One“thank you” to ChatGPT = tens of millions of dollars in aggregate electricity costs per year (Altman, 2025).
ഓപ്പൺ എ.ഐയുടെ ചാറ്റ് ജിപിടി-4 മോഡൽ 100 വാക്ക് ഉത്തരം നൽകാൻ 500 മില്ലിലിറ്റർ വെള്ളം ഉപയോഗിക്കുന്നുവെന്ന് അടുത്തിടെ വന്ന ഒരു പഠനത്തെ ഉദ്ധരിച്ച് ഒരു ഓൺലൈൻ റിപ്പോർട്ടിൽ വായിച്ചു. ഞാൻ വെച്ച് താമസിപ്പിച്ചില്ല. ഈ റിപ്പോർട്ടിലെ ഡാറ്റ വെച്ച് ജിപിടി-4 നോട് തന്നെ കാര്യം തിരക്കി. സംഭവം ജിപിടി-4 തെറ്റാണെന്ന് പറയുന്നില്ല, മറിച്ച് നിർമ്മിത ബുദ്ധി ടൂളുകൾ പ്രതികരണങ്ങൾ നൽകുമ്പോൾ ഡാറ്റാ സെന്ററുകൾ ചൂടാവുകയും അതിനെ തണുപ്പിക്കാൻ ധാരാളം വെള്ളം ഉപയോഗിയ്ക്കേണ്ടി വരുമെന്നത് യാഥാർത്ഥ്യമാണെന്ന് പറഞ്ഞു തരുകയും ചെയ്തു. എന്നാൽ ഡാറ്റാ സെന്ററിന്റെ കാര്യക്ഷമത, പ്രാദേശിക കാലാവസ്ഥ, തണുപ്പിക്കൽ രീതി എന്നിവ അനുസരിച്ച് മേൽപ്പറഞ്ഞ ഡാറ്റ (100 വാക്ക് ഉത്തരം നൽകാൻ 500 മില്ലിലിറ്റർ വെള്ളം എന്നത്) വ്യത്യാസപ്പെടാമെന്നും ഓർമ്മപ്പെടുത്തി.

https://dig.watch/updates/viral-ai-image-trends-drive-up-water-consumption
ജിപിടി-4 എന്നത് മനുഷ്യനുണ്ടാക്കിയ ഒരു നിർമ്മിത ബുദ്ധി അധിഷ്ഠിത ഉപകരണം മാത്രമാണ്. അതുകൊണ്ട് അത് തന്നെ വെള്ളം കുടിക്കുന്നില്ല. ഞാൻ ഈ കുറിപ്പ് എഴുതുന്നതിന്റെ ഭാഗമായി അതും തമാശയായി ചോദിച്ചു. നിർമ്മിതബുദ്ധി മോഡലുകൾ, പ്രത്യേകിച്ച് വലിയ ഭാഷാധിഷ്ഠിത ജനറേറ്റീവ് മോഡലുകൾക്ക് അതിന്റെ പ്രവർത്തനങ്ങൾക്ക് വൻതോതിലുള്ള കണക്കുകൂട്ടൽ ആവശ്യമാണ്. ആ കണക്കുകൂട്ടൽ വൈദ്യുതി ഉപയോഗത്തിലേയ്ക്കും തുടർന്ന് സെർവറുകൾ ചൂടാകുന്നതിലേയ്ക്കും നയിക്കും. ഇതിനാലാണ് പ്രസ്തുത സെർവറുകളെ തണുപ്പിക്കുന്നതിന് വലിയ അളവിൽ ജലം ഉപയോഗിയ്ക്കേണ്ടി വരുന്നത്. അങ്ങനെ വരുമ്പോൾ ‘100 വാക്കുകൾക്ക് 500 മില്ലിലിറ്റർ വെള്ളം’ എന്നത് ചെറിയ അളവാണെന്ന് തോന്നിയേക്കാം. ഒന്ന് ആലോചിച്ച് നോക്കൂ… ഒരു ദശലക്ഷം ആളുകൾ ഓരോ ദിവസവും പത്ത് 100 വാക്കുകളുടെ പ്രതികരണങ്ങൾ സൃഷ്ടിക്കുകയാണെങ്കിൽ, അത് മാത്രം പ്രതിദിനം 5 ദശലക്ഷം ലിറ്റർ ശുദ്ധമായ വെള്ളത്തിന് തുല്യമായിരിക്കും. സെർവറുകൾ തണുപ്പിയ്ക്കാൻ ഉപയോഗിയ്ക്കുന്നത് ഏകദേശം 25000 ആളുകളുടെ ദൈനംദിന കുടിവെള്ള ആവശ്യങ്ങൾക്ക് വേണ്ടി വരുന്ന വെള്ളമാണെന്നതാണ് സംഭവത്തിന്റെ ഗൗരവം.

യൂണിവേഴ്സിറ്റി ഓഫ് ഇല്ലിനോയിസ് പ്രസിദ്ധീകരിച്ച ലേഖനമനുസരിച്ച് ആഗോളതലത്തിൽ ഏകദേശം 11,000 ഡാറ്റാ സെന്ററുകളുണ്ട്. അതുകൊണ്ട് തന്നെ ഇവിടെ ചാറ്റ് ജി.പി.ടിയെ മാത്രം കുറ്റപ്പെടുത്തേണ്ട. മൈക്രോസോഫ്റ്റിന്റെ ജലഉപഭോഗം 2021 മുതൽ 2022 വരെ 34% ഉയർന്ന് 1.7 ബില്യൺ ഗാലണിലെത്തിയതായി റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. ഇതേ കാലയളവിൽ ജലഉപഭോഗം ഏകദേശം 22% വർദ്ധിച്ച് ഏകദേശം 5.56 ബില്യൺ ഗാലണായി ഉയർന്നതായി ഗൂഗിളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഫറൻസിൽ ലേഖനമെഴുത്തിനായി വായിച്ച എല്ലാ റിപ്പോർട്ടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

https://cee.illinois.edu/news/AIs-Challenging-Waters
ഒരു പ്രധാനപ്പെട്ട കാര്യം മനസിലായത് ഭൂരിഭാഗവും വലിയ ഡാറ്റാ സെന്ററുകളും പ്രവർത്തിയ്ക്കുന്നത് വെള്ളത്തിന് ക്ഷാമം നേരിടുന്ന ഭാഗങ്ങളിലെ നീർത്തടങ്ങളിൽ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ്. ഉദാഹരണത്തിന് പടിഞ്ഞാറൻ യു.എസിന്റെ ചില ഭാഗങ്ങൾ ഇതിൽ പ്രധാനപ്പെട്ടതാണ്. ഈ പ്രദേശങ്ങളിലെ ജലക്ഷാമം കൂടുതൽ തിവ്രമാക്കുന്നു. ഉദാഹരണത്തിന്, ജിമെയിൽ, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ പ്രധാന സേവനങ്ങളെ പിന്തുണയ്ക്കുന്ന ഗൂഗിളിന്റെ ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകൾ കഴിഞ്ഞ വർഷം പ്രതിദിനം ശരാശരി 550,000 ഗാലൻ (2.1 ദശലക്ഷം ലിറ്റർ) വെള്ളമാണ് കുടിച്ച് തീർത്തതെന്നാണ് റിപ്പോർട്ടുകൾ.

ഇവിടെ മാർക്കി- ഹെൻറിച്ച് എന്നിവരുടെ Artificial Intelligence Environmental Impacts Act of 2024 (Markey–Heinrich et al.) എന്ന തലക്കെട്ടിലെ ബില്ല് പ്രസക്തമാണെന്ന് തോന്നുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങളുടെ പാരിസ്ഥിതിക ചെലവുകൾ അളക്കുന്നതിനും വെളിപ്പെടുത്തുന്നതിനും സമഗ്രമായ ഒരു ഫെഡറൽ ചട്ടക്കൂട് വേണമെന്ന് Artificial Intelligence Environmental Impacts Act of 2024 ആവശ്യപ്പെടുന്നു. സാങ്കേതിക കമ്പനികളുടെ പ്രവർത്തനങ്ങളിൽ പാരിസ്ഥിതിക സുസ്ഥിരത ഉറപ്പാക്കുന്നതിന് വേണ്ടുന്ന മാർഗ്ഗനിർദ്ദേശങ്ങളും ബില്ലിൽ ചർച്ച ചെയ്യുന്നുണ്ട്. AI ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സുസ്ഥിരതാ മാനദണ്ഡങ്ങൾ വികസിപ്പിക്കുക, പുനരുപയോഗ ഊർജ്ജമുള്ള ഡാറ്റാ സെന്ററുകൾക്കുള്ള പ്രോത്സാഹനങ്ങൾ, കാര്യക്ഷമമായ കമ്പ്യൂട്ടിംഗ് മോഡലുകളിലേക്കുള്ള ഗവേഷണം എന്നിവയും ബില്ലിൽ ശൂപാർശ ചെയ്യുന്നതായി മനസിലാക്കാം.

കുറച്ച് മാസങ്ങൾക്ക് മുമ്പാണ് സാക്ഷാൽ സാം ആൾട്ട്മാൻ “please” “thank you” തുടങ്ങിയ വാക്കുകളുടെ ഉപയോഗം തങ്ങളുടെ ജിപിടി ഡാറ്റാസെന്ററുകൾക്ക് അധിക കമ്പ്യൂട്ടേഷണൽ ജോലി അടിച്ചേൽപ്പിക്കുകയും വൈദ്യുതി ഉപയോഗം വർദ്ധിപ്പിക്കുന്നതായും പറഞ്ഞത്. ദയവായി നിങ്ങൾ “thank you’ പറച്ചിൽ ഒഴിവാക്കൂ. ഈ പറച്ചിലിലൂടെ ഞങ്ങൾക്ക് അധിക ഊർജ്ജ ചെലവ് പ്രതിവർഷം പതിനായിരക്കണക്കിന് ഡോളറാണെന്ന് ഓർമ്മപ്പെടുത്തി. ചാറ്റ്ജിപിടിയിലെ "സ്റ്റുഡിയോ ഗിബ്ലി-സ്റ്റൈൽ" ഇമേജ് ജനറേഷൻ ഫീച്ചർ ഒരു വൈറൽ തരംഗത്തിന് കാരണമാകുകയും അത് ഡാറ്റാസെന്ററുകളിലെ ജി.പി.യുകൾക്ക് (GPU) താങ്ങാൻ കഴിയുന്നതിന് അപ്പുറമായിരുന്നെന്നും ആൾട്ട്മാൻ സമ്മതിച്ചിട്ടുണ്ട്. ഈ സമ്മർദ്ദത്തിന്റെ ഭാഗമായാണ് ഇമേജ് ജനറേഷനിൽ താൽക്കാലിക നിരക്ക് പരിധികൾ ഏർപ്പെടുത്താൻ അവരെ പ്രേരിപ്പിച്ചത്.

ഇത് വായിക്കുമ്പോൾ നമ്മൾ ചിന്തിക്കും അതിന് ഇന്ത്യക്കാർക്ക് ഒരു കുഴപ്പവും ഇത് മൂലം ഉണ്ടാകില്ലല്ലോ എന്ന്. കാരണം നമ്മൾ മുഴുവൻ പ്ലാറ്റ് ഫോം ക്യാപിറ്റലിസത്തിന് അടിയറവ് വെച്ചിരിക്കുകയാണല്ലോ. നമ്മുടെ ഡിജിറ്റൽ ജീവിതം മുഴുവൻ അമേരിക്കൻ നിർമ്മിത ബുദ്ധി മോഡലുകളും സെർച്ച് എൻജിനുകളും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്തിയല്ലെ? എന്നാൽ പ്രമുഖ ടെക് കമ്പനികളായ ഗൂഗിൾ, മൈക്രോസോഫ്റ്റ്, ആമസോൺ എന്നിവർ ഇതിനകം തന്നെ ഇന്ത്യയിൽ ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവിടങ്ങളിൽ ഡാറ്റാ സെന്ററുകൾ സ്ഥാപിച്ചിട്ടുണ്ട്.
ഇവ ഇന്ത്യൻ പ്ലാറ്റ്ഫോമുകളല്ല, മറിച്ച് ഇന്ത്യയാണ് ഈ ആഗോള ഭീമൻമാരുടെ ഭൗതിക അടിസ്ഥാന സൗകര്യങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതെന്നത് വിചിത്രമാണ്. മാത്രവുമല്ല അത് സ്യഷ്ടിയ്ക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും മറ്റും നമ്മുടെ ജനങ്ങൾ അനുഭവിയ്ക്കേണ്ടിയും വരും. ഈ ഭീമൻമാർ ഡാറ്റാ സെന്റർ തണുപ്പിയ്ക്കാൻ പ്രതിദിനം നമ്മുടെ ദശലക്ഷക്കണക്കിന് ലിറ്റർ വെള്ളമാണ് ഉപയോഗിക്കുന്നത്.
ഉദാഹരണത്തിന് 8 നിലകളുള്ള ഡാറ്റാ സെന്റർ കെട്ടിടത്തിനായി നവി മുംബൈയിൽ 3.81 ലക്ഷം ചതുരശ്ര അടി ഭൂമിയാണ് (35,400 ചതുരശ്ര മീറ്റർ) റൈഡൻ ഇൻഫോടെക് ഇന്ത്യ (Raiden Infotech India) ഗൂഗിളിനായി നൽകിയിരിയ്ക്കുന്നത്. കൂട്ടത്തിൽ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് 1 ജിഗാവാട്ട് ഡാറ്റാ സെന്റർ നിർമ്മിക്കുന്നതിനായി 6 ബില്യൺ യുഎസ് ഡോളർ നിക്ഷേപം നടത്താൻ ഗൂഗിൾ പദ്ധതിയിടുന്നു.
ഇന്ത്യയിലെ ശുദ്ധജല സ്രോതസ്സുകളിൽ 70% ത്തിലധികം മലിനമാണ്, 21 ഇന്ത്യൻ നഗരങ്ങൾ (ബെംഗളൂരു, ചെന്നൈ എന്നിവയുൾപ്പെടെ) ഉടൻ തന്നെ കടുത്ത ജലക്ഷാമം നേരിടുമെന്ന് പ്രവചിക്കപ്പെടുന്നു (നീതി ആയോഗ്, 2023). ഈ സവിശേഷ സാഹചര്യത്തിലാണ് ഡിജിറ്റൽ ഇന്ത്യ, എ.ഐ മിഷൻ 2047 എന്നിവയ്ക്ക് കീഴിലുള്ള ഡാറ്റാ സെന്റർ വിപുലീകരണത്തിനുള്ള ഇന്ത്യയുടെ നീക്കം ഊർജ്ജ, ജല സംവിധാനങ്ങളെ സമ്മർദ്ദത്തിലാക്കും. ഇന്ത്യയുടെ ഡാറ്റാ പ്രാദേശികവൽക്കരണവും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നയ ചട്ടക്കൂടുകളും പരിസ്ഥിതിയിലല്ല, സ്വകാര്യതയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത് (Not eco centric rather private centric). അതുകൊണ്ട് തന്നെ ആഗോള ഭീമൻമാരുടെ ഡാറ്റാ സെന്റർ തണുപ്പിയ്ക്കൽ പരിപാടി ഇന്ത്യയിൽ പ്രാദേശിക തലത്തിലുള്ള കുടിവെള്ള ലഭ്യതയേയും, കാർഷിക ആവശ്യത്തിനുള്ള ജല ലഭ്യതയേയും ദോഷകരമായി ബാധിയ്ക്കുമെന്നുറപ്പാണ്.
വ്യവസായ റിപ്പോർട്ടുകൾ പ്രകാരം (ബ്ലൂംബെർഗ്, 2025) 2027 ഓടെ ഏഷ്യ-പസഫിക് ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകളുടെ അതിവേഗം വളരുന്ന മേഖലയായി മാറുമെന്ന് പ്രവചിക്കപ്പെടുന്നു. കൂട്ടത്തിൽ
ഇന്ത്യയിൽ ചെലവ് കുറവായതുകൊണ്ട് ആഗോള ഡാറ്റാ സെന്റർ ഓപ്പറേറ്റർമാർ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഇന്ത്യയിലേക്ക് മാറ്റാനുള്ള സാധ്യതയും നിലനിൽക്കുന്നു. ഈ മേഖലയിൽ സുസ്ഥിര ഓഡിറ്റുകൾ ആവശ്യപ്പെടുന്ന സാഹര്യമാണ് നിലനിൽക്കുന്നത്. മാർക്കി- ഹെൻറിച്ച് എന്നിവരുടെ Artificial Intelligence Environmental Impacts Act of 2024 മാതൃകയിൽ ഒരു ഇന്ത്യൻ നിയമനിർമ്മാണത്തിന് വലിയ പ്രാധാന്യമുണ്ടെന്നാണ് ഇതിലൂടെ നിരീക്ഷിക്കുന്നത്.
ചില ക്ലൗഡ് സേവനങ്ങളായ ഗൂഗിൾ ക്ലൗഡ്, എ.ഡബ്ല്യു.എസ് (Amazon Web Services), മൈക്രോസോഫ്റ്റ് അസൂർ (Microsoft Azur) എന്നിവ സുസ്ഥിര ഡാഷ്ബോർഡുകൾ (Sustainable Dashboards) പ്രസിദ്ധീകരിക്കുകയും ചില പ്രദേശങ്ങളിൽ പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്നത് നല്ല മാതൃകയായി തോന്നി. നിർമ്മിത ബുദ്ധി നമ്മുടെ ഡിജിറ്റൽ ഭാവിയെ രൂപപ്പെടുത്തുന്നതിൽ പ്രാധാനമായതിനാൽ അതിന്റെ പാരിസ്ഥിതിക പ്രശ്നങ്ങൾ അവഗണിക്കാനാവില്ല. അതുകൊണ്ട് നമ്മൾ ഉപയോക്താക്കൾ എ.ഐ ടൂളുകൾ തിരഞ്ഞെടുക്കുമ്പോൾ പരിസ്ഥിതി സൗഹൃദ മോഡലുകൾ തിരഞ്ഞെടുക്കാൻ വരുന്ന കാലത്ത് ശ്രദ്ധിക്കേണ്ടി വരും. ഇതിനായി ഓരോ ഡിജിറ്റൽ സംരഭങ്ങളും തങ്ങളുടെ പരിസ്ഥിതി സൗഹൃദ – സുസ്ഥിര ഊർജ്ജ ഉപയോഗത്തെ സംബന്ധിച്ച വിവരങ്ങൾ ഉപയോക്താകൾക്ക് വെളിപ്പെടുത്തണം. പക്ഷേ നിർഭാഗ്യകരമായി പറയട്ടെ നമ്മൾ എല്ലാം ‘Users’ ആണ് അവർക്ക് ‘Customers’ അല്ല. പ്രശസ്ത അമേരിക്കൻ സ്റ്റാറ്റിസ്റ്റീഷ്യനും, ഡാറ്റാ വിഷ്വലൈസേഷൻ തിയറിസ്റ്റുമായ എഡ്വേർഡ് ടഫ്റ്റെ (Edward Tufte) പറയുന്നുണ്ട് “There are only two industries that refer to their customers as 'users': illegal drugs and software. "
സാങ്കേതിക പുരോഗതിയെ തടയുകയല്ല, മറിച്ച് മനുഷ്യനും നിർമ്മിത ബുദ്ധിയും പരസ്പര സഹവർത്തിത്ത്വതിലൂടെ മന്നേറുമ്പോൾ അതിനെ നിലനിർത്തുന്ന ഗ്രഹത്തോട് ഉത്തരവാദിത്തമുള്ളതായി തുടരുന്നുവെന്ന് ഉറപ്പാക്കുക പരമപ്രധാനമാണ്.
References:
1. Gordon, C. (2024, February 25). AI is accelerating the loss of our scarcest natural resource – water. Forbes. https://www.forbes.com/sites/cindygordon/2024/02/25/ai-is-accelerating-the-loss-of-our-scarcest-natural-resource-water/
2. Water Technologies. (2024). Artificial intelligence is using a ton of water — here’s how to be more resourceful. Water Technologies. https://www.watertechnologies.com/blog/artificial-intelligence-using-ton-water-heres-how-be-more-resourceful
3. OECD AI Policy Observatory. (2024). How much water does AI consume? OECD.AI. https://oecd.ai/en/wonk/how-much-water-does-ai-consume
4. University of Illinois Urbana-Champaign. (2024). AI’s challenging waters. Department of Civil & Environmental Engineering. https://cee.illinois.edu/news/AIs-Challenging-Waters
5. Massachusetts Institute of Technology (MIT). (2025, January 17). Explained: Generative AI’s environmental impact. MIT News. https://news.mit.edu/2025/explained-generative-ai-environmental-impact-0117
6. Bloomberg News. (2025). AI impacts: Data centers, water, and data. Bloomberg Graphics. https://www.bloomberg.com/graphics/2025-ai-impacts-data-centers-water-data/
7. Markey, E., Heinrich, M., Eshoo, A., & Beyer, D. (2024, July 26). Markey, Heinrich, Eshoo, Beyer introduce legislation to investigate, measure environmental impacts of artificial intelligence. U.S. Senate Press Release. https://www.markey.senate.gov/news/press-releases/markey-heinrich-eshoo-beyer-introduce-legislation-to-investigate-measure-environmental-impacts-of-artificial-intelligence
8. The Economic Times. (2025, March 28). Do you say please to ChatGPT? Sam Altman reveals how much electricity your manners cost to OpenAI. The Economic Times – Panache. https://economictimes.indiatimes.com/magazines/panache/do-you-say-please-to-chatgpt-sam-altman-reveals-how-much-electricity-your-manners-cost-to-openai/articleshow/120455018.cms
9. India Today Tech. (2025, March 27). Sam Altman says servers load high, OpenAI limiting image generation after Studio Ghibli craze. India Today. https://www.indiatoday.in/technology/news/story/sam-altman-says-servers-load-high-openai-limiting-image-generation-after-studio-ghibli-craze-2700240-2025-03-27
10. NDTV World News. (2025, March 27). ‘Our GPUs are melting’: Sam Altman says OpenAI to limit ChatGPT image generation requests after Studio Ghibli AI art trend. NDTV. https://www.ndtv.com/world-news/our-gpus-are-melting-sam-altman-says-openai-to-limit-chatgpt-image-generation-requests-studio-ghibli-ai-art-trend-8038362
11. Datacenter Dynamics. (2025, July 30). Google signs lease agreement for eight-story data center in Navi Mumbai, India. DatacenterDynamics. https://direct.datacenterdynamics.com/en/news/google-signs-lease-agreement-for-eight-story-data-center-in-navi-mumbai-india/
12. The Economic Times. (2023, January 18). Google expands cloud infra in India, inks lease for 3.81 lakh sq ft data center in Navi Mumbai. The Economic Times. https://economictimes.indiatimes.com/industry/services/property-/-cstruction/google-expands-cloud-infra-in-india-inks-lease-for-3-81-lakh-sq-ft-data-center-in-navi-mumbai/articleshow/97034658.cms
13. Reuters. (2025, July 30). Google to invest $6 billion in southern India data centre, sources say. Reuters. https://www.reuters.com/sustainability/boards-policy-regulation/google-invest-6-billion-southern-india-data-centre-sources-say-2025-07-30/
14. Datacenter Dynamics. (2025, June 15). Google in talks to acquire 22.5 acres in Navi Mumbai for Indian data center: Report. DatacenterDynamics. https://direct.datacenterdynamics.com/en/news/google-in-talks-to-acquire-225-acres-in-navi-mumbai-for-indian-data-center-report/
