ബോധജ്ഞാനം എങ്ങനെ?
തർക്കങ്ങളിൽനിന്ന് സംഘർഷത്തിലേക്ക്

ന്യൂറോശാസ്ത്രജ്ഞരെത്തന്നെ കുഴയ്ക്കുന്നതാണ് ബോധജ്ഞാനത്തിന്റെ ന്യൂറോൺ പ്രായോഗിക വിധിതന്ത്രങ്ങൾ. പല സിദ്ധാങ്ങളുണ്ടെങ്കിലും ഒന്നിനും പ്രാമാണികത കൈവന്നിട്ടില്ല. ശാസ്തത്തിലെ 'വിഷമപ്രശ്നം' ആയി ഇത് നിലകൊള്ളുന്നു. എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 10

ബോധജ്ഞാനം ഈയിടെവരെ വേദാന്തികളുടെ കുത്തകയായിരുന്നു. അരിസ്റ്റോട്ടിൽ തുടങ്ങിവെച്ചതാണിത്. കൂടെക്കൂടാൻ കവികളും ധാരാളം എത്തി. വെറും അനുമാനങ്ങളിലൂടെ അവർനിർവ്വചിച്ചെടുത്ത പലതും ന്യൂറോ സയൻസിന്റെ പുരോഗമനത്തോടെ അപ്രസക്തമായിപ്പോയിട്ടുണ്ട്. പക്ഷേ ഇന്നും അവർ വിട്ടുകൊടുക്കാൻ തയാറല്ല താനും. ന്യൂറോൺ വലയങ്ങളെക്കുറിച്ചും സംവേദനങ്ങളെക്കുറിച്ചും ചിന്ത, തോന്നൽ, ഓർമ്മ, പഠിച്ചെടുക്കൽ, വികാരം ഇവയുടെയെല്ലാം തലച്ചോറ് ആധാരങ്ങളെക്കുറിച്ചുമുള്ള വിശദമായ അറിവ് വേദാന്തികളുടെ ധാരണകൾക്ക് വെല്ലുവിളിയായുയർന്നിട്ടുണ്ട്. തലച്ചോറിന്റെ ഘടനയും ന്യൂറോൺ വിന്യാസങ്ങളും വിദ്യുച്ഛക്തി ഉൽപാദനവുമൊക്കെ കൂടിച്ചേർന്ന ഭൗതികമായ പ്രവർത്തനമാണ് ബോധജ്ഞാനത്തിന്റെ ആധാരം എന്നത്, കവികളെയോ വേദാന്തികളേയോ നിരാശയിൽ ആഴ്ത്താൻ പര്യാപ്തവുമാണ്.

അരിസ്റ്റോട്ടിൽ

എന്നാൽ, ഇന്ന് ന്യൂറോ സയൻസ് വിദ്വാന്മാർക്കിടയിലാണ് തർക്കങ്ങൾ, ബോധജ്ഞാനം എങ്ങനെ നിർമ്മിക്കപ്പെടുന്നു എന്നതിനെപ്പറ്റി. പരീക്ഷണം നടത്തി ഒരു കൂട്ടം തെളിവുകളുമായി എത്താൻ പ്രയാസമാണ്. കാരണം അറിവിന്റെ ആകെത്തുകയാണ്, വികാരങ്ങളുടെ ആധാരമാണ്, ഞാൻ എന്ന ബോധത്തിന്റെ കാരണമാണ്. അമൂർത്തവും നിരാകാരവും ഭാവാത്മകവുമായതിനെ, ന്യൂറോൺ വലയങ്ങൾ പോലെ ഭൗതികമായതുമായി ബന്ധിപ്പിക്കാൻ പ്രയാസമാണ്.

ബോധജ്ഞാനം എന്നത് ഒരു മനുഷ്യൻ അനുഭവിച്ചറിയുന്ന എല്ലാം സമാഹരിക്കപ്പെട്ടതാണ്. കേൾക്കുന്നത്, തോന്നുന്നത്, സ്വാദ് അറിയുന്നത്, ആവശ്യങ്ങൾ അറിയുന്നത്, മുൻകൂട്ടി കാര്യങ്ങൾ തീരുമാനിക്കുന്നത്… ഇതുപോലെ എല്ലാം. ബോധജ്ഞാനമുള്ള മനസ്സിന് പൊരുത്തപ്പെടാനും കാര്യങ്ങൾ പഠിച്ചെടുക്കാനും അനുസ്യൂതം പരിണമിക്കുന്ന പരിതസ്ഥിതിക്കനുസരിച്ച് വരാൻ പോകുന്ന സ്ഥിതിയിൽ എന്തു ചെയ്യാനാകും എന്ന് തീരുമാനിച്ചെടുക്കാനും സാദ്ധ്യമാണ്. സ്വാഭാവിക ഉറക്കത്തിലും മരുന്നുകൊണ്ട് ബോധം പോയ അവസ്ഥയിലും ഇത് മന്ദീഭവിക്കപ്പെടുന്നു, സൈക്കോസിസ് വേളയിലോ സൈക്കെഡലിക് മരുന്നുകളാലോ ഇത് വികൃതമാവുകയോ അപഭ്രംശം സംഭവിക്കപ്പെട്ടതോ ആകാം. പല അടരുകളുള്ള ബോധജ്ഞാനത്തിന്റെ സൂക്ഷ്മനിയന്ത്രണവും പ്രായോഗികപ്രാപ്തിയും സാധിച്ചെടുക്കുന്ന ന്യൂറൽതന്ത്രങ്ങളെയും തലച്ചോർ വ്യവസ്ഥകഴെയും പഠിച്ചെടുക്കേണ്ടിയിരിക്കുന്നു. തോന്നലുകളും ഘടനയും തമ്മിൽ ബന്ധിപ്പിക്കുന്നത് എളുപ്പമല്ല. ഈ വൈഷമ്യത്തിലാണ് ആന്തരിക ഘടനയും ഫിസിയോളജിയും വിശദീകരിക്കേണ്ട ബാദ്ധ്യതയില്ലാത്ത വേദാന്തികൾ തങ്ങളുടെ ഇടം സൃഷ്ടിച്ച് കടന്നുകയറിയത്.

ബോധജ്ഞാനം എന്നത് ഒരു മനുഷ്യൻ അനുഭവിച്ചറിയുന്ന എല്ലാം സമാഹരിക്കപ്പെട്ടതാണ്. / Painting: Stephen Arthur

എന്നാൽ, ന്യൂറോ ശാസ്ത്രജ്ഞരെത്തന്നെ കുഴയ്ക്കുന്നതാണ് ബോധജ്ഞാനത്തിന്റെ ന്യൂറോൺ പ്രായോഗിക വിധിതന്ത്രങ്ങൾ. പല സിദ്ധാങ്ങളുണ്ടെങ്കിലും ഒന്നിനും പ്രാമാണികത കൈവന്നിട്ടില്ല. ശാസ്തത്തിലെ ‘വിഷമപ്രശ്നം’ (hard problem) ആയി ഇത് നിലകൊള്ളുന്നു. ഭൗതികപദാർത്ഥങ്ങളുടെ പ്രവർത്തനം മൂലം തോന്നൽ, അറിവ്, വികാരം എന്നിവ ഉളവാകുന്നത് എങ്ങനെയെന്ന് തെളിയിക്കാനുള്ള പ്രയാസം തന്നെ ഇത്. ഏത് പരീക്ഷണമാണ് ഒരു സിദ്ധാന്തം തെളിയിക്കാൻ ആവശ്യമായത് എന്ന് നിർണ്ണയിക്കാൻ പ്രയാസമാണ്. കാരണം, തലച്ചോറിന്റെ പ്രവർത്തനങ്ങൾ അത്രമാത്രം സങ്കീർണമാണ്. എങ്കിലും ഇടം- സമയം എന്നിവയുടെ നിയന്ത്രിത വിന്യാസങ്ങളും പ്രയോഗങ്ങളും (spatio-temporal activities) തലച്ചോറിലുളവാക്കുന്ന അദ്ഭുതപ്രതിഭാസം തന്നെ ബോധജ്ഞാനം.

പ്രധാന സിദ്ധാന്തങ്ങൾ

പല സിദ്ധാന്തങ്ങൾ മുന്നോട്ട് വെക്കപ്പെട്ടിട്ടുണ്ടെങ്കിലും പ്രധാനമായും നാലെണ്ണമാണ് ആധികാരികത അർഹിക്കുന്നതായി അംഗീകരിക്കപ്പെടുന്നത്. പലതും ഒരു പറ്റം തിയറികളുടെ സമാഹരണമാണുതാനും. അതുകൊണ്ട് സമാനവർഗ്ഗം (category) എന്ന് കരുതണം എന്ന് ചില വിദഗ്ധർ.

  1. ആഗോള ന്യൂറൽ പ്രവർത്തിയിടസിദ്ധാന്തം (Global Neural Workspace Theory, GNWT): എസ്. ഡിഹെയ്നും (S. Dehaene) കൂട്ടരും പ്രദാനം ചെയ്ത സിദ്ധാന്തമാണിത്. സംവേദനവിവരം (sensory information ) ബോധജ്ഞാനത്തിന്റെ ചില കേന്ദ്രങ്ങളിൽ എത്തപ്പെടുകയും അവിടുന്ന് അത് ആഗോളപരമായി തലച്ചോറിന്റെ മറ്റിടങ്ങളിലേക്ക് സംപ്രേക്ഷണം (broadcast) ചെയ്യപ്പെടുകയുമാണ്. ഇത് ന്യൂറോൺ ഘടനാപരമായി വിസ്താരമാർന്നതാണ്, ‘workspace’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും സർവ്വനിയന്ത്രണങ്ങളിലും മേൽക്കൈ നേടുന്ന ഉപരിതലപാളിയായ ‘കോർടെക്സി’ലെ ഇടങ്ങളാണ്, കൃത്യമായി സൂചിപ്പിച്ചാൽ നെറ്റിക്കു പുറകിലെ പ്രി ഫ്രോണ്ടൽ കോർടെക്സ് (prefronatal cortex) കേന്ദ്രീകൃതമായിട്ടാണ് ഇത് സംഭവിക്കുന്നത്. ആ workspace-ൽ പടർന്നുപരക്കുന്ന സവിശേഷതയാണ് ബോധജ്ഞാനം.

  2. സമാകലിത വിവരശേഖര സിദ്ധാന്തം (Integrated Information Theory, IIT): ക്രിസ്റ്റോഫ് കോചിന്റേതാണ് ഈ സിദ്ധാന്തം. തികച്ചും ഗണിതശാസ്ത്രപരമായ അനുമാനങ്ങൾ ഒരു പ്രതിഭാസത്തെ നിർവ്വചിക്കാൻ ഉപയോഗിക്കപ്പെടുകയാണിവിടെ. നിശ്ചിത ന്യൂറോണൽ വാസ്തുഘടന സൃഷ്ടിക്കുന്ന, ആകപ്പാടെയുള്ള വിവരം ഒരു ശക്തിക്ക് തുല്യമാണ്, അത് കാരണവും ഫലവും (cause and effect) കൂടി സൃഷ്ടിച്ചെടുക്കുന്നതും അത് input- output, information processing എന്നിവയുമായി ബന്ധപ്പെട്ടതല്ലെന്നുമാണ് പ്രഖ്യാപനം. ന്യൂറോൺ വലയങ്ങൾ ഈ ശക്തികൊണ്ട് അവയെത്തന്നെ സ്വാധീനിക്കുകയാണ്. കൂടുതൽ കാരണ-ഫല ശക്തി ഉളവാകുന്നെങ്കിൽ കൂടുതൽ ബോധജ്ഞാനം കൈവരിക്കുകയാണ്. തലച്ചോറിന്റെ പിൻഭാഗത്തുള്ള കോർടെക്സ് ആണ് ഏറ്റവും കൂടുതൽ സമാകലിത വിവരശേഖര പ്രദാനി. ഇത് കണക്കുകൂട്ടലുകൾ കൊണ്ട് നിശ്ചിതപ്പെടുത്തുന്നതായതുകൊണ്ട് അചേതന വസ്തുക്കൾക്കും ബോധജ്ഞാനം വന്നുഭവിച്ചേക്കാം എന്ന് വാദിക്കാനുള്ള സാദ്ധ്യതയേറ്റുന്നു, ഈ സിദ്ധാന്തം.

  3. ഉന്നത ക്രമവ്യവസ്ഥാസിദ്ധാന്തം (Higher-order theory): തലച്ചോറിലെത്തുന്ന പ്രാഥമിക സംവേദനങ്ങൾ വേർതിരിച്ച് ഉന്നത വ്യവസ്ഥയിലെത്തിച്ച് അവിടെ അതിന് അർത്ഥം കൽപ്പിക്കുന്ന സിദ്ധാന്തമാണിത്. ന്യൂറോൺ വലയങ്ങളുമായി നേരിട്ടുള്ള ബന്ധങ്ങളെക്കുറിച്ച് വ്യക്തതയില്ലെങ്കിലും തലച്ചോറിന്റെ മുൻഭാഗത്തുള്ള കോർടെക്സ് ഭാഗങ്ങൾ (anerior cortical regions), പ്രത്യേകിച്ചും പ്രി- ഫ്രൊണ്ടൽ കോർടെക്സ് ആണ് ബോധജ്ഞാനം എന്ന പ്രതിഭാസത്തിന്റെ ഇരിപ്പിടം എന്നാണ് അനുമാനം.

  4. പുനഃപ്രവേശനസിദ്ധാന്തം: വീണ്ടും വീണ്ടും ലഭിക്കുന്ന സന്ദേശങ്ങളെ - അതും മുകളിൽ നിന്ന് താഴേയ്ക്ക് (top-down) എന്ന നിലയിൽ എത്തുന്നവയെ- ക്രമപ്പെടുത്തി അതിന് വ്യാഖ്യാനം ചമയ്ക്കുന്നതാണ് ബോധജ്ഞാനത്തിലേക്ക് നയിക്കുന്നത് എന്നാണ് ഈ സിദ്ധാന്തം സൂചിപ്പിക്കുന്നത്.

ഇതുകൂടാതെ യൂണിവേഴ്സിറ്റി ഓഫ് സതേൺ കാലിഫോർണിയ പ്രൊഫസർ അന്റോണിയോ ഡമാസിയോ മറ്റൊരു സിദ്ധാന്തവുമായി എത്തിയിട്ടുണ്ട്. ശരീരവും തലച്ചോറും ഒരുപോലെ പങ്കാളികളാകുന്ന, തോന്നലുകളും വികാരങ്ങളും സമാകലിച്ച് ബോധജ്ഞാനം സൃഷ്ടിക്കുന്ന ആലോചനയാണിത്.

രണ്ട് ബോധജ്ഞാന സിദ്ധാന്തങ്ങളുടെ താരതമ്യം. Photo: Science 2021

ആദ്യത്തെ രണ്ട് സിദ്ധാന്തങ്ങൾക്കും ധാരാളം പ്രായോഗിക തെളിവുകൾ നിരത്തപ്പെട്ടുട്ടുണ്ട്. 2000- ത്തിന്റെ ആദ്യപാദങ്ങളിലെ അനിശ്ചിതത്വത്തിൽ നിന്ന് ഈ തിയറികളും ഇതോടൊപ്പം ആവിഷ്ക്കരിക്കപ്പെട്ട മറ്റ് തത്വങ്ങളും ബോധജ്ഞാനത്തെക്കുറിച്ചുള്ള അറിവുകൾക്ക് വ്യാപ്തിയും ആഴവും വർദ്ധിപ്പിച്ചിട്ടുണ്ട്. കീറാമുട്ടിയായ പ്രശ്നത്തെ എങ്ങനെ സമീപിക്കണം എന്നതിൽ വ്യക്തതയും വർദ്ധമാനമായിട്ടുണ്ട്. പക്ഷേ, എല്ലാ തിയറികളും ഒരൊറ്റ പ്രതിഭാസത്തിനു വിശദീകരണമാവില്ല, ബോധജ്ഞാനം കൃത്യമായി എങ്ങനെ ഉടലെടുക്കുന്നു എന്നതിന് തീർച്ചയായും ഒരേയൊരു തിയറി മാത്രമേ പ്രയോഗ സാദ്ധ്യമാകുകയുള്ളൂ എന്ന സത്യം നിലനിൽക്കുന്നു.

വിരുദ്ധാശയങ്ങളുമായി ശാസ്ത്രം വഴിമുട്ടുമ്പോൾ അവയെ സമന്വയിപ്പിക്കാൻ ഇരുകൂട്ടരും ഒന്നിച്ച് പ്രവർത്തിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ വഴി. ‘വിരുദ്ധരുടെ കൂട്ടായ്മ’ എന്ന വിചിത്ര ആശയം.

പാൻസൈക്കിസം (Panpsychism)

ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി /ന്യൂറോസയൻസ് പ്രൊഫസറായ ഡി. ചാൽമേഴ്സ് (D. Chalmers) ബോധജ്ഞാനത്തിന് മറ്റൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. തലച്ചോറുമായി ബന്ധപ്പെട്ടല്ല ബോധജ്ഞാനം രൂപീകരിക്കപ്പെടുന്നതെന്ന് അദ്ദേഹം വാദിക്കുന്നു. മനസ്സ് അല്ലെങ്കിൽ മനസ്സ് പോലെയുള്ള സവിശേഷത യഥാതഥത്വ (reality)ത്തിന്റെ സ്വഭാവമാണെന്നും ഈ പ്രപഞ്ചമാകെ അത് നിറഞ്ഞുനിൽക്കുന്നു എന്നും വിശ്വസിക്കുന്ന ‘പാൻസൈക്കിസം’ വിശ്വാസികളുടെ കൂട്ടത്തിൽ മുൻപന്തിയിൽ നിൽക്കുന്നു ഡോ. ചാൽമേഴ്സ്. ബോധജ്ഞാനം തികച്ചും ഒരു ഭൗതിക പ്രതിഭാസമാണെന്നും ‘psycho physical’ നിയമങ്ങൾ അനുസരിച്ചാണ് അതിന്റെ പ്രവർത്തനങ്ങളെന്നും അദ്ദേഹം പ്രഖ്യാപിക്കുന്നുണ്ട്. വികാരങ്ങളോ തോന്നലോ അറിവുകളോ ബോധജ്ഞാനത്തിന്റെ ലക്ഷണങ്ങളല്ലെന്നും തലച്ചോറുമായി അതിനു യാതൊരു ബന്ധമില്ലെന്നും തലച്ചോർ പ്രവർത്തനപഠനങ്ങൾ ബോധജ്ഞാനത്തിന്റെ ആധാരകാരണങ്ങൾ വെളിവാക്കുകയില്ലെന്നും പാൻസൈക്കുകൾ വിശ്വസിക്കുന്നു. ഒരു പ്രോട്ടോണിനോ ഫോട്ടോണിനോ പോലും മനസ് ഉണ്ടെന്ന് ചാൽമേർസ് ആണയിടുന്നുണ്ട്. പരീക്ഷിച്ച് തെളിയിക്കാനാവാത്തത് ശാസ്ത്രം അംഗീകരിക്കുകയില്ല എന്നതുകൊണ്ട് പാൻസൈക്കിസം ശാസ്ത്രജ്ഞരുടെ പടിക്കുപുറത്താണ്.

തലച്ചോറുമായി ബന്ധപ്പെട്ടല്ല ബോധജ്ഞാനം രൂപീകരിക്കപ്പെടുന്നതെന്ന് ചാല്‍മേഴ്സ് വാദിക്കുന്നു. / Photo: Piet Mondrian

വിരോധികളും പ്രതിവാദികളും
ഒന്നിക്കുന്നു

വിരുദ്ധാശയങ്ങളുമായി ശാസ്ത്രം വഴിമുട്ടുമ്പോൾ അവയെ സമന്വയിപ്പിക്കാൻ ഇരുകൂട്ടരും ഒന്നിച്ച് പ്രവർത്തിക്കുക എന്നതാണ് ശാസ്ത്രത്തിന്റെ വഴി. ‘വിരുദ്ധരുടെ കൂട്ടായ്മ’ (Adversarial collaboration) എന്ന വിചിത്ര ആശയം. ഐൻസ്‌റ്റൈനിന്റെയും ന്യൂട്ടന്റെയും ആശയങ്ങളിലെ വൈരുദ്ധ്യം ഒന്നിനെതിരെ മറ്റൊന്ന് എന്ന രീതിയിൽ പഠിക്കപ്പെട്ടിട്ടുണ്ട്. ഇന്ന് ബോധജ്ഞാനത്തിന്റെ സത്യങ്ങൾ നിർവ്വചിച്ചെടുക്കാൻ ഇത്തരം വിരുദ്ധചേരികളുടെ കൂട്ടായ പഠനം ആവശ്യമാണ്. COGITATE (Collaboration On GNW and ITT : Testing Alternative Theories of Experience) ഇത്തരം ഒരു സംരംഭമാണ്, ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട് അവർ.

ഇന്ന് വൻ സ്ഫോടനാത്മകമായ സംഘർഷത്തിലേക്ക് തള്ളിയിടപ്പെട്ടിരിക്കയാണ് ബോധജ്ഞാന ഗവേഷണമേഖല. കഴിഞ്ഞ സെപ്റ്റംബർ 13-ന് 124 ശാസ്ത്രജ്ഞരുടെ തുറന്ന കത്ത് സമാകലിത വിവരശേഖര തിയറി വ്യാജശാസ്ത്രമാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുന്നു.

പ്രയോഗരീതികൾ, ഭവിഷ്യസാദ്ധ്യതകൾ, നിശ്ചിതപ്പെടുത്തിയ വിശകലനങ്ങൾ ഒക്കെ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ആറ് വ്യത്യസ്ത ലാബുകളിൽ ന്യൂറോ ശാസ്ത്രജ്ഞർ നിലവിലുള്ള തിയറികളുടെ പ്രയോഗക്ഷമത പരീക്ഷിക്കുകയാണ്. 2023 ജൂണിൽ Association for the Scientific Study of Consciounsess (ASSC) മീറ്റിങ്ങിൽ ഇവരുടെ പഠനങ്ങൾ പ്രകാശിപ്പിച്ചു. നിശ്ചിത ശാസ്ത്രജ്ഞർ പല പ്രയോഗവിധികൾ ആധാരമാക്കി ബോധജ്ഞാനം രൂപം കൊള്ളുന്ന വഴികളും തലച്ചോർ പ്രവർത്തനങ്ങളും പഠിച്ചെടുക്കുകയായിരുന്നു. ആഗോള ന്യൂറൽ പ്രവർത്തിയിടം (Global Neuronal Workspace Theory GNWT) സിദ്ധാന്തവും സമാകലിത വിവരശേഖര (IIT) തിയറിയും പരസ്പരം താരതമ്യപ്പെടുത്തുന്ന രീതിയാണ് അവലംബിച്ചത്. IIT തിയറി പ്രഖ്യാപിച്ചതിൻപടി തലച്ചോറിന്റെ പിൻഭാഗം (posterior cortex) ബോധജ്ഞാനത്തിന്റെ ചില അറിവുകൾക്ക് കേന്ദ്രമാകുന്നെണ്ടെന്ന് സ്ഥിരീകരിച്ചു. പക്ഷേ തിയറി പ്രവചിയ്ക്കുന്ന വിധം അനുസ്യൂതം തലച്ചോറിന്റെ മറ്റ് ഭാഗത്തേയ്ക്ക് പ്രസരിക്കുന്ന വ്യാഖ്യാനാത്മക വിവരങ്ങൾ (ഇവയാണ് ബോധജ്ഞാനത്തെ പൂർത്തീകരിക്കുന്നറ്റ്) രേഖപ്പെടുത്തപ്പെട്ടില്ല, തിയറി അപൂർണ്ണമാണെന്ന് സാരം.

അതുപോലെ GNWT പ്രവചിച്ചവിധം തലച്ചോറിന്റെ മുൻഭാഗത്ത് (frontal cortex) ബോധജ്ഞാനത്തിന്റെ ചില പ്രവർത്തിസൂചനകൾ ലഭ്യമായിരുന്നു, പക്ഷേ എല്ലാം ഉണ്ടായിരുന്നില്ല. കൂടാതെ മറ്റു ഭാഗങ്ങളിലേക്ക് ഇവ സംപ്രേഷണം ചെയ്യുന്നത് നിരീക്ഷിക്കപ്പെട്ടെങ്കിലും പൂർണമായും ബോധജ്ഞാനത്തിന്റെ അനുഭവസൂചനകൾ തീരും വരെ ഇവ നിലനിന്നിരുന്നില്ല. ഈ രണ്ട് തിയറികളും തെറ്റാണെന്നല്ല, അവ രണ്ടും വീണ്ടും പുതുക്കിയെടുക്കേണ്ടിയിരിക്കുന്നു, പുതിയ പരീക്ഷണങ്ങളുടെ വെളിച്ചത്തിൽ വിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു എന്നാണ്.

Frontal cortex

IIT ആശയത്തിന്റെ ഉപജ്ഞാതാവ് കൃസ്റ്റോഫ് കോച് ഇപ്പോൾ ജന്തുക്കളുടെ തലച്ചോർ വിന്യാസങ്ങൾ മാതൃകയായി ഉപയോഗിച്ച് ബോധജ്ഞാനവിശകലനങ്ങളിൽ ഏർപ്പെടുന്നുണ്ട്. വേദാന്തിയായ ഡി. ചാൽമേഴ്സ് രണ്ട് പുതിയ പരികൽപ്പനകളുമായി ഉടൻ എത്തുമത്രെ.

ഒരു കുപ്പി വൈനിൽ തീർക്കുന്ന
ബോധജ്ഞാന വിവാദങ്ങൾ

ബോധജ്ഞാനത്തിന്റെ ആധാരകാരണങ്ങളായ ന്യൂറൽ പെരുമാറ്റങ്ങളുടെ വിശദാംശങ്ങൾ ഇന്നും വെളിവായിട്ടില്ല എന്നതിൽ അദ്ഭുതത്തിനവകാശമുണ്ട്. ന്യൂറോണുകളുടെ പ്രവർത്തനം സുവിദിതമാണ്, സംവേദനത്തിനുപയോഗിക്കുന്ന ന്യൂറോ ട്രാൻസ്മിറ്ററുകളെക്കുറിച്ച് അജ്ഞാതമായി ഒന്നുമില്ല. തലച്ചോറിന്റെ കേന്ദ്രങ്ങളുടെ ഘടനയും ധർമ്മങ്ങളും വിശദമായി അറിവായിട്ടുമുണ്ട് എങ്കിലും ഇവയെല്ലാം സമാകലിച്ച് ‘തോന്നൽ’, ‘ഞാൻ എന്ന ഭാവം’, എന്നതിലൊക്കെ എത്തിക്കുന്നത് എങ്ങനെയെന്ന് കൃത്യമായ അറിവില്ല ഇന്നും. 1990-കളുടെ രണ്ടാം പകുതിയോടെ മസ്തിഷ്ക്ക പഠനങ്ങളിൽ വിപ്ലവാത്മകമായ സാങ്കേതികരീതികളും നൂതന പ്രമാണപരിശോധനകളും സാധിച്ചെടുത്തിരുന്നു. ‘പ്രവർത്തിപര എം.ആർ.ഐ’ (Functional MRI -fMRI) തലച്ചോറിലെ കൃത്യമായ ഇടങ്ങൾ ഉപയോഗിക്കപ്പെടുന്നത് എപ്പോഴൊക്കെ എന്നത് വെളിവാക്കിത്തന്നു. വായിക്കുമ്പോൾ, ധ്യാനിക്കുമ്പോൾ, സ്വപ്നം കാണുമ്പോൾ എന്നു വേണ്ട ഒരോ പ്രവൃത്തിസമയത്തും ഏതൊക്കെ കേന്ദ്രങ്ങൾ ഉണരുന്നു എന്നത് വ്യക്തമാക്കുന്നു ഈ തന്ത്രം. ഒപ്റ്റൊ ജെനെറ്റിക്സ് (Optogenetics) എന്ന മറ്റൊരു സാങ്കേതികവിശേഷം, പ്രകാശത്തിന്റെ സ്വാധീനത്താൽ നിശ്ചിതകേന്ദ്രങ്ങളെ ഉണർത്തിയെടുക്കാൻ പര്യാപ്തമാക്കുന്ന മറ്റൊരു ആധുനിക തലച്ചോറ് പഠനവിദ്യയും അക്കാലത്ത് സാധാരണമായിത്തുടങ്ങിയിരുന്നു.

‘പ്രവർത്തിപര എം.ആർ.ഐ’ തലച്ചോറിലെ കൃത്യമായ ഇടങ്ങൾ ഉപയോഗിക്കപ്പെടുന്നത് എപ്പോഴൊക്കെ എന്നത് വെളിവാക്കിത്തന്നു. / Photo: ncbi.nlm.nih.gov

ന്യൂറോൺ / മസ്തിഷ്ക്ക പഠനങ്ങൾ വേഗത കൈവരിച്ച ഈ കാലത്തെ പുതിയ അറിവുകൾ ശാസ്ത്രജ്ഞരെ വ്യാമോഹഭരിതരാക്കിയെങ്കിൽ തെറ്റ് പറയാനില്ല. ഈ പശ്ചാത്തലത്തിലാണ് IIT തിയറിയുമായി പിന്നീടുവന്ന ക്രിസ്റ്റോഫ് കോച്, 25 വർഷമാകുമ്പോഴേക്ക് ബോധജ്ഞാനത്തിന്റെ ന്യൂറോൺ വ്യവഹാരങ്ങൾ വ്യക്തമായിരിക്കും എന്ന് വേദാന്തകാരനായ, ഡി. ചാൽമേഴ്സുമായി വാതു വെച്ചത്. 25 വർഷം കഴിഞ്ഞാലും ബോധജ്ഞാനത്തിന്റെ കൃത്യതരമായ തലച്ചോർ വ്യവഹാരങ്ങൾ അജ്ഞാതമായിത്തന്നെ തുടരും എന്ന് ചാൽമെറും വാദിച്ചു. 2023 ജൂണിൽ, 25 വർഷത്തിനുശേഷം കോചിനു പരാജയം സമ്മതിക്കേണ്ടിവന്നു. ബോധജ്ഞാനത്തിന്റെ വ്യവഹാരരഹസ്യം ഇന്നും അജ്ഞാതമായിരിക്കുന്നു എന്ന് സമ്മതിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ ആശയം മാത്രമല്ല, മറ്റൊരു തിയറിയും വ്യക്തമായി ന്യൂറോൺ വ്യവഹാരങ്ങളെ ബോധജ്ഞാനരഹസ്യങ്ങളുമായി ബന്ധിച്ച് വെളിവാക്കിത്തന്നിട്ടില്ല. പ്രായോഗിക പരീക്ഷണങ്ങൾക്കുശേഷവും മനസില്ലാമനസോടേ ഡോ. കോച് ASSC മീറ്റിങ്ങിലെ സ്റ്റേജിൽവെച്ച് ചാൽമേഴ്സിന് ഒരു കുപ്പി പോർച്ചുഗീസ് വൈൻ സമ്മാനിച്ച് തന്റെ തോൽവി സമ്മതിയ്ക്കുകയാണുണ്ടായത്. ഇനിയും 25 വർഷം കാത്തിരിക്കാൻ താൻ തയാറാണെന്നും അപ്പോഴേക്കുമെങ്കിലും ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാവുമെന്ന് ആശിയ്ക്കുന്നു എന്നും ഡോ. കോച് പ്രസ്താവിക്കയുണ്ടായി.

ഡോ. കൃസ്റ്റോഫ് കോച് പന്തയത്തിൽ തോൽവി സമ്മതിച്ച് ഡോ ഡി, ചാൽമേഴ്സിനു ഹസ്തദാനം ചെയ്യുന്നു. Photo: Nature 2023

വ്യാജശാസ്ത്രം?
ബോധജ്ഞാനപഠനം
സംഘർഷത്തിലേക്ക്

എന്നാൽ, ഇന്ന് വൻ സ്ഫോടനാത്മകമായ സംഘർഷത്തിലേക്ക് തള്ളിയിടപ്പെട്ടിരിക്കയാണ് ബോധജ്ഞാന ഗവേഷണമേഖല. കഴിഞ്ഞ സെപ്റ്റംബർ 13-ന് 124 ശാസ്ത്രജ്ഞർ- അവർ ന്യൂറോ സയൻസിൽ ഗവേഷണം ചെയ്യുന്നവർ തന്നെയാണ്- ഓൺലൈനിൽ പ്രസിദ്ധപ്പെടുത്തിയ ഒരു തുറന്ന കത്ത് സമാകലിത വിവരശേഖര തിയറി (IIT) വ്യാജശാസ്ത്ര (pseudoscience) മാണെന്ന് ഉച്ചൈസ്തരം ഘോഷിക്കുകയും അതിനെ തള്ളിപ്പറയാൻ ശാസ്ത്രലോകത്തോട് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു:
The media, including news articles in both Nature and Science, have recently celebrated the Integrated Information Theory (IIT) as a 'leading' and empirically tested theory of consciounsess. We are writing as researchers with some relevant expertise to express our concerns. The media coverage sprang from a public event where the authors of a large-scale adversarial collaboration shared their findings, which were reported as empirically testing and partially supporting IIT.

IIT മറ്റേതും പോലെ ഒരു തിയറി മാത്രമാണെന്നും അത് തെറ്റോ ശരിയോ എന്ന് തെളിയിക്കപ്പെടാത്തോളം വ്യാജശാസ്ത്രമല്ലെന്നുമാണ് പ്രസിദ്ധ ബോധജ്ഞാന ഗവേഷകർ അഭിപ്രായപ്പെട്ടത്, അതിന്റെ ഉപജ്ഞാതാവായ ഡോ കോച് ഉൾപ്പെടെ.

ശാസ്ത്രജ്ഞർക്കിടയിൽ അപൂർവ്വം തന്നെ ഇത്; കൂടെ ഗവേഷണം ചെയ്യുന്നവരെ ആക്രമിക്കുക എന്നത്. തെറ്റായ അനുമാനങ്ങൾ പൊതുസമൂഹത്തിൽ പ്രചരിക്കുന്നത് തടയാനും അതിന് പിൻതുടർച്ച ഇല്ലാതാക്കാനുമാണിത് എന്ന് അവർ വ്യക്തമാക്കുന്നു, പൊതുജനസമക്ഷം ഇത് അവതരിപ്പിക്കേണ്ടത് അവരുടെ കടമയാണ് എന്നും തെര്യപ്പെടുത്തുന്നുണ്ട്. കഴിഞ്ഞയാഴ്ച്ചത്തെ നേച്ചർ മാഗസിൻ (സപ്തംബർ 20, 2023) ആദ്യമായി ഇത് റിപ്പോർട്ടു ചെയ്തു. ഇന്ന് ഈ കഠിനാരോപണത്തിനുമുന്നിൽ തരിച്ചുനിൽക്കുകയാണ് ന്യൂറോ സയൻസ് ഗവേഷകർ, പ്രത്യേകിച്ച്. IIT മറ്റേതും പോലെ ഒരു തിയറി മാത്രമാണെന്നും അത് തെറ്റോ ശരിയോ എന്ന് തെളിയിക്കപ്പെടാത്തോളം വ്യാജശാസ്ത്രമല്ലെന്നുമാണ് പ്രസിദ്ധ ബോധജ്ഞാന ഗവേഷകർ അഭിപ്രായപ്പെട്ടത്, അതിന്റെ ഉപജ്ഞാതാവായ ഡോ കോച് ഉൾപ്പെടെ. ആ തിയറിക്ക് കൂടുതൽ പിന്തുണ കിട്ടുന്നെന്നും ശാസ്ത്രലോകത്ത് അനധികൃതമായ സമ്മതി നേടുന്നെന്നും അത് ആസകലം ഒഴിവാക്കപ്പെടേണ്ടതും ആണെന്നാണ് പരസ്യക്കത്ത് എഴുതിയവരുടെ ആവശ്യം.

Integrated information theory ന്യൂറോ ശാസ്ത്രമല്ലാത്ത പാൻസൈക്കിസത്തിന്റെ ഒരു വിസ്താരണം (extension ) ആണെന്നും അതുകൊണ്ട് ശാസ്ത്രീയമേ അല്ല എന്നും വാദിക്കുന്നുണ്ട് ഈ 124 പേർ. ഡോ കോചും പാൻസൈക്കിസത്തിന്റെ വക്താവായ ചെൽമറും വൈൻ കുപ്പി കൈമാറി രമ്യതയിലെത്തിയത് അവരെ ചൊടിപ്പിച്ചിട്ടുണ്ടാവണം. ആദ്യമായി ‘വ്യാജശാസ്ത്രം’ എന്തെന്ന് നിർവചിക്കണം എന്ന് ചിലർ ആവശ്യപ്പെടുന്നുണ്ട്.

എറിക് ഹോഎൽ (Erik Hoel)

IIT യുടെ പല പ്രവചനങ്ങളും പരീക്ഷണക്ഷമത (testable) ഇല്ലാത്തതാണെന്ന് ഒരു അനുമാനമുണ്ട് എന്നത് വിസ്മരിച്ചുകൂടാ. പക്ഷെ ചിലത് മേൽച്ചൊന്നമാതിരി പരീക്ഷിച്ച് തെളിഞ്ഞിട്ടുമുണ്ട്. ഇതേ വിമർശനം മറ്റ് തിയറികൾക്കുമേൽ ചാർത്താവുന്നതുമാണ് എന്ന് പ്രഗൽഭ ന്യൂറോ ശാസ്ത്രജ്ഞൻ എറിക് ഹോഎൽ (Erik Hoel) അഭിപ്രായപ്പെട്ടിട്ടുണ്ട്, IIT- യെ പിന്തുണയ്ക്കുന്ന ആളല്ല എങ്കിലും. IIT ആശയത്തെ പിന്തുണയ്ക്കാത്ത പ്രഗൽഭ ശാസ്ത്രജ്ഞൻ അനിൽസേത്തും ഈ കത്തിനെ വിമർശിച്ചിട്ടുണ്ട്.

ദൂരവ്യാപക ഫലങ്ങൾ ഉളവാക്കുന്നതാണിത് എന്ന സൂചന പലരും പങ്കുവെയ്ക്കുന്നു, ഇപ്പോൾ. IIT പ്രഖ്യാപിക്കുന്ന ആശയപ്രകാരം അചേതനമായ വസ്തുക്കൾക്കും ബോധജ്ഞാനം ഉണ്ടാവാം. അബോർഷൻ, ലാബിൽ നിർമ്മിക്കുന്ന കൃത്രിമ തലച്ചോറ് (organoid) അല്ലെങ്കിൽ ഭ്രൂണം (lab grown embryos) എന്നിവയുമായി ബന്ധപ്പെട്ട പഠനങ്ങളെയും ഇവയെക്കുറിച്ച് നിർമ്മിച്ചെടുക്കുന്ന തീരുമാനങ്ങളെയും ഇത് ബാധിച്ചേക്കും. കൂടാതെ ബോധജ്ഞാനത്തെപ്പറ്റി ഇനിയും സിദ്ധാന്തങ്ങൾ വരേണ്ടതുണ്ട്. ആ വഴികളെല്ലാം അടയ്ക്കപ്പെടാൻ ഈ തുറന്ന കത്ത് സാദ്ധ്യതയൊരുക്കിയേക്കാം എന്നും നിരീക്ഷണമുണ്ട്.

References:
1. Seth, A. K and Bayne, T. Theories of consciounsess. Nature Reviews Neuroscience 23: 439-452 2022.
2. Lucia, M, Murdrik, L. , Pitts, M. and Koch, C. Making the hard problem of consciounsess easier. Science 272: 911-912 2021
3. Lenharo , M. Philosopher wins consciounsess bet with neuroscientist . Nature 619:14-15 2023
4. Lenharo, M. Consciounsess theory slammed as 'pseudoscience'-sparking uproar. Nature 621:664-665 2023
5. Fleming , S et al Preprint at PsyArXiv http://doi.org/10.31234/osf.io/zsr78 2023.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments