ആ Search Engine;
കാലങ്ങളുടെ സ്തുതിയായിരിക്കട്ടെ

നിങ്ങളുടെ ‘ബിഗ് ബ്രദർ’ നിങ്ങളുടെ സ്വകാര്യതയെ ‘വാച്ച്’ ചെയ്യുന്നതും നിങ്ങളുടെ അതേ Search Engine വഴിയാണ് എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാമെങ്കിലും ഇനിയും ചില അവസരങ്ങൾ കൂടിയുണ്ട് എന്ന് ആ സ്വകാര്യതയെ നിങ്ങൾ നല്ല അടുപ്പത്തോടെ ആഘോഷിക്കുന്നു. പൗരജീവിതത്തെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ ‘വ്യക്തിപരമായി’ നിർവചിക്കാൻ’ ആ Search Engine ശ്രമിച്ചത് അങ്ങനെയാണ്: ഓരോ ദേശീയതകളുടെയും സവിശേഷമായ ഓർമ്മകൊണ്ടും വർത്തമാനം കൊണ്ടും.

1991 – ൽ ആദ്യത്തെ ഗൾഫ് യുദ്ധം തീർന്ന അതേ ദിവസങ്ങളിൽ രണ്ടാമതും കുവൈറ്റിലെത്തുമ്പോൾ അവിടത്തെ വിമാനത്താവളം അമേരിക്കൻ സഖ്യകക്ഷികളുടെ നിയന്ത്രണത്തിലായിരുന്നു, വിമാനത്താവളത്തിനുപുറത്ത് വിജനമായ നിരത്തുകളും ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങളും ഒഴിഞ്ഞ വീടുകളുമായിരുന്നു. അതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് ആ പകലിലും ഇരുൾമൂടിനിന്ന അന്തരീക്ഷമായിരുന്നു – വിമാനത്താവളത്തിനുപുറത്തുനിന്ന് നോക്കിയാൽ അൽപം ദൂരെയായി നരകദൃശ്യംപോലെ കത്തുന്ന എണ്ണക്കിണറുകൾ കാണാമായിരുന്നു. അവിടെനിന്ന് പടരുന്ന കറുത്ത പുകയായിരുന്നു ചുറ്റിലും. പത്തോ പതിനഞ്ചോ മിനിറ്റ് കഴിഞ്ഞതോടെ എന്റെ വസ്ത്രങ്ങളിലും കരി പുരണ്ട നിറം വന്നു. വേറെ ഏതോ രാജ്യത്തോ വേറെ ഏതോ കാലത്തോ നിൽക്കുന്ന പോലെ എനിക്കു തോന്നി.

വിനാശകരവും നിർഭാഗ്യകരവുമായ ആ യുദ്ധത്തിന്റെ തൊട്ടു വരുന്ന വർഷങ്ങളിലാകണം ലോകം മറ്റൊരു ചരിത്രഘട്ടത്തിലേക്ക് കടക്കുന്നത്: വിവരസാങ്കേതികതയിലെ വമ്പിച്ച മുന്നേറ്റങ്ങൾ, ലോകത്തെ തന്നെ മാറ്റി പണിയുന്ന രാഷ്ടീയ മാറ്റങ്ങൾ, രാഷ്ട്രീയ ഏകാധിപത്യങ്ങളിൽ നിന്നും വിടുതി പ്രഖ്യാപിക്കുന്ന ദേശീയതകൾ തുടങ്ങി ലോകത്തെ പുതിയതായി നിർവചിക്കുകയായിരുന്ന തൊണ്ണൂറുകൾ ആയിരുന്നു പിറകെ. എന്റെ കാലത്തെ ഏറ്റവും നല്ല ദശകം ഏതെന്നു ചോദിച്ചാൽ ഞാൻ പറയുക ഈ തൊണ്ണൂറുകളെക്കുറിച്ചാവും; എൺപതുകളുടെ ജന്മവാസനയ്ക്കും ഒപ്പം.

1991 – ൽ ആദ്യത്തെ ഗൾഫ് യുദ്ധം തീർന്ന അതേ ദിവസങ്ങളിൽ രണ്ടാമതും കുവൈറ്റിലെത്തുമ്പോൾ അവിടത്തെ വിമാനത്താവളം അമേരിക്കൻ സഖ്യകക്ഷികളുടെ നിയന്ത്രണത്തിലായിരുന്നു, വിമാനത്താവളത്തിനുപുറത്ത് വിജനമായ നിരത്തുകളും ബോംബിങ്ങിൽ തകർന്ന കെട്ടിടങ്ങളും ഒഴിഞ്ഞ വീടുകളുമായിരുന്നു.

‘ഗൂഗിൾ’ പിറവിയെടുക്കുകയും ലോകത്തേയ്ക്ക് പതുക്കെപ്പതുക്കെ പുറപ്പെടുകയും ചെയ്യുന്ന വർഷങ്ങൾ കൂടിയായിരുന്നു അത്. ‘ഇന്റർനെറ്റ്’ എന്നാൽ വ്യക്തിയുടെ ആഘോഷമെന്നുകൂടി തോന്നിച്ച വർഷങ്ങളായിരുന്നു അത്. രണ്ടായിരത്തിന്റെ ആദ്യപാദത്തോടെ ‘ഗൂഗിൾ’ നമ്മുടെ ജീവിതത്തിൻറെയും വിചാരലോകത്തിന്റെയും ഭാഗമായി. ഒരു പക്ഷെ ഞാൻ ആദ്യം ഗൂഗിൾ ചെയ്യുന്നത്, Land Mines നീക്കം ചെയ്യുന്ന ലോകത്തെ പ്രമുഖ കമ്പനികളുടെ പേരാകും – ജോലി സംബന്ധമായി. (ഇത്രയും വർഷങ്ങൾക്കു ശേഷവും കുവൈറ്റിന്റെ ചില ഭാഗങ്ങളിലെ നിർമ്മാണ പ്രവർത്തികൾക്കു മുമ്പ് ഇപ്പോഴും Explosive detection നിർബന്ധമായിരിക്കുമ്പോൾ യുദ്ധത്തിനു തൊട്ടുപിറകെയുള്ള വർഷങ്ങൾ ഊഹിക്കാനാകും).

ഒരേസമയം നാശവും നാശമുക്തിയും കൊണ്ടുവന്ന വർഷങ്ങൾകൂടിയായിരുന്നു തൊണ്ണൂറുകൾ എങ്കിൽ രണ്ടായിരമാണ്ടുകൾ നമ്മെ വേറൊരു ലോകത്തേയ്ക്ക് നയിക്കുകയായിരുന്നു. ഇന്റർനെറ്റിന്റെ പരമമായ ഉപയോഗം പോലെ ‘ഗൂഗിൾ’ പൊതുവായ ഒരു ‘സാംസ്കാരിക സംജ്ഞ’യാകുകന്നത് ഈ കാലത്താണ്. ആ സംജ്ഞ നമ്മെ ലോകത്തിൻറെ പല ലോകങ്ങളിലേക്കും കൊണ്ടുപോയി. എൺപതുകളിൽ വാൾട്ടർ ബെഞ്ചമിൻറെ Understanding Brecht എന്ന പുസ്തകം ബോംബെയിലെ ഒരു വലിയ ലൈബ്രറിയുടെ സുരക്ഷിതവലയത്തിൽ നിന്ന് പൊക്കി പുറത്തെ ഫോട്ടോകോപ്പി കടയിൽ നിന്ന് കോപ്പിയെടുത്ത് അതേ പകൽ തന്നെ ലൈബ്രറിയിൽ തിരിച്ചു​വെച്ച കള്ളന്റെ മണിക്കൂറുകൾ. ഇപ്പോൾ ഇതിനൊക്കെ ഇത്രയും പണിപ്പെടണോ എന്ന് ഗൂഗിൾ തിരിച്ചു ചോദിച്ചു: ഇവിടെ “Walter Benjamin Archive” തന്നെ ഉണ്ടല്ലോ, താങ്കൾക്ക് വന്നു നോക്കിക്കൂടെ?

അന്വേഷിപ്പിൻ, തീർച്ചയായും കണ്ടെത്തും എന്നായിരുന്നു അതിന്റെ, ഗൂഗിളിന്റെ, പിറവിയുടെ ഉദ്ദേശ്യം തന്നെ.

തീർച്ചയായും, ഇതെന്നെയും മാറ്റി. സാംസ്കാരികമായും രാഷ്ട്രീയമായും ഞാൻ പ്രകടിപ്പിക്കുന്ന സഹജവാസനകളെ ഒന്ന് ‘ചെക്ക്’ ചെയ്യാൻ ‘ഗൂഗിൾ’ എപ്പോഴും എന്റെ ക്ലാസിലേക്ക് വന്നു തുടങ്ങി. സാഹിത്യമെഴുത്തുകാരൻ എന്ന നിലയ്ക്കുള്ള എന്റെ ജീവിതോദ്ദേശ്യത്തെ ആ Search Engine പല നിലകളിലേക്കും പല കാലങ്ങളിലേക്കും പടർത്തി. എന്റെ രഹസ്യങ്ങൾ എന്റെ പരസ്യമാവുന്ന രഹസ്യങ്ങളാവുന്നു എന്നറിഞ്ഞുകൊണ്ടുതന്നെ എന്റെ രഹസ്യങ്ങളൊക്കെ ഇവിടെ തേടാം എന്ന് വന്നു – നിങ്ങളുടെ Search history നിങ്ങളെ അവതരിപ്പിക്കുന്നു എന്ന് അതുതന്നെ പറയുമ്പോൾ “അതിന്?”, “ഞാൻ തലകുത്തി നിൽക്കണോ?” എന്ന് തിരിച്ചുചോദിക്കാനുള്ള ഒരാത്മസ്വരവും ഇതേ Search Engine കേൾപ്പിയ്ക്കുന്നുണ്ടായിരുന്നു.

അതായത്, നിങ്ങളുടെ പാരതന്ത്ര്യത്തിന്റെയും ദുസ്വാതന്ത്ര്യത്തിന്റെയും മറുപുറം സ്വാതന്ത്ര്യ മോഹംതന്നെ എന്ന് ഈ Search Engine നിങ്ങളെ ഓർമ്മിപ്പിയ്ക്കുന്നു. സ്വകാര്യത നഷ്ടപ്പെടുന്നു, പക്ഷെ നിങ്ങൾ സ്വകാര്യതയെ അതിന്റെ കൂട്ടിൽനിന്നും മോചിപ്പിയ്ക്കുകയും ചെയ്തിരിക്കുന്നു. നിങ്ങളുടെ ‘ബിഗ് ബ്രദർ’ നിങ്ങളുടെ സ്വകാര്യതയെ ‘വാച്ച്’ ചെയ്യുന്നതും നിങ്ങളുടെ അതേ Search Engine വഴിയാണ് എന്ന് നിങ്ങൾക്ക് കൃത്യമായി അറിയാമെങ്കിലും ഇനിയും ചില അവസരങ്ങൾ കൂടിയുണ്ട് എന്ന് ആ സ്വകാര്യതയെ നിങ്ങൾ നല്ല അടുപ്പത്തോടെ ആഘോഷിക്കുന്നു. പൗരജീവിതത്തെ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾ ‘വ്യക്തിപരമായി’ നിർവചിക്കാൻ’ ആ Search Engine ശ്രമിച്ചത് അങ്ങനെയാണ്: ഓരോ ദേശീയതകളുടെയും സവിശേഷമായ ഓർമ്മകൊണ്ടും വർത്തമാനം കൊണ്ടും.

കേരളത്തിന്റെ, നമ്മുടെ ഭാഷയുടെതന്നെ ഒരു ഭാഗ്യം, നമ്മൾ ഈ കാലപരിണാമത്തോട്, ഒരു പക്ഷെ, മറ്റ് ഏത് ഇന്ത്യൻ സമൂഹത്തെക്കാളും ക്രിയാത്മകമായി തന്നെ പ്രതികരിച്ചു എന്നാണ്. അതിന്റെ കാരണം പലതാണ്. അതിലൊന്ന്, “തൊഴിൽ നേടാനുള്ള വിദ്യാഭ്യാസ”മാണ് “അറിവ് നേടാനുള്ള വിദ്യാഭ്യാസ”ത്തെക്കാൾ നമ്മൾ ശീലമാക്കിയത് എന്നാവും. തീര്ച്ചയായും, നമ്മുടെ നിലനിൽപ്പിന്റെ ഭാഗമായിത്തന്നെ. രണ്ടായിരമാണ്ടുകളുടെ പകുതിയോടെ വിവരസാങ്കേതികതയ്ക്ക് പ്രാമുഖ്യമുള്ള ഒരു തൊഴിൽജീവിതവും തൊഴിൽസംസ്കാരവും സ്വകാര്യജീവിതവും കേരളത്തിന്റെ സവിശേഷമായ സാമൂഹ്യാനുഭവമാവുകയായിരുന്നു എന്ന് ഇന്ന് നമുക്കറിയാം. യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ സാമ്പ്രാദായിക ചിട്ടകളിൽ നിന്ന് അത് സ്വയം വേർപെട്ടു നിൽക്കുകയും ചെയ്യുന്നു. മലയാളിയുടെ വലിയ തോതിലുള്ള കുടിയേറ്റവും തൊഴിൽ സംസ്കാരവും വേറെയൊരു ആഗോള രുചി കൊണ്ടുവന്നത് ഈ വേർപേടലിൽ നിന്നുമായിരുന്നു. അഥവാ, രണ്ടായിരമാണ്ടുകളിൽത്തന്നെ ഈ “സവിശേഷ നമ്മൾ”, “സൗകര്യപ്രദമായി ജീവിക്കുന്ന” ലോകത്തെ ഏത് മനുഷ്യ ചേരിയിലേക്കും കലരാനുള്ള പ്രാണവാസന സ്വായത്തമാക്കുന്നവരുടെ വംശത്തിലുമെത്തി. വളരെ വേഗം നമ്മൾ, പൊതുവെ, ഓരോ Search Engine എന്നപോലെ പെരുമാറി. “ഗൂഗിൾ പേ” ഉണ്ട് എന്നുയർത്തി കാണിക്കുന്ന, ഏത് പ്രായത്തിലുമുള്ള ഒരു മൊബൈൽഫോൺ, ഇന്ന് വിവരസാങ്കേതികതയുടെതിനേക്കാൾ നമ്മുടെ സാക്ഷരതയുടെ സംസ്കാരമായി മാറുകയായിരുന്നു.

ആറ്റൂർ രവിവർമ്മ / Photo: Deshabhimani

ഞാൻ കവി ആറ്റൂർ രവിവർമ്മയെ ഓർക്കുന്നു. വിവരസാങ്കേതികതയുടെ പുതിയ അറിവും വളർച്ചയും കാണുമ്പോഴൊക്കെ ആഹ്ളാദത്തോടെ ചർച്ച ചെയ്യാറുണ്ടായിരുന്ന ആറ്റൂർ, സാഹിത്യത്തിനും സംഗീതത്തിനും വേണ്ടി എത്രനേരം വേണമെങ്കിലും തൻറെ “desktop”നു മുമ്പിൽ ഇരിക്കുമായിരുന്നു – ലോകത്തെ ഏത് സംഗീതവും കേൾക്കാവുന്ന ഒരു ‘ആപ്പ്’ ഈയിടെ പരിചയപ്പെട്ടു എന്ന് പറയുമ്പോൾ മുഖത്ത് ആ സന്തോഷം കാണും. സാങ്കേതികതയുടെ വളരെ പിറകിൽ നിന്ന് പുറപ്പെട്ട ഒരാളുടെ അവസാനകാലത്തെ ആഹ്ളാദത്തിൽ ഏറ്റവും പുതിയ സാങ്കേതികത ഇടപെട്ടത് കാണുമ്പോൾ മറ്റൊരു തലമുറയിൽ നിന്നും മറ്റൊരു കാലത്ത് നിന്നും പുറപ്പെട്ട എനിക്കും സന്തോഷം തോന്നും. അല്ലെങ്കിൽ, നമ്മുടെയും എഴുത്തിലും എഴുത്തുജീവിതത്തിലും എഴുത്ത് സംസ്കാരത്തിലും ഈ “Search Engine” ഇടപെടുകയായിരുന്നു. രുചിയുടെ ഗുണ ദോഷങ്ങൾക്കും ഒപ്പം.

മനുഷ്യസഹജമായ ഒന്ന്, ഒരു പക്ഷെ ആദിമമായ വലിയ ഓർമ്മയും, “സ്വതന്ത്രയാവാനുള്ള” ഇച്ഛയാണ് എന്ന് കരുതണം. അതിപ്പോഴും അങ്ങനെയാണ്. എങ്കിൽ, ആത്യന്തികമായ നമ്മുടെ – മനുഷ്യവംശത്തിൻറെ- സാംസ്കാരിക സംജ്ഞ തന്നെ Search Engine എന്നാണ്. ആ ആലോചന തന്നെ എന്നെ സന്തോഷിപ്പിക്കുന്നു.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments