പൊറോട്ടയും ചിക്കനും കഴിക്കണോ എന്നത്
നമ്മുടെ തീരുമാന സ്വതന്ത്ര്യമല്ലത്രേ…

free will എന്നൊന്നില്ലത്രേ. എല്ലാം പൂർവ്വാനുസാരിയായി വന്നു ഭവിക്കുന്നതാണ്. നമ്മുടെ തെരഞ്ഞെടുപ്പുകൾ നമ്മുടെ സ്വാതന്ത്ര്യമല്ല. വിവാദം ക്ഷണിച്ചുവരുത്തുന്ന ആശയമാണിതെങ്കിലും ഇന്ന് ശാസ്ത്രലോകം, തീരുമാനസ്വാതന്ത്ര്യം നമുക്കില്ല എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. വേദാന്തികളുടെ വേദികളിൽ നിന്ന് ചർച്ച ന്യൂറോ ശാസ്ത്രജ്ഞരുടെ പരീക്ഷണശാലയിൽ എത്തിയിരിക്കുന്നു. എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 13

പ്രസിദ്ധ റെസ്റ്റോറൻ്റിലെത്തി മെനു കാർഡ് നോക്കി എന്താണ് ഓർഡർ ചെയ്യേണ്ടത് എന്നാലോചിക്കുന്നു.
പൊറോട്ടയും ചിക്കനും?
അതോ ബീഫോ?
ചിക്കൻ ബിരിയാണി ആയാലോ?
ചൈനീസ് ഐറ്റം വല്ലതും നോക്കിയാലോ?
ഒരു തീരുമാനത്തിലെത്തുന്നു.
എന്തു തീരുമാനിക്കുന്നു എന്നത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്. പക്ഷേ അങ്ങനെ നേരെ വാ നേരേ പോ എന്ന മട്ടിലായിരിക്കില്ല കാര്യങ്ങൾ എന്നാണ് ആധുനിക ശാസ്ത്രചിന്താഗതി പറയുന്നത്. നിങ്ങൾ ഒരു തീരുമാനമെടുക്കുന്നത് നേരത്തെ നിശ്ചയിക്കപ്പെട്ട കാര്യങ്ങൾ അനുസരിച്ചാണ്; free will (തീരുമാനസ്വാതന്ത്ര്യം) എന്നൊന്നില്ലത്രേ. എല്ലാം പൂർവ്വാനുസാരിയായി വന്നു ഭവിക്കുന്നതാണ്. നമ്മുടെ തെരഞ്ഞെടുപ്പുകൾ നമ്മുടെ സ്വാതന്ത്ര്യമല്ല. ഏറേ വിവാദങ്ങൾ ക്ഷണിച്ചുവരുത്തുന്ന ആശയമാണിതെങ്കിലും ഇന്ന് ശാസ്ത്രലോകം, തീരുമാനസ്വാതന്ത്ര്യം നമുക്കില്ല എന്ന് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. അതായത്, There is no free will. വേദാന്തികളുടെ വേദികളിൽ നിന്ന് ചർച്ച ന്യൂറോ ശാസ്ത്രജ്ഞരുടെ പരീക്ഷണശാലയിൽ എത്തിയിരിക്കുന്നു.

2012- ൽ ന്യൂറോ സയൻ്റിസ്റ്റ് ആയ ഡോ. സാം ഹാരിസ് എഴുതിയ ‘Free Will’ എന്ന പുസ്തകം ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചതാണ്, മേൽച്ചൊന്ന ആശയത്തിൻ്റെ പരസ്യപ്രസ്താവനയുമായിരുന്നതിനാൽ. പണ്ടേ വേദാന്തികൾ ഇച്ഛാസ്വാതന്ത്ര്യത്തെക്കുറിച്ച് ഘോരഘോരം വാദപ്രതിവാദങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും ന്യൂറോ സയൻസ് ഈ വാദം ഏറ്റടുത്തത് കൂടുതൽ പേരെ ആശയക്കുഴപ്പത്തിലാക്കി.

ഓരോ വ്യക്തിയും സ്വന്തം ചിന്തകളും പ്രവൃത്തികളും കൊണ്ട് ആത്മസത്തയെ വെളിവാക്കുന്നു, അത് വ്യക്തിത്വത്തിൻ്റെ ആധാരമാവുന്നു. കൂടാതെ നിയമം, രാഷ്ട്രീയം, മതം, തീവ്രബന്ധങ്ങൾ, വികാരാവബോധം, വിജയീഭാവം ഇവയൊക്കെ ഈ വ്യക്തിത്വസത്തയുടെ പ്രതിഫലനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്; ഇച്ഛാസ്വാതന്ത്ര്യം /തീരുമാനസ്വാതന്ത്ര്യം ഇതിൻ്റെ അടിസ്ഥാനവുമാണ്. ഈ ഉറപ്പിന് ഇളക്കം തട്ടിയിരിക്കുന്നത് ഇന്ന് കൂടുതൽ ചോദ്യങ്ങൾക്ക് വഴിവെക്കുന്നുണ്ട്.

സാം ഹാരിസ്
സാം ഹാരിസ്

പക്ഷേ തീരുമാനസ്വാതന്ത്ര്യം എന്നത് വെറും മിഥ്യയാണത്രെ. എല്ലാം പൂർവ്വനിശ്ചയപ്രകാരം നടപ്പിലാകുന്നതാണെങ്കിൽ അത് ധാർമികതയുടെ നിർവ്വചനം മാറ്റിമറിക്കില്ലേ, സാമൂഹ്യ- രാഷ്ട്രീയ സ്വാതന്ത്രത്തെ ഇല്ലാക്കില്ലേ എന്നീ ആശങ്കകൾ അസ്ഥാനത്താണെന്നും ഹാരിസ് വാദമുഖങ്ങളിലൂടെ തെളിയിക്കുന്നുണ്ട്. വ്യക്തിയുടെ തീരുമാനങ്ങൾക്ക് അവനെ / അവളെ കുറ്റപ്പെടുത്തേണ്ട, determinism- ൻ്റെ ഭാഗം മാത്രമാണത് എന്നത് ദഹിക്കാൻ പ്രയാസമുള്ള വാദവുമാണ്. നിസ്സാരമോ തീവ്രഫലസ്വരൂപിയോ ആയ നിശ്ചയങ്ങളെല്ലാം പൂർവ്വാപരബന്ധിയാണത്രേ. പ്രപഞ്ചത്തെ ‘റിവൈൻഡ്’ ചെയ്താൽ നിങ്ങൾ ഇതേപടിതന്നെ വർത്തിക്കും, നിങ്ങളുടെ തലച്ചോറ് അങ്ങനെയാണ് വയറിങ്ങ് ചെയ്തിട്ടുള്ളത്. തീരുമാന സ്വാതന്ത്ര്യം വെറും മായ മാത്രം. നമ്മുടെ ആത്മാവിൻ്റെ നൗക തുഴയുന്നത് നമ്മൾ തന്നെയോ? അല്ലേ? ആണോ? എന്തുകൊണ്ട് അല്ല?

മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്ര്യ നിഷേധവാദം) പ്രബലമായിരുന്നു ഒരു കാലത്ത്.

ഈ ചോദ്യം വേദാന്തികളും മതപണ്ഡിതരും ഫിസിക്സ് ശാസ്ത്രജ്ഞരും ഏറെ നാളായി വിക്ഷേപണം ചെയ്യുന്നതാണ്; ഇതോടൊപ്പം ഇന്ന് ന്യൂറോ ശാസ്ത്രജ്ഞരും ചേർന്നിരിക്കുന്നു. തലച്ചോറിൻ്റെ പ്രവർത്തനം ആധാരമാക്കിയാണ് ഇവരുടെ വാദഗതികൾ ആഴം തേടുന്നത്. നമുക്ക് സ്വതന്ത്രതീരുമാനം എന്നൊന്നില്ലെന്ന് ഇവർ തെളിവുകൾ നിരത്തി ബോദ്ധ്യപ്പെടുത്താൻ തുനിയുന്നുണ്ട്. പുരാതന ഗ്രീക് വേദാന്തികൾ സംശയിച്ചിരുന്നതും ഇതു തന്നെ, ഓരോ സംഭവത്തിനും കാരണമായി അതിനുമുൻപ് നടന്ന ഒന്ന് ഉണ്ട് എന്ന വാദം. ഇന്ന് തീരുമാനസ്വാതന്ത്ര്യത്തിൻ്റെ നിർവ്വചനം ഇപ്രകാരമാണ്: “A philosophical theory holding that all events are inevitable consequences of antecedent sufficient causes; often understood as denying the possibility of free will.”

പുരാതന ഗ്രീക് വേദാന്തികൾ സംശയിച്ചിരുന്നതും ഇതു തന്നെ, ഓരോ സംഭവത്തിനും കാരണമായി അതിനുമുൻപ് നടന്ന ഒന്ന് ഉണ്ട് എന്ന വാദം. /  Photo: Wikimedia Commons
പുരാതന ഗ്രീക് വേദാന്തികൾ സംശയിച്ചിരുന്നതും ഇതു തന്നെ, ഓരോ സംഭവത്തിനും കാരണമായി അതിനുമുൻപ് നടന്ന ഒന്ന് ഉണ്ട് എന്ന വാദം. / Photo: Wikimedia Commons

മനുഷ്യപ്രവർത്തനത്തെ നിയന്ത്രിക്കുന്നത് ഇച്ഛാശക്തിക്കതീതമായ ബാഹ്യപരിതസ്ഥിതികളാണെന്ന വാദം (ചിത്തസ്വാതന്ത്ര്യ നിഷേധവാദം) പ്രബലമായിരുന്നു ഒരു കാലത്ത്. പിന്നീടുവന്ന ഭൗതികശാസ്ത്രതത്വങ്ങൾ -ന്യൂട്ടൻ്റെ ചലനനിയമങ്ങൾ- മൂലകങ്ങളെ അടുക്കി വെയ്ക്കുന്ന പിരിയോഡിക് ടേബിൾ -ഇതിന് പിൻബലവുമേകി. ഭൗതികലോകത്ത് ഇങ്ങനെയൊരു സംഭവത്തിന് കാരണമായി പശ്ചാത്തലത്തിൽ എന്തെങ്കിലും നടന്നിട്ടുണ്ട് എന്നത് തീർച്ചയായി. സൂര്യനു ചുറ്റും ഗ്രഹങ്ങൾ കറങ്ങുന്നതോ ടേബിൾ ടെന്നീസിലെ ബോളുകളുടെ നീക്കമോ ഒക്കെ ഒരു സംഭവത്തിന്റെ പിൻതുടർച്ച എന്നത് തീർച്ചയാക്കി, ഇത്തരം വാദങ്ങൾ.

നിയതത്വവാദം ശരിയാണെങ്കിൽ 13 ബില്ല്യൺ വർഷങ്ങൾക്കുമുൻപ് ‘ബിഗ് ബാങ്’ സംഭവിച്ചപ്പോൾ പിന്നീടുള്ള സംഭവങ്ങൾ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കണം.

എന്നാൽ തലച്ചോർ നിയന്ത്രിക്കുന്നതോ ഉളവാക്കുന്നതോ ആയ തോന്നലുകളും തീരുമാനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഒരു കാരണം കൊണ്ട് ഒരു സംഭവം നടക്കുമ്പോൾ അത് ഒരേയൊരു രീതിയിൽ മാത്രമേ സംഭവിക്കുകയുള്ളൂ. നിയതത്വവാദം ശരിയാണെങ്കിൽ 13 ബില്ല്യൺ വർഷങ്ങൾക്കുമുൻപ് ‘ബിഗ് ബാങ്’ സംഭവിച്ചപ്പോൾ പിന്നീടുള്ള സംഭവങ്ങൾ തീരുമാനിക്കപ്പെട്ടു കഴിഞ്ഞിരിക്കണം. ഇനിയും അത് സംഭവിക്കുകയാണെങ്കിൽ പ്രപഞ്ചം ഇതേപടി വികസിക്കും, ഒരു ആവർത്തനം എന്ന മാതിരി. തീരുമാനസ്വതന്ത്ര്യ (free will) തിയറിയെ എതിർക്കുന്നവരുടെ വാദഗതിയാണിത്. മനുഷ്യൻ വീണ്ടും ആവിർഭവിക്കും, അവർ ഇതുപോലെ പരിണമിക്കും.

മാർക്ക് ബലാഗുവർ
മാർക്ക് ബലാഗുവർ

ഡിറ്റർമിനിസം സത്യമാണെങ്കിൽ നമ്മൾ ഇന്നെടുക്കുന്ന തീരുമാനങ്ങൾ സൗരയൂഥങ്ങൾ ഉടലെടുക്കുന്നതിനും അപ്പുറം തീരുമാനിക്കപ്പെട്ടതായിരിക്കും. ഇപ്രകാരം സ്വതന്ത്രതീരുമാനം എന്നൊന്ന് ഇല്ല എന്ന് നിശ്ചയിക്കാം. ഐസ്ക്രീം കടയിൽ ഏതുതരം ഐസ്ക്രീം വേണം എന്ന് തീരുമാനിക്കാൻ പോകുമ്പോൾ free will സത്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന മാർക്ക് ബലാഗുവറിൻ്റെ (Mark Belaguer) വാദമുഖമാണിത്.

ക്വാണ്ടം ഫിസിക്സ് തീരുമാനസ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നുവോ?

ന്യൂട്ടോണിയൻ തിയറികൾ തിരുത്തിക്കുറിച്ച് പിന്നീട് വന്ന ക്വാണ്ടം മെകാനിക്സും ആപേക്ഷിക സിദ്ധാന്തവും നിയതിവാദത്തെ (determinism) ഉലച്ചിട്ടുണ്ട്. സംഭാവ്യത (Probability) യിലൂന്നിയുള്ള ആലോചനയാണ് ഇവിടെ. സാധാരണ ഒരു ഭൗതികവ്യവ്സ്ഥ ( Physical system) ‘എസ്’ എന്ന സ്ഥിതിയിലാണെങ്കിൽ, അതിന്മേൽ ഒരു പരീക്ഷണം (ഇ) ചെയ്യുകയാണെങ്കിൽ ‘ഒ’ എന്ന പരിണതഫലം (outcome) ആയിരിക്കും ഉളവാകുക. എന്നാൽ ക്വാണ്ടം ഫിസിക്സ് അനുസരിച്ച് ഇതേ പരീക്ഷണത്തിൽ രണ്ട് സംഭാവ്യതകളാണുള്ളത്: ഒ 1-ഉം ഒ 2- ഉം പരിണതഫലങ്ങളാവാം. 50% സാദ്ധ്യത ഒ 1 ഉളവാകാനാണെങ്കിൽ 50% സാദ്ധ്യത ഒ 2 ഉളവാകാനുണ്ട്.
ഒ 1 പരിണതഫലമായെങ്കിൽ ചോദ്യമുദിക്കും: എന്തുകൊണ്ട് ഒ 1 കിട്ടി? എന്തുകൊണ്ട് ഒ 2 കിട്ടിയില്ല? ക്വാണ്ടം മെക്കാനിക്സ് ഒരു ഉത്തരം തരുന്നില്ല. ഒ 1 പരിണതഫലം കിട്ടാൻ ഒരു കാരണവും ക്വാണ്ടം മെക്കാനിക്സിന് മുന്നോട്ടു വെയ്ക്കാനില്ല. അങ്ങനെയങ്ങു സംഭവിച്ചു, അത്രമാത്രം. ഐൻസ്റ്റൈൻ നിയതവാദവുമായി മുന്നോട്ടുപോയപ്പോൾ ഹൈസൻബെർഗും നീൽസ് ബോറും (Niels Bohr) പ്രപഞ്ചത്തിൻ്റെ സ്വഭാവം സംഭാവ്യതയുടേതാണ് എന്നു വാദിച്ചു. അവരുടെ വാദപ്രകാരം ഒ 1 ഫലം എന്നത് കാരണമില്ലാത്ത വെറും ഒരു സംഭവം മാത്രം. ക്വാണ്ടം മെക്കാനിക്സിൻ്റെ അടിത്തട്ടിൽ സത്യം എന്നത് ഇനിയും ഒളിഞ്ഞുകിടക്കുന്നു. Non-deterministic ആണ് പ്രപഞ്ചം എന്ന വിശ്വാസം ഇന്ന് ശക്തമാർന്നതാണ്.

നീർ ബോർ, ഹൈസൻബർഗ്
നീർ ബോർ, ഹൈസൻബർഗ്

നിയതിവാദത്തിനോട് യോജിക്കാത്ത കേയോസ് തിയറിയും (Chaos theory) സംഭാവ്യത (probability) യിൽ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. സങ്കീർണവ്യവസ്ഥകൾ ചെറിയ മാറ്റങ്ങൾക്ക് എളുപ്പം വശംവദരാകും, പ്രവചിക്കാനാവാത്ത വിധത്തിലുള്ള സ്വഭാവങ്ങൾ പ്രകടമാക്കും. ആകെ അലങ്കോലമായ അവസ്ഥ. ഇന്ന് സംഭരിക്കപ്പെട്ടിട്ടുള്ള എല്ലാ അറിവുകളും ഉണ്ടായിട്ടു പോലും പ്രപഞ്ചത്തിന് എന്തു സംഭവിക്കും എന്ന് പ്രവചിക്കാൻ വയ്യ. Chaos theory ഇപ്രകാരം determinism എന്ന തത്വത്തിന് എതിർ നിൽക്കുന്നു.

ന്യൂറോണുകൾ
ഫിസിക്സ് പഠിച്ചവരാണോ?

കണികാശാസ്ത്രവും ഫിസിക്സ് നിയമങ്ങളും അനുസരിച്ചാണോ ഒരു ജൈവയന്ത്രമായ തലച്ചോർ പ്രവർത്തിക്കുന്നത്? അടിസ്ഥാനപരമായി ആറ്റം പ്രവർത്തനങ്ങളാണെങ്കിലും ‘തോന്നൽ’ എന്നത് അടിസ്ഥാന ഭൗതികശാസ്ത്രത്തെ (fundamental physics) ആധാരമാക്കിയാണ് രൂപപ്പെടുന്നത് എന്ന് ശഠിക്കണമോ? ചോദ്യം സംഗതമാണ്. തീരുമാനങ്ങളെടുക്കുന്നത് ആയിരക്കണക്കിനു ന്യൂറോൺ സംഘങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചിട്ടാണ്. നിയതവാദം അങ്ങനെ ഇന്ന് ന്യൂറോശാസ്ത്രജ്ഞരുടെ വ്യവഹാരവേദിയിൽ എത്തപ്പെട്ടിരിക്കയാണ്.

കണികാശാസ്ത്രവും ഫിസിക്സ് നിയമങ്ങളും അനുസരിച്ചാണോ ഒരു ജൈവയന്ത്രമായ തലച്ചോർ പ്രവർത്തിക്കുന്നത്? / Photo: ZEISS Microscopy
കണികാശാസ്ത്രവും ഫിസിക്സ് നിയമങ്ങളും അനുസരിച്ചാണോ ഒരു ജൈവയന്ത്രമായ തലച്ചോർ പ്രവർത്തിക്കുന്നത്? / Photo: ZEISS Microscopy

ബെഞ്ചമിൻ ലിബെറ്റ് എന്ന ന്യൂറോശാസ്ത്രജ്ഞനാണ് ആദ്യമായി, 1980-കളിൽ, ഒരു പരീക്ഷണത്തിലൂടെ തീരുമാനസ്വാതന്ത്ര്യം എന്നൊന്ന് ഇല്ലെന്ന് തെളിയിക്കാൻ ശ്രമിച്ചത്. തലയിൽ ഇലക്ട്രോഡുകൾ ഘടിപ്പിക്കപ്പെട്ടവരോട് ഒരു തെരഞ്ഞെടുപ്പ് നടത്തുന്നതിനായി ഒരു ബട്ടൺ അമർത്താൻ നിർദ്ദേശിക്കുകയും അവരുടെ തലച്ചോർ സംഭവങ്ങളെ രേഖപ്പെടുത്തുകയുമായിരുന്നു പരീക്ഷണത്തിൻ്റെ കാതൽ. അവർ ബട്ടൺ അമർത്തുന്നതിനു തൊട്ടു മുമ്പേ തലച്ചോർ ചില സൂചനകൾ നൽകുന്നതായി തെളിയുകയും അവരുടെ ബട്ടൺ അമർത്താനുള്ള, അല്ലെങ്കിൽ കൈ ഉയർത്താനുള്ള തീരുമാനം അത് ചെയ്യുന്നതിനു മുമ്പുതന്നെ തലച്ചോർ നിജപ്പെടുത്തിയിരുന്നു എന്നുമാണ് ലിബെറ്റും കൂട്ടരും അനുമാനിച്ചത്.

ബെഞ്ചമിൻ ലിബെറ്റ്
ബെഞ്ചമിൻ ലിബെറ്റ്

Free will തർക്കങ്ങൾ ഇതോടെ വഴിമാറി. തലച്ചോർ തീരുമാനങ്ങൾ നമ്മുടെ അറിവോടെയല്ല ഉളവാകുന്നത്, അത് പ്രവർത്തിക്കു മുമ്പുതന്നെ തീരുമാനിക്കപ്പെടുന്നു എന്നത് പരീക്ഷണം മൂലം തെളിയിക്കാം എന്നത് തീരുമാനസ്വാതന്ത്ര്യം ഇല്ല (There is no free will) എന്ന വാദഗതിക്ക് ശക്തി പകർന്നു. എന്നാൽ പിന്നീട് ലിബെറ്റിൻ്റെ പരീക്ഷണങ്ങളുടെ പരിമിതികൾ തെളിയിക്കപ്പെട്ടു, ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് തലച്ചോർ നമ്മളറിയാതെ മുൻകൂറായി തീരുമാനമെടുക്കുന്നത് എന്നത് തീർച്ചയായി. എങ്കിലും അതിലെ സത്യം ഇന്നും അംഗീകരിക്കപ്പെടുന്നുണ്ട്. തലയോട്ടിയിൽ ഘടിപ്പിക്കപ്പെട്ട ഇലക്ട്രോഡുകൾ തലച്ചോറിൻ്റെ ഉള്ളിലെ മാറ്റങ്ങൾ റെക്കോർഡ് ചെയ്യാൻ പ്രാപ്തമല്ല, ഇപ്പോൾ നിലവിലുള്ള functional MRI കൂടുതൽ കൃത്യമായ വിവരങ്ങൾ സംഭാവന ചെയ്യും എന്ന പ്രതീക്ഷയിലാണ് ന്യൂറോ ശാസ്ത്രജ്ഞർ.

കൂവീച്ചകളുടെ
തീരുമാനങ്ങൾ

അടുക്കളയിൽ കാണപ്പെടുന്ന കൂവീച്ച (പഴ ഈച്ച) ഒന്നാന്തരം പരീക്ഷണവസ്തുവാണ്, ജെനെറ്റിക്സിലും പെരുമാറ്റ പഠന (behaviour studies ) ങ്ങളിലും. അവയുടെയും അതുപോലുള്ള ലളിതജന്തുക്കളുടേയും പെരുമാറ്റങ്ങൾ വളരെയധികം നിയതതത്വമാർന്നതാണെന്നാണ് (deterministic) പൊതുവേ വിശ്വാസം. എന്നാൽ ആധുനിക പരീക്ഷണങ്ങൾ തെളിയിക്കുന്നത് നേർവിപരീതമായ തത്വങ്ങളാണ്. പുറത്തു നിന്നുമുള്ള ഉത്തേജക സന്ദേശങ്ങൾ (external stimuli) അനുസരിച്ചാണ് ഇവയുടെ അനിച്ഛാപൂർവ്വപ്രതികരണങ്ങൾ. ഇത്തരം സംവേദനങ്ങൾ സാദ്ധ്യമാകാത്ത വിധം ഒരു വെളുത്ത ചെണ്ടയിൽ അകപ്പെടുത്തിയ ഈച്ചകൾ നിയതിവാദ (deterministic) പ്രകാരമോ തോന്നിയപോലെ (random) യോ ആയിരുന്നില്ല, പ്രത്യുത, മേൽച്ചൊന്ന കേയോസ് തത്വമനുസരിച്ചുള്ള പെരുമാറ്റങ്ങളായിരുന്നു പ്രദർശിപ്പിച്ചത്.

കൂവീച്ച
കൂവീച്ച

കേയോസ് വ്യവസ്ഥയ്ക്ക് ചില പ്രത്യേക കണക്കുകൂട്ടലുകളുണ്ട്, അവ അതേപടി കണ്ടെത്താനായി ഇവിടെ. ഒന്നും പ്രവചിക്കാൻ സാദ്ധ്യമല്ലാത്ത വിധത്തിലായിരുന്നു ഈ ഈച്ചകളുടെ പ്രവൃത്തികൾ. ‘അപ്ളിസിയ’ എന്ന കടൽ ഒച്ചുകൾ പായൽ തിന്നുന്ന പ്രക്രിയയ്ക്കും ഇതേ സവിശേഷതകളാണ് നിരീക്ഷിക്കപ്പെട്ടത്. മനുഷ്യനിലും ഇതേ അടിസ്ഥാന വ്യവഹാരങ്ങളായിരിക്കണം നടപ്പാകുന്നതെന്നും നമ്മുടെ തീരുമാനങ്ങൾ പ്രവചിക്കാൻ സാദ്ധ്യതയില്ലെന്നുമാണ് അനുമാനങ്ങൾ. എന്നാൽ ജന്തുക്കളുടെ പെരുമാറ്റങ്ങളിൽ നിന്ന് പഠിച്ചെടുക്കുന്ന തത്വങ്ങൾ നമ്മളെ determinism- ൻ്റെ ചങ്ങലകളിൽ നിന്ന് വിമുക്തമാക്കുന്നു എന്ന് പല ന്യൂറോശാസ്ത്രജ്ഞരും വിശ്വസിക്കുന്നില്ല.

തീരുമാനസ്വാതന്ത്ര്യം
ഇല്ലാത്ത ജീവിതം

സ്റ്റാൻഫോറ്ഡ് യൂണിവേഴ്സിറ്റിയിലെ ന്യൂറോ സയൻ്റിസ്റ്റ് റോബർട്ട് സാപോൽസ്കിയാണ് ഇന്ന് നിയതവാദഗതിയിലെ പ്രമുഖൻ. അദ്ദേഹത്തിൻ്റെ Determinism- Life Without Free Will എന്ന പുസ്തകം ഈയിത്‍യാണ് പ്രസിദ്ധീകരിച്ചത്. തലച്ചോർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെപ്പറ്റി കൂടുതൽ അറിയുമ്പോൾ, എങ്ങനെ അത് മനുഷ്യപെരുമാറ്റത്തെ ബാധിക്കുന്നു എന്നത് മനസ്സിലാക്കപ്പെടുമ്പോൾ, തീരുമാനങ്ങൾ സ്വതന്ത്രമല്ലെന്ന് തെളിയുന്നു എന്നാണ് സപോൽസ്കിക്ക് പറയാനുള്ളത്.

റോബർട്ട് സാപോൽസ്കി
റോബർട്ട് സാപോൽസ്കി

മനുഷ്യപെരുമാറ്റത്തെയും മാനസിക വ്യാപാരങ്ങളേയും ബാധിക്കുന്ന പല ഘടകങ്ങളുണ്ട്. ഗർഭസ്ഥരായിരിക്കുമ്പോൾ അമ്മയുടെ ഫിസിയോളജി മാറ്റങ്ങൾ ശിശുവിനെ ബാധിക്കുന്നുണ്ട്. പോഷകങ്ങളിലെ വ്യത്യാസം തലച്ചോർ വികാസത്തിൽ ഇടപെടുന്നുണ്ട്, കൊച്ചുന്നാളിലെ അനുഭവങ്ങളും ചുറ്റുപാടുകളും പിന്നീടുള്ള തലച്ചോർ പ്രവർത്തനങ്ങളെ സ്വാധീനിക്കുന്നുമുണ്ട്. ഡി.എൻ.യിൽ ചില മാറ്റങ്ങൾ വരുത്താനും പര്യാപ്തമാണ് ഈ ഘടകങ്ങൾ. ‘എപിജെനെറ്റിക്സ് ‘ എന്നറിയപ്പെടുന്നു ഈ പ്രതിഭാസം. ഉൽക്കണ്ഠാകുലനോ അക്രമാസക്തനോ ഉൾവലിഞ്ഞവനോ ഒക്കെ ആയി മാറുന്നതിൽ ഇത്തരം എപിജെനെറ്റിക് ഘടകങ്ങൾക്ക് പ്രാധാന്യമുണ്ട്. തലച്ചോർ എങ്ങനെ തീരുമാനങ്ങളെടുക്കുന്നു എന്നതിനെക്കുറിച്ച് പൂർണ അറിവുകൾ ലഭിച്ചിട്ടില്ല. എങ്കിലും മേൽപ്പറഞ്ഞ പ്രഭാവങ്ങളുടെ അനുരണനങ്ങൾ സ്വാധീനിക്കുന്നുണ്ട് തീരുമാനത്തെ. ഒരു കട കൊള്ളയടിക്കാൻ ആസൂത്രണം ചെയ്യുന്ന ആളുടെ ന്യൂറോണുകളുടെ പാരസ്പര്യമാണതിനു കാരണമാകുന്നതെന്നും അത് അയാളുടെ വളർച്ചാകാലത്തെ പരിസ്ഥിതികളുടെ സ്വാധീനത്താലാണെന്നും free will അതിൻ്റെ ഭാഗമല്ലെന്നും സപോൽസ്കി വാദിക്കുന്നു. ധാർമികതയും സഹജാവബോധവും ക്രിമിനൽ ചിന്താഗതികളും ഇത്തരം സ്വാധീനങ്ങളാൽ രൂപപ്പെടുന്നതാണത്രെ.

ഒരു തീരുമാനത്തിനു പിറകിൽ മറ്റ് സ്വാധീനങ്ങളുണ്ടാവാം, പക്ഷേ അത് സ്വതന്ത്രമായി സംഭവിക്കുന്നതാകാം.

എന്നാൽ ഈ നിഗമനങ്ങൾക്ക് വെല്ലുവിളികളുമുണ്ട്. ഒരു തീരുമാനത്തിനു പിറകിൽ മറ്റ് സ്വാധീനങ്ങളുണ്ടാവാം, പക്ഷേ അത് സ്വതന്ത്രമായി സംഭവിക്കുന്നതാകാം. ഉദാഹരണത്തിന് ഒരു ജീനിൻ്റെ മ്യൂട്ടേഷനോ കോർടിസോൾ പോലുള്ള സ്ട്രെസ് ഹോർമോണോ തീർച്ചയില്ലാത്ത ഒരു കാര്യത്തിൽ തീരുമാനമെടുക്കാൻ പിന്തുണ നൽകിയേക്കാം. തീരുമാനസ്വാതന്ത്ര്യമുണ്ടെന്ന് കരുതുകയാണെങ്കിലും അത് പൂർണസ്വാതന്ത്ര്യം നൽകണമെന്നില്ല, സ്വാധീനങ്ങളും നിയന്ത്രണങ്ങളും പരിമിതികളും അതിൽ ഇടപെടുന്നുണ്ട്. തീരുമാനസ്വാതന്ത്ര്യത്തിൻ്റെ നിർവ്വചനം മാറേണ്ടിയിരിക്കുന്നു എന്ന വാദഗതി ഇന്ന് പ്രബലമാണ്.

ജീവശാസ്ത്രത്തിലെ മറ്റ് മേഖലകളിലുള്ളവർക്കും ഇച്ഛാസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുവാനുണ്ട്. ജനിതകശാസ്ത്ര വിദഗ്ധനായ കെവിൻ മിച്ചെലിന് (ട്രിനിറ്റി കോളേജ്, ഡബ്ലിൻ) പറയാനുള്ളത്, പരിണാമം കൽപ്പിച്ചു നൽകുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണ്. എങ്ങനെയാണ് ഒരു ജീവി ഒരു കാര്യം ചെയ്തുതീർക്കുന്നത്? ഒരു പ്രവൃത്തിക്ക് ഒരു കാരണം എന്ന നിലയ്ക്കാണ് അത് പരിഗണിക്കേണ്ടത്. പരിണാമം നൽകിയ കഴിവാണ് ഉദ്ദേശ്യത്തോടെയും ഫലപ്രാപ്തി നോട്ടമിട്ടും ഒരു കാര്യം ചെയ്തുതീർക്കാൻ തീരുമാനിക്കുമ്പോൾ പിന്തുണ നൽകുന്നത്. മിച്ചെലിൻ്റെ പുതിയ പുസ്തകമായ Free Agents: How evolution gave us free will-ൽ ഇക്കാര്യം വിസ്തരിക്കപ്പെടുന്നുണ്ട്. ജീവികളുടെ ആവിർഭാവത്തോടെ വെറും രാസ/ഭൗതിക മാറ്റങ്ങളല്ലാതെ തെർമോ ഡൈനാമിക്സിൻ്റെ രണ്ടാം നിയമം (second law of thermodynamics = പ്രപഞ്ചത്തിൽ വൃത്തിയായി അടുക്കിക്കെട്ടിയ ക്രമവിന്യാസമുണ്ടെങ്കിൽ അത് ക്രമമില്ലായ്മയിലേക്ക് മാറിക്കൊണ്ടിരിക്കും) തെറ്റിച്ച് ജീവികൾ സ്വയമേവ പ്രവർത്തനങ്ങൾ തുടങ്ങി, തീരുമാനങ്ങളെടുക്കാൻ നാഡീവ്യൂഹം ( nervous system) പരിണമിച്ചുവന്നു. ഈ വ്യവസ്ഥ സർവ്വനിയന്ത്രണങ്ങളും ഏറ്റെടുത്തു, എന്ത് പ്രവൃത്തി ചെയ്യണമെന്ന് തീരുമാനമുണ്ടായി. ഇത് സങ്കീർണമായി പരിണമിച്ച് കൂടുതൽ സ്വയം ഭരണാവകാശം സ്വമേധയാ കൈക്കലാക്കി. ഇവിടെ തീരുമാനസ്വാതന്ത്ര്യത്തിൻ്റെ നിർവ്വചനം സ്വൽപം മാറുന്നുണ്ട്, സാം ഹാരിസും സപോൽസ്കിയും ഇതിനോട് എതിർക്കുമെന്ന് തോന്നുന്നില്ല.

തലച്ചോറ് വെറും
പരമാണുക്കൂട്ടമല്ല

നാഡീവ്യവസ്ഥ പോലെ സങ്കീർണഘടനയും ധർമവും പേറുന്ന ഒരു യന്ത്രസമാന ആവിഷ്ക്കാരത്തെ ഒരുമിച്ചു ചേർക്കപ്പെട്ട പരമാണുസമൂഹം എന്ന നിലയിൽ വീക്ഷിക്കാൻ പാടില്ലാത്തതാണ്. പരമാണുക്കളുടെ വിനിയോഗങ്ങളിലും പ്രാപ്തികളിലും ഒതുക്കപ്പെടുന്നില്ല തലച്ചോറ് പ്രവർത്തനം. അതുകൊണ്ട് അപചയവ്യവസ്ഥ (reductionism) ഇവിടെ സംഗതമല്ല. ഭാഗങ്ങൾ വെറുതേ കൂട്ടിച്ചേർത്ത് നിർമിച്ചിട്ടുള്ളതല്ല മസ്തിഷ്ക്കം. പല ഘടകങ്ങൾ ഒരു പ്രത്യേക രീതിയിൽ മാത്രം ഒന്നിച്ച് ചേരുമ്പോൾ പുതിയ ഒരു ധർമം ആവിഷ്ക്കരിക്കപ്പെടുന്ന Emergent properties എന്ന പ്രതിഭാസം പേറുന്നതാണത്. തലച്ചോറിൻ്റെ ഒരു നിശ്ചിത പ്രവർത്തനത്തിൻ്റെ കാരണം അതുകൊണ്ട് പരമാണുതലത്തിൽ വിശ്ളേഷണം ചെയ്യാൻ സാദ്ധ്യമല്ല.

ന്യൂറോ ശാസ്ത്രജ്ഞനായ എറിക് ഹൊയെൽ (Erik Hoel) ഇക്കാര്യം കൃത്യമായി തൻ്റെ The World Behind the World എന്ന പുതിയ പുസ്തകത്തിൽ വിവരിക്കുന്നു. സങ്കീർണവ്യവസ്ഥകളിൽ ‘മൈക്രോ സ്കെയിൽ” -ൽ അല്ലാതെ ഉയർന്ന വിതാനത്തിലുള്ള, പല ചെറു വ്യവസ്ഥകളുടെ കൂട്ടം ഒരു പ്രവൃത്തിയുടെ കാരണമായി ഭവിക്കുന്നു. ഒരു തീരുമാനമെടുക്കുന്നതിന് ഒരാളുടെ ചിന്തകളും തോന്നലുകളും ഓർമകളും എല്ലാം കാരണശക്തിയായി തീരുകയാണ്; അത് ആറ്റത്തിൻ്റെ വിതാനത്തിലോ ന്യൂറോൺ വിതാനത്തിലോ സംഭവിക്കുന്നതുപോലെയുള്ള വിനിയോഗത്തിൽത്തന്നെ. പക്ഷേ താഴ്ന്ന വിതാനത്തിൽ, പരമാണുവിതാനത്തിൽ വെറും ഫിസിക്സ് മാത്രമായിരിക്കും, ജൈവികമല്ല. ക്വാണ്ടം മെക്കാനിക്സ് കൊണ്ട് വിശദീകരിക്കാവുന്നതല്ല അത്. ചിലപ്പോൾ തലച്ചോർ ആകമാനം ഒരു പ്രവൃത്തിയുടെ കാരണമായി നിലകൊള്ളാം.

 എറിക് ഹൊയെൽ
എറിക് ഹൊയെൽ

മനുഷ്യർ അവരുടെ സമൂലചരിത്രത്തിൻ്റെ ഒരു വിസ്താരണം മാത്രമാണെന്നും അവരുടെ അനുഭവങ്ങളും ഓർമകളും അവരെ തടവിലാക്കിയിരിക്കുന്നു, അത് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു എന്നുമാണ് എറിക് ഹോയെലിൻ്റെ വിശദീകരണം.
സാപോൽസ്കി ആവട്ടെ, താൻ ആത്യന്തിക തീരുമാനസ്വാതന്ത്ര്യത്തിൽ വിശ്വസിക്കുക മനുഷ്യപെരുമാറ്റത്തിലെ ഒരു ഭാവമോ രൂപമോ പൂർവ്വഗാമിയായ ഏതെങ്കിലും സ്വാധീനം കൊണ്ടല്ല എന്ന് തെളിയിക്കപ്പെടുമ്പോൾ മാത്രമാണ് എന്ന നിലപാടിലാണ്. ഒരു ക്രിമിനൽ അങ്ങനെയാകുന്നത് പൂർവ്വകാല അനുഭവങ്ങൾ അപ്രകാരം സ്വരൂപിച്ചെടുത്തതുകൊണ്ടാണ് എന്നദ്ദേഹം ശഠിയ്ക്കുന്നു. കവികളും ചിന്തകരും ദിവ്യരും എഴുത്തുകാരും നേതാക്കളും ആദ്ധ്യാത്മികാചാര്യരും സൂഫികളും പരമമായ സ്വാതന്ത്ര്യത്തിനുവേണ്ടി ഉദ്ഘോഷിക്കുന്നത് കയ്യിൽ കിട്ടാത്ത ഇച്ഛാസ്വാതന്ത്ര്യം, അല്ലെങ്കിൽ തീരുമാനസ്വാതന്ത്ര്യം (free will) ലഭിക്കുന്നതിനുവേണ്ടിയാണെന്ന് എറിക് ഹോയെൽ. നമ്മുടെ ആത്മാവിൻ്റെ വള്ളം തുഴയുന്നത് നമ്മൾ തന്നെ, പക്ഷേ അതിൻ്റെ ഗതി പൂർണമായും തീരുമാനിക്കുന്നത് നമ്മളല്ല.

References:
1. Harris, S. Free Will, Free Press New York, 2012.
2. Hoel, E. The world behind the world, Avid Reader Press New York, 2023.
3. Sapolsky, R. Determined: A science of life without free will, Penguin Press, 2023.
4. Mitchel, K. Free Agents: How evolution gave us free will, Princeton University Press, 2023.
5. Wilson, C. Is free will an illusion? New Scientist 259:32-36, 2023.
6. Balaguer, M. Free Will, The MIT Press, 2014.


Summary: free will എന്നൊന്നില്ലത്രേ. എല്ലാം പൂർവ്വാനുസാരിയായി വന്നു ഭവിക്കുന്നതാണ്. നമ്മുടെ തെരഞ്ഞെടുപ്പുകൾ നമ്മുടെ സ്വാതന്ത്ര്യമല്ല. തീരുമാന സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരന്വേഷണം.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments