ഗാംബ്ലിങ്​ എന്ന ആസക്തി, ലഹരി

കഴിഞ്ഞ ഒരു മാസത്തിനിടയിൽ ദക്ഷിണേന്ത്യയിൽ മാത്രം പൊലീസുകാരനും സ്ത്രീയും കൗമാരക്കാനുമുൾപ്പെടെ ഗാംബ്ലിങ്ങിന്റെ അനന്തരഫലമായി ആത്മഹത്യ ചെയ്തു. ഗാംബ്ലിങ്ങിന് അടിമപ്പെട്ടവർ ഒരു വർഷത്തിനിടയിൽ മൂന്നുതവണയെങ്കിലും ആത്മഹത്യാശ്രമം നടത്തുന്നതായാണ് കണക്കുകൾ. സമൂഹത്തെ കാർന്നുതിന്നുന്ന ഗാംബ്ലിങിന്റെ ആഘാതങ്ങളെക്കുറിച്ച്​ ക്ലിനിക്കൽ സൈക്കോളജിസ്​റ്റായ മഞ്​ജു ടി.കെ എഴുതുന്നു.

"അവളുടെ സ്ഥിരം ടേബിളിൽ, അവൾ ആദ്യം 7000 റൂബിൾസ് ജയിച്ചു. ഹോട്ടലിൽ പോയി വന്നശേഷം വീണ്ടും അതേ ഇടത്തിലിരുന്ന് കളിച്ചു തോറ്റു. മൂന്ന് ദിവസം കൊണ്ട് 10,000 റൂബിൾസ് കളഞ്ഞുകുളിച്ചു'- ഡോസ്‌റ്റോയെവിസ്‌കി യുടെ The gambler എന്ന കൃതിയിലേതാണീ സന്ദർഭം. തന്റേതായതൊക്കെയും കളിച്ചുതീർത്ത് കടം വാങ്ങിയും മറ്റൊരാൾക്കു പകരമായും നിർത്താനാകാതെ ചൂതാട്ടത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന മനുഷ്യരുടെ ചിത്രം അതിൽ കാണാം.

തുടക്കത്തിൽ കിട്ടിയ ജയം തുടർപരാജയങ്ങളിലും ഭാഗ്യപരീക്ഷണത്തിന് ധൈര്യമായി വരുന്നു. വലിയ നഷ്ടങ്ങൾ സംഭവിച്ചുകഴിഞ്ഞാൽ പിന്നീട് ചൂതാട്ടമല്ലാതെ മറ്റൊന്നുകൊണ്ടും ഇത്രയും വലിയ നഷ്ടം നികത്താനാവില്ല എന്ന ഭയവും ഇത് തുടർന്നുപോകാൻ കാരണമാകുന്നു.

BC 4000 മുതൽ ചൂതാട്ടത്തെക്കുറിച്ചുള്ള തെളിവുകൾ ലഭ്യമാണ്. പള്ളിരേഖകളായും ഫിക്ഷൻ (The gambler) ആയും കവിതകളായും (Carmina Burana, Poem,13 th century) The gamblerഉൾപ്പെടെയുള്ള സിനിമകളായും ലോകമെമ്പാടും പല കാലങ്ങളിൽ ചൂതാട്ടം സജീവ ചർച്ചയായിട്ടുണ്ട്. നളനും ധർമപുത്രർക്കും രാജ്യനഷ്ടവും മാനഹാനിയുമുണ്ടായ കഥകൾ നമ്മുടെ നാട്ടിലുള്ളതുപോലെ .

ഇന്ത്യയിൽ റവന്യൂവിന്റെ ഭാഗമായി ചൂതാട്ടകേന്ദ്രങ്ങൾ നിയമവിധേയമാക്കിയത് കൗടില്യന്റെ കാലത്താണ്. അന്ന് ഓരോ വിജയത്തിനും 5% ടാക്‌സ് ഏർപ്പെടുത്തിയിരുന്നു. പതിനഞ്ചാം നൂറ്റാണ്ടോടെ രാജാക്കന്മാർ നേരിട്ട് നടത്തുന്ന നിയമാനുസൃത ചൂതാട്ടകേന്ദ്രങ്ങൾ സജീവമായി. ഇതിന്റെ ലാഭം പൂർണമായും ഗവൺമെന്റിലേക്കെത്തി. കാളപ്പോരിലും കോഴിപ്പോരിലും ഡൈസിലും തുടങ്ങിയ ചൂതാട്ടം ഇന്ന് സ്റ്റോക്ക് മാർക്കറ്റ് ലോട്ടറി ആയും സ്‌കിൽ ഗെയിം, കാസിനൊ, ഓൺലൈൻ സ്‌പോർട്‌സ് തുടങ്ങി വൈവിധ്യമാർന്ന ഗാംബ്ലിങ് രീതികളായി വളർന്നിരിക്കുന്നു.

സാമ്പത്തിക മാനദണ്ഡം

സാമ്പത്തിക മാനദണ്ഡങ്ങൾ അനുസരിച്ചു നോക്കിയാൽ സംസ്ഥാനങ്ങൾക്ക് ഏറ്റവും കൂടുതൽ റവന്യൂ നൽകുന്ന ഒന്നായി ഗാംബ്ലിങ് മാറിയിട്ടുണ്ട്. 1998-ലെ ലോട്ടറി റെഗുലേഷൻ ആറ്റിനുശേഷം സ്റ്റേറ്റിന്റെ റവന്യൂവിന്റെ മുഖ്യ പങ്ക് ലോട്ടറി ആണ്. 2018 - 19 കാലത്തെ മേഘാലയയിലെ മൊത്തം റവന്യൂ 156.1 മില്യനാണ്. ഇതിൽ 145 മില്യൺ ലോട്ടറിയിൽ നിന്നാണ്. 2017 - 18 ൽ കേരളത്തിലെത് 91,969 മില്യൺ ആണെങ്കിൽ 18 - 19 ൽ 1,11,100 മില്യനാണ്.

സ്‌പോർട്‌സ് ഗാംബ്ലിങ്ങിന് വലിയ പ്രചാരം വന്നത് ഈ അടുത്താണ് ഐ.പി.എല്ലിൽ 5000 കോടി കള്ളപ്പണമാണ് ഒത്തുകളിയുടെ ഭാഗമായത്. അജയ് ജഡേജ, അസ്ഹറുദ്ദീൻ തുടങ്ങിയ മുതിർന്ന താരങ്ങൾക്കെതിരെ ഇതിന്റെ പേരിൽ നടപടി എടുത്തിരുന്നു.

ലോട്ടറി, കാസിനോകൾ എന്നിവ വലിയ തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു എന്നും (അവിദഗ്ധ തൊഴിൽ) ഇതിന്റെ നല്ല ഫലം ലഭിക്കുന്നത് പിന്നാക്ക വിഭാഗക്കാർക്കാണ് എന്നും ആളുകൾക്ക് ഇതിലൂടെ ലഭിക്കുന്ന പണം മാർക്കറ്റിലെത്തുന്നു എന്നതുകൊണ്ട് മൊത്തം രാജ്യത്തിന്റെ സാമ്പത്തികശേഷിയെ നിലനിർത്താൻ സഹായിക്കുന്നു എന്നും വാദമുണ്ട്. എന്നാൽ ഗാംബ്ലിങ്ങിൽ സമ്പത്ത് ഉത്പാദനം നടക്കാത്തതുകൊണ്ടുതന്നെ സമ്പദ് വ്യവസ്ഥയെ മുന്നോട്ട് കൊണ്ടുപോകുന്നില്ല. ഉത്പാദനമേഖലയിൽ നിക്ഷേപിച്ചാൽ ലഭ്യമാകുന്ന വൈവിധ്യമാർന്ന തൊഴിലവസരങ്ങളുമായി താരതമ്യം ചെയ്താൽ അത് തുലോം കുറവാണ്.

എന്തുകൊണ്ട്​ നിരോധനമില്ല?

1867-ലെ പബ്ലിക് ഗാംബ്ലിങ് ആക്ട് ഓൺലൈൻ ഗാംബ്ലിങ് ഇൻസ്ട്രുമെന്റൽ ഗാംബ്ലിങ് എന്നിവ പരിഗണിക്കുന്നില്ല. അനുഛേദം 34 അനുസരിച്ച് ഏത് സ്റ്റേറ്റിനും അവരുടേതായ രീതിയിൽ ഗാംബ്ലിങ് സംബന്ധിച്ച നിയമങ്ങൾ ഉണ്ടാക്കാവുന്നതാണ്. 2008 പെയ്‌മെൻറ്​ ആൻഡ് സെറ്റിൽമെൻറ്​ ആൻഡ് 2007 ആർ.ബി.ഐ.ക്ക് എല്ലാതരത്തിലുമുള്ള ഇലക്ട്രോണിക് പെയ്‌മെന്റുകളെ നിയന്ത്രിക്കുന്നതിനുള്ള അധികാരം നൽകുന്നു.

ലോട്ടറി, കാസിനോകൾ എന്നിവ വലിയ തരത്തിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു എന്നും ഇതിന്റെ നല്ല ഫലം ലഭിക്കുന്നത് പിന്നാക്ക വിഭാഗക്കാർക്കാണ് എന്നും വാദമുണ്ട്. / Photo: Nicolas Mirguet

കുതിരപ്പന്തയത്തിൽ 1996ൽ ഡോ. കെ.ആർ. ലക്ഷ്മണൻ വേഴ്‌സസ് സ്റ്റേറ്റ് ഓഫ് തമിഴ്‌നാട് കേസിലെ വിധി, ഇത് സ്‌കിൽ ബേസ്ഡ് ഗെയിം ആയതിനാൽ ചൂതാട്ട നിയന്ത്രണത്തിന്റെ പരിധിയിൽ വരുന്നില്ല എന്നാണ്. സമീപകാലത്ത് കാളയോട്ടത്തിനും വിലക്ക് ഇല്ല എന്ന വിധി വന്നിരുന്നല്ലോ. ഇന്ത്യയെ സംബന്ധിച്ച് പലയിടങ്ങളിലും തനത് പ്രദേശത്തിന്റെ സംസ്‌കാരം എന്ന രീതിയിൽ ഇത്തരം പന്തയമത്സരങ്ങൾ നടക്കുന്നു.

കാസിനോകൾ പബ്ലിക് ഗാംബ്ലിങ് ആക്ട് 1867-ന്റെ പരിധിയിൽ നിന്ന്​നിർത്തലാക്കി. എന്നാൽ ഗോവ ഉൾപ്പെടെ മൂന്ന് സ്റ്റേറ്റുകളും ഒരു യൂണിയൻ ടെറിട്ടറിയും ഇപ്പോഴും കാസിനോ ഗെയിമിങ് അനുവദിക്കുന്നുണ്ട്.

ഗവൺമെന്റിനു മുമ്പിൽ ഇവിടെ രണ്ട് ചോദ്യങ്ങളാണ് ഉള്ളത്. ഒരു വ്യക്തിയെ സ്വയം നാശത്തിൽ നിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഗവൺമെന്റിനുണ്ട്. ഗാംബ്ലിങ് അതിൽ വലിയ നഷ്ടം സംഭവിക്കുന്നവരെ സംബന്ധിച്ച്​ വലിയ ദാരിദ്ര്യത്തിലേക്കും ക്രിമിനൽ സ്വഭാവത്തിലേക്കും ആത്മഹത്യയിലേക്കും നയിക്കുന്ന ഒന്നാണ്. എന്നാൽ ഇത് നിയമം മൂലം മാത്രം നിരോധിക്കാൻ ആകാത്തവിധം സമൂഹത്തിൽ നിലനിൽക്കുന്ന ഒന്നാണ്, മദ്യം പോലെ.

രാഷ്ട്രീയമായി വ്യത്യസ്ത സംവാദങ്ങൾ ചൂതാട്ടത്തെ സംബന്ധിച്ചുണ്ട്. മതപരമായി ചൂതാട്ടത്തെ എതിർക്കുകയും മദ്യനിരോധനം എന്നതുപോലെഒരു രാഷ്ട്രീയ ആവശ്യമായി കൂടി ഇതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നവരുണ്ട്. എന്നാൽ പ്രായോഗിക കാരണങ്ങളാൽ ചൂതാട്ട നിരോധനം സാധ്യമല്ല എന്നും മദ്യനിരോധനം മദ്യത്തെ ഇല്ലാതാക്കില്ല എന്നതുപോലെതന്നെ ചൂതാട്ടം കേവലം നിയമം കൊണ്ട് ഇല്ലാതാക്കാൻ കഴിയുന്നതല്ല എന്നുമുള്ള പക്ഷത്തിനാണ് രാഷ്ട്രീയ മേൽക്കൈ. കഴിഞ്ഞ 10 വർഷത്തിനിടെ ബ്യൂറോക്രാറ്റ്‌സ്, ബിസിനസുകാർ സെലിബ്രിറ്റീസ് തുടങ്ങിയവർ വലിയതോതിൽ ഓൺലൈൻ, സ്‌പോർട്‌സ്
ഗാംബ്ലിങ് എന്നിവയുടെ ഭാഗമാകുന്നത് ഇത് സമൂഹത്തിൽ സാധാരണവും ഗ്ലാമർ മൂല്യമുളളതുമാക്കി മാറ്റുന്നുണ്ട്.

ഗാംബ്ലിങിലെ ഫെമിനൈസേഷൻ

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സ്ത്രീകളുടെ ചൂതാട്ടരംഗത്തുള്ള സാന്നിധ്യം വലിയ തോതിൽ കൂടിയിട്ടുണ്ട്. മുൻകാലങ്ങളിൽ ഗാംബ്ലിങ്ങിന്റെ പരസ്യങ്ങളിൽ പുരുഷന്മാരെ ലൈംഗികമായി ആകർഷിക്കാവുന്ന തരത്തിൽ മാത്രമാണ് സ്ത്രീകളെ ഉപയോഗിച്ചിരുന്നത് എങ്കിൽ ഇന്ന് ലീഡിങ് റോളുകളിൽ സ്ത്രീകൾ അടങ്ങുന്ന പരസ്യങ്ങൾ ധാരാളമാണ്. ഗാംബ്ലിങ്ങിന് വെക്കുന്ന സാധനങ്ങളിലും സ്ത്രീകളുടെ പ്രോഡറ്റുകൾ കൂടി. സ്ത്രീകളുടെ സാന്നിധ്യം കൂടി ഉറപ്പുവരുത്തുക (ഫെമിനൈസേഷൻ) എന്ന ചൂതാട്ട വ്യവസായത്തിന്റെ ‘നയവിജയ’മായാണ് ഇതിനെ കണക്കാക്കുന്നത് (ആസ്‌ട്രേലിയൻ പ്രോഡക്ടിവിറ്റി കമീഷൻ റിപ്പോർട്ട്).

2012- ൽ ന്യൂസീലൻഡ് നാഷണൽ ഗാംബ്ലിങ് സർവേയിൽ 80.3% സ്ത്രീകളും 80.4% പുരുഷന്മാരും ഗാംബ്ലിങ്ങിൽ ഏർപ്പെടുന്നതായി പറയുന്നു. 2019-ലെ ബ്രിട്ടീഷ് പ്രിവൻസ് സർവേയിൽ 71% സ്ത്രീകളും 75% പുരുഷന്മാരുമാണ്. സ്ത്രീകളിലും പ്രായമായവരിലും വിനോദം എന്ന രീതിയിലും സമ്മർദങ്ങളോട് ചേർന്നുപോകുന്നതിനുള്ള ഒരു മാർഗം എന്ന രീതിയിലുമാണ് ചൂതാട്ടത്തെ കൂടുതലായി ആശ്രയിക്കുന്നത് എന്ന് പഠനങ്ങൾ പറയുന്നു.

കഴിഞ്ഞ 20 വർഷത്തിനുള്ളിൽ സ്ത്രീകളുടെ ചൂതാട്ടരംഗത്തുള്ള സാന്നിധ്യം വലിയ തോതിൽ കൂടിയിട്ടുണ്ട്. / Photo: pexels.com

ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ചൂതാട്ടം വ്യക്തിപരമായ ദോഷം എന്നതിനപ്പുറം മെഡിക്കൽ സയൻസിന്റെ പരിധിയിൽ വരുന്നത് 1980കളിലാണ്. DSM (ഡയഗ്‌നോസ്റ്റിക് ആൻഡ് സ്റ്റാറ്റിറ്റിക്കൽ മാനുവൽ ഓഫ് ഡിസോർഡേഴ്‌സ്) III ൽ impulse compulsive control disorder ആയാണ് ഇത് പരിഗണിക്കപ്പെട്ടത്.

ഗാംബ്ലിങ് ചെയ്യുന്നവരിൽ 73% ആളുകളും മദ്യപാനത്തിനോ മറ്റ് ലഹരിവസ്തുക്കൾക്കോ അടിമപ്പെട്ടവരാണ്. മദ്യപാനവും ലഹരി ഉപയോഗവും പോലെ ഒരു അഡിക്ഷൻ ഡിസോർഡർ ആയാണ് ഗാംബ്ലിങ്ങിനെയും DSM V (ഡയഗ്‌നോസ്റ്റിക് ആൻഡ് സ്റ്റാർട്ടിക്കൽ മാനുവൽ ഓഫ് മെന്റൽ ഡിസോഡർ) ICD11 (international classification of disorders) എന്നിവ ഗാംബ്ലിങ്ങിനെയും കാണുന്നത്. അതിന്റെ പ്രധാന കാരണം ലഹരിക്ക് അടിമകളാകുന്നവരിലുണ്ടാകുന്ന തലച്ചോറിലെ മാറ്റങ്ങൾ ഗാംബ്ലിങ്ങിൽ ഏർപ്പെടുന്നവർക്കും ഉണ്ടാകുന്നു എന്ന പഠനങ്ങളാണ്. ബ്രെയിനിന്റെ നടുഭാഗത്തായി വരുന്ന സ്ട്രയാറ്റം മദ്യം, മയക്കുമരുന്ന് എന്നിവയോട് പ്രതികരിക്കുംപോലെ തന്നെ ഗാംബ്ലിങ്ങിനോടും പ്രതികരിക്കുന്നു. അതിനോടുള്ള ആസക്തി, അത് ചെയ്യാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന പിരിമുറുക്കം എന്നിവയിലും സമാനതകളുണ്ട്.

തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളായ സീറോടോണിന്റെ അളവ് കുറയുകയും ഡോപ്പമിന്റെ അളവ് കൂടുകയും ചെയ്യുന്നതായി പഠനങ്ങൾ പറയുന്നു. സീറോണിന്റെ അളവ് കുറയുന്നത് വിഷാദത്തിന് കാരണമാകുന്നു. ഗ്ലൂക്കോമീറ്റിന്റെ ഉത്പാദനം കൂടുന്നത് തലച്ചോറിലെ പ്രീഫ്രെഡൽ കോർട്ടേക്‌സിലെ സന്തോഷകരമായ ഓർമകളെ കൂടുതലായി നിലനിർത്തുന്നതിന് കാരണമാകുന്നു. ഇത് പരാജയങ്ങൾക്കുശേഷവും മുമ്പുണ്ടായ വിജയങ്ങളുടെ ലഹരിയിൽ തുടർന്ന് കളിക്കുന്നതിന് പ്രേരണയാകുന്നു.

ഗാംബ്ലിംഗിന്​ പ്രധാനമായും നാല് ഫെയ്‌സുണ്ട്.
വിന്നിങ് ഫെയ്‌സ്, ലൂസിങ് ഫെയ്സ്, ഡെസ്പറേറ്റിങ് ഫെയ്‌സ്, ഹോപ്ലെസ് ഫെയ്‌സ്.

വിന്നിങ് ഫെയ്‌സ്

വിന്നിങ് ഫെയ്‌സിൽ ഇടയ്ക്കിടെ കിട്ടുന്ന ചെറിയ വിജയങ്ങൾ കൂടുതൽ പണം വെച്ച് കളിക്കുന്നതിനും കൂടുതൽ സമയം ഇതിലേക്ക് ചെലവഴിക്കുന്നതിനും അവരെ പ്രേരിപ്പിക്കുന്നു. തങ്ങൾക്ക് വിജയിക്കുന്നതിനായി പ്രത്യേക കഴിവുണ്ട് എന്ന തരത്തിൽ വിശ്വസിച്ചുപോകുന്നവരുമുണ്ട്.

ലൂസിങ് ഫെയ്സ്

നഷ്ടപ്പെട്ടതൊക്കെ തിരിച്ചുനേടണം എന്ന വാശി അവരെ പരാജയങ്ങളെ പിന്തുടർന്ന് കളിക്കാൻ പ്രേരിപ്പിക്കുന്നു. മറ്റൊരുതരത്തിലും തനിക്കുണ്ടായ ബാധ്യതകൾ വീട്ടാനാകാത്തവർ വീണ്ടും ഭാഗ്യം പ്രതീക്ഷിക്കുന്നു. പണം കടം വാങ്ങിയും കട്ടെടുത്തും കളിക്കണം എന്ന രീതിയിൽ അവർ മാറിപ്പോകുന്നു.

ഡെസ്പറേറ്റിങ് ഫെയ്‌സ്

ഈ ഘട്ടം എത്തുമ്പോഴേക്കും ഗാംബ്ലിങ്ങിലുള്ള അവരുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്നു. അവർക്ക് നാണക്കേടും കുറ്റബോധവും ഉണ്ടാകുന്നു. എങ്കിലും നിർത്താൻ കഴിയാത്തവിധം പിന്തുടരുന്നു. തൊഴിൽ നഷ്ടപ്പെടുക, കുടുംബബന്ധങ്ങൾ തകരുക, അറസ്റ്റ് ചെയ്യപ്പെടുക തുടങ്ങിയ സാമൂഹിക സാഹചര്യങ്ങളിലൂടെയും അവർ ഈ സമയത്ത് കടന്നുപോകാൻ ഇടയുണ്ട്.

ഹോപ്ലെസ് ഫെയ്‌സ്

ഇതിൽനിന്ന് ഒരു മാറ്റം സാധ്യമാണെന്നോ ആരെങ്കിലും തങ്ങളെ സഹായിക്കുമെന്നോ ഉള്ള പ്രതീക്ഷ നഷ്ടപ്പെടുന്ന ഘട്ടമാണിത്. ഇതോടെ ഭൂരിഭാഗം പേരും മദ്യത്തിനും മറ്റു ലഹരിവസ്തുക്കൾക്കും അടിമപ്പെടുകയും ചെയ്യുന്നു. ഗാംബ്ലിങ്ങിന് അടിമപ്പെട്ടവരിൽ 90% പേരും ആത്മഹത്യാശ്രമം നടത്തുന്നവരാണ്.

ഒരു ഘട്ടം എത്തുമ്പോഴേക്കും ഗാംബ്ലിങ്ങിലുള്ള അവരുടെ നിയന്ത്രണം പൂർണമായും നഷ്ടപ്പെടുന്നു. അവർക്ക് നാണക്കേടും കുറ്റബോധവും ഉണ്ടാകുന്നു. / Photo: pexels.com

South oaks Gambling Screen, South oaks Gambling Screen Revised CAMH Gambling Screen, Problem Gambling Seviority Index എന്നിവ ഉപയോഗിച്ച് വ്യക്തിയെ ഗാംബ്ലിങ് എത്ര സ്വാധീനിച്ചിരിക്കുന്നു എന്ന് കണക്കാക്കാം.

ലഹരിവസ്തുക്കളുടെ ഉപയോഗത്തിനടിമപ്പെട്ടവർക്ക് നൽകുന്ന ചികിത്സയോട് സമാനമാണ് ഇവിടെ ചികിത്സ. മരുന്ന്, മനഃശാസ്ത്ര ചികിത്സ, കുടുബം, തൊഴിലിടം, അടുത്ത സാമൂഹ്യബന്ധങ്ങൾ എന്നിവിടങ്ങളിലെ ഇടപെടൽ, അതിജീവിത സമൂഹവുമായുള്ള ഇടപെടൽ തുടങ്ങിയവ. എന്നാൽ ഗാംബ്ലിങ്ങിനോടനുബന്ധമായി വരുന്ന ലഹരിവസ്തുക്കളുടെ ഉപയോഗം, തുടർന്നുവരാനിടയുള്ള ആത്മഹത്യ, കഠിന വിഷാദം, ഉത്കണ്ഠ, വ്യക്തിത്വ പ്രശ്‌നങ്ങൾ, സാമൂഹിക കാരണങ്ങളാലുണ്ടാകുന്ന (തൊഴിൽനഷ്ടം, ശിഥിലകുടുംബം, കടബാധ്യതകൾ), മാനസിക സമ്മർദങ്ങൾ തുടങ്ങിയവ പ്രത്യേകം പരിഗണിക്കണം.

കഴിഞ്ഞ ഒരു മാസത്തിനിടയിൽ ദക്ഷിണേന്ത്യയിൽ മാത്രം പൊലീസുകാരനും സ്ത്രീയും കൗമാരക്കാനുമുൾപ്പെടെ ഗാംബ്ലിങ്ങിന്റെ അനന്തരഫലമായി ആത്മഹത്യ ചെയ്തു. ഗാംബ്ലിങ്ങിന് അടിമപ്പെട്ടവർ (pathological gambling) ഒരു വർഷത്തിനിടയിൽ മൂന്നുതവണയെങ്കിലും ആത്മഹത്യാശ്രമം നടത്തുന്നതായാണ് കണക്കുകൾ. എത്ര നേരത്തെ കണ്ടെത്തി ഗാബ്ലിങ്ങിനെ മാനസികാരോഗ്യപ്രശ്‌നമായി കണക്കാക്കി അവശ്യചികിത്സ നൽകാൻ സാധിച്ചാൽ മറികടക്കാനാകുന്ന അവസ്ഥയാണിത്. കൂടുതൽ സാമൂഹ്യദുരന്തങ്ങൾക്ക് വഴിവക്കാതെ സാമൂഹബോധവത്കരണം അനിവാര്യമാണ്.

Reference:
Ankur Jain (2019) gambling in India study from the perspective of low and economy institute of law Nirmal University Ahmedabad
MC Carthy et al (2019) women and gambling related harm in narrative literature review and implications for research policy and practice harm reduction journal
Charroir EM Gambling(2013) University of Alberta https//www. Research gate publication/275971279
Ferentzy P (2013) history of problem gambling temperance substance abuse medicine and metaphorus researchgate
Doi 10.10007/978-1-4614-6694
ICD 11(international classification of disorders)
DSM5(diagnostic and statical manual of mental disorders

Comments