശീലനം ആവശ്യപ്പെടുന്ന രീതികളിലൂടെയാണ് വിവരങ്ങൾ സ്വരൂപിക്കപ്പെട്ടത്. കൊളോണിയൽ ഭരണകർത്താക്കളുടെ ജിജ്ഞാസ, യൂറോപ്പിൽ നിന്നുള്ള പണ്ഡിതരുടെ ജ്ഞാനതൃഷ്ണ, സ്വരൂപിക്കപ്പെട്ട അറിവിനെ സംസ്‌കരിച്ച് അധിനിവേശ സമൂഹങ്ങളെ നിയന്ത്രണവിധേയമാക്കാനുള്ള ഉപാധികൾ കണ്ടെത്താനുള്ള കൊളോണിൽ ഭരണയന്ത്രത്തിന്റെ ആവശ്യങ്ങൾ - ഇങ്ങനെ പല ഘടകങ്ങളും വിവരശേഖരണ പ്രക്രിയയുടെ ഭാഗമാകുന്നുണ്ട്. സ്വരൂപിക്കപ്പെട്ട വിവരങ്ങൾ ചിലതൊക്കെ ക്ലാസിഫൈഡ് ഡാറ്റകളായിരുന്നുവെങ്കിലും വിവരങ്ങൾ പൊതുസമക്ഷം അവതരിപ്പിക്കാനുള്ള താല്പര്യവും പ്രകടിപ്പിക്കപ്പെട്ടിട്ടുണ്ട്. ഭരണനിർവഹണത്തിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുന്നതോടൊപ്പം ഈ വിവരങ്ങൾ തന്നെ വിശകലനത്തിനും വ്യഖ്യാനത്തിനും വിധേയമാക്കി പുതിയൊരു ജ്ഞാനവ്യവസ്ഥയാണ് കോളനികളിൽ സൃഷ്ടിച്ചത്. ചരക്കുവൽകരിക്കപ്പെട്ട വിവരങ്ങൾ കൈമാറ്റം ചെയ്തിരുന്നുവെങ്കിലും വിപുലമായ തോതിൽ വില്പനവസ്തുവാക്കാനുള്ള ധാരണകൾ അന്നുണ്ടായിരുന്നില്ല.
ഡാറ്റവെയ്ലൻസിന്റെ പ്രയോഗം ജീവിതവ്യവസ്ഥയുടെ കൂടുതൽ മണ്ഡലങ്ങളിലേയ്ക്കു വ്യാപിച്ചിരിക്കുന്നു. നവ അധിനിവേശ വ്യവസ്ഥയുടെ നിലനിൽപ്പിന് ആധാരമാകുന്ന തരത്തിൽ ഡാറ്റ സംഭരണമാണ് നടന്നുകൊണ്ടിരിക്കുന്നത്.
അച്ചടി സാങ്കേതികവിദ്യയുടെ പ്രഭാവമാണ് കൊളോണിയൽ വിവരവിനിമയത്തെ നിർണയിച്ചത്. അച്ചടിയുടെ വിനിമയഭാഷ സംവേദനത്തിന്റേതാണ്. ഡാറ്റ സ്വരൂപമായി മാറിയിരുന്നില്ല. പക്ഷെ അന്നത്തെ അച്ചടിയിൽ സ്വരൂപിക്കപ്പെട്ട വിവരങ്ങൾ കംപ്യൂട്ടേഷന്റെ കാഴ്ചപ്പാടിൽ ഡാറ്റയാണ്. ഈ വിവരങ്ങളെയെല്ലാം ഡാറ്റയായി പരിവർത്തനം ചെയ്യാം. ഉദാഹരണത്തിന്, അന്നത്തെ അച്ചടി പത്രങ്ങളെ മുഴുവൻ ഡിജിറ്റൈസ് ചെയ്തുകൊണ്ട് വിദൂരവായനയിലൂടെ (distant reading) പല വിശേഷങ്ങളും നിർധാരണം ചെയ്‌തെടുക്കാം. ഡിജിറ്റൽ ഹ്യൂമാനിറ്റീസും ഡിജിറ്റൽ സാമൂഹ്യശാസ്ത്രവും മുന്നോട്ടുവെക്കുന്ന പദ്ധതിയാണത്. ഇന്നത്തെ സന്ദർഭത്തിൽ ഡാറ്റ തന്നെയാണ് ചരക്കുവൽകരിക്കപ്പെട്ടിരിക്കുന്നത്.
രണ്ട്: ഡാറ്റ അസമത്വം എന്ന പ്രശ്‌നം
പുതിയ ഡാറ്റ കൊളോണിയലിസം അതിന്റെ സമഗ്രാധിപത്യം സ്ഥാപിച്ചിരിക്കുന്നത് നമ്മുടെയൊക്കെ ശരീരത്തിലും ബുദ്ധിയിലുമാണ്. നമ്മുടെ ശരീരങ്ങൾ തന്നെയാണ് ഡാറ്റ ഉല്പാദനത്തിന്റെ ഉറവിടം. സമകാലിക ജീവിതവ്യവസ്ഥകൾ ഡാറ്റവൽക്കരിക്കപ്പെട്ടിരിക്കുന്നു. ഏതുതരം ഡിജിറ്റൽ ഉപാധികളിലൂടെയുമുള്ള നമ്മുടെ ഇടപെടലുകൾ ഡാറ്റയെ ഉല്പാദിപ്പിക്കുന്നു. ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ ഭാഗമായി ഇന്റർനെറ്റ് ശ്രംഖലയിലേയ്ക്ക് ബന്ധിപ്പിക്കപ്പെട്ടിരിക്കുന്ന വീട്ടിലെ റഫ്രിജറേറ്റർ ഉപഭോഗരീതികളെക്കുറിച്ചുള്ള സവിശേഷമായ ഡാറ്റ ഉല്പാദിപ്പിക്കുന്നു. കൊളോണിയലിസം അധിനിവേശജനതയിൽ നിന്ന് സ്വരൂപിച്ച വിവരങ്ങൾ കൊളോണിയൽ ഭരണനിർവഹണത്തിനുള്ള ജ്ഞാനപിൻബലമായതുപോലെ, ഇന്ന് ഉല്പാദിപ്പിക്കുന്ന കൂടുതൽ സൂക്ഷ്മവും സമഗ്രവുമായ ഡാറ്റ വൻകിട ടെക് കമ്പനികളുടെ പുതിയ ചൂഷണരീതികൾക്ക് അനുഗുണമാകുന്നു.
കൊളോണിയൽ ജ്ഞാനശാസ്ത്രത്തിന് ആധാരമായ വസ്തുവൽക്കരണത്തിൽ (objectification) നിന്ന് വ്യത്യസ്തമായി ഡാറ്റാഫികേഷന്റെ (datafication) പ്രക്രിയാണ് നടന്നുകൊണ്ടിരിക്കുന്നത്. വസ്തുവൽക്കരണ പ്രക്രിയയിൽ മൂന്നാമതൊരു വ്യക്തിയുടെ (Third person) നോട്ടവും വിവരണവും അനിവാര്യമാകുന്നു. എന്നാൽ ഡാറ്റാഫികേഷൻ പ്രക്രിയയിൽ വിവരങ്ങൾ ഉല്പാദിപ്പിക്കുന്നത് അവരവർ തന്നെയാണ്. സ്വശരീരമാണ് വസ്തുവൽകരണതിന് നിദാനമാകുന്നത്. സാമൂഹ്യ രാഷ്ട്രീയ മണ്ഡലവുമായി നമ്മൾ നിരന്തരം സമ്പർക്കപ്പെടുന്നത് ഡിജിറ്റൽ മാധ്യമങ്ങളിലൂടെയാണ്. ഉദാഹരണത്തിന് സമകാലികസമൂഹത്തിൽ രാഷ്ട്രീയസംവാദം നടക്കുന്നത് പ്രധാനമായും സാമൂഹ്യമാധ്യമം വഴിയാണ്.
ഒരു വ്യക്തി മൊത്തം ഉല്പാദിപ്പിക്കുന്ന ഡാറ്റയും ഒരു സമൂഹം ഉല്പാദിപ്പിക്കുന്ന ഡാറ്റയും വിശകലനത്തിന് വിധേയമാക്കുക വഴി സമ്പദ്വ്യവസ്ഥയെക്കുറിച്ചും, വിപണിയുടെ വിതരണ-ആവശ്യകതയെക്കുറിച്ചുമുള്ള സൂക്ഷ്മവും സമഗ്രവുമായ ജ്ഞാനമാണ് ഉല്പാദിപ്പിക്കാനാകുന്നത്.
‘കേംബ്രിഡ്ജ് അനൽറ്റിക' എന്ന ഡിജിറ്റൽ മാനിപുലേഷൻ ടെക് കമ്പനി സാമൂഹ്യമാധ്യമ വിനിമയങ്ങളിൽ നിന്നാണ് ഡാറ്റ ശേഖരിച്ചത്. ശേഖരിക്കപ്പെട്ട ഡാറ്റയുടെ വിശകലനത്തിലൂടെയാണ് സാമൂഹ്യമാധ്യമങ്ങൾ വഴി വ്യക്തികളെ ലക്ഷ്യം വെച്ച് സന്ദേശങ്ങളയച്ചത്. സാമൂഹ്യമാധ്യമ സംവാദങ്ങളെ അൽഗോരിതം വഴി അവർക്ക് നിയന്ത്രിക്കാനും മാനിപുലേറ്റ് ചെയ്യാനും സാധിച്ചു. ‘കേംബ്രിഡ്ജ് അനൽറ്റിക'യുടെ പ്രവർത്തനം ഇന്ന് നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും അപ്രഖ്യാപിത കമ്പനികൾ സാമൂഹ്യ മാധ്യമ വിനിമയങ്ങൾ നിരീക്ഷിക്കുകയും ഇതിൽ നിന്നുള്ള ഡാറ്റ ഉപയോഗപ്പെടുത്തി മാനിപുലേഷനും നടതുന്നുണ്ടാകണം.
രാഷ്ട്രീയാവശ്യങ്ങൾക്കല്ലെങ്കിലും വിപണിയുടെ ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇത് നടക്കുന്നത്. സാമൂഹ്യമാധ്യമ വിനിമയം മാത്രമല്ല, വിവിധോദ്ദേശ്യങ്ങൾക്കായി നിർമിച്ചിട്ടുള്ള പ്ലാറ്റ്ഫോം വഴി നടക്കുന്ന ഡിജിറ്റൽ വിനിമയങ്ങളും ഡാറ്റ ഉൽപാദന ഉപകാരണങ്ങളാണ്. ഓരോ ട്രാൻസാക്ഷനും പലതലത്തിലുള്ള ഡാറ്റയാണ് ഉല്പാദിപ്പിക്കുന്നത്. ഒരു വ്യക്തി മൊത്തം ഉല്പാദിപ്പിക്കുന്ന ഡാറ്റയും ഒരു സമൂഹം ഉല്പാദിപ്പിക്കുന്ന ഡാറ്റയും വിശകലനത്തിന് വിധേയമാക്കുക വഴി സമ്പദ്വ്യവസ്ഥയെക്കുറിച്ചും, വിപണിയുടെ വിതരണ-ആവശ്യകതയെക്കുറിച്ചുമുള്ള സൂക്ഷ്മവും സമഗ്രവുമായ ജ്ഞാനമാണ് ഉല്പാദിപ്പിക്കാനാകുന്നത്. വിപുലമായ രീതിയിലുള്ള ഡാറ്റ ശേഖരണത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണ ആദ്യം നൽകിയത് എഡ്വേർഡ് സ്നോഡനാണ്. നമ്മുടെ കാലത്തിലെ വിമതത്വത്തിന്റെ ഏറ്റവും ഉറച്ച ശബ്ദങ്ങളാണ് എഡ്വേർഡ് സ്നോഡനും വിക്കിലീക്‌സിന്റെ ജൂലിയൻ ആസാൻജെയും.
ദേശീയ സുരക്ഷാ ഭരണകൂടത്തിന്റെ ഡാറ്റവേലൻസിനെകുറിച്ചാണ് സ്‌നോഡൻ പ്രധാനമായും വെളിപ്പെടുത്തിയത്, പക്ഷെ ഡാറ്റവെയ്ലൻസിന്റെ പ്രയോഗം ജീവിതവ്യവസ്ഥയുടെ കൂടുതൽ മണ്ഡലങ്ങളിലേയ്ക്കു വ്യാപിച്ചിരിക്കുന്നു. നവ അധിനിവേശ വ്യവസ്ഥയുടെ നിലനിൽപ്പിന് ആധാരമാകുന്ന തരത്തിൽ ഡാറ്റ സംഭരണമാണ് (Accumulation of Data) നടന്നുകൊണ്ടിരിക്കുന്നത്. നമ്മൾ ഉല്പാദിപ്പിക്കുന്ന ഡാറ്റ സംഭരിക്കപ്പെടുകയും അതിനെ വിവിധ ഗണങ്ങളായി വേർതിരിക്കുകയും സംഗ്രഹിക്കുകയും ചെയ്തശേഷം അൽഗോരിതം ഉപയോഗിച്ച്വിപണിക്കാവശ്യമായ ഉപഭോഗ സ്വഭാവം, പ്രതികരണരീതികൾ, താല്പര്യങ്ങൾ എന്നിങ്ങനെ ഗണിച്ചെടുക്കുകയും പരസ്യക്കാർക്ക് അത് വിൽക്കുകയും ചെയ്യുന്നു. ഒപ്പം, ഭരണകൂടത്തിന്റെ സുരക്ഷാ ഇന്റലിജൻസിനും കോർപ്പറേറ്റുകളുടെ മാർക്കറ്റ് ഇന്റലിജൻസിനും ഈ ഡാറ്റ വിപണനം ചെയ്യുന്നു. നവലിബറൽ മുതലാളിത്തത്തിന്റെ പുതിയ മൂലധന സഞ്ചയത്തിൽ ഏറ്റവും പ്രാധാന്യമുള്ള സ്വാഭാവിക വിഭവമായി മാറിയിരിക്കുന്നു ഡാറ്റ. ഡാറ്റയുടെ പ്രാകൃത സഞ്ചയനത്തിനൊപ്പം ഓരോ കോർപറേറ്റ് സ്ഥാപനങ്ങളും ജനതയുടെ തൃഷ്ണകളുടെ (private accumulation of desire) സ്വകാര്യസംഭരണവും നടത്തുന്നു. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞുനോട്ടമാണ് സ്വകാര്യതയുടെ ലംഘനമായി ലിബറൽ ദർശനം കാണുന്നത്. വാസ്തവത്തിൽ ഒളിഞ്ഞുനോട്ടമെന്നത് പ്രാകൃത സർവൈലൻസ് സാങ്കേതികവിദ്യയാണ്- ഈസ്റ്റ് ജർമനിയിലെ സ്റ്റാസി പോലുള്ള രഹസ്യാന്വേഷണ സംഘടനകൾ വളരെ മുമ്പേ പരീക്ഷിച്ചിരുന്നത്. ഒളിഞ്ഞുനോട്ടത്തേക്കാൾ തീവ്രമായ ഒരു പ്രക്രിയയാണ് നവ സംവേദന സാങ്കേതികവിദ്യയിലൂടെ നടക്കുന്നത്. അത് വ്യക്തികളുടെ സ്വകാര്യ അഭിലാഷങ്ങളെ തന്നെ നിയന്ത്രിക്കാൻ പറ്റുന്നവിധത്തിലുള്ള സൂക്ഷ്മനിരീക്ഷണ പദ്ധതിയായാണ് ഇന്ന് പ്രവർത്തിക്കുന്നത്.
സൗജന്യ സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോം കൂടുതൽ ജനസഞ്ചയത്തെ അതിലേക്ക് ആകർഷിക്കാൻ താൽപര്യപ്പെടുന്നത് കൂടുതൽ ഡാറ്റ ലഭ്യമാകുമെന്ന പ്രതീക്ഷയോടെയാണ്.
ഓരോ വ്യക്തിയുടെയും ഇന്റർനെറ്റ് ശൃംഖല വഴിയുള്ള വിനിമയങ്ങളുടെ ഡിജിറ്റൽ അടയാളങ്ങളെ അൽഗോരിതം വഴി ട്രാക്ക് ചെയ്യുന്ന രീതിയാണ് ഇന്റർനെറ്റ് സേവനദാതാക്കൾ അവലംബിക്കുന്നത്. ഇന്റർനെറ്റ് സേവനദാതാവ് ഓരോ ഉപയോക്താവും അവശേഷിപ്പിക്കുന്ന ഡിജിറ്റൽ അടയാളങ്ങൾ പിന്തുടരുന്നു. ഇന്റർനെറ്റ് സേവനദാതാവ് സ്വദേശിയാണോ വിദേശിയാണോ എന്നതിന് ഇവിടെ യാതൊരു പ്രാധാന്യവുമില്ല. ഇന്റർനെറ്റ് സേവനദാതാവ് അതിബൃഹത്തായ നവമൂലധന ശൃംഖലയുടെ അഭിവാജ്യ ഭാഗമാണ്. ഇന്റർനെറ്റ് സേവനദാതാക്കൾ കണ്ണിചേർന്നുനിൽക്കുന്നത് രാഷ്ട്രീയ പാർട്ടികൾ, ഇന്റർനെറ്റ് സേവനദാതാവിന്റെ തന്നെ ഇതര വ്യവസായ വാണിജ്യ സ്ഥാപനങ്ങൾ, ബാങ്കിങ്- ധനകാര്യ സ്ഥാപനങ്ങൾ, ക്രെഡിറ്റ് റേറ്റിങ് ഏജൻസികൾ എന്നിവയുമായാണ്. ജിയോ എന്ന ഇന്റർനെറ്റ് ദാതാവിന് അതിന്റെ ഉപഭോക്താക്കളിലൂടെ ലഭ്യമാകുന്ന ഡാറ്റ അവരുടെ തന്നെ ബിസിനസ് താല്പര്യങ്ങൾക്ക് ഉപയോഗപ്രദമാണ്. അവർക്ക് രാഷ്ട്രീയ താല്പര്യങ്ങളുണ്ടെങ്കിൽ ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉല്പാദിപ്പിക്കുന്ന വൈവിധ്യമാർന്ന ഡാറ്റാ രാഷ്ട്രീയ എൻജീനിയറിങ്ങിനും ഉപകാരപ്പെടും. മാനുവൽ കാസ്റ്റൽസ്, ‘നെറ്റ്വർക്ക് ശക്തി’ എന്ന് ഒരിക്കൽ വിശേഷിപ്പിച്ചത് ഇന്നത്തെ സന്ദർഭത്തിൽ ‘ഡാറ്റാ ശക്തി’യായി മാറിയിരിക്കുന്നു. ഡാറ്റയാണ് ശ്രംഖലയെ ചലിപ്പിക്കുന്ന ഇന്ധനം.
ഇന്റർനെറ്റ് പ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെ തന്നെ ബിസിനസ് മാതൃക ഡാറ്റയെ അടിസ്ഥാനമാക്കിയാണ്. ഇന്റർനെറ്റ് സേവനത്തിന്ഓരോ വ്യക്തിയും സേവനദാതാക്കളെയാണ് ആശ്രയിക്കുന്നത്. ഇന്റർനെറ്റ് സേവനത്തിന് സബ്‌സ്‌ക്രൈബ് ചെയ്യുന്നു. ഈ വരുമാനത്തിനുപുറമെയാണ് അതിനേക്കാൾ പതിന്മടങ്ങു ലാഭകരമാകുന്ന ഡാറ്റാ സംഭരണവും വിപണി കേന്ദ്രിതമായ അതിന്റെ ഉപയോഗവും ഇന്റർനെറ്റ് സേവനദാതാക്കൾ നടത്തുന്നത്. സൗജന്യ സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോം കൂടുതൽ ജനസഞ്ചയത്തെ അതിലേക്ക് ആകർഷിക്കാൻ താൽപര്യപ്പെടുന്നത് കൂടുതൽ ഡാറ്റ ലഭ്യമാകുമെന്ന പ്രതീക്ഷയോടെയാണ്. ഉപയോക്താവ് അറിയാതെ തന്നെ ഡാറ്റ കവരുന്ന സ്ഥിതിയിൽ സേവനങ്ങൾ സൗജന്യമാക്കാൻ ആവശ്യപ്പെടേണ്ടതാണ്. വരാൻ പോകുന്ന സബ്സ്‌ക്രിപ്ഷൻ മാതൃക അത്തരത്തിലൊന്നാകാൻ സാധ്യതയുണ്ട്. ഉദാഹരണത്തിന് യൂട്യൂബ് പരസ്യസഹിതമുള്ളതും പരസ്യമില്ലാതെയുമുള്ള തിരഞ്ഞെടുക്കലിന് അവസരം നൽകുന്നു. വ്യക്തികളുടെ സ്വകാര്യ ഡാറ്റകൾ കൈമാറ്റം ചെയ്യപ്പെടുന്ന ഓപ്ഷനും ഡാറ്റ സുരക്ഷിതമായിരിക്കുന്ന ഓപഷനുമാണ് വരാൻ പോകുന്ന ഒരു സബ്സ്‌ക്രിപ്ഷൻ മാതൃക.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഭാഗമല്ലാതാകുക വഴി പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങൾ സർവൈലൻസ് വ്യവസ്ഥയുടെ പുറത്താണ് നിലകൊള്ളുന്നത് എന്നു കരുതുന്നത് തെറ്റായിരിക്കും.
ഡാറ്റ അസമത്വം എന്ന പ്രശ്‌നം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഹാർഡ്വെയർ മുതൽ ഇന്റർനെറ്റ് സേവനത്തിന്റെ ലഭ്യതാനിഷേധം വരെയുള്ളവ അസമത്വത്തെ പെരുപ്പിക്കുകയാണ്. അനൗപചാരിക സമ്പദ്വ്യവസ്ഥയെകൂടി ഉൾക്കൊള്ളുന്ന വിധമുള്ള മുതലാളിത്ത വികസനരീതിയുടെ അഭികാമ്യതയെക്കുറിച്ച് ഏറെ ചർച്ചകളുണ്ടായിട്ടുണ്ടെങ്കിലും ആത്യന്തികമായി വലിയ തോതിലുള്ള ഡിജിറ്റൽ പുറന്തള്ളലാണ് സംഭവിച്ചത്, പ്രത്യേകിച്ചും നോട്ടു നിരോധനത്തിനുശേഷം. വ്യക്തികളുടെ ധനശേഷി തന്നെയാണ് വിപണി സമ്പദ്വ്യവസ്ഥയ്ക്ക് പ്രധാനം. വിപണിയുടെ മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള ചെലവിനു ശേഷിയില്ലാത്ത ജനതയെ ഡിജിറ്റൽ മുതലാളിത്തവും പുറന്തള്ളുന്നുണ്ട്. ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഭാഗമല്ലാതാകുക വഴി ഈ പുറന്തള്ളപ്പെട്ട ജനവിഭാഗങ്ങൾ സർവൈലൻസ് വ്യവസ്ഥയുടെ പുറത്താണ് നിലകൊള്ളുന്നത് എന്നു കരുതുന്നത് തെറ്റായിരിക്കും. യഥാർത്ഥത്തിൽ അവർ പുതിയ സാമ്പത്തികക്രമത്തെ ബഹിഷ്‌കരിച്ചവരാണ്. അതുകൊണ്ടുതന്നെ കൂടുതൽ സംശയാസ്പദ വ്യക്തിത്വങ്ങളുമാണ്. എല്ലാ സേവനവും അവർക്ക് ലഭ്യമല്ലാതായി തീരുമ്പോഴും സർക്കാർ സേവനങ്ങളുടെ ഗുണഭോക്താക്കൾ എന്ന നിലയ്ക്ക് അവർ സുരക്ഷാസംവിധാനത്തിന്റെ നോട്ടത്തിനു വിധേയമാണ്. ഒരുഭാഗത്ത്ഡിജിറ്റലാടിസ്ഥാനമാക്കിയുള്ള വിപണി സമ്പദ്വ്യവസ്ഥ ബഹിഷ്‌ക്കരിച്ചവരായതിനാൽ അവർക്ക് സാമൂഹികമായ ഉന്നമനം നിഷേധിക്കപ്പെട്ടിരിക്കുന്നു. അതേസമയം, സർക്കാർ സേവനങ്ങളുടെ പ്രയോജനം ലഭിക്കുന്നുവെന്ന കാരണത്താൽ സുരക്ഷാഭരണകൂടം സംശയാസ്പദ വ്യക്തിത്വങ്ങൾ എന്ന നിലയിൽ ഇവരെ സ്ഥിരമായി നീരിക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഡിജിറ്റൽ പൗരത്വം എന്നത്തിലേക്ക് രാഷ്ട്രീയ സംവിധാനങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയ ഒഴിച്ച് പ്രധാനപ്പെട്ട സേവനങ്ങളെല്ലാം ഡിജിറ്റൽവല്കരിച്ചിരിക്കുന്നു. ആഗോള മുതലാളിത്ത മാതൃകകൾക്ക് ഉതുകം വിധം നിർമിക്കുന്ന വൈജ്ഞാനിക സമൂഹവും വൈജ്ഞാനിക സമ്പദ്വ്യവസ്ഥയും ഡിജിറ്റൽ ബഹിഷ്‌കൃതരുടെ പ്രശ്നം ഏതുവിധമാണ് അഭിസംബോധന ചെയ്യാൻ പോകുന്നതെന്ന് ഗൗരവമർഹിക്കുന്ന പ്രശ്‌നമാണ്. ‘ഡാറ്റ മസ്റ്റ് ഫാൾ' എന്ന പേരിൽ, ഡാറ്റയുടെ നിരക്ക് കുറയ്ക്കാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള സൗത്ത് ആഫ്രിക്കൻ കാമ്പയിൻ വലിയ വിജയമായിരുന്നു. ഇന്റർനെറ്റ് മൗലികാവകാശമായി കേരളം പ്രഖ്യാപിച്ചിട്ടുണ്ട്. അത് വളരെ പ്രധാന ചുവടുവെപ്പായിരുന്നു. എങ്കിലും കാര്യക്ഷമമായ രീതിയിൽ ഡിജിറ്റൽ ഉൾക്കൊള്ളൽ (inclusivity) എങ്ങനെ പ്രയോഗികമായി നടപ്പാക്കാമെന്നതാണ് ഏറ്റവും അടിയന്തര ശ്രദ്ധയർഹിക്കുന്ന വിഷയം. ഡിജിറ്റൽ സാങ്കേതികവിദ്യകളിലൂടെയുള്ള പ്രവർത്തനങ്ങൾ അവസാനിപ്പിച്ച് പഴയ രീതികളിലേക്ക് മടങ്ങുക എന്നതല്ല ഇതിന് പ്രതിവിധി. അത്തരം നിർദ്ദേങ്ങളുടെ വരേണ്യ ഉള്ളടക്കം തിരിച്ചറിഞ്ഞും അതിനെ അർഹിക്കുന്ന വിധം തള്ളിക്കളഞ്ഞും ഡിജിറ്റൽ ഇൻക്ലൂസിവിറ്റി സാക്ഷാത്കരിക്കുയാണ് വേണ്ടത്. വ്യക്തികളുടെ വാങ്ങൽ ശേഷിയുമായി ബന്ധപ്പെട്ടാണ് ഡാറ്റ ശേഖരണവും വിശകലനവും കേന്ദ്രീകരണവും ഡിജിറ്റൽ മുതലാളിത്തത്തിന് പ്രധാനമായി വരുന്നത്. അതേസമയം, പുതിയ ഡിജിറ്റൽ കാർട്ടോഗ്രഫിയനുസരിച്ചുള്ള ഡാറ്റാ ഉപഭോഗം കുറവുള്ള ഡിജിറ്റൽ ചേരിപ്രദേശങ്ങൾ (digital slums) സുരക്ഷാഭരണകൂടത്തിന്റെ പ്രത്യേക നീരിക്ഷണങ്ങൾക്ക് വിധേയവുമാണ്.
മൂന്ന്: കുത്തകകളായി മാറുന്ന വൻകിട ടെക് കമ്പനികൾ
നിക്ക് കൗൾഡ്രിയും യൂലിസെസ് എമെജിയസും ചേർന്നെഴുതിയ ‘Cost of Connection, How Data is Colonizing Life and Appropriating it for Capitalism' എന്ന പഠനഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: ‘‘ഇന്നത്തെ കണക്ഷനുകൾക്ക് നിദാനമാകുന്ന സാങ്കേതിക അടിസ്ഥാന സൗകര്യങ്ങൾ പഴയകാലങ്ങളിൽ നിന്ന്തീർത്തും വ്യത്യസ്തമാണ്. മുഴുവൻ കോർപറേറ്റ് ഇൻട്രാനെറ്റുകളുമായി ഡിജിറ്റൽ പ്ലാറ്റുഫോമുകളായ, ഉദാഹരണത്തിന്, ഫേസ്ബുക്കും അലിബാബയും ബന്ധപ്പെട്ടിരിക്കുന്നു. ഡാറ്റ കൈമാറ്റത്തിനായി വ്യക്തികളെയും വസ്തുക്കളെയും പ്രക്രിയകളെയും ഇതുമായി കണ്ണിചേർത്തിരിക്കുന്ന ഇന്റർഫേസമാകുന്നു.
വിഭവങ്ങളെ ഉചിതമായ രീതിയിൽ ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ചരിത്രപരമായ കൊളോണിയലിസത്തെക്കാൾ സൂക്ഷ്മമായി പ്രവർത്തിക്കുന്നു ഡിജിറ്റൽ കൊളോണിയലിസം. ചരിത്രത്തിലെ കൊളോണിയൽ അധികാരം ആക്രമത്തിലൂടെയാണ് ശരീരങ്ങളെയും പ്രദേശങ്ങളെയും സ്വന്തമാക്കിയത്. ഡാറ്റ കൊളോണിയലിസം വ്യതിരിക്തമായ ശക്തികളുടെ കൂടെചേർന്നുകൊണ്ട് അതിനനുസൃതമായ വ്യവസ്ഥകൾക്കു ചേരുന്നവിധം ദൈനദിനം ജീവിതത്തിൽ നിന്നു കവർച്ച നടത്തുന്നത്. ചരിത്രപരമായ കൊളോണിയലിസം മനുഷ്യരുടെമേൽ ഭരണം കേവലമായ രീതിയിൽ നിർവഹിച്ചത്തിന്റെ അപകടസാധ്യത എങ്ങനെയായിരുന്നോ സമാനമായ രീതിയിൽ തന്നെയാണ് പലസംവിധാനങ്ങളെയും ഒരുമിച്ചെടുത്തുകൊണ്ടുള്ള പ്രവർത്തനം ഇപ്പോൾ നടക്കുന്നത്'
ചരിത്രപരമായി നോക്കുകയാണെങ്കിൽ വിപുലമായ ഡാറ്റാ സംഭരണത്തിന്റെ പിറകിലെ വാണിജ്യ യുക്തിക്ക് പതിനെട്ടാം നൂറ്റാണ്ടോളം പഴക്കമുണ്ട്. മനുഷ്യനാണ് അളവുകോൽ എന്ന പ്രബുദ്ധതാ സങ്കല്പത്തെ പിന്തുടർന്നുകൊണ്ടുതന്നെ സാമൂഹ്യജീവിത വിനിമയങ്ങളെയും അളക്കാം എന്ന, പുതുതായി രൂപപ്പെട്ടുവരുന്ന സാമൂഹ്യപാഠങ്ങളുടെ നിശ്ചയങ്ങളെ ഭരണനിർവഹണത്തിന്റെ ഭാഗമാക്കുകയായിരുന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്തോനേഷ്യയിലും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലും അളവു നിർണയങ്ങളെ അധിനിവേശ ജനതയുടെ ജീവിതവ്യവസ്ഥയെ പഠിക്കാനും അതുവഴി ആ സമൂഹങ്ങളെ നിയന്ത്രിക്കാനുമുള്ള ഉപാധിയായി ഉപയോഗിച്ചു. വാണിജ്യ ഇടപെടുകൾ രേഖപ്പെടുത്താനും ചരക്കുനീക്കങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനും അതിനു ബാധകമായ യൂറോപ്യൻ അളവുനിയന്ത്രണ രീതികളെ സർവത്രികമാക്കി. ഇത്തരത്തിൽ രൂപപ്പെട്ട വൈജ്ഞാനിക വ്യവസ്ഥയെകുറിച്ചുള്ള ബെർണാഡ് കോഹെന്റെ വിശദീകരണങ്ങളാണ് ഇതിന്റെ ആദ്യ ഭാഗത്തിൽ സൂചിപ്പിച്ചത്. വ്യക്തിഗത വിവര ശേഖരണം സങ്കീർണമായ ഏർപ്പെടായിരുന്നു, പ്രത്യേകിച്ചും യൂറോപ്യൻ രീതികൾക്ക് അജ്ഞാതമായ ഒരു സാമൂഹ്യ നിയമങ്ങൾ നിലനിന്നിരുന്ന ഒരു പ്രദേശത്ത്.
ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ഇന്റർനെറ്റ് ശ്രംഖല എന്നിങ്ങനെ ഡിജിറ്റൽ ഡാറ്റാ വ്യവസ്ഥയുടെ മൂന്ന് പ്രധാന മേഖലകളെയും നിയന്ത്രിക്കുന്നത് അമേരിക്കൻ കേന്ദ്രിതമായ ടെക് സ്ഥാപനങ്ങളാണ്.
കൊളോണിയൽ ആർക്കൈവ്സ് അധിനിവേശ ജനതയെക്കുറിച്ചുള്ള വിപുലമായ ഡാറ്റാബേസായിരുന്നു. ജനസംഖ്യയെ മനസിലാക്കാനും വേർതിരിക്കാനുമുള്ള അളവുപാധികൾ എന്ന നിലയിലാണ് കോളനികളിൽ സർവേ തുടങ്ങിയവ നടപ്പാക്കിയത്. പിന്നീട് ഈ ജനസംഖ്യാ പഠന രീതികൾ പരിഷ്‌ക്കരിക്കപ്പെട്ടെങ്കിലും അതിന്റെ തുടക്കം, അധിനിവേശ വൈജ്ഞാനികതയിലാണ്. പരിപൂർണമായും ഭരണകൂട നിയന്ത്രണത്തിലുള്ള വിവരശേഖരണം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദം കഴിയുന്നതോടെ വാണിജ്യസ്ഥാപനങ്ങൾ സ്വയമേറ്റെടുത്തു നടത്തുകയായിരുന്നു. പരിമിത രീതിയിലാണ് ആദ്യകാലങ്ങളിൽ വിവരശേഖരണം നടത്തിയിരുന്നത്. സർക്കാർ അനുമതിയില്ലാതെ വിവരശേഖരണം നടത്താൻ പാടില്ല എന്ന നിയമം നിലവിലുണ്ട്. എങ്കിലും പല വിനിമയ മാർഗങ്ങളിലൂടെയും ഉപായങ്ങളിലൂടെയും വാണിജ്യാവശ്യങ്ങൾക്കായി വിവരശേഖരണം നടന്നുവന്നിരുന്നു. പക്ഷെ നേരിട്ടുള്ള വിവരശേഖരണത്തിന് വ്യക്തിയുടെ സമ്മതം അനിവാര്യമാണ്. പക്ഷെ വ്യക്തികളുടെ സമ്മതമില്ലാതെ വാണിജ്യ സ്ഥാപങ്ങങ്ങളും ഫാർമ കമ്പനികളും ഉത്പ്പന്നങ്ങളുടെ വിറ്റുവരവുനോക്കിയും ആശുപത്രി പോലെയുള്ള ഇടങ്ങളിൽ നിന്ന് ലഭ്യമാകുന്ന വിവരങ്ങളും വെച്ച് വിവരശേഖരണത്തിന്റെയും വിശകലനത്തിന്റെയും പ്രക്രിയ നടത്തിവന്നിരുന്നു. പക്ഷെ അതിസങ്കീർണവും ദുഷ്‌കരവുമായിരുന്ന ഈ വിവരശേഖരണത്തിന്റെ പ്രക്രിയ ഏറെക്കുറെ പരസ്യമായ രഹസ്യമായാണ് നടന്നിരുന്നത്. സമ്പൂർണമെന്നു വിളിക്കാവുന്ന വിധമുള്ള നിർധാരണ സാധ്യതയ്ക്കുള്ള വിവരങ്ങൾ ലഭ്യമായിരുന്നുമില്ല. ഡിജിറ്റലിന്റെ വരവോടെയാണ് വിവരശേഖരണത്തിന്റെ രീതി അടിമുടി മാറുന്നത്.
വൻകിട ടെക് കമ്പനികളാണ് കാര്യക്ഷമമായി വിവരശേഖരണം നടത്തുന്നത്. ഡിജിറ്റൽ ഉപാധികളും ശ്രംഖലയും പരിപൂർണമായും ടെക് കമ്പനികളുടെ നിയന്ത്രണത്തിലാണ്. ഡിജിറ്റൽ കൊളോണിയലിസം സാങ്കേതിക പരിസ്ഥിതിയുടെ മേൽ ഘടനാപരമായ ആധിപത്യം നിലനിർത്തുന്നു. ഹാർഡ്വെയർ, സോഫ്റ്റ്വെയർ, ഇന്റർനെറ്റ് ശ്രംഖല എന്നിങ്ങനെ ഡിജിറ്റൽ ഡാറ്റാ വ്യവസ്ഥയുടെ മൂന്ന് പ്രധാന മേഖലകളെയും നിയന്ത്രിക്കുന്നത് അമേരിക്കൻ കേന്ദ്രിതമായ ടെക് സ്ഥാപനങ്ങളാണ്. ഗൂഗ്ൾ, ആമസോൺ, ഫേസ്ബുക്ക്, മൈക്രോസോഫ്റ്റ്, ആപ്പിൾ എന്നീ വൻകിട ടെക് കോർപറേഷനുകളുടെ അപ്രമാദിത്വമാണ് ഡാറ്റ സാങ്കേതികമേഖലയിൽ. ഇതല്ലാതെയുള്ള ഐ. ബി. എം, ഒറാക്കിൾ തുടങ്ങിയ അന്താരാഷ്ട്ര ടെക് കമ്പനികളും സവിശേഷ മേഖലകളിൽ അപ്രമാദിത്വം നിലനിർത്തുന്നു. അമേരിക്കൻ നാഷണൽ സെക്യൂരിറ്റി എജൻസിയുമായുള്ള ടെക് കോർപറേഷനുകളുടെ ബന്ധം എഡ്വേഡ് സ്‌നോഡൻ പുറത്തുകൊണ്ടുവന്നതാണ്. ഡാറ്റാ സ്റ്റോറേജിന്റെ മേഖലയിൽ ആമസോണിന്റെ കുത്തകാവകാശം സർക്കാരുകൾ തന്നെ അംഗീകരിച്ച സ്ഥിതിയാണ്. പരമ്പരാഗത സമ്പദ്ശാസ്ത്ര മാതൃകകളനുസരിച്ച് വൻകിട ടെക് കമ്പനികൾ കുത്തകകളല്ല. കാരണം ഈ കമ്പനികളുടെ പല സേവനങ്ങളും പൂജ്യം തുക മാത്രമാണ് ഈടാക്കുന്നത്. അവർ സേവനത്തിൽ നിന്ന് ലാഭം ഉണ്ടാക്കുന്നില്ല എന്നുപറയാം. ഗൂഗ്ൾ തിരച്ചിൽ യന്ത്രത്തിന്റെ സേവനത്തിന് ഒരു തുകയും ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ല. എന്നാൽ നമ്മളുടെ തിരച്ചിലുകളാണ് ഗൂഗ്ൾ കമ്പനിയുടെ വാല്യൂവേഷന് നിദാനം. കോർപറേഷന് ലാഭകരമല്ലാതെ നിലനില്ക്കാനാകില്ല. സൗജന്യ സേവനവ്യവസ്ഥയിൽ കാതലായ അഴിച്ചുപണികൾ വൻകിട ടെക് കോർപ്പറേഷനുകൾ വരുത്തിക്കൊണ്ടിരിക്കുകയാണ്. ക്ളൗഡ് സംവിധാനം ഉപയോഗിക്കാൻ ആമസോൺ ഏർപ്പെടുത്തിയ ഫീസ് തന്നെ ഉദാഹരണം.
ഗൂഗ്ൾ ഉൾപ്പെടെയുള്ള വൻകിട ടെക് കമ്പനികൾ കുത്തകകളായി മാറുകയാണ്. അവർ ഉപയോക്താക്കളുടെ പക്കൽ നിന്ന് സേവനത്തിന് ചെലവ് ഈടാക്കുന്നതിനുപകരം അതിനേക്കാൾ വില കൂടിയ ഒരു വസ്തുവാണ് അവരിൽ നിന്ന് കവരുന്നത്- ഇതാണ് ഡാറ്റ. ഡാറ്റയും കവരലും അതിന്റെ ചരക്കുവൽക്കരണവുമാണ് സാമ്പത്തിക ലാഭം ഉല്പാദിപ്പിക്കാനായി വൻകിട ടെക്കുകൾ പ്രയോജനപ്പെടുത്തുന്നത്. ഗൂഗ്ൾ തന്നെയെടുത്താൽ അത് നൽകുന്ന സേവനത്തിൽ ഡാറ്റ വിഴുങ്ങുന്ന കാര്യത്തിൽ ഏകകുത്തകയായി (monoposny) മാറിയിരിക്കുകയാണ്.. പ്രസ്തുത സേവനത്തിൽ മറ്റൊരു മത്സരാർത്ഥിയുമില്ലെന്നതാണ്.
മഹാമാരി പോലെ വളരെയധികം സങ്കീർണതകൾ നിലനില്ലുന്ന സന്ദർഭത്തിൽ ഇത്തരത്തിലുള്ള ഡാറ്റ വലിയൊരു പൊതുആവശ്യത്തിന് കൈമാറാൻ സർക്കാരിനെ തന്നെ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാക്കുന്നു ഫാർമ കമ്പനികൾ.
ഡാറ്റയുടെ കോർപ്പറേറ്റ് കോളനീകരണ പ്രക്രിയയ്ക്ക് ആക്കം കൂട്ടുന്ന വിധത്തിലുള്ള ഗൂഗ്ളിന്റെ പുതിയ സേവനങ്ങളും ലഭ്യമാണ് അതിൽ ജി. ഐ. എസ് ഏറെ പ്രാധാന്യമർഹിക്കുന്നു. കോളനീകരണ പ്രക്രിയയുമായുള്ള ഡാറ്റ കവർച്ചയുടെ സാദൃശ്യം പ്രത്യേകം പരിഗണന അർഹിക്കുന്ന വിഷയമാണ്. ബ്രിട്ടീഷ് ഇന്ത്യ ആദ്യം കച്ചവടാവശ്യത്തിനായാണ് വന്നത്. ജഹാംഗീർ ചക്രവർത്തിയ്ക്ക് ഇംഗ്ലീഷ് രാജാവിന്റെ കത്തുമായി വന്ന പ്രതിനിധിക്ക് ജഹാംഗീർ തീരെ പ്രാധാന്യം നൽകിയില്ല എന്നതാണ് ചരിത്ര വസ്തുത. കച്ചവടത്തിനും അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിക്കും ഇന്ത്യയിലേക്കുവന്ന ഈസ്റ്റ് കമ്പനി ഉദ്യോഗസ്ഥർ പതുക്കെ അവരുടെ മറ്റൊരു ആസ്ഥാനം ഇവിടെ സ്ഥാപിക്കുകയായിരുന്നു. കച്ചവട കുത്തകക്കുവേണ്ടി നാട്ടുരാജ്യങ്ങളെ തമ്മിലടിപ്പിച്ചും സ്വന്തമായി സൈന്യവിന്യാസം നടത്തിയുമാണ് അധികാരമുറപ്പിച്ചത്. പതുക്കെ ഇംഗ്ലീഷ് ഉദ്യോഗസ്ഥർ ഇങ്ങോട്ട് കുടിയേറി. കീഴടക്കപ്പെട്ട ജനതയുടെ മേൽ കൂടുതൽ അധികാരം സ്ഥാപിക്കാൻ പുതിയ നിയമ വ്യവസ്ഥകൾ നടപ്പാക്കി. സിവിൽ ഭരണത്തിൽ പുതിയ പരിഷ്‌ക്കാരങ്ങൾ കൊണ്ടുവന്നു. ഒപ്പം, വിദ്യഭ്യാസ- സാംസ്‌കാരിക മണ്ഡലങ്ങളിൽ തദ്ദേശീയ സമ്പ്രദായങ്ങൾക്കുപകരം ഇംഗ്ലീഷ് മാതൃകകൾ ആവിഷ്‌കരിച്ചു. സമാന പ്രക്രിയ, ഡാറ്റ കൊളോണിയസത്തിലും പ്രവർത്തനക്ഷമമാണ്. ഒറ്റ വ്യത്യാസം മാത്രമേയുള്ളൂ, കുടിയേറ്റത്തിനു പകരം വികേന്ദ്രിതമായ രീതിയിൽ ഓരോ പ്രദേശത്തതും പ്രത്യേക പ്രസ്ഥാനങ്ങൾ ആരംഭിച്ചുകൊണ്ടാണ് വൻകിട ഡാറ്റാ കമ്പനികൾ പ്രവർത്തിക്കുന്നത്.
ഡിജിറ്റൽ സാങ്കേതിക വിദ്യകളാണ് വൻകിട ടെക് കമ്പനികൾക്ക് കോളനീകരണത്തിന്റെ ആയുധം. ഒരു കൈയിൽ ആയുധവും മറുകൈയിൽ വേദപുസ്തകവുമായി അധിനിവേശിത ജനതയുടെ ഭൂമി കീഴടക്കാൻ വന്ന ആദിമ അധിനിവേശകനെ പോലെ ആഗോള ടെക് കുത്തകകൾ ഒരു കൈയിൽ സർവൈലൻസ് ഉപാധികളും മറുകൈയിൽ നെറ്റ്വർക്കുമായുമാണ് കടന്നുവന്നത്. നെറ്റ്വർക്ക് സ്വാതന്ത്ര്യത്തിന്റെയും വിമോചനത്തിന്റെയും സാധ്യതകളിലേക്ക് അധിനിവേശിത ജനതയെ ആകർഷിച്ചു. എന്നാൽ അവർ കൈവിട്ടു നൽകിയത് അവരുടെ സ്വകാര്യ വിവരങ്ങളാണ്. 15ാം നൂറ്റാണ്ട് മുതൽ ഏഷ്യൻ- ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് അധിനിവേശിച്ച പാശ്ചാത്യ ശക്തികൾ ഭൂമിയുടെ മേലാണ് അധികാരം ആദ്യം സ്ഥാപിച്ചത്. ടെറാ- കൊളോണിയലിസം എന്നതിനെ വിളിക്കാം. ഭൗതികമായ അധികാര രൂപങ്ങൾ അതിൽ പ്രാധാന്യം വഹിച്ചിരുന്നു. സൈന്യം, ആയുധങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നീതിന്യായ വ്യവസ്ഥ, പൊലീസ്, മിഷനറി പ്രവർത്തനങ്ങൾ - ഈ അടയാള വ്യവസ്ഥകളിലൂടെ കോളനിയിൽ അധിനിവേശ രാഷ്ട്രം ഭൗതിക സാന്നിധ്യമായി. ടെറാ- കൊളോണിയലിസത്തിൽ നിന്ന് വ്യതിരിക്തമായി വെർച്വൽ കൊളോണീകരണത്തിൽ ഇത്തരം അടയാളങ്ങൾക്ക് പ്രാധാന്യമില്ലാതെയായി. വെർച്വൽ കൊളോണീകരണത്തിന്റെ സൂചക വ്യവസ്ഥ അസ്പർശ്യമാണ്, എങ്കിലും അനുഭവവേദ്യമാണ്. അസ്പർശ്യമെങ്കിലും ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ആധിപത്യം വഹിക്കുന്ന ബഹുരാഷ്ട്ര കുത്തകകളുടെ പ്രവർത്തനമണ്ഡലങ്ങളെല്ലാം നമുക്ക് അനുഭവവേദ്യമാണ്:
ഗൂഗ്ൾ ഡോക്‌സിൽ ഇപ്പോൾ ഈ വിഷയം എഴുതുമ്പോൾ തന്നെ ഇതിലെ ഓരോ വാക്കും അൽഗോരിതം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടാകാം.
തിരച്ചിൽ യന്ത്രം: ഗൂഗ്ൾ. വെബ് ബ്രൗസർ: ഗൂഗ്ൾ ക്രോം. സ്മാർട്ട് ഫോൺ/ ടാബ്ലറ്റ് ഒ. എസ്: ഗൂഗ്ൾ ആൻഡ്രോയിഡ്/ ആപ്പിൾ ഐ.ഒ.എസ്. ഡെസ്ക്ടോപ്പ് ആൻഡ് ലാപ്‌ടോപ്പ് ഒ.എസ്: മൈക്രോസോഫ്റ്റ് വിൻഡോസ്. ഓഫീസ് സോഫ്റ്റ്വെയർ: എം. എസ്. ഓഫീസ്, ഗൂഗിൾ ഡോക്‌സ്. ക്ളൗഡ് സ്റ്റോറേജ്: ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ, ഐ. ബി. എം. സോഷ്യൽ നെറ്റ്വർക്കിങ് പാറ്റ്ഫോം: ഫേസ്ബുക്ക്, ട്വിറ്റർ. ഗതാഗതം: യൂബർ. ബിസിനസ് നെറ്റ്വർക്കിങ്: മൈക്രോസോഫ്റ്റ്, ലിങ്ക്ഡ് ഇൻ. സ്ട്രീമിങ് വീഡിയോ: ഗൂഗിൾ യുട്യൂബ്, നെറ്റ്ഫ്ലിക്സ്, ആമസോൺ, ഹോട്ട് സ്റ്റാർ, ഡിസ്നി, ആപ്പിൾ ടി. വി. ഓൺലൈൻ പരസ്യം: ഗൂഗ്ൾ, ഫേസ്ബുക്. ഇ കോമേഴ്സ്: ആമസോൺ.
ഡിജിറ്റൽ സമ്പദ്വ്യവസ്ഥയുടെ ഓരോ സവിശേഷ മേഖലകളും കൈയടക്കി വെച്ചിരിക്കുന്നത് മേൽ സൂചിപ്പിച്ച വൻകിട ടെക് കമ്പനികളാണ്. ഗൂഗ്ൾ ഡോക്‌സിൽ ഇപ്പോൾ ഈ വിഷയം എഴുതുമ്പോൾ തന്നെ ഇതിലെ ഓരോ വാക്കും അൽഗോരിതം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടാകാം. കൊളോണിയൽ ഘട്ടത്തിൽ പ്രധാനപ്പെട്ട അടിസ്ഥാന സൗകര്യമൊക്കെ നിർമിച്ചത് അധിനിവേശ ശക്തികളുടെ താല്പര്യാർത്ഥമാണ്. റെയിൽ ഗതാഗതം തന്നെ ഉദാഹരണം. ഇന്ത്യയുടെ ഉൾപ്രദേശങ്ങളിൽ നിന്നുള്ള പ്രകൃതി വിഭവങ്ങൾ കൊളോണിയൽ മെട്രോ പൊലിസിലേക്ക് കടത്തിക്കൊണ്ടുപോകാനായിരുന്നു റെയിൽ ഗതാഗതം നിർമിച്ചത്. സമകാലിക ലോകത്തിലെ ഏറ്റവും പ്രാധാന്യമേറിയ അടിസ്ഥാന സൗകര്യമായ ഡാറ്റാ സാങ്കേതികവിദ്യയിലും പരിപൂർണ മേധാവിത്തം ഈ ബഹുരാഷ്ട്ര കുത്തകകൾക്കാണ്. ഇതേപോലെ, സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഫൈബർ ഒപ്റ്റിക്‌സ് ഇൻഫ്രാസ്ട്രക്ച്ചർ ജിയോയുടെ സമ്പൂർണ നിയന്ത്രണത്തിലായിരിക്കും. ഉപയോക്താവിന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് ഡാറ്റാ കവർച്ച നടക്കുന്നത്. ചോർത്തപ്പെടുന്ന വിവരങ്ങളിൽ നിന്നാണ് നവകൊളോണിയൽ മേധാവിത്വത്തിന് ആധാരമായ ജ്ഞാനവ്യവസ്ഥ നിർമിക്കപ്പെടുന്നത്.
പാർലമെൻറിന്റെ അംഗീകാരത്തിനു ശേഷം നിയമമായി പ്രാബല്യത്തിൽ വരാൻ പോകുന്ന ഡാറ്റാ സംരക്ഷണ നിയമം ഭരണകൂടത്തിന് വ്യക്തിയുടെ സ്വകാര്യതയെ ലംഘിക്കാൻ പ്രത്യേക അധികാരങ്ങൾ നൽകുന്നു എന്ന വിമർശനമാണ് നേരിടുന്നത്. ബഹുരാഷ്ട്ര ടെക് കുത്തകകളുടെ ഡാറ്റാ കവർച്ചയെ പ്രതിരോധിക്കാനാകില്ല ഈ നിയമത്തിന് എന്ന വിമർശനം ഉയർന്നുവന്നിട്ടുണ്ട്. വാക്സിൻ അസമത്വവുമായി ഉയർന്നു വന്ന പ്രശ്‌നവും ഈ സന്ദർഭത്തിൽ ശ്രദ്ധയർഹിക്കുന്നു. മനുഷ്യവംശം തന്നെ കടുത്ത പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ പോലും ബൗദ്ധിക സ്വത്തവകാശത്തിൽ എന്തെങ്കിലും അയവു നൽകാൻ തയ്യാറാകാതിരിക്കുകയും അതേസമയം സ്വകാര്യ ഫാർമ സ്ഥാപനങ്ങൾ ആരോഗ്യ ഡാറ്റ ശേഖരിക്കുകയും ചെയ്യുന്നത് മഹാമാരിയുടെ ഘട്ടത്തിൽ കണ്ടതാണ്. ബഹുരാഷ്ട്ര ഫാർമാ കുത്തകകൾക്ക് ഇന്ത്യക്കാരുടെ ആരോഗ്യ ഡാറ്റയിൽ വലിയ താല്പര്യമുണ്ടെന്ന വസ്തുത എടുത്തുപറയേണ്ട കാര്യമില്ല. ഈ ഡാറ്റ ചോർത്താൻ അവർ ഏതുവഴിയും സ്വീകരിക്കും. നവസാമ്രജ്യത്വത്തിന്റെ പ്രവർത്തന രീതിയനുസരിച്ച് ബഹുരാഷ്ട്ര കുത്തകകൾ തന്നെ ചുമതലപ്പെടുത്തുന്ന കൺസൾട്ടൻസികളും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്ന എൻ.ജി.ഒകളും വഴിയാണ് ഈ ഡാറ്റാ ശേഖരണം നടത്താൻ ശ്രമം നടക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ നിന്ന് ഡാറ്റ ലഭിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പക്ഷെ സർക്കാറിന്റെ പക്കലുള്ള ഡാറ്റയുമായി താരതമ്യം ചെയ്യുമ്പോൾ അത് വളരെ പരിമിതമാണ്. മഹാമാരി പോലെ വളരെയധികം സങ്കീർണതകൾ നിലനില്ലുന്ന സന്ദർഭത്തിൽ ഇത്തരത്തിലുള്ള ഡാറ്റ വലിയൊരു പൊതു ആവശ്യത്തിന്കൈമാറാൻ സർക്കാരിനെ തന്നെ നിർബന്ധിക്കുന്ന സാഹചര്യമുണ്ടാക്കുന്നു ഫാർമ കമ്പനികൾ, അല്ലെങ്കിൽ അവരുടെ ദല്ലാൾ സ്ഥാപനങ്ങൾ. വളരെയധികം വിശേഷപ്പെട്ട ഡാറ്റ ബഹുരാഷ്ട്ര ഫാർമകൾക്ക് ആവശ്യമുള്ളതാണ്. പുതിയ സാമൂഹ്യാവശ്യങ്ങളെ മുൻനിർത്തി കൂടുതൽ ലാഭകരമായ സേവനങ്ങളും ഉത്പന്നങ്ങളും ഡിസൈൻ ചെയ്യാനാണ് കവർച്ച ചെയ്യപ്പെടുന്ന ഡാറ്റ ഉപയോഗിക്കുന്നത്.
ഷോഷാന സുബോഫ് ‘Age of Surveillance Capitalism: The Fight for a Human future at the new frontier of Power' എന്ന പഠനത്തിൽ ഡിജിറ്റൽ സർവൈലൻസ് സൃഷ്ടിക്കുന്ന ആഘാതമെന്താണെന്ന് വിശദീകരിക്കുന്നുണ്ട്. ഡിജിറ്റൽ കോളോണിയലിസത്തിനു കൂടി ബാധകമായ കാര്യമാണത്. ഷോഷാന സുബോഫ് പറയുന്നു: ‘നമ്മുടെ ആവശ്യങ്ങൾ മുൻകൂട്ടി കാണാനും ദുരിതപൂർണമായ ജീവിതത്തിന്റെ സങ്കീർണതകൾ ലഘൂകരിക്കാനും പരിധികളില്ലാത്ത വിവരങ്ങളുടെ മന്ത്രികത വാഗ്ദാനം ചെയ്തും ഫലപ്രദമായ ജീവിതത്തിനുള്ള സാദ്ധ്യതകൾ നിറവേറ്റുപ്പെടുമെന്ന പ്രതീക്ഷ നൽകിയുമാണ് സൂക്ഷ്മനീരിക്ഷണ മുതലാളിത്തം അതിന്റെ അത്ഭുതങ്ങൾ നമ്മുടെ മുമ്പിൽ ആവിഷ്‌കരിച്ചത്. നമ്മൾ അതിനെ ഹൃദയത്തിലേക്കും വീട്ടിലേക്കും ആതിഥ്യമര്യാദയുടെ എല്ലാ അനുഷ്ഠാനങ്ങളോടെയും സ്വീകരിച്ചു. എന്നാൽ ഈ പുതിയ വ്യവസ്ഥയിൽ, നമ്മുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റപ്പെടുന്ന ആ നിമിഷം തന്നെയാണ് നമ്മുടെ സ്വഭാവ-പെരുമാറ്റ ഡാറ്റകൾ കൃത്യമായി കൊള്ളയടിക്കപ്പെട്ട നിമിഷവും. എന്നാൽ, ഇതിനോട് നിർണായകമായിത്തീരേണ്ട നമ്മുടെ സാമൂഹിക പ്രതികരണം പക്ഷെ ഒരു വികൃതചേരുവയിലുള്ളതായി. ഈ പുത്തൻ ഡാറ്റാ സംഭരണ രീതിയ്ക്ക് പരിധികളേർപ്പെടുത്തുകയോ അല്ലെങ്കിൽ ഇതിനെ നിയമവിരുദ്ധമാക്കുകയോ ചെയ്യേണ്ടതിനു പകരം ഇത് നമ്മുടെ കാലത്തിലെ ഏറ്റവും പ്രബലമായ മുതലാളിത്ത സഞ്ചയന രീതിയായി മാറുകയാണുണ്ടായത്.'
വൻകിട ടെക് കോർപ്പറേഷനുകൾക്ക് ദൈവതുല്യമായ സർവ വ്യാപിത്വമാണ് ഡാറ്റ സാങ്കേതികവിദ്യകൾ നൽകിയിട്ടുള്ളത്. നിർമിതബുദ്ധിയും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ വിശകലന രീതിയുമാണ് ഡാറ്റാ നിർധാരണത്തിനുപയോഗിക്കുന്നത്.
വൻകിട ടെക് കോർപ്പറേറ്റുകളുടെമേൽ പരിമിതമായ അധികാരം മാത്രമേ മൂന്നാം ലോക ഭരണകൂടങ്ങൾക്കുള്ളൂ, പുതിയ ബിഗ് ഡാറ്റാ സമൂഹം മനുഷ്യവംശത്തിന്റെ സമഗ്രമായ സൂക്ഷ്മ നീരിക്ഷണ പദ്ധതിയാണ്. വൻകിട ടെക് കോർപ്പറേഷനുകൾക്ക് ദൈവതുല്യമായ സർവ വ്യാപിത്വമാണ് ഡാറ്റ സാങ്കേതികവിദ്യകൾ നൽകിയിട്ടുള്ളത്. നിർമിതബുദ്ധിയും പുതിയ സ്റ്റാറ്റിസ്റ്റിക്കൽ വിശകലന രീതിയുമാണ് ഡാറ്റാ നിർധാരണത്തിനുപയോഗിക്കുന്നത്. ആഗോള തെക്കൻ (Global South) രാജ്യങ്ങളിൽ നിന്ന് ഡാറ്റകൾ ടെക് കമ്പനികൾ കവർന്നുകൊണ്ടുപോവുകയാണ്, കൊളോണിയലിസത്തിൽ വിഭവങ്ങൾ കൊള്ളയടിച്ചുകൊണ്ടുപോയതു പോലെ. തെക്കൻ രാജ്യങ്ങളിൽ അമേരിക്കൻ ആസ്ഥാനമായ ടെക് കമ്പനികൾക്ക് ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ സമസ്തമേഖലകളിലും പരിധിയില്ലാത്ത നിയന്ത്രണമുണ്ട്. സ്വദേശികൾ എന്ന് സ്വയം അവകാശപ്പെടുന്ന ടെക് കമ്പനികൾ വൻകിട കോർപ്പറേഷനുകളുമായി പല രീതിയിലും സഹകരിച്ചും കൂട്ടുചേർന്നുമാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ട് ഈ സൂക്ഷ്മനീരിക്ഷണ പ്രവർത്തനത്തെയും ഡാറ്റാ കൊള്ളയെയും പ്രതിരോധിക്കാൻ മറ്റു സ്വതന്ത്ര മാർഗങ്ങൾ അന്വേഷിക്കേണ്ടതുണ്ട്.
നാല്: ഡി- ടെറിട്ടോറിയൽ കോളനീകരണം
സാമൂഹ്യ നീതിയുടെ രാഷ്ട്രീയത്തിൽ നിന്ന് രൂപപ്പെടുന്നതാണ് ഡിജിറ്റൽ നീതിയുടെ (Digital Justice) രാഷ്ട്രീയവും. പെഗാസസ് പോലുള്ള ഭരണകൂട ചാരപ്രവൃത്തിക്കെതിരെയും വ്യാപകമായികൊണ്ടിരിക്കുന്ന മറ്റു കോർപറേറ്റ് സർവൈലൻസ് പദ്ധതികൾക്കെതിരെയും വിവിധതരം ഡാറ്റാ വിവേചനങ്ങൾക്കെതിരെയുമുള്ള ജനാധിപത്യപരമായ ചെറുത്തുനില്പുകൾക്കുവേണ്ടി സ്വതന്ത്രമായ ഡിജിറ്റൽ നീതി പ്രസ്ഥാനം അനിവാര്യമാകുന്നു.
ഇന്ത്യനും വിദേശിയുമായ ടെക്‌നോളജി കോർപ്പറേറ്റുകളുടെ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഡാറ്റാ ശേഖരണം ഈ കമ്പനികൾ നടത്തുന്നുവെന്ന യാഥാർഥ്യത്തെ സ്വാഭാവികമായ ഒരു പ്രക്രിയയാണ് കണ്ടുവരുന്നത്. ഈ ബോധ്യത്തെയാണ് സർവൈയ്ലൻസ് റിയലിസം എന്നു വിളിക്കുന്നത്. ഇതിനെ അംഗീകരിച്ചുകൊണ്ടുള്ള ടെക്‌നോ- ലീഗൽ പ്രതികരണത്തിനു ബദലായി ഡാറ്റാ നീതിയെ അടിസ്ഥാനമാക്കിയുള്ള സുസ്ഥിര സങ്കല്പനങ്ങളും പ്രതിരോധത്തിന്റെ പ്രയോഗങ്ങളും ആവിഷ്‌ക്കരിക്കപ്പെടേണ്ടതുണ്ട്. സ്വകാര്യതയെ മൗലികാവകാശായി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി ഉത്തരവ് നിലനിൽക്കെതന്നെയാണ് ദേശീയ സുരക്ഷയെ മുൻനിർത്തിയുള്ള സൂക്ഷ്മ നീരിക്ഷണ പദ്ധതികൾ പല തലങ്ങളിലായും തുടരുന്നത്. കുടിയേറ്റ തൊഴിലകളെക്കുറിച്ച് ശേഖരിക്കുന്ന വിവരങ്ങൾ പലപ്പോഴും അവർക്കെതിരെ തന്നെ ഉപയോഗിക്കുന്ന സ്ഥിതിയുണ്ട്. വംശീയമായ ധാരണകളുടെ അടിസ്ഥാനത്തിലാണ് ഡാറ്റ ശേഖരിക്കപ്പെടുന്നതും അതിന്റെ തുടർവിശകലനത്തിനായുള്ള അൽഗോരിതം നിർമിക്കപ്പെട്ടിട്ടുള്ളതും. പാൻഡെമിക് സർവൈലൻസുമായി ബന്ധപ്പെട്ട് സ്വരൂപിക്കപ്പെട്ട ഡാറ്റയുടെ സുരക്ഷിതത്വത്തെ സംബന്ധിച്ചും ആശങ്കകളുണ്ട്. മഹാമാരിയുടെ സമയത്ത്നമ്മുടെ ജീവിത സുരക്ഷയുടെ കൂടി ഭാഗമാണ് ഡാറ്റാ ശേഖരണവും സ്വകാര്യ കോർപ്പറേറ്റുകൾക്ക് അത് കൈമാറുന്നതും എന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ സർവൈലൻസ് റിയലിസത്തിന് രക്ഷകപരിവേഷവും ലഭിച്ചു.
ഭരണഘടാധിഷ്ഠിതമായ അവകാശങ്ങളെയും സ്വാതന്ത്ര്യങ്ങളെയും ആധാരമാക്കിയാണ് ഡിജിറ്റൽ നീതി എന്ന സങ്കല്പനം രൂപപ്പെടുന്നത്.
ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ഡാറ്റ വർഗീകരിക്കപ്പെടുന്നത് കുടിയേറ്റ തൊഴിലാളി എന്ന നിലയിൽ മാത്രമാകണമെന്നില്ല. വംശീയമായ വർഗ്ഗീകരണത്തിനും ഡാറ്റ ഉപയോഗിക്കപ്പെടുന്നുണ്ടാകാം.
ലിബറൽ അവകാശസങ്കലപനങ്ങൾക്ക് അടിസ്ഥാനമാകുന്നത് വ്യക്തിയുടെ സ്വാച്ഛന്ദ്യവും പരമാധികാരവുമാണ്. വ്യക്തിയാണ് സ്വതന്ത്രമായ ഏകകം. അതേസമയം, സാമൂഹികാവകാശങ്ങൾ പ്രത്യേക പരിഗണന അർഹിക്കുന്നുമുണ്ട്. ഡിജിറ്റൽ ലോകത്തിൽ വ്യക്തികളുടെ ഡാറ്റയാണ് കവർച്ച ചെയ്യപ്പെടുന്നതെങ്കിലും ബിഗ് ഡാറ്റ വിശകലനത്തിൽ ഒരു വ്യക്തിയുടെ ഡാറ്റ ടാർഗറ്റ് ചെയ്യപ്പെടുന്നത് അയാൾ ഒരു സമൂഹത്തിന്റെയോ സമുദായത്തിന്റെയോ പ്രതിനിധി എന്ന നിലയിലാണ്. ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ ഡാറ്റ വർഗീകരിക്കപ്പെടുന്നത് കുടിയേറ്റ തൊഴിലാളി എന്ന നിലയിൽ മാത്രമാകണമെന്നില്ല. വംശീയമായ വർഗ്ഗീകരണത്തിനും ഡാറ്റ ഉപയോഗിക്കപ്പെടുന്നുണ്ടാകാം. വിവേചനപരമാണ് അൽഗോരിതത്തിന്റെ വർഗീകരണം.
ഡാറ്റ/ ഡിജിറ്റൽ നീതിയുമായി ബന്ധപ്പെട്ട് മൂന്ന് കാതലായ പ്രശ്‌നങ്ങളാണുള്ളത്. ആദ്യത്തേത്, ഡിജിറ്റൽ ഉപാധികൾ എല്ലാവർക്കും ലഭ്യമാകുന്നതിനെ സംബന്ധിച്ചുള്ളതാണ്.
രണ്ടാമത്തേത്, ഡാറ്റ വിതരണത്തെകുറിച്ചാണ്.
മൂന്നാമത്തേത് ഡാറ്റയുടെ ഉപയോഗാവകാശത്തെ സംബന്ധിച്ചും.
ഡിജിറ്റൽ നീതിയുടെ ഭാഗമാണ് ഡിജിറ്റൽ ഉപാധികൾ എല്ലാവർക്കും ലഭ്യമാക്കേണ്ട സർക്കാരിന്റെ ഉത്തരവാദിത്തവും. ഹാർഡ്വെയറിന്റെ കാര്യത്തിൽ മാത്രമല്ല ഇത്. താങ്ങാവുന്ന വിലയ്ക്ക് ഡാറ്റ ലഭ്യമാകുന്നതും ഇതിന്റെ ഭാഗമാണ്. ഇന്റർനെറ്റ് സേവന ദാതാക്കൾ ഡാറ്റ കുറഞ്ഞ നിരക്കിൽ നല്കുന്നുണ്ടെന്നത് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്തമാണ് സർക്കാരിന്റേത്. മാത്രമല്ല, ഡാറ്റ നൽകുന്നു എന്നതിന്റെ പേരിൽ വ്യക്തികളുടെ സ്വസമ്മതത്താലോ അല്ലെങ്കിൽ സമ്മതിയില്ലാതെയോ ഉള്ള ഡാറ്റാ നീരീക്ഷണ പദ്ധതികളെയും നിയമത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നിഷേധിക്കേണ്ടതുമുണ്ട്
വ്യക്തിഗത ഡാറ്റയുടെ ഉപയോഗം നിർണയിക്കുന്നത് സ്വകാര്യതയെക്കുറിച്ചുള്ള നിലവിലുള്ള നിയമങ്ങളാണ്. ഇതിനെക്കുറിച്ച് പ്രത്യേകമായ നിയമങ്ങളില്ലെങ്കിൽ തന്നെ സ്വകാര്യതയെ സംബന്ധിച്ച് പ്രാബല്യത്തിലുള്ള കോടതി ഉത്തരവുകളാണ് അതിനുമേലുള്ള തീർപ്പായി കരുതുന്നത്. പക്ഷെ, അമേരിക്ക ആസ്ഥാനമായ ഗൂഗ്ൾ പോലുളള വൻകിട ടെക് കമ്പനികൾ അവരുടെ സേവനങ്ങളും ഉത്പന്നങ്ങളും ഉപയോഗിക്കുന്നവരുടെ ഡാറ്റ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുന്നു എന്നത് അവിതർക്കിതമാണ്. സർവൈലൻസ് റിയലിസത്തിന്റെ ഭാഗമായി നമ്മുടെ മൊബൈൽ ഫോണുകളിലെ ജി. പി. എസ് സംവിധാനം തന്നെ നമ്മൾ നടത്തിയ സഞ്ചാരങ്ങളുടെ അടിസ്ഥാനത്തിൽ കോൺടാക്ട് ട്രേസിങ് റിപ്പോർട്ട് നമുക്കുതന്നെ നല്കാറുള്ളതാണ്. ആഗോള ടെക് കുത്തകകളുടെ ഡാറ്റാ ശേഖരണം തടയാൻ നിലവിലെ നിയമങ്ങളും കോടതി ഉത്തരവുകളും അപര്യാപ്തമാണ്. ഡാറ്റ ഉല്പാദിപ്പിക്കുന്ന നമ്മുടെ ബുദ്ധിയും ശരീരവും തന്നെയാണ് വൻകിട ടെക് കമ്പനികളുടെ കോളനികൾ. ഡി- ടെറിട്ടോറിയൽ കോളനീകരണമെന്നു തന്നെ ഇതിനെ വിളിക്കാം.
രാഷ്ട്രത്തിന്റെ പരമാധികാരം ടെക് കമ്പനികളെ സംബന്ധിച്ച്പ്രസക്തമല്ലെങ്കിലും രാഷ്ട്രത്തിലെ ഭരണനേതൃത്വവുമായി ചേർന്നു പ്രവർത്തിക്കുന്ന രീതിയാണ് അവർ സ്വീകരിക്കുന്നത്. ഡിജിറ്റൽ ഉപയോക്താവും ഡാറ്റ ഉപഭോക്താവും ഡാറ്റ ഉൽപാദകനും ഒരേ വ്യക്തി തന്നെയായിരിക്കെ, ആ വ്യക്തിയുടെ ആവകാശങ്ങളെ മുൻനിർത്തി മൂന്ന് പ്രധാനപ്പെട്ട വ്യവസ്ഥകളാണ് ഡാറ്റ നീതിക്ക് അനിവാര്യമാകുന്നത്:
1 . ഡിജിറ്റൽ ഉപാധികളും ഡാറ്റയും ലഭ്യമാകാനുള്ള അവകാശം.
2 . ഡാറ്റയുടെ ഉടമസ്ഥാവകാശം.
3 നമ്മൾ വിനിമയം ചെയ്യുന്ന ഡാറ്റയുടെ നീരിക്ഷണത്തെയും ഉപയോഗത്തെയും സംബന്ധിച്ച കൃത്യവും വ്യക്തവുമായ വിശദീകരണവും ഉപയോഗത്തിനുള്ള സമ്മതവും.
ഡാറ്റ സംരക്ഷണ നിയമം ഈ വ്യവസ്ഥകളെ പരിഗണിക്കുന്നുണ്ടെങ്കിലും വ്യക്തികളുടെ സമ്മതമില്ലാതെ ഭരണകൂട ഏജൻസികൾക്ക് വിവരങ്ങൾ ട്രാക്ക് ചെയ്യാനുള്ള വ്യവസ്ഥകൾക്കാണ് കൂടുതൽ ഊന്നൽ നൽകിയിട്ടുള്ളത്. ഡിജിറ്റൽ മുതലാളിത്തത്തിന്റെ ചൂഷണവ്യവസ്ഥക്കുള്ള സൈദ്ധാന്തിക ബദലെന്നു പറയുന്നത് വൻകിട കോർപ്പറേറ്റുകളുടേതല്ലാത്ത സേവനങ്ങളും ഉത്പന്നങ്ങളും ഉപയോഗിക്കുക എന്നതാണ്. പക്ഷെ, ഇതിന്റെ പ്രായോഗികത ഒരു പ്രശ്‌നമായി തന്നെ തുടരുന്നു. വിപണിയിൽ എളുപ്പം ലഭ്യമാകുന്നത് വൻകിട ടെക് കമ്പനികളുടെ സേവനങ്ങളും ഉത്പന്നങ്ങളുമാണ്. പൈറസിയാണ് ഈ മുതലാളിത്തത്തെ ചെറുത്തുതോൽപ്പിക്കാനുള്ള മറ്റൊരു പ്രായോഗിക ഉപാധി, നിയമവിരുദ്ധമാണെങ്കിൽ പോലും. നമ്മൾ വിനിമയം ചെയ്യുന്ന ഡാറ്റ ശേഖരിക്കുന്നതുമുതൽ ഈ ഡാറ്റയെ വിപണനത്തിനു വിധേയമാക്കുന്ന ടെക് കോർപ്പറേറ്റുകളുടെ വിപുലമായ ബാനോപ്റ്റികോണിന്റെ (Banopticon) പരിധിയിലാണ് ലോകവും മനുഷ്യരും. റദ്ദുചെയ്യാനും നിയന്ത്രണ വിധേയമാക്കാനും സൂക്ഷ്മനീരീക്ഷണം നടത്താനുമുള്ള ഒരേ സമയമുള്ള അവകാശം കോർപ്പറേറ്റുകളിലും ഭരണകൂടത്തിലും നിക്ഷിപ്തമാകുന്നു എന്നാണ് ബാനോപ്റ്റികോൺ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ടെക് കമ്പനികളുടെ വ്യവസ്ഥയ്ക്ക് വിധേയമല്ലാത്തവർക്കുള്ള സേവനങ്ങൾ റദ്ദുചെയ്യാനുള്ള അവകാശം ഏകപക്ഷീയമായി ടെക് കോർപ്പറേറ്റുകളുടെ കൈകളിലാണ്. ഇന്റർനെറ്റ് സംവേദനങ്ങളിൽ വിനിമയം ചെയ്യപ്പെടുന്ന ഡാറ്റ മുതൽ ബിയോമെട്രിക് ഡാറ്റ വരെയുൾപ്പെടുന്നത് ശേഖരിക്കാനും നീരീക്ഷണം നടത്താനുമുള്ള വ്യവസ്ഥയാണിത്. ഇത്തരത്തിലുള്ള നഗ്നമായ ഡാറ്റാ കവർച്ചയെ ടെക് കോർപ്പറേറ്റുകൾ നൽകുന്ന സേവനമായി അവതരിപ്പിക്കുന്ന മുതലാളിത്തം, അതിന്റെ ചൂഷണോപാധികളെ മറച്ചുവെച്ചുകൊണ്ടാണ് പൊതുസമ്മതിക്കായി വൈജ്ഞാനിക മുതലാളിത്തം/ വൈജ്ഞാനിക സമ്പദ്വ്യവസ്ഥ എന്നൊക്കെ സ്വയം വിശേഷിപ്പിക്കുന്നത്.
ആഗോള മൂലധന ശ്രംഖലയിലേക്ക് ഉദ്ഗ്രന്ഥനം ചെയ്യപ്പെടുന്ന തെക്കൻ രാജ്യങ്ങളിലെ നയങ്ങൾ രൂപീകരിക്കുന്നവർ സാമൂഹ്യശാസ്ത്രപരമായ ഉൾക്കാഴ്ചകൾ മാറ്റിവെച്ച് ഡിജിറ്റൽ മുതലാളിത്തത്തിന്റെ പദാവലികൾ വിമർശനരഹിതമായി ഉപയോഗിക്കുന്നത് അറിഞ്ഞോ അറിയാതെയോ വൻകിട ടെക് കോർപറേറ്റുകളുടെ ഡാറ്റ കൊള്ളയ്ക്ക് വാതിൽ തുറന്നുകൊടുക്കുന്നതിന് സമമാണ്. ഡാറ്റാ നീതി സാമൂഹിക നീതിയുടെ അവിഭാജ്യ ഘടകമാണിന്ന്. ഡിജിറ്റൽ / സർവൈലൻസ്/ ബിയോ മെട്രിക് മുതലാളിത്തം, ഡാറ്റാ കൊളോണിയലിസം എന്നിവയുടെ കവർച്ചക്കെതിരെ ഡാറ്റാ നീതിയെ അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ സാമൂഹികതയുടെ പ്രയോഗങ്ങൾ ആരായുകയാണ് പ്രധാനം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.