ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
ബഹുസ്വരതയും സഹവർത്തിത്വവുമൊക്കെയാണ് ജനാധിപത്യത്തിന്റെ കരുത്തെങ്കിൽ ഒരാൾക്ക് പറയാനും മറ്റൊരാൾക്ക് പറയുന്നത് കേൾക്കാനും സാധിക്കണം. അതിനുള്ള സഹിഷ്ണുതയും പര്‌സ്പര ബഹുമാനവും വേണം. ഇന്ത്യൻ ഭരണഘടനയുടെ അനന്യമായ സവിശേഷത അത് മുമ്പോട്ടു വെച്ച സംവാദാധിഷ്ഠിതമൂല്യമാണ്. ഭരണഘടനാ നിർമാണ സഭ മുതൽ വിവിധ നിയമനിർമാണ സഭകൾവരെ കർത്തവ്യനിരതമായത് സംവാദത്തിന്റെ വായുസഞ്ചാരമേറ്റാണ്. അങ്ങനെയല്ലാത്ത, ചർച്ചകളില്ലാതെ പാസാക്കപ്പെടുന്ന കരിനിയമങ്ങൾക്കെതിരെ ഇന്ത്യയുടെ ജനാധിപത്യ ബോധം സമരം ചെയ്തതിന്റെ കൂടിയാണ് ഇന്ത്യയുടെ വർത്തമാനകാല ചരിത്രം.
തെരുവുകളിലും മരത്തണലിലും വായനശാലാ ഹാളുകളിലും സ്റ്റാഫ് റൂമുകളിലും കാലികങ്ങളായ രാഷ്ടീയ - സാംസ്‌ക്കാരിക - പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് നേരിട്ട് സംവദിക്കുന്നവരുടെ ഒരു കേരളമുണ്ടായിരുന്നു. അവിടെ ആക്രോശങ്ങളും അടിപിടിയുമൊക്കെ ഉണ്ടായിട്ടുണ്ടാകാം. വിയോജിപ്പുകൾ പെയ്‌തൊഴിച്ച ശേഷം തോളിൽ കയ്യിട്ട് പോയി ഒരു ചായ കുടിച്ച് ഉണ്ടപ്പൊരിയും തിന്ന് നാളെ വീണ്ടും അടി കൂടാനായി സ്‌നേഹപൂർവം പിരിയുന്ന തുപോലൊരു സൗഹൃദം ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ സാധ്യമാകുന്നുണ്ടോ എന്ന് സംശയമാണ്.
സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?
സംവാദത്തിന്റെ വിഷയം, ആളുകൾ, കാലം തുടങ്ങിയ പല ഘടകങ്ങൾക്കുമനുസരിച്ച് ഭാഷയുടെ രീതിയിലും സമീപനത്തിലും വ്യത്യാസം വന്നേക്കാം. സംവാദത്തിലെ ഭാഷയെക്കുറിച്ച് സംസാരിക്കുമ്പോൾ വടക്കൻ കേരളത്തിലെ കാവുകളിൽ മീനപ്പൂരക്കാലത്ത് നടക്കുന്ന മറത്ത് കളിയുടെ ഭാഗമായ വാഗർത്ഥ സദസാണ് ഓർമ വരുന്നത്. പൗരാണിക ശാസ്ത്രങ്ങളും കാവ്യ സൗന്ദര്യ ശാസ്ത്രവും തത്വശാസ്ത്രങ്ങളും ആയുർവേദവും ഒക്കെ ഇരുപണി ക്കന്മാർ ചേർന്ന് ഇവിടെ ഇഴ പിരിച്ച് പരിശോധിക്കുന്നു. കടവല്ലൂർ അന്യോന്യത്തിലെ ഭാഷയോ അതിന്റെ ഉദ്ദേശ്യമോ ആയിരിക്കില്ല വടക്കൻ പൂരപ്പറമ്പുകളിലെ ഈ വൈജ്ഞാനിക ബഹിർ സ്ഫുരണങ്ങൾക്ക്.
കൃഷിക്കാരും നെയ്ത്തുകാരും തെയ്യക്കാരും ഒക്കെയായ സാധാരണ മനുഷ്യർ യോഗവും രൂഢിയും തത്പുരുഷനും കർമ്മധാരയനും ഭാവധ്വനിയും അറിഞ്ഞവരായത് ഈ ഗ്രാമീണ സർവകലാശാലയിലെ ഇത്തരം കേട്ടറിവുകളിലൂടെയാണ് . മമ്മടാചാര്യന്റെ കാവ്യപ്രകാശത്തിലെ "നിയതികൃത നിയമരഹിതാം ' എന്ന മംഗളപദ്യം പൂരക്കളിയുമായി നേരിട്ട് ഒരു ബന്ധവുമില്ലാത്ത സംസ്‌കൃത ജ്ഞാനം തീരെയില്ലാത്ത ചന്തുവേട്ടൻ പാടിക്കേട്ടിട്ടുണ്ട്. സംവാദത്തിലെ വിഷയത്തിന്റെ ആഴവും ഭാഷയുടെ പ്രയോഗവും ഈ നാട്ടു മനുഷ്യരുടെ വിശാലമായ നാടൻ ജ്ഞാനശാസ്ത്രത്തിന്റെ ഈടുവെപ്പാകുന്നു. ഇത്തരം ചില മനുഷ്യർക്കെങ്കിലും വളരെ ചെറുപ്പത്തിലേ സംവാദാത്മകമായി ശിഷ്യപ്പെട്ടതുകൊണ്ടു കൂടിയാണ് ആ ഫോക്എപ്പിസ്റ്റമോളജി എന്റേതുകൂടിയായത്. ഒരു നല്ല സംവാദം രണ്ടു പേർക്ക് തമ്മിൽ അവരുടെ ദുർവാശികളുടെ വിഷമിറക്കി വെക്കാനാവരുത്. മറത്ത് കളിയിലെപ്പോലെ കേൾക്കുന്നവരെ വിദ്യാഭ്യാസം ചെയ്യിപ്പിക്കുന്നതിനുമാകണം. നവ മാധ്യമ സംവാദങ്ങളിൽ ഇടപെടുന്നവരെ മാത്രമല്ല താത്പര്യത്തോടെ കേൾക്കുന്നവരെയും പരിഗണിക്കണം.
അതിനനുസരിച്ച് ഭാഷയിലും പ്രയോഗത്തിലും ആത്മനിയന്ത്രണമുണ്ടാക്കണം . വ്യക്തിപരമായ ചർച്ച ഉഭയസമ്മതപ്രകാരം ഇൻബോക്‌സിലാകാം. അതിലെ ഭാഷയുടെ മധുരത്തിനും ചമർപ്പിനും രതിക്കും വിരതിക്കും രണ്ടു പേർക്കേ ഉത്തരവാദിത്യമുള്ളൂ. ഓൺലൈനിലായാലും ഓഫ് ലൈനിലായാലും സംവദിക്കുന്ന വിഷയത്തിനെക്കുറിച്ച് സാമാന്യ ധാരണയുള്ളവർക്കിടയിൽ നടക്കുന്ന, ആരോഗ്യകരവും ജനാധിപത്യപരവുമായ സംവാദം പോലൊന്നല്ല ആർക്കും എത്തി നോക്കാവുന്ന എഫ്.ബി / ക്ലബ് ഹൗസ് ഉത്സവപ്പറമ്പുകളിൽ ഇന്ന് പൊതുവെ നടക്കുന്നത്.
നീ, നിങ്ങൾ, താങ്കൾ തുടങ്ങിയ ഭാഷയിലെ സംബോധനാ പദങ്ങൾ തന്നെ സമസ്ഥിതിയോ ആദരണീയതയോ വ്യക്തമാക്കാൻ ഉപയോഗിക്കുന്നവയാണല്ലോ. ഗുരുത്വമെന്നത് മുൻതലമുറ ശീലിച്ച ജീവിത തത്വമാണ്. നിത്യജീവിതത്തിൽ പ്രായം നല്കുന്ന ഈ പക്വതയ്‌ക്കൊന്നും സൈബർ ഇടത്തിൽ വലിയ അർത്ഥമില്ല. സൈബറിലെ തെറി ഒരു തരം രോഗമാണ്. അമ്പത്തേഴിൽ ജനിച്ച ഒരാളാണ് അറുപത്തെട്ടിൽ ജനിച്ചയാളെ അവിടെ പരട്ടുകിഴവാ എന്ന് സംബോധന ചെയ്യുക. ചെറ്റ, തെണ്ടി തുടങ്ങിയ സാമാന്യം മൃദുവായ സംബോധനാ പദങ്ങൾ തെറിയായതിന്റെ ചിത്രം രസകരമാണ്. ദണ്ഡുമായി നടന്നിരുന്ന ശങ്കരപൂർവ ബ്രാഹ്മണരെ അക്കാലത്ത് വിളിച്ച ദണ്ഡിയിൽ നിന്നാണ് തെണ്ടിയുണ്ടായത്. ജൈനമത പ്രാഭവ കാലത്തെ പുരോഹിതരായ കുശവരോടുള്ള ധർമപരമായ അസൂയകാരണമാണ് നമ്പൂതിരിമാരുടെ സംസാര പരിസരത്ത് മാത്രം കുശവൻ തെറിവാക്കായത്.
തെറി തെറിച്ചു നില്ക്കുന്നത് രാഷ്ട്രീയമായ പരിസരത്താണ്. ഓരോ തെറിവാക്കിനും ചില ചരിത്രവും രാഷ്ട്രീയവുമുണ്ടെന്ന് ഊടും പാവും പോലെ ഇത് എടുത്തു പ്രയോഗിക്കുന്ന അധോവായുസാരസ്വതർക്കറിയില്ല. തെറിച്ചു വീഴുന്നതാണ് തെറി. പറയുമ്പോൾ തെറി വരിക സ്വാഭാവികമാണ്. കൈവിട്ടു പോയ വാക്ക് തിരിച്ചെടുക്കാനാവില്ലല്ലോ. തിരുത്താനും മായ്ക്കാനുമുള്ള സമയവും സാധ്യതയും ഉപയോഗിക്കാമെന്നിരിക്കെ പുതിയ എഴുത്തിടത്തിലെ സഭ്യേതരതയ്ക്ക് സ്വാഭാവികം എന്ന ഈ ആനുകൂല്യം നല്‌കേണ്ടതില്ല. ചർച്ചയ്ക്കിടയിൽ വിഷയ ബന്ധിയായി തെറി വരുന്നത് മനസ്സിലാക്കാം. സംബോധന തന്നെ തെറിയാകുന്നുവെന്നതാണ് സൈബറിടത്തിലെ ഇപ്പോഴത്തെ ഒരു തരം ചൊറി രോഗം.
സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?
ആയെന്നു പറയാറായിട്ടില്ല. പ്രതിജനഭിന്ന വിചിത്രമായ ധാരണകളും കാഴ്ചപ്പാടുകളും ഉള്ളവർ പരസ്പര ബഹുമാനമില്ലാതെയും ജനാധിപത്യ പരമല്ലാതെയും ഇടപെടുന്ന കാലത്തോളം അതങ്ങനെ ആവുമെന്നും തോന്നുന്നില്ല. എന്നാൽ ബോധപൂർവമായ ചില ശ്രമങ്ങൾ ചില കൂട്ടായ്മകളിൽ നടക്കുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?
മുഖംമൂടിയിട്ടവരാകും മിക്കവാറും കായികമായി ആക്രമണം നടത്തുന്നത്. എന്നാൽ മുഖമേ ഇല്ലാത്തവരുടെ ആറാട്ടുത്സവമാണ് ഡിജിറ്റൽ സ്‌പേസിൽ. ആരുടെയോ ക്വട്ടേഷനേറ്റെടുത്ത മുഖംമൂടിസംഘങ്ങൾ ചെയ്യുന്ന കൊല്ലുക, അംഗഭംഗപ്പെടുത്തുക എന്നിവയേക്കാൾ ഭയാനകമാണ് സൈബർ ആക്രമണത്തിലെ പരിക്കുകൾ. വൈതാളികമോ വൈകാരികമോ ആയ യാതൊരു സഹായവും കിട്ടാത്തവർക്ക് അതുണ്ടാക്കുന്ന ട്രോമയെ അതിജീവിക്കുക വലിയ പ്രയാസമാണ്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. വിരലു തൊട്ടാൽ മൈയും പുയ്യും മാത്രം എഴുത്തിൽ വരുന്ന ഈ രോഗം പൊതുവെ പുരുഷന്മാർക്ക് മാത്രം ബാധിക്കുന്നതാണ് എന്നതിനാൽ പുരസ്ഥഗ്രന്ഥിയുടെതായ എൻഡോ ക്രൈൻ അസന്തുലിത കൊണ്ടുണ്ടാവുന്നതാണോ എന്ന് പരിശോധിക്കാവുന്നതാണ്.
ആൾക്കൂട്ടത്തിന് മുഖമില്ല. പെട്ടെന്നുള്ള ചില ധാരണകളുടെ പുറത്ത് ചെയ്തുപോകുന്ന പ്രവൃത്തികളാകും തെരുവിലെ ചില ആൾക്കൂട്ട ആക്രമണങ്ങളെങ്കിലും. രാഷ്ട്രീയമായ ഒരു അക്രമം പൂർവ നിശ്ചിതമാകുമ്പോൾ തന്നെ വ്യക്തിപരമായി അതിലെ പങ്കാളികൾക്കെല്ലാം അങ്ങനെയാകണമെന്നില്ല. പിന്നിലെ ഗൂഢാലോചന എല്ലാവരും അറിയണമെന്നില്ല. സൈബർ അക്രമണങ്ങൾ പലതും പൂർവ നിശ്ചിതമല്ലാത്തതും തലതിരിഞ്ഞ ചിലരുടെ വിവരക്കേടുകളും ആണെന്ന് വിശ്വസിക്കുന്നവരുണ്ടാകാം. കുമ്പളങ്ങ കട്ട രാഷ്ട്രീയ നേതൃത്വങ്ങൾ തങ്ങളുടെ തലയിൽ നരയില്ലെന്ന് അനുബന്ധപ്രഖ്യാപനങ്ങൾ നടത്തുന്നുണ്ടാകാം.എന്നാൽ മിക്കവാറും അങ്ങനെയല്ല കാര്യങ്ങൾ. കാര്യം അത്ര നിഷ്‌കളങ്കമൊന്നുമല്ല. ക്വട്ടേഷൻ ആക്രമിസംഘങ്ങൾ അവരുടെ ഓപറേഷനു ശേഷം ചില ഇരുൾ മൂലകളിലൊത്തുചേർന്ന് റിവ്യൂ നടത്തുന്നതു പോലെ വിവാദമാകാനിടയുള്ള ഒരു സൈബർ അക്രമണാനന്തരം എഫ്.ബി.യിലെ കുപ്രസിദ്ധമായ ചില മുടക്കോഴി മലകളിൽ നോക്കിയാൽ പരസ്പരം അഭിനന്ദിക്കുന്ന വെട്ടുകിളികളെ ഒറ്റ സ്‌നാപ്പിൽ തന്നെ കാണാം.
വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?
എന്നെ സംബന്ധിച്ച് എഴുത്ത് എക്കാലവും ഇക്കോ- ഫോക് ലോർ ആക്ടിവിസത്തിന്റെ ഭാഗമായിരുന്നു. നാല് പതിറ്റാണ്ടാകുന്ന എഴുത്ത് ജീവിതത്തിൽ കായികമായും അല്ലാതെയും ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. കാൽ നൂറ്റാണ്ട് മുമ്പ് ഉത്തരകേരളത്തിലെ വിശുദ്ധ വനങ്ങൾ പ്രസിദ്ധീകരിച്ചപ്പോൾ ചില ഹൈന്ദവ ഗ്രൂപ്പുകളിൽ നിന്ന് ലഭിച്ച സന്മാർഗോപദേശങ്ങളും ചരിത്രപാഠങ്ങളും അന്നവഗണിച്ചു വെങ്കിലും അവയുടെ അർത്ഥം ഇപ്പോഴാണ് ഡീകോഡ് ചെയ്ത് കിട്ടുന്നത്. വയനാട്ട് കുലവൻ നായാട്ടുമായി ബന്ധപ്പെട്ട് എഴുതാനുള്ള യാത്രകളിൽ ഒരിക്കൽ കായികമായ ആക്രമണത്തിന് ഞാനും മധുരാജെന്ന ഫോട്ടോ ഗ്രാഫർ ചങ്ങാതിയും വിധേയമായിട്ടുണ്ട്.
ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളുടെ പ്രതികരണങ്ങളിൽ രൂക്ഷമായതും എന്നാൽ പ്രസക്തമായതും ആയ ധാരാളം വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. അവയ്ക്ക് മറുപടിയുണ്ടായിരുന്നെങ്കിലും പ്രിന്റ് മീഡിയയുടെ സമയ - സ്ഥലപരമായ പരിമിതികളിൽ മറുപടി പ്രതികരണം സാധ്യമാകാറില്ല. എന്നാൽ ഉരുളയ്ക്ക് ഉപ്പേരി കൊടുക്കാനുള്ള സാധ്യത തുറന്ന് വെക്കുന്നുണ്ട് സൈബർ ഇടങ്ങൾ . അതു കൊണ്ടു തന്നെ കാതലായ വിമർശനങ്ങൾ സ്വാഗതം ചെയ്യാറുമുണ്ട്. ട്രൂ കോപ്പി വെബ്‌സീനിലെ കെ-റെയിൽ ലേഖനത്തിനൊക്കെ വന്ന പ്രതികരണങ്ങളിൽ ചിലത് തീരെ സഭ്യമല്ലാത്തതായിരുന്നു.
സൗഹൃദ പട്ടികയിലുള്ളവരിൽ നിന്ന് വരുന്ന വിമർശനങ്ങളെ ഹൃദ്യമായി സ്വീകരിക്കാറാണ് പതിവ്. ഈ സൗഹൃദ ഇടത്തിലേക്ക് കൂട്ടമായി ഇടിച്ചു കയറി വന്ന് യാതൊരു ജനാധിപത്യ മര്യാദയും പാലിക്കാതെ ഇടപെടുന്നവരാണ് സൈബർ അക്രമികൾ. മാർക്‌സിസ്റ്റ് ആക്ടിവിസ്റ്റ് എന്നൊക്കെ പ്രൊഫൈൽ കവറിൽ സ്വയം വിശേഷിപ്പിക്കുന്നവരുടെ ഇത്തരം വാക്കുകളും പ്രവൃത്തികളും തീർച്ചയായും ഇടതുപക്ഷത്തിന്റെ കാലിലെ മന്തായി മാറും. സൈബർ സ്‌പേസ് ആരോഗ്യകരമായ സംവാദങ്ങൾക്കായി തുറന്നു കിട്ടാൻ ഇത്തരക്കാരെ നിഷ്‌ക്കരുണം പരിവർജിക്കേണ്ടതുണ്ട്.