ഗൂഗിൾ: ലോകവുമായുള്ള കണക്ഷൻ, ലോകത്തിൽനിന്നുള്ള വിച്ഛേദം

ഡിജിറ്റൽ ലാൻഡ്സ്കേപ്പിൽ ഗൂഗിളിന്റെ സ്വാധീനം നിഷേധിക്കാനാവാത്തതാണ്. അതിന്റെ തുടർച്ചയായ നവീകരണവും ഉപയോക്താക്കളെ കേന്ദ്രീകരിച്ചുള്ള രൂപകൽപ്പനയും സാങ്കേതിക മുന്നേറ്റങ്ങളും അതിന്റെ പ്രാധാന്യം ഉറപ്പിക്കുന്നു. സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങൾക്കനുസരിച്ച് ഗൂഗിൾ സ്വയം വികസിക്കുകയും അതിന്റെ കൃത്യമായ പങ്കുറപ്പിച്ച് സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരിക്കും.

‘‘All of a sudden, we've lost a lot of control,' he said. 'We can't turn off our internet; we can't turn off our smartphones; we can't turn off our computers. You used to ask a smart person a question. Now, who do you ask? It starts with g-o, and it's not God…’’
- Steve Wozniak

ഡിജിറ്റൽ വിപ്ലവം നമ്മുടെ ജീവിതത്തെയും ലോകക്രമത്തെയുംതന്നെ മാറ്റിക്കൊണ്ടിരിക്കുകയാണല്ലോ. കോവിഡ്- 19 മനുഷ്യരെ ഓൺലൈനിലേക്കും വെർച്ച്വൽ ടുഗെതർനസ്സിലേക്കും പരിമിതപ്പെടുത്തിയ ഒരു സാഹചര്യമാണ് നിലനിൽക്കുന്നത്.

2018-ലെ നേച്ചർ ഔട്ട്ലുക്കിൽ റിച്ചാർഡ് ഹോഡ്സൺ പറഞ്ഞതുപോലെ, ‘‘വിവരസാങ്കേതിക വിദ്യയിലെ ഒരു വിസ്ഫോടനം, സമൂഹത്തിന്റെ ചില വശങ്ങളെ സ്പർശിക്കാതെ ലോകത്തെ പുനർനിർമ്മിക്കുന്നു. 50 വർഷത്തിനുള്ളിൽ ഡിജിറ്റൽ ലോകം സമൂഹത്തിന്റെ പ്രവർത്തനത്തിനുതന്നെ നിർണായകമായി വളർന്നുകഴിഞ്ഞു. ഈ സാമൂഹികപരിവർത്തനകാലഘട്ടം മനുഷ്യരാശിയുടെ സാമൂഹിക- സാമ്പത്തിക പരിണാമത്തിന്റെ ഏറ്റവും പുതിയതും വലുതുമായ തരംഗമായി കണക്കാക്കപ്പെടുന്നു.''

ഒരിക്കൽ കാട്ടിലൂടെ ഒരു യാത്ര പോയിരുന്നു. വളരെ സൂക്ഷ്മമായി കാടിനെ അറിഞ്ഞനുഭവിച്ചുള്ളൊരു യാത്ര തന്നെയായിരുന്നു. ആകെ കയ്യിലുണ്ടായിരുന്നത് അവിടെ എത്തിയാൽ ബന്ധപ്പടേണ്ട ഒരു സുഹൃത്തിന്റെ നമ്പറും ഒപ്പം ഗൂഗിൾ മാപ്പും. പെട്ടെന്നായിരുന്നു എല്ലാവരുടേയും ഫോണിന്റെ റേഞ്ച് കട്ടായത്. ഞങ്ങളുടെ വഴിയെല്ലാം അടഞ്ഞുപോയപോലെയായിരുന്നു അത്. ഇത്രമേൽ മനുഷ്യരോട് ചേർന്നുനിന്ന് ഗൂഗിൾ ഇല്ലാത്ത ഒരവസ്ഥയിൽ ഇനിയെന്ത് എന്ന ചോദ്യചിത്തിലേക്കെത്തിയിരിക്കുകയാണ് നമ്മളിന്ന്.

എന്നെ സംബന്ധിച്ച്, app consumption history ഒക്കെ എടുത്തുനോക്കിയാൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് ഗൂഗിളായിരിക്കും.
എന്നെ സംബന്ധിച്ച്, app consumption history ഒക്കെ എടുത്തുനോക്കിയാൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് ഗൂഗിളായിരിക്കും.

''ഇപ്പോൾ ഗൂഗിൾ നോക്കുവായിരിക്കും ല്ലേ’’, ഒരുപക്ഷേ അമ്മ എപ്പോഴും എന്നോട് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യം ഇതായിരിക്കും. ഫോണെടുത്താൽ സാധാരണയായി അധികപേരും മറ്റ് സമൂഹമാധ്യമങ്ങളാണ് ഉപയോഗിക്കാറ് എന്ന് കേട്ടിട്ടുണ്ട്. പക്ഷേ എന്നെ സംബന്ധിച്ച്, app consumption history ഒക്കെ എടുത്തുനോക്കിയാൽ ഏറ്റവും കൂടുതൽ ഉപയോഗിച്ചിട്ടുള്ളത് ഗൂഗിളായിരിക്കും. ഓരോ ചെറിയ സംശയങ്ങൾക്കും (പലപ്പോഴും അത് വലുതുമാകാറുണ്ട്) ആദ്യം സമീപിക്കുന്നത് ഗൂഗിളിനെ തന്നെയാണ്. അതുകൊണ്ടുതന്നെയായിരിക്കണം ഫോൺകോൾ, മെസേജ്, ക്യാമറ തുടങ്ങിയ അടിയന്തിര ആപ്പുകളുടെ കൂടെ എന്റെ ഫോണിൽ മുന്നിൽതന്നെ ഗൂഗിളിനെയും ഞാൻ പ്ലെയ്സ് ചെയ്തിരിക്കുന്നത്. ഇങ്ങനെ പല രൂപത്തിലും ഭാവത്തിലും ഏതുസമയത്തും അത് സഹായിയായി എത്താറുണ്ട്. പല കാര്യങ്ങളിലും നമ്മുടെയെല്ലാം ആത്മവിശ്വാസം വർധിക്കുന്നതിൽ ഗൂഗിൾ പോലുള്ളവയുടെ സ്വാധീനം തീരെ ചെറുതല്ല. എന്തന്വേഷിച്ച് ചെന്നാലും വളരെ പ്രധാനപ്പെട്ട ഒരു സ്രോതസ്സ് തന്നെയാണത്. സ്റ്റാറ്റിസ്റ്റ വെബ്സൈറ്റ് (2016) അനുസരിച്ച്, ഫിലിപ്പീൻസിൽ 59.2 ഇന്റർനെറ്റ് ഉപയോകതാക്കളുണ്ട്. വിവരങ്ങൾ തിരയാനും ശേഖരിക്കാനുമാണ് വിദ്യാർത്ഥികൾ കൂടുതലായി ഇന്റർനെറ്റ് ഉപയോഗിക്കുന്നത്. Michael Dougherty (2010) പറഞ്ഞതുപോലെ, ലോകത്തിലെ ഏറ്റവും വലുതും കൃത്യവുമായ സെർച്ച് എഞ്ചിൻ ഗൂഗിൾ തന്നെയാണ്.

ഇത്രയൊക്കെ ഒഴിച്ചുകൂടാൻ കഴിയാത്തതാണെന്നാലും ഇതിനും ഒരു മറുവശമുണ്ട്. എളുപ്പത്തിലുത്തരം തരുന്നപോലെതന്നെ എളുപ്പത്തിൽ നമ്മെ പ്രശ്നത്തിലാക്കാനും ഗൂഗിളിന് കഴിയും. ''തീർത്തും അവനവനിസത്തിന്റെ വേദിയാണോ അത്?’’ എന്ന് സി.എസ്. വെങ്കിടേശ്വരൻ ഫേസ്ബുക്കിനെക്കുറിച്ചെഴുതിയപ്പോൾ ചോദിച്ചിട്ടുണ്ടെങ്കിലും ഗൂഗിളിന്റെ കാര്യത്തിലും ഇത് ഏറെ പ്രസക്തമാണ്. ലോകവുമായി നമുക്കുള്ള ബന്ധം സ്ഥാപിച്ചെടുക്കുന്നപോലെതന്നെ പലതും വിച്ഛേദിച്ച് മനുഷ്യനെ തന്നിലേക്കുതന്നെ ചുരുക്കുകയും ചെയ്യുന്നുണ്ട്.

സി.എസ്. വെങ്കിടേശ്വരൻ
സി.എസ്. വെങ്കിടേശ്വരൻ

ഒരുതരത്തിൽ മനുഷ്യൻ അന്യവത്കരിക്കപ്പെട്ടുക്കൊണ്ടിരിക്കുകയാണ്. അതുപോലെ നമ്മുടെ അന്വേഷണങ്ങളെല്ലാം വളരെ എളുപ്പമുള്ളതാവുകയും ഉത്തരങ്ങളെല്ലാം സംക്ഷിപ്തരൂപത്തിൽ ഇവിടെ ലഭ്യമാവുകയുമാണ്. ഇത് തീർച്ചയായും മനുഷ്യരെ ഇടപെടലുകളിൽനിന്ന് മാറ്റിനിർത്തുകയും ലൈബ്രറി, സ്കോളേഴ്സ് എന്നിവയിൽനിന്ന് ഒരുതരത്തിൽ അകറ്റുകയും ചെയ്യുന്നു. അതുപോലെ നിരീക്ഷണം, പരീക്ഷണം, വിവരശേഖരം, വിശകലനം, അപഗ്രഥനം, നിഗമനം എന്നിങ്ങനെ ഒരാൾ കടന്നുപോകേണ്ട ഘട്ടങ്ങൾ തീർത്തും അന്യമായിക്കൊണ്ടിരിക്കുകയാണ്. ഒരുപാട് സംസാരിച്ചിരുന്നവരെല്ലാം ഒരു ചെറിയ-വലിയ സ്ക്രീനിനുള്ളിലേക്ക് ചുരുങ്ങിപ്പോവുകയാണിപ്പോൾ. ഇതിന്റെ മറ്റൊരു അപകടകരമായ വസ്തുത, നമ്മുടെ അഭിപ്രായങ്ങൾമറ്റുള്ളവരെ ആശ്രയിച്ചാണെന്നതാണ്.

സംവാദങ്ങളിലൂടെയും തർക്കങ്ങളിലൂടെയും സമവായത്തിലൂടെയും തിരുത്തി മുന്നേറി ലഭിക്കേണ്ടുന്ന അറിവ് ഇന്ന് ക്യാപ്‌സൂൾ രൂപത്തിൽ നമ്മുടെ മുമ്പിലെത്തുകയാണ്. ഇവിടെ നമ്മുടെ അഭിപ്രായങ്ങൾ രൂപപ്പെടുകയല്ല, മറിച്ച് നമ്മളിലേക്ക് കുത്തിവെയ്ക്കപ്പെടുകയാണ്. സ്വാഭാവികമായും അത് മനുഷ്യനെ അരാഷ്ട്രീയവത്കരിക്കുകയും മനുഷ്യനിലെ സാമൂഹികത ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്.

ഗൂഗിളിനെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും വിട്ടുപോകാൻ കഴിയാത്ത ഒന്നുണ്ട്. ഒരു കാലത്ത്, അറിവുള്ളവരുടെ കയ്യിലേ അധികാരമുണ്ടായിരുന്നുള്ളൂ. അന്ന് അറിവ് വളരെ അടഞ്ഞതും ചില വിഭാഗക്കാരുടെ കയ്യിൽ മാത്രം ഉണ്ടായിരുന്നതുമായ ഒന്നായിരുന്നു. അതുകൊണ്ടുതന്നെ അവരാണ് സമൂഹത്തെ നയിച്ചുകൊണ്ടിരുന്നത്. എന്നാലിന്ന് അറിവ് വികേന്ദ്രീകരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ ഡിവൈഡ് നിലനിൽക്കെതന്നെ, ഒരു പരിധിവരെ അറിവിനെ കൂടുതൽ ജനകീയമാക്കി അധികാര ഇടങ്ങളെ കൂടുതൽ സുതാര്യമാക്കുന്നതിൽ ഗൂഗിൾ പോലുള്ളവയ്ക്ക് വലിയ പങ്കുണ്ട്.

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പുതിയ കാലത്ത് ഗൂഗിളിന് ചരിത്രനിർമിതിയിൽ വലിയ പ്രാധാന്യമുണ്ട്. ഗൂഗിളിൽ ലഭ്യമാവുന്ന വസ്തുതകളുപയോഗിച്ചാണ് ഇന്ന് പല ചരിത്രങ്ങളും നിർമിക്കുന്നത്. ഒരുപാട് ജനങ്ങൾ ഡിജിറ്റലാവാത്ത ഒരു കാലത്ത് ഇങ്ങനെ നിർമിക്കപ്പെടുന്ന ചരിത്രം ചിലപ്പോൾ തീർത്തും ഉപരിപ്ലവമായിരിക്കും. അതുകൊണ്ടുതന്നെ ഇത് കൃത്രിമവും ചേർത്തുവെച്ച കണക്കുകളും മാത്രമാവുകയാണ്. ഇങ്ങനെ ഡിജിറ്റലിന് പുറത്തുള്ള വലിയൊരു ലോകം നിലനിൽക്കുമ്പോൾ ഇത്തരത്തിലുള്ള ചരിത്രനിർമിതി അപകടകരമാവുകയാണ്.

എങ്കിലും ഡിജിറ്റൽ ലാൻഡ്സ്കേപ്പിൽ ഗൂഗിളിന്റെ സ്വാധീനം നിഷേധിക്കാനാവാത്തതാണ്. അതിന്റെ തുടർച്ചയായ നവീകരണവും ഉപയോക്താക്കളെ കേന്ദ്രീകരിച്ചുള്ള രൂപകൽപ്പനയും സാങ്കേതിക മുന്നേറ്റങ്ങളും അതിന്റെ പ്രാധാന്യത്തെ ഉറപ്പിക്കുകയാണ് ചെയ്യുന്നത്. ഡിജിറ്റൽ യുഗത്തിൽ നമ്മൾ മുന്നോട്ട് പോകുമ്പോൾ, സാമൂഹികവും സാങ്കേതികവുമായ മാറ്റങ്ങൾക്കനുസരിച്ച് ഗൂഗിൾ സ്വയം വികസിക്കുകയും അതിന്റെ കൃത്യമായ പങ്കുറപ്പിച്ച് സമൂഹത്തെ രൂപപ്പെടുത്തുകയും ചെയ്തുകൊണ്ടേയിരിക്കും.


Summary: google connecting and disconnecting world anjali krishna


അഞ്​ജലി കൃഷ്​ണ

ബംഗളൂരു ക്രൈസ്​റ്റ്​ യൂണിവേഴ്​സിറ്റിയിൽ ബിരുദ വിദ്യാർഥി. എന്റെ പ്രയാണം എന്ന വിവർത്തന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments