കോവിഡ് ഡിജിറ്റൽ ട്രെയ്സിംഗ് മറ്റൊരു മഹാമാരി ആകരുത്

കോവിഡ് കാലത്ത്​ ശേഖരിക്കപ്പെടുന്ന വ്യക്തിഗത ഡാറ്റയുടെ ഉപയോഗം കോവിഡ് സമയത്തും ശേഷവും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകാം എന്നാണ് ലോകാരോഗ്യ സംഘടന സൂചന നൽകുന്നത്. രാജ്യം ഒന്നാകെ 'ഡിജിറ്റൽ ആരോഗ്യനയ'ത്തിലേക്ക് പോകുമ്പോൾ ഡിജിറ്റൽ ട്രാക്കിംഗിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ പ്രഫസറും യുനെസ്‌കോ ബയോ എത്തിക്‌സ് ചെയർ മേധാവിയുമായ ലേഖകൻ

രു രോഗിയുമായി സമ്പർക്കത്തിലായവരെ തിരിച്ചറിയുന്നതിനും വിലയിരുത്തുന്നതിനും കൈകാര്യം ചെയ്യുന്നതിനുമുള്ള പ്രക്രിയയാണ് കോൺടാക്റ്റ് ട്രെയ്സിംഗ്. ശരിയായി പ്രയോഗിക്കപ്പെടുകയാണെങ്കിൽ, ഇതുവഴി ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകർച്ചവ്യാധി പകരുന്നതിന്റെ ശൃംഖല തകർക്കാം, അതിനാൽ രോഗനിയന്ത്രണത്തിനുള്ള ഒരു പൊതുജനാരോഗ്യ ഉപകരണമാണിത്. ഇത് ഫലപ്രദമാകുന്നതിന്, സംശയാസ്പദമായ കേസുകൾ സമയബന്ധിതമായി പരിശോധിക്കുന്നതിന് ടെസ്റ്റിങ് സൗകര്യവും ആവശ്യമാണ്.

പല രാജ്യങ്ങളിലും (50ലധികം) കോവിഡ് ബാധിച്ചയാളിന്റെ സാമീപ്യത്തിലുണ്ടായിരുന്നയാളെ കണ്ടെത്താനും നിരീക്ഷണത്തിനും (പ്രോക്‌സിമിറ്റി ട്രാക്കിംഗ്) ഡിജിറ്റൽ സാങ്കേതികവിദ്യ (ഉദാ: സ്മാർട്ട് ഫോണുകൾ, ആപ്പുകൾ) ഉപയോഗിക്കുന്നുണ്ട്. ഇത് ഉപയോഗിക്കുന്ന ആൾ രോഗബാധിതനാണെങ്കിൽ, അയാളുടെ സമീപത്ത് മറ്റൊരാൾ എത്തിയാലുടൻ തിരിച്ചറിഞ്ഞ് വിവരം മറ്റുള്ളവരെ അറിയിക്കാൻ ഇതുവഴി കഴിയും. അതുവഴി തങ്ങൾക്കും മറ്റുള്ളവർക്കും ഉചിതമായ നടപടിയെടുക്കാം. രോഗികളുമായുള്ള സമ്പർക്കം തിരിച്ചറിയാനും കോൺടാക്റ്റ് ട്രെയ്സിംഗ് നടത്താനും സാങ്കേതികമായി ഇത് ഉപകരിക്കും. ഇന്ത്യയിൽ ആരോഗ്യസേതു, കേരളത്തിൽ ആരോഗ്യജാഗ്രത എന്നീ ആപ്പുകളും ഇതിന് ഉപയോഗിക്കുന്നു. എന്നാലും, ഡിജിറ്റൽ പ്രോക്സിമിറ്റി ട്രാക്കിംഗിന് പരിമിതികളുണ്ട്. സാമീപ്യമല്ലാതെ ഒരു ഉപയോക്താവിന് കോവിഡ് പകർന്നുകിട്ടാവുന്ന എല്ലാ സാഹചര്യങ്ങളും ഈ സാങ്കേതികവിദ്യക്ക് പകർത്താൻ കഴിയില്ല. ഉദാ: ശാരീരിക അകലം, സ്പർശനം, മാസ്‌ക് പോലുള്ള സുരക്ഷാനടപടികളുടെ അഭാവം തുടങ്ങിയവ. മാത്രമല്ല, ഇവയൊന്നും ഇപ്പോൾ ആരോഗ്യ പ്രവർത്തകർ വ്യക്തികളുമായി നേരിട്ടോ ഫോണിലൂടെയോ സംസാരിച്ച് ചെയ്യുന്ന ‘സമ്പർക്കം കണ്ടെത്തൽ' രീതിക്ക് പകരംവെക്കാനുമാവില്ല. നിലവിൽ, ഡാറ്റ നൽകുന്ന കാര്യത്തിൽ മാത്രമേ ഡിജിറ്റൽ പ്രോക്‌സിമിറ്റി ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ ഫലപ്രദമാകൂ.

അസമത്വം വർധിപ്പിക്കുന്ന ആപ്

ഡിജിറ്റൽ ട്രാക്കിംഗിനെ ചുറ്റിപ്പറ്റി ലോകത്തെങ്ങും ന്യായമായ ആശങ്കകളുണ്ട്. ഇങ്ങനെ ശേഖരിക്കപ്പെടുന്ന വ്യക്തിഗത ഡാറ്റയുടെ ഉപയോഗം കോവിഡ് സമയത്തും ശേഷവും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകാം എന്നാണ് ലോകാരോഗ്യ സംഘടന നൽകുന്ന സൂചന. അതിനാൽ, സ്മാർട്ട്ഫോണുകൾ അടക്കമുള്ള ഡിജിറ്റൽ പ്രോക്സിമിറ്റി ട്രാക്കിംഗ് സാങ്കേതികവിദ്യകളുടെ ഉപയോഗത്തിനും ഇതിലൂടെ ശേഖരിക്കപ്പെട്ട ഡാറ്റ ഉപയോഗിച്ചുള്ള രോഗനിയന്ത്രണ പ്രവർത്തനങ്ങൾക്കും ഗവേഷണങ്ങൾക്കും കർശന പരിധി ഏർപ്പെടുത്തുന്നതിന് നിയമങ്ങളും നയങ്ങളും മേൽനോട്ട സംവിധാനങ്ങളും ആവശ്യമാണ് എന്നാണ് നിർദ്ദേശം. പുതിയ സാങ്കേതിക വിദ്യയായതിനാൽ ഇത് ഉപയോഗിച്ചുള്ള രോഗനിയന്ത്രണ പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് ഈ രീതികൾക്ക് കൂടുതൽ വിലയിരുത്തൽ ആവശ്യമുണ്ട്. ഇതിന്റെ ഉപയോഗം, രോഗമുണ്ടാക്കുന്ന പൊതുജനാരോഗ്യ പ്രത്യാഘാതത്തിന് ആനുപാതികമാണോ എന്നും നിർണയിക്കപ്പെടേണ്ടതുണ്ട്. കോവിഡിനെതിരെ അത്തരം സാങ്കേതികവിദ്യകൾ ഫലപ്രദമല്ല എന്ന് തെളിയിക്കാൻ കഴിയാത്തപക്ഷം, സാങ്കേതികവിദ്യ ഘട്ടംഘട്ടമായി ഒഴിവാക്കണം എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

കോൺടാക്റ്റ് ട്രേസിങ് പരമാവധി ഫലപ്രദമാകുന്നതിന് ഒരു രാജ്യത്തെ ജനസംഖ്യയുടെ 60- 75 ശതമാനം വരെ ഡിജിറ്റൽ സാങ്കേതികവിദ്യ സ്വീകരിക്കണമെന്ന് സമീപകാല പഠനങ്ങൾ കണക്കാക്കുന്നു. ഇന്ത്യയിലെ സ്മാർട്ട്​ ഫോണുകളുടെയും ഇന്റർനെറ്റിന്റെയും ലഭ്യത ഇപ്പോൾ ജനസംഖ്യയിൽ പകുതിയിലും കുറഞ്ഞവർക്കു മാത്രമേയുള്ളൂ. സ്മാർട്ട്ഫോണുകളിലേക്കോ മറ്റ് ഉചിതമായ ഉപകരണങ്ങളിലേക്കോ ആക്‌സസ് ഇല്ലാതെ ആ വ്യക്തികൾ ഇതിന്റെ പരിധിയിൽ വരില്ല. അതിനാൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം അസമത്വം വർദ്ധിപ്പിക്കാം. കോൺടാക്റ്റ് ട്രെയ്സിംഗിന് ഡിജിറ്റൽ പ്രോക്സിമിറ്റി ട്രാക്കിംഗിനെ പൂർണമായും ആശ്രയിക്കുന്നതും, പരമ്പരാഗതവും വ്യക്തിപരമായതുമായ സമീപനങ്ങളെ
ഒഴിവാക്കുന്നതും; പാർശ്വവത്കരിക്കപ്പെട്ടവരും, പ്രത്യേകിച്ച് പ്രായമായവരും ദാരിദ്ര്യത്തിൽ കഴിയുന്നവരും ഒഴിവാക്കപ്പെടാൻ കാരണമാകും. രോഗികളുടെ കോണ്ടാക്ട് ട്രേസിങ്ങിന് സംസ്ഥാനത്ത് മൊബൈൽ സേവനദാതാക്കളിൽ നിന്ന് പൊലീസ് കോൾവിവരം ശേഖരിക്കുന്നതിനെ അനുകൂലിച്ചും എതിർത്തും ചർച്ച നടക്കുന്നുണ്ട്. കോവിഡ് നിയന്ത്രണത്തിന് ഇത്തരം ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിനെ പറ്റി ലോകരാജ്യങ്ങൾക്കുവേണ്ടി അമേരിക്കയിലെ ജോൺ ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയും, ലോകാരോഗ്യ
സംഘടനയും മാനദണ്ഡം തയാറാക്കിയിരുന്നു.

വ്യക്തികളുടെ മേൽ നിർബന്ധമരുത്

കോവിഡ് നിയന്ത്രണത്തിനുവേണ്ടിയുള്ള ഡിജിറ്റൽ ട്രാക്കിംഗ് സാങ്കേതികവിദ്യ പുതുമയുള്ളതും പല രാജ്യങ്ങളിലും രോഗനിയന്ത്രണങ്ങൾക്ക് പരീക്ഷിക്കപ്പെടാത്തതുമാണ്. സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കുന്നതിനുമുമ്പ് അവ ഉദ്ദേശിച്ച രീതിയിൽ പ്രവർത്തിക്കുന്നുവെന്നും സാങ്കേതികമായി കരുത്തുറ്റതാണെന്നും സുരക്ഷാ കുറവുകളില്ലെന്നും ഉറപ്പാക്കണം. അവ ഫലപ്രദമായി പ്രവർത്തിക്കുന്നുവെന്ന് സർക്കാരുകളും ആരോഗ്യ സംവിധാനങ്ങളും നിരന്തരം നിരീക്ഷിക്കണം. ഇതിന് മഹാമാരിയുടെ വ്യാപന സമയത്ത് തന്നെ ഒരു സ്വതന്ത്ര ഏജൻസി (ഗവേഷണ സ്ഥാപനം) യെക്കൊണ്ട് കർശന വിലയിരുത്തൽ നടത്തി റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണം.
ഗവൺമെന്റുകളും ആരോഗ്യസംവിധാനങ്ങളും സ്വീകരിക്കുന്ന വ്യക്തികളുടെ മേലുള്ള നിരീക്ഷണ അധികാരങ്ങൾ നിശ്ചിത സമയപരിധിയുള്ളതും താൽക്കാലിക സ്വഭാവമുള്ളതും ആയിരിക്കണം. മാത്രമല്ല, പകർച്ചവ്യാധി നിയന്ത്രിക്കാൻ ആവശ്യമായ കാലത്തോളം മാത്രമേ തുടരാവൂ. പകർച്ചവ്യാധി പ്രാദേശികമായി അവസാനിച്ചശേഷം ആദ്യഘട്ടത്തിൽ തന്നെ ഇതോടനുബന്ധിച്ച നടപടി പിൻവലിക്കണം. മേൽനോട്ടം ആരോഗ്യവകുപ്പിനുകീഴിലായിരിക്കണം, ഭരണകൂടങ്ങളുടെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയുമരുത്.

വ്യക്തിഗത ഡാറ്റയുടെയും ആരോഗ്യ ഡാറ്റയുടെയും ശേഖരണവും പ്രോസസ്സിംഗും സൂക്ഷിപ്പും നിലവിലുള്ള രോഗഭീഷണിക്ക് ആനുപാതികവും (proportional) നിയമപ്രകാരം പരിരക്ഷ നൽകുന്നതുമാകണം. ആളുകളുടെ ട്രാക്കിംഗിന് ഫിസിക്കൽ ലൊക്കേഷൻ (ജിയോഗ്രാഫിക് പൊസിഷൻ) ട്രാക്കിംഗ് ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതുൾപ്പെടെ ഒരു അപ്ലിക്കേഷന്റെ രൂപകൽപ്പനക്ക് കുറഞ്ഞ ‘നുഴഞ്ഞുകയറ്റ' (സ്വകാര്യത സംരക്ഷിക്കൽ) നടപടികൾക്ക് എല്ലായിപ്പോഴും മുൻഗണന നൽകുകയും വേണം. വിവരശേഖരണം നടത്തുമ്പോൾ രോഗനിയന്ത്രണം എന്ന പൊതുജനാരോഗ്യലക്ഷ്യം കൈവരിക്കുന്നതിന് ആവശ്യമായ ഏറ്റവും കുറഞ്ഞ ഡാറ്റയിലേക്ക് (Minimal Data) മാത്രമായി പരിമിതപ്പെടുത്തണം. അതിനാൽ, ഡാറ്റ ശേഖരണത്തിന് ഒരു ഉപയോക്താവിന്റെ ലോക്കേഷനിലെ തീയതി ഉപയോഗപ്പെടുമെങ്കിലും സമയക്രമമോ ഉണ്ടായിരുന്ന സ്ഥാപനത്തിന്റെ വിവരമോ (കട, വീട് തുടങ്ങിയവ ) നിർബന്ധമായി ശേഖരിക്കേണ്ട ആവശ്യമില്ല. ഇന്ത്യയിൽ ഇത് ശേഖരിക്കുന്നുണ്ട്.

ശേഖരിക്കപ്പെടുന്ന വിവരങ്ങൾ രോഗനിയന്ത്രണ ആവശ്യങ്ങൾക്കു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. വാണിജ്യാവശ്യങ്ങൾക്കോ മറ്റ് പരസ്യ പ്രവർത്തനങ്ങൾക്കോ ഡാറ്റ വിൽക്കുന്നതും ഉപയോഗിക്കുന്നതും കർശനമായി നിരോധിക്കണം. ഗവൺമെന്റുകൾക്ക് നിലവിലെ ഡാറ്റ പരിരക്ഷ നിയമങ്ങളും ചട്ടക്കൂടുകളും നിലവിലുണ്ടെന്ന് തിരിച്ചറിഞ്ഞ്, പൊതുജനാരോഗ്യ പ്രതികരണത്തിൽ ഉൾപ്പെടാത്ത സർക്കാർ വകുപ്പുകൾ, ഏജൻസികൾ അല്ലെങ്കിൽ മൂന്നാം കക്ഷികളുമായി ഡാറ്റ പങ്കിടുന്നത് നിരോധിക്കണം. ഭാവിയിൽ നിയമ നിർവഹണ ഏജൻസികളുമായോ (പൊലീസ്) ഇമിഗ്രേഷൻ വകുപ്പുകളുമായോ മറ്റ് എജൻസികളുമായോ ഈ വിവരം/ഡാറ്റ പങ്കിടുന്നതും നിരോധിക്കണം. ഇതിനായി തയ്യാറാക്കുന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും സർക്കാരുകൾ വ്യക്തികളെ നിർബന്ധിക്കരുത്. ഇത് വ്യക്തിയുടെ ഇഷ്ടപ്രകാരം സ്വമേധയാ എടുക്കുന്ന തീരുമാനം ആയിരിക്കണം. ജനങ്ങളുടെ പ്രതിഷേധങ്ങളെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങളിൽ ഇതിന്റെ ഉപയോഗം വ്യക്തികളുടെ താൽപര്യത്തിനനുസരിച്ചു മാത്രം ആക്കിയിട്ടുണ്ട്. അത്തരമൊരു ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കുന്ന വ്യക്തികൾക്ക് അധിക ആനുകൂല്യങ്ങളോ പ്രേരണകളോ വാഗ്ദാനം ചെയ്യാനും പാടില്ല. ആപ്ലിക്കേഷൻ ഉപയോഗിക്കാൻ വിസമ്മതിച്ചതിന് ആരോഗ്യ സേവനവും സർക്കാർ ആനുകൂല്യങ്ങളും വ്യക്തികൾക്ക് നിഷേധിക്കപ്പെടരുത്. കൂടാതെ വ്യക്തിക്ക് എപ്പോൾ വേണമെങ്കിലും പ്രസ്തുത ആപ്ലിക്കേഷൻ ഓഫ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടായിരിക്കണം. കൂടാതെ ഏതുസമയത്തും, അനന്തരഫലങ്ങളില്ലാതെ, ആപ്ലിക്കേഷൻ വേണ്ടെന്നുവെക്കാനും ശേഖരിച്ച ഏതെങ്കിലും ഡാറ്റ ഇല്ലാതാക്കാനും സ്വാതന്ത്ര്യമുണ്ടായിരിക്കുകയും വേണം.

വ്യക്തികളെക്കുറിച്ച വിവരശേഖരണവും പ്രോസസ്സിംഗും സുതാര്യമായിരിക്കണം. ഇവയുടെ ആപ്ലിക്കേഷനുകളും ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസുകളും (എ.പി.ഐകൾ) എങ്ങനെ പ്രവർത്തിക്കുന്നു, ഓപ്പൺ സോഴ്സ്, ഓപ്പൺ ആക്സസ് കോഡുകൾ എന്നിവയുടെ പ്രസിദ്ധീകരണം എന്നിവ സുതാര്യമായിരിക്കണം. ഇപ്പോൾ ഇന്ത്യയിലും മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ ഇത് ഓപൺ സോഴ്സ് ആക്കിയിട്ടുണ്ട്. കൂടാതെ ഡാറ്റ ശേഖരണത്തിന്റെ ഉദ്ദേശ്യം, അവ ഏതൊക്കെ തരത്തിലുള്ളവയാണ് , എങ്ങനെയാണ് സൂക്ഷിക്കപ്പെടുക, പങ്കിടുക- എന്നിവ സംബന്ധിച്ച് വ്യക്തികൾക്ക് മനസ്സിലാകുന്ന ഭാഷയിൽ സംക്ഷിപ്ത വിവരങ്ങൾ നൽകണം. ഉപയോഗിച്ച ഡാറ്റ ഉപയോഗിച്ച് ഒരു വ്യക്തിയുടെ ‘റിസ്‌ക് പ്രവചനങ്ങൾ' (Risk predictions) എങ്ങനെയാണ് നടത്തുന്നത് എന്നതിനെക്കുറിച്ചും അതിലുണ്ടാകാവുന്ന പിശകുകളെക്കുറിച്ചും വിവരങ്ങൾ നൽകുകയും വേണം.

വ്യക്തിഗത വിവരങ്ങൾ അജ്ഞാതമാക്കണം

ഡാറ്റാ സംഭരണം വികേന്ദ്രീകൃതമാക്കണോ കേന്ദ്രീകൃതമാക്കണോ എന്ന കാര്യത്തിൽ വ്യത്യസ്ത കാഴ്ചപ്പാടുണ്ട്. വികേന്ദ്രീകൃത സമീപനം സ്വകാര്യത വർദ്ധിപ്പിക്കുന്നുവെന്ന് ഡാറ്റാ പ്രൊട്ടക്ഷൻ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഏത് സമീപനമാണ് തിരഞ്ഞെടുക്കുന്നതെങ്കിലും, സ്വകാര്യതയെക്കുറിച്ചുള്ള വ്യവസ്ഥകൾക്കും മാർഗനിർദ്ദേശ തത്വങ്ങൾക്കും അനുസൃതമാണ് പ്രവർത്തനമെന്ന് സർക്കാരുകളും ഡാറ്റ സേവന ദാതാക്കളും (മൂന്നാം കക്ഷികളും) ഉറപ്പുവരുത്തണം. ശേഖരിച്ച ഏതെങ്കിലും വ്യക്തിഗത ഡാറ്റ അല്ലെങ്കിൽ ഡാറ്റ പ്രോസസ്സിംഗ്, സ്റ്റോറേജ് എന്നിവയിൽ ഉൾപ്പെട്ട ഉപകരണങ്ങൾ, ആപ്ലിക്കേഷനുകൾ, സെർവറുകൾ, നെറ്റ്വർക്കുകൾ അല്ലെങ്കിൽ സേവനങ്ങൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരുകൾ എല്ലാ ശ്രമവും നടത്തണം. അപ്ലിക്കേഷനുകൾ മൂന്നാം-കക്ഷി (Third party) ഓഡിറ്റുകൾക്കും നുഴഞ്ഞുകയറ്റ പരിശോധനയ്ക്കും വിധേയമായിരിക്കണം, കൂടാതെ (ആപ്)പ്രോഗ്രാം ഡവലപ്പർമാർ അവരുടെ സുരക്ഷാ പ്രോട്ടോക്കോളുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പബ്ലിക് ഡൊമൈയ്‌നിൽ പ്രസിദ്ധീകരിക്കണം. എന്നാൽ മിക്ക രാജ്യങ്ങളിലും ഇത് പാലിക്കപ്പെടുന്നില്ല.
ഗവേഷണ ആവശ്യങ്ങൾക്കോ മറ്റ് പകർച്ചവ്യാധി ആസൂത്രണത്തിനോ ശേഖരിക്കപ്പെട്ട ഡാറ്റ സമാഹരിക്കുമ്പോൾ അവയിലെ വ്യക്തിഗത വിവരങ്ങൾ അജ്ഞാതമാക്കണം. കോവിഡുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ ആവശ്യങ്ങൾക്ക് ശേഖരിച്ച ഡാറ്റ ഗവേഷണ ആവശ്യങ്ങൾക്കൊഴികെ പകർച്ചവ്യാധി അവസാനിക്കുന്നതോടെ ഇല്ലാതാക്കണം. ഡാറ്റ സമാഹരണത്തിന് ഉണ്ടാക്കിയ സാങ്കേതിക സംവിധാനങ്ങളും മഹാമാരിയുടെ അവസാനത്തോടെ നിർത്തിയിരിക്കണം.

കോവിഡിനായി ടെസ്റ്റ് ചെയ്യപ്പെട്ട ഒരു ഉപയോക്താവിന് ഡിജിറ്റൽ ട്രാക്കിംഗ് ആപ്ലിക്കേഷനിലേക്കുള്ള റിപ്പോർട്ടിംഗ് നിരവധി ചാനലുകളിലൂടെ ചെയ്യാം. ഏത് സാഹചര്യത്തിലും, ആപ്ലിക്കേഷന്റെ അറിയിപ്പിന് വ്യക്തിയുടെ സമ്മതം ആവശ്യമാണ്. ഒന്നുകിൽ ഒരു ഉപയോക്താവിന് അപ്ലിക്കേഷനിൽ അണുബാധ സ്വയം റിപ്പോർട്ടുചെയ്യാനാകും (Self Reporting), അല്ലെങ്കിൽ ഒരു രോഗിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുമ്പോൾ, ഒരു മെഡിക്കൽ പ്രൊഫഷണലിന് ഡിജിറ്റൽ ട്രാക്കിംഗ് ആപ്ലിക്കേഷനെ വ്യക്തിയുടെ സമ്മതത്തോടെ അറിയിക്കാനും സാധ്യമാണ്. ഇങ്ങനെ റിപ്പോർട്ട് ചെയ്താൽ ആ വ്യക്തിക്കുവേണ്ട ഐസോലേഷൻ, ചികിത്സ സൗകര്യങ്ങളും ആവശ്യപ്പെട്ടാൽ സർക്കാർ നൽകേണ്ടതാണ്.

കോവിഡ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പർക്കം പുലർത്തുന്ന വ്യക്തികൾക്ക് അറിയിപ്പായി ഈ ആപ്ലിക്കേഷൻ വഴി ഈ വിവരം നേരിട്ട് കൈമാറാൻ കഴിയും. എന്നാൽ മറ്റ് ഉപയോക്താക്കളിലേക്കുള്ള ഈ അറിയിപ്പ് രോഗബാധിതനായ വ്യക്തിയുടെ സ്വകാര്യത കാത്തുസൂക്ഷിക്കുന്ന വിധത്തിലായിരിക്കണം. ഉപകരണം വഴി ഇങ്ങനെ അറിയിപ്പ് ലഭിക്കുന്ന ഉപയോക്താക്കൾക്ക് അവർ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള ശരിയായ വിവരങ്ങളും ലഭിച്ചിരിക്കണം. ഒരു ഡിജിറ്റൽ ട്രാക്കിംഗ് ആപ്ലിക്കേഷൻ ഉപയോഗിക്കുന്ന വ്യക്തി കോവിഡ് പോസിറ്റീവ് ആയാൽ, തുടർന്ന് ആ വ്യക്തിയുടെ അണുബാധയുടെയും, രോഗമുക്തിയുടെയും കാലഘട്ടത്തിൽ ആ വ്യക്തിയുടെ ചലനങ്ങൾ (Movements) ട്രാക്ക് ചെയ്യുന്നതിന് ആപ്ലിക്കേഷൻ ഉപയോഗിക്കരുത് എന്നും ഇതിൽ പരമാർശങ്ങളുണ്ട്. പക്ഷേ ഇതും മിക്ക രാജ്യങ്ങളിലും പാലിക്കപ്പെടുന്നില്ല.

കൃത്യതക്കുവേണ്ടിയുള്ള നിർദേശങ്ങളും ഇതിലുണ്ട്. ഒരു കോൺടാക്റ്റ് റെക്കോർഡുചെയ്യുന്നതിന് മുമ്പ് അതിന്റെ ദൈർഘ്യത്തിനും സാമീപ്യത്തിനുമായി പാരാമീറ്ററുകൾ സ്ഥാപിക്കുന്നതിന് അവിടെയുള്ള എപ്പിഡെമിയോളജിസ്റ്റുകളുടെ സഹായത്തോടെ റിസ്‌ക് മോഡലുകൾ വികസിപ്പിക്കണം. ഇടയ്ക്കിടെ പരിശോധിച്ച് അതിനനുസരിച്ച് ഇവ ക്രമീകരിക്കുകയും മെച്ചപ്പെടുത്തുകയും വേണം. ഇടവേളകളിൽ ഡാറ്റയുടെ ഗുണനിലവാരം വിലയിരുത്തി ഇത് നിയമവിരുദ്ധവും അനിയന്ത്രിതവുമായ വിവേചനത്തിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിച്ച് തിരുത്തൽ വരുത്തണം. ഇല്ലെങ്കിൽ അനാവശ്യമായി തെറ്റായി പോസിറ്റീവ് കേസ് വരാനും, ക്വാറന്റയിനും മറ്റ് നിയന്ത്രണങ്ങളും ഏർപ്പെടുത്താനും സാധ്യതയുണ്ട്.
ഇത്തരം നടപടികൾ ഏർപ്പെടുത്തുമ്പോൾ ഉത്തരവാദിത്ത നിഷ്‌കർഷക്കൊപ്പം ദുരുപയോഗത്തിനെതിരായ പരിരക്ഷകളും ഉറപ്പുവരുത്തണം. ഡാറ്റ ശേഖരണം, ഉപയോഗം, കോവിഡ് അനുബന്ധ നടപടികൾ എന്നിവയെക്കുറിച്ച് വ്യക്തികൾക്ക് അറിയാനും ആവശ്യമെങ്കിൽ അവ ചോദ്യംചെയ്യാനും അവസരം നൽകണം. അനാവശ്യ നിരീക്ഷണത്തിന് വിധേയരായ വ്യക്തികൾക്ക് ഫലപ്രദമായ നഷ്ട പരിഹാരത്തിനും സംവിധാനം വേണം. ഇതിന് പ്രത്യേക സൈബെർ രക്ഷാനിയമങ്ങൾ ഉണ്ടാക്കണം. ഇന്ത്യയിൽ ഇതിന് ഇപ്പോഴുള്ളത് 1885ലെ ഇന്ത്യൻ ടെലിഗ്രാഫ് നിയമം മാത്രമാണ്.

പൗരസമൂഹത്തിന് നിർണായക പങ്ക്

ട്രാക്കിംഗ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കുന്നതിലും വിവരങ്ങൾ ഉപയോഗിക്കുന്നതിലും നൈതികവും മനുഷ്യാവകാശപരവുമായ വശങ്ങൾ ഉൾപ്പെടെ പരിശോധിക്കുന്ന സമിതിയുടെ കീഴിൽ സ്വതന്ത്ര മേൽനോട്ടം (oversight) ഉണ്ടായിരിക്കണം. ഇതിന് ഏതെങ്കിലും സ്വകാര്യ എജൻസിയെ ഏൽപ്പിച്ചിട്ടുണ്ടെങ്കിൽ കരാർ വ്യവസ്ഥകൾ ഈ സമിതി പരിശോധിക്കണം.. ഡിജിറ്റൽ ട്രാക്കിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗവും മറ്റ് സർക്കാർ പ്രവർത്തനങ്ങളിൽ നിന്നും മറ്റ് ബിസിനസ്സ്, വാണിജ്യ താൽപര്യങ്ങളിൽ നിന്നും അകലത്തിലാണെന്ന് സർക്കാർ ഉറപ്പാക്കണം. അവ നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും ദുർബലരും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളെ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനും മേൽനോട്ട സമിതി (over sight) നിരീക്ഷണം വേണം. മഹാമാരി അവസാനിച്ചശേഷവും ഈ സ്വതന്ത്ര മേൽനോട്ട സമിതി നിലനിർത്തണം, നടപ്പിലാക്കിയ ഏതെങ്കിലും ഡിജിറ്റൽ പ്രോക്‌സിമിറ്റി ട്രാക്കിംഗ് സാങ്കേതികവിദ്യ പൂർണമായും നീക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം. കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ പൊതുജനാരോഗ്യ മേഖലയിലെ വിദഗ്ധർ, പൗര സംഘടനകൾ, പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഗ്രൂപ്പുകൾ എന്നിവയുടെ അർത്ഥവത്തായ പങ്കാളിത്തം വേണം. ഒരു നൈതിക വീക്ഷണ കോണിൽ ഇത് അത്യാവശ്യവുമാണ്. സാമൂഹ്യ അകലം പാലിക്കുക തുടങ്ങിയ കാര്യങ്ങളിൽ സ്വമേധയാ ജനപങ്കാളിത്തം വർദ്ധിപ്പിക്കാനും സർക്കാരുകളുടെ ഉത്തരവാദിത്തം നിലനിർത്തുന്നതിനും പൗരസമൂഹത്തിന് നിർണായക പങ്ക് വഹിക്കാൻ കഴിയും.

രോഗനിയന്ത്രണത്തിനൊപ്പം സമൂഹത്തിൽ ഡിജിറ്റൽ സാക്ഷരതയും ലഭ്യതയും വർദ്ധിപ്പിക്കാനും നൈതികത ഉറപ്പിക്കാനും സർക്കാരുകളുടെ നിതാന്ത്ര ജാഗ്രത വേണം. എന്നാൽ വ്യക്തികളുടെ സ്വകാര്യതയിൽ അതിക്രമിച്ചുകയറുന്ന രോഗനിരീക്ഷണ രീതി ഉപേക്ഷിക്കുകയും വേണം. മഹാമാരിയുടെ കാലത്തുതന്നെ ഭാവിയിൽ രാജ്യം ഒന്നാകെ ‘ഡിജിറ്റൽ ആരോഗ്യനയ'ത്തിലേക്ക് പോകുമ്പോൾ ഈ കാര്യങ്ങളൊക്കെ അതീവ ശ്രദ്ധ അർഹിക്കുന്നതും കൂടുതൽ ചർച്ച ആവശ്യപ്പെടുന്നതുമാണ്.


കോവിഡ് രചനകൾ ഒറ്റ ക്ലിക്കിൽ


Summary: കോവിഡ് കാലത്ത്​ ശേഖരിക്കപ്പെടുന്ന വ്യക്തിഗത ഡാറ്റയുടെ ഉപയോഗം കോവിഡ് സമയത്തും ശേഷവും അടിസ്ഥാന മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ഭീഷണിയാകാം എന്നാണ് ലോകാരോഗ്യ സംഘടന സൂചന നൽകുന്നത്. രാജ്യം ഒന്നാകെ 'ഡിജിറ്റൽ ആരോഗ്യനയ'ത്തിലേക്ക് പോകുമ്പോൾ ഡിജിറ്റൽ ട്രാക്കിംഗിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ പങ്കുവെക്കുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി മെഡിസിൻ പ്രഫസറും യുനെസ്‌കോ ബയോ എത്തിക്‌സ് ചെയർ മേധാവിയുമായ ലേഖകൻ


Comments