‘ഇൻവിസിബിൾ വേസ്റ്റ്’ (Invisible Waste) എന്നാൽ, ഡിജിറ്റൽ പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഉണ്ടാകുന്ന, എന്നാൽ ഉപയോക്താവിന് നേരിട്ട് കാണാനോ അനുഭവിക്കാനോ ആവാത്ത പരിസ്ഥിതി ഭാരങ്ങളാണ്. ഇ- മെയിൽ അയക്കൽ, വീഡിയോ സ്ട്രീമിംഗ്, ക്ലൗഡ് സ്റ്റോറേജ്, കൃത്രിമ ബുദ്ധി (AI) സേവനങ്ങൾ തുടങ്ങി എല്ലാ ഡിജിറ്റൽ പ്രവർത്തനനങ്ങൾക്കും പുറമേ കാണുന്നത് വെറും ഡാറ്റാ ഇടപാടുകളായിരിക്കും, എന്നാൽ അതിനു പിന്നിൽ പ്രവർത്തിക്കുന്നത് ആയിരക്കണക്കിന് സർവറുകളും കൂളിംഗ് സംവിധാനങ്ങളും ജെനറേറ്ററുകളുമാണ്. ഇവയ്ക്കായി ഉപയോഗിക്കുന്ന വൈദ്യുതി, വെള്ളം, അപൂർവ ലോഹങ്ങൾ മുതലായ വിഭവങ്ങൾ അന്തരീക്ഷത്തിൽ കാർബൺ പുറന്തള്ളലിനും ഭൂമിയിലെ വിഭവക്ഷയത്തിനും കാരണമാകുന്നു. അങ്ങനെ, ‘വെർച്വൽ’ എന്ന് കരുതപ്പെടുന്ന സേവനങ്ങൾ പോലും, ‘ഫിസിക്കൽ’ ലോകത്ത് ദൃശ്യമല്ലാത്ത മാലിന്യങ്ങളുടെ രൂപത്തിൽ പരിസ്ഥിതിയെ ബാധിക്കുന്നു എന്നതാണ് ‘invisible waste’ എന്ന ആശയം.
കയ്യിൽ കാണുന്ന പ്ലാസ്റ്റിക് ചാക്കോ വീട്ടുമുറ്റത്തെ കുഴിയോ അല്ല ഇവിടെ പ്രശ്നം; ഓരോ Google search-നും, WhatsApp voice note-നും, Netflix-ലെ ഒരു മണിക്കൂർ binge- നും പിന്നിൽ പ്രവർത്തിക്കുന്നത് ആയിരക്കണക്കിന് സർവറുകളും കൂളിംഗ് പ്ലാന്റുകളുമാണ്. ഇവിടെ സംഭവിക്കുന്നത് വലിയ തോതിലുള്ള വൈദ്യുതിദഹനമാണ്. ‘invisible waste’, ‘ക്ലൗഡ്’ എന്നീ വാക്കുകൾ അടിമുടി ഭാരമില്ലാത്ത, നിഷ്കളങ്കമായ ഒരു വെള്ളമേഘം പോലെ തോന്നിപ്പിക്കുന്നുണ്ടെങ്കിലും, വാസ്തവത്തിൽ അത് വൈദ്യുതിയും വെള്ളവും ഭൂമിശാസ്ത്രവും രാഷ്ട്രീയവും ചേർന്ന ഒരു ഭീമൻ വ്യവസായമാണ്.
ദിനംപ്രതി നമ്മൾ കേൾക്കുന്ന ‘ഓൺലൈൻ’ = ‘പേപ്പർലെസ്’ = ‘ഹരിതം’ എന്ന ലളിതീകരണം പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് തെറ്റിദ്ധാരണകളിലേക്കാണ്.
ഡാറ്റാ സെൻററുകൾ ഇക്കാലത്ത് ഒരു ‘പുതിയ വ്യവസായ മേഖല’ പോലെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. ലക്ഷക്കണക്കിന് ചതുരശ്രഅടി കെട്ടിടങ്ങൾ, തണുപ്പിക്കാൻ പ്രവർത്തിക്കുന്ന കൂളിംഗ് ടവറുകൾ, മിനുട്ടുകൾക്കു പോലും വൈദ്യുതി മുടങ്ങരുതെന്നുറപ്പാക്കാൻ ഡീസൽ ജെനറേറ്ററുകൾ, പവർഗ്രിഡിൽ നിന്ന് തുടർച്ചയായി വലിച്ചെടുക്കുന്ന വൻ വൈദ്യുതി ആവശ്യകത എന്നിങ്ങനെയാണ് ഇന്റർനെറ്റിന്റെ യഥാർഥ യന്ത്രശരീരം. നമ്മൾ ഒരു മെയിൽ അയക്കുമ്പോഴും, ക്ലൗഡിലേക്ക് ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോഴും, യൂട്യൂബ് വീഡിയോ auto-play ആയി കടന്നുപോകുമ്പോഴും, എന്തിനേറെ പറയുന്നു, ഒരു മെസേജ് അയക്കുമ്പോൾ പോലും, ഈ യന്ത്രശരീരം പാടെ വിയർക്കുന്നു. ഈ വിയർപ്പ് കാർബൺ ഡൈഒക്സൈഡ് രൂപത്തിൽ അന്തരീക്ഷത്തിലേക്ക് പുറംതള്ളപ്പെടുന്നു. ദിനംപ്രതി നമ്മൾ കേൾക്കുന്ന ‘ഓൺലൈൻ’ = ‘പേപ്പർലെസ്’ = ‘ഹരിതം’ എന്ന ലളിതീകരണം പലപ്പോഴും നമ്മെ കൊണ്ടെത്തിക്കുന്നത് തെറ്റിദ്ധാരണകളിലേക്കാണ്. പേപ്പർ ലാഭിച്ച് പ്രകൃതിയെ രക്ഷിച്ചതായി നമുക്ക് തോന്നുമെങ്കിലും, മറുവശത്ത് വളരെ കൂടുതൽ വീഡിയോ സ്ട്രീമിംഗും, ഹൈ- റസല്യൂഷൻ ഫോട്ടോകളുടെ ഹോർഡിംഗും നമ്മൾ സ്വയം പ്രോത്സാഹിപ്പിക്കുന്നു.

‘4K അല്ലെങ്കിൽ 8K-ൽ സിനിമ കാണുമ്പോൾ നമുക്ക് കിട്ടുന്നത് കാഴ്ചയിലെ ഗുണമേന്മയാണ്. പക്ഷേ, അതിനുപിന്നിൽ നടക്കുന്ന ഡാറ്റായാത്ര പലമടങ്ങ് കൂടുതലാണെന്ന് ആരും തിരിച്ചറിയുന്നില്ല. ഈ അമിത ഡാറ്റാ ട്രാഫിക്, നെറ്റ്‌വർക്ക് ഉപകരണങ്ങൾക്കും ഡാറ്റാ സെന്ററുകൾക്കും അധിക ഭാരമായി മാറുകയാണ്. തൽസ്ഥലത്തുള്ള സർവറുകൾ തണുപ്പിക്കാൻ, പ്രവർത്തിപ്പിക്കാൻ വീണ്ടും വീണ്ടും വൈദ്യുതി ആവശ്യമായി വരുന്നു. എന്നാൽ വൈദ്യുതി ഉറവിടം സൂര്യനും, കാറ്റുമല്ലെങ്കിൽ, സാധാരണയായി കോൾ, ഗ്യാസ് പോലുള്ള ഫോസിൽ ഇന്ധനങ്ങൾ തന്നെയാണ്. അതായത്, നമ്മുടെ സ്‌ക്രീനിലെ ‘high definition’ അന്തരീക്ഷത്തിലെ ‘high emission’ ആയി മാറുകയാണ് ചെയ്യുന്നത്.
ഡിജിറ്റൽ സാങ്കേതികവിദ്യകൾ കാർബൺ എമിഷൻ കുറയ്ക്കാൻ സഹായിക്കുന്നുവെന്നത് ശരിതന്നെ. എന്നാൽ പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നത്, ഡാറ്റാ സെന്ററുകളും നെറ്റ്‌വർക്ക് സംവിധാനങ്ങളും കൂടുതൽ കാര്യക്ഷമമാകുന്നുവെങ്കിലും, അതിനൊപ്പം ഡാറ്റാ ആവശ്യകതയുടെ അതിവേഗ വളർച്ച അതിന്റെ എഫിഷ്യൻസിയുടെ നേട്ടങ്ങളെ ഇല്ലാതാക്കുന്നു എന്നതാണ്. അതായത്, കാര്യക്ഷമത മെച്ചപ്പെട്ടാലും, ആളുകളുടെ ‘ഡിജിറ്റൽ ഉപഭോഗം’ അതിവേഗം കൂടുന്നതോടെ കാർബൺ മലിനീകരണത്തിന്റെ ആകെ തോത് കുറയുന്നില്ല; മറിച്ച്, ഒരു അലാമിങ് അവസ്ഥയിലേക്ക് നാം നീങ്ങുകയാണ് (Belkhir & Elmeligi, 2022) ചെയ്യുന്നത് എന്നാണ്.
ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകൾ വാർഷികമായി ഏകദേശം 200 ടെറാവാട്ട് മണിക്കൂർ വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഇത് ചില രാഷ്ട്രങ്ങളുടെ മുഴുവൻ വൈദ്യുതി ഉപഭോഗത്തേക്കാൾ കൂടുതലാണ്.
ക്ലൗഡിൽ മറഞ്ഞിരിക്കുന്ന
കാർബൺ, വെള്ളം, ശബ്ദം, ഇ- മാലിന്യം
ഡിജിറ്റൽ കാലഘട്ടത്തിൽ ‘ക്ലൗഡ്’ എന്നത് ലഘുവായ, ഭാരം കുറഞ്ഞ ഒരു സാങ്കൽപ്പിക ലോകമായി തോന്നാം. യഥാർത്ഥത്തിൽ അത് ഭൂമിയും ഭൗതികവും ചേർന്നൊരു ഭാരമുള്ള വ്യവസ്ഥയാണ്. ഇന്ന് ലോകമെമ്പാടും ആയിരക്കണക്കിന് ഡാറ്റാ സെന്ററുകൾ പ്രവർത്തിക്കുന്നു. ഓരോന്നും വിസ്തൃതിയിൽ ലക്ഷക്കണക്കിന് വീടുകളെ മറികടക്കുന്ന കെട്ടിട സമുച്ചയങ്ങളാണ്. നിരന്തരമായി പ്രവർത്തിക്കുന്ന സർവറുകൾ, കൂളിംഗ് സംവിധാനങ്ങൾ, ഡീസൽ ജെനറേറ്ററുകൾ എന്നിവയെ ആശ്രയിച്ചാണ് ഇവ നിലനിന്നുപോകുന്നത്. ഈ ഘടനകൾ പ്രവർത്തിപ്പിക്കുന്നതിന് ഭീമമായ തോതിലുള്ള വൈദ്യുതി ആവശ്യമാണ്. ചില പഠനങ്ങൾ പ്രകാരം, ഒരു ഡാറ്റാ സെന്റർ മാത്രം ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് ഏകദേശം 50,000 വീടുകളുടെ ആവശ്യത്തിന് തുല്യമാണ് (Monserrate, 2022). എന്നലാവട്ടെ ലോകമെമ്പാടുമുള്ള ഡാറ്റാ സെന്ററുകൾ വാർഷികമായി ഏകദേശം 200 ടെറാവാട്ട് മണിക്കൂർ വൈദ്യുതി ഉപയോഗിക്കുന്നുണ്ടുതാനും. ഇത് ചില രാഷ്ട്രങ്ങളുടെ മുഴുവൻ വൈദ്യുതി ഉപഭോഗത്തേക്കാൾ കൂടുതലാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഡാറ്റാ സെന്ററുകൾ നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് ചൂടാണ്. സർവറുകൾ പ്രവർത്തിക്കുമ്പോൾ സൃഷ്ടിക്കുന്ന അമിത ചൂട് “thermal runaway” എന്നറിയപ്പെടുന്ന അപകടകരമായ അവസ്ഥകൾക്ക് കാരണമാകാം. ഇതിനെ നിയന്ത്രിക്കാൻ സാധാരണയായി ഉയർന്ന ശേഷിയുള്ള എയർ കണ്ടീഷൻ സംവിധാനങ്ങൾ (CRACs / CRAHs) വ്യാപകമായി ഉപയോഗിക്കുന്നു. എന്നാൽ ഇവയ്ക്ക് തന്നെ ചെലവാകുന്ന വൈദ്യുതിയുടെ തോത്, പൂർണ്ണമായും ഉപയോഗിക്കപ്പെടുന്ന വൈദ്യുതിയുടെ 40 ശതമാനം വരെ എത്തിനിൽക്കുന്നു.

അമേരിക്കയിലെ വിർജീനിയ സംസ്ഥാനത്ത് ലോകത്തെ 70 ശതമാനത്തോളം ഇന്റർനെറ്റ് ട്രാഫിക് കടന്നുപോകുന്ന ‘data center alley’ എന്ന പ്രദേശം, ‘ഡേർട്ടി ഗ്രിഡ്’ എന്നാണ് പൊതുവിൽ വിളിക്കപ്പെടുന്നത്. കാരണം ഇവിടെ വൈദ്യുതി ഭൂരിഭാഗവും കോൾ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. അതായത്, ഇന്റർനെറ്റിന്റെ ഉപയോഗം മൂലമുണ്ടാവുന്ന അമിതതാപം നിയന്ത്രിക്കാൻ, വീണ്ടും കാർബൺ പുറന്തള്ളുന്ന പ്രക്രിയകളെ തന്നെ ആശ്രയിക്കേണ്ടിവരുന്നു എന്നതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. വൈദ്യുതി മാത്രമല്ല, വെള്ളവും ക്ലൗഡിന്റെ വലിയൊരു ഉപഭോഗവസ്തുവാണ്. ചൂട് കുറയ്ക്കാൻ പല ഡാറ്റാ സെന്ററുകളും വെള്ളം ഉപയോഗിക്കുന്ന ‘evaporative cooling’ സംവിധാനം സ്വീകരിച്ചുപോരുന്നു. അമേരിക്കയിലെ അരിസോണ, യുഡാ പോലുള്ള വരൾച്ചാഭീഷണിയുള്ള സംസ്ഥാനങ്ങളിൽ, ഡാറ്റാ സെന്ററുകൾ ദിനംപ്രതി കോടിക്കണക്കിന് ലിറ്റർ വെള്ളം വിഴുങ്ങുന്നതായി റിപ്പോർട്ടുകൾ കാണിക്കുന്നു. യുഡായിലെ National Security Agency (NSA) നടത്തുന്ന സെന്റർ ഏകദേശം 70 ലക്ഷം ഗാലൺ വെള്ളം ഓരോ ദിവസവും ഉപയോഗിച്ചുവരുന്നു. വെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ ഇത്തരം വലിയ ഉപഭോഗം സാമൂഹ്യവിരുദ്ധമാണെന്നും, ജനങ്ങളുടെ പ്രതിരോധങ്ങൾ ശക്തമായി ഉയർന്നുവരികയാണെന്നും നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. ഗൂഗ്ൾ പോലുള്ള കമ്പനികൾ 2030- ഓടെ ‘water-positive’ ആയിത്തീരുമെന്ന് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും, അതിന്റെ പ്രായോഗികതയെ കുറിച്ച് വലിയ സംശയങ്ങളുണ്ട്.
ക്രിപ്‌റ്റോ കറൻസി വിപണിയുടെ വളർച്ച, പ്രത്യേകിച്ച് ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപക ഉപയോഗം, സാമ്പത്തിക രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചെങ്കിലും, അതിനൊപ്പം പരിസ്ഥിതിയിൽ ഗൗരവകരമായ ആഘാതങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
കാർബണും വെള്ളവും കൂടാതെ മറ്റൊരു പ്രധാന മലിനീകരണ രൂപം ശബ്ദം ആണ്. സർവറുകളുടെ നിരന്തര പ്രവർത്തനത്തിൽ നിന്നുള്ള മെക്കാനിക്കൽ ശബ്ദം, കൂളിംഗ് ടവറുകളുടെ ഡ്രോൺ ശബ്ദം, ഡീസൽ ജെനറേറ്ററുകളുടെ ശബ്ദം എന്നിങ്ങനെ തുടരുന്നു അത്. അമേരിക്കയിലെ ചില നഗരങ്ങളിൽ ഡാറ്റാ സെന്ററുകൾക്കുസമീപം താമസിക്കുന്നവർക്ക് ഇത് ദൈനംദിന ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട് എന്ന് പഠനങ്ങൾ പറയുന്നു. എന്നാൽ പല രാജ്യങ്ങളിലും ഡാറ്റാ സെന്ററുകളുടെ ശബ്ദം നിയന്ത്രിക്കുന്നതിനുള്ള ശക്തമായ നിയമങ്ങൾ ഇല്ലാത്തതിനാൽ, പ്രദേശവാസികൾക്ക് തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നതിൽ പരിമിതികളുണ്ട്.
e-waste എന്ന പ്രശ്നവും ക്ലൗഡിന്റെ മറഞ്ഞിരിക്കുന്ന പരിസ്ഥിതി ആഘാതങ്ങളിൽ ഒന്നാണ്. സർവറുകൾ, കേബിളുകൾ, ബാറ്ററികൾ, കൂളിംഗ് യൂണിറ്റുകൾ തുടങ്ങിയ ഉപകരണങ്ങൾക്ക് ചെറിയ കാലയളവിനുള്ളിൽ തന്നെ അപ്ഡേറ്റ് ആവശ്യമായി വരുന്നു. കാലഹരണപ്പെട്ട ഉപകരണങ്ങൾ പലപ്പോഴും റീസൈക്കിൾ ചെയ്യാതെ തന്നെ മലിനീകരണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നു. പലപ്പോഴും രണ്ടു വർഷം പോലും കഴിയാതെ ഉപേക്ഷിക്കപ്പെടുന്ന ഉപകരണങ്ങൾ വേസ്റ്റ് ട്രീറ്റ് ചെയ്യാൻ അപൂർവ രാസവിഷ ഘടകങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിന്റെ വലിയൊരു പങ്ക് ആഫ്രിക്കയിലെ ആഗ്‌ബോഗ്‌ലോഷി പോലുള്ള e-waste യർഡുകളിൽ അടിഞ്ഞുകൂടുകയാണ് ചെയ്യുന്നത്.

ക്രിപ്‌റ്റോ മൈനിങ്ങ്:
പുറകിലുണ്ട്, ഒരു വലിയ പരിസ്ഥിതി ഭാരം
ക്രിപ്‌റ്റോ കറൻസി വിപണിയുടെ വളർച്ച, പ്രത്യേകിച്ച് ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ കറൻസികളുടെ വ്യാപക ഉപയോഗം, സാമ്പത്തിക രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചെങ്കിലും, അതിനൊപ്പം പരിസ്ഥിതിയിൽ ഗൗരവകരമായ ആഘാതങ്ങളും ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. Proof-of-Work (PoW) ന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ക്രിപ്‌റ്റോ മൈനിങ്ങ്, ബ്ലോക്ക്ചെയിൻ ഇടപാടുകൾ സാധൂകരിക്കാൻ നിരന്തരം പ്രവർത്തിക്കുന്ന സൂപ്പർകമ്പ്യൂട്ടറുകളെയാണ് ആശ്രയിക്കുന്നത്. ഇവയുടെ ഭീമമായ കണക്കുകൂട്ടലുകൾക്ക് ആവശ്യമായ വൈദ്യുതി പലപ്പോഴും കോൾ, ഗ്യാസ് പോലുള്ള ഫോസിൽ ഇന്ധനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. 2023-ൽ പുറത്തിറങ്ങിയ പഠനങ്ങൾ പ്രകാരം, ബിറ്റ്കോയിൻ മൈനിങിന് മാത്രമായി ലോകത്തിലെ ആകെ വൈദ്യുതി ഉപഭോഗത്തിന്റെ 0.5 ശതമാനമാണ് വിനിയോഗിക്കുന്നത് ഫിൻലാൻഡ്, ബെൽജിയം, ചിലി, ഓസ്ട്രിയ പോലുള്ള രാജ്യങ്ങളുടെ മുഴുവൻ വാർഷിക വൈദ്യുതി ഉപഭോഗത്തേക്കാൾ കൂടുതലാണ് ഇത് എന്ന് കണക്കാക്കപ്പെടുന്നു.
പുതിയ ഗവേഷണങ്ങൾ പ്രകാരം, ബിറ്റ്കോയിൻ മൈനിങ്ങിന്റെ വാർഷിക കാർബൺ പുറന്തള്ളൽ ഏകദേശം 65 മെഗാടൺ CO₂-വരെ എത്തിയിട്ടുണ്ട്. ഇത് ഗ്രീസ്, ഓസ്ട്രിയ പോലുള്ള യൂറോപ്യൻ രാജ്യങ്ങളുടെ മൊത്തം പുറന്തള്ളലിനോട് തുല്യമാണ്. പ്രത്യേകിച്ച് ചൈന, കസാഖിസ്ഥാൻ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന മൈനിങ്ങ് ഫാമുകൾ, ‘ഡേർട്ടി ഗ്രിഡ്’ എന്നു വിളിക്കുന്ന കോൾ-അടിസ്ഥാന പവർ സിസ്റ്റങ്ങളോട് ചേർന്നാണ് പ്രവർത്തിക്കുന്നത്. അതിനാൽ, ഓരോ ബിറ്റ്കോയിൻ ട്രാൻസാക്ഷനും പിന്നിൽ സാധാരണ ബാങ്കിംഗ് ഇടപാടുകളേക്കാൾ നിരവധി മടങ്ങ് അധിക കാർബൺ പുറന്തള്ളലാണ് സംഭവിക്കുന്നത്.
മൈനിങ്ങ് നടക്കുന്ന പ്രദേശങ്ങളിൽ വായു മലിനീകരണത്തിന്റെ തോതും ഗണ്യമായി ഉയരുന്നു. കോൾ പ്ലാന്റുകളിൽ നിന്നുള്ള സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡുകൾ, സൂക്ഷ്മകണങ്ങൾ (PM2.5) എന്നിവ നേരിട്ട് വായു ഗുണനിലവാരത്തെ ബാധിക്കുന്നു. Journal of Digital Economy (2023) പ്രസിദ്ധീകരിച്ച പഠനത്തിൽ, ചൈനയിലെ ചില പ്രവിശ്യകളിൽ ക്രിപ്‌റ്റോ മൈനിങ്ങിന്റെ വ്യാപനവും വായു മലിനീകരണത്തെക്കുറിച്ചുള്ള പൊതുജന ആശങ്കയും തമ്മിൽ വ്യക്തമായ ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. വായുമലിനീകരണം മൂലം ശ്വാസകോശ സംബന്ധമായ രോഗങ്ങൾ, ഹൃദ്രോഗ സാധ്യതകൾ, കുട്ടികളിൽ ആരോഗ്യപ്രശ്നങ്ങൾ എന്നിവ വർധിക്കുകയാണെന്നും ഈ പഠനം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ ASICs, GPUs പോലുള്ള മൈനിങ് ഹാർഡ് വെയറുകൾ വളരെ വേഗം കാലഹരണപ്പെടുന്നു. ഇവ ഉപേക്ഷിക്കപ്പെടുമ്പോൾ അതിലെ അപൂർവ ലോഹങ്ങളും വിഷമുള്ള ഘടകങ്ങളും പുനരുപയോഗിക്കാതെ തന്നെ ഡമ്പ്‌സൈറ്റുകളിലേക്ക് പോകുന്നു എന്നതാണ് യാഥാർഥ്യം. ഇതിന് ദീർഘകാല പരിസ്ഥിതി ദോഷഫലങ്ങളുണ്ടെന്നോർക്കണം.
അതേസമയം, ചില പരിഹാരശ്രമങ്ങളും നടക്കുന്നുണ്ട്. Ethereum, 2022-ൽ Proof-of-Stake (PoS) മോഡലിലേക്ക് മാറിയപ്പോൾ, വൈദ്യുതി ഉപയോഗം ഏകദേശം 99 ശതമാനം വരെ കുറഞ്ഞു.
Proof-of-Work (PoW) പോലെ പഴയ രീതിയിൽ ട്രാൻസാക്ഷൻ ശരിയാണെന്ന് തെളിയിക്കാൻ വലിയ കംപ്യൂട്ടറുകൾ നിരന്തരം പ്രവർത്തിക്കേണ്ടിവന്നത് മൂലം വൈദ്യുതി വൻതോതിൽ വിഴുങ്ങി. എന്നാൽ Proof-of-Stake (PoS) എന്ന പുതിയ രീതിയിൽ, ‘ആർക്കാണ് കൂടുതൽ നിക്ഷേപം’ എന്നതിനെ ആശ്രയിച്ചാണ് പരിശോധന നടക്കുന്നത്. ഇതോടെ വലിയ കമ്പ്യൂട്ടർ മത്സരം ഒഴിവായി, വൈദ്യുതി ഉപയോഗം 99% വരെ കുറയുകയും ചെയ്തു.
ബിറ്റ്കോയിൻ പോലുള്ള വലിയ നെറ്റ്‌വർക്ക്‌കൾ ഇപ്പോഴും PoW മോഡലിൽ തുടരുന്നുണ്ടെങ്കിലും, ഭാവിയിൽ അവയ്ക്കും കൂടുതൽ ഊർജ്ജക്ഷമമായ രീതികൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യം ഉയർന്നുവരുന്നു. പഠനം പൊതു പരിസ്ഥിതി ബോധവൽക്കരണം വർധിച്ചുവരുന്നതോടെ സർക്കാരുകളും റഗുലേറ്ററി ഏജൻസികളും മൈനിങ്ങിന് ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടുവരേണ്ടി വരുമെന്ന് തന്നെയാണ് ഈ പഠനങ്ങൾ പറഞ്ഞുവയ്ക്കുന്നത്.
ഡിജിറ്റൽ ഉപഭോഗത്തിന്റെ പ്രയോജനം ഒരു ഭൂഖണ്ഡത്തിനും, അതിന്റെ പരിസ്ഥിതി ചെലവ് മറ്റൊരു ഭൂഖണ്ഡത്തിനും – ഈ പ്രക്രിയയെയാണ് ‘carbon leakage’ എന്നും ‘digital colonialism’ എന്നും വിശേഷിപ്പിക്കുന്നത്.
ഇൻവിസിബിൾ വേസ്റ്റ്:
ആഗോള രാഷ്ട്രീയം, പരിസ്ഥിതി നീതി
“Invisible Waste” എന്ന ആശയം വെറും എനർജി ചെലവോ, വെള്ളം ഉപഭോഗമോ, ഇലക്ട്രോണിക് മാലിന്യപ്രശ്നമോ മാത്രമായി കാണാനാകില്ല. ഒരേസമയം അത് ആഗോള രാഷ്ട്രീയവും പരിസ്ഥിതിനീതിയും ചേർന്ന വലിയൊരു വിഷയം കൂടിയാണ്. ലോകമെമ്പാടുമുള്ള ഹൈപ്പർസ്കെയിൽ ഡാറ്റാ സെന്ററുകൾ, ക്രിപ്‌റ്റോ മൈനിങ് ഫാമുകൾ, ഹൈ-എൻഡ് AI സെർവർ ക്ലസ്റ്ററുകൾ എന്നിവ പ്രധാനമായും അമേരിക്കയിലെ വിർജീനിയ, യൂറോപ്പിലെ അയർലണ്ട്, ഏഷ്യയിലെ സിംഗപ്പൂർ, ചൈന തുടങ്ങിയ ഊർജ്ജ ഇടനാഴികളിലാണ് (energy corridors) സ്ഥിതിചെയ്യുന്നത്. എന്നാൽ ഇവിടങ്ങളിലാണ് ഇന്ത്യയിലെ ഒരാളുടെ WhatsApp voice note-നും, യൂറോപ്പിലെ ഒരാളുടെ Netflix streaming-നും പിന്നിലെ വൈദ്യുതിചെലവും കാർബൺ പുറന്തള്ളലും നടക്കുന്നത്. ഡിജിറ്റൽ ഉപഭോഗത്തിന്റെ പ്രയോജനം ഒരു ഭൂഖണ്ഡത്തിനും, അതിന്റെ പരിസ്ഥിതി ചെലവ് മറ്റൊരു ഭൂഖണ്ഡത്തിനും – ഈ പ്രക്രിയയെയാണ് ഗവേഷകർ “carbon leakage” എന്നും “digital colonialism” എന്നും പിൽക്കാലത്ത് വിശേഷിപ്പിച്ചുപോന്നിട്ടുള്ളത് .
ജലോപഭോഗവും (water politics) Invisible Waste-ന്റെ ജിയോ പൊളിറ്റിക്സിൽ നിർണായകമാണ്. ഹൈപ്പർ സ്കയിൽ ഡാറ്റാ സെർവർ കൂളിങ്ങിനാനായി ദിവസേന കോടിക്കണക്കിന് ലിറ്റർ വെള്ളം ഉപയോഗിക്കുന്നുണ്ട്. അമേരിക്കയിലെ അരിസോണ, യുഡാ പോലുള്ള വരൾച്ചാഭീഷണിയുള്ള സംസ്ഥാനങ്ങളിൽ ഡാറ്റാ സെന്ററുകൾ ദിനംപ്രതി ജനങ്ങൾ ആശ്രയിക്കുന്ന പ്രധാന ജലസ്രോതസ്സുകൾ തന്നെ ഊറ്റിയെടുക്കുന്നു എന്ന് റിപ്പോർട്ടുകൾ കാണിക്കുന്നു. ഒരു രാജ്യത്തിന്റെ ജലസുരക്ഷ, മറ്റൊരു രാജ്യത്തിന്റെ ഡിജിറ്റൽ ആശ്രയത്തിന്റെ ഇരയായി മാറുന്നു എന്ന വിചിത്രമായ വിരോധാഭാസമാണ് ഇതിലൂടെ സംഭവിക്കുന്നത് .
Data sovereignty-യും പരിസ്ഥിതി നീതിയും തമ്മിൽ ഏറ്റുമുട്ടുന്ന സ്ഥിതിയാണ് ഇന്നുണ്ടാകുന്നത്. ഒരു പ്രദേശത്തിലെ ജനങ്ങൾ അവരുടെ ഭൂമി, വൈദ്യുതി, വെള്ളം, വായു എന്നിങ്ങനെ ത്യാഗം ചെയ്യുമ്പോൾ, അതിന്റെ സേവനങ്ങൾ മറ്റൊരു പ്രദേശത്തെ ജനങ്ങൾ സൗകര്യമായി ആസ്വദിക്കുന്നു. ഇതാണ് ഇൻവിസിബിൾ വേസ്റ്റിനെ ആഗോള നീതിപ്രശ്നമാക്കുന്നത്. യൂറോപ്യൻ യൂണിയൻ 2030-ഓടെ കാർബൺ ബോർഡർ ടാക്സ് നടപ്പിലാക്കാൻ ഒരുങ്ങുന്നുണ്ട്. ഭാവിയിൽ cloud computing, crypto mining, AI data flows തുടങ്ങിയവയും ഇതിൽ ഉൾപ്പെടേണ്ട സാഹചര്യം ശക്തമായി ഇന്നത്തെ സാഹചര്യത്തിൽ ഉയർന്നുവരുന്നു. അതായത്, ഇൻവിസിബിൾ വേസ്റ്റിന്റെ geopolitics, അന്താരാഷ്ട്ര വ്യാപാരത്തെയും സാങ്കേതിക ഭരണഘടനയെയും (technology governance) തന്നെ ബാധിക്കാനുള്ള സാധ്യത നിലനില്ക്കുന്നുണ്ട് എന്ന് സാരം. കൂടാതെ ഒരു എനർജി ബ്ലാക്ക്ഔട്ട്, കാലാവസ്ഥാ ദുരന്തം, അല്ലെങ്കിൽ സൈബർ ആക്രമണം എന്നിവ സംഭവിക്കുമ്പോൾ ഇൻവിസിബിൾ വേസ്റ്റിന്റെ ഭൗതിക അടിസ്ഥാനം തന്നെ ദേശീയ സുരക്ഷയെ ബാധിക്കുന്നു.
ഉദാഹരണത്തിന്, 2021-ൽ ടെക്സാസിലുണ്ടായ ‘ഐസ് സ്ട്രോം’ സമയത്ത് ഡേറ്റാ സെന്ററുകളുടെ വൈദ്യുതി ആവശ്യങ്ങൾ കാരണം പ്രദേശ വാസികളുടെ വീടുകൾ ഇരുട്ടിലായി. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ vs ലോക്കൽ റെസിലിയൻസ് എന്ന വൈരുധ്യം ഇൻവിസിബിൾ വേസ്റ്റ് വ്യക്തമാക്കുന്ന മറ്റൊരു മുഖമാണ്.

ഡാറ്റാ ഡിമാൻഡ് വിപുലമായി വളരുകയാണ്. അതിനാൽ ഭാവിയിലെ സുസ്ഥിര സാങ്കേതിക പരിഹാരങ്ങളിൽ മാത്രം ആശ്രയിക്കാതെ, ഡിജിറ്റൽ ഉത്തരവാദിത്തത്തിന്റെ ആഗോള പുനർവിതരണത്തിലൂടെ പ്രശ്നപരിഹാരം സാധ്യമാക്കുക എന്നത് മാത്രമേ ഒരു പോംവഴിയായി നിലനിൽക്കുന്നുള്ളൂ (Belkhir & Elmeligi -2022). ഇൻവിസിബിൾ വേസ്റ്റിന്റെ ജിയോ പൊളിറ്റിക്സ് എനർജി ട്രാൻസിഷൻ ചർച്ചകളെക്കാൾ കൂടുതൽ സങ്കീർണ്ണമായ ആഗോള പരിസ്ഥിതിനീതി സംബന്ധിച്ച വലിയൊരു ചർച്ചയാണ്.
▮
References
Li, G., Jin, Y., & Gao, X. (2023). Digital transformation and pollution emission of enterprises: Evidence from China’s micro-enterprises. Energy Reports, 9, 552–565. https://doi.org/10.1016/j.egyr.2022.11.169
Hou, J. (2023). Internet usage, environmental knowledge, and the surge of air pollution concern in China. SSRN Electronic Journal. https://doi.org/10.2139/ssrn.5348921
Khalatbari, C. (2025). Extraction, cloud, waste: Electronic literature as a catalyst for our internet eco-material awareness. MATLIT, 12(1), 135–147. https://doi.org/10.14195/2182-8830_12-1_8
Antonopoulos, I., Kiprakis, A., Robu, V., Flynn, D., Couraud, B., Elizondo-Gonzalez, S., Kirli, D., Norbu, S., & Wattam, S. (2020). Artificial intelligence and machine learning approaches to energy demand-side response: A systematic review. Renewable and Sustainable Energy Reviews, 129, 109899. https://doi.org/10.1016/j.rser.2020.109899.
