കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷം കൊണ്ട് ഒരത്ഭുതമെന്ന നില വെടിഞ്ഞ് ഒരു ഉപകരണസംവിധാനമെന്ന യാഥാർത്ഥ്യത്തിലേക്ക് സഞ്ചരിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് ഗൂഗിൾ സെർച്ച് എൻജിൻ. പുതിയ എൻജിനുകൾ എന്നും അത്ഭുതപ്പെടുത്തിയിരുന്നു. കണ്ടത്തിൽ വെള്ളം കേറ്റുന്ന എൻജിനും അത്ഭുതമായിരുന്നു. പിന്നതൊരു വലിയ കാഴ്ചയല്ലാതായി.
വെള്ളത്തിന് പകരം ഇൻഫർമേഷൻ കേറ്റുന്ന ഒരു എൻജിനാണ് ഗൂഗിൾ സെർച്ച് എൻജിൻ. വെള്ളം തന്നെയും ചെടികൾക്കാവശ്യമായ ഒരു തരം ഇൻഫർമേഷനാണ്. ജീവകോശം തന്നെയും ഒരു ഇൻഫർമേഷൻ യൂണിറ്റാണ്. വിവരമയം ബ്രഹ്മം എന്നാണ് നവാദ്വൈതികളുടെ അഭിമതം.
ഒരു സ്വാകാര്യകമ്പനിയെന്ന നിലയ്ക്ക് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ രൂപീകരണത്തിലേക്ക് വഴി മാറിയ ഈസ്റ്റ് ഇന്ത്യ കമ്പനിയാണ് ഇതുപോലൊരു സമഗ്രവിജയം ഇതിന് മുമ്പെപ്പഴോ കരസ്ഥമാക്കിയിട്ടുള്ളത്. ഈസ്റ്റ് ഇന്ത്യ കമ്പനിയെക്കാൾ കൂടുതൽ രാജ്യങ്ങളിൽ ഗൂഗിൾ പ്രവർത്തിക്കുന്നുണ്ട്. ഒരു പ്രോഡക്റ്റും അതിന്റെ ബ്രാൻഡും തമ്മിലിത്രകണ്ട് തന്മയീഭവിച്ച ഒരവസ്ഥയും ഇതിന് മുമ്പെ ഇത് പോലെ വന്ന് ഭവിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.
ഗൂഗിളിന് ശേഷം രണ്ട് തലമുറ മനുഷ്യർ ഈ ലോകത്തുണ്ടായത് കൊണ്ട് തന്നെ ഗൂഗിൾ ഒരു അത്ഭുതമെന്ന നില കൈവിടേണ്ടതായിരുന്നു. പക്ഷേ എല്ലാവർക്കും ഒരെ പോലെ ഉപയോഗിക്കാൻ കഴിയുന്ന ഒരു നിലയിലേക്ക് എത്താൻ ഗൂഗിൾ ലോകത്തിനായിട്ടില്ല. അതിന് സാമ്പത്തികവും സാംസ്കാരികവുമായ ധാരാളം കാരണങ്ങൾ നിലവിലുണ്ട്. എന്നിരുന്നാലും ഗൂഗിൾ ഏത് തൂണിലും തുരുമ്പിലും കയറിപ്പറ്റുന്നുണ്ട്. ഗൂഗിൾ ഇന്നും ഒരു വികസ്വരതയായ് തുടരുന്നു.
പക്ഷേ കൊറോണ വ്യാപിച്ചത്രയൊന്നും ഗൂഗിളിനെ കൊണ്ടായില്ല. കൊറോണയ്ക്ക് മനുഷ്യാദ്ധ്വാനത്തിന്റെയും വാണിജ്യ വിപണിയുടെയും നിയമങ്ങൾ ബാധകമല്ല. ലോകത്തിന്റെ വലിപ്പവും വൈവിദ്ധ്യങ്ങളും ഗൂഗിളിനെയും വലക്കുന്നു. ചൈനയിലെ ഗൂഗിളല്ല ഇന്ത്യയിലെ ഗൂഗിൾ.
സോഫ്റ്റുവയറുകൾക്ക് പ്രവർത്തിക്കണമെങ്കിൽ അതിനാവശ്യമായത്ര ഹാർഡുവയറുകളും വേണം. ഏറ്റവും സൂക്ഷ്മമായതിനാണ് ഏറ്റവും മെച്ചപ്പെട്ട ഇൻഫ്രാസ്ട്രക്ചർ വേണ്ടി വരുന്നത്. പെട്രോൾ കമ്പനികൾ കാർ വിൽക്കണമെന്ന നിർബന്ധം നിലവിലില്ലാത്ത പോലെ, കാർ കമ്പനികൾ റോഡ് കെട്ടണമെന്നില്ലാത്ത പോലെ ഗൂഗിൾ ശൃംഖല സാധ്യമാക്കിയ ഹാർഡുവയറുകൾ ഒക്കെയും ഗൂഗിളായിട്ട് സൃഷ്ടിച്ചെടുത്തവയല്ല. അവർക്ക് അതിന് അനുസരിച്ച് കാര്യങ്ങൾ നീക്കേണ്ടിവന്നിട്ടുണ്ടാവാം. മറിച്ചൊരു സാധ്യത നിലവിലുണ്ടായിരുന്നെങ്കിൽ ഗൂഗിൾ വ്യാപനത്തിന്റെ തോത് ഇതിനേക്കാൾ വേഗത കൈവരിച്ച് ഇതല്ലാത്ത മറ്റൊരു ലോകം ഉരുവപ്പെടുമായിരുന്നു. ഇപ്പഴത്തെ ഗൂഗിൾ അത്തരം സാധ്യതകൾ കൂടിയും ആരായുന്നുണ്ടാവണം.
മദ്ധ്യവർഗത്തിനിടയിൽ ഒരു ഇന്റലക്ച്വൽ ടോയിയായാണ് ഗൂഗിൾ അതിന്റെ മാസ് എൻട്രി സാധ്യമാക്കിയത്. പിന്നീടത് ലൈംഗീകശീലങ്ങളെയും ഭക്ഷണരീതികളെയും തന്നെ സ്വാധീനത്തിലാക്കി. ഗതാഗതം നിയന്ത്രിച്ചു. ഹോം വർക്ക് എളുപ്പമാക്കി. ബാങ്കിംഗ് തുടങ്ങി. ഇത്രയുമൊക്കെ ആയ സ്ഥിതിയ്ക്ക് തൊഴിൽ വിന്യാസത്തിലും ഗൂഗിൾ സാരമായ മാറ്റങ്ങൾ കൊണ്ടുവന്നു. ഈ മാറ്റങ്ങൾ ഒരു പ്രത്യേക ഘട്ടം കഴിയുമ്പോൾ ഗൂഗിളിന്റെ തന്നെ പ്രസക്തിയെ എങ്ങനെ ബാധിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടതായ നാടകീയത.
ഒരു സ്ഥാപനമെന്ന നിലയിൽ ഗൂഗിളിലും ധാരാളം വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്. ഭരണകൂടങ്ങളുമായുള്ള ബന്ധങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയാണ്. സ്വകാര്യത എന്ന വിശേഷത്തെ പുനർനിർവചിക്കുന്നതിൽ ഗൂഗിൾ ചരിത്രപരമായ പങ്ക് നിർവഹിച്ചു. ഗൂഗിളിലെ തൊഴിലാളികളും അത്യാവശ്യം സമരം ചെയ്യാറുണ്ട്. ഗൂഗിൾ വളർന്ന് പറക്കുന്ന ലോകം ഏറെയും വലത്തോട്ട് വലത്തോട്ട് നീങ്ങിപ്പോവുന്നു.
ഒരു തരം അമേരിക്കൻ മദ്ധ്യവർഗ മാന്യതയാണ് ഗൂഗിൾ പ്രസരിപ്പിക്കുന്നത്. അതിന് അപ്പുറത്തും ഇപ്പുറത്തും ഉള്ള കച്ചവടം അവർ പിടിക്കാറില്ല. അതൊന്നും പിടിക്കാതെ തന്നെ അവർക്ക് നല്ല ലാഭമുണ്ട്. അവരുടെ ആൾഫ ടു ഒമേഗ നിലവറകളിൽ സംഭരിച്ച് വെച്ചിരിക്കുന്ന ഇൻഫർമേഷനുകളുടെ മൂല്യം കൂടി പരിഗണിച്ചാൽ അവരുടെ സമ്പത്ത് അമൂല്യമാണ്. സമ്പത്തിന്റെ ഇത്ര വലിയൊരു കൂന വേറെയില്ല.