തേടിയതൊക്കെ തേടിപ്പിടിച്ചുകൊണ്ടുവന്ന ഗൂഗിൾ

വിവര മുതലാളിത്തത്തെവിമോചനത്തിന്റെയും ജനാധിപത്യത്തിന്റെയും സാമൂഹിക ശക്തിയായാണ് ഗൂഗിൾ കോർപറേറ്റ് തുടക്കം മുതൽ അവതരിപ്പിച്ചത്. വിമോചക സാങ്കേതിക വിദ്യ എന്ന നിലയിൽ ഇന്റർനെറ്റും അതിന്റെ ഏറ്റവും പ്രധാന ഉപാധിയുമായി തിരച്ചിൽ യന്ത്രത്തെയും ചിത്രീകരിച്ചിരുന്നു. ഉത്തരമുതലാളിത്തത്തിലേക്ക് പ്രവേശിച്ച ലോകക്രമം ഈ പ്രചാരത്തെ സംശയലേശമെന്യേ സ്വാഗതം ചെയ്തു.

തിരച്ചിൽ യന്ത്രങ്ങളുടെ തിരച്ചിൽ യന്ത്രം എന്ന നിലയ്ക്കാണ് രണ്ടര പതിറ്റാണ്ടു മുമ്പ് ഗൂഗിൾ ഇൻറർനെറ്റിൽ ആവിർഭവിച്ചത്. യാഹൂ, എം.എസ്.എൻ, റെഡിഫ് എന്നിവയായിരുന്നു അന്നുവരെയുള്ള അംഗീകാരമുള്ള തിരച്ചിൽ കവാടങ്ങൾ. പ്രധാനമായും ഇ-മെയിൽ സേവനമാണ് ഈ പോർട്ടലുകൾ നൽകിയിരുന്നത്. ഇന്റർനെറ്റിൽ ലഭ്യമായിരുന്ന വിവരങ്ങൾ തിരഞ്ഞുപിടിക്കാൻ അന്നത്തെ നിലയിൽ വലിയ സഹായമായിരുന്നു. അപ്രാപ്യമെന്നു കരുത്തിയിരുന്ന പല സൈറ്റുകളിലേക്കും ഈ തിരച്ചിൽ യന്ത്രങ്ങൾ ഉപയോക്താവിനെ നയിച്ചു. ഇതിനെ പുറമേ, ബ്രാൻഡിന്റെ പിന്തുണയൊന്നുമില്ലെങ്കിലും 'മെറ്റാക്രോളർ' പോലുള്ള തിരച്ചിൽ യന്ത്രങ്ങൾ കൂടുതൽ സവിസ്തരമായി തന്നെ ഇന്റർനെറ്റിൽ നിന്നുള വിവരങ്ങൾ തിരഞ്ഞുകൊണ്ടുവരാൻ സഹായകമായി.

തിരയാൻ നിമിഷങ്ങളുടെ ദൈർഘ്യമെടുത്തിരുന്നെങ്കിലും അതൊന്നും തന്നെ വൈകലായി അനുഭവപ്പെടാൻ തുടങ്ങിയിരുന്നില്ല. എന്നാൽ 1998 എന്ന വർഷം ഇതിനെയെല്ലാം മാറ്റിമറിച്ചു. ഗൂഗിൾ എന്ന പുതിയ തിരച്ചിൽ അവതരിച്ച വർഷമായിരുന്നു ഇത്. തേടിയതൊക്കെ തേടിപ്പിടിച്ചുകൊണ്ടുവന്നു ഗൂഗിൾ തിരച്ചിൽ യന്ത്രം. നിമിഷങ്ങളുടെതായ കാത്തുനില്പും അതവസാനിപ്പിച്ചു. അറിവുമാവുമായുള്ള നമ്മുടെ അഭിമുഖത്തെ സ്ക്രീനിന്റെ പ്രതലത്തിൽ നിരപ്പിലെന്നോണം പ്രദർശിപ്പിച്ചു. അതുവരെ മനുഷ്യാനുഭവങ്ങളിൽ  ലൈബ്രറിയുടെ ചുറ്റളവിൽ ത്രിമാന സ്വരൂപത്തിൽ അടുക്കി വെയ്ക്കെപ്പെട്ടിരുന്ന അറിവിനെ ഒരു നിരപ്പിൽ ദൃശ്യപ്പെടുത്തുകകയും ക്രമീകരിക്കുകയും വഴി സകലവിജ്ഞാനങ്ങൾക്കുമേൽ ഗൂഗിളോളജി (googlolgy) സാങ്കേതിക നെടുനായകത്വം സ്ഥാപിതമാക്കി.

മെറ്റാക്രോളർ

നിരപ്പാക്കപ്പെട്ട വിജ്ഞാനത്തിനു (Flattened knowledge) പക്വമായ ഒരു ഇന്റർഫേസാണ് ഗൂഗിൾ ഒരുക്കിയിരുന്നത്. ഇത് ആകർഷണീയമായിരുന്നു. അതുവരെയുള്ള വിവരകവാടങ്ങൾ ഒട്ടനവധി ലിങ്കുകളും ഗണവിവരങ്ങളാലും തിങ്ങിക്കൂടി നിൽക്കുന്നതായിരുന്നു. എന്നാൽ, അമിതസൂചനകളൊന്നുമില്ലാത്ത ഒരു വെളുത്ത പ്രതലത്തിലേക്കാണ് ഗൂഗിൾ വിവര തിരച്ചിലിനായി ആകർഷിച്ചിരുന്നത്. ഡിസൈൻ ചേരുവകൾക്കൊണ്ടു വിളയാട്ടത്തിനൊന്നും ഇടം നൽകാതെ ഒരു സവിശേഷ സൗമ്യത ഇത് പ്രകടമാക്കി.

കണ്ണുകൾക്ക് വിവരങ്ങൾക്കായി അധികം പരതേണ്ടതില്ല എന്നതു തന്നെ ഉപയോക്താവിനെ സംബന്ധിച്ചടുത്തോളം ഗുണകരമായിരുന്നു. അതുവരെയുണ്ടായിരുന്ന തിരച്ചിൽ കവാടങ്ങളൊക്കെ പെട്ടെന്ന് തന്നെ പിന്തള്ളപ്പെട്ടു. ഹൃദ്യമായ ഇന്റർഫേസ് ഡിസൈൻ, തിരച്ചിലിന്റെ വേഗതയും മികവും, തിരഞ്ഞുപിടിച്ച വിവരങ്ങളുടെ യുക്തിസഹമായ ശ്രേണിവൽക്കരണവും ഈ ആകർഷണീയതയ്ക്ക് നിദാനമായി. യുക്തിസഹമായ ശ്രേണിവൽക്കരണം എന്നതുകൊണ്ടുദ്ദേശിക്കുന്നത് തിരച്ചിലുകളുടെ ആധിക്യമനുസരിച്ചുള്ള അൽഗോരിതം കണ്ടെത്തിയ പ്രാധാന്യമാണ്. തിരച്ചിൽ വിവരങ്ങളുടെ ശ്രേണിയെ നിർണയിക്കുന്നത് തിരച്ചുകളുടെ എണ്ണക്കൂടുതലാണ്. ഈ ശ്രേണിക്രമം തീർത്തും യോഗ്യമാണെന്നല്ല; ഒട്ടുമിക്കവാറും ചോദ്യംചെയ്യപ്പെടാവുന്നതുമാണ്. എങ്കിലും കൂടുതൽ വിവരസാധ്യതകളിലേക്കാണ് ഉപയോക്താവിനെ ഇത് നയിച്ചത്.

ലാറി പേജ്, സെർജി ബ്രിൻ

ഗൂഗിൾ കോർപറേറ്റിന്റെ ആവിർഭാവവും ഉയർച്ചയും സാങ്കേതികവിദ്യതല്പരയായ മില്ലേനിയൽ യുവതയ്ക്ക് വലിയ പ്രചോദനമായിട്ടുണ്ട് എന്നത് നേരാണ്. രണ്ടു ഗവേഷക വിദ്യാർത്ഥികൾ -ലാറി പേജും സെർജി ബ്രിനും- 95 -ൽ കൂടുതൽ മികവുള്ള തിരച്ചിൽ യന്ത്രത്തിനായി പരിശ്രമപ്പെടുന്നു. അവർ അതിൽ വിജയിക്കുന്നു. 98 -ൽ വെൻച്വർ മൂലധനത്തിന്റെ പിന്തുണയോടെ ഗൂഗിൾ കോർപ്പറേറ്റാകുന്നു. കോർപറേറ്റായതിനുശേഷം 2001 -ൽ ബിസിനസ്സ് വ്യാപനം ലക്ഷ്യമിട്ടുകൊണ്ടു എറിക് ഷ്മിഡ് ഗൂഗിൾ സി.ഇ.ഓ യാകുന്നു. 2004 -ൽ പൊതു പങ്കാളിത്തത്തിനായി വിപണിയിലേക്ക് ഇറങ്ങുന്നു. 2015 -ൽ ആൽഫബെറ്റ് എന്ന കമ്പനി രൂപീകരിക്കുകയും ഗൂഗിൾ അതിനു കീഴിലാകുന്നു. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചായി ഈ കോർപറേറ്റിന്റെ സി.ഇ.ഒ യാകുന്നു. ഇത്തരത്തിലുള്ള അടിസ്ഥാന വിവരങ്ങൾ ഗൂഗിൾ ചെയ്താൽ ലഭിക്കുന്നതാണ്. ഇന്ന് ലോകത്തെ നിയന്ത്രിക്കുന്ന അഞ്ചു വൻകിട സാങ്കേതിക കമ്പനികളുടെ പ്രഭുവാഴ്ച്ചയിൽ (oligarchy) രണ്ടാം സ്ഥാനക്കാരനാണ് ഗൂഗിൾ. ‘

ആമസോൺ, ഗൂഗിൾ, ഫെസ്ബൂക്, ആപ്പിൾ. മൈക്രോസോഫ്ട്. ആറാമതായി എലോൺ മസ്കിന്റെ എക്സ് (എക്സ് -ട്വിറ്റർ) കടന്നുവന്നിരിക്കുന്നു. ഗൂഗിൾ തിരച്ചിൽ യന്ത്രത്തിന്റെ അൽഗോരിതം എല്ലാം സുതാര്യവും സ്വതന്ത്രവുമായി ക്രമീകരിച്ചു നല്കുന്നുവെന്നത് ഒരു മിഥ്യയാണ്. പലപ്പോഴും ഗൂഗിൾ നടത്തിയിട്ടുള്ള സാങ്കേതിക അധിനിവേശങ്ങൾ തിരച്ചിൽ യന്ത്രത്തിന്റെ പരിഗണനയ്ക്ക് പുറത്താകുന്നു. നെറ്റ്ഫ്ലിക്സ് മിനിസീരീസ്, ദി ബില്യൺ ഡോളർ കോഡ്, ടെക്നോളജി അതികായന്മാരുടെ മോഷണത്തിന്റെ ദുഷിച്ച പാരമ്പര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു. ": ഗൂഗിൾ ഏർത്" എന്ന ലോകപ്രസിദ്ധ ജി.ഐ.എസ് സോഫ്റ്റ്‌വെയറിന്റെ കോഡുകളുടെ ചരിത്രരഹസ്യത്തെ ഈ സീരീസ് അനാവരണം ചെയ്യുന്നു.

സുന്ദർ പിച്ചായി

ലോകത്തിൽ മേധാവിത്തം പുലർത്തുന്ന അഞ്ചു വൻകിട ടെക് കമ്പനികളിൽ ദൈവീക പരിവേഷമുള്ളത് ഗൂഗിളിനായിരിക്കും. ചോദ്യങ്ങൾക്ക് സെക്കൻഡുകളുടെ ഇടവേളകൾ പോലുമില്ലാതെ മറുപടികൾ തരുന്ന ദിവ്യസൃഷ്ടിയാണ് ഗൂഗിൾ. വിവരങ്ങൾ മാത്രമല്ല അരുളപ്പാടുകളും ഇത് പ്രദാനം ചെയ്യുന്നു. മനുഷ്യരുടെ അജ്ഞതയാണ് അരുളപ്പാടുകൾ തേടി പോകാൻ നിർബന്ധിതമാക്കുന്നത്. ടെക് യുഗത്തിൽ മനുഷ്യർ കൂടുതൽ കൂടുതൽ അജ്ഞരും മൂഢന്മാരുമാകുന്നു എന്നതാണ് വിവരം പ്രദാനം ചെയ്യുന്ന സാങ്കേതിക വിദ്യകളെ സക്രിയമാക്കുന്നത് ഒപ്പം ടെക് അതികായനു വിപണി മേധാവിത്വവും. ഫോൺ നമ്പർ ഓർക്കാൻ കഴിയാത്തിടത്തോളം സാങ്കേതിക വിദ്യയിൽ നമ്മൾ ആശ്രിതരാകാൻ നിർബന്ധിതമാണ്. വിവരങ്ങളുടെ തേടൽ ക്രമാനുഗാതമായി വർധിച്ചിട്ടുണ്ട്. പുതു തലമുറ പഴയ തലമുറകളെക്കാൾ വിവരം തേടുന്നവരാണ്. അനുനിമിഷം കൂടുതൽ കൂടുതൽ വിവരമാർജ്ജിക്കാൻ നിര്ബന്ധിതമാകുന്ന സാങ്കേതിക സാഹചര്യവും നിലവിൽ വന്നിരിക്കുന്നു.

വിവരവും വിജ്ഞാനവും വേർതിരിക്കാതിരിക്കുന്നതിൽ ശുദ്ധ വിജ്ഞാനവാദികൾക്ക് കലിപ്പുണ്ടാകാൻ ഇടയുണ്ട്. ഗൂഗിളിന്റെ ലോകത്തിൽ ഇത് രണ്ടും വേർതിരിയുന്നില്ല. വിവരത്തിന്റെ വസ്തുനിഷ്ഠതയും വിജ്ഞാനത്തിന്റെ ആത്മനിഷ്ഠപരമായ ഘടകങ്ങളെയും വിവരസാങ്കേതികവിദ്യയുടെ അൽഗോരിതം വേർതിരിക്കുന്നില്ല. ഏതൊരു വിഷയത്തെക്കുറിച്ചും രണ്ടും ഒരേപോലെ പാക്കേജ് ചെയ്തിരിക്കുന്നതാണ്.

 നെറ്റ്ഫ്ലിക്സ് മിനിസീരീസ്, ദി ബില്യൺ ഡോളർ കോഡ്, ടെക്നോളജി അതികായന്മാരുടെ മോഷണത്തിന്റെ ദുഷിച്ച പാരമ്പര്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.

എങ്ങനെയാണ് ഗൂഗിൾ ഇത് സാധ്യമാക്കിയത്? സ്കോട്ട് ഗാലോവേ ടെക്നോളജിയെ നിയന്ത്രിക്കുന്ന നാല് വൻകിട കുത്തക ടെക് കമ്പനികളെക്കുറിച്ചുള്ള പുസ്തകത്തിൽ ഇത് വിശദീകരിക്കുന്നുണ്ട്. വിവര -വിജ്ഞാന ബിസിനസ്സ് ചരിത്രത്തിലെ ഏറ്റവും അതിമോഹമുള്ള പ്രവർത്തിയാണ് ഗൂഗിൾ ഏറ്റെടുത്തു നടപ്പാക്കിയത്. ലോകത്തിലെ സർവവിജ്ഞാനത്തെയും ഡിജിറ്റലാക്കി ക്രമീകരിച്ചു സുസംഘടിതമാക്കിക്കൊണ്ടിരിക്കുന്നു. നിലവിലിലുള്ളതു മാത്രമല്ല ഭാവിയിൽ വെബിലെ പോർട്ട് ചെയ്യാവുന്ന വിവരങ്ങളുടെ ശേഖരങ്ങൾ ഒന്നടങ്കം ഉല്പാദനക്ഷമമായ അറിവാക്കി പരിവർത്തനം ചെയ്യുകയാണ് ഗൂഗിൾ നിർവഹിച്ചത്. അതുകൊണ്ടു ഏതു ചോദ്യത്തിനും അൽഗോരിതം അതാതു ചോദ്യങ്ങളുടെ സന്ദർഭികതയും (കാഷെ സാങ്കേതികത ഉപയോഗപ്പെടുത്തി) അന്തഃസാരവും അനുസരിച്ചു അറിവുകളെ ഉത്പാദിപ്പിച്ചു തരുന്നു.

ഗൂഗിളിന്റെ പ്രത്യേകത അറിവിന്റെ മേലുള്ള ഉടമസ്ഥതയല്ല, പകരം വിജ്ഞാനത്തിന്റെ ഗൂഗിൾ ഗേറ്റ്കീപ്പർ എന്ന പ്രവൃത്തി നിർവഹണമാണ്. ഇതിനുശേഷം വൈജ്ഞാനികതയുടെ മേലിലുള്ള അധിനിവേശത്തിന്റെ വ്യാപനാർത്ഥം കൂടുതൽ മേഖലകളിലേക്ക് ഗൂഗിൾ കടന്നുചെന്നു. സ്ഥലഭൂപടം (ഗോഗിൾ മാപ്പുകൾ), ജ്യോതിശാസ്ത്ര വിവരങ്ങൾ (ഗൂഗിൾ സ്കൈ), ഭൂമിശാസ്ത്രം (ഗൂഗിൾ എർത്ത്, ഓഷ്യൻ) എന്നിവയെല്ലാം ഇതിന്റെ സേവനമേഖലകളായി. അച്ചടിയിൽ നിന്നു പുറത്തുപോയ എല്ലാ പുസ്തകങ്ങളുടെയും ശേഖരവും ( ഗൂഗിൾ ബുക്ക്സ്) പത്രപ്രവർത്തന ഉള്ളടക്കം ലഭ്യമാകുന്ന സേവനവും ഉപയോക്താക്കൾക്ക് പ്രാപ്യമാക്കി ( ഗൂഗിൾ ന്യുസ്). യൂട്യൂബ് പ്ലാറ്റ്ഫോം സ്വന്തമാക്കി, ആൻഡ്രോയിഡ് ഉപാധികൾക്കനുസരിച്ചു മൊബൈൽ സേവനങ്ങൾ സാധ്യമാക്കി. ഗൂഗിൾ കണ്ണടയും പിക്സൽ ഫോണും എ ഐ അധിഷ്ഠിതമായ പുതിയ സേവനങ്ങളും ആരംഭിച്ചു തിരച്ചിൽ യന്ത്രത്തിൽ നിന്ന് ദൈനംദിന സേവനങ്ങളുടെ ഒട്ടേറെ മണ്ഡലങ്ങളിലേക്ക് അധികരിച്ചു കയറി ഗൂഗിൾ- ഗൂഗിൾ ഇല്ലാത്തൊരു മറ്റൊരു ജീവിതം തന്നെ അസാധ്യമാക്കി.

തിരച്ചിൽ യന്ത്രത്തിൽ നിന്ന് ദൈനംദിന സേവനങ്ങളുടെ ഒട്ടേറെ മണ്ഡലങ്ങളിലേക്ക് അധികരിച്ചു കയറി ഗൂഗിള്‍- ഗൂഗിൾ ഇല്ലാത്തൊരു മറ്റൊരു ജീവിതം തന്നെ അസാധ്യമാക്കി.

ഗൂഗിളിനെ പ്രിയങ്കരമാക്കിയതിൽ അൽഗോരിതം അരിപ്പയിലൂടെ തിരച്ചിലുകളെ വ്യക്തിഗതമാക്കുകയും ചെയ്തിരിക്കുന്ന സേവനമാണ്. ഇതിന്റെ മൊത്തം ഫലമെന്ന് പറയുന്നത് വ്യക്തിഗതമായ തിരച്ചിലുകളെ വേർതിരിച്ചു മനസ്സിലാക്കിക്കൊണ്ടു മുമ്പത്തെ തിരയലുകളെ അടിസ്ഥാനമാക്കി എല്ലാവർക്കും അവരുടേതായ വ്യക്തിഗത ഫലങ്ങൾ ലഭിക്കുന്നു എന്നതാണ്. ഓൺലൈനിലെ പെരുമാറ്റ വിശകലനത്തിലൂടെ നമ്മുടെ മുൻഗണനകളെ സൂക്ഷമായി മാനിപുലേറ്റ് ചെയ്തുകൊണ്ടു വ്യക്തിഗത താല്പര്യങ്ങളെ നിയന്ത്രണവിധേയമാക്കാൻ  ഇതുവഴി സാധിക്കുന്നു. ഗൂഗിളാണ് ഈ പണി തുടങ്ങിവെച്ചതെങ്കിലും കൂടുതൽ സൂക്ഷ്മതയോടെ സമൂഹ മാധ്യമങ്ങൾ ഇത് ചെയ്തുവരുന്നു.

രാഷ്ട്രീയ അജണ്ടകൾ നിർണയിക്കാനും അതിനനുസൃതമായി തിരഞ്ഞെടുപ്പുകളിൽ ഒരാളുടെ സ്വഭാവത്തെ നിർണയിക്കാനും സാധ്യമാകുന്നു. വൻകിട ടെക് കമ്പനികളുടെ സാമ്പത്തിക സ്രോതസ്സ് തന്നെ ഓരോ വ്യക്തികൾ ഉല്പാദിപ്പിക്കുന്ന ഡാറ്റയിൽ നിന്നാകുന്നു. കമ്പനിയിലെ ഔദ്യോഗികമായ തൊഴിലാളികൾ മാത്രമല്ല ടെക് കമ്പനിയുടെ ഏതൊരു സേവനവും ഉപയോഗപ്പെടുത്തുന്നുന്ന ഓരോ വ്യക്തിയും തന്നെ അനൗപചാരികമായി വൻകിട കമ്പനികളുടെ ഡിജിറ്റൽ തൊഴിലാളിയായി മാറുകയാണ്. അവർക്ക് വേണ്ടി ഡാറ്റ സ്വയം ഉത്പാദിപ്പിക്കുകയും ശേഖരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശമ്പളം പറ്റാത്ത എന്നാൽ ഡിജിറ്റൽ കോർപറേറ്റുകൾക്ക് വൻലാഭം സാധ്യമാക്കി നൽകുന്ന ആഗോള ശ്രംഖലയിലെ ഡിജിറ്റൽ തൊഴിലാളി.

എറിക് ഷ്മിഡ്

ഇന്റർനെറ്റിന്റെ പൊതുമുഖമായ വേൾഡ് വൈഡ് വെബ് നിത്യപരിചതമായിക്കൊണ്ടിരിക്കുന്ന കാലത്തിൽ വെബ് എന്നത് പൊതുമണ്ഡലമായി വിഭാവനം ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഗൂഗിൾമുതൽ സമൂഹ മാധ്യമങ്ങളുടെ വ്യാപനത്തോടെ ഇന്ന് തിരിച്ചറിയപ്പെടുന്ന വസ്തുത "പൊതു" എന്നത് നാമാവശേഷമായിരിക്കുന്നു എന്നാണ്. ആധുനികതയിൽ  സമൂഹവും (social) പൊതുവും (public) പരസ്പരം സങ്കല്പനങ്ങളായിരുന്നു. ആദ്യകാല സാമൂഹ്യശാസ്ത്ര ചിന്തയിൽ പൊതുവും സിവിൽ സമൂഹവും വേർപിരിഞ്ഞിരുന്നില്ല. ഉത്തര-സാമൂഹികതയുടെ രൂപാന്തര പ്രാപ്തിയോടെ സാമൂഹ്യമെന്നത് സാങ്കേതികവിദ്യാധിഷ്ഠിതമായി പുതുസ്വഭാവം ആർജിക്കുകയും എന്നാൽ പൊതു എന്നത് അസ്ഥിരപ്പെടുകയും ചെയ്തിരിക്കുന്നു. ഗൂഗിളിന്റെ ഉടമസ്ഥ സ്ഥാപനമായ ആൽഫബെറ്റിന് ആദ്യ സി.ഇ.ഓ ,എറിക് ഷ്മിഡ് പ്രസ്താവിച്ച ഒരുകാര്യം ഇവിടെ പ്രത്യേകം ഓർക്കാവുന്നതാണ്. മനുഷ്യരാശി ആദ്യമായി നിർമിച്ചതും എന്നാൽ മനുഷ്യരാശിക്ക് ഇതുവരെ മനസ്സിലാകാത്തതുമായ സ്വയം നിർമിത സാങ്കേതികവിദ്യ ഇന്റർനെറ്റാണെന്നാണ് ഷ്മിഡ് പറഞ്ഞത്.

ഗൂഗിളോളജി (googlology) എന്നു നേരത്തെ പരാമർശിച്ച അറിവുകളുടെ മേലുള്ള സാകല്യ (total) വിജ്ഞാനീയത സമഗ്രാധിപത്യസ്വഭമുള്ളതാണെന്നു (totalitarian) മാത്രമല്ല സർവേലൻസ് വിജ്ഞാനീയതയുമാണ്. ഓരോ വൈജ്ഞാനീയതയെയും സമഗ്രമായി തന്നെ സൂക്ഷ്മപരിശോധനയ്ക്ക് നിരന്തരമായി വിധേയമാക്കുന്നു ഗൂഗിൾ വിജ്ഞാനീയം. ഗൂഗിളിന്റെ തിരച്ചിൽ കവാടങ്ങളെ മറികടന്നുകൊണ്ടു ഒരു വിജ്ഞാനത്തിനും നിലനില്പില്ല എന്നതാണ് ഇതിന്റെ സർവേലൻസ് വ്യവസ്ഥയെ ഇത്ര കരുത്തുറ്റതാക്കുന്നത്. "Don't be evil" എന്നാണ് ഗൂഗിളിന്റെ ആദ്യകാല മോട്ടോ. എന്നാൽ ഹീനതയായി മാറിയിരിക്കുന്നത് ഇന്റർനെറ്റ് ഉപയോകതാക്കളുടെ ഡാറ്റ വിപണിക്കും സമഗ്രാധികാര ഭരണകൂടങ്ങൾക്കും സർവേലൻസ് ഏജൻസികൾക്കും ഒറ്റുവെയ്ക്കുക എന്നതും അതിനു പുറമേഉപയോക്താക്കളുടെ ഉപഭോഗപെരുമാറ്റങ്ങളെ വേണ്ടപോലെ വിപണിക്കനുസൃതമായി മാനിപുലേറ്റ് ചെയുക എന്നതുമാകുന്നു.

"Don't be evil" എന്നാണ് ഗൂഗിളിന്റെ ആദ്യകാല മോട്ടോ.

ഗൂഗിൾ അൽഗോരിതം പ്രവർത്തനക്ഷമമാകുന്നത് ഈയൊരു നിലയിലാണ്. പരസ്യത്തെ കേന്ദ്രീകരിച്ചുള്ള വരുമാന മാതൃകയാണ് ഗൂഗിൾ ഉൾപ്പെടെ സമൂഹമാധ്യമങ്ങൾ പലതും പിന്തുടരുന്നത്. ഡാറ്റ വിപണനമാണ് ഇതിന്റെ അടിസ്ഥാന ഘടകം. മഹാമാരിക്ക് ശേഷം വൻകിട ടെക് കമ്പനികളെല്ലാം തന്നെ സഹസ്രകോടി ആസ്തിയുള്ള കമ്പനികളായി മാറിയിരിക്കുന്നു. ഹാർവാർഡ് അക്കാദമികായ ശോഷാനാ സുബോഫ് സർവേലൻസ് മുതലാളിത്തത്തെക്കുറിച്ചു വിശദമായി തന്നെ എഴുതിയിട്ടുണ്ട്.നിരീക്ഷണ മുതലാളിത്തത്തിന്റെ ആവിർഭാവം പ്രധാന ഇന്റർനെറ്റ് കമ്പനികളുടെ കുതിപ്പിനു ആക്കംകൂട്ടുകയും കമ്പനികൾ ദ്രാവകസ്വാഭാവമുള്ള ഉത്തരമുതലാളിത്തത്തിന്റെ ചൂഷണവ്യവസ്ഥയെ സാങ്കേതികവിദ്യകളിലേക്ക് ഉദ്ഗ്രന്ഥിച്ചിരിക്കുന്നുവെന്നും സർവേലൻസ് മുതലാളിത്തത്തിന്റെ ശോഷാനാ സുബോഫ് വ്യക്തമാക്കുന്നുണ്ട്. "Don't be evil" എന്നതിനുപകരമായി "Don't track" എന്നാണ് ഇന്നുയർത്തപ്പെടുന്ന മുദ്രാവാക്യം.

ശോഷാനാ സുബോഫ് പറയുന്നത്,ഫോർഡ് മോട്ടോർ കമ്പനിയും ജനറൽ മോട്ടോഴ്സും വൻതോതിലുള്ള ഉൽപ്പാദന-അധിഷ്ഠിത മാനേജ്മെന്റ് മുതലാളിത്തതിനു എന്തായിരുന്നുവോ അതുതന്നെയാണ് ഗൂഗിൾ സൂക്ഷ്മ നീരിക്ഷണ മുതലാളിത്തത്തിനു എന്നാണ്.പുതിയ സാമ്പത്തിക യുക്തികളും അവയുടെ വാണിജ്യ മാതൃകകളും ആളുകൾ ഓരോ സമയത്തും സ്ഥലത്തും കണ്ടെത്തുകയും പിന്നീട് പരീക്ഷണത്തിലൂടെയും പിശകിലൂടെയും പരിപൂർണ്ണമാക്കുകയും ചെയ്യുന്നു.നമ്മുടെ കാലത്ത് ഗൂഗിളാണ് സൂക്ഷ്മ നിരീക്ഷണ മുതലാളിത്തത്തിന്റെ അഗ്രസേനാധിപ സ്ഥാപനം. ഗൂഗിൾ തന്നെയാണ് ഇതു കണ്ടുപിടിച്ചതും. പ്രധാനപ്പെട്ട പരീക്ഷകനും മുഖ്യ പ്രയോക്താവും. സർവേലൻസ് മുതലാളിത്തത്തിന്റെ വ്യാപന ഹബ്ബായി ഗൂഗിൾ മാറിയിരിക്കുന്നുവെന്നും ശോഷാനാ സുബൊഫ് നീരിക്ഷിക്കുന്നുണ്ട്. ഇന്റർനെറ്റ് സുതാര്യമായൊരു വ്യവസ്ഥയാണെന്നും പ്രസ്താവിക്കുകയും ഇന്റർനെറ്റിലെ സുതാര്യമായ ഇടപാടുകൾക്ക് വേണ്ടി നിലക്കൊള്ളുകയും ചെയ്യുന്ന ഗൂഗിൾ പക്ഷെ ഏറ്റവും കുപ്രസിദ്ധമായ രീതിയിൽ രഹസ്യാത്മക സൂക്ഷിക്കുന്ന ടെക് കമ്പനിയാണെന്നു സുബൊഫ് പറയുന്നു.അതിന്റെ എക്സിക്യൂട്ടീവുകൾ പുസ്തകങ്ങളിലും ബ്ലോഗ് പോസ്റ്റുകളിലും ഡിജിറ്റൽ സുവിശേഷത്തിന്റെ സന്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പ്രചരിപ്പിക്കുന്നു എന്നാൽ അതിന്റെ പ്രവർത്തനങ്ങൾ പുറത്തുനിന്നുള്ള ഗവേഷകർക്കോ പത്രപ്രവർത്തകർക്കോ എളുപ്പത്തിൽ പ്രാപ്യവുമല്ല.

ശോഷാനാ സുബോഫ്

വിവര മുതലാളിത്തത്തെവിമോചനത്തിന്റെയും ജനാധിപത്യത്തിന്റെയും സാമൂഹിക ശക്തിയായാണ് ഗൂഗിൾ കോർപറേറ്റ് തുടക്കം മുതൽ അവതരിപ്പിച്ചത്. വിമോചക സാങ്കേതിക വിദ്യ എന്ന നിലയിൽ ഇന്റർനെറ്റും അതിന്റെ ഏറ്റവും പ്രധാന ഉപാധിയുമായി തിരച്ചിൽ യന്ത്രത്തെയും ചിത്രീകരിച്ചിരുന്നു. ഉത്തരമുതലാളിത്തത്തിലേക്ക് പ്രവേശിച്ച ലോകക്രമം ഈ പ്രചാരത്തെ സംശയലേശമെന്യേ സ്വാഗതം ചെയ്തു. വിജ്ഞാന സമൂഹം എന്ന സങ്കല്പനം ഈ ലോകവീക്ഷണത്തിന്റെ സൃഷ്ടിയാണ്. ഏതാണ്ട് ഗൂഗിളിനേക്കാൾ പ്രായമുള്ള ഈ സങ്കല്പനം സകലവിധ വിമർശനാത്മക തിരിച്ചറിവും നഷ്ടപ്പെട്ട മൂന്നാം ലോകത്തിലെ വികസനപരിഭ്രാന്തി ബാധിച്ച സാമ്പ്രദായിക ഇടതുപക്ഷം ഏറ്റുപിടിക്കാൻ തുടങ്ങി എന്നതാണ് വിരോധാഭാസം. ലോകമുതലാളിത്തത്തിന്റെയും അതിനോടുള്ള ചെറുത്തുനില്പുകളുടെയും അനുഭവലോകത്തെക്കുറിച്ചു എത്ര നിഷ്കളങ്കയായ അജ്ഞതയാണ് സാമ്പ്രദായിക ഇടതുപക്ഷത്തിന് എന്നാണ് ഒരുപക്ഷെ ഇത് ദൃഷ്ടാന്തപ്പെടുത്തുന്നത്. എന്തായാലും, ഗൂഗിൾ വാദ്ഗാനം ചെയ്ത വിമോചക സാങ്കേതികവിദ്യ സ്വീകരിച്ച ഉപയോക്താക്കൾ തങ്ങൾ തന്നെയാണ് ഡാറ്റ ഉറവിടങ്ങൾ എന്നു തിരിച്ചറിയാൻ മാത്രം വൈകി. പക്ഷെ ഗൂഗിൾ അതിൽ നിന്നൊക്കെ ഏറെ മുന്നോട്ടു പോയിക്കഴിഞ്ഞിരുന്നു അപ്പോഴേക്കും. ഓരോ തിരയലും അന്വേഷണവും തിരയൽ പദങ്ങളുടെ എണ്ണവും പാറ്റേണുമൊക്കെ അനേകം അനുബന്ധ ഘടകങ്ങളെ സൃഷ്ടിക്കുന്നു, വിരാമചിഹ്നം, ക്ലിക്ക് പാറ്റേണുകൾ, ലൊക്കേഷൻ എന്നിവ പോലുള്ള കൊളാറ്ററൽ ഡാറ്റ ഇതിനകം തന്നെ അധികമായി ഉല്പാദിപ്പിക്കപ്പെട്ടുക്കഴിഞ്ഞിരുന്നു. ഇത്രത്തിലുള്ള അനുബന്ധ ഡാറ്റ വിശകലനവും ഉപയോക്താക്കളെ കൂടുതൽ മികവോടെ ചൂഷണം ചെയ്യാനുള്ള ഉപാധിയാകുന്നു.

ഡേവിഡ് ഹാർവി

ഇരുപത്തിയഞ്ചു വർഷമായി ഇന്റർനെറ്റ് ഉപയോക്താക്കൾ ഗൂഗിളോളജിയുടെ (googlolgy) അകത്താണ്. ഗൂഗിളോളജി കുറച്ചുകൂടി മൂർത്തമാക്കിയാൽ ടെക്നോളജിയുടേയും (technology) ജ്ഞാനത്തിന്റെയും (knowledge) അന്തർപ്രവർത്തനത്തിന്റെ സൃഷ്ടിയാണ്.മുതലാളിത്ത സമൂഹം എന്താണെന്നതിനെക്കുറിച്ചുള്ള മാർക്‌സിന്റെ വിവരണത്തെക്കുറിച്ച് ഡേവിഡ് ഹാർവി പറയുന്നുണ്ട്. നവീകരിക്കാനുള്ള ശേഷി മനുഷ്യചരിത്രത്തിൽ സർവ്വവ്യാപിയാണ്. ഫ്യൂഡൽ സമൂഹത്തിലും നവീകരണത്വരയുണ്ടായിരുന്നു. നവീകരണവും നടന്നിരുന്നു. എന്നാൽ, മുതലാളിത്ത ഉൽപ്പാദനരീതിക്കുള്ളിൽ സവിശേഷമാകുന്നത് നിർമ്മാതാക്കൾക്കും ഉപഭോക്താക്കൾക്കും ഒരുപോലെ വിൽക്കുന്ന ഒരു ജനറിക് ഉൽപ്പന്നം ഉപയോഗിച്ച് സാങ്കേതികവിദ്യ ഒരു ബിസിനസ്സായി മാറുന്നു എന്ന ലളിതമായ വസ്തുതയാണ്. തുടർന്നു ഇത് ഉപഭോഗാധിഷ്ഠിതമായി നവീകരിക്കപ്പെടുന്നു. ഗൂഗിൾ തിരച്ചിൽ യന്ത്രം ഇന്റർനെറ്റ് സാങ്കേതികവിദ്യയുടെ മേഖലയിലെ ജനറിക് ഉല്പന്നമാണ്. ടെക് മുതലാളിത്തത്തിന് വളരെ സവിശേഷമാണ് ഇത്. ടെക് മുതലാളിത്തം എങ്ങനെ വികസിക്കുന്നു എന്നതിന്റെ പ്രധാന ചാലകങ്ങളിലൊന്നായി ഇത് മാറുന്നു.

ഡേവിഡ് ഹാർവി ഒന്നുകൂടി സൂചിപ്പിക്കുന്നു സാങ്കേതികവിദ്യ ഒരു ബിസിനസ്സായി മാറുന്നതിന് പുതിയ അറിവുകൾ ചില രീതികളിൽ സമാഹരിക്കേണ്ടതുണ്ട്.ലോകത്തെക്കുറിച്ചുള്ള അറിവിന്റെയും ധാരണയുടെയും വ്യതിരിക്തമായ രൂപങ്ങളായി ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രയോഗത്തെ ഇത് രൂപാന്തരപ്പെടുന്നു.ബൗദ്ധികവും അക്കാദമികവുമായ വിഭാഗങ്ങളായി ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഉയർച്ചയ്ക്കൊപ്പം പുതിയ സാങ്കേതികവിദ്യകളുടെ സൃഷ്ടിയും സമന്വയിപ്പിക്കപ്പെടുന്നു. ഇങ്ങനെയാണ് ഗൂഗിളോളജി ഒരു സവിശേഷ വിജ്ഞാനീയതായി രൂപാന്തരപ്പെടുന്നത്. സവിശേഷ വിജ്ഞാനമായി രൂപപ്പെടാൻ വിജ്ഞാനമേഖലയ്ക്ക് ഉദ്ദേശ്യലക്ഷ്യങ്ങളും അതിന്റെതായ അന്വേഷണ പ്രോട്ടോകോളും ആവശ്യമാണെന്നു വരുന്നു. ഈ നിലയിലുള്ള വിജ്ഞാനീയതതല്ല ഗൂഗിളിന്റേത്.വിപുലീകരണം, കീഴടക്കൽ, പിടിച്ചെടുക്കൽ എന്നിവയിലൂടെയും ഇതിന്റെ ഫലമായുള്ള ഉപസൃഷ്ടികളിലൂടെയും അതിരുകളില്ലാത്ത വിജ്ഞാനമാണ് പ്രദാനം ചെയ്യുന്നത്. സ്ക്രീനിന്റെ പരപ്പൻ ചത്വരത്തിൽ വിജ്ഞാനത്തിന്റെ വ്യാജപെരുക്കലുകളും ഇത് സാധ്യമാക്കുന്നു. ഗൂഗിൾ വിജ്ഞാനത്തിനു വിഷയമോ വസ്തുവോ ഇല്ല; പകരം നിർണയനങ്ങൾ (determinations) മാത്രം. ഗൂഗിൾ ഇല്ലാത്ത ഇരുപത്തിയഞ്ചുവർഷം എത്ര വിരസായമേനെ എന്നും ആലോചിക്കാതെയല്ല. കാരണം, ജിജ്ഞാസുക്കളായ മനുഷ്യരെ സർവംപരിത്യജിച്ചുകൊണ്ടുള്ള അന്വേഷണവിഷമതകളിൽ നിന്നു നിർമുക്തമാക്കി മനുഷ്യജീവിതത്തിനും പ്രപഞ്ചത്തിനും എല്ലാറ്റിനുമേലിലും സ്വന്തം തീരുമാനങ്ങൾ എടുക്കുന്ന ശുദ്ധമായ അൽഗോരിതത്തിന്റെ വെർച്വൽ അർദ്ധദേവനായ (demigod) ഗൂഗിൾ അപ്രാപ്യമായ സുന്ദരമായൊരു ലോകത്തെയും പ്രപഞ്ചത്തെ തന്നെയും കൈപിടിയിലൊതുക്കി എന്ന പ്രതീതി സൃഷ്ടിച്ചില്ലേ. ഇതിൽപ്പരം ആശ്വാസദായകമായ മറ്റെന്ത് സൗഭാഗ്യം നരവംശത്തിനു ലഭിക്കാനുള്ളൂ.

Comments