Graphics: wellcomecollection

അവസാനിക്കുന്നു,
തലച്ചോറിന്റെ ഏകാധിപത്യം

‘‘നാഡീവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ മൗലികമായ ഗതിവ്യതിചലനം സംഭവിച്ചിരിക്കയാണ്. ശരീരവും മനസ്സും തമ്മിലുള്ള ബന്ധങ്ങൾക്ക് പുതിയ നിർവ്വചനങ്ങൾ ചമയ്ക്കപ്പെടുകയാണ്. ക്ലിനിക്കിൽ ഡോക്ടർമാർക്കൊപ്പം സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ഉണ്ടായിരിക്കും എന്ന നില കൈവരാൻ താമസമില്ല. സൈക്യാട്രിസ്റ്റുകൾ നിർബ്ബന്ധമായും ഗഹനമായി ന്യൂറോസയൻസ് പഠിക്കേണ്ടിവന്നേയ്ക്കും.’’ എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 15

ലച്ചോറ് ശരീരത്തെ നിയന്ത്രിക്കുന്നു എന്നാണ് പൊതുവേ അംഗീകരിച്ചിട്ടുള്ള പ്രമാണം. ശരീരത്തിലെ ഏറ്റവും വിലപിടിപ്പുള്ള അവയവം. സൂക്ഷ്മമായും സുരക്ഷിതമായും കട്ടിയുള്ള ഒരു എല്ലിൻപെട്ടിയിൽ കാത്തുവെയ്ക്കുന്ന, സർവ പെരുമാറ്റങ്ങളേയും തോന്നലുകളേയും നിയന്ത്രിക്കുന്ന പരമ നേതാവ്- അതാണ് മസ്തിഷ്ക്കം. മറ്റ് അണുക്കളും തന്മാത്രകളും ചെന്നു കേറാതെ ജൈവികമതിലിനുള്ളിലാണ് പ്രതിഷ്ഠ. അതുകൊണ്ട് ശരീരത്തിലെ പ്രശ്നഭരിതമായ സംഭവങ്ങളിൽനിന്ന് ഒഴിഞ്ഞുമാറി പ്രതിരോധവകുപ്പിൻ്റെ യുദ്ധങ്ങളിൽ പങ്കെടുക്കാതെ, കോശങ്ങളുടെ ജനനമരണക്കലവികളെ അവഗണിച്ച് വിരാജിതനായി ഭവിക്കുന്ന ഏക അവയവം.

എന്നാൽ കഴിഞ്ഞ 20 കൊല്ലത്തെ നിരീക്ഷണങ്ങൾ ഈ പരമ്പരാഗത ചിന്തയെ മാറ്റി മറിക്കാൻ പോന്നവയാണ്. തലച്ചോറിൻ്റെ ഏകാധിപത്യം ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കയാണ്. ശരീരത്തിൻ്റെ പല അനുരണങ്ങളും ഏറ്റുപിടിക്കുന്ന പാരസ്പര്യമുള്ള അവയമാണ് മസ്തിഷ്ക്കം. മാത്രമല്ല, മറ്റ് അവയവങ്ങളുടെ കൃത്യമായ പ്രവർത്തനം ഉറപ്പു വരുത്തുന്ന ഉത്തരവാദിത്തവും തലച്ചോറ് ഏറ്റെടുക്കുന്നു. ഉദാഹരണത്തിന് ഹൃദയാഘാതം സംഭവിക്കാൻ തലച്ചോറിന്റെ പ്രവർത്തനങ്ങൾ കാരണമായേക്കാം. തലച്ചോറിൻ്റെ ഇത്തരം ഇടപെടലുകളെക്കുറിച്ചുള്ള ഈ അറിവ് നൂതനമാണ്, ശാസ്ത്രത്തിലും ആരോഗ്യസംരക്ഷണ മേഖലയിലും സാംഗത്യമുളവാക്കുന്നതാണ്.

തലച്ചോറിലെ രക്തക്കുഴലുകള്‍ / Photo: wellcomecollection

കുടലിലെ ബാക്റ്റീരിയ തലച്ചോറിനെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് ധാരാളം നിരീക്ഷണങ്ങളുണ്ട്. പലതരം ബാക്റ്റീരിയകൾ നമ്മളിൽ അധിവസിക്കുന്നു, ഇവയുടെ തോതിലുള്ള മാറ്റങ്ങൾ പാർക്കിൻസൻ അസുഖത്തിനും മറ്റ് ചലനനിയന്ത്രണ വ്യതിചലനങ്ങൾക്കും കാരണമാകുന്നു എന്നത് ഇന്ന് സുവിദിതമാണ്. ഇതോടൊപ്പം തലച്ചോറിൻ്റെ കീഴ് ഭാഗത്തു നിന്ന് പുറപ്പെടുന്ന 12 ഞരമ്പുകളിൽ പത്താമത്തേത് ആമാശയത്തിൽ നിന്നും കുടലിൽ നിന്നും സംവേദനങ്ങൾ അയച്ച് തലച്ചോറിനെ സ്വാധീനിക്കുന്നതായും അറിവുണ്ട്. ശരീരത്തിൻ്റെ മറ്റ് ചിലടത്തുണ്ടാവുന്ന അസുഖങ്ങൾ തലച്ചോറിൽ മാറ്റങ്ങളുണ്ടാക്കുന്നുണ്ട്. ഗർഭസമയത്തെ അണുബാധ ഓട്ടിസത്തിനിടയാക്കുന്നു എന്നൊരു തിയറിയുമുണ്ട്.

ശാസ്ത്രലോകം ആദ്യം തള്ളിക്കളഞ്ഞ ആശയമാണ് കുടൽ ബാക്റ്റീരിയ തലച്ചോറിൽ സ്വാധീനം ചെലുത്തുന്നു എന്നത്. ഇന്ന് ആയിരക്കണക്കിനു പരീക്ഷണ പ്രബന്ധങ്ങൾപുറത്തുവന്നിട്ടുണ്ട്, ന്യൂറോ ശാസ്ത്രമീറ്റിങ്ങുകളിൽ പ്രധാന ചർച്ചാവിഷയവുമാണ്.

തലച്ചോറിന്റെ പ്രവർത്തനങ്ങളായ തോന്നലുകൾ, ഉത്ക്കണ്ഠകൾ, വിഷാദങ്ങൾ തുടങ്ങിയവ ഹൃദയം ഉൾപ്പെടെ അവയവങ്ങളെ ബാധിക്കുന്നു എന്നത് കാൽപ്പനിക സങ്കൽപ്പങ്ങളല്ല ഇന്ന്. മിടിപ്പ് മുതലായ ഹൃദയപ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിനെ മാത്രമേ നമുക്ക് ഇന്നുവരെ പരിചയമുള്ളൂ. പക്ഷേ ശരീരത്തിലെ പല ഫിസിയോളജി പ്രവർത്തനങ്ങളും തലച്ചോറുമായി ബന്ധപ്പെട്ടിരിക്കുന്നു. പനി വരുന്നത് വസ്തവത്തിൽ തലച്ചോറിൻ്റെ ചില കേന്ദ്രങ്ങളിലെ ന്യൂറോണുകളുടെ സ്വാധീനത്താലാണ്. പ്രഥമദൃഷ്ട്യാ തലച്ചോറുമായി ബന്ധ​പ്പെട്ടതല്ലെന്ന് തോന്നുമെങ്കിലും, ശരീരത്തിൻ്റെ ചില പ്രവർത്തനങ്ങളിൽ തലച്ചോറും നാഡികളും പങ്കെടുക്കുന്നതാണ് പനി. ഒരു തലച്ചോറ് കേന്ദ്രം ഉത്തേജിക്കപ്പെട്ടാൽ ഓർമപ്പെടുത്തും, പണ്ടത്തെ നീർവീക്കത്തെപ്പറ്റി, അത് ഉടൻ നീർവീക്കമുണ്ടാക്കും. തലച്ചോറിൽ കാൻസർ പരത്തുന്നത് ചിലപ്പോൾ ചില ന്യൂറോൺ സംഘങ്ങളാലാണത്രെ. രക്തസമ്മർദ്ദത്തിലെ ഏറ്റക്കുറച്ചിലും തലചുറ്റലുമൊക്കെ സംഭവിക്കുന്നത് ഹൃദയത്തിൽനിന്ന് തലച്ചോറിലെത്തുന്ന ചില ഞരമ്പുകൾ വഴിയാണ്. നാഡീവ്യവസ്ഥയെക്കുറിച്ചുള്ള കാഴ്ച്ചപ്പാടിൽ മൗലികമായ ഗതിവ്യതിചലനം സംഭവിച്ചിരിക്കയാണ്. ശരീരവും മനസ്സും തമ്മിലുള്ള ബന്ധങ്ങൾക്ക് പുതിയനിർവ്വചനങ്ങൾ ചമയ്ക്കപ്പെടുകയാണ്, അവയുടെ പാരസ്പര്യത്തിന്റെ കാണാപ്പുറങ്ങൾ വായിക്കപ്പെട്ടുതുടങ്ങിയിരിക്കയാണ്.

കുടൽ ബാക്റ്റീരീയയുടെ
നിയന്ത്രണങ്ങൾ

ശാസ്ത്രലോകം ആദ്യം തള്ളിക്കളഞ്ഞ ആശയമാണ് കുടൽ ബാക്റ്റീരിയ തലച്ചോറിൽ സ്വാധീനം ചെലുത്തുന്നു എന്നത്. ഇന്ന് ആയിരക്കണക്കിനു പരീക്ഷണപ്രബന്ധങ്ങൾ gut-brain axis- നെക്കുറിച്ച് പുറത്തുവന്നിട്ടുണ്ട്, ന്യൂറോ ശാസ്ത്രമീറ്റിങ്ങുകളിൽ പ്രധാന ചർച്ചാവിഷയവുമാണ്. തലച്ചോറിൻ്റെ പല വൈകല്യങ്ങളും കുടൽ ബാക്റ്റീരിയയിൽനിന്ന് തുടങ്ങുന്നു എന്നതിന് ഏറെ തെളിവുകളുണ്ട്. ഈ ബാക്റ്റീരിയ കുടിയേറിപ്പാർക്കുന്ന ഇടത്തുനിന്ന് വളരെ ദൂരെയുള്ള തലച്ചോറിനെയാണ് സ്വാധീനിക്കുന്നത് എന്നതാണ് രസകരം.

കുടൽ ബാക്റ്റീരിയ പാർക്കിൻസൺസ് അസുഖത്തിനും ഗർഭസ്ഥശിശുവിൻ്റെ ഓട്ടിസത്തിനും കാരണമാകുന്നതെങ്ങനെ എന്നതിന്റെ ചിത്രീകരണം. Courtesy: Nature Magazine

പാർക്കിൻസൺസ് അസുഖമുണ്ടാക്കുന്നതിൽ കുടൽ ബാക്റ്റീരീയയ്ക്ക് പങ്കുണ്ട്. ചലനശേഷി നഷ്ടപ്പടുന്നതുനുമുമ്പുതന്നെ ചിലർക്ക് ദഹനക്കേട് അനുഭവപ്പെടാറുണ്ട്. കുടലിലാണ് ഈ അസുഖം തുടങ്ങുന്നത് എന്നുപറഞ്ഞാൽ അത് അതിശയോക്തിയായിരിക്കില്ല. ചലനങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോണുകൾ തലച്ചോറിലെ ഒരു പ്രത്യേക ഇടത്ത് നശിച്ചുതുടങ്ങുന്നതാണ് ഈ അസുഖത്തിനു കാരണം. ആൽഫാ സൈന്യുക്ലിൻ (Alpha synuclein) എന്ന പ്രോട്ടീൻ ശരിക്ക് മടക്കിയെടുക്കാനാവാതെ കൂടെയുള്ള ഈ പ്രോട്ടീനുകളേയും വളച്ചെടുത്ത് കട്ടിയുള്ള നാരുകളുടെ കെട്ട് (Lewy bodies) സൃഷ്ടിക്കുന്നതാണ് ന്യൂറോണുകൾ നശിക്കാൻ കാരണം. ചില കുടൽ ബാക്റ്റീരിയകൾ ഏകദേശം ഇതുപോലെയുള്ള പ്രോട്ടീൻ നിർമിക്കുന്നുണ്ട്, അവ തലച്ചോറിലെത്തി ന്യൂറോണുകളിലെ സൈന്യൂക്ലിൻ തന്മാത്രകളെ കെട്ടുപിണയിക്കുകയാണ്. ഈ പ്രോട്ടീൻ നിർമിക്കുന്ന ബാക്റ്റീരിയ എലികളുടെ കുടലിൽ എത്തിച്ചപ്പോൾ അവയുടെ തലച്ചോറിൽ സൈന്യൂക്ലിൻ കെട്ടുകൾ ഉളവായി എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. കുടലിൽനിന്ന് ഈ പ്രോട്ടീൻ തലച്ചോറിലെത്തുന്നത് വേഗസ് (vagus) ഞരമ്പ് വഴിയായിരിക്കണം. തലച്ചോറിൽനിന്ന് പുറപ്പെട്ട് ആമാശയത്തിലും കുടലിലും എത്തുന്ന ഏറ്റവും നീളം കൂടിയ ഞരമ്പാണ് വേഗസ്. ആമാശയത്തിലെ അൾസർ ചികിൽസക്കായി, ആസിഡ് പുറപ്പെടുവിക്കുന്നത് തടയിടാൻ ഈ വേഗസ് ഞരമ്പിൻ്റെ ശാഖകൾ മുറിച്ചുമാറ്റുന്ന പതിവ് 1970- കളിലുണ്ടായിരുന്നു. എന്നാൽ പിന്നീട് തെളിഞ്ഞത് ഈ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് അപൂർവമായേ പാർക്കിൻസൺസ് അസുഖം വരുന്നുള്ളൂ എന്നാണ്. വേഗസ് ഞരമ്പ് മുഴുവൻ മുറിച്ചു മാറ്റിയ എലികളിൽ സൈന്യൂക്ലിൻ തലച്ചോറിലെത്തുന്നില്ല എന്ന് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

വേഗസ് നാഡികളുടെ ചിത്രീകരണം

ഇങ്ങനെ പ്രോട്ടീനുകൾ ക്രമരഹിതമയി മടങ്ങി കെട്ടുകളുണ്ടാക്കുന്ന പ്രതിഭാസം വേറേ രണ്ട് ഗുരുതര അസുഖങ്ങളിലും സംഭവിക്കുന്നുണ്ട്: ആൽസൈമേഴ്സിലും ചലന ന്യൂറോൺ അസുഖമായ Amyotrophic Lateral Sclerosis (ALS)- ലും. ഇവിടെയും കുടൽ ബാക്റ്റീരിയയുടെ ഇടപെടലുകൾ സംഭവിക്കുന്നുണ്ടെന്നാണ് ആധുനിക നിഗമനം. പക്ഷേ ഈ അസുഖങ്ങളുടെ പിന്നിൽ സങ്കീർണമായ ഇടപെടലുകളുണ്ട്. ബാക്റ്റീരിയൽ പ്രോട്ടീനിൻ്റെ ക്രമരഹിത മടങ്ങൽ മാത്രമായിരിക്കില്ല കാരണം. പക്ഷേ നമുക്ക് പ്രയോജനപ്പെടുന്ന അസംഖ്യം ബാക്റ്റീരിയ കുടലിലുണ്ട്, അവ പുറപ്പെടുവിക്കുന്ന പല തന്മാത്രകളും തലച്ചോറിന് സ്വാസ്ഥ്യം നൽകുന്നുമുണ്ട്. ഇതിലൊന്നാണ് വൈറ്റമിൻ- ബി 3. കുടലിൽ നിന്ന് തലച്ചോറിലെത്തുന്ന ഈ ബാക്റ്റീരിയാ നിർമിത വസ്തു ALS- ൻ്റെ ഗുരുതരാവസ്ഥ കുറയ്ക്കുന്നുണ്ടത്രെ.

ഓടിസം, കുടൽ ബാക്റ്റീരിയ,
തലച്ചോർ ബന്ധം

ഗർഭകാലത്ത് ബാക്റ്റീരിയ ബാധയുണ്ടായവരുടെ കുഞ്ഞുങ്ങൾക്ക് ഓട്ടിസം കാണപ്പെട്ടാൻ സാദ്ധ്യതയുണ്ട്. സ്വീഡനിൽ 1.8 മില്ല്യൺ ആൾക്കാരെ ഉൾപ്പെടുത്തിയ ഒരു പഠനത്തിൽ ഗർഭകാലത്ത് ആശുപത്രിയിലാക്കപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് ഓട്ടിസമുണ്ടാകാനുള സാദ്ധ്യത 79% കൂടുതലുണ്ടെന്ന് തെളിഞ്ഞു. എലികളിൽ നടത്തിയ പരീക്ഷണങ്ങൾ ഈ ആശയത്തെ ഊട്ടിയുറപ്പിക്കാൻ പോന്നതാണ്. കൃത്രിമ അണുബാധ സൃഷ്ടിക്കപ്പെട്ട എലികളിലെ പ്രതിരോധ കോശങ്ങളായ ‘റ്റി- സഹായി’ (T- helper) ഉത്തേജിതരായി, IL-17 എന്നൊരു സന്ദേശ പ്രോട്ടീൻ മറുപിള്ള (placenta) വഴി ഗർഭസ്ഥശിശുവിൻ്റെ തലച്ചോറിലെത്തി ന്യൂറോണുകളിലെ സ്വീകരിണികളിൽ പറ്റിപ്പിടിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ലാക്റ്റോബാസിലസ് ബാക്ടീരിയ

ജനിച്ചശേഷം ഈ എലികളിൽ ഓട്ടിസത്തിന് സമാനമായ പെരുമാറ്റങ്ങൾ കണ്ടു. കുടലിലെ പ്രത്യേകതരം ബാക്റ്റീരിയയാണ് ഈ ‘റ്റി-സഹായി’ കോശങ്ങളെ ഉത്തേജിതരാക്കുന്നത്. എന്നാൽ ഇതിന് മറുകൃതി എന്ന പോലെ മറ്റൊരു തരം ബാക്റ്റീരിയ (ലാക്റ്റോബാസിലസ്) പെരുമാറുന്നുണ്ട്. ഓട്ടിസം പോലുള്ള പെരുമാറ്റവുമായി ജനിച്ച എലിക്കുഞ്ഞുങ്ങളിൽ ഈ ലാക്റ്റോ ബാസിലസ് ബാക്റ്റീരിയ നിക്ഷേപിക്കപ്പെട്ടപ്പോൾ അവരുടെ ആ ലക്ഷണങ്ങൾ ഇല്ലാതാകുന്നതായി കണ്ടു പിടിയ്ക്കപ്പെട്ടു. എന്നാൽ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്ന വേഗസ് ഞരമ്പ് മുറിച്ചു മാറ്റപ്പെട്ടപ്പോൾ ഇതേ ബാക്റ്റീരിയ പ്രവർത്തന രഹിതമായി.
കുടൽ ബാക്റ്റീരിയ- പ്രതിരോധ വ്യവസ്ഥ-തലച്ചോറ് പ്രവർത്തനങ്ങൾ എന്നിവയെ ബന്ധിപ്പിക്കുന്ന കണ്ണികളെക്കുറിച്ച് കൃത്യമായ അറിവാണ് ഇത്തരം പരീക്ഷണങ്ങൾ നൽകുന്നത്. ഇന്ന് ഓട്ടിസത്തിനും മറ്റ് neuro degenerative അസുഖങ്ങൾക്കും ബാക്റ്റീരിയ ചികിൽസാവിധിയാക്കാനുള്ള ശ്രമങ്ങൾ കൊണ്ടുപിടിച്ച് നടത്തുന്നു. കോവിഡ് ബാധയാൽ തത്തുല്യമായ പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ടോ എന്ന് പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കയാണിപ്പോൾ.

ഹൃദയവും മനസ്സും:
എന്തൊരിണക്കം

നിങ്ങൾക്ക് തലചുറ്റുന്നു, ആ ഉൽക്കണ്ഠയിൽ ഹൃദയമിടിപ്പ് കൂടുന്നു. എന്നാൽ ഹൃദയമിടിപ്പ് കൂടിയാൽ തലചുറ്റുമോ? സാദ്ധ്യതയുണ്ട് എന്നാണ് പുതിയ പരീക്ഷണങ്ങൾ തെളിയിക്കുന്നത്. ഹൃദയത്തിൻ്റെ പ്രവർത്തനങ്ങൾ തലച്ചോറിനെ അറിയിക്കുന്നുണ്ട്. അതനുസരിച്ച് തലച്ചോറിൻ്റെ പ്രവർത്തനങ്ങളും മാറാം. തലച്ചോർ ആരേയും അനുസരിക്കില്ല എന്ന് കരുതേണ്ടതില്ല. ഹൃദയം അതിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ച് അപ്പപ്പോൾ തലച്ചോറിന് അറിവ് കൊടുത്തുകൊണ്ടിരിക്കയാണ്. അതുപോലെ മനസ്സിനെ വായിച്ചെടുക്കുന്നുമുണ്ട്, ഹൃദയം. ഉത്ക്കണ്ഠ കൊണ്ട് ഹൃദയമിടിപ്പ് കൂടാം. അതുപോലെ ഹൃദയമിടിപ്പ് കൂടിയാൽ ഉത്ക്കണ്ഠയുണ്ടാകുന്നതിനും സാദ്ധ്യതയുണ്ട്. വൈകാരികമായ തോന്നൽ ഉളവാകുമ്പോൾ അതിൽ ഹൃദയത്തിനും പങ്കുണ്ടത്രെ. കാൽപ്പനികത സൃഷ്ടിച്ചെടുത്ത ‘ഹൃദയം’ എന്ന സങ്കൽപ്പം നേരാകാൻ സാദ്ധ്യതയുണ്ടെന്നർത്ഥം.

കാൽപ്പനികത സൃഷ്ടിച്ചെടുത്ത ‘ഹൃദയം’ എന്ന സങ്കൽപ്പം നേരാകാൻ സാദ്ധ്യതയുണ്ടെന്നർത്ഥം. / Photo: vecteezy.com

പെട്ടെന്നുണ്ടാകുന്ന പരിഭ്രാന്തി (panic) ചിലപ്പോൾ ഹൃദയത്തിൽ ഉറവിടുന്നതായിരിക്കാം. ഹൃദയത്തിൻ്റെ വാൽവുകളുടെ പ്രശ്നത്താൽ തലച്ചോറിൻ്റെ പെരുമാറ്റങ്ങൾ മാറിയെന്നിരിക്കും. മസ്തിഷ്ക്കാഘാതമുണ്ടാകുന്നത് ഹൃദയത്തിൻ്റെ ചാഞ്ചല്യപ്രവർത്തനം കൊണ്ടാകാമെന്നാണ് ആധുനിക പരീക്ഷണങ്ങൾ പറയുന്നത്. സുഖചിന്തകളുടെയും സൽപ്രചോദനങ്ങളുടെയും തലച്ചോറിടങ്ങൾ ഉത്തേജിക്കപ്പെട്ടാൽ ഹൃദയഭിത്തികൾക്ക് അത് ഗുണം ചെയ്യുമത്രേ. ഹൃദയത്തിൻ്റെ സ്വാസ്ഥ്യത്തിലിടപെടാൻ തലച്ചോർ കേന്ദ്രങ്ങൾ തയാറായിരിക്കയാണ്. തലച്ചോറിനെ സുഗമമായി പ്രവർത്തിക്കാൻ സഹായിക്കുന്ന ഹൃദയമാണ് നമുക്കുള്ളത് എന്നത് നൂതനമായ അറിവാണ്. ഹൃദയത്തിൻ്റെ ആരോഗ്യം, തലച്ചോറിൻ്റെ ആരോഗ്യം എന്ന് മുദ്രാവാക്യം. ഹൃദയത്തിൻ്റെ ന്യൂറോ ബയോളജി കൂടുതൽ പഠിച്ചെടുക്കേണ്ടിയിരിക്കുന്നു.

പ്രതിരോധ വ്യവസ്ഥയും തലച്ചോറും-
പാരസ്പര്യം ചമയ്ക്കുന്ന കെട്ടുപാടുകൾ

നുഴഞ്ഞുകയറുന്ന അണുക്കൾക്കെതിരെ പ്രതിരോധം സൃഷ്ടിക്കുക എന്നത് ശ്രമകരമാണ്. തലച്ചോറ് ഈ ബഹളങ്ങളിൽ നിന്നും തിരക്കുകളിൽ നിന്നും ഒഴിവാക്കപ്പെട്ട അവയവമാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം, ഭരണാധികാരി ഈ പെടാപ്പാടിൽ പെട്ടുപോയെങ്കിലോ എന്ന ആശങ്ക മൂലം. എന്നാൽ, ഈ രാജാവിനു പണിതിട്ട കോട്ടകളിൽ കവാടങ്ങളും വിടവുകളും ഉണ്ടെന്നും അതിർത്തിയിൽ കർമനിരതരായ ഇമ്യൂൺ കോശങ്ങൾ ധാരാളം നിലയുറപ്പിച്ച് തിരക്കിലേർപ്പെടുന്നുണ്ടെന്നുമാണ് പുതിയ അറിവുകൾ സമർത്ഥിക്കുന്നത്. തലച്ചോറും പ്രതിരോധവ്യസ്ഥയും കെട്ടുപിണഞ്ഞിട്ടുള്ളതാണെന്നതാണ് സത്യം. തലച്ചോറിൽ തന്നെ താമസിക്കുന്ന പ്രതിരോധ കോശങ്ങൾ -മൈക്രോഗ്ലിയ- ജോലി ഏറ്റെടുക്കുന്നന്നു. മറ്റ് കോശങ്ങളെ ഉള്ളിൽ പ്രവേശിപ്പിക്കുകയില്ല എന്ന ആശയം മാറിമറിഞ്ഞിരിക്കുകയാണ്. ചില പ്രതിരോധ കോശങ്ങൾ ശരീരത്തിലെ മറ്റിടങ്ങളിൽ നിന്ന് വന്നു ചേരുന്നുണ്ട്, ചിലവ തലയോട്ടിയിലെ മജ്ജയിൽ ഉളവാകുന്നുമുണ്ട്. ഇവ ഒത്തുചേർന്നാണ് തലച്ചോറിനെ പരിപാലിക്കുന്നത്, നല്ല കാലത്തും കഷ്ടകാലത്തും.

ഡോ. മിഷാൽ ഷ്വാർട്സ് / Photo: imperial.ac.uk

1990- കളിൽ വൈസ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. മിഷാൽ ഷ്വാർട്സ് ചോദിച്ച ചോദ്യം പുതിയ ചില പരീക്ഷണങ്ങൾക്ക് വഴിവെച്ചു: ‘തലച്ചോറ് പൂർണമായും പ്രതിരോധ വ്യവസ്ഥയിൽ നിന്ന് വിഘടിക്കപ്പെട്ടതാണോ?’
തലച്ചോറിൽ ഇമ്യൂൺ പ്രവർത്തനങ്ങൾ നടന്നാൽ തന്നെ അത് അസുഖത്തിൻ്റേയോ പാതോളജിയുടെയോ ലക്ഷണമായിരിക്കും എന്ന് തീർപ്പുകൽപ്പിച്ച കാലവുമായിരുന്നു ഇത്. ഇമ്യൂൺ കോശങ്ങളും പ്രതിരോധ തൻമാത്രകളും ഒഴുകിയിറങ്ങുന്ന ലിംഫ് വ്യവസ്ഥ (lymphatic system) തലച്ചോറിൽ എത്തുന്നുമില്ല. Multiple sclerosis എന്ന ന്യൂറോൺ ദ്രവീകരണാസുഖം മാത്രമാണ് ഇമ്യൂൺ കോശങ്ങൾ തലച്ചോറിൽ ദ്രോഹം കാട്ടിക്കൂട്ടുന്ന ഒരേയൊരു വേള. എന്നാൽ ഷ്വാർടിസിനും കൂട്ടർക്കും തെളിയിക്കാനായത്, തലച്ചോറിന് ക്ഷതമേൽക്കുമ്പോൾ രണ്ടുതരം കോശങ്ങൾ സംരക്ഷണവുമായി എത്തുന്നു എന്നാണ്, മാക്രോഫേജസ് (macrophages), റ്റി കോശങ്ങൾ (T cells) എന്നിവ.

വൈകാരികമായ തോന്നൽ ഉളവാകുമ്പോൾ അതിൽ ഹൃദയത്തിനും പങ്കുണ്ടത്രെ. കാൽപ്പനികത സൃഷ്ടിച്ചെടുത്ത ‘ഹൃദയം’ എന്ന സങ്കൽപ്പം നേരാകാൻ സാദ്ധ്യതയുണ്ടെന്നർത്ഥം.

അന്നത്തെ ന്യൂറോ ശാസ്ത്രജ്ഞർ ഈ പഠനത്തെ തള്ളിക്കളഞ്ഞു. എന്നാൽ, താമസിയാതെ സത്യം പുറത്തായി. പ്രതിരോധവ്യവസ്ഥ നിർവീകരിക്കപ്പെട്ട എലികളിൽ തലച്ചോറിൻ്റെ അപചയങ്ങൾ (ALS-amyotropic lateral sclerosis, Alzheimer’s disease) വളരെ വേഗം ഗുരുതരമാകുന്നത് നിരീക്ഷിക്കപ്പെട്ടു. ഇമ്യൂണിറ്റി തിരിച്ചുനൽകപ്പെട്ടപ്പോൾ ഇതിൻ്റെ വേഗത കുറഞ്ഞു. ഈയിടെ നിരീക്ഷിക്കപ്പെട്ടത് തലച്ചോറിനരികിൽ, ചുറ്റും വിന്യസിക്കപ്പെട്ട പ്രതിരോധകോശങ്ങൾ ന്യൂറോ അപചയ രോഗസമയത്ത് ഊർജ്ജസ്വലരാകുന്നതായിട്ടാണ്. ആൽസൈമേഴ്സ് അസുഖബാധിതരിൽ തലച്ചോറിനു ചുറ്റും നിറച്ചിരിക്കുന്ന ദ്രാവക (cerebrospinal fluid) ത്തിൽ റ്റി കോശങ്ങളുടെ ആധിക്യം കാണപ്പെട്ടു. ഇമ്യൂൺ കോശങ്ങൾ സംരക്ഷണമാണോ ഉപദ്രവങ്ങളാണോ നൽകുന്നത് എന്നതിൽ സംശയങ്ങളുണ്ട്.

തലച്ചോറിനു ചുറ്റും വിവിധ തരം പ്രതിരോധകോശങ്ങളെയാണ് അണിനിരത്തിയിരിക്കുന്നത്, ശരീരത്തിൽ മറ്റെവിടെയും കാണുന്നതുപോലെ. cerebrospinal fluid എന്ന ദ്രാവകം നിറഞ്ഞിരിക്കുന്ന പുറമേയുള്ള മടക്കുകളെ ഇമ്യൂൺ അദ്ഭുതലോകം എന്ന് വിളിക്കപ്പടുന്നു. ഇവ വേറൊരിടത്തു നിന്ന് വരേണ്ടതില്ല, തലയോട്ടിയുടെ ഉള്ളിലുള്ള മജ്ജയിൽ നിർമിക്കപ്പെടുന്നവയാണ്. തലച്ചോറിന് ആവശ്യം വരുമ്പോൾ -എന്തെങ്കിലും ക്ഷതം പറ്റുമ്പോൾ- ഇങ്ങോട്ട് സന്ദേശങ്ങളയക്കുകയാണ്, അതനുസരിച്ച് അവ പ്രവർത്തനം മാറ്റുന്നു. ഈ കോശങ്ങൾ വളരെ മര്യാദക്കാരാണ്, മറ്റിടങ്ങളിലെ ഇമ്യൂൺ കോശങ്ങളെ അപേക്ഷിച്ച്. ഇവയെ വാൽസല്യത്തോടെയാണ് കാത്തുസൂക്ഷിക്കുന്നത്. എന്നാൽ റ്റ്യൂമർ വരാൻ തുടങ്ങുമ്പോൾ മറ്റിടത്തുനിന്ന് വീരശൂര പോരാളികൾ എത്തുകയാണ്. അപചയ അസുഖമായ മൾറ്റിപ്പിൾ സ്ക്ലീറോസിസ് സംഭവിക്കുന്നത് പുറത്തുനിന്നുള്ള ഇമ്യൂൺ കോശങ്ങളുടെ നിയന്ത്രണമില്ലാത്ത പെരുമാറ്റങ്ങൾ മൂലമായിരിക്കാം എന്ന് അനുമാനം.

Activation of macrophage or B cell by T helper cell / Image: Wikimedia Commons

മസ്തിഷ്ക്കത്തിൻ്റെ അതിർത്തി കാക്കുന്ന ഈ ഇമ്യൂൺ കോശങ്ങൾ അത്യാവശ്യമായ സഹായങ്ങൾ ചെയ്യുന്നുണ്ട്. ഈ കോശങ്ങൾ ഇല്ലാതാക്കിയ എലികളിൽ പഠിച്ചെടുക്കലും (learning) സാമൂഹിക പെരുമാറ്റവും പിന്നോട്ടാകുന്നു. തലച്ചോറിൽ ന്യൂറോൺ ബന്ധങ്ങളെ മുറിച്ചും വെട്ടിയും പാകപ്പെടുത്തുന്ന (pruning) മൈക്രോഗ്ലിയ എന്ന കോശങ്ങൾ പ്രവർത്തനരഹിതമായേക്കാം, ഇമ്യൂൺ കോശമായ റ്റി കോശങ്ങളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചാൽ. ന്യൂറോൺ ബന്ധങ്ങൾ നിയന്ത്രണമില്ലാതെ നിർമിച്ചെടുക്കുകയും അത് പെരുമാറ്റവൈകല്യത്തിനു കാരണമാവുകയും ചെയ്യും. റ്റി കോശങ്ങളാണ് ഈ മൈക്രോഗ്ലിയ കുഞ്ഞുങ്ങളെ വളർത്തി പാകപ്പെടുത്തിയെടുക്കുന്നത്. ഇമ്യൂൺ കോശങ്ങളുടെ സന്ദേശവാഹകരായ പ്രോട്ടീനുകൾ-സൈറ്റോകൈനുകൾ— ആയിരിക്കണം പലപ്പോഴും തലച്ചോറിനുള്ളിൽ എളുപ്പം പ്രവേശിക്കുന്നത്. അസുഖസമയത്ത് പെരുമാറ്റങ്ങൾ മാറുന്നത് ഈ പ്രവർത്തനം മൂലമായിരിക്കാം. അസുഖം വരുമ്പോൾ കൂടുതൽ ഉറങ്ങുന്നത് ഉദാഹരണം. ഈ പ്രോട്ടീനുകളുടെ കുറവ് ഓർമക്കഴിവ്, പഠിച്ചെടുക്കൽ, സാമൂഹിക പെരുമാറ്റം എന്നിവയിൽ വ്യതിചലനമുണ്ടാക്കിയേക്കാം. ഓട്ടിസത്തിൻ്റെ ഉറവിടം ഇതുമായി ബന്ധപ്പെട്ടതായിരിക്കമത്രേ. ഗർഭവതികളായ എലികളിൽ സൈറ്റോകൈൻ അളവ് വർദ്ധിപ്പിച്ചാൽ കുഞ്ഞുങ്ങളിൽ ഓട്ടിസം പോലുള്ള പെരുമാറ്റങ്ങൾ പ്രത്യക്ഷപ്പെടും.

പല സൈക്കൊസൊമറ്റിക് അസുഖങ്ങളും തലച്ചോറും ശരീരവും തമ്മിൽ കളിയ്ക്കുന്ന കളികളുടെ പ്രതിഫലനമായേക്കാം.

അസുഖം വയറ്റിൽ,
ചികിൽസ തലച്ചോറിന്, മറിച്ചും

വികാരം- പ്രതിരോധശക്തി- കാൻസർ എന്നിവയെ യോജിപ്പിച്ചു കൊണ്ടുള്ള പഠനങ്ങൾ മുന്നേറുകയാണ്. തലച്ചോറിലെ, നല്ല തോന്നലുകളുടെയും പ്രചോദനങ്ങളുടെയും കേന്ദ്രമായ ventral tegmental area എന്ന ഇടത്തെ ഉത്തേജിപ്പിച്ചാൽ പ്രതിരോധശക്തിക്ക് പുത്തനുണർവ്വ് ലഭിക്കുകയും കാൻസർ വളർച്ച മന്ദീഭവിക്കുകയും ചെയ്യുന്നതായി നിരീക്ഷണങ്ങളുണ്ട്. ‘കോളൈറ്റിസ്’ എന്ന കുടൽ അസുഖം ഇമ്യൂൺ പ്രവർത്തനത്താൽ ഉടലെടുക്കുന്നതാണ്, ഈ സമയത്ത് തലച്ചോറിലെ മറ്റൊരു ഇടമായ ‘ഇൻസുലാർ കോർടെക്സ്’ - ശാരീരിക അവബോധത്തിൻ്റെ സ്ഥാനമാണിത് –ഉത്തേജിതമാകുന്നുവത്രെ. കൃത്രിമമായി ഈ ഇടത്തെ ഉണർത്തിയാൽ കുടലിൽ കോളറ്റിസ് ലക്ഷണങ്ങൾ കാണും. ഓർമ തിരിച്ചുപിടിക്കുന്ന പോലെയുള്ള സംഭവമാണിത്. തലച്ചോറും പ്രതിരോധശക്തിയും തമ്മിൽ ഇങ്ങനെ ഗാഢ ബന്ധമാണുള്ളത്. ചിലപ്പോൾ അണുബാധയുണ്ടായേക്കാം എന്ന പ്രതീക്ഷയിൽ തലച്ചോറ് ഇത്തരം ഇമ്യൂൺ പ്രവർത്തനങ്ങൾ തുടങ്ങിയേക്കാം. പല സൈക്കൊസൊമറ്റിക് അസുഖങ്ങളും (മാനസിക കാരണങ്ങളാൽ ഉളവാകുന്ന ശാരീരിക അസുഖങ്ങൾ) ഇപ്രകാരം തലച്ചോറും ശരീരവും തമ്മിൽ കളിയ്ക്കുന്ന കളികളുടെ പ്രതിഫലനമായേക്കാം. കുടലിലെ അസുഖങ്ങളായ ക്രോൺസ് ഡിസീസ്, (Crohn’s disease), കോളൈറ്റിസ്, ത്വക്ക് രോഗമായ സോറിയാസിസ് ഒക്കെ ന്യൂറോണുകളുടെ ദുർ പ്രവർത്തനത്താലായിരിക്കാം; ചികിൽസ തലച്ചോറിനാണ് വേണ്ടത്.

Ventral tegmental area

അതുപോലെ തലച്ചോറിലെ അസുഖങ്ങൾക്ക് പ്രതിരോധവ്യവസ്ഥയ്ക്കായിരിക്കാം ചികിൽസ. ഇന്ന് ആൽസൈമേഴ്സ് അസുഖത്തിന് ഇമ്യൂൺ ചികിൽസ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന രീതിയിലുള്ള ഗവേഷണങ്ങൾ നടന്നുവരികയാണ്. പക്ഷേ എന്ത്, ഏത് തരം ന്യൂറോണുകളും അവയുടെ വലയങ്ങളുമാണ് പ്രത്യേക ഇമ്യൂൺ പ്രവർത്തനത്തെ ബാധിക്കുന്നത് എന്നതിനെപ്പറ്റി അധികം അടിസ്ഥാന വിവരങ്ങളില്ല. ന്യൂറോണുകളുടെ വിശദമായ ജീൻ പഠനങ്ങൾ പുരോഗമിക്കുന്നുണ്ട്. മേൽച്ചൊന്ന മൈക്രോഗ്ലിയ കോശങ്ങളിൽ ചിലവയാണത്രെ ചില തലച്ചോർ അപചയ അസുഖങ്ങൾക്ക് (neurodegenerative diseases) കാരണം. തലച്ചോറിൽ നിന്ന് ആമാശയത്തിന്റെയോ കുടലിന്റെയോ ഭാഗത്തുവരെ എത്തുന്ന, ഏറ്റവും വലിയ ഞരമ്പായ ‘വേഗസ്’ ഈ സംവേദനത്തിൻ്റെ സന്ദേശവാഹകമാണ്; തലച്ചോറിൽനിന്ന് കുടലിലേക്കും അവിടുന്ന് തിരിച്ച് തലച്ചോറിലേക്കും.

ചികിൽസാ പദ്ധതികളിൽ വൻ മാറ്റമാണ് ഈ അറിവുണ്ടാക്കുന്നത്. ഇനി ക്ലിനിക്കിൽ ഡോക്ടർമാർക്കൊപ്പം സൈക്യാട്രിസ്റ്റുകളും സൈക്കോളജിസ്റ്റുകളും ഉണ്ടായിരിക്കും എന്ന നില കൈവരാൻ അധികം താമസമില്ല. സൈക്യാട്രിസ്റ്റുകൾ നിർബ്ബന്ധമായും ഗഹനമായി ന്യൂറോസയൻസ് പഠിക്കേണ്ടിവന്നേയ്ക്കും.

References:
1. Willyard, C. How gut bacteria alter the brain. Nature, 590: 22-25 2021.
2. Kwon, D. How the brain controls sickness and health. Nature, 614: 613-615 2023.
3. Kwon, D. Guardians of the brain. Nature, 606: 22-24 2022.
4. Hsueh, B., Chen, R., Deisseroth, K. Cardiogenic control of affective behavioural stae. Nature, 615: 292-297 2023.
5. Lovelace, J. W., Jingrui, M and Augustine V. Vagal sensory neurons mediate the Bezold-Jarisch reflex and induce syncope. Nature, 623:367-397. 2023.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments