ഗൂഗ്ളിന്റെയും സോഷ്യൽ മീഡിയകളുടെയും അൽഗോരിതം പൂർണമായും വ്യക്തികളുടെ താൽപര്യങ്ങൾക്കനുസരിച്ച് ഡിസൈൻ ചെയ്താണ് മുന്നോട്ട് പോവുന്നത്. ഈ വ്യക്തിതാൽപര്യം എന്നതിൽ ചെറിയൊരു പ്രശ്നമുണ്ട്. ആ താൽപര്യം എന്തെന്ന് തീരുമാനിക്കുന്നത് വ്യക്തികളല്ല. അവരുടെ സോഷ്യൽ മീഡിയയിലെയും സെർച്ച് എഞ്ചിനുകളിലെയും ഇടപെടലുകളാണ്.
ഓരോ വ്യക്തിയുടെയും ഗൂഗ്ൾ സെർച്ച്, ഗൂഗ്ളിൽ വായിക്കുന്ന കണ്ടൻറ്, സോഷ്യൽ മീഡിയയിലെ എൻഗേജ്മെൻറ്, ലൈക്കുകൾ, കമൻറുകൾ, യൂ ട്യൂബിൽ കാണുന്ന വീഡിയോകൾ തുടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഒരു വ്യക്തിയുടെ അൽഗോരിതം പ്രവർത്തിക്കുന്നത്. പരസ്യങ്ങൾ ഇതനുസരിച്ചാണ് ഓരോ വ്യക്തിക്കും നൽകുന്നത്. നിങ്ങൾ സോഷ്യൽ മീഡിയയിൽ എന്ത് കാണണമെന്ന് ഇതനുസരിച്ചാണ് നിയന്ത്രിക്കപ്പെടുന്നത്.
അങ്ങനെ, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുന്ന ഓരോ വ്യക്തിയും അവരവർ ഉദ്ദേശിക്കുന്ന രീതിയിലല്ല അവിടെ ഇടപെട്ട് കൊണ്ടിരിക്കുന്നത്. നിങ്ങൾ അങ്ങോട്ട് ആവശ്യപ്പെടാതെ തന്നെ നിങ്ങളുടെ താൽപര്യങ്ങളെയും സെർച്ചുകളെയും വായനയെയും ഉപഭോഗത്തെയുമെല്ലാം നിയന്ത്രിക്കുന്ന സംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. അതേക്കുറിച്ച് നല്ല ധാരണയോടെ ഓൺലൈനിൽ ഇടപെടുന്നവരുണ്ട്. ഒരുപരിധി വരെ മനസ്സിലാക്കി ഇടപെടുന്നവരുണ്ട്. ഒപ്പം, ഒരു ധാരണയുമില്ലാതെ ഇടപെടുന്നവരുമുണ്ട്.
ഇപ്പോഴിതാ ഗൂഗ്ൾ തങ്ങളുടെ പ്രൈവസി പോളിസിയിൽ വലിയൊരു മാറ്റം കൂടി വരുത്തിയിരിക്കുന്നു. ഇതുവരെ ഉപയോക്താക്കൾക്ക് നൽകിയിരുന്ന ദീർഘകാലമായുള്ള ഒരു ഉറപ്പ് ലംഘിച്ചുകൊണ്ടാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
പുതുക്കിയ നയപ്രകാരം, ജി- മെയിൽ (G-mail), ഗൂഗിൾ ഫോട്ടോസ് (Google Photos), ഗൂഗിൾ ഡ്രൈവ് (Google Drive) എന്നിവയിലെ ഉള്ളടക്കങ്ങൾ ഉപയോക്താക്കൾ കാണുന്ന പരസ്യങ്ങളെ സ്വാധീനിക്കാൻ ഉപയോഗിക്കും. ജി-മെയിലും ഗൂഗ്ൾ ഫോട്ടോസും ഡ്രൈവുമെല്ലാം ഓൺലൈൻ ഉപയോക്താക്കളുടെ ഏറ്റവും വ്യക്തിപരമായ ഇടങ്ങളാണെന്ന കാര്യം തർക്കമില്ലാത്തതാണ്. അവിടെയാണ് ഇടപെടലുണ്ടാവുന്നത്.

ജി-മെയിലിൽ നമ്മൾ അയക്കുന്ന വളരെ കോൺഫിഡൻഷ്യൽ ആയ മെയിലുകൾ, വളരെ സ്വകാര്യമായി എടുത്തുവെച്ചിരിക്കുന്ന ചിത്രങ്ങൾ, നമ്മൾ സേവ് ചെയ്ത ഡേറ്റ എന്നിവ ഉപയോഗിച്ച് നമുക്കായി പരസ്യങ്ങൾ നൽകുകയും അതുവഴി മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങിക്കാൻ നമ്മളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന വഴിയിലേക്ക് ചിന്തിച്ച് തുടങ്ങുകയും, ഈ ഒക്ടോബർ 16 മുതൽ അത് പ്രാബല്യത്തിലാക്കുകയും ചെയ്തിരിക്കുന്നു ഗൂഗ്ൾ. നിലവിലെ സാഹചര്യത്തിൽ ഇതൊന്നും നേരിട്ട് എടുക്കുന്നില്ല. എന്നാൽ, ഭാവിയിൽ അത് സംഭവിച്ചാലും അത്ഭുതപ്പെടേണ്ട സാഹചര്യമല്ല.
ഇവിടെയും ചില നിയന്ത്രണങ്ങളോടെ മാത്രമേ ഇടപെടൽ ഉണ്ടാവൂ എന്ന് ഗൂഗ്ൾ വ്യക്തമാക്കുന്നുണ്ട്. ഈ സേവനങ്ങളിലെ (ജി-മെയിൽ, ഗൂഗിൾ ഫോട്ടോസ്, ഗൂഗിൾ ഡ്രൈവ്) വിവരങ്ങൾ മറ്റ് ഗൂഗ്ൾ സേവനങ്ങളുമായി പങ്കുവെക്കാൻ ഉപയോക്താവ് അനുമതി നൽകിയിട്ടുണ്ടെങ്കിൽ മാത്രമാണ് ഇത് സാധ്യമാകുക. ജെമിനി (Gemini), ഗൂഗിൾ സെർച്ചിലെ എഐ മോഡ് (AI Mode) എന്നിവയ്ക്ക് ഉപയോക്താവിന്റെ വ്യക്തിഗത ആപ്പുകളിലെ വിവരങ്ങൾ പരിശോധിക്കാൻ അനുമതി നൽകുന്ന Personal Intelligence എന്ന ഫീച്ചർ ഉപയോഗിക്കുന്നവരെയാണ് പ്രധാനമായും ഈ മാറ്റം ബാധിക്കുക എന്നൊരു ആശ്വാസമുണ്ട്. ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുന്ന ഒരു ഫീച്ചറായിട്ടാണ് Personal Intelligence-നെ ഗൂഗിൾ അവതരിപ്പിക്കുന്നത്.

ഉദാഹരണത്തിന് നിങ്ങൾ അത്ര പരിചയമില്ലാത്ത ഒരു സ്ഥലത്തെ ഹോട്ടലിൽ നിന്ന് സമീപത്തെ മികച്ച വിനോദസഞ്ചാരകേന്ദ്രങ്ങൾ ഏതെന്നോ അല്ലെങ്കിൽ നല്ല ഭക്ഷണം കിട്ടുന്ന ഇടങ്ങൾ ഏതെന്നോ ചോദിച്ചാൽ അതുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച സജഷൻസ് നമുക്ക് ലഭിക്കും. ഇങ്ങനെ കണക്ട് ചെയ്താൽ AI മോഡിൽ മാത്രമല്ല, Discover, Maps, Shopping, Flights, Hotels, Translate, News തുടങ്ങിയ മറ്റ് ഗൂഗ്ൾ സേവനങ്ങളിലേക്കും അനുമതി വ്യാപിക്കും. നിലവിൽ ജെമിനി ആപ്പിൽ പരസ്യങ്ങളില്ലെങ്കിലും AI അടിസ്ഥാനമാക്കിയുള്ള സെർച്ച് ഫലങ്ങളിൽ സ്പോൺസർ ചെയ്ത ഉള്ളടക്കങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്. ഇവിടെയാണ് വ്യക്തിഗത വിവരങ്ങളുടെ ഉപയോഗവും പരസ്യങ്ങളും തമ്മിൽ ബന്ധപ്പെടുന്നത്.
തങ്ങൾ നേരിട്ട് ഒന്നും ചെയ്യുന്നില്ലെന്നും വ്യക്തികൾ അനുമതി നൽകിയാൽ മാത്രമേ ഇത് സാധിക്കുകയുള്ളുവെന്നുമാണ് ഗൂഗ്ൾ ഇക്കാര്യത്തിൽ പറയുന്ന വിശദീകരണം. നമ്മുടെ ഗൂഗ്ൾ സെർച്ചുകളുടെയും അന്വേഷണങ്ങളുടെയും താൽപര്യങ്ങളുടെയും പ്രതികരണങ്ങളുടെയുമെല്ലാം അടിസ്ഥാനത്തിൽ മാത്രമേ പരസ്യങ്ങൾ നൽകുകയുള്ളൂവെന്ന് ഗൂഗിൾ പറയുന്നു. ജി- മെയിൽ ഇൻബോക്സിലെയോ ഫോട്ടോ ലൈബ്രറിയിലെയോ വിവരങ്ങളെ നേരിട്ട് അടിസ്ഥാനമാക്കിയാകില്ല പരസ്യങ്ങളെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. “ഉപയോക്താക്കളുടെ ഇ- മെയിലുകളോ ഫോട്ടോകളോ പരസ്യദാതാക്കൾക്ക് കാണാൻ കഴിയില്ല. പേരും ഇ- മെയിൽ വിലാസവും അവരുമായി പങ്കുവെക്കുകയുമില്ല. ആരോഗ്യം, മതം, വംശം, ലൈംഗികാഭിമുഖ്യം തുടങ്ങിയ സെൻസിറ്റീവ് വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പരസ്യങ്ങൾ അനുവദിക്കില്ല”, ഗൂഗ്ൾ പറയുന്നു.

വ്യക്തിഗത പരസ്യങ്ങൾ
ഓഫ് ചെയ്താൽ മതിയോ?
My Ad Center വഴി വ്യക്തിഗത പരസ്യങ്ങൾ ഓഫ് ചെയ്യാൻ ഓപ്ഷനുണ്ട്. എന്നാൽ അവിടെയും വ്യക്തിവിവരങ്ങളിലേക്കുള്ള കടന്നുകയറ്റം അവസാനിക്കുന്നില്ല. AI Personalization-നുവേണ്ടി കണക്ട് ചെയ്ത ആപ്പുകളിലെ വിവരങ്ങൾ ഉപയോഗിക്കുന്നത് തടയാനാകില്ലെന്നതാണ് പ്രധാനപ്പെട്ട കാര്യം. ജി-മെയിൽ, ഫോട്ടോസ് എന്നിവയിലെ വിവരങ്ങൾ മറ്റ് ഗൂഗിൾ സേവനങ്ങളുമായി പങ്കുവെക്കുന്നത് ഒഴിവാക്കാൻ ഉപയോക്താക്കൾക്ക് ചില കാര്യങ്ങൾ ചെയ്യാനാവും. അതിന് താഴെ പറയുന്ന സ്റ്റെപ്പുകൾ എടുക്കാവുന്നതാണ്.
1. നിങ്ങളുടെ Google Account തുറക്കുക.
2. Data & Privacy എന്ന വിഭാഗത്തിലേക്ക് പോകുക.
3. Personalisation Settings തിരഞ്ഞെടുക്കുക.
4. Search Services വിഭാഗത്തിലെ Manage Personalized Recommendations തുറക്കുക.
5. Additional Personal Intelligence എന്ന വിഭാഗത്തിന് കീഴിലുള്ള Connected Content Apps കണ്ടെത്തുക.
6. അവിടെ നിന്ന് Google Workspace, Google Photos എന്നിവയുടെ കണക്ഷൻ വിച്ഛേദിക്കുക.
Search Services Personalization പേജിൽ നിന്ന് Personalized Recommendations പൂർണമായും ഓഫ് ചെയ്യാനും സാധിക്കും.
ഗൂഗ്ൾ ഉപയോഗിക്കുന്ന, സ്മാർട്ട് ഫോൺ ഉപയോഗിക്കുന്ന എത്ര മനുഷ്യരോട് മുകളിൽ പറയുന്ന കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി ഇതെല്ലാം ചെയ്യിപ്പിക്കാൻ സാധിക്കും? എത്ര ആളുകൾ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കും?. ആഗോള മാർക്കറ്റിൽ വ്യക്തിപരമായ വിവരങ്ങൾ ഗൂഗ്ൾ വിൽപനയ്ക്ക് വെക്കുന്നുണ്ടെന്നും അത് തടയാനായി എന്തെല്ലാം ചെയ്യാനാവുമെന്നും എത്ര പേർ ചിന്തിക്കുന്നുണ്ടെന്നതും പ്രധാനപ്പെട്ട ചോദ്യമാണ്.
ഒരു ആപ്പിന്റെ കണക്ഷൻ വിച്ഛേദിച്ചതുകൊണ്ട് മാത്രം ഗൂഗ്ൾ നേരത്തെ ശേഖരിച്ച വിവരങ്ങൾ പോവുന്നില്ലെന്നതാണ് മറ്റൊരു കാര്യം. യഥാർത്ഥ ഇ-മെയിലോ ഫോട്ടോയോ ഡിലീറ്റ് ചെയ്താലും Search Services History-യിൽ അതുമായി ബന്ധപ്പെട്ട വിവരങ്ങൾ നിലനിൽക്കാം. അതിനാൽ My Activity എന്ന വിഭാഗത്തിൽ പോയി ഈ വിവരങ്ങൾ പ്രത്യേകം നീക്കം ചെയ്യേണ്ടതുണ്ട്. അല്ലാത്തപക്ഷം പഴയ വിവരങ്ങൾ നിങ്ങളുടെ ഗൂഗ്ൾ അക്കൗണ്ടുമായി ബന്ധിപ്പിക്കപ്പെട്ട നിലയിൽ തുടർന്നേക്കാം.

സാങ്കേതികജ്ഞാനമുള്ള ആളുകൾ മാത്രം ശ്രദ്ധയോടെ പിന്തുടരാൻ സാധ്യതയുള്ള സ്റ്റെപ്പുകൾ മാത്രമാണിത്. ഇത് ചെയ്യാത്ത ബഹുഭൂരിപക്ഷം മനുഷ്യരുടെയും വ്യക്തിപരമായ ഡാറ്റ ചോരുകയും അത് കട്ടെടുത്ത് ഗൂഗ്ൾ പരസ്യദാതാക്കൾക്ക് വിൽക്കുകയും വലിയ ലാഭം കൊയ്യുകയും ചെയ്യും. ഗൂഗ്ൾ പറയുന്നത് നിങ്ങളുടെ ജി- മെയിലിലോ ഇൻബോക്സിലോ ഫോട്ടോസിലോ ഡ്രൈവിലോ ഒന്നും തന്നെ കടന്നുകയറുന്നില്ലെന്നാണ്. എന്നാൽ, കാലങ്ങളായി പിന്തുടർന്നിരുന്ന ഒരു പോളിസിയിൽ മാറ്റം സംഭവിക്കുമ്പോൾ അതിൻെറ തുടർപ്രതിഫലനങ്ങൾ സ്വാഭാവികമായും ഉണ്ടാവുമെന്ന് ഉറപ്പാണ്. പ്രത്യേകിച്ച് അത്രയധികം വേഗതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ആർട്ടിഫിഷ്യൽ ഇൻറലിജൻസ് കാലത്ത്.
