ചാണകവും മൂത്രവും ഔഷധമായി പ്രഖ്യാപിച്ചത് ലോകം ഞെട്ടലോടെയാണ് കണ്ടത്- എതിരൻ കതിരവൻ

Truecopy Webzine

ന്ത്യൻ ഭരണാധികാരികളുടെ ശാസ്ത്രവിരുദ്ധ നിലപാടിനെ രൂക്ഷമായി വിമർശിച്ചും, ഈ നിലപാടാണ് കോവിഡ് രോഗബാധമൂലമുള്ള ദുരന്തം ഇത്ര മാരകമാക്കിയതെന്ന് ചൂണ്ടിക്കാട്ടിയും ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ എതിരൻ കതിരവൻ.

‘‘ഇന്ത്യൻ ഭരണാധികാരികൾ കുറേ വർഷങ്ങളായി ശാസ്ത്രവിരുദ്ധ നിലപാടുകളിൽ നിലകൊള്ളുന്നത് ശാസ്ത്രലോകത്തിന്റെ അപഹാസ്യതയ്ക്ക് പാത്രമാക്കിയിട്ടുണ്ട്. ചാണകവും മൂത്രവും ഔഷധങ്ങളായി പ്രഖ്യാപിക്കുകയും അവയിൽ കൗതുകവസ്തുക്കളുണ്ടെന്ന മിഥ്യാധാരണയിൽ ഗവേഷണസ്ഥാപനം ആരംഭിക്കുകയും ചെയ്തത് ഞെട്ടലോടേയാണ് ലോകം നോക്കിക്കണ്ടത്. സസ്തനികളുടെ മൂത്രത്തിലേയും മലത്തിലേയും രാസഘടകങ്ങളെക്കുറിച്ച് പണ്ടേ അറിവുള്ളതാണ്. ആ അറിവിനെ നിരാകരിക്കുക എന്നതിന് ചില്ലറ ധൈര്യം പോരാ''- ട്രൂ കോപ്പി വെബ്‌സീനിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

‘‘ചരിത്രത്തിൽ ഒരിയ്ക്കലും ഒരു മഹാമാരിയും കോവിഡിനെപ്പോലെ ഇത്രമാത്രം രാഷ്ട്രീയവൽക്കരിക്കപ്പെട്ടിട്ടില്ല. ലോക പ്രശസ്ത സാംക്രമികരോഗശാസ്ത്ര വിദഗ്ധരുടെ നാടാണ് ഭാരതം. പക്ഷെ അവർക്ക് കടന്നു വരാനുള്ള ഭരണകൂടവാതിലുകൾ ഇന്നും അടഞ്ഞാണ് കിടക്കുന്നത്. ഇന്ത്യയിൽ ഒരു ശാസ്ത്രസംഘം കേന്ദ്രഗവണ്മെന്റിനെ ഉപദേശിക്കാൻ നിയോഗിച്ചിട്ടുള്ളതായി കേൾക്കുന്നുണ്ടെങ്കിലും അവർ എന്തുചെയ്യുന്നു എന്ന് ആർക്കും പിടിയില്ലാത്ത മട്ടാണ്.''

‘‘പെട്ടെന്ന് ഒരു മരുന്ന് ഇതാ എത്തിയിരിക്കുന്നു എന്ന വിശ്വാസം ജനിപ്പിക്കുന്നതിന് ഗവൺമെൻറ്​ നിർമിച്ചെടുത്ത കഥയാണ് ‘കോവിഡിന് 2- ഡി ഗ്ലൂക്കോസ്' എന്നത്. ലോകത്തെ പല ലാബുകളിലും ഇന്നും ഇത് ഒരു മരുന്നായി വികസിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഗ്ലൂക്കോസിന്റെ വിഭിന്നരൂപമാണിത്, പക്ഷേ ഊർജ്ജദായകമല്ല. വർഷങ്ങളായി പരീക്ഷണങ്ങൾ തുടരുന്നു എങ്കിലും ഇന്നും ഇതൊരു മരുന്നായി പുറത്തെത്തിക്കാൻ സാധിച്ചിട്ടില്ല. കോവിഡിനെതിരെ കുറഞ്ഞ തോതിൽ 2 ഡി ഗ്ലൂക്കോസ് ഫലപ്രദമാണ് എന്ന് എലികളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്, പക്ഷേ മനുഷ്യരിൽ ഫലപ്രദമല്ല എന്നത് ഇന്നും ശാസ്ത്രജ്ഞരെ കുഴക്കുന്നു. Department of Research and Development organization (DRDO) ഇത് മരുന്നായി വികസിപ്പെച്ചെടുത്തു എന്ന് പ്രഖ്യാപിച്ച് തെറ്റിദ്ധാരണ സൃഷ്ടിച്ചിട്ടുണ്ട്. അവർ നിർമിച്ചതോ വികസിപ്പിച്ചതോ അല്ല ഈ രാസവസ്തു, സാധാരണ കെമിക്കൽ കമ്പനിയിൽ നിന്ന് വാങ്ങാൻ കിട്ടുന്നതാണ്.''- എതിരൻ കതിരവൻ എഴുതുന്നു.

‘‘2 ഡി ഗ്ലൂക്കോസ് പ്രയോഗം DRDO എളുപ്പം സാധിച്ചെടുത്തു എന്നത് തികച്ചും അവിശ്വസനീയമാണ്. ബന്ധപ്പെട്ട ചില പരീക്ഷണങ്ങൾ ബാബ രാംദേവിന്റെ ‘പതഞ്ജലി ഇൻസ്റ്റിറ്റ്യൂട്ടി'ലാണ് നടത്തിയിട്ടൂള്ളത് എന്നത് ശാസ്ത്രീയത എത്രമാത്രമുണ്ട് ഇതിനു പിന്നിൽ എന്നത് വെളിവാക്കുകയാണ്. കൊറോണ വൈറസിനെതിരെ മറ്റ് ശാസ്ത്രജ്ഞർക്ക് സാദ്ധ്യമല്ലാത്തതും അവർ തള്ളിക്കളഞ്ഞതുമായ മരുന്ന് വികസിപ്പിച്ചെടുത്തു എന്നത് ജനപ്രീതിയ്ക്കു വേണ്ടി നിർമിച്ചെടുത്ത തന്ത്രമെന്നേ കരുതാവൂ.''

‘‘എപിഡിമിയോളജി (സാംക്രമികരോഗശാസ്ത്രം) ഡാറ്റ ശേഖരിക്കുന്നതിലും വേണ്ടപ്പെട്ടവർക്ക് കൊടുക്കുന്നതിലും വൻ വീഴ്ചയാണ് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞർ ഒപ്പുവച്ച തുറന്ന കത്ത് പ്രധാനമന്ത്രിയ്ക്ക് നൽകിയിരുന്നു. വൈറസിനെ നേരിടുന്നതിലുള്ള തന്ത്രങ്ങൾ മെനയുന്നതിലോ ചികിൽസാപദ്ധതികൾ ആവിഷ്‌കരിക്കുന്നതിലോ ലഭിയ്ക്കുന്ന ഡാറ്റ അനുസരിച്ച് ഭാവി അനുമാനങ്ങൾ നിർമിച്ചെടുക്കുന്നതിലോ ശാസ്ത്രജ്ഞരെ എത്ര മാത്രം അകറ്റി നിറുത്തിയിരുന്നു ഭരണകൂടം എന്നത് വ്യക്തമാക്കുകയാണ് ഈ കത്ത്. ലക്ഷങ്ങൾ മരിയ്ക്കുന്ന ഒരു മഹാമാരിക്കാലത്ത് ശാസ്ത്രജ്ഞർക്ക് ഭരണകൂടത്തോട് ഒരു ഭിക്ഷാനിവേദനം വേണ്ടിവന്നു എന്നത് ചരിത്രപരമായി കളങ്കം ചേർക്കലാണ്.''

‘‘മാർച്ച് ആദ്യവാരത്തിൽപ്പോലും സീറം പരിശോധനയും കമ്പ്യൂട്ടർ മോഡലിങ്ങും മഹാമാരിയുടെ അവസാനമാണെന്ന് പ്രവചിച്ചിരിക്കുന്നു എന്ന ധാരണയാണ് സർക്കാർ പൊതുജനത്തിനു നൽകിയത്. കൂടുതൽ മാരകമായ വേരിയൻറ്​ വൈറസുകൾ രാജ്യത്ത് പിടിമുറുക്കിയ കാര്യം മോദിയുടെ ശാസ്ത്ര ഉപദേഷ്ടാക്കളിൽ അഞ്ചുപേർ അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. ഈ മുന്നറിയിപ്പ് അവഗണിയ്ക്കുകയാണ് ഭരണകൂടം ചെയ്തത്.''- ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‌സിറ്റിയിലും യൂണിവേഴ്‌സിറ്റി ഓഫ് ഷിക്കാഗോയിലും സയന്റിസ്റ്റായ എതിരൻ കതിരവൻ എഴുതുന്നു.

ചാണകശാസ്ത്രം രാഷ്ട്രതന്ത്രമാകുമ്പോൾ-
എതിരൻ കതിരവൻ എഴുതിയ ലേഖനം വായിക്കാം, കേൾക്കാം
ട്രൂ കോപ്പി വെബ്‌സീൻ പാക്കറ്റ് 31

Comments