DNA-യുടെ കണ്ടുപിടിത്തം കൊടുംചതി, സയൻസിന് ഇനിയൊരു വാട്സണെ വേണ്ട

“വാട്സണും ക്രിക്കും, വിൽക്കിൻസും ഇല്ലായിരുന്നുവെങ്കിലും DNA-യെ മനുഷ്യർ കണ്ടെത്തുമായിരുന്നു. അവരുണ്ടായിരുന്നത് കൊണ്ട് സയൻസിൽ ഒരു വലിയ ചതി നടന്നു,” ശാസ്ത്രലോകത്തെ വലിയൊരു ചതിയെക്കുറിച്ചാണ് ഈ ആഴ്ച. ഡോ. പ്രസന്നൻ പി.എ. ഓസ്ട്രേലിയയിൽ നിന്ന് എഴുതുന്ന കോളം Good Evening Friday തുടരുന്നു.

Good Evening Friday - 53

ഥയാണ്, എന്ന് വെച്ചാൽ ട്രൂ സ്റ്റോറി.

കഥയിലെ കേന്ദ്രകഥാപാത്രങ്ങൾ രണ്ടു പേരാണ്. അവർ ചരിത്രത്തെ വിസ്മയിപ്പിച്ചവരാണ്. വിജ്ഞാനത്തിന്റെ അനന്തമായ ചക്രവാളങ്ങൾ തുറന്നുതന്നവരാണ്.

ഈ കഥയിൽ വില്ലന്മാർ ഇല്ല. ഉണ്ടായിരുന്നവരെ ഞാൻ കഥയുടെ പുറത്ത് നിറുത്തി.

ചതി നടന്നത് 1953 ജനുവരിയിലാണ്. Rosalind Franklin വർഷങ്ങളുടെ കഠിനപ്രയത്നം കൊണ്ട് നടത്തിയ ഗവേഷണഫലം Maurice Wilkins എന്നയാൾ മോഷ്ടിച്ചു. അയാൾ അത് ജെയിംസ് വാട്സണും ഫ്രാൻസിസ് ക്രിക്കിനും കൈമാറി.

റോസലിൻഡിന്റെ അതേ ഫീൽഡിൽ ഗവേഷണം നടത്തിക്കൊണ്ടിരുന്ന വാട്സണും, ക്രിക്കിനും, വിൽക്കിൻസിനും അതൊരു ബ്രേക്ക് ത്രൂ ആയിരുന്നു. അവസാനലാപ്പിലേക്ക് കുതിക്കാൻ അവർക്ക് സാധിച്ചത് ആ മോഷണം കൊണ്ടാണ്. അവർ മൊത്തം കണ്ടുപിടുത്തം അവരുടെ പേരിലേക്കാക്കി. നോബൽ സമ്മാനം നേടി.

ഒരു ഉളുപ്പുമില്ലാതെ അവർ നോബൽ സമ്മാനം ഏറ്റുവാങ്ങുന്നതിന് നാല് വർഷം മുമ്പ്, ചതിക്കപ്പെട്ടതറിയാതെ റോസലിൻഡ് തന്റെ മുപ്പത്തിയെട്ടാമത്തെ വയസ്സിൽ മരിച്ചു. ദീർഘനാളത്തെ പരീക്ഷണങ്ങൾക്കിടയിൽ ഏൽക്കേണ്ടി വന്ന റേഡിയേഷൻ ക്യാൻസറിന് കാരണമായി.

വാട്സൺ 1968-ൽ ഡബിൾ ഹെലിക്സ് എന്നൊരു പുസ്തകമെഴുതി. അതിൽ റോസലിൻഡിനെ അപമാനിക്കാനായി ഒരു ചാപ്റ്റർ തന്നെ അയാൾ എഴുതിച്ചേർത്തിരുന്നു. പരിഹാസത്തിന് മൂർച്ച കൂട്ടാനായി റോസി എന്നൊരു പുതിയ പേരിട്ടാണ് അയാൾ റോസലിൻഡിനെ വിളിച്ചത്.

മരിച്ചു പോയ റോസലിൻഡിന്റെ രൂപത്തെയും, ശബ്ദത്തെയും, ലിപ്സ്റ്റിക്കിനെയും അയാൾ കുറ്റപ്പെടുത്തിയത് അവൾക്ക് ഒരു പെണ്ണിന് ആവശ്യം വേണ്ട ഗുണങ്ങളില്ലായിരുന്നു എന്ന് സ്ഥാപിക്കാനായിരുന്നു. 'നീ വെറും പീറപ്പെണ്ണ്' എന്ന പ്രയോഗത്തിന്റെ ഉപജ്ഞാതാവ് തന്നെ വാട്സണായിരുന്നു. മോഷണത്തിന് കൂട്ട് നിന്ന ക്രിക്കിനും, വിൽക്കിൻസിനും പോലും വാട്സണെ പിന്തുണക്കാൻ സാധിച്ചില്ല, അത്രക്ക് ഭീകരമായിട്ടായിരുന്നു വാട്സൺ റോസലിൻഡിനെ ആക്രമിച്ചത്.

 Rosalind Franklin
Rosalind Franklin

ക്രിക്ക് ആ കാലത്ത് കുട്ടികളുണ്ടാകുന്നത് ലൈസൻസ് വെച്ച് നിയന്ത്രിക്കണമെന്നും, സമ്പത്തും, ബുദ്ധിയുള്ളവർക്കും മാത്രമേ കുട്ടികളുണ്ടാവാൻ അനുവദിക്കാവൂ എന്ന പ്രചരണത്തിലായിരുന്നു. യാതൊരു സയന്റിഫിക്ക് തെളിവുമില്ലാതിരുന്നിട്ടും അത്തരം ആളുകൾക്കേ ഗുണമേന്മയുള്ള സന്താനങ്ങളുണ്ടാവൂ എന്നയാൾ വിശ്വസിച്ചു.

സഹപ്രവർത്തകനായ ഡോക്ടർ ബർണാഡ് ഡേവിസിന് അയച്ച ലെറ്ററിൽ അയാൾ എഴുതി, “My other suggestion is… for them [people “poorly genetically endowed”] sterilisation… I would do this by bribery… (എന്റെ അഭിപ്രായത്തിൽ കൈക്കൂലി കൊടുത്തായാലും ജനിതകഗുണമില്ലാത്ത മനുഷ്യരെ വന്ധീകരിക്കണം)” പിന്നീട് അയാൾ ആ വഴി വിട്ട് ന്യൂറോസയൻസിലേക്ക് പോയി.

വിൽക്കിൻസ് മാത്രമാണ് പിൽക്കാലത്ത് റോസലിൻഡിനോട് ചെയ്ത ചതിയിൽ അൽപ്പമെങ്കിലും പശ്ചാത്തപിച്ചത്.

ഡബിൾ ഹെലിക്സ് പുറത്ത് വന്നപ്പോൾ വാട്സൺ ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന പരിണിതഫലമാണുണ്ടായത്. തന്നെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടി എഴുതിക്കൂട്ടിയ വരികൾക്ക് കിട്ടിയത് അയാൾ പ്രതീക്ഷിച്ചതിന്റെ ജസ്റ്റ് ഓപ്പോസിറ്റ് ഇഫക്റ്റ്. അവിടന്നങ്ങോട്ടാണ് സയന്റിഫിക് കമ്മ്യൂണിറ്റി റോസലിൻഡിനെ അറിയാൻ ശ്രമിച്ചത്.

എന്നിട്ടും വർഷങ്ങൾ എടുത്തു.

കൂട്ടുകാരിയായിരുന്ന Anne Sayre 1975-ൽ റോസലിൻഡിന്റെ ജീവചരിത്രമെഴുതി. Brenda Maddox റോസലിൻഡിന്റെ ജീവിതകഥ വിശദമായി വീണ്ടുമെഴുതി, 2002-ൽ. റോസലിൻഡാണ് അന്നത്തെ നോബൽ പ്രൈസിന് ആധാരമായ കണ്ടുപിടുത്തത്തിന് അടിത്തറയിട്ടതെന്ന് ലോകം പയ്യെ പയ്യെ മനസ്സിലാക്കി.

1953-ൽ റോസലിൻഡ് തന്റെ റിസർച്ച് നേച്ചർ ജേർണലിന് സമർപ്പിച്ചിരുന്നെങ്കിലും, ഒരു പ്രാധാന്യവും കൊടുക്കാതെയാണ് ചില ഡാറ്റകൾ എന്ന നിലയിലേക്ക് ചുരുക്കി ലാസ്റ്റ് പേജിൽ അത് പബ്ലിഷ് ചെയ്തപ്പെട്ടത്.

ഇന്ന് റോസലിൻഡിന്റെ ഡിസ്കവറി ഫോട്ടോഗ്രാഫ് 51 എന്ന പേരിൽ പ്രശസ്തമാണ്. ആ പേരിൽ ഹോളിവുഡ് ആക്ട്രസ്സ് നിക്കോൾ കിഡ്മാൻ അഭിനയിച്ച നാടകം ലണ്ടൻ നഗരം റോസലിൻഡിന് നൽകിയ ആദരം (Tribute) ആയിരുന്നു.

ഇല്ലനോയിലെ മെഡിക്കൽ യൂണിവേഴ്സിറ്റി റോസലിൻഡിന്റെ പേരിലാണ്. ബ്രിട്ടീഷ് റോയൽ സൊസൈറ്റി സയൻസിലും ടെക്നോളജിയിലും അസാധാരണ മികവിന് സ്ത്രീകൾക്ക് റോസലിൻഡ് ഫ്രാങ്ക്‌ളിൻ അവാർഡ് കൊടുക്കുന്നു. ബ്രിട്ടീഷ് സയൻസ് അസോസിയേഷൻ മികച്ച സയന്റിസ്റ്റുകൾക്ക് കൊടുക്കുന്ന മെഡൽ റോസലിൻഡിന്റെ പേരാണ്.

നെതർലൻഡ്സ് റോസലിൻഡ് ഫെല്ലോഷിപ്പ് പ്രോഗ്രാം ആരംഭിച്ചത് വനിതാ ഗവേഷകരെ സാമ്പത്തികമായി സഹായിക്കാനായിട്ടാണ്, ഇപ്പോഴും സയൻസിന്റെ ലോകത്ത് നിലനിൽക്കുന്ന ലിംഗ അസമത്വം ഇല്ലാതാക്കാനുള്ള ഗ്ലോബൽ ശ്രമത്തിന്റെ ഭാഗമായിട്ടും കൂടിയാണ്.

യൂറോപ്യൻ സ്പേസ് ഏജൻസി ചൊവ്വാ ഗ്രഹത്തിലെ പര്യവേഷണത്തിന് ഉപയോഗിച്ചത് 'റോസലിൻഡ് റോവർ' ആയിരുന്നു. ലണ്ടൻ നഗരത്തിൽ കിങ്‌സ് കോളേജിൽ ഇന്നുള്ള ഫ്രാങ്ക്‌ളിൻ ബിൽഡിങ്ങിലാണ് റോസലിൻഡ് അന്ന് തന്റെ പരീക്ഷണങ്ങൾ തയ്യാറാക്കിയിരുന്നത്.

വാട്സൺ 1968-ൽ ഡബിൾ ഹെലിക്സ് എന്നൊരു പുസ്തകമെഴുതി. അതിൽ റോസലിൻഡിനെ അപമാനിക്കാനായി ഒരു ചാപ്റ്റർ തന്നെ അയാൾ എഴുതിച്ചേർത്തിരുന്നു. പരിഹാസത്തിന് മൂർച്ച കൂട്ടാനായി റോസി എന്നൊരു പുതിയ പേരിട്ടാണ് അയാൾ റോസലിൻഡിനെ വിളിച്ചത്.
വാട്സൺ 1968-ൽ ഡബിൾ ഹെലിക്സ് എന്നൊരു പുസ്തകമെഴുതി. അതിൽ റോസലിൻഡിനെ അപമാനിക്കാനായി ഒരു ചാപ്റ്റർ തന്നെ അയാൾ എഴുതിച്ചേർത്തിരുന്നു. പരിഹാസത്തിന് മൂർച്ച കൂട്ടാനായി റോസി എന്നൊരു പുതിയ പേരിട്ടാണ് അയാൾ റോസലിൻഡിനെ വിളിച്ചത്.

വാട്സൺ ഡബിൾ ഹെലിക്സിൽ നിറുത്തിയില്ല. സ്ത്രീ വിരുദ്ധതയുടെയും, തീവ്രവംശീയതയുടെയും ഭീകരനിലപാടുകളുമായി അയാൾ യാത്ര തുടർന്നു.

"എന്റെ കൂടെ ജോലി ചെയ്യുന്ന സ്ത്രീകൾ സുന്ദരികളായിരിക്കണം. അവർ ആകർഷകമായ രീതിയിൽ വസ്ത്രം ധരിക്കണം. അവർ പറയുന്നതിന് മാത്രമാണ് അർഹിക്കുന്ന ഗൗരവം കിട്ടുന്നത്"

"ഫീമെയ്ൽ സയന്റിസ്റ്റുകൾക്ക് കുട്ടികൾ ഇല്ലാതിരിക്കുന്നതാണ് നല്ലത്"

"മാത്തമാറ്റിക്‌സും സയൻസും ഗ്രഹിക്കാനുള്ള സാമാന്യബുദ്ധിയില്ലാത്തവരാണ് സ്ത്രീകൾ"

"ഗർഭപാത്രത്തിൽ വെച്ച് ഗുണനിലവാരം നിശ്ചയിക്കുവാൻ കഴിയുമെങ്കിൽ മേൽത്തരം കുട്ടികളെ തിരഞ്ഞെടുക്കാനുള്ള വ്യവസ്ഥ നടപ്പിലാക്കണം. അതുപോലെ ഹോമോസെക്ച്യുൽ ആണെന്നറിയാൻ സാധിക്കുമെങ്കിൽ ഭ്രൂണഹത്യ (Abortion) നടത്തണം"

"വംശീയവിവേചനം ജൈവികമായി നിതീകരിക്കപ്പെടേണ്ടതാണ്"

"ബുദ്ധികുറവ് ഒരു ജനിതകവൈകല്യമായി കണക്കാക്കണം" (1997)

"കറുത്ത നിറമുള്ളവർ ലൈംഗിക ആസക്തിയുള്ളവരായിരിക്കും" (2000)

"ആഫ്രിക്കക്കാർക്ക് ബുദ്ധി കുറവാണ്. ഗുണം കുറഞ്ഞ ജീനുകളാണ് അവർക്ക് കിട്ടിയത്. അതുകൊണ്ട് ആഫ്രിക്കക്കാരുടെ ഭാവി ഇരുളടഞ്ഞതാണ്" (2007)

ഇതൊന്നും കേവലം വ്യക്തിപരമായ നിലപാടായിരുന്നില്ല; അയാൾ പ്രയോഗത്തിൽ വരുത്താൻ ശ്രമിച്ച നയങ്ങളായിരുന്നു, സയന്റിഫിക് കണ്ടുപിടുത്തങ്ങളെല്ലാം എതിരായിരുന്നിട്ടും.

അറിവുകളുടെ പ്രഭവകേന്ദ്രമെന്ന സ്റ്റാറ്റസ്, എവിഡൻസ് ബേസ്‌ഡ് പ്രാക്ടീസ്; എന്നിട്ടും മറ്റേതു മേഖലയിലും പോലെ ലിംഗ-വംശീയ വിവേചനം വ്യാപകമായിരുന്നു സയന്റിസ്റ്റുകളുടെ ലോകത്തും. വാട്സൺന്റെ മനുഷ്യവിരുദ്ധത അത്രമേൽ ഗുരുതരമായിരുന്നത് കൊണ്ട് സയന്റിഫിക് കമ്മ്യൂണിറ്റി അയാളെ തിരസ്കരിച്ചു.

കോൾഡ് സ്പ്രിങ്ങ് ഹാർബർ ലബോറട്ടറി (Cold Spring Harbor Laboratory) അയാളെ ചാൻസലർ പദവിയിൽ നിന്ന് പിരിച്ചുവിട്ടു, അയാൾക്ക് കൊടുത്ത വിവിധ ബഹുമതികളിൽ ഭൂരിഭാഗവും റദ്ദാക്കി. അയാൾ ഒറ്റപ്പെട്ടു.

വരുമാനം കുറഞ്ഞപ്പോൾ 2014 ൽ നോബൽ പ്രൈസ് മെഡൽ അയാൾ വില്പനക്ക് വെച്ചു. 4.5 മില്യൺ ഡോളർ കൊടുത്ത് ആ മെഡൽ വാങ്ങിയത് റഷ്യൻ ബില്യണെയർ അലിഷ് ഉസ്മാനോവ് ആയിരുന്നു. ഉസ്മാനോവ് ഒരു സയന്റിസ്റ്റിനോടുള്ള തന്റെ ആദരവ് എന്ന നിലയിൽ മെഡൽ തിരിച്ചു കൊടുത്തു. താൻ കൊടുത്ത ക്യാഷിൽ നിന്ന് ഒരു വിഹിതം റിസർച്ച് ഇൻസ്റ്റിറ്റ്യൂഷൻസിന് കൊടുക്കാൻ വാട്സണോട് ഉസ്മാനോവ് ആവശ്യപ്പെട്ടിരുന്നു. വാട്സൺ അതനുസരിച്ചു.

അൺസയന്റിഫിക് സ്റ്റേറ്റ്മെന്റ്‌സ് നടത്തിയതിൽ ഖേദമുണ്ടെന്ന് ഒരിക്കൽ വാട്സൺ പറഞ്ഞു. അത് നിലനിൽപ്പിന് വേണ്ടി മാത്രമായിരുന്നു. ആത്മാർത്ഥതയില്ലായിരുന്നു. 2019-ൽ അയാൾ അതെല്ലാം ആവർത്തിച്ചു. നിലപാടുകളിൽ ഒരു മാറ്റവുമില്ലെന്ന് പ്രഖ്യാപിച്ചു. കോൾഡ് സ്പ്രിങ്ങ് ഹാർബർ ലബോറട്ടറി ബാക്കിയുള്ള ബഹുമതികളും തിരിച്ചെടുത്തു.

2025 നവംബർ 6.

വാട്സൺ മരിച്ചു. തൊണ്ണൂറ്റിയേഴാം വയസ്സിൽ.

ഇവിടെയാണ് ഞാൻ നേരത്തെ സൂചിപ്പിച്ച കഥ തുടങ്ങുന്നത്.

വാട്സണും ക്രിക്കും, വിൽക്കിൻസും ഇല്ലായിരുന്നുവെങ്കിലും എന്റെ കഥാപാത്രങ്ങളിൽ ഒന്നായ DNA-യെ മനുഷ്യർ കണ്ടെത്തുമായിരുന്നു. അവരുണ്ടായിരുന്നത് കൊണ്ട് സയൻസിൽ ഒരു വലിയ ചതി നടന്നു. James Dewey Watson സയൻസിനുണ്ടാക്കിയ ഡാമേജ് വളരെ വലുതാണ്.

DNA യുടെ ഡിസ്ക്കവറിയിൽ വാട്സൺ വഹിച്ച പങ്ക് ഒട്ടും അപ്രധാനമല്ലായിരുന്നു എന്ന് അംഗീകരിക്കുമ്പോൾ തന്നെ സയൻസിന് ഇനിയൊരു വാട്സണെ വേണോ എന്ന് ചോദിച്ചാൽ വേണ്ട എന്നായിരിക്കും ഉത്തരം.

ഞാൻ പറയാൻ വന്ന കഥ സ്ഥലകാലപരിമിതി മൂലം അടുത്തൊരു ഈവനിങ്ങിലേക്കായി മാറ്റിവെക്കുന്നു.

Cheers!


Summary: Dr Prasannan PA writes about cheating behind the discovery of DNA. Why science doesn't need another James D. Watson? Good Evening Friday column continues.


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments