അതികാലത്തെഴുന്നേറ്റ് നമുക്ക് മുന്തിരിവള്ളികള്‍ തളിര്‍ത്തോ എന്ന് നോക്കാം,
അത് എവിടെയായിരുന്നു? എന്നായിരുന്നു?

മുന്തിരിയെപ്പോലെ ഇത്ര വൈവിദ്ധ്യമിയന്ന മറ്റൊരു പഴം ഇല്ല. അത്രയേറെയാണ് ജനിതക വൈവിദ്ധ്യം. ഈ ജീൻ സങ്കലനങ്ങളും വ്യപകലനങ്ങളും മനുഷ്യർ ബ്രീഡിങ്ങിലൂടെ ആദിമകാലം മുതൽ പ്രയത്നിച്ചുണ്ടാക്കിയതാണ്. ഇന്ന് ജനിതകമാറ്റവിളകളെച്ചൊല്ലി ആശങ്കപ്പെടുന്നവരും മുറവിളി കൂട്ടുന്നവരും ഇക്കാര്യം അറിഞ്ഞില്ലെന്ന് നടിക്കുകയാണ്, ജനിതകമാറ്റത്തിൻ്റെ സുസ്വാദ് നൊട്ടിനുണയുമ്പോഴും.

EPISTEME- 12

മുന്തിരിയും വീഞ്ഞും ദൈവികമാണ്, പല സംസ്കാരങ്ങളിലും. ഗ്രീക്കുകാർക്ക് മുന്തിരിക്ക് ഒരു ദൈവമുണ്ട്- ഡയോനിസസ്. ഊർവരതയുടേയും അത്യുത്സാഹത്തിൻ്റേയും മാനസികവിഭ്രാന്തിയുടെയും ദൈവമാണിത്. തൻ്റെ രക്തമാണ് വീഞ്ഞ് എന്ന് യേശു പ്രഖ്യാപിക്കുന്നുണ്ട്. വെള്ളം വീഞ്ഞാക്കി മാറ്റുന്ന ദൈവിക പ്രവൃത്തിയും യേശുവിൻ്റേതാണ്. പ്രണയത്തിൻ്റെ നിത്യസൂചകമാണ് വീഞ്ഞ് എന്ന് സോളമൻ്റെ ഗീതങ്ങളും ഓമർഖയ്യാമും ഘോഷിച്ചിട്ടുണ്ട്. ‘മുന്തിരിച്ചാറുപോലുള്ളൊരീ ജീവിതം എന്തു വന്നാലും ആസ്വദിക്കണം’ എന്ന് ചങ്ങമ്പുഴ.

വ്യവസ്ഥാപിതമായ കൃഷി ആവിർഭവിക്കുന്നതിനു മുൻപ് മനുഷ്യർ മുന്തിരി വളർത്താൻ തുടങ്ങിയിരുന്നു എന്നത് ഈ മുന്തിരിപ്രണയത്തിൻ്റെ സാക്ഷ്യമാണ്. ദ്രാക്ഷാരിഷ്ടം ആയുർവേദത്തിലെ സുപരിചിത ചികിൽസാ മരുന്നാണ്. ഭാരതത്തിൽ പുരാണപ്രോക്തമാണ് ദ്രാക്ഷ അല്ലെങ്കിൽ മുന്തിരി. പക്ഷേ മുന്തിരിനീർ പുളിപ്പിച്ച് ആൽക്കഹോൾ കലർന്ന പാനീയം നിർമിച്ചിരുന്നോ എന്ന് തീർച്ചയില്ല. കളിമൺപാത്രങ്ങൾ നിയോലിതിക് കാലത്ത് (11,000 ബി.സി) ആവിർഭവിച്ചപ്പോൾ ഇത്തരം പാനീയങ്ങൾ നിർമിച്ചെടുക്കാൻ എളുപ്പമായിക്കാണണം; എങ്കിലും കൃത്യമായ തെളിവ് ലഭിച്ചിട്ടുള്ളത് 7000 ബി.സി യിലോ മറ്റോ മുന്തിരി പുളിപ്പിച്ചിരിന്നു എന്നതുമായി ബന്ധപ്പെട്ടാണ്.

ഈജിപ്തിലെ കല്ലറയില്‍ കണ്ടെത്തിയ മുന്തിരി വിളവെടുപ്പിന്റെ ചിത്രം / Photo: Wall mural in the tomb of Nakht at Thebes, ca. 1425–1350 BC, Dynasty 18.
ഈജിപ്തിലെ കല്ലറയില്‍ കണ്ടെത്തിയ മുന്തിരി വിളവെടുപ്പിന്റെ ചിത്രം / Photo: Wall mural in the tomb of Nakht at Thebes, ca. 1425–1350 BC, Dynasty 18.

ഗ്രീക് മിത്തോളജി കാലമായപ്പോഴേയ്ക്കും വൈൻ നിത്യോപയോഗമായിക്കഴിഞ്ഞിരുന്നു. വേദങ്ങളിൽ ആൽക്കഹോൾ കലർന്ന ‘സോമം’ പരാമർശിക്കപ്പെടുന്നുണ്ടെങ്കിലും മുന്തിരിയിൽ നിന്ന് പുളിപ്പിച്ചതായി കഥകളില്ല. പക്ഷേ ഈ കാലഗണനയെല്ലാം ആന്ത്രോപോളജിസ്റ്റുകളോ ആർക്കിയോളജിസ്റ്റുകളോ അനുമാനിച്ചെടുത്തവയാണ്. മുന്തിരിച്ചെടികളുടെ വ്യാപനവും വീഞ്ഞ് നിർമ്മിതിയുടെ സമയബന്ധിതമായ പുരോഗതികളും ഇന്ന് ജനിതക പഠനങ്ങൾ കൃത്യമായി സൂചിപ്പിച്ചുവരികയാണ്. മുന്തിരിയുടെ പരിണാമം മനുഷ്യൻ ഭക്ഷണരീതിയിലെ വൈവിദ്ധ്യങ്ങൾക്കുവേണ്ടി നടത്തിയ പരീക്ഷണങ്ങളുടെ മാത്രമല്ല, ദേശാടനങ്ങളുടെ ചരിത്രസൂചകവും ആണ്.

ഒരു പാനീയം എന്ന രീതിയിൽ സാംസ്കാരികമായി വൈൻ വ്യാപിച്ചത് യൂറോപ്പിലാണ്. സാമ്പത്തിക ഘടനയെ ഇത്ര സ്വാധീനിച്ച മറ്റൊരു പാനീയമില്ലതന്നെ. ബൈബിൾ കാലഘട്ടത്തിൽ ലഹരിപാനീയം എന്ന രീതിയിലല്ല, ജീവിതചര്യയുടെ ഭാഗമെന്ന നിലയിൽ സമൂഹം ഉറപ്പിച്ചെടുത്ത ഇഷ്ടപാനീയം തന്നെയായിരുന്നു വീഞ്ഞ്. സംസ്കാരത്തിൻ്റെ ആധാരശിലകൾ ഉറപ്പിച്ചെടുക്കുന്നത് ഭക്ഷണശീലങ്ങളാണ്, വ്യക്തിപരമായും സമൂഹികമായും പാരസ്പര്യത്തേയും സ്വഭാവവിശേഷങ്ങളേയും അത് ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്.

തൻ്റെ രക്തമാണ് വീഞ്ഞ് എന്ന് യേശു പ്രഖ്യാപിക്കുന്നുണ്ട്. വെള്ളം വീഞ്ഞാക്കി മാറ്റുന്ന ദൈവികപ്രവൃത്തിയും യേശുവിൻ്റേതാണ്. / Painting: Christ on a Vine by Leos Moskos
തൻ്റെ രക്തമാണ് വീഞ്ഞ് എന്ന് യേശു പ്രഖ്യാപിക്കുന്നുണ്ട്. വെള്ളം വീഞ്ഞാക്കി മാറ്റുന്ന ദൈവികപ്രവൃത്തിയും യേശുവിൻ്റേതാണ്. / Painting: Christ on a Vine by Leos Moskos

രണ്ടുതരം മുന്തിരികളാണ് മനുഷ്യർ ആദിമകാലത്ത് വീടുമെരുക്കപ്പെടുത്തിയെടുത്തത് (domesticated). വെറുതേ കഴിക്കുന്ന മുന്തിരിയും (ഭക്ഷ്യമുന്തിരി അഥവാ table grapes) അത് ഉണക്കിയെടുത്ത മുന്തിരിയും (raisins) ഒരു വക ആണെങ്കിൽ വൈൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്നത് (wine grapes) മറ്റൊന്നാണ്. അധികം മധുരമില്ലാത്തതും കൂടുതൽ വലിപ്പമുള്ള കുരുവും ഉള്ളതാണിവ. തൊലിക്ക് കട്ടിയും കൂടുതലുണ്ട്. ഇവ രണ്ടും പ്രാചീന ‘ബ്രീഡിങ്ങ് ( breeding) സങ്കേതങ്ങൾ ഉപയോഗിച്ചാണ് രൂപീകരിക്കപ്പെട്ടത്.

ഉണക്കിയെടുത്ത മുന്തിരി
ഉണക്കിയെടുത്ത മുന്തിരി

യൂറേഷ്യയിൽ വീഞ്ഞ് എന്നത് ഒരു സാംസ്കാരികചിഹ്നവും പ്രതീകവുമാണ്. പുരാതനകാലം മുതൽ ആ പ്രദേശങ്ങളാണ് ലോകവിപണിയെ കയ്യടക്കുന്നതും. 15-ാം നൂറ്റാണ്ടു മുതൽ യൂറോപ്യൻ അധിനിവേശം ലോകം മുഴുവൻ വ്യാപിക്കുകയും വൈൻ എന്നത് പല സംസ്കാരങ്ങളുടെ ഭാഗമാകുകയും ചെയ്തു.

ഓരോ തരം വൈനിനും ഓരോ രുചിയാണ്. വിദഗ്ധർക്ക് ഈ രുചികൊണ്ട് എവിടെ നിർമിച്ചെടുത്താണത് എന്ന് കണ്ടുപിടിയ്ക്കാമത്രേ. ഈയിടെ സയ്ൻ്റിഫിക് അമേരിക്കൻ മാഗസിൻ ഇങ്ങനെ എഴുതി: ‘‘പോർടുഗലിലെ ഡൂറോയിൽ നിന്നോ, ഓസ്ട്രേലിയയിലെ ബരോസ്സയിൽ നിന്നോ കാലിഫോർണിയയിലെ നാപായിൽ നിന്നോ സൊനോമയിൽ നിന്നോ ആവട്ടെ, ആ വൈനിനുള്ള മുന്തിരികൾ എവിടെ വളർന്നു എന്ന് ആ രുചിയിൽ നിന്ന് കണ്ടുപിടിയ്ക്കാനാവും”.

വൈൻ മുന്തിരി
വൈൻ മുന്തിരി

മണ്ണ്, ഭൂമിപ്രതലം, മൈക്രോ കാലാവസ്ഥ ഇവയൊക്കെ മുന്തിരിയുടെ വളർച്ചയെ ബാധിയ്ക്കുന്നു, രുചിവ്യത്യാസങ്ങൾ വന്നു ചേരുന്നു. ഭൂമിശാസ്ത്രപരമായും ജനിതകപരമായും ഉള്ള വ്യത്യാസങ്ങൾക്ക് ആധാരമായ ഏതേത് യാത്രകളാണ് ആ മുന്തിരിച്ചെടികളെ അവിടെയൊക്കെ എത്തിച്ചത് എന്നത് അധികം മനസ്സിലാക്കിയിട്ടില്ല, ഇതുവരെ.

മുന്തിരിയുടേയും വൈനിൻ്റേയും സാംസ്കാരികചരിത്രവും പ്രചാരസവിശേഷതകളും ചരിത്രകാരരുടെ ഔൽസുക്യം മാത്രമല്ല, ശാസ്ത്രത്തിൻ്റെ സത്യാന്വേഷണത്വരയുടെ നിദർശനം കൂടിയാണ്. ആർക്കിയോളജി നിഗമനങ്ങൾ എവിടെയും എത്താതെ പോയ സന്ദർഭത്തിലാണ് ജനിതകപഠനങ്ങൾ വ്യക്തതയുമായി പ്രത്യക്ഷപ്പെടുന്നത്. മനുഷ്യസ്വഭാവങ്ങളുടെയും ദേശാടനത്തിൻ്റേയും കാലാവസ്ഥാവ്യതിയാനങ്ങളുടേയും ചരിത്രവുമായി ഗാഢമായി കെട്ടുപിണഞ്ഞു കിടക്കുന്നു മുന്തിരിവ്യാപനത്തിൻ്റെ ചരിത്രവും.

നിയോലിതിക് കാലഘട്ടത്തിൻ്റെ അവസാനത്തോടെ നാടൻ മുന്തിരി ജനിതകഗ്രൂപ്പുകൾ (CG3, CG4. CG5, CG6) ഉളവായ ഇടങ്ങളും വ്യാപനവും. നിറങ്ങളുള്ള വൃത്തങ്ങൾ  പല ഗ്രൂപ്പുകളെ സൂചിപ്പിക്കുന്നു. (Science, 2023).
നിയോലിതിക് കാലഘട്ടത്തിൻ്റെ അവസാനത്തോടെ നാടൻ മുന്തിരി ജനിതകഗ്രൂപ്പുകൾ (CG3, CG4. CG5, CG6) ഉളവായ ഇടങ്ങളും വ്യാപനവും. നിറങ്ങളുള്ള വൃത്തങ്ങൾ പല ഗ്രൂപ്പുകളെ സൂചിപ്പിക്കുന്നു. (Science, 2023).

കൃഷിയിലെ വൈവിദ്ധ്യത്തിൻ്റെ, അതിജീവനത്തിനല്ലാതെ ആഹ്ലാദത്തിനായി അത് മാറ്റപ്പെടുന്നതിൻ്റെ, രുചിഭേദങ്ങളുടെ, പരിണാമങ്ങളുടെ ചരിത്രം കൂടിയാണ് ഈ ജനിതക പഠനങ്ങൾ. ഒരു വൻനിര ശാസ്ത്രജ്ഞന്മാരാണ് ഈ വർഷം (2023 മാർച്ച്) സയൻസ് മാഗസിനിൽ വിശദമായ ജനിതകചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 80- ഓളം ശാസ്ത്രജ്ഞർ, ലോകത്തെ 23 ഗവേഷണകേന്ദ്രങ്ങളിൽ, 16 രാജ്യങ്ങളിൽ ചെയ്ത സംഗ്രഹപഠനം. പല പൂർവ്വാഖ്യാനങ്ങളേയും തിരുത്താൻ പോന്നതാണ് ഈ പഠനം. 2503 വീട്ടിണക്കം പ്രാപിച്ച (domesticated) ഭക്ഷ്യമുന്തിരിയും വൈൻ മുന്തിരിയും അതോടൊപ്പം 1022 കാടൻ (wild) മുന്തിരിയും ഡി എൻ എ വിശ്ലേഷണത്തിന് പാത്രമാക്കി അവർ. ചില ആകസ്മിക അദ്ഭുതങ്ങൾ ഈ വിവരങ്ങൾ സമ്മാനിച്ചു.

മുന്തിരി മെരുക്കി കൃഷി ചെയ്തു തുടങ്ങിയത് വെറുതേ തിന്നാനോ അതോ വൈൻ ഉണ്ടാക്കാനോ എന്നതിൽ തർക്കമുണ്ടായിരുന്നു. ഈ അസിന്നിഗ്ദ്ധാവസ്ഥയ്ക്കാണ് വിശദമായ ജനിതകപഠനങ്ങൾ തീരുമാനമുണ്ടാക്കിയിരിക്കുന്നത്.

Vitis sylvestris എന്ന ജനുസാണ് ആദിമ കാടൻ മുന്തിരി. ഇന്ന് വൈനുണ്ടാക്കാൻ ഉപയോഗിക്കുന്നതതും വെറുതെ തിന്നാനുള്ളതുമായ Vitis vinifera ജനുസ് ഇതിൽ നിന്ന് ഉരുത്തിരിഞ്ഞതാണ്, മനുഷ്യർ വഴി. ഇത് ഒരു നീണ്ട പരിണാമകാലത്തിൻ്റെ സന്തതിയാണ്. മേൽച്ചൊന്ന മാതിരി ഈ വിനിഫെറയിൽ കൂടുതൽ മധുരമുള്ള ഭക്ഷ്യമുന്തിരിയും വൈനുണ്ടാക്കാൻ യോഗ്യമായ വൈൻ മുന്തിരിയുമുണ്ട്. ഇവ രണ്ടും ജനിതകപരമായ വ്യത്യാസങ്ങളും പേറുന്നു. ഇവ എന്ന് പരിണമിച്ചെത്തി, ഏതേതു ദേശങ്ങളിൽ വ്യാപകമായിരുന്നു, ഇന്ന് വ്യാപിച്ചിരിക്കുന്ന ഇവയിൽ ജനിതക കലർപ്പുകൾ എത്രമാത്രം എന്ന് വ്യക്തമായി മേൽപ്പരാമർശിച്ച സമഗ്ര പഠനം അറിവു തരുന്നു. മനുഷ്യദേശാടനവും കാലവസ്ഥയും ഇതിൽ ഗാഢമായ പങ്ക് വഹിച്ചിട്ടുണ്ട്. ഈ രണ്ടു ഗ്രൂപ്പും (sylvestris, vinifera) ഇന്ന് ജനിതകപരമായി തരം തിരിയ്ക്കപ്പെട്ടിരിക്കുന്നു.

കാടൻ മുന്തിരി / Photo: jkip.kit.edu
കാടൻ മുന്തിരി / Photo: jkip.kit.edu

Sylvestris എന്ന കാട്ടുമുന്തിരി ഗ്രൂപ്പിൽ നാലു തരങ്ങളുണ്ട്. പടിഞ്ഞാറെ ഏഷ്യയിൽ Syl E1, കോക്കസസ് ഭാഗത്ത് (അർമീനിയ, അസൈബൈജാൻ, ജോർജ്ജിയ എന്നീ പ്രദേശങ്ങൾ) Syl E2, മദ്ധ്യ യൂറോപ്പിൽ Syl W1, ഐബീരിയ (സ്പെയ്ൻ, പോർടുഗൽ) പ്രദേശത്തുള്ള Syl W2 എന്നിവയാണവ. Vinifera ഗ്രൂപ്പിൽ 6 ആദിമഗോത്രങ്ങളാണുള്ളത്. പടിഞ്ഞാറേ ഏഷ്യയിലുള്ള ഭക്ഷ്യമുന്തിരിയായ CG1, കോക്കസസിലുള്ള വൈൻ മുന്തിരിയായ CG2, യൂറോപ്പിൽ പല ഭാഗങ്ങളിലുമുള്ള മസ്കറ്റ് മുന്തിരി (ഇതിൽ ഭക്ഷ്യമുന്തിരിയും വൈൻ മുന്തിരിയും ഉണ്ട്) CG3, ബാൽക്കൻ (ക്രൊയേഷ്യ, സ്ലോവേനിയ, ബോസ്നിയ, അൽബേനിയ, ഗ്രീസ്, റോമേനിയ മുതലായ രാജ്യങ്ങൾ ഉൾപ്പെട്ടത്) പ്രദേശങ്ങളിലെ വൈൻ മുന്തിരിയായ CG4, ഐബീരിയയിലെ വൈൻ മുന്തിരിയായ CG 5, പടിഞ്ഞാറൻ യൂറോപ്പിലെ വൈൻ മുന്തിരിയായ CG6 ഇവയൊക്കെയാണവ. ഇവയിൽ നിന്നൊക്കെ പല നിറങ്ങളും സ്വാദുകളുമുള്ള മുന്തിരികൾ മനുഷ്യൻ ആവിഷ്ക്കരിച്ചെടുത്തിട്ടുണ്ട്. അങ്ങനെ ഇവയ്ക്കെല്ലാം സ്വന്തം ജനിതകമുദ്രകളുണ്ട്. K1 മുതൽ K8 വരെ എട്ടെണ്ണം.

പല ജനിതകമുദ്രകൾ (K1 മുതൽ K8 വരെ) കാട്ടുമുന്തിരികളിലും നാടൻ മുന്തിരികളിലും വ്യാപകമാണ്. ഉദാഹരണത്തിന് Syl-E1-ലെ K2 ജനിതകമുദ്ര (കടും ചുവപ്പ നിറം), നാടൻ മുന്തിരിയിലെ CG1 ഗ്രൂപ്പ് വളരെയധികം സ്വാംശീകരിച്ചിരിക്കുന്നു. (Science, 2023)
പല ജനിതകമുദ്രകൾ (K1 മുതൽ K8 വരെ) കാട്ടുമുന്തിരികളിലും നാടൻ മുന്തിരികളിലും വ്യാപകമാണ്. ഉദാഹരണത്തിന് Syl-E1-ലെ K2 ജനിതകമുദ്ര (കടും ചുവപ്പ നിറം), നാടൻ മുന്തിരിയിലെ CG1 ഗ്രൂപ്പ് വളരെയധികം സ്വാംശീകരിച്ചിരിക്കുന്നു. (Science, 2023)

ഈ പുതിയ പഠനങ്ങളുടെ ഏറ്റവും കൗതുകകരമായ വെളിപാട്, രണ്ട് പ്രദേശങ്ങൾ തമ്മിൽ ബന്ധമില്ലാതെ ഏകദേശം ഒരേ കാലഘട്ടത്തിൽ ഈ വിനിഫെറ മുന്തിരികൾ പരിണമിച്ചുവന്നു, അല്ലെങ്കിൽ മനുഷ്യർ പരിണമിപ്പിച്ചെടുത്തു എന്നതാണ്. പടിഞ്ഞാറെ ഏഷ്യയിൽ 11,000 വർഷങ്ങൾക്കു മുൻപേ സ്വാദുള്ള, കഴിക്കാൻ പറ്റിയവ ആവിഷ്ക്കരിച്ചെടുത്തിരുന്നു. അതേ സമയം കോക്കസസ് പ്രദേശത്ത് ഇതേ വെറൈറ്റി അവിടത്തെ ആൾക്കാരും സ്വരൂപിച്ചെടുത്തു. പക്ഷേ അവർ വൈനുണ്ടാക്കാൻ തുടങ്ങിയത് 2000, 3000 കൊല്ലങ്ങൾ കഴിഞ്ഞാണ്. മുന്തിരി പരിണാമത്തിലെ സുപ്രധാനമായ കണ്ടുപിടിത്തമാണിത്. ഏറെ നാളായുള്ള വിശ്വാസം, യൂറോപ്പിലും പറിഞ്ഞാറെ ഏഷ്യയിലും കൃഷി വ്യാപകമായതോടെ, 8000 വർഷങ്ങൾക്കുമുൻപ് മുന്തിരി വീട്ടിണക്കപ്പെട്ടു എന്നാണ്. മറ്റ് ചില വിദഗ്ധർ സ്ഥാപിക്കാൻ ശ്രമിച്ചത്, മുന്തിരികൃഷി 3000 വർഷങ്ങൾക്കുമുൻപ് ഐബീരിയയിൽ (പോർടുഗൽ, സ്പൈൻ) സംഭവിച്ചു എന്നാണ്. മറ്റു ചിലർ വാദിച്ചത് കോക്കസസിൽ മാത്രമാണ് മുന്തിരി ആദ്യം മെരുക്കപ്പെട്ടത് എന്നാണ്. മുന്തിരി മെരുക്കി കൃഷി ചെയ്തു തുടങ്ങിയത് വെറുതേ തിന്നാനോ അതോ വൈൻ ഉണ്ടാക്കാനോ എന്നതിലും തർക്കമുണ്ടായിരുന്നു. ഈ അസിന്നിഗ്ദ്ധാവസ്ഥയ്ക്കാണ് വിശദമായ ജനിതകപഠനങ്ങൾ തീരുമാനമുണ്ടാക്കിയിരിക്കുന്നത്.

ഡി എൻ എ വിശ്ലേഷണങ്ങൾ വെളിവാക്കിയ സത്യകഥ ഇങ്ങനെയാണ്: ആദ്യകാല കർഷകർ പടിഞ്ഞാറേ ഏഷ്യയിൽ നിന്ന് ഐബീരിയ ഭാഗത്തേക്ക് കുടിയേറിക്കൊണ്ടിരുന്നു. അവർ, ഭക്ഷ്യമുന്തിരിയും കൂടെക്കൂട്ടി. ഈ പോക്കിൽ അതതു ദേശങ്ങളിൽ കാട്ടുമുന്തിരിയുമായി ക്രോസ്ബ്രീഡ് ചെയ്യപ്പെട്ട ഇനങ്ങളും നിർമിച്ചെടുത്തു. ഇത് ഇപ്പൊഴത്തെ ഇസ്രായേൽ- ടർക്കി ഭാഗത്തായിരുന്നിരിക്കണം. കൂടുതൽ സ്വാദും മധുരവുമുള്ള മസ്കറ്റ് വെറൈറ്റി മുന്തിരികൾ ഇപ്രകാരമാണുണ്ടായത്. തിന്നാനും വൈൻ ഉണ്ടാക്കാനും പറ്റിയവ തന്നെ. പിന്നീട് പടിഞ്ഞാറേയ്ക്കുള്ള പ്രയാണത്തിൽ പല സങ്കലനങ്ങൾ നടന്നു, ജനിതക വ്യതിയാനങ്ങൾ സംഭവിച്ചു, ബാൽക്കൻ പ്രദേശങ്ങളിലും ഇറ്റലിയിലും ഫ്രാൻസിലും സ്പെയ്നിലും പല തരം മുന്തിരിവള്ളികൾ തളിർത്തുപൊന്തി.

രണ്ടുതരം മസ്ക്കറ്റ് മുന്തിരി / Photo: Wikimedia Commons
രണ്ടുതരം മസ്ക്കറ്റ് മുന്തിരി / Photo: Wikimedia Commons

കോക്കസസ്സിലെ ആൾക്കാർക്ക് വൈൻ മുന്തിരികൾ ഉണ്ടായിരുന്നിട്ടും അവർ യൂറോപ്പിലേക്ക് ഇത് കൊണ്ടുപോയില്ല എന്നതിൻ്റെ കാരണം അജ്ഞാതമാണ്. അലഞ്ഞുതിരിയുന്ന യാമ്നായക്കാരുടെ പ്രദേശമായിരുന്നു അത്. 4000-5000 വർഷങ്ങൾക്കു മുൻപ് അവർ പടിഞ്ഞാറൻ പ്രദേശങ്ങളിൽ മുന്തിരി എത്തിച്ചിരുന്നു കാണണം എങ്കിലും യൂറോപ്യൻ വൈൻ മുന്തിരകളിൽ കോക്കേഷ്യൻ സ്വാധീനം തീരെ ഇല്ല എന്നത് സത്യമായി അവശേഷിക്കുന്നുണ്ട്.

ജനിതകപഠനം വെളിവാക്കുന്ന ചരിത്രം

ആധുനികമനുഷ്യർ പരിണമിച്ചുവരുന്നതിനു മുമ്പുതന്നെ 4,00,000 -3,00,000 വർഷങ്ങൾക്ക് മുൻപ് പടിഞ്ഞാറൻ- മദ്ധ്യ യൂറേഷ്യൻ ഭൂഖണ്ഡത്തിൽ സ്വാഭാവികമായി കാട്ടുമുന്തിരികൾ (Vitis sylvestris) തഴച്ചുവളർന്നിരുന്നു. ഏകദേശം 200,000 വർഷങ്ങൾക്കുമുൻപാണ് പ്രകൃതിനാശകമായ ഹിമയുഗത്തിലേക്ക് (Ice age) ഈ പ്രദേശങ്ങൾ പ്രവേശിക്കുന്നത്. മദ്ധ്യധരണ്യാഴി (central Mediterranean Sea region) പ്രദേശങ്ങളിൽ സാവധാനം മുന്തിരിച്ചെടികൾ ഒന്നടങ്കം സർവ്വനാശത്തിലേക്ക് വഴുതിവീണു, മുന്തിരികളുടെ സ്വാഭാവിക കുടിപാർപ്പിടം (habitat) രണ്ട് ഒറ്റപ്പെട്ട ഇടങ്ങളായി വിഭജിക്കപ്പെട്ടു.
ഒന്ന്, സമുദ്രത്തിൻ്റെ പടിഞ്ഞാറുള്ള ഭാഗം (ഇന്നത്തെ പോർടുഗൽ, സ്പെയിൻ, ഫ്രാൻസ്).
രണ്ട്, കിഴക്കൻ ഭാഗം.
ഇതിൽ കോക്കസസും പടിഞ്ഞാറൻ ഏഷ്യയും (ഇസ്രായേൽ, ജോർദാൻ, ഇറാക്ക്) ഉൾപ്പെടുന്നു. ഈ രണ്ട് പ്രദേശങ്ങളിലെ കാട്ടുമുന്തിരികൾ രണ്ട് ജനിതകരീതി വ്യത്യാസങ്ങളോടെ പരിണമിച്ചു. ഇതിൽ പടിഞ്ഞാറൻ ഗ്രൂപ്പിൽനിന്ന് ആഹാരയോഗ്യമായ മുന്തിരികൾ ആവിഷ്ക്കരിക്കപ്പെട്ടില്ല. 100,000 വർഷങ്ങൾ മുൻപ് ആധുനിക മനുഷ്യരുടെ ദേശാടനങ്ങൾ വ്യാപകമായി. 56,000 കൊല്ലങ്ങൾക്ക് മുൻപ് മറ്റൊരു ഹിമയുഗം സംഭവിച്ചു, മനുഷ്യരും സസ്യങ്ങളും പലതായി ഒറ്റപ്പെട്ടുപോയി. താമസിയാതെ കാട്ടുമുന്തിരികൾ മനുഷ്യരാൽ മെരുക്കപ്പെട്ടു തുടങ്ങി. വ്യവസ്ഥാപിത കൃഷി ആവിർഭവിക്കുന്നതിനും മുൻപാണിത്.

21,000 വർഷങ്ങൾക്കുമുൻപ് കിഴക്കൻ ഭാഗങ്ങളിൽ കാട്ടുമുന്തിരികൾ രണ്ട് വ്യത്യസ്ത ജനിതകഘടനകളുളളവയായി തിരിഞ്ഞു.  പിന്നീട് ആയിരത്തോളം വർഷങ്ങൾ കഴിഞ്ഞ്, 11,000 വർഷങ്ങൾക്കുമുൻപ് കൃഷി വ്യാപകമായി.  രണ്ടായി തിരിഞ്ഞ കിഴക്കൻ കാട്ടുമുന്തിർകളിൽ ഒന്നിൽ നിന്ന് കോക്കസസ് മുന്തിരി ആവിഷ്ക്കരിക്കപ്പെട്ടു.

നാടൻ മുന്തിരിയുടെ പരിണാമവഴികൾ. ഇടതുവശത്ത് കാലഗണന സൂചിപ്പിച്ചിരിക്കുന്നു. ലംബമായ വരകൾ, പല നിറങ്ങൾ ഉള്ളവ പല തരം നാടൻ മുന്തിരിയുടെ ആവിർഭാവകാലഘട്ടം സൂചിപ്പിക്കുന്നു. (Scientific American, 2023)
നാടൻ മുന്തിരിയുടെ പരിണാമവഴികൾ. ഇടതുവശത്ത് കാലഗണന സൂചിപ്പിച്ചിരിക്കുന്നു. ലംബമായ വരകൾ, പല നിറങ്ങൾ ഉള്ളവ പല തരം നാടൻ മുന്തിരിയുടെ ആവിർഭാവകാലഘട്ടം സൂചിപ്പിക്കുന്നു. (Scientific American, 2023)

ഇതേസമയം മറ്റേ കിഴക്കൻ ഗ്രൂപ്പിൽ നിന്ന് വൈവിദ്ധ്യമാർന്ന പല നാടൻ മുന്തിരികൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി, വൻ ആവിഷ്ക്കാരങ്ങൾക്ക് പാത്രമായി. വൻ തോതിലുള്ള മുന്തിരികൃഷിയും ക്രോസ് ബ്രീഡിങ്ങുമായിരുന്നു (cross breeding) ഇതിനുപിന്നിൽ. മുന്തിരിയുടെ വൈവിദ്ധ്യം നിറഞ്ഞ പരിണാമത്തിൻ്റെ തുടക്കം ഇതോടെ പ്രഖ്യാപിക്കപ്പെട്ടു.

ആയിരം വർഷങ്ങൾക്കുശേഷം (10,000 വർഷങ്ങൾക്കു മുൻപ്) രണ്ടാം കിഴക്കൻ ഗ്രൂപ്പിൽ നിന്ന് പടിഞ്ഞാറൻ ഏഷ്യൻ ഗ്രൂപ്പ് മുന്തിരികൾ സ്വരൂപിക്കപ്പെട്ടു. അതുകഴിഞ്ഞ് 2000 വർഷങ്ങൾ കഴിഞ്ഞ്- അതായത് 8000 കൊല്ലങ്ങൾക്ക് മുൻപ്- കൂടുതൽ സ്വാദുള്ള മസ്കറ്റ് ഗ്രൂപ്പ് പ്രത്യക്ഷപ്പെട്ടു. ഇതോടെ കിഴക്കൻ യൂറോപ്പിൽ മുന്തിരി വ്യാപകമായി. പിന്നീട് 300 വർഷങ്ങൾക്കുശേഷം കൃഷി വ്യാപകമാവുകയും ബാൽക്കൻ (ക്രോയേഷ്യ, ഗ്രീസ്, ബൽഗേറിയ, സെർബിയ, ബോസ്നിയ, സ്ളൊവേനിയ അടങ്ങുന്ന പ്രദേശം) ഗ്രൂപ് മുന്തിരികൾ പ്രത്യക്ഷപ്പെടുകയുമാണുണ്ടായത്. ഐബീരിയ ദേശങ്ങളിലും പുതിയ മുന്തിരി വൈവിദ്ധ്യങ്ങൾ ആവിഷ്ക്കരിക്കപ്പെട്ടു. 800 വർഷങ്ങൾക്കുശേഷം ഫ്രാൻസിൻ്റെ തെക്കുഭാഗത്ത് കൃഷിരീതികളോടൊപ്പം മുന്തിരിയും എത്തി. 2500 വർഷങ്ങൾക്കു മുൻപാണ് ചൈനയിൽ മുന്തിരിവള്ളികൾ തളിർത്തുതുടങ്ങിയത് എന്നാണ് ജനിതകപഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്.

ജനിതകത്തിനു വഴിമാറുന്ന
ആർക്കിയോളജി

ആർക്കിയോളജിയും ആന്ത്രപോളജിയും അനുമാനിച്ചിരുന്ന കാലഘട്ടങ്ങളിലൊന്നുമല്ല നാടൻ മുന്തിരിയുടെ ആവിർഭാവവും വ്യാപനവും സംഭവിച്ചത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ഫോസിലുകളിൽ നിന്ന് ഡി എൻ എ വേർതിരിച്ച് ശുദ്ധീകരിച്ചെടുത്ത് വിശ്ലേഷണം ചെയ്യുമ്പോൾ കൃത്യമായ വ്യക്തിത്വത്തിൻ്റെ സൂക്ഷ്മമായ അറിവുകളാണ് വെളിപ്പെടുന്നത്. ആർക്കിയോളജിക്കാർ നിശ്ചയിച്ച കാലഘട്ടത്തിനും ആയിരക്കണക്കിനുവർഷങ്ങൾ മുൻപാണ് വീട്ടിണക്കം പ്രാപിച്ച മുന്തിരികൾ പ്രത്യക്ഷപ്പെട്ടത്. പല തവണകളിൽ കാട്ടുമുന്തിരിയുമായി തിരിച്ച് സങ്കരം നടന്നിട്ടുണ്ട്. അവയിൽ നിന്ന് ആദ്യം കിട്ടാതെ വന്ന ജീനുകൾ പുനഃസംഘടിക്കപ്പെട്ടിട്ടുണ്ട്. ഇന്നത്തെ പല മുന്തിരികളും വൻ കലർപ്പ് പേറുന്നവയാണ്. അവയിൽ പലതിനും ജനിതകം സംഭാവന ചെയ്ത മുന്തിരികൾ ഇന്നില്ല. അതുകൊണ്ട് അവയുടെ പ്രാരംഭം അറിയാനും കഴിയുന്നില്ല.

ഇന്നത്തെ മുന്തിരികളിലെ ജനിതക കലർപ്പുകൾ സങ്കീർണമാണെന്ന് സൂചന. ചിലതിൽ രണ്ട് കലർപ്പുകളാണ് എങ്കിൽ മറ്റ് ചിലതിൽ ആറ് കലർപ്പുകളുണ്ട്. (Scientific American, 2023)
ഇന്നത്തെ മുന്തിരികളിലെ ജനിതക കലർപ്പുകൾ സങ്കീർണമാണെന്ന് സൂചന. ചിലതിൽ രണ്ട് കലർപ്പുകളാണ് എങ്കിൽ മറ്റ് ചിലതിൽ ആറ് കലർപ്പുകളുണ്ട്. (Scientific American, 2023)

മേൽച്ചൊന്ന ഓരോ ഗ്രൂപ്പും ഇടകലശി സങ്കലിച്ചതാണ് ഇന്നത്തെ വൈവിദ്ധ്യമിയന്ന വൈൻ മുന്തിരികളും ഭക്ഷ്യമുന്തിരികളും. കോക്കേഷ്യൻ ഗ്രൂപ്പിൻ്റെ സാന്നിദ്ധ്യം വളരെ കുറച്ചേ ഉള്ളൂ, ഇവയിൽ. പലപ്പോഴും മറ്റ് മുന്തിരികളുടെ ജീനുകൾ വന്നുകയറി വൈനിൻ്റെ സ്വാദ് മാറാനിടയാക്കാതെ (ജെനറ്റിക്സോ ശാസ്ത്രമോ അറിയാത്ത കർഷകരായാലും) മുന്തിരിച്ചെടിയുടെ ശിഖരങ്ങൾ ഒടിച്ചുനാട്ടി പുതിയ ചെടികൾ വളർത്തിയിരുന്നു. കുരുവിൽനിന്ന് മുളപ്പിക്കുന്നത് മൗലികവും അസ്സലും ആയിരിക്കണമെന്നില്ല, കാരണം പൂവിൽ പരാഗണം (അന്യ ചെടിയിൽ നിന്ന്) നടന്നിട്ടാണ് കുരു ഉണ്ടാകുന്നത്. കാടൻ മുന്തിരിയുമായി വീണ്ടും സങ്കലിച്ചാണ് വൈൻ നിർമ്മിക്കാനുള്ള മുന്തിരി ആവിഷ്ക്കരിക്കപ്പെട്ടത്. അത്ര മധുരമുള്ളതല്ലെങ്കിലും വൈനിന് പ്രത്യേകസ്വാദ് നൽകുന്നതിൽ കാട്ടുമുന്തിരിയുടെ ജീനുകൾക്ക് പങ്കുണ്ട്. രണ്ടു തവണ വ്യത്യസ്ത ഇടങ്ങളിൽ ഏകദേശം ഒരേതരം മുന്തിരി ആവിഷ്ക്കരിക്കപ്പെടാൻ കാരണം കാട്ടുമുന്തിരിയിലെ ഒരു കൂട്ടം നിശ്ചിത ജീനുകൾ അവയിൽ നിലനിന്നതുകൊണ്ടായിരിക്കണം.

പടിഞ്ഞാറൻ ഏഷ്യയിൽനിന്ന് കൂടുതൽ പടിഞ്ഞാറേക്ക് സ്വന്തം കാർഷിക വൈദഗ്ദ്ധ്യവുമായി കർഷകർ നീങ്ങിയതിൻ്റെ ചരിത്രം തന്നെയാണ് മുന്തിരി വ്യാപനത്തിൻ്റെ ചരിത്രവും.

മനുഷ്യരുടെ ദേശാടനചരിത്രവും
മുന്തിരിവ്യാപന ചരിത്രവും

ഐസ് എയ്ജിലെ ഹിമപാതങ്ങൾ മനുഷ്യരുടെയും പ്രകൃതിയുടേയും പരിണാമങ്ങളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മുന്തിരിയുടെ പരിണാമവും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരേസ്ഥലത്ത് നെടുനാൾ ഉറച്ചുനിൽക്കുമ്പോൾ സസ്യങ്ങളിലും ജീവികളിലും വരുന്ന ചെറിയ ജനിതകമാറ്റങ്ങൾ അവിടെ വേരുറച്ചു പോകാറുണ്ട്. പ്രകൃതിയും മനുഷ്യനും കൂടി ചില ഒത്തുകളികളിൽ ഏർപ്പെട്ടതിൻ്റെ സാക്ഷ്യം തന്നെയാണ് സ്വാദിഷ്ട മുന്തിരിയുടെ പരിണാമങ്ങൾ. ഹിമപാതത്തിനു ശേഷം മുന്തിരിവൈവിദ്ധ്യത്തിൽ വൻ മാറ്റങ്ങളാണ് വന്നത്. കാട്ടുമുന്തിരിയെ നാടനായി മാറ്റിയെടുക്കുന്നതിൽ ക്രോമസോം 17-ലെ രണ്ട് ജീനുകൾക്ക് വൻ പങ്കുണ്ടത്രെ. ഭൂപ്രകൃതിയും മണ്ണിൻ്റെ സ്വഭാവവും ജലാംശത്തിൻ്റെ അളവും എല്ലാം മുന്തിരി പരിണാമത്തെ ബാധിച്ചിട്ടുണ്ട്. അതനുസരിച്ച് സ്വാദ് വ്യത്യാസമുള്ള മുന്തിരികൾ ആവിഷ്ക്കരിക്കപ്പെടുകയും ഏറ്റവും സ്വാദിഷ്ടമായതോ വൈൻ നിർമ്മിതിക്കുതകുന്നതോ ആയ മുന്തിരികൾ നില നിൽക്കുകയും ചെയ്തു.

പടിഞ്ഞാറൻ ഏഷ്യയിൽനിന്ന് കൂടുതൽ പടിഞ്ഞാറേക്ക് സ്വന്തം കാർഷിക വൈദഗ്ദ്ധ്യവുമായി കർഷകർ നീങ്ങിയതിൻ്റെ ചരിത്രം തന്നെയാണ് മുന്തിരി വ്യാപനത്തിൻ്റെ ചരിത്രവും. അനറ്റോളിയൻ കർഷകരാണ് യൂറോപ്പിൻ്റെ പലഭാഗത്തേക്കും കുടിയേറിയത്. 10,500 വർഷങ്ങൾക്കുമുൻപ് മസ്കറ്റ് മുന്തിരികൾ ആവിർഭവിച്ചത് ഇപ്രകാരമാണ്. 8070 കൊല്ലങ്ങൾക്കുമുൻപ് ബാൽക്കൻ മുന്തിരി, 7740 കൊല്ലങ്ങൾക്ക് മുൻപ് ഐബീരിയൻ മുന്തിരി, 6910 വർഷങ്ങൾക്ക് മുൻപ് പടിഞ്ഞാറെ യൂറോപ്യൻ മുന്തിരി- ഇങ്ങനെ പടിപടിയായുള്ള മുന്തിരി പരിണാമം ചരിത്രപരമായ യൂറോപ്യൻ കുടിയേറ്റ സമയവുമായി കൃത്യമായി യോജിക്കുന്നു. ഇവയ്ക്കെല്ലാം അവയുടേതായ ജനിതകമുദ്രകളും ഉണ്ട്. ഒരോ ഇടങ്ങളിലും കാട്ടുമുന്തിരിയുടെ ജീനുകൾ സന്നിവേശിക്കപ്പെട്ടിട്ടുണ്ട്, അതുകൊണ്ട് അവിടത്തെ കാലാവസ്ഥയും ഭൂപ്രകൃതിയുമായി ഇണങ്ങി ഈ നൂതനമുന്തിരികൾ അതിജീവനപ്രാപ്തി നേടുകയും ചെയ്തു. പർവ്വതങ്ങളും സമുദ്രങ്ങളും മനുഷ്യദേശാടനത്തിനു വിഘാതമാകുന്നതനുസരിച്ച് മുന്തിരിവ്യാപനവും ഭൂപ്രകൃതിയുടെ സ്വഭാവമനുസരിച്ച് മാറുന്നത് കാണാം. നാടൻ മുന്തിരിയായ ‘വിനിഫെറ’ യിലെ CG1 ഗ്രൂപ്പാണ് പിന്നീട് ഇന്ത്യയിലും ചൈനയിലും എത്തിച്ചേർന്നത്.

CG1, CG2 എന്നീ ജനിതകഗ്രൂപ്പ് നാടൻ മുന്തിരിയുടെ ഇണക്കിയെടുക്കൽ കേന്ദ്രങ്ങളും അവയുടെ ഭൗമപ്രചാരവും. കുപ്പിയുടെ ചിഹ്നം വൈൻ നിർമ്മിക്കാനുള്ള മുന്തിരിയെ സൂചിപ്പിക്കുന്നു, മുന്തിരിക്കുലയുടെ ചിഹ്നം ഭക്ഷ്യമുന്തിരിയേയും. (Science 2023)
CG1, CG2 എന്നീ ജനിതകഗ്രൂപ്പ് നാടൻ മുന്തിരിയുടെ ഇണക്കിയെടുക്കൽ കേന്ദ്രങ്ങളും അവയുടെ ഭൗമപ്രചാരവും. കുപ്പിയുടെ ചിഹ്നം വൈൻ നിർമ്മിക്കാനുള്ള മുന്തിരിയെ സൂചിപ്പിക്കുന്നു, മുന്തിരിക്കുലയുടെ ചിഹ്നം ഭക്ഷ്യമുന്തിരിയേയും. (Science 2023)

വ്യവസ്ഥാപിത കൃഷിയ്ക്കുമുൻപേ മനുഷ്യർ നട്ടു വളർത്തിത്തുടങ്ങിയ ആദ്യ ആഹാരസസ്യമായിരിക്കണം മുന്തിരി. വീഞ്ഞ് ഒരു സാംസ്കാരികചിഹ്നമായതോടെ മറ്റൊരു പഴത്തിനും കിട്ടാത്ത ഉന്നതസ്ഥാനവും ബഹുജനസമ്മതിയും മുന്തിരിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇത്ര വൈവിദ്ധ്യമിയന്ന മറ്റൊരു പഴം ഇല്ല തന്നെ. നിറത്തിലും രുചിയിലും മധുരത്തിലും ഒരു ജനുസ്സ് മറ്റൊന്നിനോട് താരതമ്യമില്ലത്തതാണ്, അത്രയേറെയാണ് ജനിതക വൈവിദ്ധ്യം. ഈ ജീൻ സങ്കലനങ്ങളും വ്യപകലനങ്ങളും മനുഷ്യർ ബ്രീഡിങ്ങിലൂടെ ആദിമകാലം മുതൽ പ്രയത്നിച്ചുണ്ടാക്കിയതാണ്. ശരിക്കും വൻതോതിൽ ജനിതമാറ്റം സംഭവിച്ചിട്ടുണ്ട്. ഇന്ന് ജനിതകമാറ്റവിളകളെച്ചൊല്ലി ആശങ്കപ്പെടുന്നവരും മുറവിളി കൂട്ടുന്നവരും ഇക്കാര്യം അറിഞ്ഞില്ലെന്ന് നടിക്കുകയാണ്, ജനിതകമാറ്റത്തിൻ്റെ സുസ്വാദ് നൊട്ടിനുണയുമ്പോഴും.

References:

1. Dong, Y., et al. Dual domestications and orugin of traits in grapevile evolution. Science 379: 892-900 2023
2. Magris, G., Jurman, I., Fornasiero, A., Paparelli, E., Schwope, R. , marroni, F., Gaspero, G. D. and Morgante, M. The genomes of 204 Vitis vinifera accessions reveal the origin of European wine grapes. Nature Communications 12; 1-12 2021
3. Allaby, R. G. Two domestications for grapes. Science 379: 880-881, 2023
4. Fischetti, M. and Franchi , F. Wine’s true origins are finally revealed. Scientific American October 2023.


Summary: The Evolution and Selection of Grapes. Ethiran Kathiravan writes.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments