കെ- ഫോണിലൂടെ കേരളം അവതരിപ്പിക്കുന്നു, ഒരു ജനപക്ഷ ടെക്​നോളജി

ഏറ്റവും പുതിയ കാലത്തെ സാ​​ങ്കേതികവിദ്യയുടെ ഒരു ജനപക്ഷ പ്രയോഗത്തിനാണ്, കെ- ഫോണിലൂടെ കേരളം തുടക്കമിടുന്നത്​. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടുകൂടിയും എല്ലാവർക്കും ലഭ്യമാക്കുന്ന കെ.ഫോൺ, ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ജനകീയ ബദൽ കൂടിയാണ്​.

ൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിനാലാണ് മലപ്പുറം വളാഞ്ചേരി മാങ്കേരി ദലിത് കോളനിയിൽ ദേവിക എന്ന പത്താം ക്ലാസ് വിദ്യാർത്ഥി 2020 ജൂണിൽ തീകൊളുത്തി ജീവനൊടുക്കിയത്. ‘നോളജ് എക്കണോമി’ എന്ന ആശയത്തെയും പൗരാവകാശത്തേയും മുൻനിർത്തി സംസ്ഥാന സർക്കാർ ഇന്റർനെറ്റ് സേവനം അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ച്​​ എട്ടുമാസത്തിനുശേഷമായിരുന്നു ദേവികയുടെ മരണം.

ടെക്‌നോളജിയിലും, ദൈനംദിന ജീവിതത്തിലും ഇന്റർനെറ്റ് കൊണ്ടുവന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ ഇന്റർനെറ്റുമായി ബന്ധപ്പെട്ട നയരൂപീകരണത്തിൽ പൊതുവിൽ പ്രതിഫലിക്കാറില്ല. എന്നാൽ അടിസ്ഥാന ആവശ്യങ്ങളും അവകാശങ്ങളും കാലോചിതമായി വിലയിരുത്തുകയും അതിനുവേണ്ടിയുള്ള പദ്ധതികൾ ആവിഷ്​കരിക്കുകയും ചെയ്യുന്നതിന്റെ സൂചനയായിരുന്നു ഇന്റർനെറ്റിനെ അവകാശമാക്കി പ്രഖ്യാപിച്ചു കൊണ്ടുള്ള കേരള സർക്കാറിന്റെ പ്രഖ്യാപനം. പൗരാവകാശ ലംഘനത്തിന്​ കേന്ദ്രസർക്കാർ ഇന്റർനെറ്റിനെ ഉപയോഗിക്കുന്ന സമയത്തുതന്നെ അതിന്റെ സാധ്യതകൾ മുൻനിർത്തി, ജനപക്ഷത്തുനിന്ന്​ പുതിയ സാമൂഹിക- സാമ്പത്തിക വ്യവസ്ഥ രൂപപ്പെടുത്താനുള്ള ശ്രമം കൂടിയായിരുന്നു ഇത്​. ഏറ്റവും പുതിയ കാലത്തെ സാ​​ങ്കേതികവിദ്യയുടെ ഒരു ജനപക്ഷ പ്രയോഗത്തിനാണ്​, പിണറായി വിജയൻ സർക്കാർ രൂപം നൽകിയത്​.

എന്നാൽ, ഇന്റർനെറ്റിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്ന കേരളത്തിനു പോലും ഒട്ടേറെ മുന്നോട്ടു പോകാനുണ്ടെന്ന ഓർമ്മപ്പെടുത്തലായിരുന്നു കോവിഡ്-19. ദേവികയുടേതടക്കമുള്ള മരണങ്ങളും, വിദ്യാഭ്യാസ സൗകര്യങ്ങൾ വിവേചനരഹിതമായി എല്ലാ വിഭാഗങ്ങൾക്കും പ്രാപ്യമാക്കുന്നതിലെ ​പ്രതിസന്ധികളും ഡിജിറ്റൽ ഡിവൈഡ്​ എന്ന യാഥാർഥ്യം തുറന്നുകാട്ടുന്ന ഒന്നായിരുന്നു. ഈയൊരു പ്രതിസന്ധി മറികടന്ന്, സമത്വപൂർണമായ വികസനം സാധ്യമാക്കുന്ന ഉറപ്പുമായാണ്​, സർക്കാർ കെ-ഫോൺ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്​. അതുകൊണ്ടുതന്നെ, ഈ പദ്ധതി ഗൗരവമായ വിശകലനം അർഹിക്കുന്നു. നവകേരള നിർമിതി എന്ന ആശയം മുൻനിർത്തി പ്രഖ്യാപിച്ചതിൽ ഏറ്റവും വേഗം പുരോഗമിക്കുന്നതും കെ-ഫോൺ പദ്ധതി തന്നെ. മാത്രമല്ല, വൈജ്​ഞാനിക സമ്പദ്​വ്യവസ്​ഥ എന്ന നവീനമായ കാഴ്​ചപ്പാടിന്റെ അടിത്തറകളിൽ ഒന്നുകൂടിയായി മാറുകയാണ്​ ഈ പദ്ധതി.

കേരളം ഡിജിറ്റൽ ഡിവൈഡിനെ മറികടക്കുന്നു

ലോകമാകെ ദൃശ്യമാകുന്ന ഡിജിറ്റൽ ഡിവൈഡ്​ എന്ന പ്രതിഭാസത്തെ കെ.ഫോണെന്ന ജനകീയ ബദലിലൂടെ കേരളം മറികടക്കുകയാണെന്ന് സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു: ""വിഭജനത്തെ മറികടക്കാനുള്ള ഏക പോംവഴി വിഭജിതരായിരിക്കാൻ വിസ്സമ്മതിക്കുക മാത്രമാണെന്നാണ് വിഖ്യാത മാർക്‌സിസ്‌റ് ചിന്തകൻ റെയ്​മണ്ട്​ വില്യംസ് പറഞ്ഞത്. ആഗോള മുതലാളിത്തം വിവരങ്ങളുടെയും അറിവിന്റെയും വിഭജനം നടത്തികൊണ്ടിരിക്കുകയാണ്. കൊറോണയ്ക്ക് ശേഷം ഈ പ്രതിസന്ധിയുടെ വ്യാപ്തി ലോകത്തിനു ബോധ്യമായിട്ടുണ്ട്. അമേരിക്കയിലും യൂറോപ്പിലും വിദ്യാഭ്യാസ രംഗത്ത് ഡിജിറ്റൽ വിദ്യാഭ്യാസം പ്രതിസന്ധികൾ സൃഷ്ടിച്ചു. അതവിടെ മാത്രം ഒതുങ്ങുന്ന ഒന്നല്ല''

‘‘വിവരസാങ്കേതികത രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുകയും പണം കൊടുത്ത് സാങ്കേതികവിദ്യ അനുഭവിക്കാൻ ശേഷിയുള്ളവർ മാത്രം ഒന്നാംകിട പൗരന്മാരായി മാറുകയും ചെയ്യുന്ന സ്ഥിതിവിശേഷത്തിലേക്ക് ലോകത്തെ കൊണ്ടുചെന്നെത്തിക്കാനാണ് മുതലാളിത്തം ശ്രമിക്കുന്നത്. അതിന് ബദൽ നിർദേശിക്കൽ യഥാർത്ഥത്തിൽ എല്ലാ മനുഷ്യരെയും ഒരുമിച്ച് ചേർത്തുനിർത്തുന്നതിന്റെ ഭാഗം കൂടിയാണ്. സാധാരണക്കാരുടെ വീടുകളിലേക്കും അറിവിന്റെ വെളിച്ചമെത്തുന്നത് വഴി സാമൂഹ്യനീതിയുടെ പുതിയ പാഠങ്ങൾ കേരളം ലോകത്തിനു നൽകുകയാണ്​’’, എം.വി. ഗോവിന്ദൻ പറഞ്ഞു.

എം. വി. ഗോവിന്ദൻ.

കോർപറേറ്റുകൾക്കെതിരെ ഒരു ജനകീയ ബദൽ

അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടുകൂടിയും എല്ലാവർക്കും ലഭ്യമാക്കുന്ന കെ.ഫോൺ, ടെലികോം മേഖലയിലെ കോർപറേറ്റ് ശക്തികൾക്കെതിരെയുള്ള ജനകീയ ബദലായാണ് ഇടതപുക്ഷം അവതരിപ്പിക്കുന്നത്.

പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിന് ആവശ്യമായ ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ (ഐ.പി) ലൈസൻസും ഏതു വ്യക്തിക്കും സ്ഥാപനത്തിനും ഇന്റർനെറ്റ് കണക്ഷൻ നൽകാനുള്ള നിയമസാധുത ലഭിക്കുന്ന ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും ലഭിച്ചിട്ടുണ്ട്. ഇതോടെ പദ്ധതി മുന്നോട്ട് പോകാൻ സർക്കാറിനുമുന്നിലുള്ള നിയമപരമായ കടമ്പകളെല്ലാം മറികടന്നു. പദ്ധതിയുടെ അടിസ്ഥാന സൗകര്യങ്ങൾ മുഴുവൻ സാമ്പത്തിക അടിസ്ഥാനത്തിൽ ഉപയോഗപ്പെടുത്താനും ടെലികോം കമ്പനികളിൽനിന്നു ബാൻഡ് വിഡ്ത് വാങ്ങി, നിരക്ക് ഈടാക്കി സേവനം നൽകാനും ഇതോടെ സാധ്യമാകും.

"പൗരന്മാർക്ക് ഇന്റർനെറ്റ് അവകാശമാവുന്നു എന്നത്​ പ്രധാന കാര്യമാണ്. വെള്ളവും വൈദ്യുതിയുമെക്കെ പോലെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി ഇന്റർനെറ്റ് മാറുന്ന സാഹചര്യത്തിൽ, അത് നമ്മുടെ വീടുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും എത്തുമ്പോൾ അവിടെ കൂടുതൽ കാര്യക്ഷമതയും സുധാര്യതയുമുണ്ടാകും. സർക്കാർ ഓഫീസുകളിൽ ഫയൽ നീങ്ങാനുള്ള കാലതാമസം അതിവേഗതയുള്ള ഇന്റർനെറ്റ് സൗകര്യം വരുന്നതോടെ പരിഹരിക്കപ്പെടും. ജനം സർക്കാർ ഓഫീസുകളിലെത്തി അപേക്ഷ നൽകുന്നതിനുപകരം വീട്ടിലിരുന്ന് സർക്കാർ സേവനങ്ങൾ ആവശ്യപ്പെടാനും അനുഭവിക്കാനും സൗകര്യമുണ്ടാകും. നിലവിൽ ചിതറിക്കിടക്കുന്ന 700 ഓളം വെബ്‌സൈറ്റുകളെ സംയോജിപ്പിച്ച് ഒറ്റ കുടക്കീഴിൽ കൊണ്ടുവരാൻ കഴിയും. അത് ജനത്തിന് സർക്കാർ സേവനങ്ങളെ എളുപ്പം ലഭ്യമാക്കാൻ സഹായിക്കും.'' - കെ.ഫോൺ മാനേജിംഗ് ഡയറക്ടർ ഡോ. സന്തോഷ് പറയുന്നു.

ഡോ. സന്തോഷ് ബാബു

സർക്കാർ സ്ഥാപനങ്ങൾക്കുപുറമെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സർക്കാർ സേവനങ്ങളായ ഇ-ഹെൽത്ത്, ഇ-എഡ്യൂക്കേഷൻ, മറ്റ് ഇ-സർവീസുകൾ എന്നിവിടങ്ങളിലും​ കൂടുതൽ ബാൻറ്​വിഡ്​ത്ത്​ നൽകി കാര്യക്ഷമത വർദ്ധിപ്പിക്കാൻ കെ- ഫോൺ സഹായിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

10 എം.ബി.പി.എസ് മുതൽ 1 ജി.ബി.പി.എസ് വരെ വേഗമുള്ള നെറ്റ് കണക്ഷൻ വിദ്യാലയങ്ങളിലും സർക്കാർ ഓഫീസുകളിലും വീടുകളിലും ഓപ്റ്റിക്കൽ ഫൈബറിലൂടെ എത്തും. പൊതുവിദ്യാലയങ്ങളിൽ ഓപ്റ്റിക്കൽ കേബിൾ വഴി അതിവേഗ ഇന്റർനെറ്റ് എത്തുന്നതോടെ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയരും. അതുവഴി, ഏറ്റവും പാവപ്പെട്ട കുട്ടികൾക്കും ഏറ്റവും പുതിയ സാങ്കേതികവിദ്യയുടെ നേട്ടം ലഭിക്കും. ഒപ്പം, ആർട്ടിഫിഷൽ ഇന്റലിജൻസ്, ബ്ലോക്ക്‌ ചെയിൻ, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, സ്റ്റാർട്ടപ്പ്, സ്മാർട്ട് സിറ്റി തുടങ്ങിയ മേഖലകളിൽ കെ- ഫോൺ സൗകര്യമൊരുക്കുമെന്നും ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങൾക്ക് ഇ- കോമേഴ്‌സ് വഴി വിൽപ്പന നടത്താമെന്നതും പദ്ധതിയുടെ നേട്ടമായി പറയുന്നുണ്ട്.

സർക്കാർ ഓഫീസുകളിലേക്ക് കെ- ഫോൺ എത്തുന്നതോടെ സേവനമേഖലയിൽ പുത്തനുണർവുണ്ടാകുമെന്നും സേവന മേഖലയ്ക്ക് കൂടുതൽ പ്രാധാന്യം കൈവരുമെന്നും അതുവഴി വിജ്ഞാന സമ്പത് വ്യവസ്ഥയിലേക്കുള്ള കേരളത്തിന്റെ വഴികൾ സുഗമമാക്കുമെന്നുമാണ് സർക്കാർ കരുതുന്നത്​.

സൗജന്യ ഇൻറർനെറ്റ്​ എത്രത്തോളം സാധ്യമാണ്​?

അവശ വിഭാഗങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്ന കെ- ഫോൺ പദ്ധതി, ടെലികോം മേഖലയിലെ കോർപ്പറേറ്റാധിപത്യത്തിനെതിരെയുള്ള ജനകീയ ബദൽ കൂടിയാണെന്ന സർക്കാറിന്റെ അവകാശ വാദം എത്രമാത്രം സാധ്യമാകുമെന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. കെ- ഫോൺ ഒന്നിനെയും ചലഞ്ച് ചെയ്യുന്നില്ലെന്നും ഈ പദ്ധതി കേരളത്തിന്റെ ഐ.ടി. ജീവനാഡിയായി മാറുമെന്നതിൽ സംശയമുണ്ടെന്നുമാണ് ഡിജിറ്റൽ റൈറ്റ്സ് ആക്റ്റിവിസ്റ്റ് അനിവർ അരവിന്ദ് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്.

""പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് എന്നത് ഒരു പരസ്യവാചകം എന്നതിനപ്പുറം എത്രമാത്രം സാധ്യമാകുമെന്നത് കണ്ടറിയേണ്ടതുണ്ട്. കാരണം ഈ പദ്ധതിയുടെ മോഡൽ എന്ന് പറയുന്നത്. സർക്കാർ ആർക്കും നേരിട്ട് കണക്ഷൻ കൊടുക്കുന്നില്ല. ഇതിനുവേണ്ടി ഫ്ലോട്ട് ചെയ്ത കമ്പനി മറ്റ് ബിസിനസുകൾക്ക് കണക്ഷൻ കൊടുക്കും. അതിന്റെ ലാഭമുപയോഗിച്ച്​പാവപ്പെട്ടവർക്ക് ഇന്റർനെറ്റ് നൽകും. കെ- ഫോണിന്റെ ഡീലിംഗ് എന്നുപറയുന്നത് ഈ കേബിൾ ടി.വി പ്രൊവൈഡർമാരോടുമാത്രമാണ്. കേബിൾ ടി.വി പ്രൊവൈഡർ അവരുടെ കസ്റ്റമറിൽ നിന്ന് ദാരിദ്ര്യരേഖയ്ക്ക് കീഴിലുള്ള നിശ്ചിത എണ്ണം കുടുംബങ്ങളുടെ ബില്ല് സർക്കാർ സബ്സിഡൈസ് ചെയ്തുകൊടുക്കുകയാണ്. അതുകൊണ്ടുതന്നെ ഇതൊരു ഇൻക്ലൂഷൻ പ്രൊജക്ടല്ല, സബ്​സിഡിയുടെ അടിസ്​ഥാനത്തിലുള്ള പ്രൊജക്ടാണ്. അടിസ്ഥാനപരമായി ലാഭമുണ്ടായാൽ മാത്രമേ സൗജന്യ ഇന്റർനെറ്റ് നൽകാൻ സാധിക്കു. ഇത് കെ.എസ്.ആർ.ടി.സി പോലെ ആവുമോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും പാവപ്പെട്ടവർക്ക് സബ്സിഡി കിട്ടുമോ ഇല്ലയോ എന്നത്'' - അനിവർ അരവിന്ദ് പറഞ്ഞു.

അനിവർ അരവിന്ദ്

എന്നാൽ, 20 ലക്ഷം കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് കൊടുക്കുമെന്ന സർക്കാർ തീരുമാനം എളുപ്പം നടപ്പിലാകാൻ കഴിയുമെന്നാണ് സർക്കാർ വാദം

സ്റ്റാർട്ടപ് സൗഹാർദ സംസ്ഥാനമെന്ന നിലയിൽ കേരളത്തിന്റെ സാദ്ധ്യതകൾ ഈ പദ്ധതി വർധിപ്പിക്കും. വർക്ക് അറ്റ് ഹോം ഉൾപ്പടെ പുത്തൻ തൊഴിൽ സാദ്ധ്യതകൾക്ക് ഈ പദ്ധതി ഊർജം പകരും. വൻ നഗരങ്ങളിലേതിന് തുല്യമായ വേഗമേറിയ കണക്റ്റിവിറ്റി ഇനി കേരളത്തിന്റെ ഗ്രാമാന്തരങ്ങളിലേക്കും കടന്നു വരും സർക്കാർ സ്ഥാപനങ്ങൾ ഓൺലൈൻ സംവിധാനങ്ങളിലേക്ക് മാറിയെങ്കിലും ഈ കണക്ടിവിറ്റി പ്രശ്‌നങ്ങൾ സേവനങ്ങളുടെ ലഭ്യതയെ പ്രതികൂലമായി ബാധിക്കാറുണ്ട്. ആ പ്രശ്‌നത്തിനും കെ ഫോണിന്റെ വരവോടെ ശാശ്വത പരിഹാരമാവുമെന്നും കെ - ഫോണിലൂടെ സർക്കാർ ലക്ഷ്യമിടുന്നു

ഡോ: എം.ജി. സുരേഷ് കുമാർ

ഗുണമേന്മയുള്ള ഇന്റർനെറ്റ് സൗകര്യം എല്ലാവർക്കും നൽകുന്നതിലൂടെ വിജ്​ഞാനം സ്വീകരിക്കാനുള്ള സാധ്യത ഒരുക്കുകയാണെന്ന്​ കെ.എസ്.ഇ.ബി. ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ്​ ഡോ: എം.ജി. സുരേഷ് കുമാർ ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു:‘‘മൊബൈൽ ഡെൻസിറ്റി വളരെ കൂടിയ, വളരെ വിപുലമായി ഇന്റർനെറ്റ് ഉപയോഗിക്കുന്നൊരു സംസ്ഥാനമാണ് കേരളം. എന്നാൽ എല്ലായിടത്തും ഈ സൗകര്യം ഇപ്പോഴും എത്തിയിട്ടില്ല. നഗരപ്രദേശങ്ങളിൽ തന്നെ ചില തുരുത്തുകളിലും ഗ്രാമങ്ങളിലേക്കും ഈ സൗകര്യം എത്തിയിട്ടില്ല. ബിസിനസ് താൽപര്യം മുൻനിർത്തി മാത്രം ചലിക്കുന്ന കമ്പനികളുടെ പ്രയോരിറ്റികളിൽ ഇത്തരം പ്രദേശങ്ങൾ വരാറില്ല. എന്നാൽ കെ- ഫോണിന്റെ ലക്ഷ്യം ഏറ്റവും അവസാനത്തെ മനുഷ്യർക്കും എറ്റവും ഗുണമേന്മയോടെ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുക എന്നതാണ്. എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുക എന്നത് പോലെ തന്നെ എല്ലാ വീടുകളിലും ഇന്റർനെറ്റ് ഉണ്ടാവുക എന്നത് മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന് കൂടുതൽ മുന്നേറാൻ സഹായകരമാകും.'' - സുരേഷ് പറഞ്ഞു.

കുത്തകകളോട്​ മത്സരിക്കാൻ കഴിയും

മറ്റ് സേവനദാതാക്കളുള്ളപ്പോൾ കെ- ഫോൺ അധികപ്പറ്റാണ് എന്ന് നിയമസഭയിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രസ്താവിച്ചിരുന്നു. എന്നാൽ അതിവേഗ ഇന്റർനെറ്റ് വരേണ്യവർഗത്തിനു മാത്രം കരഗതമാകേണ്ടതും, കുത്തകകളാൽ മാത്രം വിതരണം ചെയ്യേണ്ടതുമാണ് എന്ന തോന്നലിൽ നിന്നാണ് ചെന്നിത്തലയുടെ പ്രസ്താവനയെന്നായിരുന്നു അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രി തോമസ് ഐസക്ക് മറുപടിയായി പറഞ്ഞത്. വിഭവങ്ങളുടെ നീതിപൂർവമായ വിതരണം എന്ന വികസന സങ്കൽപ്പത്തെയാണ് സർക്കാർ കെ- ഫോണിലൂടെ മുന്നോട്ട് വെക്കുന്നതായിരുന്നു ഐസക്കിന്റെ വാദം.

എന്നാൽ കേരളത്തിൽ നിലവിൽ ഒരുപാട് സെർവീസ് പ്രൊവൈഡേഴ്‌സ് ഉണ്ടെന്നും കുത്തക വേഴ്‌സസ് കേബിൾ ടിവി പ്രൊവൈഡേഴ്‌സ് ആയിരുന്നു ഇതുവരെ മത്സരമെങ്കിൽ അതിലേക്ക് കെ- ഫോൺ കൂടി വരുന്നു എന്ന് മാത്രമാണിപ്പോൾ സംഭവിക്കുന്നതെന്നും അനിവർ അരവിന്ദ് പറയുന്നുണ്ട്: ഈ മൂന്ന് കൂട്ടരും ഒരു മാർക്കറ്റ് ഷെയറിന്റെ മുകളിലാണ് നിൽക്കുന്നത്. മൂന്നുപേരും പരസ്​പരം മത്സരിക്കുകയാണ് ചെയ്യുന്നത്. അതിനുള്ളിൽ ഡിസക്കൗണ്ടും പി.ആറും വെച്ച് കസ്റ്റമറെ പിടിക്കാനുള്ള കഴിവുണ്ടോ എന്ന് കണ്ടറിയണമെന്നും അനിവർ അരവിന്ദ് പറയുന്നു.

‘‘സ്പീഡുള്ള ഇന്റർനെറ്റ് കിട്ടണമെങ്കിൽ വലിയ താരിഫ് കൊടുക്കണം എന്ന നില മാറുകയും ഇത്തരത്തിൽ ഇൻഫ്രാസ്ട്രക്ചർ ഉണ്ടാക്കാൻ കഴിയുന്ന കമ്പനികളുടെ കുത്തകയായി കെ- ഫോൺ മാറുകയും ചെയ്യും. എന്നാൽ ഓരോ കമ്പനിയും ഇത്തരത്തിൽ സ്വന്തമായി നെറ്റ്​വർക്ക്​ ഉണ്ടാക്കുകയാണെങ്കിൽ അവയുടെ ചെലവ് പൂർണമായും ജനങ്ങളുടെ താരിഫിൽ തന്നെയാണ് പ്രതിഫലിക്കുക. അത്തരം ശ്രമങ്ങൾ കേരളത്തിലിപ്പോൾ ചില വലിയ കമ്പനികൾ നടത്തുന്നുണ്ട്. അവർക്ക് വിപുലമായ ഇൻഫ്രാസ്ട്രക്ചർ ഉണ്ടാവുകയും ആ ഇൻഫ്രാസ്ട്രക്ചർ ഉപയോഗിച്ച് സൗകര്യം ഏർപ്പെടുത്തുകയും ചെയ്യുമ്പോൾ ബിസിനസ് വോള്യത്തിന്റെ പ്രധാനഭാഗം അവർക്കുതന്നെ കിട്ടുകയും ഈ മേഖലയിൽ കുത്തക ആവുകയും സ്വാഭാവികമായും അവർക്ക് നിയന്ത്രണം കൈവരികയും ചെയ്യും. എന്നാൽ കെ-ഫോൺ പോലെ ഒരു പൊതു ഇൻഫ്രാസ്ട്രക്ചർ ഉണ്ടാവുമ്പോൾ ഏത് ചെറുകിട ഓപറേറ്റർക്കും വലിയ കമ്പനികൾക്ക് കൊടുക്കാൻ കഴിയുന്ന തരത്തിൽ സേവനം കൊടുക്കാനും കുത്തകകളോട് മത്സരിച്ചും ഇന്റർനെറ്റ് നൽകാനും കഴിയും. ഇതൊരു ഷെയേഡ്​ ഇൻഫ്രാസ്ട്രക്ചർ എന്ന നിലയിൽ എല്ലാ സർവീസ് പ്രൊവൈഡർമാർക്കും ഉപോയോഗിക്കാൻ കഴിയുന്ന നിലയിലേക്ക് മാറുകയും ചെയ്യും. അത് ഇന്റർനെറ്റിന്റെ മൊത്തം ചെലവ് കുറയ്ക്കാൻ സഹായിക്കും '' - ഡോ: എം.ജി. സുരേഷ് കുമാർ പറയുന്നു.

അറിവും അതിന്റെ സാങ്കേതിക വിദ്യയും കയ്യാളാനുള്ള മുതലാളിത്ത ശ്രമങ്ങൾ നിർബാധം തുടരുന്ന സാഹചര്യങ്ങൾക്കിടയിലാണ് മറ്റൊരു ലോകം സാധ്യമാണെന്ന ദിശാസൂചി കെ- ഫോണിലൂടെ കേരളം നൽകുന്നതെന്നാണ് എം.വി. ഗോവിന്ദൻ പറയുന്നത്: ‘‘വിവരങ്ങളെ കുത്തകവത്കരിക്കാനുള്ള ശ്രമങ്ങളെ നമ്മൾ ജനകീയമായി പ്രതിരോധിക്കുകയാണ്. ഇന്റർനെറ്റ് ഒരു ജനതയുടെ അവകാശമെന്ന ഇടതുപക്ഷത്തിന്റെ നയമാണ് കെ- ഫോണിലൂടെ തരംഗങ്ങളാവുന്നത്. അതിവേഗ ഇന്റർനെറ്റ് സൗജന്യമായും കുറഞ്ഞ നിരക്കിലും ഗുണമേന്മയോടും കൂടി പരമാവധി പേർക്ക് ലഭ്യമാക്കുന്ന ഈ പദ്ധതി ഈ രംഗത്തെ കുത്തകൾക്കെതിരായ ബദലാണ്. അറിവിനെയും വിവര സാങ്കേതിക വിദ്യയേയും കൈയടക്കി വെക്കാൻ ആഗോള തലത്തിൽ തന്നെ മുതലാളിത്തം ശ്രമിക്കുകയാണ്. വിജ്ഞാനത്തെ വില്പനച്ചരക്കാക്കിയവർ അതിസമ്പന്നരുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളിൽ കസേര നീക്കി വെച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു പശ്ചാത്തലത്തിൽ കേരളം തുടക്കം കുറിക്കുന്ന ഈ വിജ്ഞാന വിവര സാങ്കേതിക വിപ്ലവത്തിന് അതീവ പ്രാധാന്യമുണ്ട്. വിജ്ഞാനത്തിന്റെയും വിവരങ്ങളുടെയും ജനകീയവത്കരണത്തിലൂടെ ലോകത്തിനു തന്നെ മാതൃകയാവുകയാണ് കേരളം. മൊബൈൽ സേവനദാതാക്കളുടെയും സ്വകാര്യ കേബിൾ ശൃംഖലകളുടെയും ചൂഷണങ്ങൾക്കുള്ള മറുപടി കൂടിയാണിത്.''

കെ- ഫോൺ പദ്ധതി ഒരേസമയം മികച്ച സേവനദാതാവും ഒരു മികച്ച മികച്ച ബിസിനസ് മോഡലുമാണെന്നാണ് സന്തോഷ് ബാബു പറയുന്നത്: ‘‘പദ്ധതിക്ക് പ്രധാനമായും സർക്കാർ ഫണ്ടും കിഫ്ബി ഫണ്ടുമാണ് നിലവിലുള്ളത്. എന്നാൽ അടിസ്ഥാന സൗകര്യം എസ്റ്റാബ്‌ളിഷ് ചെയ്യാൻ വേണ്ടിയാണ് ഈ ഫണ്ടിംഗ്. ഇത് മെയിൻറനൻസ്​ ചെയ്യാൻ ഭാരത് ഇലക്​ട്രോണിക്​സ്​ ലിമിറ്റഡിനാണ് കൊടുത്തിരിക്കുന്നത്. അതിന് നമ്മൾ അങ്ങോട്ട് പണം കൊടുക്കണം. എന്നാൽ മൂന്നുവർഷം ഇളവുണ്ട്. സ്വാഭാവികമായും കിഫ്ബിയുടെ ലോൺ ആയതുകൊണ്ടുതന്നെ ഇളവ് കഴിഞ്ഞാൽ വർഷം 100 കോടി രൂപ വീതം കിഫ്ബിക്ക് അടക്കണ്ടി വരും. അത് കെ- ഫോണിൽ നിന്ന്​ കണ്ടെത്തും. ഒപ്പം, ഓരോ വർഷവും അടിസ്ഥാന സൗകര്യം വികസിപ്പിക്കണം, ഇലക്​ട്രോണിക്​സിന്റെ ചെലവ് കൂടുതലായത് കൊണ്ട് അതിലേക്ക് വലിയൊരു തുക ഇൻവെസ്റ്റ് ചെയ്യേണ്ടി വരും. അതൊക്കെയും ഈ നെറ്റ്​വർക്കിൽ നിന്നും മോണിറ്റൈസ് ചെയ്ത് തുക കണ്ടെത്തിയായിരിക്കും നിർവഹിക്കുക.''

പദ്ധതി നടപ്പാക്കുന്നതാര്

കെ.എസ്.ഇബി.യും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡും ചേർന്ന് രൂപീകരിച്ച കമ്പനിയാണ് പദ്ധതിയുടെ ചുമതല വഹിക്കുന്നത്. കെ.എസ്.ഇബിക്കും KSITIL നും 49 ശതമാനം വീതവും കേരള സർക്കാരിന് രണ്ടുശതമാനവുമാണ് പങ്കാളിത്തം. 1,531 കോടി രൂപ ചെലവിൽ പ്രതിരോധ വകുപ്പിനു കീഴിലുള്ള പൊതുമേഖലാസ്ഥാപനമായ ഭാരത് ഇലക്​ട്രോണിക്​സ്​ ലിമിറ്റഡ് (ബെൽ) നേതൃത്വം നൽകുന്ന കൺസോർഷ്യമാണ് (സിസ്റ്റം ഇന്റിഗേറ്റർ ) പദ്ധതി നടപ്പാക്കുന്നത്. ടെൻഡറിൽ ഭാരതത് ഇലക്​ട്രോണിക്​സ്​ ലിമിറ്റഡ് ക്വാട്ട്​​ ചെയ്തത് 1538 കോടി രൂപയായിരുന്നു, ടി.സി.ഐ.എൽ 1729 കോടിയും എ ടു ഇസെഡ് 2853 കോടിയും ക്വാട്ട് ചെയ്​തു. ഏറ്റവും കുറവ് ക്വാട്ട് ചെയ്ത ഭാരത് ഇലക്​ട്രോണിക്​സ്​ ലിമിറ്റഡിന് പദ്ധതി ലഭിച്ചു. റെയിൽടെൽ കോർപറേഷൻ, എസ്​.ആർ.ഐ.ടി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഇതിലെ പങ്കാളികൾ.

കെ.എസ്.ഇ.ബിയുടെ വിതരണ സംവിധാനം വഴിയാണ് കെ- ഫോണിന്റെ കേബിളുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നത്. ട്രാൻസ്മിഷൻ ടവറുകളിലൂടെ കോർ ലൈനുകളും ഇലക്​ട്രിക്​ പോസ്റ്റുകളിലൂടെ ബാക്കി ലൈനുകളും കടന്നുപോകും. 14 ജില്ലകളിലും കെ.എസ്.ഇ.ബിയുടെ ഒരു സബ്‌സ്റ്റേഷൻ പ്രധാന നെറ്റ്​വർക്കുമായി ബന്ധിപ്പിച്ചിരിക്കും. റിംഗ് ടോപ്പോളജി (വളയ രൂപത്തിൽ) സംവിധാനത്തിലാണ് 14 ജില്ലകളെയും ഇത്തരത്തിൽ ബന്ധിപ്പിച്ചിരിക്കുന്നത്. എന്തെങ്കിലും കാരണത്താൽ ഒരു സ്ഥലത്ത് തകരാറുണ്ടായാൽ മറുവശം വഴിയുള്ള ഡാറ്റാ സഞ്ചാരത്തിനുവേണ്ടിയാണ് ഈ സംവിധാനം രൂപപ്പെടുത്തിയത്. തടസമില്ലാത്ത എല്ലായ്‌പോഴും ഡാറ്റ പ്രവഹിക്കുമെന്ന് ഇങ്ങനെ ഉറപ്പുവരുത്തിയിരിക്കുന്നതെന്നാണ് കെ- ഫോൺ പറയുന്നത്.

ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ, കണ്ടെൻറ്​ സർവീസ് പ്രൊവൈഡർ, കേബിൾ ഓപ്പറേറ്റർ, ടെലികോം ഓപ്പറേറ്റർ തുടങ്ങി എല്ലാവർക്കും തുല്യമായ അവസരം ലഭിക്കുന്ന ഓപ്റ്റിക്കൽ ഫൈബർ നെറ്റ് വർക്കാണ്. അതുവഴി ഏറ്റവും ഉയർന്ന വേഗത്തിലുള്ള കണക്ഷൻ ഏറ്റവും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ഔദ്യോഗിക റജിസ്‌ട്രേഷൻ പ്രകാരം കെ- ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്ട് സ്‌പേസ്, ടവറുകൾ, നെറ്റ്​വർക്ക്​ ശൃംഖല, മറ്റവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്വന്തമാക്കാനും തയാറാക്കാനും നിലനിർത്താനും അറ്റകുറ്റപ്പണി നടത്താനും ഇവ ടെലികോം സർവീസ് ലൈസൻസുള്ളവർക്ക്​ വാടകയ്ക്കോ ലീസിനോ നൽകുവാനും അല്ലെങ്കിൽ വിൽക്കുവാനുമുള്ള അധികാരമുണ്ട്.

Comments