വായനക്കാരന്റെ ലോകം : ഗൂഗിളില്ലാതിരുന്ന കാലത്തും ഗൂഗിളിന്റെ കാലത്തും

'Life- A User's Manual' - പെൻഗ്വിൻ ബുക്സിൻ്റെ കാറ്റലോഗിലൊരിടത്ത് ഫിക്ഷൻ എന്ന ഗണത്തിൽ ഇങ്ങനെയൊരു പേര് പെട്ടന്നാണ് ശ്രദ്ധയിൽ പെട്ടത്. 1980 കളുടെ അവസാനത്തിലെന്നോ ആണ്. പ്രൊഫ.എം.കൃഷ്ണൻ നായർ സാറും ഞാനും കൂടി പെൻഗ്വിൻ ബുക്സിൽ നിന്നും കിട്ടിയ ഒരു യു.കെ കാറ്റലോഗ് പരതിക്കൊണ്ടിരിക്കുകയായിരുന്നു. അക്കാലത്തൊക്കെ വല്ലപ്പോഴും മാത്രം കിട്ടിയിരുന്ന ഒരപൂർവ്വ സാധനമായിരുന്നു പെൻഗ്വിൻ ബുക്സിൽ നിന്നുള്ള 'കാറ്റലോഗുകൾ'. ലോകത്തെ മികച്ച പുസ്തകങ്ങൾ മാത്രം പ്രസിദ്ധീകരിച്ചിരുന്ന ഏറ്റവും പ്രധാനപ്പെട്ട ആ പ്രസാധകരുടെ പുസ്തക ലിസ്റ്റ് കയ്യിൽ വന്നാൽ അന്നൊക്കെ ഞങ്ങൾ പുസ്തക പ്രേമികൾക്ക് ഒരാഘോഷം തന്നെയായിരുന്നു. അതിലെ പുസ്തകപ്പേരുകളിലൂടെയും എഴുത്തുകാരുടെ പേരുകളിലൂടെയും അന്തംവിട്ടങ്ങനെ മണിക്കൂറുകളോളം പരതിക്കൊണ്ടിരിക്കും. അപരിചിതമായ ഏതോ ഒരു ലോകത്ത് വന്നു പെട്ട അവസ്ഥ. പരിചയമില്ലാത്ത എത്രയോ പേരുകൾ. കൂട്ടത്തിൽ അവിടെയും ഇവിടെയുമായി ചില അറിയുന്ന പേരുകളും. പലപ്പോഴും പേരുകളുടെ ഭംഗിയൊക്കെയാണ് ഞങ്ങളെ ആകർഷിച്ചത്.

അങ്ങനെയൊരു പരതലിനിടയിലാണ് ഈ പേര് കണ്ണിൽപ്പെട്ടത്. ഒരു നോവലിന് ഇങ്ങനെയൊരു പേരോ? അത്ഭുതം തോന്നാതിരുന്നില്ല . എഴുത്തുകാരൻ്റെ പേര് Georges Perec. ഫ്രഞ്ച്കാരനായിരിക്കും എന്ന് കൃഷണൻ നായർ സാർ. ഇതുവരെ കേട്ടിട്ടില്ലാത്ത പേരാണ്. നന്നായിരിക്കുമോ? കൃഷ്ണൻ നായർ അദ്ദേഹത്തിൻ്റെ പക്കലുള്ള 'Webster's Encyclopedia of World Writers ' എന്ന റഫറൻസ് പുസ്തകത്തിലും ഈ നോവലിസ്റ്റിൻ്റെ പേര് തപ്പിനോക്കി. അങ്ങനെയൊരാളെപ്പറ്റി അതിലും പരാമർശമില്ല. അധികം ആലോചിക്കാനില്ല. കൂടുതൽ ആലോചിച്ചിട്ടെന്ത് പ്രയോജനം? എന്തായാലും പുസ്തകം വരുത്തുക തന്നെ എന്ന തീരുമാനത്തിലെത്തുകയായിരുന്നു. ഇങ്ങനെ കൗതുകം തോന്നി വരുത്തിയ പലതും നന്നായിട്ടുണ്ട്. പരമാബദ്ധമായ ചില അനുഭവങ്ങളുമുണ്ട്. അക്കാലത്ത് നമ്മുടെ മുന്നിൽ മറ്റു വഴികളൊന്നുമില്ല.

പ്രൊഫ.എം.കൃഷ്ണൻ നായർ

മാസങ്ങൾ കഴിഞ്ഞപ്പോൾ 'Life-A User's Manual' കയ്യിലെത്തി. 600 ഓളം പേജുകളിലായി 99 അധ്യായങ്ങളുള്ള നോവൽ. കൃഷ്ണൻ നായർ വായിച്ച് ഉടൻ തന്നെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വിശദമായ ആസ്വാദനലേഖനമെഴുതി. മാറുന്ന ലോകനോവലിൻ്റെ വേറിട്ട മുഖം. പുസ്തകത്തിൻ്റെ കവർ ചിത്രവും പുസ്തകത്തിൻ്റെ പുറകിലെ പെരക്കിൻ്റെ ഫോട്ടോയും മാതൃഭൂമി ലേഖനത്തോടൊപ്പം കൊടുത്തിരുന്നു. ആഴ്ചപ്പതിപ്പ് പുറത്തു വന്ന് ഒന്നു രണ്ടാഴ്ചകഴിഞ്ഞു കാണും. ഒരു ദിവസം രാവിലെ ഞാൻ ജോലി ചെയ്തിരുന്ന പുസ്തകക്കടതേടി ഒരു സായ്പ് വന്നു. കയ്യിൽ ഒരു മാതൃഭൂമി ആഴ്ചപ്പതിപ്പും. 'ഇതിൽ പെരകിനെക്കുറിച്ചെഴുതിയ ആളിനെ കാണാൻ പറ്റുമോ? ' എന്നായിരുന്നു അയാളുടെ ചോദ്യം. 'തീർച്ചയായും പറ്റും. പക്ഷേ, വൈകിട്ട് 4 മണിയോടടുത്തേ വരൂ.' ഞാൻ മറുപടി പറഞ്ഞു. തീർച്ചയായും വൈകിട്ട് വീണ്ടും വരാമെന്നും പറഞ്ഞ് അയാൾ പോയി.

വൈകിട്ട് കൃത്യസമയത്തിന് തന്നെ രണ്ടു പേരും വന്നു. ഞാൻ അദ്ദേഹത്തെ കൃഷ്ണൻ നായർ സാറിന് പരിചയപ്പെടുത്തി. അവർ ദീർഘനേരം സംസാരിച്ചുകൊണ്ടിരുന്നു. കേൾവിക്കാരനായി ഞാനും. കോവളത്തെ ഒരു പല്ലു ഡോക്ടറുടെ ക്ലിനിക്കിൽ വെച്ചാണ് അദ്ദേഹം ഈ ആഴ്ചപ്പതിപ്പ് കാണാനിടയായത്. അതൊന്നു വെറുതെ മറിച്ചു നോക്കുന്നതിനിടയിലാണ് നോവലിൻ്റെ ഫോട്ടോ കണ്ടത് . അതു കണ്ടപ്പോൾ അയാൾക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. കാരണം നോവലിസ്റ്റായ പെരക് അദ്ദേഹത്തിൻ്റെ അടുത്ത സുഹൃത്തായായിരുന്നു. ഡോക്ടറോട് ചോദിച്ചു വിവരങ്ങൾ മനസ്സിലാക്കി.

Georges Perec

അങ്ങനെയാണ് ആ നോവലിനെപ്പറ്റി ലേഖനമെഴുതിയ മലയാള നിരൂപകനെ തപ്പിയിറങ്ങിയത്. പെരക് കാൻസർ വന്ന് കുറച്ചു കൊല്ലം മുമ്പ് മരിച്ചു പോയെന്നും ഫ്രാൻസിലെ സാഹിത്യ ലോകത്ത് വലിയൊരോളം തന്നെ സൃഷ്ടിച്ച നോവലാണിതെന്നും ആ ഫ്രഞ്ചുകാരൻ ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. പെരകിൻ്റെ 'A Void, ' 'W, or the Memory of Childhood ' തുടങ്ങിയ മറ്റു നോവലുകളെപ്പറ്റിയും അദ്ദേഹം പറഞ്ഞു തന്നു. 'ലൈഫ്: എ യൂസേഴ്സ് മാന്വൽ ' ഇംഗ്ലിഷിലേക്ക് പരിഭാഷപ്പെടുത്തിയ ഡേവിഡ് ബെല്ലോസിനെപ്പറ്റിയും അദ്ദേഹത്തിൽ നിന്നും അറിയുവാൻ കഴിഞ്ഞു. യാദൃശ്ചികമായി ഒരു കാറ്റലോഗിൽ നിന്നും കണ്ടെത്തിയ ഒരെഴുത്തുകരനെ ആഴത്തിൽ അറിയുകയായിരുന്നു. അന്നത്തെ ആ വൈകുന്നേരം ഇപ്പോഴും എൻ്റെ മനസ്സിൽ മങ്ങലേൽക്കാതെ കിടപ്പുണ്ട്.

കാലം വല്ലാതെ മാറിയിരിക്കുന്നു. മൂന്നു പതിറ്റാണ്ടിനിപ്പുറമിരുന്ന് 'ഗൂഗിൾ' എന്ന സെർച്ച് എഞ്ചിനെപ്പറ്റി ആലോചിക്കുമ്പോൾ ഈ പഴയ സംഭവമാണ് എൻ്റെ മനസ്സിലേക്ക് ആദ്യം വന്നത്. ഞാനിപ്പോൾ  'Perec' എന്ന് വെറുതെ ഗൂഗ്ൾ ചെയ്തു നോക്കി. ആ വലിയ എഴുത്തുകാരനെപ്പറ്റി അറിയേണ്ടതെല്ലാം എൻ്റെ ഫോണിൻ്റെ സക്രീനിൽ നിറഞ്ഞു. ചിത്രങ്ങളും പുസ്തകങ്ങളുടെ കവറുകളും അവ വാങ്ങാനുള്ള വിവിധ തരം സാധ്യതകളും ചില പുസ്തകങ്ങളുടെ പി.ഡി.എഫും അവയെക്കുറിച്ചുള അനവധി റിവ്യുകളും …. പേജുകളിൽ നിന്ന് പേജുകളിലേക്ക് ഗൂഗിൾ എന്നെ നയിച്ചു. എനിക്കു ചുറ്റും പെരകിൻ്റെ വലിയൊരു ലോകം വന്നു നിറഞ്ഞു.

പഴയ ആ സംഭവത്തിൻ്റെ ഓർമ്മയുടെ പരിസരത്തിരുന്ന് ഇതൊക്കെ നോക്കികണ്ടപ്പോൾ ഞാൻ തെല്ലൊന്ന് അസ്വസ്ഥനായി. ഈ കാലത്യളവിൽ ലോകത്തിൽ വന്ന മാറ്റം അസാധാരണമായിരിക്കുന്നു. ഇന്നിപ്പോൾ ഞാൻ കാറ്റലോഗുകൾ നോക്കാറില്ല. എനിക്ക് റഫറൻസ് ഗ്രന്ഥങ്ങൾ ആവശ്യമില്ല. എല്ലാം എൻ്റെ ഫോണിലെ ഗൂഗിൾ വഴി എനിക്കറിയാൻ കഴിയും. എന്നാൽ അന്നെനിക്ക് ഇങ്ങനെയൊരു സാധ്യതയെപ്പറ്റി ആലോചിക്കുവാൻ പോലും കഴിയുമായിരുന്നില്ല. ലോകം പോലും അങ്ങനെയൊന്നും ചിന്തിച്ചിരുന്നുവോ എന്ന് സംശയമാണ്. ഇന്ന് നേരെ മറിച്ചും. ഗൂഗിളില്ലാത്ത, ഇൻ്റർനെറ്റ് ഇല്ലാത്ത ഒരു കാലമോ എന്ന് അതിശയിക്കുന്ന രീതിയിൽ കാര്യങ്ങൾ മാറിപ്പോയിരിക്കുന്നു. അറിവന്വേഷണത്തിൽ അസാധാരണമായൊരു വിപ്ലവം സൃഷ്ടിക്കുകയായിരുന്നു ഗൂഗിൾ എന്ന സെർച്ച് എൻജിൻ. പല സാമ്പ്രദായിക വഴികളെയും അപ്രസക്തമാക്കിക്കൊണ്ടാണ് ഈ വിപ്ലവം രംഗപ്രവേശം ചെയ്തത്. ഗൂഗിളിൻ്റെ വരവോടെ വേഗത എന്ന മഹാസാധ്യതയെ നമ്മളെക്കെ തിരിച്ചറിയുകയായിരുന്നു. അതൊരു വിശ്വരൂപ ദർശനം സാധ്യമാക്കി.

ലോകത്തിന് എന്താണ് സംഭവിച്ചത്? അതെന്നിലേക്ക് ചുരുങ്ങുകയായിരുന്നോ?

അതോ ഞാൻ ലോകത്തോട് ചേർന്നു നിൽക്കുകയോ? രണ്ടായാലും ഈ സാധ്യതയൊരുങ്ങിയത് ഗൂഗിളിലൂടെയാണ്. ലോകം എന്നതിൻ്റെ നിർവചനം തന്നെ മാറ്റിയെഴുതുകയാണ് ഗൂഗിൾ ചെയ്തത്. മനുഷ്യൻ എന്ന ജീവിയുടെ ബൗദ്ധികമായ പല പരിമിതികളെയും അതിലംഘിക്കുവാൻ അത് സാധ്യതയൊരുക്കി. ഇന്നിപ്പോൾ ലോകം കറങ്ങുന്നത് വ്യക്തിയുടെ കാഴ്ചയുടെയും ബോധമണ്ഡലത്തിൻ്റെയും ചുറ്റുവട്ടത്ത് നിന്നാണ്. നമ്മളൊന്നാഗ്രഹിച്ചാൽ നമുക്കതിനെ അറിയാൻ കഴിയും.

വായനയുടെ സംസ്കാരത്തെ ഗൂഗിൾ അപ്പാടെ മാറ്റിമറിച്ചിരിക്കുന്നു. പ്രശ്നം പുതിയതാണ്. എന്തു വായിക്കണം എന്ന് എങ്ങനെ തീരുമാനിക്കാം? ഓരോ വായനക്കാരനും നേരിടുന്ന വലിയൊരു വെല്ലുവിളിയാണിത്. ഏതു കാലത്തെ വായനക്കാരെയും ഈ പ്രശ്നം അലട്ടിയിരിക്കും.

പി.ഗോവിന്ദപ്പിള്ള

ഇപ്പോൾ മറ്റൊരു സംഭവം കൂടി എൻ്റെ ഓർമ്മയിലെത്തുന്നു. പിജി എന്നറിയപ്പെട്ട പി.ഗോവിന്ദപ്പിള്ള വലിയൊരു വായനക്കാരനായിരുന്നു. അദ്ദേഹമെപ്പോഴും ഒരു തോൾസഞ്ചി കൊണ്ടു നടക്കുമായിരുന്നു. മറ്റു പലരേയും പോലെ ഞാനും അതിൻ്റെ വലിയൊരാരാധകനായിരുന്നു. അതിലാണ് ഞാനാദ്യമായി 'ന്യൂയോർക്ക് റിവ്യു ഓഫ് ബുക്സ് ' കാണുന്നത്. 'ടൈംസ് ലിറ്റററി സപ്ലിമെൻ്റ്' കാണുന്നത്. ക്യൂബയിൽ നിന്നുള്ള 'ഗ്രാൻമ' എന്ന വാരിക കാണുന്നത്. അക്കാലത്ത് ഇന്ത്യയിൽ കിട്ടുമായിരുന്ന- (പലതും ഡൽഹി പോലുള്ള വലിയ നഗരങ്ങളിൽ മാത്രമെ കിട്ടിയിരുന്നുള്ളൂ.) മിക്ക ആനുകാലികങ്ങളും പിജിയുടെ തോൾസഞ്ചിക്കകത്തുണ്ടാവുമായിരുന്നു. അവ മറിച്ചു നോക്കുമ്പോൾ വായിക്കേണ്ട മികച്ച പുസ്തകങ്ങളെപ്പറ്റിയുള്ള വിവരങ്ങളും റിവ്യുകളും കാണും. പുതിയ പുസ്തകങ്ങളെപ്പറ്റിയൊക്കെ അറിയാം. അവയായിരുന്നു വായനക്കാരൻ്റെ അന്നത്തെ വഴികാട്ടികൾ. പിജി ഇവയെല്ലാം ചില ഡൽഹി ബന്ധങ്ങൾ വഴി സംഘടിപ്പിച്ച് തോൾസഞ്ചിയിൽ കൊണ്ടു നടക്കും. അത് തുറന്നു നോക്കാനുള്ള സവിശേഷാധികാരം ഞാൻ കരസ്ഥമാക്കിയിരുന്നു. തിരിഞ്ഞു നോക്കുമ്പോൾ അതിനെയും ഒരു സെർച്ച് എൻജിൻ എന്ന് വിശേഷിപ്പിക്കാമായായിരുന്നു എന്നു തോന്നുന്നു. അക്കാലത്തെ എൻ്റെ മുന്നിലെ 'ഗൂഗിൾ'.

ഇന്നിപ്പോൾ പുതിയതും മികച്ചതുമായ പുസ്തകങ്ങളെപ്പറ്റി അറിയാൻ ഒന്ന് ഗൂഗ്ൾ ചെയ്താൽ മാത്രം മതി. അതു വഴി ഇത്തരം ആനുകാലികങ്ങൾ വായിക്കാനും കഴിയും. പുസ്തകങ്ങളെപ്പറ്റിയുള്ള എല്ലാ അറിവും ഗൂഗിൾ വായനക്കാരൻ്റെ മുന്നിലെത്തിക്കുന്നു. അതുമൂലമുണ്ടാകുന്ന ഭാരം വായനക്കാരനെ ശ്വാസംമുട്ടിക്കുന്നു.

ഞാനിപ്പോൾ അൽബേനിയൻ എഴുത്തുകാരൻ ഇസ്മയിൽ കദാരെയുടെ 'A Dictator Calls' എന്ന പുതിയ നോവൽ വായിക്കുകയാണ് . സേച്ഛാധിപതികളും എഴുത്തുകാരും തമ്മിലുള്ള ബന്ധമാണ് നോവലിൻ്റെ പ്രമേയം. സോവിയറ്റ് വിരുദ്ധ പ്രവർത്തനത്തിന് കവി ഓസിപ് മാന്തേൽസ്റ്റമിനെ സോവിയറ്റ് ഭരണകൂടം ജയിലിലടച്ചപ്പോൾ സ്റ്റാലിൻ റഷ്യയിലെ മറ്റൊരെഴുത്തുകാരനും മാന്തേൽസ്റ്റമിൻ്റെ സുഹൃത്തുമായ ബോറിസ് പാസ്റ്റർനാക്കിനെ ഫോൺ വിളിച്ച് സംസാരിച്ചിരുന്നുവത്രേ.

ഇസ്മയിൽ കദാരെ

മൂന്നു മിനുട്ടു മാത്രമുണ്ടായ ഒരു ഫോൺ സംഭാഷണം. ആ സംഭാഷണത്തെപ്പറ്റി കദാരെയുടെ ഈ നോവലിൽ പരാമർശമുണ്ട്. എന്തായിരിക്കും അവർ തമ്മിൽ സംസാരിച്ചിരിക്കുക ? ആകാംക്ഷയോടെ ഗൂഗ്ൾ ചെയ്താൽ 1934 ലെ ഈ ഫോൺ സംഭാഷണത്തെപ്പറ്റി പതിമൂന്ന് തരം ഭാഷ്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാൻ കഴിയും. നോവലെഴുതിയ കദാരെ എന്തുകൊണ്ടാണ് ഇത്തരമൊരു വിഷയം പ്രമേയമായി സ്വീകരിച്ചത്? സ്റ്റാലിൻ- പാസ്റ്റർ നാക്ക് സംഭാഷണം നടന്ന് വർഷങ്ങൾക്കു ശേഷം പാസ്റ്റർ നാക്കിന് നോബേൽ സമ്മാനം ലഭിച്ചു. ഭരണകൂട സമ്മർദ്ദത്തിനു വഴങ്ങി അതദ്ദേഹത്തിന് നിരസിക്കേണ്ടി വന്നു. ആ വിവാദം നടന്ന കാലഘട്ടത്തിൽ  കദാരെ മോസ്കോയിലെ സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ  പഠിച്ചിരുന്നു. ഈ ഓർമ്മകളും അൽബേനിയയിലെ അദ്ദേഹത്തിൻ്റെ ജീവിതാനുഭവങ്ങളുമാണ് ഇത്തരമൊരു നോവലെഴുതാൻ ഇസ്മയിൽ കദാരെയെ പ്രേരിപ്പിച്ചത്. ഗൂഗിളിൽ തപ്പി ഇതൊക്കെ മനസ്സിലാക്കി ഞാൻ വീണ്ടും നോവലിലേക്ക് കടക്കുമ്പോൾ അതൊരു വിശാലവായനയായി പരിണമിക്കുന്നു. സമഗ്രവായനയായി എന്നിൽ നിറയുന്നു. ഗൂഗിൾ എന്നെ വായനക്കാരനെന്ന നിലയിൽ  പലതരത്തിലും പ്രാപ്തനാക്കുന്നു. കദാരെ സൃഷ്ടിച്ച ഭാവനാലോകത്തിൻ്റെ ആഴങ്ങൾ ഞാനറിയുന്നു.

ഗൂഗിൾ ലോകത്തെ അനുനിമിഷം വായിച്ചു കൊണ്ടിരിക്കുന്നതു കൊണ്ടാണ് നമ്മളിപ്പോൾ ഇങ്ങനെയൊക്കെ ജീവിക്കുന്നത്. നമ്മുടെ പ്രകൃതത്തെയും നമ്മുടെ ആവശ്യങ്ങളെയും അറിഞ്ഞു കൊണ്ടാണ് ആ യന്ത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. എൻ്റെ ഇഷ്ടാനിഷ്ടങ്ങളിൽ പോലും ഈ സാങ്കേതിക വിദ്യ പല തലത്തിൽ ഇടപെടലുകൾ നടത്തുന്നുണ്ട് എന്നും ഞാൻ അറിയുന്നുണ്ട്. എൻ്റെ ജീവിതത്തെയും എൻ്റെ സമയത്തെയും ക്രമീകരിക്കുന്നതിൽ അറിഞ്ഞും അറിയാതെയും ഗൂഗിളിൻ്റെ ഇടപെടലുകളുണ്ട്. ഒരുവേള പഴയ ഞാൻ വായിക്കുവാൻ ആഗ്രഹിച്ച പലതും ഗൂഗിളില്ലായിരുന്നെങ്കിൽ ഇന്നും എനിക്കു വായിക്കുവാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിൽ ഞാൻ ഏറെ ആസ്വദിച്ച് വായിച്ച പല മികച്ചരചനകളും ഗൂഗിളില്ലായിരുന്നെങ്കിൽ എന്നിലെ വായനക്കാരൻ കണ്ടെത്തുമായിരുന്നില്ല. വായനയുടെയും എഴുത്തിൻ്റെയും ലോകം ഇന്നന്നെ അമ്പരപ്പിക്കുന്നു. വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളനുസരിച്ച് ഒരു തിരഞ്ഞെടുപ്പ് സാധ്യമായാൽ പോലും വായിക്കാനാഗ്രഹിക്കുന്ന ലക്ഷക്കണക്കിന് പുസ്തകങ്ങൾ ഇന്നത്തെ ലോകത്തുണ്ട് എന്ന് ഗൂഗിൾ എന്നന്നെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അതെസമയം ഒരായുസ്സുകൊണ്ട് ഒരു മികച്ച വായനക്കാരന് വായിക്കാനാവുന്നതാകട്ടെ കേവലം അഞ്ചോ - ആറോ ആയിരം പുസ്തകങ്ങളും! ഈ സമസ്യ എന്നിലെ വായനക്കാരൻ്റെ അഹന്തയ്ക്ക് ചെറിയ തോതിലെങ്കിലും ശമനമുണ്ടാക്കുന്നുണ്ട്.


വായനയുടെ പുതിയ ആകാശങ്ങൾ കാണിച്ചു തന്നു എന്നതാണ് ഗൂഗിൾ ചെയ്ത ഏറ്റവും മുഖ്യമായകാര്യം. കാലാതിവർത്തികളായ ക്ലാസിക്കുകളെയും ഏറ്റവും പുതിയ പരീക്ഷണ രചനകളെയും അതെന്നിലെ വായനക്കാരനിലേക്ക് നിരന്തരം ചേർത്തു നിർത്തുന്നു. ഭാഷയെയും അർത്ഥത്തെയും പുതിയതാക്കുന്നു. ഞാനെറ്റെടുത്ത പ്രവൃത്തിയുടെ ഭയപ്പെടുത്തുന്ന ഭീമാകാരത്വത്തെപ്പറ്റി അതെന്നെ ഓർമ്മിപ്പിക്കുന്നു. എൻ്റെ വായനയെപ്പറ്റി സൂക്ഷ്മമായി വിലയിരുത്താനും അതിനെ തോന്നുമ്പോഴൊക്കെ നവീകരിക്കാനും സഹായിക്കുന്നു. 1990 കളിലെ വായനക്കാരൻ എന്ന സ്വയം സങ്കല്പത്തെ അത് തകിടം മറിക്കുകയും പുതിയ യാഥാർത്ഥ്യത്തോട് അലോസരപൂർവ്വം അടുപ്പിക്കുകയും ചെയ്യുന്നു. എൻ്റെ വിശ്വാസശാഠ്യങ്ങളിൽ നിന്നും അതെന്നെ മോചിപ്പിച്ചിരിക്കുന്നു. അതെന്നിലെ വായനക്കാരനെ പുതുക്കിപ്പണിതിരിക്കുന്നു. അവൻ പതുങ്ങിയിരുന്നിരുന്ന മൂഢസ്വർഗ്ഗത്തെ അത് തച്ചു തകർത്തു കളഞ്ഞു. വായനക്കാരൻ്റെ സ്വകാര്യമായ ഇടത്തെ അത് മാറ്റിപ്പണിയുകയായിരുന്നു. ഭാവനയെന്നപോലെ അതിരുകളില്ലാത്ത, അനന്തമായ അറിവിൻ്റെയും അനുഭവത്തിൻ്റെയും ലോകത്ത് അലഞ്ഞു തിരിയുന്ന ഒരാളായി വായനക്കാരെ അത് പരിണമിപ്പിച്ചു. പുതിയ കാലത്തെ പഠനമുറിയ്ക്കും വായനാമുറിയ്ക്കും ചുമരുകളില്ല.

എൻ്റെ ജീവിതത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഈ നവീന ദൈവത്തെ ഞാനെങ്ങനെ നിർവചിക്കും? സത്യത്തിൽ അത് പെരകിൻ്റെ നോവലിനകത്തു കടന്നതു പോലെയാണ്.

പുതിയ കാല ജീവിതത്തിൻ്റെ യൂസേഴ്സ് മാന്വലാണ് ഗൂഗിൾ. ഗൂഗിളിനെ മനുഷ്യൻ സൃഷ്ടിച്ചത് മനുഷ്യൻ ദൈവത്തെ നിർമ്മിച്ചെടുത്തതുപോലെയാണ് എന്നാണ് ഞാൻ കരുതുന്നത്. ആവശ്യവും അറിവും സൗന്ദര്യവും സമ്മേളിച്ചാണ് ദൈവമുണ്ടായത്. ആധുനിക കാലത്തിൻ്റെ ദൈവമാണ് ഗൂഗിൾ. രൂപമില്ലാത്ത ഒന്ന്. അതൊരു രക്ഷാകവചമാണ്. പുതിയ കാലത്തിൻ്റെ രക്ഷാകവചം. ജീവിതത്തെയും ലോകത്തെയും വായിക്കുവാൻ അത് നമ്മളെയൊക്കെ പ്രാപ്തരാക്കുന്നു.

Comments