ഡോ. പ്രസന്നൻ പി.എ.

മനുഷ്യരെ ഭിന്നിപ്പിക്കുകയും, പുരോഗമനപരമായ മാറ്റങ്ങൾക്ക് തടസം നിൽക്കുകയും ചെയ്യുന്ന ഇൻസ്റ്റിങ്റ്റീവ് പ്രകൃതങ്ങൾ ഇന്നും വ്യാപകമായി നിലനിൽക്കുന്നുണ്ട്. ബോധവൽക്കരണവും, നിയമപരവും, രാഷ്ട്രീയവുമായ നിരന്തര ഇടപെടലുകളും ക്രമേണ ഇത്തരം പ്രിമിറ്റീവ് പ്രകൃതങ്ങളുടെ നശീകരണതീവ്രത ഇല്ലാതെയാക്കുമെന്ന് പ്രതീക്ഷിക്കാം.

ഞാൻ ഒരു യൂട്യൂബ് വീഡിയോ കാണുകയായിരുന്നു.

തല വേർപെട്ടിട്ടും ഒരു പാമ്പ് കിടന്ന് പുളയുന്നു.
അതിന്റെ വാല് വേറിട്ടുകിടക്കുന്ന തലയിൽ വന്നുതട്ടുന്നു.
ആദ്യത്തെ രണ്ടുമൂന്ന് തട്ടുകളേറ്റിട്ടും തല അനങ്ങിയില്ല. പിന്നത്തെ തവണ തല സീൽക്കാരശബ്ദമുണ്ടാക്കി തന്റെ തന്നെ ശരീരത്തെ ആഞ്ഞു കടിച്ചു. കുടഞ്ഞുകളയാനുള്ള ശരീരത്തിന്റെ ശ്രമം പരാജയപ്പെടുന്നു.( https://www.youtube.com/watch?v=7C8UqgVK4EI )

ആദ്യം ഭീതിയായിരുന്നു ആ കാഴ്ച തന്നത്. പിന്നെയത് ഒരു ജീവിയുടെ നിസ്സഹായാവസ്ഥയോടുള്ള അനുകമ്പയായി.

‘അതിനറിയില്ലല്ലോ, അശോകൻ നല്ലവനാണ്. മൂന്ന് പറക്കമുറ്റാത്ത കുട്ടികളുടെ അച്ഛനാണ്, എന്നെ പൊന്നുപോലെ നോക്കിയിരുന്നു, അഞ്ച് പെങ്ങന്മാർക്ക് ആകെയുള്ള ആങ്ങളയാണ് എന്നൊക്കെ. അതിനെ ചവിട്ടി, അത് കടിച്ചു'

വീട്ടിൽ പണിക്ക് വന്നിരുന്ന ഭവാനിയമ്മ വർഷങ്ങൾക്കുമുമ്പ് മരിച്ചുപോയ തന്റെ മകനെ പറ്റി എത്രയോ തവണ പറഞ്ഞിരിക്കുന്നു.

ശരിയാണ്, ചവിട്ടുക എന്ന ഉദ്ദീപനത്തിനും (stimulus) കടിക്കുക എന്ന ക്ഷിപ്രപ്രതികരണത്തിനും (reflex) നുമിടയിൽ ഒരു ബൗദ്ധിക രാസപ്രവർത്തനവും പാമ്പിന്റെ മസ്തിഷ്‌കത്തിൽ നടക്കുന്നില്ല. നാഡീവ്യൂഹത്തിന്റെ ഏറ്റവും പ്രിമിറ്റീവായ രണ്ടു പ്രതികരണങ്ങളിലൊന്നാണ് റിഫ്ലക്​സ്​ ആക്ഷൻ.

സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം... അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള ഇടപെടലുകളിൽ മിതത്വവും സമചിത്തതയും ആർജ്ജിക്കാൻ മനുഷ്യന് സാധിക്കുന്നത് തലച്ചോറിന്റെ ധിഷണാപരമായ നിയന്ത്രണത്തിനുള്ള കഴിവാണ്.

രണ്ടാമത്തേത് സഹജാവബോധം (instinct). സഹജാവബോധം ഉദ്ദീപനമില്ലാതെയും സംഭവിക്കാം. റിഫ്ലക്​സിന്​ എപ്പോഴും ഒരു ബാഹ്യപ്രേരണയുണ്ടാകും. പെട്ടെന്ന് തീരുന്നതുമായിരിക്കും പ്രതികരണം. മസ്തിഷ്‌കം അത് തിരിച്ചറിയുന്നത് ആക്ഷൻ കഴിഞ്ഞിട്ടായിരിക്കും. പേടി, പ്രതികാരം, ഗോത്രാഭിമാനം, അത്യാഗ്രഹം, സ്വാർത്ഥത എന്നിവ പ്രിമിറ്റീവ് ആയ ഇൻസ്റ്റിങ്റ്റീവ് സ്വഭാവങ്ങളിൽ ചിലതാണ്. ഇൻസ്​റ്റിൻക്​റ്റ്​ആയ പ്രതികരണം റിഫ്ലക്​സ്​ ആക്ഷനേക്കാൾ കൂടുതൽ കാലം നീണ്ടുനിൽക്കുന്നു.

പരിണാമപ്രക്രിയയുടെ ഫലമായി മനുഷ്യമസ്തിഷ്‌കത്തിനുണ്ടായ ഏറ്റവും വലിയ ഗുണങ്ങളിലൊന്ന് ഈ രണ്ടു പ്രതികരണങ്ങളെയും ഒരു പരിധിവരെ നിയന്ത്രിക്കാൻ അല്ലെങ്കിൽ തടയാനുള്ള കഴിവാണ്, കായികവും (motor) ധിഷണാപരവും (cognitive) ആയ നിയന്ത്രണം (inhibition).

റിഫ്ലക്​സ്​ ആക്ഷനെ പെട്ടെന്നുണ്ടാകുന്ന അപകടത്തിൽ നിന്ന് രക്ഷപ്പെടേണ്ടിവരുന്ന ചുരുക്കം ചില സന്ദർഭങ്ങളിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു, അതിലൊന്നാണ് ചൂടുള്ള വസ്തുവിൽ തൊടുമ്പോൾ കൈ ഒരു നിയന്ത്രണവുമില്ലാതെ പിൻവലിയുന്നത്. ഒരു മേശക്കുമേലെ കാൽ താഴോട്ടിട്ടിരുന്ന് മുട്ടിന് (knee cap) തൊട്ടുതാഴേയുള്ള സ്നായുവിൽ (tendon) ഒരു റബ്ബർ ഹാമർ കൊണ്ട് തട്ടിയാൽ കാൽ സ്വമേധയാ അല്ലാതെ (involuntarily) മുന്നിലോട്ട് ചലിക്കുന്നത് കാണാം. ഇത് നോർമലായി ശരീരത്തിൽ അവശേഷിക്കുന്ന കായികമായ (motor) ഒരു റിഫ്ലക്​സ്​ ആക്ഷനാണ്. കേന്ദ്ര നാഡീവ്യൂഹത്തിന് തകരാറ് സംഭവിച്ചാൽ ഈ ചലനത്തിന്റെ തീവ്രത കൂടുന്നു.

photo:wikimedia.org

സാമൂഹ്യം, സാമ്പത്തികം, രാഷ്ട്രീയം... അങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള ഇടപെടലുകളിൽ മിതത്വവും സമചിത്തതയും ആർജ്ജിക്കാൻ മനുഷ്യന് സാധിക്കുന്നത് തലച്ചോറിന്റെ ധിഷണാപരമായ നിയന്ത്രണത്തിനുള്ള (cognitive inhibition) കഴിവാണ്. പ്രീ ഫ്രോണ്ടൽ കോർട്ടക്സ് എന്ന മസ്തിഷ്‌കഭാഗമാണ് പ്രധാനമായും ഈ ധർമം നിർവഹിക്കുന്നത്. തലച്ചോറിനുണ്ടാകുന്ന ക്ഷതത്തിന്റെ (Brain injury) ഫലമായുണ്ടാകുന്ന അനിയന്ത്രിതമായ ദേഷ്യം, ആക്രമണസ്വഭാവം എന്നിവക്ക് കാരണം ഈ നിയന്ത്രണശേഷിക്ക് ന്യൂനത (disinhibition) വരുന്നത് കൊണ്ടാണ്.

അതുപോലെതന്നെ പ്രധാനമാണ് ഉത്തേജിതമാകാനുള്ള തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും കഴിവ്. പക്ഷേ നിയന്ത്രിതവും (controlled) പരിശീലിതവും (trained) വികസിതവും (developed) ആയ ഉത്തേജനമാണ് പരിണാമം മൂലം (evolution) സംഭവിച്ചതും, സംഭവിച്ചുകൊണ്ടിരിക്കുന്നതും. ആദിമമായ പ്രതികരണങ്ങളുടെയും സ്വഭാവങ്ങളുടെയും സ്ഫുടം ചെയ്യലാണ് പരിണാമപ്രക്രിയയുടെ ഫലമായുണ്ടാകുന്നത്.

മസ്തിഷ്‌കത്തിലെ നിയന്ത്രണമേഖലകൾ ഇനിയും വികസിക്കുകയും വിപുലമാകുകയും ചെയ്യേണ്ടതുണ്ട്. ഇവലൂഷനുപുറമെ നിരന്തരശ്രമങ്ങളും പരിശീലനവും വഴി മനുഷ്യർക്ക് ഈ വികസനവും വിപുലീകരണവും സാധിക്കും

അത്യന്തം സങ്കീർണമായ ഒരു കാര്യത്തെ ലളിതവൽക്കരിക്കുമ്പോഴുണ്ടാകുന്ന സാങ്കേതിക ന്യൂനതകളുണ്ടെങ്കിലും വളരെ രസകരമായ ആശയമാണ് പോൾ മക്​ലീനിന്റെ ( Paul MacLean) മസ്തിഷ്‌ക ത്രിത്വം അഥവാ ‘ട്രയൂൺ ബ്രെയിൻ’ ( Triune Brain). തലച്ചോറിലെ അധികാരശ്രേണിയെ (hierarchical organization) പരിണാമത്തിന്റെ വീക്ഷണകോണിൽ (evolutionary perspective) കാണാനുള്ള ശ്രമമാണിത്.

മനുഷ്യ മസ്തിഷ്‌കത്തിലെ ത്രിതല ശ്രേണിയെ മക്​ലീൻ രേഖപ്പെടുത്തിയിതിങ്ങനെയാണ്:

ഉരഗസ്വഭാവം (ആദിമമായവ)

പുരാതന സസ്തന സ്വഭാവം (വികാരം- emotion, പ്രചോദനം- motivation, ആത്മബന്ധം- bonding),

നവ സസ്തനസ്വഭാവം (യുക്തിസഹവും അമൂർത്തവും, അപഗ്രഥനപരവുമായ ചിന്തകൾ- rational, abstract and analytical thinking, ഉൾക്കാഴ്ച- insight, ദീർഘവീക്ഷണം- foresight etc).

പോൾ മക്​ലീൻ

പരിണാമം നടക്കുന്നത് അനുക്രമമായിട്ടല്ലാത്തതുകൊണ്ടും, മസ്തിഷ്‌കത്തിലുണ്ടാകുന്ന മാറ്റങ്ങൾ അതാത് കാലത്ത് നിലനിന്നിരുന്ന ജീവജാലങ്ങളിൽ ഏറിയും കുറഞ്ഞും കാണപ്പെടുമെന്നുള്ളതുകൊണ്ടും ശാസ്ത്രീയമായ കാർക്കശ്യത്തിനേക്കാൾ (scientific rigour) വിവരണത്തിലുള്ള ലാളിത്യമാണ് ‘ട്രയൂൺ ബ്രെയിൻ’ തിയറിക്കുള്ളത്.

സവിശേഷബുദ്ധിയും ഗുണങ്ങളുമുണ്ടെങ്കിലും ഈ ഉരഗസ്വഭാവങ്ങൾ (reflex and instinct) അനാവശ്യമായി ഇപ്പോഴും സംഭവിക്കുന്നു.

മസ്തിഷ്‌കത്തിലെ നിയന്ത്രണമേഖലകൾ (inhibition centres) ഇനിയും വികസിക്കുകയും വിപുലമാകുകയും ചെയ്യേണ്ടതുണ്ട്. ഇവലൂഷനുപുറമെ നിരന്തരശ്രമങ്ങളും പരിശീലനവും വഴി മനുഷ്യർക്ക് ഈ വികസനവും വിപുലീകരണവും സാധിക്കുമെന്നാണ് ന്യൂറോസയൻസ് കണ്ടെത്തിയിട്ടുള്ളത്.

വിനാശകരമായ പ്രത്യാഘാതങ്ങൾ (ആക്രോശം മുതൽ യുദ്ധം വരെ) ഉണ്ടാക്കുന്ന റിഫ്ലക്​സീവ്​ സ്വഭാവങ്ങളും, മനുഷ്യരെ ഭിന്നിപ്പിക്കുകയും, പുരോഗമനപരമായ മാറ്റങ്ങൾക്ക് തടസം നിൽക്കുകയും ചെയ്യുന്ന ഇൻസ്റ്റിങ്റ്റീവ് പ്രകൃതങ്ങളും ഇന്നും വ്യാപകമായി തന്നെ നിലനിൽക്കുന്നുണ്ട്.

1949ൽ ഡേവിഡ്​ ഹെബ്ബ്​ (David Hebb) ആണ് ഹെബ്ബിയൻ തിയറി / ലേണിങ്​ (Hebbian theory/ learning) എന്ന പേരിൽ ജന്മനാ കിട്ടിയതിനുമേലെ പുതിയ ഗുണങ്ങളും രീതികളും ആർജ്ജിക്കാമെന്നതിനെ കുറിച്ചുള്ള വിജ്ഞാനവുമായി വന്നത്. ഓരോ ഉദ്ദീപനവും (stimulus) സംവേദനവും (communication) തലച്ചോറിന്റെ ബന്ധപ്പെട്ട ഭാഗത്തുള്ള കോശങ്ങളിൽ വൈദ്യുതതരംഗങ്ങളുണ്ടാക്കുന്നു. അത് പല പ്രാവശ്യമാകുമ്പോൾ (multiple times) നാഡീകോശങ്ങൾ തമ്മിൽ ഭൗതികവും, രാസപരവുമായ പുതിയ ബന്ധങ്ങൾ (interconnections) സ്ഥാപിക്കപ്പെടുന്നു. അത്തരം അനുഭവങ്ങളിലൂടെ ആർജ്ജിക്കുന്ന അറിവ് കോശബന്ധങ്ങളുടെ യൂണിറ്റുകളായി (engrams) സ്ഥാപിക്കപ്പെടുന്നു. പിന്നീട് ആവശ്യം വരുന്ന സന്ദർഭങ്ങളിൽ അത് ഉപബോധതലത്തിൽ നിന്നും, ബോധപൂർവമുള്ള ഇടപെടലില്ലാതെ തന്നെ പ്രതികരണങ്ങളായി പുറത്തുവരുന്നു.

Hebbian theory/ learning

ഇതിന്റെ ഒരു സിമ്പിൾ ഉദാഹരണം ഡ്രൈവിംഗ് പഠനമാണ്. ആദ്യകാലങ്ങളിൽ ഗിയർ എവിടെ, ബ്രേക്ക് എവിടെ, സ്റ്റീയറിങ് എവിടെ എന്ന് നോക്കി ഓരോന്നും വളരെ ബദ്ധപ്പെട്ട് തികച്ചും ബോധപൂർവ്വം ഉപയോഗിക്കണം. കുറെ കാലത്തെ പരിശീലനമോ, ആവർത്തനമോ കഴിയുമ്പോൾ അത് അയത്‌നലളിതമായി ഏകോപിക്കപ്പെട്ട് സ്വയമേവ (automatic) സംഭവിക്കുന്നതായി അനുഭവപ്പെടുന്നു. അത് ഒരു നൈപുണ്യം (skill) ആയി മാറുന്നു .

സ്വഭാവം (character), വ്യക്തിത്വം (personality) എന്നിവയുടെ വികാസത്തിലും ഏതാണ്ട് ഈ പ്രക്രിയകൾ തന്നെയാണ് ഉൾപ്പെട്ടിരിക്കുന്നത്.

സീഗ്രിഡ്​​ ലോവൽ

സീഗ്രിഡ്​ ലോവൽ (Siegrid Löwel) എന്ന ജർമൻ ന്യൂറോസയൻറിസ്റ്റ് ലളിതമായി പറഞ്ഞതുപോലെ, ‘brain cells fire first, then wire together'.

ഫയർ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ഒരു ഉദ്ദീപനമുണ്ടാകുമ്പോൾ മസ്തിഷ്‌കത്തിലെ അതുമായി ബന്ധപ്പെട്ട കോശങ്ങളിലുണ്ടാകുന്ന വൈദ്യുത തരംഗങ്ങളെയാണ്. ചെറിയ ശക്തിയിലുള്ള (low voltage) വൈദ്യുത പ്രവാഹങ്ങളായാണ് തലച്ചോറിനകത്ത് ആശയവിനിമയങ്ങൾ സംഭവിക്കുന്നത്. ഒരു പുതിയ ഉദ്ദീപനത്തോട് പല പ്രാവശ്യമുണ്ടാകുന്ന മസ്തിഷ്‌കപ്രതികരണങ്ങൾ നാഡീവ്യൂഹത്തിൽ പുതിയ ഘടനാപരമായ മാറ്റങ്ങൾ (synaptogenesis) ഉണ്ടാക്കുന്നു. അങ്ങനെയാണ് പുതിയ കാര്യങ്ങൾ പഠിക്കുന്നതും (learning), ഓർമകൾ (memory) ഉണ്ടാകുന്നതും. ഇത്തരം ഗുണപരമായ മാറ്റങ്ങളുണ്ടാകുന്നത് അദ്ധ്യയനം (education), അവസരം (exposure) അനുഭവം (experience) എന്നിവയിലൂടെയാണ്. വിനാശകരമായ പ്രത്യാഘാതങ്ങൾ (ആക്രോശം മുതൽ യുദ്ധം വരെ) ഉണ്ടാക്കുന്ന റിഫ്ലക്​സീവ്​ സ്വഭാവങ്ങളും, മനുഷ്യരെ ഭിന്നിപ്പിക്കുകയും, പുരോഗമനപരമായ മാറ്റങ്ങൾക്ക് തടസം നിൽക്കുകയും ചെയ്യുന്ന ഇൻസ്റ്റിങ്റ്റീവ് പ്രകൃതങ്ങളും ഇന്നും വ്യാപകമായി തന്നെ നിലനിൽക്കുന്നുണ്ട്. ബോധവൽക്കരണവും, നിയമപരവും, രാഷ്ട്രീയവുമായ നിരന്തര ഇടപെടലുകളും ക്രമേണ ഇത്തരം പ്രിമിറ്റീവ് പ്രകൃതങ്ങളുടെ നശീകരണതീവ്രത ഇല്ലാതെയാക്കുമെന്ന് പ്രതീക്ഷിക്കാം. അതല്ലെങ്കിൽ, ഹോമോ സാപിയൻസ്​ എന്ന ശാസ്ത്രനാമമുള്ള മനുഷ്യൻ എന്ന ജീവിയുടെ നാശത്തിന് മറ്റൊരു കാരണം വേണ്ടിവരില്ല. ​▮


ഡോ. പ്രസന്നൻ പി.എ.

ആസ്​ത്രേലിയയിലെ വിക്​ടോറിയയിലുള്ള ലാട്രോബ്​ റീജ്യനൽ ആശുപത്രിയിൽ 16 വർഷമായി റിഹാബിലിറ്റേഷൻ മെഡിസിനിൽ കൺസൽട്ടൻറ്​ ഫിസിഷ്യൻ.

Comments