നീലോന്മാദനീല, നീലകളുടെ നീല

നിര്‍മ്മിച്ചെടുക്കാന്‍ പ്രയാസമേറിയ, ഏറ്റവും അപൂര്‍വ്വമായ ചായമാണ് നീല. ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും പാനീയങ്ങള്‍ക്കും നിറമേകാന്‍ ശരീരത്തിനു ക്ഷതമേല്‍ക്കാത്ത ശുദ്ധനീലവസ്തുവിനുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്. എതിരൻ കതിരവൻ എഴുതുന്ന സയൻസ്​ കോളം- Episteme- തുടരുന്നു.

EPISTEME- 3

ശുദ്ധ നീലച്ചായത്തിനുള്ള അന്വേഷണം പണ്ടേ തുടങ്ങിയതാണ്. ഏറ്റവും അപൂര്‍വ്വമായി ലഭ്യമാകുന്ന ചായം. പൂക്കള്‍ പലതും നീലയാണല്ലോ, ശംഖുപുഷ്പവും കണ്ടകാരിച്ചുണ്ടയും നീലപ്പൂക്കള്‍ അണിയുന്നവയാണ്. നീലക്കുറിഞ്ഞി പൂക്കുന്ന കാലം ആഘോഷമാണ്. ‘നീലക്കൂവളപ്പൂവുകളോ…’ എന്ന പാട്ട് നീലപ്പൂക്കളെ കാല്‍പ്പനികതയില്‍ പെടുത്തിയിട്ടുമുണ്ട്. അവയിലൊന്നും ശുദ്ധ നീലനിറമില്ല എന്നത് സത്യം മാത്രം. ‘ആന്തോസയാനിന്‍’ എന്ന ചുവന്ന വര്‍ണവസ്തു ചെടികൾ സ്വല്‍പം മാറ്റിയെടുക്കുന്നതാണ് ആ നീലനിറത്തിനു കാരണം.

കടും നീലച്ചായം നിര്‍മ്മിച്ചെടുക്കാന്‍ വളരെ പ്രയാസമാണ്. പൂക്കളില്‍നിന്ന് വേര്‍തിരിതിര്‍ച്ചെടുക്കാനും വയ്യ. പക്ഷികൾക്കോ ചിത്രശലഭങ്ങള്‍ക്കോ നീലനിറമുണ്ടെങ്കില്‍, അവ സൂര്യപ്രകാശത്തിലെ നീല പ്രതിഫലിപ്പിക്കുന്നതു മാത്രമാണ്, സ്വതവേയുള്ളതല്ല. അങ്ങനെ നിര്‍മ്മിച്ചെടുക്കാന്‍ പ്രയാസമേറിയ, ഏറ്റവും അപൂര്‍വ്വമായ ചായമാണ് നീല. ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കും പാനീയങ്ങള്‍ക്കും നിറമേകാന്‍ ശരീരത്തിനു ക്ഷതമേല്‍ക്കാത്ത ശുദ്ധനീലവസ്തുവിനുള്ള തിരച്ചില്‍ ഇന്നും തുടരുകയാണ്.

ശംഖുപുഷ്പം

പ്രകൃതിയില്‍ മനുഷ്യന്‍ ആദ്യം തിരിച്ചറിഞ്ഞ നിറമായിരിക്കണം നീല. ആകാശത്തിന്റേയും സമുദ്രത്തിന്റേയും നിറം. രണ്ടും വിഭ്രമങ്ങളാണ്, ആ നിറം അവിടെ ഇല്ലാത്തതാണ്. ശൂന്യതയുടെ നിറമാണോ നീല?
നീലക്കണ്ണുകള്‍, നിറമൊന്നും ഇല്ലാത്ത കണ്ണുകളാണ് വാസ്തവത്തില്‍.

പല ഭാഷകളിലും ‘നീല’ എന്നൊരു വാക്കു തന്നെ ഉണ്ടായിരുന്നില്ല, പിന്നീട് ചേര്‍ക്കപ്പെട്ടതാണത്. ഇന്ദ്രനീലം എന്ന കല്ല് പിന്നീട് മനുഷ്യനു പരിചയമായതാണ്. ഈജിപ്റ്റുകാര്‍ക്ക് കണ്ണഞ്ചിക്കുന്ന നീലച്ചായം ഉണ്ടാക്കാന്‍ സാധിച്ചു, ചുണ്ണാമ്പു കല്ലും (lime stone) തരിമണലും ചെമ്പും സോഡിയവും ഒക്കെക്കൂടി നാലു ദിവസത്തോളം വന്‍ചൂടില്‍ ചുട്ടെടുക്കുമ്പോള്‍ ‘ഈജിപ്ഷ്യന്‍ നീല’ (Egyptian Blue) ഉരുത്തിരിയുകയായി. അന്നത്തെ വിപണി രഹസ്യം. പിന്നീട് 4500- ഓളം വര്‍ഷങ്ങള്‍ക്കുശേഷം, 1814- ല്‍ ഒരു രസതന്ത്രജ്​ഞൻ പോമ്പിയില്‍ നിന്ന് കണ്ടെത്തുന്നതുവരെ അജ്ഞാതമായിരുന്നു ഈ വസ്തുവിന്റെ രസതന്ത്രം.

വോഡ് (waud) എന്ന ചെടിയുടെ ഇല ഉണക്കിപ്പൊടിച്ച് പുളിപ്പിച്ചാല്‍ നീലച്ചായം കിട്ടുമത്രേ, പക്ഷേ ഇത് ശരിക്കും നീലയുടെ നീല എന്നു പറയാന്‍ പറ്റില്ല. ലാപിസ് ലാസുലി (lapis lazuli) എന്ന നീലക്കല്ല് യൂറോപ്പിലെത്തിയത് 13-14 നൂറ്റാണ്ടില്‍ മാത്രമാണ്. ഇത് പൊടിച്ചെടുത്ത അള്‍ട്രാമറൈന്‍ (ultramarine) നവോത്ഥനകാലത്തെ ചിത്രകാരന്മാര്‍ക്ക് ഇഷ്ട നീലച്ചായമായി മാറി, ആവിഷ്‌ക്കാരങ്ങള്‍ പലതുണ്ടായി.

പ്രസിദ്ധ ചിത്രകാരനും പ്രതിമാനിര്‍മ്മാതാവുമായ ഈവ് ക്ലൈൻ (Yves Klein) 1950- കളില്‍ മറ്റൊരു നിറവും ഉപയോഗിക്കാതെ, കടും നീലയില്‍ മാത്രം ചിത്രങ്ങളും പ്രതിമകളും ഉണ്ടാക്കാന്‍ മാത്രം ഒഴിയാബാധ ഉള്ളയാളായിരുന്നു. ultramarine വാങ്ങിക്കാന്‍ സാധിക്കാതെ മൈക്കലാഞ്ചലോ ഒരു പെയിന്റിങ്ങിന്റെ ഒരു ഭാഗം ഒഴിച്ചിട്ടിട്ടുണ്ടത്രെ. അന്ന് അത്ര വിലപിടിപ്പായിരുന്നു ഈ നീലച്ചായത്തിന്​.

മൈക്കലാഞ്ചലോയുടെ ‘The Entombment’ എന്ന പെയിന്റിംഗ്.

കന്യാമറിയത്തിന്റെ വസ്ത്രങ്ങള്‍ നീലയില്‍ ചിത്രീകരിക്കുക അക്കാലത്തെ പ്രിയ ആവിഷ്‌ക്കാരരീതിയായിരുന്നു. ഡാവിഞ്ചി തന്റെ 'അവസാനത്തെ അത്താഴ'ത്തില്‍ യേശുവിന്റെ ഉത്തരീയത്തിന്​ നീലത്തിളക്കമേറ്റാന്‍ ultramarine ഉപയോഗിച്ചപ്പോള്‍ യൂദാസിന്​ തിളക്കം കുറഞ്ഞ, വില കുറഞ്ഞ നീല (azurite) ഉപയോഗിച്ചത്, കഥാപാത്രാവിഷ്‌ക്കാരവും നീലച്ചായങ്ങളുടെ വിലയും കൂട്ടിയിണക്കാന്‍ ശ്രമിച്ച രാഷ്ട്രീയപ്രഖ്യാപനം കൂടിയായിരുന്നുവത്രേ. യൂറോപ്പിലെ ചിത്രകലാചരിത്രത്തില്‍ ഇന്ദ്രനീലപ്പൊടിക്കുവേണ്ടി ജീവിതം ഹോമിച്ചവരുണ്ട്​, സംശുദ്ധമായ നീലച്ചായനിര്‍മ്മിതിയുടെയും അവയുടെ പ്രയോഗത്തിന്റെയും സാമൂഹ്യ / സാമ്പത്തിക രാഷ്ട്രീയതയുടേയും അതിനോടനുബന്ധിച്ച കൗടില്യങ്ങളുടേയും ഉപജാപങ്ങളുടേയും ഇരുണ്ട അദ്ധ്യായങ്ങളുണ്ട്.

അവസാനത്തെ അത്താഴം

നീല നിര്‍മ്മിതി എന്ന വെല്ലുവിളി

നീലച്ചായം നിര്‍മ്മിച്ചെടുക്കുക ഏതു രസതന്ത്രജ്ഞന്റെയും വെല്ലുവിളിയാണ്. പെയിന്റിങ്ങിനു മാത്രമല്ല, ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്ക് നിറം കൊടുക്കാനും കടും നീലനിറം നിര്‍മ്മിച്ചെടുക്കാനുള്ള ഉദ്യമങ്ങള്‍ പണ്ടേ നടന്നിട്ടുള്ളവയാണ്. ചെടികളില്‍നിന്ന് സംസ്‌കരിച്ചെടുക്കുന്നവ കൃത്യമായ നീലനിറം നല്‍കുകയുമില്ല. ഇന്‍ഡിഗോ- അമരിച്ചെടിയിലെ നീലനിറം- യഥാര്‍ത്ഥ നീലയല്ല.

പെട്രോളിയത്തില്‍ നിന്ന്​ ബ്രില്ല്യൻറ്​ ബ്ലൂ നമ്പര്‍ 1, സിന്തെറ്റിക് ഇന്‍ഡിഗോയില്‍ നിന്ന് ബ്ലൂ നമ്പര്‍ 2 എന്നിവയാണ്​ കെമിക്കൽ ലാബുകൾ നിർമിച്ചെടുക്കാറ്​. വയാഗ്ര ഗുളികകള്‍ക്ക്​ നിറം നല്‍കുന്നത് ഇതിലൊന്നാണ്. പക്ഷേ ജൈവികമായതും സുരക്ഷിതമായതും ഉള്ളില്‍ ചെന്നാല്‍ കുഴപ്പമില്ലാത്തതുമായ നീലച്ചായം പൊതു ആവശ്യമായി ഇന്നും നിലനില്‍ക്കുന്നു. കടും നീലച്ചായം ലഭിക്കുകയാണെങ്കില്‍ മഞ്ഞയോട് ചേര്‍ത്ത് കടും പച്ചയും നിര്‍മ്മിച്ചെടുക്കാം. എങ്കിലും ലോഭമെന്യേ നീല കൈക്കലാക്കാന്‍ എളുപ്പവഴികളൊന്നുമില്ല.

ഈജിപ്തിലെ ഹാതോര്‍ ക്ഷേത്രത്തിലെ കലാനിര്‍മിതി.

എങ്കിലും, രസതന്ത്രജ്ഞര്‍ എക്കാലവും ശുദ്ധനീലക്കുവേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്നു. 1,00,000 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചുവപ്പും മഞ്ഞയും ഒക്കെ ചെമ്മണ്ണില്‍ നിന്ന് വേര്‍തിരിച്ചെടുത്തിരുന്നു എങ്കിലും നീല അപ്രാപ്യമായി നില കൊണ്ടു. കളിമണ്ണും ഗന്ധകവും കല്‍ക്കരിയുമൊക്കെ കൂട്ടി ചുട്ട് നീറ്റിയെടുക്കുന്ന Ultramarine പോലെയുള്ള നീലവസ്തു നിര്‍മ്മിച്ചെടുക്കുന്നത് ബി.സി. ആറാം നൂറ്റാണ്ടില്‍ മാത്രമാണ്. കടും പര്‍പ്പിളായ ‘ഇന്‍ഡിഗോ’ സസ്യങ്ങളില്‍നിന്ന് വേര്‍തിരിച്ചെടുത്തത് 19-ാം നൂറ്റാണ്ടില്‍ മാത്രവും.

ഏഴു നിറങ്ങളുള്ള സൂര്യപ്രകാശത്തിലെ ഏറ്റവും ഊര്‍ജ്ജം കുറഞ്ഞതായ ചുവപ്പ് ഒരരികിലാണെങ്കില്‍, വയലറ്റും ഇന്‍ഡിഗോയും നീലയും മറ്റേ അറ്റത്താണ്. ചുവപ്പ് ആഗിരണം (abosrb) ചെയ്താലേ നീല പ്രതിഫലിക്കുകയുള്ളൂ (റിഫ്ലക്​റ്റ്​). പൂക്കള്‍ക്ക് നീലനിറം നല്‍കുന്ന ആന്തോസയാനിന്‍ വാസ്തവത്തില്‍ ചുവപ്പാണ്, സസ്യങ്ങള്‍ അവയില്‍ ചില തന്മാത്രകള്‍ ചേര്‍ത്താണ് നീലയെന്ന് തോന്നിപ്പിക്കുന്നത്. അതുകൊണ്ട് ശംഖുപുഷ്പത്തില്‍ നിന്നോ നീലത്താമരയില്‍ നിന്നോ വര്‍ണ്ണവസ്തു വേര്‍തിരിച്ചെടുത്താല്‍ അവ നീലയായിരിക്കണമെന്നില്ല.

അള്‍ട്രാമറൈന്‍

ചില നീലപ്പൂക്കളില്‍ സയാനിഡിന്‍ (cyanidin) ഉണ്ട്. പക്ഷേ, അവയ്ക്ക് നീലനിറം കിട്ടുന്നത് ചെടികള്‍ ചെയ്യുന്ന ചില ഭ്രാന്തന്‍ ഫിസിക്കല്‍ കെമിസ്ട്രി കൊണ്ടാണ്. ആറ് സയാനിഡിന്‍ തന്മാത്രയോട് മറ്റ് ആറ് വര്‍ണ്ണതന്മാത്രകള്‍ ചേര്‍ത്ത് നടുക്ക് ചില ലോഹ അയോണ്‍സ് (ions) വെയ്ക്കുമ്പോഴാണ് നീലനിറം കിട്ടുന്നത്. സസ്യങ്ങള്‍ക്ക് ഇത് സാധിയ്ക്കും. എങ്കിലും ശുദ്ധ നീല രാസവസ്തുക്കള്‍ നിര്‍മ്മിച്ചെടുക്കുക പ്രയാസമേറിയതാണ്.

എന്നാല്‍, രസതന്ത്രജ്ഞര്‍ അവസാനം കടും നീല തന്മാത്രകള്‍ കണ്ടുപിടിക്കുക തന്നെ ചെയ്തു. മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് പിഎച്ച്.ഡി എടുത്ത, ഒറിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ ഡോ. എം.എ. സുബ്രഹ്​മണ്യൻ 2009-ൽ നീലയില്‍ നീലയായ ഒരു തന്മാത്ര നിര്‍മ്മിച്ചെടുത്തു; നീല ലോഹമായ കോബാള്‍ട്ട്​ കണ്ടുപിടിച്ച്​ 200 കൊല്ലത്തിനുശേഷം. YInMn (Oregon Blue) എന്നുപേരിട്ട, ‘നീലയുടെ നീല’ എന്ന വിശേഷണം പേറിയ ഈ വസ്തു ലോകശ്രദ്ധ പിടിച്ചുപറ്റി.

ഡോ. എം.എ. സുബ്രഹ്​മണ്യൻ

കലാചരിത്രകാരന്‍ സൈമണ്‍ ഷാമാ (Simon Schama) ‘​​The bluest blue todate’ എന്ന് പ്രഖ്യാപിച്ചു. ഈ YInMn- ന്റെ ആകൃതി ചതുരസുന്ദരമാണ്. യിട്രിയം (Yttrium), ഇൻഡിയം (Indium), മാംഗനീസ് എന്നിവയോട് അഞ്ച് ഓക്‌സിജൻ തന്മാത്രകള്‍ ചേര്‍ന്ന്, രണ്ട് ത്രിമുഖ പിരമിഡുകള്‍ താഴെ ഒട്ടിച്ചു ചേര്‍ത്തതുപോലെയാണ് ത്രിമാനാകൃതി. സാധാരണ ലഭ്യമായ മിനറലുകളുമായി യാതൊരു സാമ്യവും ഇല്ലാത്തത്. ഇന്ന് ഫിസിക്‌സും രസതന്ത്രവും ജെനറ്റിക്‌സും ഒക്കെ ഉപയോഗിച്ച് പുതിയ നീലച്ചായങ്ങള്‍ ആവിഷ്‌ക്കരിച്ചെടുക്കാന്‍ തത്രപ്പെടുന്നുണ്ട് ശാസ്ത്രജ്ഞര്‍- ചിത്രകാരര്‍ക്ക് നവ ആവിഷ്‌ക്കാരങ്ങള്‍ക്കായും, ആഹാരവും പാനീയങ്ങളും നിറം ചേര്‍ത്ത് ആകര്‍ഷകമാക്കാനും.

നീലറോസാപ്പൂക്കള്‍,
നീലനിറം ജീനുകള്‍

റോസാപ്പൂക്കള്‍ നീല നിറത്തില്‍ ഇല്ല. അവ നിര്‍മ്മിച്ചെടുക്കാന്‍ ജെനറ്റിക്‌സ് വിദഗ്ദ്ധര്‍ പണിയുന്നുണ്ട്. ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഡോ. തനാക നീല റോസാപ്പൂക്കള്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്, പക്ഷേ ഉദ്ദേശിച്ച കടും നീല ആ പൂക്കള്‍ക്കില്ല. 1991-ല്‍ പെറ്റൂണിയയിലെ ഹൈഡ്രോക്​സിലേയ്‌സ് നിര്‍മ്മിക്കുന്ന ജീന്‍ കാര്‍ണേഷന്‍ പൂച്ചെടിയിലേക്ക്​ സന്നിവേശിപ്പിച്ചപ്പോൾ ഡെല്‍ഫിഡിന്‍ (delphidin) എന്ന വര്‍ണവസ്തു ആ ചെടിയിലുണ്ടായി, പൂക്കള്‍ക്ക് പര്‍പ്പിള്‍ കലര്‍ന്ന നീലനിറം സംജാതമായി. ഡെൽഫീനീയം എന്ന ചെടിയുടെ പൂക്കള്‍ നീലയാണ്, അവയിലുള്ളതാണ് ഡെല്‍ഫിഡിന്‍. എന്നാല്‍ ഇതേ ജീന്‍ റോസച്ചെടിയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ അത്തരം നീലനിറം നിര്‍മ്മിച്ചെടുക്കാന്‍ ആ റോസുകള്‍ വിസമ്മതിച്ചു. പക്ഷേ പാന്‍സിപ്പൂച്ചെടിയിൽ (pansies) നിന്നുള്ള ഡെല്‍ഫിഡിന്‍ ജീന്‍, റോസയില്‍ സന്നിവേശിപ്പിച്ചപ്പോൾ ഇളം നീല റോസാപ്പൂക്കള്‍ വിരിഞ്ഞത്രെ.

ജാപ്പനീസ് ശാസ്ത്രജ്ഞന്‍ ഡോ. തനാക നീല റോസാപ്പൂക്കള്‍ നിര്‍മ്മിച്ചെടുത്തിട്ടുണ്ട്, പക്ഷേ ഉദ്ദേശിച്ച കടും നീല ആ പൂക്കള്‍ക്കില്ല. / Representational Image.

ഡെല്‍ഫിഡിന്‍ മാത്രം പോരാ നീലനിറത്തിന്​, ചില പ്രത്യേക സസ്യങ്ങള്‍ ചെയ്തു കൂട്ടുന്ന രസതന്ത്രമാജിക്കും ആവശ്യമാണെന്ന് തെളിഞ്ഞു. എന്നാല്‍ 2017-ല്‍ ചുവന്ന പൂക്കള്‍ വിരിയിക്കുന്ന ക്രിസാന്തമം ചെടിയില്‍ നീലപ്പൂക്കള്‍ വിരിയിക്കാന്‍ കഴിഞ്ഞു, ഡോ. തനാകയ്ക്കും കൂട്ടുകാര്‍ക്കും. ഡെല്‍ഫിഡിന്‍ വര്‍ണ്ണവസ്തുവിനോട് ഗ്ലൂക്കോസ് തന്മാത്ര ചേര്‍ക്കാനുള്ള ഒരു ജീനും സ്ഥാനാന്തരണം ചെയ്തിരുന്നു ഈ പരീക്ഷണത്തില്‍. ഡെല്‍ഫിഡിനോട് ഗ്ലൂക്കോസ് ചേരുമ്പോഴാണ് കടും നീലപ്പൂക്കളുണ്ടാകുന്നത് എന്നായിരുന്നു ആദ്യ നിഗമനം. കൂടുതല്‍ പരീക്ഷണങ്ങള്‍ വെളിവാക്കിയത്, ഡെല്‍ഫിഡിന്‍ തന്മാത്രകളോട് മറ്റ് കൂട്ടുവര്‍ണ്ണ (copigments) തന്മാത്രകള്‍ ചേരുമ്പോഴാണ് കടും നീല നിറമുണ്ടാകുന്നത്​ എന്നാണ്​. ഗ്ലൂക്കോസ് ഇതിനെ സഹായിക്കുന്നു.

കടും നീലപ്പൂക്കള്‍ വിരിയിക്കാന്‍ റോസ്​ ഇന്നും വിസമ്മതിയ്ക്കുന്നു. ജെന്‍ഷ്യന്‍വയലറ്റിലെ ചില ജീനുകളും മറ്റ് സസ്യങ്ങളിലെ കൂട്ടു വര്‍ണ്ണ ജീനുകളുമൊക്കെ ഡെല്‍ഫിഡിനോട് ചേര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും റോസ്, റോസ് തന്നെയായി നിലനില്‍ക്കുന്നു.

എന്നാല്‍, ഇതേ തന്ത്രം റോസാച്ചെടിയില്‍ സംഭവിക്കുന്നില്ല. കടും നീലപ്പൂക്കള്‍ വിരിയിക്കാന്‍ അവ ഇന്നും വിസമ്മതിയ്ക്കുന്നു. ജെന്‍ഷ്യന്‍വയലറ്റിലെ ചില ജീനുകളും മറ്റ് സസ്യങ്ങളിലെ കൂട്ടു വര്‍ണ്ണ ജീനുകളുമൊക്കെ ഡെല്‍ഫിഡിനോട് ചേര്‍ക്കാന്‍ ശ്രമം നടത്തിയെങ്കിലും റോസ്, റോസ് തന്നെയായി നിലനില്‍ക്കുന്നു. സസ്യങ്ങളുടെ രസതന്ത്രജാലങ്ങളും കടുംപിടുത്തങ്ങളും വിസ്മയകരമാണ്.

ജൈവനീലം ഇതാ;
കൊളംബിയയിലെ കായ്കളില്‍

കൊളംബിയന്‍ കാടുകളിലെ ‘എംബറാ’ എന്ന ആദിവാസികള്‍ കൈകളിലും ദേഹത്തും വരച്ചിടുന്ന ചിത്രങ്ങള്‍ നീലനിറത്തിലാണ്. ജാഗുവ (Jagua) മരത്തിന്റെ കായ്കള്‍ പൊട്ടിച്ച് അകം പിഴിഞ്ഞെടുക്കുമ്പോള്‍ കിട്ടുന്ന പാല്‍നിറത്തിലുള്ള ചാറ് കല്‍ക്കരിയുമായി കൂട്ടിച്ചേര്‍ത്ത് ശരീരത്തില്‍ വരയ്ക്കുമ്പോള്‍ കടും നീലനിറമുണ്ടാകും. മാന്ത്രികശക്തിയുണ്ടത്രേ ഈ ശരീരചിത്രണത്തിന്​. നവജാതശിശുക്കളുടെ ഈതിബാധകള്‍ അകറ്റാന്‍ ഈ ചിത്രണങ്ങള്‍ ശരീരത്താകമാനം വരച്ചിടും, എംബെറാ അമ്മമാര്‍. ജെനിപ അമേരിക്കാന (Genipa americana) എന്നാണ് ശാസ്ത്രനാമം. 2005-ല്‍ Nicolas Cock Duque എന്ന പരിസ്ഥിതിവിദഗ്ധനാണ് ഈ കായ്കളേയും അതിലെ കടും നീലനിറം ഉളവാക്കുന്ന ചാറിനേയും ലോകശ്രദ്ധയില്‍ കൊണ്ടുവന്നത്. ജെനിപ എന്ന മരത്തിലെ കായ് ആയതുകൊണ്ട് ഈ വര്‍ണ്ണവസ്തുവിന്​ ‘ജെനിപിന്‍’ എന്നാണു പേര്.

ജാഗുവ (Jagua) മരത്തിന്റെ കായ്കള്‍

പ്രകൃതിയിലും സസ്യങ്ങളിലും കടും നീല വര്‍ണ്ണം ഒരു രാസവസ്തു എന്ന രീതിയില്‍ കാണപ്പെടാത്തതിന്​ കാരണമുണ്ട്. തന്മാത്രകള്‍ വളരെ സങ്കീര്‍ണ്ണമായി നിര്‍മ്മിച്ചെടുക്കേണ്ടിയിരിക്കുന്നു. മനുഷ്യനു ഈ വസ്തു നീലയായി കാണപ്പെടണമെങ്കില്‍ സൂര്യപ്രകാശത്തിലെ ചുവപ്പുനിറം മുഴുവനുമായി ആഗിരണം (abosrb) ചെയ്യപ്പെടണം, നീല മാത്രം പ്രതിഫലിപ്പിക്കണം​. ഇത് സാധിക്കണമെങ്കില്‍ തന്മാത്രയ്ക്ക് വശത്തേക്കുനീളുന്ന ചങ്ങലകള്‍ ഒക്കെയായി നല്ല വലുപ്പം വേണ്ടിവരും.

ചോളപ്പൂക്കള്‍ക്ക് നീലനിറമാണ്, അവ ചുവപ്പ് നിറമുള്ള ആന്തോസയാനിന്‍ ആറെണ്ണം ഒന്നിച്ച് ചേര്‍ത്ത്, മറ്റ് ആറ് അനുബന്ധ വര്‍ണവസ്തു തന്മാത്രകള്‍ അതിനോടു ചേര്‍ത്ത്, ഒരു ചക്രം നിര്‍മ്മിക്കുകയും നടുവില്‍ രണ്ട് ലോഹ അയണുകൾ ഘടിപ്പിക്കുകയും ചെയ്യുകയാണ്. ഇത് ലാബില്‍ നിര്‍മ്മിച്ചെടുക്കാന്‍ സമയവും പണവും ഏറെ വേണം. ഭക്ഷ്യവിപണിക്കാവശ്യം എളുപ്പമുള്ളതും വില കുറഞ്ഞതുമായ നിറങ്ങളാണുതാനും. ജെനിപിന്‍ എന്ന വസ്തുവിന്​ സ്വതവേ നിറമില്ല. കായ്കള്‍ മുറിച്ചാല്‍ വെളുത്ത ചാറാണ്​ വരുന്നത്. ഇത് ഏതെങ്കിലും പ്രോട്ടീനിനോടോ, അവയുടെ ഘടകങ്ങളായ അമൈനോ ആസിഡിനോടോ ചേരുമ്പോഴേ നീല നിറം കൈവരുകയുള്ളൂ.

ചോളപ്പൂക്കള്‍

കൊളംബിയയിലെ ആദിവാസികള്‍ ശരീരത്തില്‍ ഇതുപയോഗിച്ച് വരയ്ക്കുമ്പോള്‍ ത്വക്കിലെ പ്രോട്ടീനുകളുമായി യോജിച്ചാണ് നീല നിറം ആര്‍ജ്ജിക്കുന്നത്. കോക് ഡ്യൂക്കിന്റെ സഹപ്രവര്‍ത്തക സാന്ദ്ര സപാട്ട, ഏറ്റവും ചെലവു കുറഞ്ഞ അമൈനോ ആസിഡ് ആയ ഗ്ലൈസീന്‍ (glycine) മതി ഈ നിറമാറ്റത്തിന്​ എന്ന് കണ്ടുപിടിച്ചു, താമസിയാതെ. ഒരേയൊരു തന്മാത്ര 12 എണ്ണം നീളത്തിൽ ഘടിപ്പിച്ചതാണ് ജെനിപിന്‍. പ്രോട്ടീനിനോടോ അമൈനോ ആസിഡിനോടോ ചേരുമ്പോള്‍ മാത്രമാണ് ഇങ്ങനെ പോളിമെര്‍ (ധാരാളം ഏകക തന്മാത്രകള്‍ കോര്‍ത്ത രാസസംയുക്തം) ആയിത്തീരുന്നത്. 2016-ല്‍ ഈ സംഘം ഈ കടും നീല ജൈവവര്‍ണ്ണവസ്തുവിന്​ പേറ്റൻറ്​ നേടുകയുണ്ടായി.

ആഹാരസാധങ്ങള്‍ക്ക് നീലനിറം കൊടുക്കാന്‍, ചിത്രങ്ങള്‍ക്ക് വെട്ടിത്തിളങ്ങുന്ന നീലനിറം കൊടുക്കാന്‍ ജൈവവും സുരക്ഷിതവുമായ വര്‍ണ്ണവസ്തു ആയിരമായിരം വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യന്‍ കണ്ടെത്തിയിരിക്കയാണ്.

തടിക്കുവേണ്ടി വെട്ടിയെടുത്തിരുന്ന ജെനിപ മരങ്ങള്‍ ഇന്ന് കൊളംബിയയില്‍ തോട്ടങ്ങളായി മാറിക്കൊണ്ടിരിക്കയാണ്, ആഗോള വിപണിയില്‍ സ്ഥാനം നേടിയിട്ടുമുണ്ട്. ആഹാരസാധങ്ങള്‍ക്ക് നീലനിറം കൊടുക്കാന്‍, ചിത്രങ്ങള്‍ക്ക് വെട്ടിത്തിളങ്ങുന്ന നീലനിറം കൊടുക്കാന്‍ ജൈവവും സുരക്ഷിതവുമായ വര്‍ണ്ണവസ്തു ആയിരമായിരം വര്‍ഷങ്ങള്‍ക്കുശേഷം മനുഷ്യന്‍ കണ്ടെത്തിയിരിക്കയാണ്. ജിനിപിന്‍ വിപണി കൊളംബിയയ്ക്ക് വരുമാനമാര്‍ഗ്ഗവുമായിരിക്കും എന്ന പ്രതീക്ഷയുണ്ട്. ആദിമകാലം മുതല്‍ മനുഷ്യന്‍ തേടിയിരുന്ന നീലയുടെ നീലയായ ജൈവവസ്തു അങ്ങനെ ഈ നൂറ്റാണ്ടില്‍ ലഭ്യമായിരിക്കയാണ്, കണ്ണഞ്ചിക്കുന്ന നീലനിറം പ്രസരിപ്പിക്കുകയാണ്.

ഏഷ്യയില്‍ ധാരാളം വളരുന്ന, എരിക്ക് വര്‍ഗ്ഗത്തിപ്പെട്ട ഗാര്‍ഡീനിയയുടെ കായ്ക്കുള്ളിലും ജെനിപിന്‍ തദ്ഭവങ്ങളായ നീല വര്‍ണ്ണവസ്തു കണ്ടെത്തിയിട്ടുണ്ട്. ഇതും താമസിയാതെ ആഗോളവിപണിയില്‍ എത്തപ്പെടാനിടയുണ്ട്​. ജാഗ്വാ കായ് ജൂസും തണ്ണിമത്തന്‍ ജൂസും ചേര്‍ത്ത് നീലനിറത്തിലുള്ള ഒരു പാനീയം വിപണിയിലിറങ്ങിയിട്ടുണ്ട് ഇപ്പോള്‍തന്നെ. പിടിതരാതിരുന്ന, അപ്രാപ്യമായിരുന്ന ജൈവനീലവര്‍ണ്ണം ഇന്ന് ഐസ്​ക്രീമിനും ഡോണറ്റിനും ബിസ്‌ക്കറ്റിനുമൊക്കെ സുരക്ഷിതമായിത്തന്നെ ചാരുത നല്‍കി വെട്ടിത്തിളങ്ങി വിലസുകയാണ്.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments