വർഷത്തിൽ ഒരു ദിവസം ശാസ്ത്രദിനം ആചരിച്ചാൽ നാമെല്ലാം ശാസ്ത്രബോധമുള്ളവരായി മാറുമോ? അത്രയെളുപ്പമാണോ ശാസ്ത്രബോധമുള്ള ഒരാളായി, ഒരു ജനതയായി മാറാൻ? ദേശീയ ശാസ്ത്രദിനം നമ്മളിലുണ്ടാക്കുന്ന മാറ്റങ്ങൾ എന്തെല്ലാമാണ്?
പ്രധാനപ്പെട്ട ഇത്തരം ചില ചോദ്യങ്ങളുടെ ഉത്തരങ്ങളിലേക്ക് വരാം. ഒറ്റ ഉത്തരത്തിൽ എല്ലാം ഒതുക്കാം, ‘ഒന്നും സംഭവിക്കില്ല'. ശാസ്ത്രബോധം എന്നത് പെട്ടെന്നൊരു സുപ്രഭാതത്തിൽ ഉണ്ടാക്കിയെടുക്കാൻ കഴിയുന്ന സ്വഭാവമല്ല. അതിന് അനുഭവങ്ങളും, സത്യത്തോട് ചേർന്നുനിൽക്കുന്ന ജീവിതരീതികളും ആവശ്യമാണ്. കപടശാസ്ത്രത്തെ തിരിച്ചറിയാനും അന്ധവിശ്വാസങ്ങളെ ചവിട്ടി പുറത്താക്കാനും ധൈര്യമാർജ്ജിക്കണം. അത്തരത്തിൽ ചുറ്റിനുമുള്ള എന്തിലും, ഇതിലും ശാസ്ത്രത്തെ കണ്ടെത്തുമ്പോളാണ് ഒരു ജനത ശാസ്ത്രബോധമുള്ളവരായി മാറുന്നത്.

ലോകപ്രശസ്‌ത ഇന്ത്യൻ ഭൗതികശാസ്‌ത്രജ്ഞനായ സർ ചന്ദ്രശേഖര വെങ്കടരാമൻ (C.V Raman) 1928- ൽ പ്രസിദ്ധമായ ‘രാമൻ ഇഫക്ട്’ എന്ന കണ്ടുപിടുത്തം നടത്തിയതിന്റെയും, അദ്ദേഹത്തിന് 1930- ലെ നൊബേൽ പുരസ്‌കാരം ലഭിച്ചതിന്റെയും ഓർമ്മയ്‌ക്കായാണ് ദേശീയ ശാസ്‌ത്രദിനം ആചരിക്കുന്നത്. ശാസ്ത്രദിനം ഒരു ഓർമ്മപ്പെടുത്തലായി കാണാം. ശാസ്ത്രം എന്തെന്ന്, ശാസ്ത്രബോധം എങ്ങനെ വളർത്തിയെടുക്കാം എന്ന്, ശാസ്ത്രം ഉപയോഗിച്ച് എങ്ങനെ മനുഷ്യനും മറ്റു ജീവികൾക്കും കൂടുതൽ മികവുറ്റ രീതിയിൽ ജീവിക്കാമെന്ന്, സാമൂഹിക, പാരിസ്ഥിതിക പ്രശ്‌നങ്ങളെ പരിഹരിക്കാമെന്ന്.
ഇന്ന് മറ്റൊരു ശാസ്ത്രദിനം കൂടി വന്നെത്തുമ്പോൾ നമ്മുടെ ഓരോരുത്തരുടെയും, സമൂഹത്തിന്റെ ആകമാനവും ശാസ്ത്രബോധത്തിനുണ്ടായിട്ടുള്ള വ്യതിചലനം കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതികരംഗം പുരോഗതിയിലേക്ക് കുതിക്കുമ്പോൾ മാനവികതയും, മതേതരത്വവും അതിനൊപ്പം ശക്തിപ്രാപിക്കുന്നുണ്ടോ എന്നതാണ് ഏറ്റവും മർമ്മപ്രധാനമായ വസ്തുത. ഈ ദിനം അത്തരത്തിലുള്ള ഒരു പരിശോധനയ്ക്കായാണ് നാം മുഖ്യമായും മാറ്റിവെക്കേണ്ടത്.
സുസ്ഥിരമായ ഭാവി
സുസ്ഥിരമായ ഭാവിയ്‌ക്ക് ശാസ്‌ത്രത്തിന്റെ ആവശ്യകതയെപ്പറ്റി ആർക്കും സംശയമുണ്ടാകാനിടയില്ല. ഏറ്റവുമൊടുവിൽ കോവിഡ് എന്ന മഹാമാരി ലോകത്തിന്റെ ഉറക്കം കെടുത്തിയപ്പോഴും ലോകത്തിന് ആശ്രയിക്കാൻ ശാസ്ത്രമല്ലാതെ മറ്റൊന്നുമുണ്ടായിരുന്നുമില്ല. വരാനിരിക്കുന്ന മഹാമാരികളുടെയും, വന്നുകഴിഞ്ഞ കാലാവസ്ഥാ വ്യതിയാനത്തിന്റെയുമൊക്കെ കാലത്ത് ശാസ്‌ത്രത്തിന്റെയും അറിവിന്റെയും സ്പർശമില്ലാതെ ലോകത്തിന് മുന്നോട്ടുപോകുവാൻ കഴിയില്ല എന്നത് വാസ്തവമാണ്.

ശാസ്ത്രം മാത്രമല്ല പുരോഗതിയുടെ ഓരോ അണുവും സ്പർശിക്കേണ്ടത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയാണ്. നിർഭാഗ്യവശാൽ നമ്മുടെ ശാസ്ത്രനേട്ടങ്ങൾ ഏറിയപങ്കും അട വിരിയാത്ത മുട്ടകൾ പോലെ ഏതോ കോഴിയുടെ ചൂടിൽ ഭ്രമിച്ചുകൊണ്ട് അവശേഷിക്കുകയാണ്. ഈ ശാസ്ത്രദിനത്തിൽ അവയെ പൊതുധാരയിലേക്ക് കൊണ്ടുവന്ന് മാനവരാശിയുടെ പുരോഗതിയ്ക്കായി ഉപയോഗപ്പെടുത്തുവാനുള്ള ശ്രമമാണ് ഓരോ ശാസ്ത്രകുതുകികളുടെയും ഭാഗത്തുനിന്നുണ്ടാവേണ്ടത്.
ശാസ്ത്രവും
ആർട്ടിഫിഷ്യൽ ഇന്റലിജൻസും
ഇത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. മനുഷ്യന്റെ തലച്ചോർ പോലെ തന്നെ പ്രവർത്തിക്കുവാൻ കഴിയുന്ന സോഫ്റ്റ് വെയറുകൾ കണ്ടുപിടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അടുത്തിടെ സെൻസേഷനായ ചാറ്റ് ജി പി ടി വലിയ ആവേശത്തോടെയാണ് ലോകം ഏറ്റെടുത്തത്. ‘നഴ്‌സിംഗ് എഡ്യൂക്കേഷൻ ഇൻ പ്രാക്ടീസ്' എന്ന ജേണലിൽ കഴിഞ്ഞവർഷം പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിന്റെ രണ്ട് രചയിതാക്കളിൽ ഒരാൾ യൂണിവേഴ്‌സിറ്റി ഓഫ് മാഞ്ചസ്റ്ററിലെ ഗവേഷകയായ സിയോബാൻ ഓ കോണർ ആണെങ്കിൽ, രണ്ടാമത്തെ പേര് പുതിയ സെൻസേഷണൽ സേർച്ച് എൻജിനും AI-യുടെ ഏറ്റവും പുതിയ അവതാരവുമായ ചാറ്റ്- ജി പി ടിയുമാണ്. ഗവേഷണ പ്രബന്ധങ്ങളിൽ ആദ്യമായാണ് മനുഷ്യർക്കു പകരം AI രചയിതാവായി ഒരു പ്രബന്ധം പ്രസിദ്ധീകരിക്കപ്പെടുന്നത്.
ബുദ്ധിയും, ഭാവനയും ഏറെ ആവശ്യമുള്ള ഗവേഷണവൃത്തികളിൽ പോലും AI-യുടെ കടന്നുവരവ് തീർച്ചയായും അഭിമാനിക്കാൻ കഴിയുന്ന കാര്യം തന്നെയാണ്. ശാസ്ത്ര-സാങ്കേതിക രംഗത്തെ മികവ് എല്ലാ അർഥത്തിലും മനുഷ്യരാശിയുടെ ജീവിതനിലവാരം തന്നെ പുനർനിർവ്വചിക്കുന്നു എന്ന് തോന്നിപ്പിക്കുമ്പോഴും ഇവയെല്ലാം മനുഷ്യന്റെ സ്വതവേയുള്ള, എന്നാൽ AI-യ്ക്ക് ഇതേവരെ സാധിക്കാത്തതെന്നു കരുതുന്ന ‘തിരിച്ചറിവിനെ’ സാധൂകരിക്കുന്നുണ്ടോ എന്ന ചോദ്യം ഇവിടെ ഉയർത്താതിരിക്കാനാവില്ല. ശാസ്ത്രം കൂടുതൽ യാന്ത്രികമായിക്കൊണ്ടിരിക്കുന്ന കാലമാണിത്. എന്നാൽ ശാസ്ത്രം നൽകുന്ന അറിവിനൊപ്പം മനുഷ്യന്റെ തിരിച്ചറിവുകൂടി സമന്വയിപ്പിച്ച്, അവയ്ക്ക് സാമൂഹികമായ തലംകൂടി സൃഷ്ടിച്ചുകൊണ്ട് മുന്നോട്ടുപോയാൽ മാത്രമേ ശാസ്ത്രത്തിന്റെ യഥാർത്ഥ പ്രയോജനം നുകരുവാൻ കഴിയൂ.

ശാസ്ത്രം മാനവരാശിയുടെ നന്മയ്ക്കായി നിലകൊള്ളുന്നതിനപ്പുറം അതിന് മറ്റൊരു വശം കൂടിയുണ്ട്. അതിന്റെ ഏറ്റവും പ്രധാനപ്പെട്ട ദൃഷ്ടാന്തമായിരുന്നു കുറച്ചുവർഷങ്ങൾക്കുമുമ്പ് ഉക്രൈനിൽ കണ്ടത്. 1945 ആഗസ്റ്റിൽ അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും, നാഗസാക്കിയിലും വർഷിച്ച ആറ്റംബോംബ് ലോകമനഃസാക്ഷിയെ ഞെട്ടിച്ചപ്പോൾ, ആ ആറ്റംബോംബും ശാസ്ത്രത്തിന്റെ സംഭാവനയായിരുന്നു എന്നതുകൂടി നമുക്ക് ഉൾക്കൊള്ളേണ്ടതായി വന്നു. അന്നുമുതലിങ്ങോട്ട് ഉക്രൈനിലെ റഷ്യയുടെ സൈനികാധിനിവേശവും യുദ്ധവും എല്ലാം ശാസ്ത്രത്തിന്റെ നേട്ടത്തിലൂന്നിയാണ് സംഭവിച്ചത്. എന്നാൽ നേട്ടത്തിനേക്കാൾ ഏറെ നശിപ്പിക്കുന്നതിനായി ശാസ്ത്രത്തെ ഉപയോഗപ്പെടുത്തുവാനാണ് ഇന്ന് ലോകം ശ്രമിക്കുന്നത് എന്നതാണ് വേദനകരമായ വസ്തുത.
ശാസ്ത്രാടിത്തറ
കുട്ടികളിൽ
ശാസ്‌ത്രീയ അടിത്തറയാണ് ഒരു സമൂഹത്തിന്റെ പുരോഗതിയിലേക്കുള്ള പാത വെട്ടിത്തുറക്കാൻ ഏറ്റവും അത്യാവശ്യം. എന്നാൽ ഇന്ന് കുട്ടികൾ ശാസ്‌ത്രചിന്തകളിൽ നിന്ന് അകലുകയാണ്. കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസവും കോവിഡിന്റെ കെടുതികളും മൂലം ശാസ്‌ത്രപഠനം കൃത്യമായി നടപ്പാക്കുന്നതിൽനിന്ന് സ്‌കൂളുകളും അത് പഠിക്കുന്നതിൽ നിന്ന് കുട്ടികളും പിന്നാക്കം പോയിട്ടുണ്ട്. സ്‌കൂളുകളിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാൻ അധ്യാപകർ മാരത്തോൺ ഓട്ടമോടുമ്പോൾ കുട്ടികളിൽ ശാസ്‌ത്രത്തിന്റെ അടിത്തറ കൃത്യമായി വിരിക്കാൻ അവർക്ക് കഴിയാതെവരുന്നു. ശാസ്‌ത്രബോധമില്ലാതെ വളരുന്ന കുട്ടികളിൽ നിന്ന് രാജ്യത്തിന് ഏറെയൊന്നും പ്രതീക്ഷിക്കേണ്ടിവരില്ല എന്നതാണ് കാതലായ വിഷയം. അതുകൊണ്ടുതന്നെ കുട്ടികളിൽ ശാസ്‌ത്രബോധവും, ശാസ്‌ത്രചിന്തയും വളർത്തുന്നതിന് ഉതകുന്നതരത്തിൽ പഠനരീതി സ്‌കൂളുകളിൽ ക്രമീകരിക്കേണ്ടതുണ്ട്. സയൻസ് അദ്ധ്യാപകർ അക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കേണ്ടത്.
ശാസ്‌ത്രവും സമൂഹവും
ശാസ്‌ത്രത്തിന്റെ നേട്ടങ്ങളും, ഗുണഗണങ്ങളുമൊക്കെ മുമ്പെങ്ങുമില്ലാത്ത തരത്തിൽ ലോകം ആവശ്യപ്പെടുന്ന കാലത്തിലൂടെയാണ് നാം കടന്നു പോയിക്കൊണ്ടിരിക്കുന്നത്. പ്രബന്ധങ്ങളിൽ ഉറങ്ങുന്ന കണ്ടുപിടുത്തങ്ങൾക്കപ്പുറം അത് യഥാർഥ ഗുണഭോക്താക്കളെ തേടിപ്പിടിക്കുമ്പോഴാണ് ഏതൊരു ശാസ്‌ത്രനേട്ടവും അതിന്റെ യഥാർഥ ലക്ഷ്യം നിറവേറ്റുന്നത്. നിശ്ചയമായും ശാസ്‌ത്രനേട്ടങ്ങളുടെ യഥാർഥ ഗുണഭോക്താക്കൾ സമൂഹം തന്നെയാണ്. ആത്യന്തികമായി സമൂഹത്തിലെ ഓരോ മനുഷ്യനുമാണ്. എന്നാൽ ശാസ്ത്രത്തെ മനുഷ്യജീവിതത്തോട് അടുപ്പിക്കുകയും അതുവഴി സമൂഹത്തിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയുമെന്ന സ്വപ്നത്തിലേക്ക് നാം ഇന്നേവരെ എത്തിപ്പെട്ടിട്ടില്ല. ഓരോ ശാസ്‌ത്രവിദഗ്ധരും ഉന്നതബിരുദങ്ങൾ നേടി മുന്നേറുമ്പോൾ, അഭ്യസിച്ച ശാസ്‌ത്രം സ്വയമേയോ, മനുഷ്യരാശിയുടെ പൊതുവായ നേട്ടങ്ങൾക്കായോ നാം ഉപയോഗപ്പെടുത്തിയിട്ടുണ്ടോ എന്ന് സ്വയം ചോദിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

പ്രകൃതിയുടെ
ജീവനശാസ്ത്രം
ശാസ്‌ത്രദിനത്തിൽ പരിസ്ഥിതിയെയും, അവയുടെ ഇന്നത്തെ അവസ്ഥയെയും പരാമർശിക്കാതെ പോകാനാവില്ല. മാനവരാശിയുടെ അതിജീവനം തന്നെ ഒരർത്ഥത്തിൽ കെട്ടിപ്പടുത്തിരിക്കുന്നത് പ്രകൃതിയുടെ സ്വാഭാവികതയിൽ തന്നെയാണ്. ദിനംപ്രതി വഷളായിക്കൊണ്ടിരിക്കുന്ന പ്രകൃതിയുടെ ഈ ജീവനതാളത്തെ തിരികെ കൊണ്ടുവന്നെങ്കിൽ മാത്രമേ ഏതു സുസ്ഥിരവികസനവും യാഥാർഥ്യമാക്കുവാൻ കഴിയുകയുള്ളൂ. പ്രകൃതിയുടെ സ്വാഭാവിക താളത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ആഴത്തിലുള്ള ശാസ്ത്രീയ പഠനങ്ങളും പരിഹാരമാർഗ്ഗങ്ങളും കണ്ടെത്തിയേ മതിയാകൂ. വികസനവും പ്രകൃതിസംരക്ഷണവും വിവിധ ധ്രുവങ്ങളിൽ നിൽക്കുകയും രണ്ടും ഒരേപോലെ കൈകോർത്തുമുന്നോട്ടുപോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുമ്പോഴും ശാസ്‌ത്രത്തിന്റെ ഇടപെടലുകളിലൂടെ അത് സാധ്യമാക്കാൻ കഴിയും. അതിന്റെ ചുവടുപിടിച്ചാണ് ഐക്യരാഷ്‌ട്രസംഘടനയുടെ ‘സുസ്ഥിര വികസന ലക്ഷ്യങ്ങൾ’ വിഭാവനം ചെയ്‌തിരിക്കുന്നത്. അതുകൊണ്ട് ഓരോ വികസന സ്വപ്‌നങ്ങളും ശാസ്‌ത്രത്തിന്റെ അടിത്തറയിൽ കെട്ടിപ്പടുക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.