Photo : unsplash

ഹൃദയവും ജനനേന്ദ്രിയവും പോലെ ഒരു യന്ത്രം

കേരളം മൊബൈൽ ഫോണിൽ സംസാരിച്ചുതുടങ്ങിയിട്ട് കാൽനൂറ്റാണ്ട് തികഞ്ഞു. കേരളത്തിൽ ഇപ്പോൾ 4,50,91,419 മൊബൈൽ കണക്ഷനുകളുണ്ട്. മൊബൈൽ ഫോൺ എങ്ങനെയൊക്കെ നമ്മുടെ ജീവിതത്തെ മാറ്റിത്തീർത്തു എന്ന ഒരന്വേഷണം

ണ്ട് നോക്കിയ ഫോണിൽ ഒരു പാമ്പ് ഉണ്ടായിരുന്നു.
തീറ്റ വിഴുങ്ങി വിഴുങ്ങി വലുതാവുന്നൊരു പാമ്പ്.
അക്കാലത്ത് ആ പാമ്പിനെ തീറ്റാത്തവരായി ആരുമില്ല.
ഒരു സാർവ്വദേശീയ വിനോദം പോലെ നോക്കിയ സ്‌നേക്ക് ഗെയിം ലോകമെങ്ങും പടർന്നിരുന്നു. പലയിടങ്ങളിലും പാമ്പുകളി മത്സരങ്ങൾ പോലും സംഘടിപ്പിക്കപ്പെട്ടു.

അക്കാലത്ത് ഞാൻ നല്ലൊരു പാമ്പുകളിക്കാരൻ ആയിരുന്നില്ല. പക്ഷേ അതിൽ ഹരം കയറി കമ്പനിയിൽ നിന്ന് അവധിയെടുത്തുപോലും കളിക്കാനിരുന്നിട്ടുണ്ട്. ഓരോ ഗെയിമും ഓരോ വെല്ലുവിളികളാണ്. ഒരു മനുഷ്യൻ വെല്ലുവിളിക്കുമ്പോലെയല്ല മെഷീൻ വെല്ലുവിളിക്കുന്നത്. നമ്മുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാൻ നമ്മൾ തന്നെ പടച്ചുവെച്ചൊരു യന്ത്രത്തോട് യജമാനസമാനമായൊരു ഈഗോ ആ സമയം നമ്മെ കീഴ്‌പ്പെടുത്തും. യന്ത്രത്തെ തോൽപ്പിച്ചുകളയാം എന്ന ഭാവത്തിൽ നമ്മൾ അതിന്റെ മുന്നിൽ വീഴും. Nokia 3310 ലെ ഒരു കുഞ്ഞു നീർക്കോലിപോലും ലോകത്തെ മില്യൺ കണക്കിന് ജനങ്ങളെ വെല്ലുവിളിക്കുന്നതിൽ മോശമായിരുന്നില്ല. അതിന്റെ വെല്ലുവിളിക്ക് ചെവികൊടുത്തവരെല്ലാം മൊബൈലിനു മുന്നിൽ തലകുമ്പിട്ടിരുന്ന് തള്ളവിരലുകൾക്ക് തേയ്മാനം വരുത്തി.

ചൂളമടിക്കുന്നതുപോലുള്ള ടോൺ ഉണ്ട് എന്നതിൽ ആകൃഷ്ടനായാണ് ഞാൻ സോണി വാങ്ങുന്നത്. നോക്കിയയിൽ മ്യൂസിക് കമ്പോസ് ചെയ്യാമെന്ന ഓപ്ഷൻ ഉണ്ടായിരുന്നു.

കുറേയേറെക്കാലം നോക്കിയയിലെ പാമ്പ് എന്റെയും സമയം തിന്നു. ഇടക്കാലത്ത് പാമ്പുകളി അധികരിച്ചതു കാരണം ചില ശാരീരിക- മാനസിക പ്രയാസങ്ങളും വന്നുപെട്ടു. ഉറങ്ങാൻ കിടക്കുമ്പോൾ കണ്ണിനു മുമ്പിൽ ആ പാമ്പ് ഇഴയുന്നതായി തോന്നും. വഴിയിൽ കാണുന്ന തവളകളെ വെട്ടിവിഴുങ്ങി അതിന് നീളം വെച്ചുവെച്ചു വരും. ഈ പ്രതിഭാസത്തിൽ നിന്ന് രക്ഷപ്പെടാൻ കണ്ണുതുറക്കുമ്പോൾ രാത്രിയുടെ ഇരുട്ടിലും അത് ഇഴഞ്ഞുകൊണ്ടേയിരിക്കും. മണിക്കൂറുകളോളം ഒരു പാമ്പിന്റെ ഇഴച്ചിൽ ഉറ്റുനോക്കിക്കൊണ്ടിരുന്നതു കാരണം കണ്ണിൽ അതിന്റെ നിഴലുകൾ നിലനിൽക്കുന്നതാവാം. കണ്ണ് എത്ര തിരുമ്മിയാലും കഴുകിയാലും പാമ്പിന്റെ ഇഴച്ചിൽ വിട്ടുപോകാൻ പ്രയാസമായിരുന്നു.

​​​​​​​പണ്ട് നോക്കിയ ഫോണിൽ ഒരു പാമ്പ് ഉണ്ടായിരുന്നു. ഒരു സാർവ്വദേശീയ വിനോദം പോലെ നോക്കിയ സ്‌നേക്ക് ഗെയിം ലോകമെങ്ങും പടർന്നിരുന്നു.

നോക്കിയ 3310നു മുമ്പ് സോണിയുടെ ഒരു ഉരുണ്ടുതടിച്ച മോഡലായിരുന്നു എന്റെ ഫോൺ. അതിനും മുമ്പ് ആൽക്കാടെല്ലിന്റെ സാമാന്യം വലിയ ഒരു മോഡൽ, 2002-ൽ. ഇതിനു രണ്ടിനും ഞാൻ അടിമപ്പെട്ടിരുന്നില്ല. അവ ആകെ നൽകിയിരുന്ന വിനോദം റിംഗിംഗ് ടോണിൽ കളിക്കുകയാണ്. ജോലിക്ക് പോകുമ്പോഴും തിരികെ വരുമ്പോഴും ബസിലിരുന്ന് അത് മാറ്റിമാറ്റി രസിക്കും. അക്കാലത്ത് മൊബൈൽ ഫോൺ ആഡുകളിൽ റിംഗിംഗ് ടോണുകളായിരുന്നു പ്രധാന ആകർഷക ഘടകം. ചൂളമടിക്കുന്നതുപോലുള്ള ടോൺ ഉണ്ട് എന്നതിൽ ആകൃഷ്ടനായാണ് ഞാൻ സോണി വാങ്ങുന്നത്. നോക്കിയയിൽ മ്യൂസിക് കമ്പോസ് ചെയ്യാമെന്ന ഓപ്ഷൻ ഉണ്ടായിരുന്നു. പാട്ടുകളുടെ "നോട്ട്‌സ്' കൂട്ടുകാരിൽ നിന്ന് എസ്.എം.എസ് വഴി കിട്ടും. അത് കമ്പോസറിൽ കയറ്റുക. പ്ലേ ചെയ്യുക. ടെമ്പോ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. പിന്നീടുള്ള രണ്ടുമണിക്കൂറെങ്കിലും ഒരു മഹാനായ മ്യൂസിക് കമ്പോസറുടെ ഭാവത്തിൽ നടക്കുക.

ഇന്നിപ്പോൾ റിംഗിംഗ് ടോൺ മാറ്റാനുള്ള താൽപര്യമോ സമയമോ ഇല്ല. ടോൺ മാറ്റാനായി മൊബൈൽ തുറന്നാലും അത് നടക്കണമെന്നില്ല. അപ്പോഴാവും ഒരു വാട്ട്‌സാപ്പ് മെസേജ് പോപ്പ് അപ്പ് ചെയ്യുന്നത്, അതിനുള്ളിലെ മെസ്സേജിൽ ഒരു യു ട്യൂബ് ലിങ്ക് കാണും. അവിടേക്ക് പോയി അതു കണ്ടു തീരുമ്പോൾ അടുത്ത വീഡിയോകളിലേക്ക് സ്‌ക്രോൾ ചെയ്യും. സ്‌ക്രോളിംഗിനിടയ്ക്ക് ഏതെങ്കിലും ഫേസ്ബുക്ക് ഫ്രണ്ട് വിളിക്കും. അത് അറ്റന്റ് ചെയ്ത് സംസാരിച്ചു തീരുമ്പോഴേക്ക് മറ്റെവിടേക്കെങ്കിലുമൊക്കെ വഴിതെറ്റിപ്പോകും, റിംഗിംഗ് ടോൺ മാറ്റുന്ന കാര്യം മറന്നേപോകും.

കേരളത്തിലെ ആദ്യ മൊബൈൽ ഫോൺ സർവീസിനു (എസ്‌കോടെൽ) തുടക്കം കുറിച്ച് തകഴിശിവശങ്കരപിള്ള വൈസ് അഡ്മിറൽ എ.ആർ. ടാൽഡണുമായി സംസാരിക്കുന്നു. മാധവിക്കുട്ടി സമീപം.

ആദ്യത്തെ ഫോണായ ആൽക്കാടെല്ലിന് റേഡിയേഷൻ കൂടുതലാണ് എന്നൊരു കിംവദന്തി പൊതുവേ ഉണ്ടായിരുന്നു. ഷർട്ടിന്റെ പോക്കറ്റിലിട്ടാൽ ഹൃദയത്തെ ബാധിക്കും എന്നു പറഞ്ഞുകേട്ടതു മുതൽ നെഞ്ചിനുള്ളിൽ വേദന തോന്നിത്തുടങ്ങി. എന്തോ കൊളുത്തിപ്പിടിക്കുന്നപോലെ. വെറുതേ റിസ്‌ക് എടുക്കുന്നതെന്തിന് എന്നു കരുതി ഫോൺ പാന്റിന്റെ പോക്കറ്റിലേക്ക് മാറ്റി. ഒരു ദിവസം അതു കണ്ടിട്ട് സെക്ഷൻ ഹെഡ് പറഞ്ഞു:
‘‘ഫോൺ പാന്റിന്റെ പോക്കറ്റിൽ ഇടരുത്. ഇനിയും കല്യാണം കഴിഞ്ഞിട്ടില്ലാത്ത നിങ്ങളെപ്പോലുള്ളവർ ഒരു കാരണവശാലും ഇടരുത്!''

മൊബൈൽ ഫോണിനെ ഒരു ജീവിയായി കണക്കാക്കിയാൽ അതിവേഗം പരിണമിക്കൊന്നൊരു ജീവിയാണ് അതെന്നു കാണാം. ഓരോ തലമുറയും പിറക്കുമ്പോൾ മുൻതലമുറയിലെ കുറ്റങ്ങളും കുറവുകളും അത് പരിഹരിക്കാൻ ശ്രമിക്കുന്നു

പിന്നെ ഇത് എങ്ങനെ കൊണ്ടുനടക്കും? മനുഷ്യശരീരത്തിലെ എല്ലാ അവയവങ്ങളും പ്രധാനപ്പെട്ടതല്ലേ?. ഹൃദയവും ജനനേന്ദ്രിയവും ഒരാൾക്ക് വേണ്ട അവയവങ്ങളല്ലേ?. എന്തുകൊണ്ടാണ് ഇതിനൊന്നും കേടുപാടില്ലാത്ത യന്ത്രങ്ങൾ മനുഷ്യൻ കണ്ടുപിടിക്കാത്തത്? എന്നെല്ലാം ഞാൻ അന്ന് ആശങ്കപ്പെട്ടു.
ഒന്നും കുറ്റമറ്റ രീതിയിൽ കണ്ടുപിടിക്കാൻ ആവില്ല എന്നത് മനുഷ്യന്റെ ഒരു പരിമിതിയാണ്. പരിണാമത്തെ ആശ്രയിച്ചാണ് അവന്റെ കണ്ടുപിടുത്തങ്ങളെല്ലാം. കാർ മുതൽ മൊബൈൽ ഫോൺ വരെ എല്ലാം പരിണാമത്തിനു വിധേയമാകുന്നു.
മൊബൈൽ ഫോണിനെ ഒരു ജീവിയായി കണക്കാക്കിയാൽ അതിവേഗം പരിണമിക്കൊന്നൊരു ജീവിയാണ് അതെന്നു കാണാം. ഓരോ തലമുറയും പിറക്കുമ്പോൾ മുൻതലമുറയിലെ കുറ്റങ്ങളും കുറവുകളും അത് പരിഹരിക്കാൻ ശ്രമിക്കുന്നു. റേഡിയോ വലുപ്പത്തിൽ നിന്ന് എത്ര പെട്ടെന്നാണ് അത് മെലിഞ്ഞത്! എത്ര പെട്ടെന്നാണ് ഉയർന്നു നിന്നിരുന്ന ആന്റന അത് പൊഴിച്ചു കളഞ്ഞത്! എത്ര പെട്ടെന്നാണ് അവയുടെ മുഖം കുറുകുന്നതും നീളുന്നതും! ഇപ്പോഴത് സാങ്കേതികതയുടേതായ ഇതര സങ്കേതങ്ങളോട് അതിവേഗം പ്രതികരിക്കുന്നു. ഉൾക്കൊള്ളുന്നു. ഇണങ്ങുന്നു. പലപ്പോഴും സാഹചര്യങ്ങളെ മാറ്റിപ്പണിയുന്നു. കൊറോണാ പോലെയുള്ള ഭീകര സാഹചര്യങ്ങളിൽ സ്വാന്ത്വനം ഏകാനും ഏകാന്തത അകറ്റാനും മൊബൈൽ ഫോണാണ് മുന്നിൽ നിൽക്കുന്നത്. ബാങ്കിംഗ് മുതൽ ഷോപ്പിംഗ് വരെയുള്ള കാര്യങ്ങളിൽ ഒരു കൂട്ടുകാരനായി അവ നമ്മോടൊപ്പമുണ്ട്. യാത്രകളിൽ അവ വഴികാട്ടിയാകുന്നു.

റേഡിയോ വലുപ്പത്തിൽ നിന്ന് മൊബൈൽ ഫോണുകൾ പെ​ട്ടെന്നാണ്​ മെലിഞ്ഞത്​. പെട്ടെന്നാണ് ഉയർന്നു നിന്നിരുന്ന ആന്റന അത് പൊഴിച്ചു കളഞ്ഞത്! പെട്ടെന്നാണ് അവയുടെ മുഖം കുറുകുന്നതും നീളുന്നതും!

ഇന്ന് ദാരിദ്ര്യത്തിന്റെ അളവുകോൽ പോലും മൊബൈൽ ഫോണുമായി ബന്ധപ്പെട്ടു നിൽക്കുന്നു. ‘മൊബൈൽ ചാർജ്ജ് ചെയ്യാൻ പോലും പൈസ ഇല്ലെ'ന്ന് ആരെങ്കിലും സൂചിപ്പിച്ചാൽ അയാൾ ദാരിദ്ര്യം കൊണ്ട് കഷ്ടപ്പെടുന്നു എന്നുവേണം മനസ്സിലാക്കാൻ. ‘വീട്ടിൽ അടുപ്പ് പുകയുന്നില്ല' പോലെയുള്ള ചൊല്ലുകളായിരുന്നു പണ്ട് ഉണ്ടായിരുന്നത്. ഇന്ന് അടുപ്പ് പുകയുന്നുണ്ടാവാം ഇല്ലായിരിക്കാം, പക്ഷേ മൊബൈൽ ഫോൺ ഭക്ഷണത്തോളം അവശ്യ സാധനമായി മാറിയിരിക്കുന്നു. ഡാറ്റാ പാക്കേജുമുണ്ടെങ്കിൽ സൗജന്യ സേവനങ്ങളുടെ കലവറ കൂടിയാണ് മൊബൈൽ. പാട്ടുകളും സിനിമകളും പ്രഭാഷണങ്ങളും കുക്കറി ഷോകളും ആസ്വദിക്കാൻ ഒരാൾക്ക് സമയമല്ലാതെ മറ്റു ചെലവുകളില്ല.

നമ്മൾ കാശ് കൊടുത്തു വാങ്ങിയ മൊബൈൽ ഫോണുകൾ ഭരണകൂടത്തിന്റെയും മറ്റ് ഏജൻസികളുടേയും നിരീക്ഷണ ഉപകരണം കൂടിയായി മാറുന്നു. ഈ നിരീക്ഷണത്തിന്റെ ഫലം കലാപങ്ങളായും അടിച്ചമർത്തലുകളായും വ്യാജ പ്രചരണങ്ങളായും വെടിവെപ്പുകളായുമെല്ലാം പ്രത്യക്ഷപ്പെടാം

ബാങ്കിംഗ് ഉൾപ്പടെയുള്ള കാര്യങ്ങളിൽ മൊബൈൽ ഫോൺ സമയം ലാഭിച്ചുതരുന്നു. അതേസമയം, സോഷ്യൽ മീഡിയയിൽ കുരുക്കിയിട്ട് കുറേ അധികം സമയം അത് അപഹരിക്കുന്നുമുണ്ട്. സ്മാർട്ട് ഫോണുമായി നടക്കുന്ന ഒരാൾ ഇന്ന് നൂറായിരം ഗ്രൂപ്പുകളിൽ അംഗമായിരിക്കും. രാഷ്ട്രീയ പാർട്ടി, മതം, കുടുംബം, പ്രദേശം, സ്‌പോർടസ്, കല, സാഹിത്യം, കച്ചവടം, കൃഷി, ഫാൻസ് അസോസിയേഷൻസ്, പാചകം തുടങ്ങി പല വിഭാഗങ്ങളും അവാന്തര വിഭാഗങ്ങളുമായി ആ ലിസ്റ്റ് നീളുന്നു. ഏതാണ്ട് എല്ലാ ജനങ്ങളും ഇങ്ങനെയുള്ള സോഷ്യൽ മീഡിയ ആക്ടിവിസത്തിന്റെ ഭാഗമാണെന്നത് ഓരോ ആളുകളേയും സമൂഹത്തേയും വേർതിരിച്ചു മനസ്സിലാക്കാൻ ഭരണകൂടത്തേയും മറ്റ് ഏജൻസികളേയും വേറൊരു രീതിയിൽ സഹായിക്കുന്നുമുണ്ട്. അങ്ങനെ, നമ്മൾ കാശ് കൊടുത്തു വാങ്ങിയ മൊബൈൽ ഫോണുകൾ ഭരണകൂടത്തിന്റെയും മറ്റ് ഏജൻസികളുടേയും നിരീക്ഷണ ഉപകരണം കൂടിയായി മാറുന്നു. ഈ നിരീക്ഷണത്തിന്റെ ഫലം കലാപങ്ങളായും അടിച്ചമർത്തലുകളായും വ്യാജ പ്രചരണങ്ങളായും വെടിവെപ്പുകളായുമെല്ലാം പ്രത്യക്ഷപ്പെടാം. ഒരു പ്രത്യേക പ്രദേശത്ത് ഒരു പ്രത്യേക വിഭാഗം തങ്ങൾക്ക് അനുകൂലമായല്ല ചിന്തിക്കുന്നതെന്ന് മനസ്സിലായാൽ ഭരണകൂടത്തിനോ രാഷ്ട്രീയപ്പാർട്ടികൾക്കോ അതിനനുസരിച്ചുള്ള തീരുമാനങ്ങളെടുക്കാൻ ആവുമല്ലോ.

ഒട്ടേറെ ബന്ധങ്ങളെ തിരിച്ചുപിടിക്കാനായി എന്നതും പുതുതായി ഒരുപാട് ബന്ധങ്ങൾ ഉണ്ടാക്കാനായി എന്നതുമാണ് മൊബൈൽ ഫോൺ കൊണ്ടുള്ള ഏറ്റവും വലിയ നേട്ടമായി ഞാൻ കരുതുന്നത്. മറവിയിലേക്ക് തള്ളപ്പെട്ടു പോകുമായിരുന്ന ഒട്ടേറെ ബന്ധുജനങ്ങൾ അവരുടെ വിശേഷങ്ങളുമായി ദിനേന എന്നോണം മൊബൈൽ സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്നു. മൊബൈൽ ഫോണുകൾ അടുത്തിരിക്കുന്നവരെ അകറ്റുകയും അകലെയുള്ളവരെ അടുപ്പിക്കുകയും ചെയ്യുന്നു എന്നു പറയാറുള്ളത് കുറച്ചൊക്കെ ശരിയായിരിക്കാം. എങ്കിലും, പൊതുവേ, അത് മനുഷ്യരെ പരസ്പരം ഇണക്കുന്ന കണ്ണിയായാണ് അനുഭവപ്പെടുന്നത്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments