AIയുടെ അസ്തിത്വ പ്രകാശനം, അതാണിത്.
മനുഷ്യവർഗത്തെ ഈ പ്രപഞ്ചത്തിൽ വേറിട്ടതാക്കുന്ന ബൗദ്ധികതയുടെ സ്വതന്ത്രപ്രയോഗത്തെക്കുറിച്ച് ഇത് അതിസങ്കീർണമായ ചോദ്യങ്ങളുയർത്തുകയാണ്. ബുദ്ധിയുടെ വിവേകപൂർവമായ വിനിയോഗം മനുഷ്യർ സൃഷ്ടിച്ച മെഷീനും സാധ്യമാകുമ്പോൾ, ഈ പ്രപഞ്ചത്തിലെ മനുഷ്യരുടെ സ്‌പെയ്‌സ് പുനർനിർണയിക്കപ്പെടുകയാണ് യഥാർഥത്തിൽ സംഭവിക്കുന്നത്. അത്തരത്തിൽ പുതിയ മനുഷ്യരുടെടെയും പുതിയ മെഷീന്റെയും ഏറ്റവും പുതിയ ലോകത്തെ അവതരിപ്പിക്കുകയാണ് ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 119.
ചാറ്റ് ജി.പി.ടിയിലൂടെ ക്രിയേറ്റ് ചെയ്ത കണ്ടന്റാണ്, അവയുടെ മലയാള പരിഭാഷ സഹിതം വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്. എഡിറ്റോറിയൽ, ചോദ്യങ്ങൾ ചോദിക്കുകയോ പ്രോംപ്റ്റ് ചെയ്യുകയോ മാത്രമാണ് ചെയ്തിരിക്കുന്നത്. ഉത്തരങ്ങൾ എഡിറ്റ് ചെയ്യുകയോ AI കണ്ടന്റിൽ ക്രിയാത്മകമായോ ആശയപരമായോ ആയ ഇടപെടൽ നടത്തിയിട്ടില്ല. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിൽ, പ്രത്യേക ടോപ്പിക്കുകൾ തെരഞ്ഞെടുപ്പ് അവ ചാറ്റ് ജി.പി.ടിയിലൂടെയും മറ്റ് AI ആപ്ലിക്കേഷനുകളിലൂടെയും കണ്ടന്റായി പ്രസൻറ് ചെയ്യുകയാണ്. നമ്മുടെ ചരിത്രത്തെയും വിവിധ കാലഘട്ടങ്ങളെയും അവയിലൂടെ കടന്നുപോയ പലതരം മനുഷ്യരെയും അവരെ നിർണയിച്ച പൊളിറ്റിക്കൽ ഐഡിയോളജിയെയും പ്രതിനിധീകരിക്കുന്ന പ്രാതിനിധ്യ സ്വഭാവമുള്ള കണ്ടന്റുകളാണ് ചാറ്റ് ജി.പി.ടിക്കു നൽകിയത്. ഈ ആവിഷ്‌കാരങ്ങൾ, AIയും ചാറ്റ് ജി.പി.ടിയും പ്രതിനിധീകരിക്കുന്ന ക്രിയേറ്റിവിറ്റിയുടെയും ഇന്റലിജൻഷ്യയുടെയും ഒരു രാഷ്ട്രീയ വായന കൂടി സാധ്യമാക്കും എന്ന പ്രതീക്ഷയും ഈ കണ്ടൻറ് സെലക്ഷനുപുറകിലുണ്ട്.
എന്തായാലും ഇത് മനുഷ്യബുദ്ധി തന്നെയാണ്, ഇഹലോക- പരലോക നിർമിതമല്ലാത്തൊരു ബുദ്ധി, ഈ(e) ബുദ്ധിക്ക് welcome. ▮