സാരതുഷ്ട്ര പരിണമിച്ചവനാണ്.
സാരതുഷ്ട്ര ഒരു കൊച്ചു കുട്ടിയായിത്തീർന്നിരിക്കുന്നു.
ബോധോദയം ലഭിച്ചുകഴിഞ്ഞിരിക്കുന്നു. പക്ഷേ, ഉറങ്ങുന്നവരുടെ ലോകത്ത് അയാൾ എന്തു ചെയ്യും?
"കടലിൽ നീ ഏകാന്തനായി ജീവിച്ചു. അതാണ് നിനക്കു ജന്മം നൽകിയത്. എന്നിട്ടിപ്പോൾ നീ തീരത്തേക്ക് പോകുകയാണോ? നീ ഇപ്പോഴും നിന്റെ ശരീരഭാരം താങ്ങുന്നുണ്ടോ?"
സാരതുഷ്ട്ര മറുപടിയായി പറഞ്ഞു:
"ഞാൻ മനുഷ്യരാശിയെ സ്നേഹിക്കുന്നു."
‘എന്തിന്?’, ആ പുണ്യപുരുഷൻ സാരസൃഷ്ട്രയോടു ചോദിച്ചു.
"ഞാൻ കാട്ടിലേക്കും മരുഭൂമിയിലേക്കും പോയില്ലേ? മനുഷ്യരെ ഞാൻ വളരെ നന്നായി സ്നേഹിച്ചിട്ടില്ലാത്തതു കൊണ്ടായിരുന്നുവോ അത്? ഇപ്പോൾ ഞാൻ ദൈവത്തെ സ്നേഹിക്കുന്നു. മനുഷ്യൻ എനിക്ക് സ്നേഹിക്കാൻ കൊള്ളാത്ത വിധം അപൂർണ്ണനാണ്. മനുഷ്യരെ സ്നേഹിക്കുക എന്നത് എന്നെ സംബന്ധിച്ചിടത്തോളം നാശമായിത്തീരും."
സാരതുഷ്ട്ര പറഞ്ഞു: "ഞാൻ സംസാരിച്ചത് സ്നേഹത്തെക്കുറിച്ചാണ്. ഞാൻ മനുഷ്യന് അനുഗ്രഹങ്ങളുമായാണ് വന്നത്."
"അവർക്കൊന്നും നൽകരുത്," ആ പുണ്യപുരുഷൻ പറഞ്ഞു: "പകരം അവരുടെ ഭാരത്തിന്റെ ഒരു പകുതി അവരോടൊത്തു വഹിക്കൂ. അതായിരിക്കും അവർക്ക് ഏറ്റവും സമ്മതം. അതിന് നിനക്കു സമ്മതമാണെങ്കിൽ മാത്രം. എന്നിരുന്നാലും, നീ അവർക്ക് നൽകുവാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ, അവർക്ക് ഭിക്ഷ നൽകൂ. അതും അവർ ചോദിച്ചു വരട്ടെ."
‘ഇല്ല’, സാരതുഷ്ട്ര മറുപടി പറഞ്ഞു: "ഞാൻ ഭിക്ഷ നൽകില്ല. അതിനുമാത്രം ഞാൻ ദരിദ്രനല്ല.’’
പുണ്യാളൻ പൊട്ടിച്ചിരിച്ചു, എന്നിട്ടു പറഞ്ഞു: "എങ്കിൽ ഞാൻ ചോദിക്കട്ടെ, താങ്കളുടെ കൈവശമുള്ള സമ്മാനം അവർ സ്വീകരിക്കുമെന്ന് കരുതുന്നുണ്ടോ? നമുക്ക് നോക്കാം...അവർ അനുഗ്രഹങ്ങളോട് അവിശ്വാസം പുലർത്തുന്നവരാണ്. നാം സമ്മാനവുമായാണ് വന്നത് എന്നവർ വിശ്വസിക്കുന്നില്ല. നമ്മുടെ കാലടിയൊച്ചകൾ അവരുടെ തെരുവുകളിൽ പൊള്ളയായ മണിയൊച്ചയാണ്. രാത്രി അവർ ഉറങ്ങാൻ കിടക്കുമ്പോൾ, അന്യദേശത്തുനിന്ന് ഒരാൾ സൂര്യോദയത്തിനു മുമ്പ് എത്തും എന്നു കേട്ടാൽ, അവർ നമ്മെ സൂചിപ്പിച്ചു ചോദിക്കും, കള്ളൻ.. എങ്ങോട്ടാണ് യാത്ര?
മനുഷ്യരിലേക്കു പോകരുത്, പകരം കാട്ടിൽ കഴിയൂ. അല്ലെങ്കിൽ മൃഗങ്ങളുടെയടുത്ത് പോകൂ. എന്തുകൊണ്ട് എന്നെപ്പോലെയായിക്കൂടാ? കരടികൾക്കിടയിൽ ഒരു കരടി. പക്ഷികൾക്കിടയിൽ ഒരു പക്ഷി."
"അങ്ങ് എന്താണ് ഈ കാട്ടിൽ ചെയ്യുന്നത്?"
സന്യാസ് മറുപടി പറഞ്ഞു: "ഞാൻ മന്ത്രങ്ങൾ ഉണ്ടാക്കി അവ പാടുന്നു. മന്ത്രഈരടികൾ ഉണ്ടാക്കുമ്പോൾ ഞാൻ ചിരിക്കുകയും കരയുകയും വിതുമ്പുകയും ചെയ്യുന്നു. അങ്ങനെ ഞാൻ ഈശ്വരനെ സ്തുതിക്കുന്നു. പാടുമ്പോഴും തേങ്ങുമ്പോഴും ചിരിക്കുമ്പോഴും വിതുമ്പുമ്പോഴും ഞാൻ എന്റെ ദൈവമായ ഈശ്വരനെ സ്തുതിക്കുന്നു. അതിരിക്കട്ടെ, ഞങ്ങൾക്കു നൽകാൻ എന്തു സമ്മാനമാണ് താങ്കളുടെ കൈവശമുള്ളത്?"
ഈ വാക്കുകൾ കേട്ടപ്പോൾ സംന്യാസിയെ തലകുനിച്ചു വന്ദിച്ച് സാരതുഷ്ട്ര പറഞ്ഞു: "എന്താണ് ഞാൻ അങ്ങേയ്ക്ക് നൽകുക? പകരം താങ്കളിൽ നിന്ന് ഞാൻ എത്രയും പെട്ടെന്ന് ദൂരെ മാറിപ്പോകാൻ തിരക്കുകൂട്ടട്ടെ..."
അങ്ങനെ അവർ പരസ്പരം വിടചൊല്ലി. വയോവൃദ്ധനായ ആ പുണ്യപുരുഷനും സാരതുഷ്ട്രയും കൊച്ചുകുട്ടികളെപ്പോലെ പൊട്ടിച്ചിരിച്ചുകൊണ്ടു പിരിഞ്ഞു.
എന്നിരുന്നാലും സാരതുഷ്ട്ര ഒറ്റയ്ക്കായപ്പോൾ സ്വന്തം ഹൃദയത്തോട് ഇങ്ങനെ മന്ത്രിച്ചു: "അതു സത്യമാണോ? കാട്ടിലെ ആ വൃദ്ധനായ സംന്യാസി ഇതുവരെ അതു കേട്ടിട്ടുപോലുമില്ല, ദൈവം മരിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം.’’
(നീത്ചെ,
ദസ് സ്പേക് സാരതുഷ്ട്ര)
ദൈവം മരിച്ചുപോയ സത്യത്തിന്റെ സ്ഥാനത്ത് ഗൂഗിൾ ഗോഡ് വന്നു കയറിയ വിവരം നീത്ചേയുമറിഞ്ഞില്ല. ഗൂഗിൾ അമ്മാവനെന്നോ, ഗൂഗിൾ ഗോഡ് എന്നോ വിളിപ്പേരുള്ള ആ വിസ്മയ ചരിത്രവിജയം, ഒരു 'രാമനാമ'മായി പരിണമിച്ച വിവര വിനിമയലോകം. എല്ലാ ചോദ്യങ്ങളും അവസാനിക്കുന്ന അമ്പലനട. എല്ലാ ഉത്കണ്ഠകൾക്കും അഭയമാകുന്ന ആത്മീയ ഗോപുരം. ഭാഷയോ വർണ്ണമോ ജാതിയോ വർഗമോ ഭേദമില്ലാത്ത സോഷ്യലിസ്റ്റ് സ്വപ്നത്തിന്റെ ഏകലോകം.
നിരക്ഷരനായിരുന്ന ഇവനെ, ഗ്രാംഷിയിലേക്കും ക്രിട്ടിക്കൽ തിയറിയുടെ പാഠപുസ്തകങ്ങളിലേക്കും, ബുദ്ധിജീവികൾ കേട്ടു കൊതിപ്പിച്ച "മന്ത്ലി റിവ്യൂ"വിലേക്കും "ന്യൂ ലെഫ്റ്റ് റിവ്യൂവി"ലേക്കും വാതായനങ്ങൾ തുറന്നിട്ട ഗൂഗിൾ ദൈവത്തിനു സ്തോത്രം ചൊല്ലാത്ത, നിവേദ്യം നൽകാത്ത ദിനങ്ങൾ ഒന്നുമില്ല. രതിലീലകളുടെ ഭാവനാ ലോകങ്ങളെ യാഥാർത്ഥ്യമാക്കിത്തന്ന, പെണ്ണും പിടക്കോഴിയുമില്ലെങ്കിലും ഏകാന്ത യോഗിയെപ്പോലെ ലൈംഗികതയിൽ ആറാടാൻ പഠിപ്പിച്ച ഗൂഗിൾ എന്ന കൂട്ടിക്കൊടുപ്പുകാരൻ. പോർണോഗ്രഫിയുടെ വസന്തങ്ങൾ. ഇൻസെസ്റ്റ് മുദ്ര പതിഞ്ഞ മോഹങ്ങളുടെ ചുഴികളെ ആഴത്തിൽ അറിയിച്ച കടലമ്മ.
"എല്ലാം ചരിത്രവൽക്കരിക്കുക’’ എന്ന മാർക്സിന്റെ ആപ്തവാക്യത്തെ യാഥാർത്ഥ്യമാക്കുന്ന സമകാല മാർക്സിസ്റ്റ്. ലണ്ടൻ ലൈബ്രറിയിലെ ഏകാന്ത തപസ്സുകൾക്ക് പകരം വയ്ക്കാൻ കനിഞ്ഞുകിട്ടിയ മഹാ ഗ്രന്ഥാലയം. ഒരുപക്ഷേ, മനുഷ്യൻ, ഓർമ്മകൾ മാഞ്ഞുപോയ, ഒരു ബുദ്ധിരഹിത ചാറ്റ് മെഷീനായിത്തീരുന്ന അതിവിദൂരമല്ലാത്ത കാലത്തിന്റെ പതാകാവാഹകൻ. വിവരങ്ങളുടെ ലോകം നമ്മെ വിമോചിപ്പിക്കും എന്നു സ്വപ്നം കാണുന്ന മാധ്യമിക ലോകത്തിന്റെ ഉറ്റതോഴൻ. ചങ്ങാതീ, നീ ഇല്ലായിരുന്നുവെങ്കിൽ ഞങ്ങൾ എന്താകുമായിരുന്നു?
അറിവിന്റെ കമ്പോളം എന്നോ, അറിവിന്റെ മാൾ എന്നോ വിശേഷിപ്പിക്കാവുന്ന ഈ ഗൂഗിൾ ഗോഡ്, മനുഷ്യന്റെ തലച്ചോറിന്റെ ഓർമ്മകളുടെ ഭാഗങ്ങളെ അപ്രസക്തമാക്കിയെന്നു വരാം. ഓർമ്മകൾ ആവശ്യമില്ലാത്ത ഉൺമയുടെ നിസംഗതയിലേക്ക് അതു നമ്മെ, അരുണാചലത്തിലെ ബ്രാഹ്മണസ്വാമിയായിരുന്ന രമണ മഹർഷിയാക്കിത്തീർത്തേക്കാം. സ്മൃതികൾ ആവശ്യമില്ലാത്ത ശ്രുതിയുടെ ഉപനിഷത്ത് കാലത്തേക്ക് എളുപ്പം കയറിപ്പോകാനുള്ള, ആത്മസാക്ഷാത്കാരത്തിന്റെ പശ്ചാത്തല സൗകര്യ വികസനമായിത്തീർന്ന ഗൂഗിൾ ഹൈവേകൾ.
ഉപനിഷത്തുകൾ അപരവിദ്യ എന്നു വിളിക്കുന്ന എല്ലാ ഭൗതികജ്ഞാനവും ഇന്ന് ഗൂഗിൾലോകം സമ്മാനിക്കുന്നു. ഇനി തന്നെത്തന്നെ അറിയാനുള്ള പരാവിദ്യ മാത്രം മതിയാകും മനുഷ്യന്. ചാറ്റ് ജി പി ടിയിൽ എത്തിനിൽക്കുന്ന മനുഷ്യന്റെ ചിന്തയുടെ അപഗ്രഥനാത്മകവും ഇമ്പൾസീവുമായ എല്ലാ പ്രതികരണങ്ങളും ഇനി കമ്പ്യൂട്ടർ നിർവഹിക്കും. മനുഷ്യന്റെ സഞ്ചിതമായ എല്ലാ അറിവിന്റെയും ശേഖരണപ്പെട്ടിയായി ഗൂഗിൾ ഗോഡ് മാറിക്കഴിഞ്ഞു. വിവേകഖ്യാതിയുള്ള ഒരാൾക്ക് ലോകം വിരൽത്തുമ്പിൽ തന്നെ.. എന്നാൽ ശരിയായ തെരഞ്ഞെടുപ്പിനു കഴിയാത്ത, ത്യാജ ഗ്രാഹ്യ വിവേചന ബുദ്ധി ഉറയ്ക്കാത്ത ഒരാൾക്ക് നാശത്തിന്റെ സമുദ്രമാണ് ഗൂഗിൾ. എന്താണ് യഥാർത്ഥ വിവരം എന്നറിയാതെ പതറുന്ന മനുഷ്യൻ, തന്റെ ഉണ്മയെ ഒരിക്കലും കണ്ടെത്താനാവാതെ, യന്ത്രാനുബന്ധിയായി ഒടുങ്ങാനുള്ള സാധ്യതയുടെ താക്കോലുമാണ് ഗൂഗിൾ യുഗം.
മെഷീനിക് മിശിഹയായി, കീഴാളരുടെ വിമോചന ദൈവശാസ്ത്രമായി, അറിവിനെ അധികാരപ്രയോഗത്തിന്റെ ഉപാധിയാക്കിയ ബ്രാഹ്മണ്യത്തെ വെല്ലുവിളിക്കാനുള്ള പുതിയ ബ്രാഹ്മണവാദമായി, ഗൂഗിൾ, പ്രത്യയങ്ങൾ തീർക്കുന്നു. വിമർശിച്ചോ ഉപേക്ഷിച്ചോ വിട്ടൊഴിയാൻ കഴിയാത്ത പ്രലോഭനീയമായ സൈബർസ്പേസിന്റെ കാരണവരായി തീർന്നിരിക്കുന്നു അത്.
എങ്ങനെയാണ് ഈ വിസ്മയം സംഭവിച്ചത്?
ഒരു കയ്യിൽ സ്വർഗവും മറ്റേ കയ്യിൽ നരകവുമായി വന്നെത്തും എന്നു പറയുന്ന ‘ദജ്ജാൽ ആയി ഈ തുറുകണ്ണൻ ദൈവം രൂപം കൊണ്ടത് എപ്പോഴാണ്? മനുഷ്യന്റെ അറിവാർജ്ജനത്തിന്റെ യുഗസംക്രമണങ്ങളെ മുഴുവൻ ഒറ്റയടിക്ക് കുടിച്ചു വറ്റിച്ച ഈ ‘ദജ്ജാൽ’ മനുഷ്യന്റെ ജീവിതരാശിയെയാകെ ഗ്രഹണബാധയാൽ നിഷ്ക്രമിപ്പിക്കുമോ?
ഇസ്‍ലാമിന്റെ പടക്കുതിരകൾ ലോകത്തെ കീഴടക്കിയ വിസ്മയം പോലെ, ഗൂഗിൾ ആര്യന്മാർ പഴമയേയും പാരമ്പര്യങ്ങളേയും ചവിട്ടിയരച്ച് ഭാവിയിലേക്കു മാത്രം തുറന്നു വച്ച ഒരു "പ്രതിഭാസ വിജ്ഞാനീയമായി" ലോകത്തെ മാറ്റിപ്പണിയുമോ? ചരിത്രത്തിന്റെ അന്ത്യം ഇങ്ങനെയാണോ സംഭവിച്ചത്? സൈബർ പ്രളയത്തിന്റെ ഈ ഓളപ്പരപ്പിൽ നമ്മുടെ അസ്തിത്വത്തിന്റെ ഏകാന്തതയെ കാത്തുസൂക്ഷിക്കാനുള്ള ആലിലകൾ നമുക്ക് ലഭിക്കുമോ? പ്രേമത്തിന്റെ ആ കൃഷ്ണൻ രതിയുടെ മന്ദാരച്ചെപ്പിൽ ഗൂഗിൾ കാലം കഴിച്ച്, ശരീരമാത്രമായ ഒരു തത്വചിന്തയായി അർത്ഥം കൊത്തുമോ? ഉത്തരങ്ങൾ ഓരോന്നും ഗൂഗിളിൽ പരതി നോക്കൂ.
ശുഭം.