രാഹുവും കേതുവും എന്നീ രണ്ടു സർപ്പങ്ങൾ സൂര്യനെ വിഴുങ്ങുന്നതാണത്രെ സൂര്യഗ്രഹണം. ആ സമയത്ത് ലോകത്തെമ്പാടും വിഷം വ്യാപിക്കും, അതുകൊണ്ട് ആഹാരം കഴിക്കുന്നത് ഗ്രഹണത്തിനു മുൻപായിരിക്കണം. ഭക്ഷണത്തിൽ വിഷം കലർന്നാലോ? ഗ്രഹണം കൈക്കൊള്ളലാണ്, സൂര്യനെ കൈക്കൊള്ളുകയാണ്.
പാലാഴി മഥനം കഴിഞ്ഞ് അമൃത് എന്ന ദിവ്യപാനീയത്തിനുവേണ്ടിയുള്ള വഴക്കും അത് ദേവന്മാരുടെ കയ്യിലെത്തുന്നതും അവിടെ ഒരു അസുരൻ കള്ളവേഷത്തിലെത്തുന്നതും സൂര്യ ചന്ദ്രന്മാർ ഇക്കാര്യം വിഷ്ണുവിനെ അറിയിക്കുന്നതുമൊക്കെ പുരാണം. മഹാവിഷ്ണു ആ അസുരനെ വെട്ടി രണ്ട് തുണ്ടമാക്കി. രാഹുവും കേതുവും ഉണ്ടായി. സൂര്യചന്ദ്രന്മാരോട് ഇവർക്ക് തീരാത്ത പകയുണ്ട്, അതുകൊണ്ടാണ് തരം കിട്ടിയാൽ ഇവർ സർപ്പങ്ങളായി അവരെ വിഴുങ്ങുന്നത്. ഇഴജന്തുക്കളെല്ലാം -ഞാഞ്ഞൂൽ ഉൾപ്പെടെ- അഹങ്കാരം കൊണ്ട് തലപൊക്കും. അതിപ്രതാപവാനായ സൂര്യനെ തങ്ങളുടെ ആൾക്കാർ, ഇഴജന്തുക്കൾ, വിഴുങ്ങി ഇല്ലാതാക്കുന്നതു കണ്ടോ എന്ന ആഹ്ലാദം.
എന്നാൽ സൂര്യഗ്രഹണസമയത്ത് ശാസ്ത്രജ്ഞരാണ് ഏറ്റവും സന്തോഷത്താൽ ഉത്തേജിതരാകുന്നത്. പ്രകൃതിനിരീക്ഷകരും ഒപ്പം കൂടും. സൂര്യനെക്കുറിച്ച് കൂടുതൽ പഠിച്ചെടുക്കാൻ പറ്റിയ സമയം. പ്രപഞ്ചത്തെക്കുറിച്ചും കാലാവസ്ഥയെക്കുറിച്ചും എന്തിന്, ജന്തുക്കളുടെ പെരുമാറ്റത്തെക്കുറിച്ചും പുതിയ അറിവുകൾ ഉടലെടുക്കുന്നത് ഗ്രഹണനിരീക്ഷണത്തിൽക്കൂടെയാണ്. വെറും ഒരു കോസ്മിക് പ്രതിഭാസം മാത്രമല്ല അത്. പുതിയ മൂലകമായ ‘ഹീലിയം’ കണ്ടുപിടിച്ചത് ഗ്രഹണസമയത്തെ ചില നിരീക്ഷണങ്ങളാലാണ്. ഐൻസ്റ്റൈൻ ആപേക്ഷികതാസിദ്ധാന്തം രൂപീകരിച്ചത് ശരിയാണെന്നുള്ളതിൻ്റെ പ്രായോഗിക സമർത്ഥനമാണ് സൂര്യഗ്രഹണം പ്രദാനം ചെയ്തത്. ഗുരുത്വാകർഷണം മൂലം സ്പെയ്സും സമയവും വളയുന്നതിനോടൊപ്പം പ്രകാശരശ്മികൾക്കും ഈ വളവ് സംഭവിക്കും എന്ന് ഐൻസ്റ്റൈൻ പ്രഖ്യാപിച്ചത് 1919-ലെ സൂര്യഗ്രഹണം ശരിവെയ്ക്കുകയായിരുന്നു. നക്ഷത്രങ്ങളിൽ നിന്നുള്ള പ്രകാശരേഖകൾ സൂര്യനടുത്തെത്തുമ്പോൾ സൂര്യൻ്റെ ആകർഷണം മൂലം വളയുന്നതായി നിരീക്ഷിക്കപ്പെട്ടു. 6 മിനിറ്റ് 51 സെക്കൻഡ് നേരത്തേയ്ക്ക് പൂർണമായും സൂര്യൻ മറഞ്ഞ്, നക്ഷത്രങ്ങളുടെ സ്ഥാനങ്ങൾ മാറപ്പെട്ടതായി കാണപ്പെട്ടു, പ്രകാശരശ്മികളുടെ വക്രതയാൽ. സൂര്യഗ്രഹണം പ്രപഞ്ചഘടനയുടെ അടിസ്ഥാനങ്ങളുടേയും പ്രയോഗവിധിയുടെയും തെളിവുകൾക്കുള്ള പ്രതിഭാസമാണെന്നതിൽ തർക്കമില്ല.
വികാരവിക്ഷോഭങ്ങളും സൂര്യനും
ഉഗ്രതരനും കത്തിജ്വലിക്കുന്നവനുമായ സൂര്യനും സ്വൽപം തരളിതനാകാറുണ്ട്, ചിലപ്പോൾ മറിച്ചും. ഓരോ 11 വർഷം കൂടുമ്പോൾ നാടകീയമാറ്റങ്ങളാണ് കാന്തികമേഖലകളിൽ അരങ്ങേറുന്നത്. കോപാകുലനാകുന്ന വേളയാണിത്. ഈ സ്വഭാവപരിവർത്തന ദശ Solar maximum എന്നറിയപ്പെടുന്നു. ഈ സമയത്ത് സൂര്യൻ്റെ ചിലയിടങ്ങളിൽ കാന്തികമേഖലകൾ ഭൂമിയുടേതിനേക്കാൾ 2500 മടങ്ങ് ശക്തിയാർജ്ജിക്കും. സൂര്യൻ്റെ മറ്റിടങ്ങളിലൊന്നും ഇത്ര കാന്തികശക്തി കാണില്ല. സൂര്യപ്പൊട്ടുകൾ (Sun spots) എന്ന് ഇവ അറിയപ്പെടുന്നു. അന്തരീക്ഷമർദ്ദവും ഈ ഇടങ്ങളിൽ കൂടുതലായിരിക്കും. ഉജ്ജ്വലവും അഗ്നിമയവും ആയ പ്ലാസ്മാ വലയങ്ങൾ ഉയർന്നുപൊങ്ങും, ഉദ്ധൃതമായ മറ്റ് അംഗവിധാനങ്ങൾ രൂപപ്പെടും. ഭീകരവും പ്രചണ്ഡവുമായ വിസ്ഫോടനമാണ് സംഭവിക്കുന്നത്. കൂടുതൽ സൂര്യപ്പൊട്ടുകൾ പ്രത്യക്ഷപ്പെടുന്നു, ഈ solar maximum സമയത്ത്. പ്രോട്ടോണുകളും ഇലക്ട്രോണുകളുമൊക്കെ അത്യൂർജ്ജം സംഭരിച്ച് പ്രവഹിക്കുകയായി. സൂര്യവാതം (solar winds) ഇതിനാൽ സംജാതമാകുന്നു, ഇത് ഭൂമിയിൽ വന്ന് നിപതിക്കാം, റേഡിയോ തരംഗങ്ങളെ ശിഥിലീകരിക്കാം, വിദ്യച്ഛക്തി പാടേ നിലച്ചേക്കാം. ധ്രുവദീപ്തികൾ കൂടുതൽ പ്രകാശമാനവുമായേക്കാം.
ഇക്കൊല്ലത്തെ ഗ്രഹണം solar maximum സമയത്തു തന്നെയാണ് സംഭവിച്ചത്. എന്നാൽ, 2017-ലെ സൂര്യഗ്രഹണം സൂര്യൻ ശാന്തനായിരിക്കുമ്പോഴായിരുന്നു (solar minimum). 2024- ലെപ്പോലെ സങ്കീർണമായതും ആഴമേറിയതുമായ പഠനങ്ങൾക്ക് വഴിവെച്ചില്ല. എങ്കിലും ഒരു മണിക്കൂറോളം നീണ്ടുനിന്ന ഗ്രഹണം സാറ്റെലൈറ്റുകൾ വഴികിട്ടിയ പല വിവരങ്ങൾക്കും പൂർണത നൽകി. 2019-ൽ ചിലിയിൽ ദൃശ്യമാകുന്ന ഗ്രഹണത്തിനെപ്പറ്റി ചില ഭവിഷ്യപ്രവചനങ്ങൾ സാദ്ധ്യമായി. അതുപോലെ 2021-ൽ അൻ്റാർട്ടിക്കയിൽ നടന്ന ഗ്രഹണത്തെപ്പറ്റിയും.
ഈ അറിവുകളൊക്കെ സൂര്യൻ്റെ ബാഹ്യപടലമായ കൊറോണയെപ്പറ്റി വിശദമായ വിവരങ്ങളാണ് പകർന്നത്. ഈ അറിവുകൾ ആധാരമാക്കി നിർമിച്ചെടുത്ത മാതൃകകൾ സൂര്യനിൽ നിന്ന് ബഹിർഗ്ഗമിക്കുന്ന വസ്തുക്കൾ എങ്ങനെ സഞ്ചരിക്കുന്നു എന്നതിനൊക്കെ ഉത്തരം നേടാനുതകുന്നവയാണ്.
ഇന്ന് സൂര്യഗ്രഹണങ്ങൾ ഭൂമിയുടെ അന്തരീക്ഷമായ ‘തെർമോസ്ഫിയറി’ നെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് വിശദമായ അറിവുകൾ നമുക്ക് തരാൻ പ്രാപ്തമാണ്.
കൊറോണ; സൂര്യൻ്റെ ബാഹ്യവലയം
ഒരു കിരീടം പോലെ വശങ്ങളിലെല്ലാം കാണപ്പെടുന്ന , കത്തിജ്വലിക്കുന്ന പ്ലാസ്മയാണ് ‘കൊറോണ’ എന്നറിയപ്പെടുന്നത്. നിഗൂഢതകൾ ഏറെയുണ്ട് ഈ കൊറോണയ്ക്ക്. സൂര്യൻ്റെ മദ്ധ്യഭാഗത്തേക്കാൾ ചൂട് കൂടുതലാണ് കോറോണക്ക്. ഇത് ഒരു അസാമാന്യ പ്രതിഭാസമാണ്. സൂര്യൻ ജ്വലിക്കുന്ന തീക്കട്ടയാണെങ്കിൽ ബാഹ്യമായ കൊറോണക്ക് ചൂട് കുറവാകാനേ സാദ്ധ്യതയുള്ളൂ. സൂര്യൻ്റെ ഉൾക്കാതലിൽനിന്ന് മില്ല്യൺ കണക്കിന് കിലോമീറ്ററുകൾ അകലെയാണ് കൊറോണ. സൂര്യോപരിതലത്തിനേക്കാളും ചൂട് കൂടുതലുണ്ട് കൊറോണയ്ക്ക്. തീഗോളത്തിൻ്റെ ഉള്ളിൽ നിന്ന് ദൂരേക്കുപോകുംതോറും ചൂട് കുറയേണ്ടതാണ്, എന്നാൽ കാര്യം നേരെ മറിച്ചാണ്. ഗ്രഹണ സമയത്ത്, പ്രത്യേകിച്ച്, പൂർണഗ്രഹണം (total eclipse) നടക്കുമ്പോൾ ചുറ്റും ചുവന്ന ജ്വാലകൾ ആളിക്കത്തുന്നതുപോലെ കാണുന്നത്, ഈ കൊറോണയുടെ പുറമേയുള്ള ഹൈഡ്രജൻ അതി തീവ്രചൂടിൽ ജ്വലിക്കുന്നതാണ്. പ്രൊമിനൻസസ് (prominences) എന്ന് പേര്. കൊറോണയ്ക്ക് ജടിലാകൃതി നൽകുന്നത് ഈ പ്രലംബങ്ങളാണ്.
കൊറോണയുടെ ഉൾഭാഗത്തെക്കുറിച്ചുള്ള അറിവുകൾ പലപ്പോഴും ഗ്രഹണസമയത്താണ് സമാഹരിക്കപ്പെട്ടത്, അപ്പോഴാണ് ഘടന കൂടുതൽ തെളിയുന്നത് എന്നതിനാൽ. ഈ പഠനം അടിസ്ഥാനപരമായ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു- ചൂടും ഊർജ്ജവും സൂര്യവാത (solar winds) ത്തിലേക്ക് മാറ്റപ്പെടുന്നത് എങ്ങനെ, സൂര്യൻ നിതാന്തമായി പുറത്തേക്ക് പദാർത്ഥങ്ങൾ തെറിപ്പിക്കുന്ന പ്രതിഭാസത്തിൻ്റെ രഹസ്യമെന്ത് തുടങ്ങിയ ചോദ്യങ്ങൾക്ക്.
Solar winds ഭൂമിയ്ക്കും അതിലെ ജീവജാലങ്ങൾക്കും ഇവിടത്തെ ഇലക്ട്രോണിക് സന്ദേശസിസ്റ്റങ്ങൾക്കും ആഘാതങ്ങൾ നൽകാൻ പോന്നവയാണ്, അത് അതിവേഗതയാർന്ന് രൂപീകരിക്കപ്പെടുന്നതിനെക്കുറിച്ചറിയാൻ ഗ്രഹണം നിരീക്ഷിക്കുക തന്നെ വഴി.
2017-ലെ ഗ്രഹണകാലത്ത് നാസ ഒരു പുതിയ ഉപകരണം പരീക്ഷിച്ചു. അവിടത്തെ ശാസ്ത്രജ്ഞനായ നാച്ചിമുതുക്ക് ഗോപാലസ്വാമിയും കൂട്ടരും പുതിയ ഒരു ക്യാമറ നിർമിച്ചെടുത്തു. കൊറോണയിൽ നിന്ന് വമിയ്ക്കുന്ന പല തരംഗദൈർഘ്യങ്ങളുള്ള polarized പ്രകാശം ആലേഖനം ചെയ്യൽ എളുപ്പവും കൃത്യതരവുമാക്കുന്ന ഒരു ക്യാമറയായിരുന്നു ഇത്. അനങ്ങുന്നതോ ഇളകുന്നതോ ആയ ഭാഗങ്ങൾ ഇല്ലായ്കയാൽ അനുസ്യൂതമായുള്ള ചിത്രങ്ങൾ ലഭ്യമാകാൻ ഇത് ഉതകി.
ഈ വർഷത്തെ ഗ്രഹണസമയത്ത് കൊറോണയിൽ നിന്നുള്ള പ്രകാശബഹിർഗ്ഗമനത്തെക്കുറിച്ച് കൂടുതൽ അറിവ് ലഭിയ്ക്കാനുള്ള സാദ്ധ്യത തെളിഞ്ഞിട്ടുണ്ട്. കൊറോണ ഏറ്റവും സുതാര്യവും സ്പഷ്ടവുമായി കാണപ്പെട്ടത് ഈ വർഷത്തെ പൂർണഗ്രഹണത്തിൽത്തന്നെ.
പ്രവചനം പരീക്ഷിക്കാനുള്ള വേള
കാലിഫോർണിയയിലെ Predictive Science എന്ന സ്ഥാപനം ചില കണക്കുകൂട്ടലുകളുമായി എത്തിയിട്ടുണ്ട്. സൂര്യോപരിതലത്തിലെ കാന്തികമണ്ഡലത്തെക്കുറിച്ച് സാറ്റലൈറ്റുകൾ നൽകുന്ന വിവരങ്ങളും സൂപ്പർ കമ്പ്യൂട്ടറുകൾ ആവിഷ്ക്കരിക്കുന്ന അനുകരണനങ്ങളും (simulations) സമീകരിച്ച് ചില പ്രവചനങ്ങൾ സാദ്ധ്യമാക്കുന്നു. പക്ഷേ സൂര്യൻ പൊതുവേ അവ്യവസ്ഥയും കോലാഹലങ്ങളും നിറഞ്ഞതാണ്, ഭവിഷ്യത്തുകൾ കണകൂട്ടിയെടുക്കാൻ എളുപ്പമല്ല. എന്നാലും ഈ സ്ഥാപനത്തിലെ ശാസ്ത്രജ്ഞരുടെ അനുമാനങ്ങൾ സത്യത്തോട് അടുത്തുനിൽക്കുന്നു. എഴുന്നുനിൽക്കുന്ന മുള്ളുകൾ നിറഞ്ഞ, തൂമ്പയുടെ ആകൃതിയിലുള്ള ഘടനാസ്വരൂപങ്ങൾ streamers എന്നറിയപ്പെടുന്നു. ഇവയിൽ കൊറോണയുടെ പ്ലാസ്മ അടങ്ങുന്നു. ഇവയെ ഒതുക്കിനിർത്തുന്ന കാന്തികമണ്ഡലരേഖകൾ സൂര്യോപരിതലത്തിൽനിന്ന് വിട്ടുപോകുകയും എന്നാൽ ഉടൻ തിരിച്ച് അതിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. ഈ ‘സ്ട്രീമറുകൾ’ കൊറോണയിലെ മറ്റ് ഭാഗങ്ങളേക്കാൾ വെട്ടിത്തിളങ്ങും, കാരണം കൂടുതൽ സാന്ദ്രതയുള്ള പ്ലാസ്മയിലെ ഇലക്ട്രോണുകൾ പ്രകാശം വാരിവിതറുകയാണ്. അവരുടെ പ്രവചനമനുസരിച്ച് സ്ട്രീമെറുകളുടെ ഇടയ്ക്ക് ഇരുണ്ട ഇടങ്ങൾ (coronal holes) കാണുന്നത് കാന്തികമേഖലകൾ തിരിച്ച് ഉള്ളിലേക്ക് പ്രവഹിക്കാതിരിക്കുന്ന സ്ഥലങ്ങളാണ്. പക്ഷേ ഇവ ഏറെ സഞ്ചരിച്ച് ഗ്രഹങ്ങൾക്കിടയിലുള്ള ഇടങ്ങളിൽ എത്തുമത്രേ. ഈ coronal holes ആണ് സൂര്യവാതങ്ങൾ (solar winds) സൃഷ്ടിക്കുന്നത്. ഇവ വാസ്തവത്തിൽ ഊർജ്ജം ഉൾക്കൊണ്ട ഇലക്ട്രോനും പ്രോട്ടോണുമൊക്കെ കാന്തികമേഖലകളാൽ ത്വരിതപ്പെടുത്തപ്പെട്ടവയാണ്. ഇവ ജിയൊ മാഗ്നെറ്റിക് കൊടുങ്കാറ്റുകൾ സൃഷ്ടിക്കും. ഭൂമിക്കു ചുറ്റും കറങ്ങുന്ന സാറ്റെലൈറ്റുകളെ ബാധിക്കും. ഇതൊക്കെയാണ് ഇത്തവണത്തെ ഗ്രഹണത്തിൽ പരിശോധിക്കപ്പെട്ടതും അതിൽ നിന്ന് പഠിച്ചെടുക്കപ്പെട്ടവയും. ഗ്രഹണസമയത്ത് സ്ട്രീമേഴ്സിൻ്റേയും solar holes- ൻ്റേയും ഇടങ്ങൾ നിജപ്പെടുത്തി ഇവരുടെ കണക്കുകൂട്ടലുകളുമായി താരതമ്യപ്പെടുത്തി, സ്പേയ്സിലെ കാലാവസ്ഥയെക്കുറിച്ചും മറ്റും പുതിയ പഠനങ്ങൾ നടത്തിവരുന്നു, ഈ സ്ഥാപനം.
സാധാരണ ഈ കൊറോണ ദൃഷ്ടിഗോചരമല്ല. ജ്വലിക്കുന്ന ഒരു ഗോളത്തെ മാത്രമേ നമ്മൾ കാണൂ. ഗ്രഹണസമയത്ത് കൊറോണ കൃത്യമായി വെളിവാകുന്നതുകൊണ്ട് ശാസ്ത്രജ്ഞർ എന്നും കാത്തിരിക്കാറുണ്ട് ഈ അപൂർവ വേളയ്ക്കു വേണ്ടി. ഓരോ 11 വർഷവും സൂര്യൻ solar maximum-ത്തിൽ പ്രവേശിക്കുന്നു എങ്കിൽ അതിനിടയിൽ ഒരു മന്ദതയിൽ പ്രവേശിക്കാറുമുണ്ട്, 2017-ലെ സൂര്യഗ്രഹണം ഈ മന്ദവേളയിലായിരുന്നതുകൊണ്ട് അധികം പഠനങ്ങൾ സാദ്ധ്യമായില്ല. പക്ഷേ ഇത്തവണ solar maximum ആണ്. സൂര്യൻ ഉഗ്രകോപിയാകുന്ന ഈ സമയത്ത് കാന്തികശക്തി തീവ്രതരമാകും, സൺ സ്പോട്ടുകൾ നിർമിതമാകും.
ഇത്തവണത്തെ സൂര്യഗ്രഹണത്തിൽ കൂടുതൽ നിരീക്ഷിക്കപ്പെട്ടത് കൊറോണയുടെ തൊട്ടു താഴെയുള്ള chromosphere ആണ്. ഇത് പ്ളാസ്മയുടെ നേരിയ ഒരു അടരാണ്, പുഴു മാതിരിയുള്ള പ്ളാസ്മായുടെ തിരികൾ കൊറോണയിലേക്ക് പൊന്തിനിൽക്കുന്നതിനെ പ്രോമിനെൻസ് (prominence) എന്നു വിളിയ്ക്കുന്നു. ഇടവിട്ടിടവിട്ടുള്ള ഫോട്ടോ ചിത്രീകരണം (time-lapse filming) കൊണ്ട് ഈ പ്രതിഭാസം സാങ്കേതിക വിദഗ്ധർ പഠിച്ചെടുക്കുന്നു. സൂര്യവാത (solar winds) ത്തെക്കുറിച്ച് ഈ ഗ്രഹണം കൂടുതൽ അറിവ് നേടിത്തരുന്നുണ്ട്. ഹവായ്-ലെ മറ്റൊരു സ്ഥാപനം കഴിഞ്ഞ രണ്ട് വ്യാഴവട്ടക്കാലത്തെ ഗ്രഹണവിവരങ്ങളെല്ലാം ഒന്നിച്ചാക്കി സൂര്യൻ്റെ കാന്തികമണ്ഡലത്തിന് എന്തുമാത്രം വ്യത്യാസങ്ങൾ കാലാനുസൃതമായി സംഭവിക്കുന്നു എന്ന പഠനത്തിലേർപ്പെടുന്നുണ്ട്. കാന്തികമണ്ഡല പര്യയങ്ങളുടെ ആഴനിരീക്ഷണം സൗരയൂഥത്തിലെ അന്തരീക്ഷത്തിൻ്റെ കമ്പ്യൂട്ടർ മോഡലുകൾ ആവിഷ്ക്കരിക്കാൻ ഉപയുക്തമാകുന്നു. ചാക്രികതയിൽ നിബന്ധിച്ച സൂര്യൻ്റെ വിന്യാസങ്ങളെക്കുറിച്ച് അറിവും ലഭിക്കുന്നു.
ചിലപ്പോൾ ഈ പ്രഖ്യാതിക്കൂമ്പാരങ്ങൾ (prominences) വൻ വിസ്ഫോടനത്തോടെ പൊട്ടാറുണ്ട്. കൊറോണയിൽ നിന്ന് കൂട്ടബഹിർഗ്ഗമനമാണ് സംഭവിക്കുന്നത്. ടൺ കണക്കിന് തണുത്ത പ്ളാസ്മ (10,000 ഡിഗ്രിയാണ് ഈ ‘തണുപ്പി’ന്). പ്രവഹിക്കുകയാണ്. കൊറോണ ഇതിനെ പൊതിഞ്ഞുപിടിയ്ക്കും, താപനില 1,000,000 ഡിഗ്രി ആയിരിക്കും. സൂര്യൻ്റെ ഉഗ്ര കോപനിലയിലെ (solar maximum) ഈ നാടകീയ മുഹൂർത്തങ്ങൾ കാണാൻ ഇടവരുത്തുകയാണ് സമ്പൂർണഗ്രഹണം. ശാസ്ത്രജ്ഞർക്ക് പലതും പഠിച്ചെടുക്കാനുള്ള അപൂർവ്വവേളയും.
കൊറോണയിലെ ഘടനാംഗങ്ങൾ (component structures) എങ്ങനെ ഉരുത്തിരിയുന്നു എന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ നേടാൻ വിപുലമായ സംവിധാനങ്ങളാണ് ഇത്തവണ ആവിഷ്ക്കരിച്ചത്. Citizen scientist-മാരുടെ (ശാസ്ത്രനിരീക്ഷണങ്ങളെ സഹായിക്കാൻ തയാറാകുന്ന പൗരർ) 35 ടീമുകളാണ് ഗ്രഹണം കാണാൻ പറ്റുന്ന വഴികളിലൊക്കെ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ച് ഒരേതരത്തിലുള്ള ടെലിസ്കോപ്പുകളും ക്യാമറകളും ഉപയോഗിച്ച് വിവിധതരം ചിത്രങ്ങൾ എടുത്തത്. ഇത് ഒരു വൻ വിവരശേഖരമാണ്. പല വീക്ഷണകോണുകളിൽ നിന്ന് പല സമയങ്ങളിലായി ആലേഖനം ചെയ്യപ്പെട്ട ഈ ഫോട്ടോകൾ ഗ്രഹണത്തിൻ്റെ വിവിധ സ്വഭാവങ്ങൾ കാണിച്ചുതരുന്നു, കൊറോണയിലെ ഘടകങ്ങളുടെ ഉദ്ഭവവും പരിണാമവും വിദിതമാകുന്നു.
ചന്ദ്രൻ്റെ നിഴലാൽ സൂര്യൻ പൂർണമായും മറയ്ക്കപ്പെടുന്നതിനെ സമ്പൂർണത (totality ) എന്ന് വിളിയ്ക്കുന്നു. ഇത് സംഭവിച്ച സമയത്ത് റേഡിയോ തരംഗങ്ങൾ ഉളവാക്കി ‘സമ്പൂർണത’യുടെ വഴിയിലൊക്കെ സന്ദേശങ്ങളയച്ചു, മേൽച്ചൊന്ന നിരീക്ഷകർ. ഭൂമിയുടെ ഏറ്റവും മുകളിലുള്ള അന്തരീക്ഷത്തിലെ ഇലക്ട്രോണുകളുടെ സാന്ദ്രത എങ്ങനെ മാറപ്പെടുന്നു എന്നറിയാനാണിത്.
സ്പെയ്സ് കാലാവസ്ഥയിൽ സൂര്യൻ വരുത്തുന്ന മാറ്റങ്ങൾ കൊണ്ട് റഡാർ സംവേദനങ്ങളിൽ എങ്ങനെ, എത്രമാത്രം ഇടപെടലുകൾ നടക്കുന്നു എന്നത് തീർച്ചയാക്കാൻ ഇത് സഹായിക്കുന്നുണ്ട്. ഒരിടത്തുമാത്രം സൂര്യപ്രകാശം ഇല്ലാതാകുമ്പോൾ അത് നൂറുനൂറു മൈലുകൾക്കപ്പുറത്ത് അലയടിച്ചെത്തുന്നതുപോലെ, പ്രത്യാഘാതങ്ങൾ സൃഷ്ടിയ്ക്കുന്നതിനെപ്പറ്റി പഠിക്കാൻ വിർജീനിയ സംസ്ഥാനത്ത് ഗ്രഹണസമയത്ത് റോക്കറ്റുകൾ വിക്ഷേപിച്ചു. ഗ്രഹണങ്ങളും മറ്റ് സൂര്യവിന്യാസങ്ങളും സാറ്റലൈറ്റ് സന്ദേശങ്ങളേയും സമ്പർക്കങ്ങളേയും –ജി പി എസ് ഉൾപ്പെടെ- സ്വാധീനിക്കുന്നു എന്ന് പഠിച്ചെടുക്കാനാണിത്. കാലിഫോർണിയയിലെ ജന്തുശാസ്ത്രജ്ഞർ തേനീച്ചക്കൂടുകളിൽ ആലേഖന സാമഗ്രികൾ നിക്ഷേപിച്ചു, തേനീച്ചകൾ എങ്ങനെ സൂര്യപ്രകാശം ഉപയോഗിച്ച് ദിക്കുകൾ മനസ്സിലാക്കുന്നു, അന്തരീക്ഷത്തിലെ ആകസ്മിക മാറ്റങ്ങളോട് പ്രതികരിക്കുന്നു എന്നൊക്കെ പഠിയ്ക്കാൻ.
സഫാരി പ്രോജക്റ്റ്
ഗ്രഹണസമയത്ത് ഞാഞ്ഞൂലുകൾ തലപൊക്കുമോ? പൊക്കിയേക്കും. ഗ്രഹണസമയത്ത് ജന്തുക്കളുടെ പെരുമാറ്റങ്ങളിൽ മാറ്റം കാണപ്പെടുന്നുണ്ട്. പക്ഷികൾ ചിലയ്ക്കാറില്ല, ചീവീടുകൾ കരയാറില്ല എന്നത് സുവിദിതമാണ്. സൂര്യഗ്രഹണ സഫാരി പ്രോജക്റ്റ് ജന്തുക്കളുടെ പെരുമാറ്റങ്ങൾ എങ്ങനെ മാറുന്നു എന്ന് ആഗോളീയമായി പഠിച്ചെടുക്കുകയാണ്. ദേശാടനപ്പക്ഷികൾ വെളിച്ചത്തിൻ്റെ കുറവുകൊണ്ട് പറക്കൽ നിറുത്തുമോ? രാത്രിയായെന്ന് മൂങ്ങകളും വവ്വാലുകളും ധരിക്കുമോ? സാദ്ധ്യതകളുണ്ട്. ഇലക്ട്രോ മാഗ്നെറ്റിക് തരംഗങ്ങളിലുള്ള വ്യത്യാസങ്ങൾ പല ജന്തുക്കളും തിരിച്ചറിയുന്നു എന്നും സൂര്യഗ്രഹണം ആഗതമാകുന്നു എന്ന് അവർ മുൻകൂട്ടി അറിയുന്നു എന്നും നിഗമനങ്ങളുണ്ട്.
ഗ്രഹണം കാണുന്നവരിലൂടെ സഫാരി പ്രോജക്റ്റ് വൻ വിവരശേഖരമാണ് സാധ്യമാക്കിയത്. ആയിരക്കണക്കിന് ഒറ്റപ്പെട്ട നിരീക്ഷണങ്ങൾ ഒന്നിച്ചാക്കി പരിശോധിക്കുമ്പോൾ പുതിയ കണ്ടുപിടിത്തങ്ങൾക്ക് സാദ്ധ്യത തെളിയുന്നു. നാസയുടെ Eclipse Soundscape Project പ്രാണികളുടേയും പക്ഷികളുടേയും ശബ്ദവിന്യാസങ്ങളിലെ മാറ്റങ്ങളുടെ ഡാറ്റയാണ് ശേഖരിക്കുന്നത്. ഇതിലെ അംഗങ്ങൾ ആലേഖനം ചെയ്ത ശബ്ദങ്ങൾ- ഇടക്കു വരുന്ന നിശ്ശബ്ദതകൾ ഉൾപ്പെടെ – ഗ്രഹണത്തിൻ്റെ പല ഘട്ടങ്ങളുമായി യോജിപ്പിച്ച് പൊരുൾ തിരിച്ചുകൊണ്ടിരിക്കയാണിപ്പോൾ.
പാരസ്പര്യം, ഏകത, സഹജാവബോധം-സൂര്യഗ്രഹണത്തിൻ്റെ മാനുഷികവശം
ഗ്രഹണം പലപ്പോഴും വൻ കൂട്ടായ്മയാണ് സൃഷ്ടിയ്ക്കുന്നത്. ഇത് താനേ സംഭവിക്കുന്നതാണ്, ഒരു ‘ഡോമിനോ’ പ്രതിഭാസം പോലെ അവിസ്മരണീയമായ അനുഭവം നമ്മളൊന്നാണേ എന്ന് തോന്നിപ്പിക്കുകയാണ്. പ്രപഞ്ചത്തിൻ്റെ പ്രതിഭാസം ഒന്നിച്ച് കാണുക, അനുഭവിക്കുക എന്നത് ഭൂമിയിലെ ആഘോഷങ്ങളുമായി താരതമ്യമില്ലാത്തതാണ്. ഗ്രഹണത്തിൻ്റെ ആവേഗവും മാസ്മരികതയും എല്ലാവരും ഒന്നിച്ചനുഭവിക്കുക എന്നത് ഏകത്വത്തിൽ എത്തിയ്ക്കുകയാണ്. ഈ സംയോജകത ബന്ധിപ്പിക്കുന്നത് സാമൂഹ്യപാഠങ്ങളിലെ സിദ്ധാന്തമായ ‘കൂട്ടായ്മയുടെ ഉത്തേജനോൽസാഹം’ (collective effervescence) എന്നതുമായാണ്. ഒരുമിച്ച് അനുഭവിക്കുകയും പങ്കുവെയ്ക്കപ്പെടുകയും ചെയ്യുന്ന സന്തോഷത്തിൻ്റെ ഊർജ്ജം ഓരോരുത്തരുടേതും ഒന്നിച്ചുകൂട്ടിയതിലും കൂടുതലായിരിക്കും. അത് വികാരങ്ങളെ കൂടുതൽ വിപുലീകരിക്കുക മാത്രമല്ല, ആവർദ്ധനം ചെയ്യുക കൂടിയാണ്.