ശാസ്​ത്രം വികസിക്കുമ്പോൾ മാനവിക മൂല്യത്തിന്​
​എന്ത്​ സംഭവിക്കും?

മനുഷ്യനാണ് സംസ്‌കാരത്തിന്റെ കേന്ദ്ര ബിന്ദുവെന്ന യുനെസ്‌കോയുടെ മുഖ്യആശയം ശരിയാണെന്നാണ് കോവിഡ് തെളിയിച്ചിരിക്കുന്നത്. ആധുനിക ശാസ്ത്രം, സംസ്‌കാരം, മാനവികത എന്നിവയുമായി ബന്ധപ്പെട്ട വിശകലനം.

ധുനിക ശാസ്ത്രത്തിന്റെ നേട്ടങ്ങളെയും ഇടർച്ചകളെയും കുറിച്ച് എഴുതിയപ്പോൾ, മാനവികതാവാദിയായ എഴുത്തുകാരനും സാഹിത്യലോകത്തെ പ്രതിഭയുമായിരുന്ന എം. ഗോവിന്ദൻ (1919-1989) ഹൈദരബാദിലെ അൽ ഹമീദിന്റെ കഥ പറയുന്നു: അൽ ഹമീദ് ജന്മിയായിരുന്നു. എന്നാൽ കാലക്രമേണ അദ്ദേഹത്തിന് കൃഷിയോട് വിപ്രതിപത്തി ഉണ്ടാകുകയും വജ്രവ്യാപരത്തിൽ അങ്ങേയറ്റം തൽപരനാകുകയും ചെയ്തു. വജ്ര കച്ചവടത്തിലൂടെ പണവും പ്രശസ്തിയും നേടാനാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകുട്ടൽ. അങ്ങനെ അദ്ദേഹം തന്റെ തോട്ടങ്ങൾ വിൽക്കുകയും വജ്രം തേടി ദൂരദേശങ്ങളിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. എന്നാൽ അൽ ഹമീദിന് പ്രതീക്ഷിച്ചതുപോലെ നേട്ടമുണ്ടാക്കാൻ കഴിഞ്ഞില്ല. സർവത്ര നിരാശനായ അദ്ദേഹം സ്പെയിനിൽ വെച്ച് കടലിൽ ചാടി ജീവനൊടുക്കി.

വർഷങ്ങൾ കഴിഞ്ഞു. അൽ ഹമീദിന്റെ തോട്ടം വാങ്ങിയ കർഷകൻ, കന്നുകാലികൾക്ക് കനാലിൽനിന്ന് വെള്ളം കൊടുത്തുകൊണ്ടിരിക്കെ, മനോഹരമായ തിളക്കമുള്ള ഒരു വസ്തുവിനെ കണ്ടു. അത് അത്യാകർഷകമായ രീതിയിൽ തിളങ്ങുന്നുണ്ടായിരുന്നു. അദ്ദേഹം അത് സൂക്ഷിച്ചുവെച്ചു. പിന്നീട് അത്തരത്തിലുള്ള കല്ലുകൾ കൊത്താൻ ആ തോട്ടം മുഴുവൻ ഉഴുതിട്ടു. അവിടെനിന്ന് അദ്ദേഹത്തിന് നിരവധി വജ്രക്കല്ലുകൾ ലഭിച്ചു. കോഹിന്നൂർ ഗോൽക എന്ന പേരിൽ ഇവ പിന്നീട് പ്രശസ്​തങ്ങളായി. ഈ പ്രദേശം വജ്രഖനിയായി മാറുകയും ചെയ്തു. ഈ കഥയിലെ സന്ദേശം വളരെ വ്യക്തമാണ്. നിരാശനായ ഒരു വ്യക്തിയെന്ന നിലയിൽ അൽ ഹമീദിന് ജീവനൊടുക്കേി വന്നത്, അദ്ദേഹത്തിന്റെ തന്നെ തോട്ടം വജ്രത്തിന്റെ ശേഖരം നിറഞ്ഞ ഭൂമിയാണെന്ന് മനസിലാക്കാത്തതു കൊണ്ടാണ്.

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസത്തിനിടയിൽ പലർക്കും മാനവിക മൂല്യമെന്നത് അപ്രസക്തമായ സംഗതിയായി മാറി. മനുഷ്യനുമായും അവന്റെ മൂല്യങ്ങളുമായുമുള്ള ബന്ധത്തിൽനിന്ന് ശാസ്ത്രം അടർത്തി മാറ്റപ്പെട്ടുവെന്നതാണ് ഇപ്പോഴത്തെ ശാസ്ത്രീയ അന്വേഷണങ്ങൾ നേരിടുന്ന വെല്ലുവിളി. ഇക്കാര്യം യുനെസ്‌കോയും അവരുമായി ബന്ധപ്പെടുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും നിരന്തരം ഉന്നയിച്ചിരുന്നു.

ശാസ്ത്രകാരന്മാരുടെ തോൽവികൾ

ഗോവിന്ദൻ പറയുന്നത്, ആധുനിക ശാസ്ത്രത്തിന്റെ അന്വേഷണങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ അൽ ഹമീദിന്റെ കഥ എത്രയോ നിസ്സാരമാണെന്നാണ്. വിവിധ വിജ്ഞാന മേഖലകൾ വലിയ തോതിൽ വികാസം പ്രാപിക്കുന്നത് നമ്മൾ കണ്ടു. ഭൂമിശാസ്ത്രം, ജീവശാസ്ത്രം, പ്രപഞ്ച ശാസ്ത്രം, ഭൗതിക ശാസ്ത്രം തുടങ്ങി ഗണിത ശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ മേഖലകളിലെല്ലാം വലിയ മുന്നേറ്റങ്ങളാണ് ഉണ്ടായത്. തങ്ങളുടെ മേഖലകളിൽ വലിയ തോതിൽ സമയവും ഊർജ്ജവും ചെലവഴിച്ച ശാസ്ത്രകാരന്മാർക്ക് പക്ഷെ അവരുടെ തന്നെ മേഖലകളെ മനുഷ്യവംശത്തിന് ഗുണകരമായ രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞില്ല -ഗോവിന്ദൻ ഓർമിപ്പിച്ചു. ശാസ്ത്രവും സാങ്കേതിക വിദ്യയും കൂടുതലായി ഉപയോഗിക്കപ്പെട്ടത് അണുബോബും ഹൈഡ്രജൻ ബോംബും നിർമിക്കാനായിരുന്നു. ശീതയുദ്ധ കാലത്തെ ആവശ്യങ്ങളുടെ പശ്ചാത്തലത്തിലായിരിക്കണം ഗോവിന്ദൻ ഇങ്ങനെ പറഞ്ഞിട്ടുണ്ടാകുക. 69 വർഷത്തിനുശേഷം ഇതിൽ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ? ഉണ്ടെന്ന് ഉറപ്പിച്ചുപറയാൻ ഇനിയും കഴിയില്ല.

എം. ഗോവിന്ദൻ

ശാസ്ത്രത്തിന്റെ അന്വേഷണത്തിന്റെ പ്രഭവകേന്ദ്രം മനുഷ്യനെന്ന് കാണുന്നതിനുപകരം മനുഷ്യബന്ധങ്ങളെ മനസ്സിലാക്കാനുള്ള ആദ്യ പ്രവേശകമായി നമ്മൾ ശാസ്ത്രത്തെ നിശ്ചയിച്ചുവെന്നാണ് ഗോവിന്ദൻ മനസിലാക്കിയത്. ശാസ്ത്ര സാങ്കേതിക വിദ്യയുടെ അധീശത്വമുള്ള കാലത്ത് സ്വാഭാവികമായി സംഭവിക്കുന്നതാണ് ഈ സ്ഥാനമാറ്റം. ഇത് വിജ്ഞാനത്തിന്റെ അനുപാതരഹിതമായ അവസ്ഥയാണ് സമകാലിക ലോകത്ത് ഉണ്ടാക്കിയത്. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും വികാസത്തിനിടയിൽ പലർക്കും മാനവിക മൂല്യമെന്നത് അപ്രസക്തമായ സംഗതിയായി മാറി. ഉയർന്ന സാമ്പത്തിക നിലയിലുള്ള രാജ്യങ്ങളിലും ദരിദ്ര രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. മനുഷ്യനുമായും അവന്റെ മൂല്യങ്ങളുമായുമുള്ള ബന്ധത്തിൽനിന്ന് ശാസ്ത്രം അടർത്തി മാറ്റപ്പെട്ടുവെന്നതാണ് ഇപ്പോഴത്തെ ശാസ്ത്രീയ അന്വേഷണങ്ങൾ നേരിടുന്ന വെല്ലുവിളി. ഇക്കാര്യം യുനെസ്‌കോയും അവരുമായി ബന്ധപ്പെടുന്ന പണ്ഡിതന്മാരും ബുദ്ധിജീവികളും നിരന്തരം ഉന്നയിച്ചിരുന്നു.

ശാസ്ത്രവും സംസ്‌കാരവും

സംസ്‌കാരത്തിന്റെ പ്രശ്നങ്ങളും സാസ്‌കാരിക മൂല്യങ്ങളും സമകാലിക ലോകത്തിൽ ( Problems of Culture and Cultural values in the contemporary world -1983) എന്ന സമാഹാരത്തിൽ റെനെ ഹെബാഷി ഇങ്ങനെ എഴുതി: വിശക്കുന്നവൻ അതിന് കാരണക്കാരായവരുടെ നേരെ നിസ്സഹായരായി വിരൽചൂണ്ടുന്നു. അന്തർദേശീയമായ ബന്ധങ്ങളുടെ ശൃംഖലകളിലെ ശൂന്യതകളെയും അടരുകളെയും കണക്കാക്കിയാലും അല്ലെങ്കിൽ അതിന്റെ ഭൂമിശാസ്ത്രപരമായ ലക്ഷണങ്ങൾ വെച്ചും ലോകം മനുഷ്യന്റെ ഒരു പ്രതിബിംബം തന്നെയാണ്. മനുഷ്യന്റെ ആഭ്യന്തരമായ അസന്തുലിതാവസ്ഥയെ അത് പുറത്തെത്തിക്കുന്നു. ഇത് മനുഷ്യനും സമൂഹവും, സമൂഹവും പ്രകൃതിയും തമ്മിലുള്ള വൈരുദ്ധ്യത്തിലൂടെയാണ് സംഭവിക്കുന്നത്. ധാർമികതാവാദികൾ പ്രശ്നപരിഹാരത്തിന് ലളിതമായ നിർദ്ദേശങ്ങൾ വെക്കുന്നു. അദ്ദേഹത്തെ സംബന്ധിച്ച് സാമൂഹ്യശാസ്ത്രകാരനാണ് ഉണ്ടായ ആഘാതങ്ങളെ കുറിച്ച് പറയേണ്ടത്. നീതിശാസ്ത്രത്തിനും സാമൂഹ്യശാസ്ത്രത്തിനും, പ്രശ്നപരിഹാരത്തെ രോഗവുമായും രോഗത്തെ അതിന്റെ ആഴത്തിലള്ള കാരണമായ മനുഷ്യനെയും പ്രതിസ്ഥാനത്ത് നിർത്താൻ കഴിയുന്ന തത്വശാസ്ത്രവുമായി ബന്ധമില്ലെങ്കിൽ, ഫലപ്രദമാകാൻ കഴിയില്ല. മനുഷ്യനെന്നാൽ വടക്കുള്ളവരും അതുപോലെ തെക്കുളളവരും വ്യാവസായിക സംസ്‌കാരത്തിന്റെ മനുഷ്യനും അതുപോലെ മറ്റു സംസ്‌കാരങ്ങളിലെ മനുഷ്യരും ഉൾപ്പെടുന്നു. (UNESCO 1983, 37-50)

ഹബാഷി തുടർന്ന് ഇങ്ങനെ എഴുതി: "പ്രധാനപ്പെട്ട സംസ്‌കാരങ്ങളിലെയെല്ലാം ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും പ്രവർത്തനത്തെക്കുറിച്ച് പരിശോധിക്കുമ്പോൾ, ശാസ്ത്രത്തെ തന്നെ ഒരു മൂല്യമായി കാണാനാണ് അത് പറയുന്നതെന്ന് മനസ്സിലാകും. പിന്നീട് അത് സംസ്‌കാരത്തിലെ മറ്റ് മൂല്യങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന പ്രതിമൂല്യമായി വർത്തിക്കുന്നതെങ്ങിനെയെന്ന് വിശദീകരിക്കേണ്ടിയും വരും. മനുഷ്യന്റെ തന്നെ നിലനിൽപ്പിനെ അപകടത്തിലാക്കുന്ന അണു (Atom) നമുക്കില്ലേ? മനുഷ്യവംശത്തെ തന്നെ ബാധിക്കുന്ന തരത്തിലുള്ള ജെനറ്റിക്ക് കോഡ് ഇല്ലേ? മനുഷ്യനെ പൂർണമായി തളർത്തുന്ന തരത്തിലുള്ള വൻകിട മാധ്യമങ്ങളും ഇല്ലേ? '

ശാസ്ത്രത്തിന്റെയും അതുവഴി ഉണ്ടാകുന്ന സാങ്കേതിക വിദ്യയുടെയും വികാസത്തെ തടസ്സപ്പെടുത്താൻ കഴിയുമെന്ന വിചാരം ഒരു വിഭാഗം ജനങ്ങൾക്ക് ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. മറ്റ് ചിലരാകട്ടെ, ലോകത്തെ ശാസ്ത്രത്തിന്റെയും മാനവികതയുടെയുമായ രണ്ട് സംസ്‌കാരമായി കാണുകയും അങ്ങനെ ഒരു വിഭജനത്തെ മഹത്വവൽക്കരിക്കുകയും ചെയ്യുന്നു. മറ്റൊരു വിഭാഗത്തെക്കുറിച്ച് ഹബാഷി പറയുന്നത് ഇങ്ങനെയാണ്: ശാസ്ത്രത്തിന്റെ അമിത വികാസത്തിന്റെ ഒരു ഘട്ടത്തിനുശേഷം സംസ്‌കാരം സ്വയം സന്തുലനാവസ്ഥ കൈവരിക്കുന്നു. ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും ഉൽപന്നങ്ങളിൽ അവിശ്വാസം വളർത്തുന്നതെന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു. പുതിയ കാലത്തേക്കുള്ള മുല്യത്തിനുവേണ്ടിയുള്ള അന്വേഷണം അവ തുടരുക മാത്രമാണെന്ന് നമ്മൾ കണ്ടതല്ലേ. സത്യത്തിന്റെ ഒരംശം തന്നെയല്ലേ, ശാസ്ത്രത്തിന്റെ സത്യവും.

വികസിത രാജ്യങ്ങളിലെ വിജ്ഞാനത്തെ ആകെ വികസ്വര രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ സംഭവിക്കുന്നത് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സ്വാഭാവികമായ പ്രയോഗവൽക്കരണം അവ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നടക്കാതെ പോകുന്നുവെന്നതാണ്. അത് വികസ്വര രാജ്യങ്ങളിൽനിന്ന് മസ്തിഷ്‌ക ശോഷണം പ്രോൽസാഹിപ്പിക്കുകയും പൊതുവിൽ അവിടുത്തെ വികസനത്തിന്റെ സ്വാഭാവിക മുന്നേറ്റം തടയുകയും ചെയ്യുന്നു

സത്യത്തിന്റെയും അറിവിന്റെയും സാർവത്രികമായ അവസ്ഥയെ കുറിച്ച് വികസനത്തിലും ആഗോള ഇടപാടുകളിലും പിന്നിൽ നിൽക്കുന്ന രാജ്യങ്ങളിലെ വിദഗ്ധർ പോലും ഉന്നയിക്കുന്ന എല്ലാ കാലത്തെയും ചോദ്യങ്ങളാണിത്. സംസ്‌കാരവുമായി ബന്ധപ്പെട്ട അറിവുകളുടെ ആവശ്യകതയെകുറിച്ചാണ് അവർ ഊന്നിപ്പറഞ്ഞത്. ഇത്തരത്തിലുളള അറിവുകൾ ഒരു സമൂഹത്തിന്റെ സാമൂഹ്യ- സാംസ്‌കാരിക- സാമ്പത്തിക അവസ്ഥകളുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്നും അവർ പറയുന്നു. ആധുനിക ശാസ്ത്ര- സാങ്കേതിക രീതികൾ ആവട്ടെ എല്ലാറ്റിനെയും ഏകീകരിക്കുകയും സംസ്‌കാരത്തിന്റെ സവിശേഷതകളെ മാറ്റി നിർത്തുകയും ചെയ്യുന്നു.

യുനെസ്‌കോ ഡയറക്ടർ ജനറലായിരുന്ന അമാദൗ-മഹതർ എം ബോ

1974- 87 കാലത്ത് യുനെസ്‌കോ ഡയറക്ടർ ജനറലായിരുന്ന അമാദൗ-മഹതർ എം ബോ 1976 ൽ ഇങ്ങനെ നിരീക്ഷിച്ചു: ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്തെ ചിന്താഗതിയോ അനുഭവങ്ങളോ ജീവിതരീതികളോ ലോകം മുഴുവൻ വ്യാപിപ്പിക്കുകയെന്നതല്ല ആഗോള വികസനം. ഒരോ പ്രദേശത്തെയും സംസ്‌കാരത്തെയും മൂല്യങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കണം വികസനം. വികസിത രാജ്യങ്ങളിലെ വിജ്ഞാനത്തെ ആകെ വികസ്വര രാജ്യങ്ങളിലേക്ക് കൈമാറ്റം ചെയ്യുമ്പോൾ സംഭവിക്കുന്നത് ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സ്വാഭാവികമായ പ്രയോഗവൽക്കരണം അവ സ്വീകരിക്കുന്ന രാജ്യങ്ങളിൽ നടക്കാതെ പോകുന്നുവെന്നതാണ്. അത് വികസ്വര രാജ്യങ്ങളിൽനിന്ന് മസ്തിഷ്‌ക ശോഷണത്തെ പ്രോൽസാഹിപ്പിക്കുകയും പൊതുവിൽ അവിടുത്തെ വികസനത്തിന്റെ സ്വാഭാവിക മുന്നേറ്റത്തെ തടയുകയും ചെയ്യുന്നു. നിലവിലുള്ള സംവിധാനം സൃഷ്ടിച്ചെടുത്തതിനപ്പുറമുള്ള ഭിന്നങ്ങളായ സ്രോതസ്സുകൾ ലഭ്യമാകാത്തതുകൊണ്ടാണ് ഇത്തരം ഒരു അവസ്ഥയുണ്ടാകുന്നത്.
സംസ്‌കാരത്തിന്റെ പങ്കാളിത്തമില്ലാതെ സുസ്ഥിര വികസനം സാധ്യമല്ലെന്നാണ് യുനെസ്‌കോ നിരന്തരം പറഞ്ഞുകൊണ്ടിരുന്നത്. "പരസ്പര ബഹുമാനവും സംസ്‌ക്കാരങ്ങൾക്കിടയിലെ സ്വതന്ത്രമായ ഇടപെടലും' എന്ന അതിന്റെ നിലപാട് മനുഷ്യ കേന്ദ്രീകൃതമായ സമീപനത്തെ അടയാളപ്പെടുത്തുന്നു. അത്തരത്തിലുള്ള സമീപനം "സ്ഥായിയായി നിലനിൽക്കുന്നതും എല്ലാറ്റിനെയും ഉൾക്കൊള്ളുന്നതും സമത്വമാർന്നതുമായ അവസ്ഥയിലേക്ക് നയിക്കുന്നതാണ്'. പ്രകൃതിയുമായുള്ള ഇടപെടലിലൂടെ രൂപപ്പെടുന്ന തദ്ദേശീയമായ അറിവുകൾ ആധുനിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ള വൈജ്ഞാനിക ധാരകളെ ശക്തിപ്പെടുത്തുമെന്നാണ് യുനെസ്‌കോ കരുതുന്നത്. ശാസ്ത്രവും സാങ്കേതിക വിദ്യയും സമൂഹത്തെ ശക്തിപ്പെടുത്തുമ്പോഴും അതിൽ ധാർമികതയുടെ അടിസ്ഥാനത്തിലുള്ള തെരഞ്ഞെടുപ്പുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യവും യുനെസ്‌കോ അംഗീകരിക്കുന്നു.

എം. ഗോവിന്ദനും ഒ.വി. വിജയനും

എം. ഗോവിന്ദന്റെ പ്രബന്ധം ശാസ്ത്രത്തെ വിലകുറച്ചുകാണുന്നതായിരുന്നില്ല. മറിച്ച് സമൂഹ്യമാറ്റത്തിൽ സാമൂഹ്യ ശാസ്ത്രത്തിനും മാനവിക വിഷയങ്ങൾക്കും തുല്യ പ്രധാന്യം ഉണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ചരിത്രവും രാഷ്ട്രമീമാംസയും സാമ്പത്തിക ശാസ്ത്രവും നരവംശ ശാസ്ത്രവും കലകളുമെല്ലാം സമൂഹത്തിന്റെ പുരോഗതിയിൽ വലിയ പങ്ക് വഹിക്കുന്നു. ലോക സമാധാനം നിലനിർത്തുന്നതിൽ വലിയ പങ്ക് വഹിക്കാവുന്ന ഏജൻസിയെന്ന നിലയിൽ യുനെസ്‌കോയെ ശക്തിപ്പെടുത്തണമെന്ന് നിർദ്ദേശിച്ചുകൊണ്ടാണ് ഗോവിന്ദൻ ആ ഹ്രസ്വപ്രബന്ധം അവസാനിപ്പിക്കുന്നത്. "യുദ്ധം ആദ്യം ആരംഭിക്കുന്നത് മനുഷ്യമനസ്സുകളിലായതിലാൽ അതിനെതിരായ പ്രതിരോധവും ആദ്യം ഉണ്ടാകേണ്ടത് മനസ്സിൽനിന്നാണെന്ന്' യുനെസ്‌കോ ഭരണഘടനയിലെ പ്രശസ്തമായ വാക്കുകൾ ഗോവിന്ദൻ ഉദ്ധരിക്കുന്നു. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും സഹായത്തോടെ മനുഷ്യരുടെയും സമൂഹത്തിന്റെയും ആവശ്യങ്ങളെ നിറവേറ്റുകയെന്നതാണ് അറിവിന്റെ ലക്ഷ്യമെന്നതായിരുന്നു ഗോവിന്ദന്റെ ദൃഢമായ വിശ്വാസം. ഇത് യുനെസ്‌ക്കോയ്ക്ക് സാധ്യമാകുമെന്നും അദ്ദേഹം കരുതി.

ഒ.വി. വിജയൻ / ചിത്രീകരണം: ദേവപ്രകാശ്‌

ഈയടുത്ത കാലത്ത് 75-ാം വാർഷികം ആഘോഷിച്ച യുനെസ്‌കോയ്ക്ക് 1970 കൾ മുതൽ ചില പ്രശ്നങ്ങൾ നേരിട്ടിരുന്നു. ലോകത്തെ അവികസിത -വികസ്വര രാജ്യങ്ങളുടെ (Global South) ശബ്ദം കേട്ടു തുടങ്ങിയതോടെ ആയിരുന്നു അത്. പുതിയ വിനിമയ ക്രമം (ന്യൂ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ഓർഡർ- NWICO) ആരംഭിക്കാൻ യുനെസ്‌കോ തീരുമാനിച്ചതോടെയായിരുന്നു അത്. യുനെസ്‌കോ അംഗങ്ങളായ "തെക്കൻ രാജ്യങ്ങൾ' (വികസ്വര- അവികസിത രാജ്യങ്ങൾ) പുതിയ ഇൻഫർമേഷൻ ക്രമത്തിനുവേണ്ടിയുള്ള ആവശ്യം ആഗോള തലത്തിലെ സാമ്പത്തിക അസമത്വങ്ങളുമായി ബന്ധപ്പെട്ടാണ് ഉന്നയിച്ചത്. എന്നാൽ ഇതിനെ വികസിത രാജ്യങ്ങൾ അവഗണിക്കുകയാണ് ചെയ്തത്.

തന്റെ ഇസ്രായേൽ അനുകൂല സമീപനം ഒരിക്കലും ഒ. വി. വിജയൻ മറച്ചുവെച്ചിരുന്നില്ല. എന്നുമാത്രമല്ല, ജന്മനാട്ടിൽ കഴിയാനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അദ്ദേഹം ഒരിക്കലും ഉയർത്തിപിടിച്ചുമില്ല. മതാധിഷ്ഠിത ഫാസിസ്റ്റ് രാജ്യങ്ങൾക്കെതിരായ ഗോവിന്ദന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായിരുന്നു അത്.

നോബൽ സമ്മാന ജേതാവായ സിയാൻ മാക്ബ്രൈഡിന്റെ നേതൃത്വത്തിൽ ഒരു കമീഷനെ, ലോകത്തെ ഇൻഫർമേഷൻ ക്രമം കൂടുതൽ സമത്വമുള്ളതാക്കാനുള്ള ശുപാർശകൾ സമർപ്പിക്കാൻ യുനെസ്‌കോ നിയമിച്ചിരുന്നു. NWICO യെക്കുറിച്ചുള്ള ആവശ്യം യുനെസ്‌കോയുടെ പരിഗണനയിൽ ഉണ്ടായിരുന്നുവെങ്കിലും അതൊക്കെ ആഗോളവൽക്കരണത്തിന്റെ ഭാഗമായി അട്ടിമറിക്കപ്പെടുകയായിരുന്നു. അതുകൊണ്ടുതന്നെ NWICO എന്നതിന് ഒരു ആരംഭമില്ലാതെ പോയി. വികസിത രാജ്യങ്ങളും യുനെസ്‌കോയും തമ്മിലുള്ള മറ്റൊരു പ്രധാന സംഘർഷ മേഖല സയണിസത്തോടും, ഇസ്രയേലിന്റെ അധിനിവേശ നയങ്ങളോടുള്ള സമീപനങ്ങളുമായിരുന്നു. സാമ്രാജ്യത്വ രാജ്യങ്ങളുടെ അമിതാധികാര പ്രവണതകളെ നിരവധി തവണ യുനെസ്‌കോക്ക് കഴിഞ്ഞ വർഷങ്ങളിൽ നേരിടേണ്ടി വന്നിട്ടുണ്ട്.

ഫലസ്തീനെ മോചിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് 2011 ൽ കൈറോയിൽ നടന്ന പ്രതിഷേധം

ഉദാഹരണത്തിന് 1984 ൽ അമേരിക്കൻ വിരുദ്ധ സമീപനവും സോവിയറ്റ് അനുകൂല സമീപനവും സ്വീകരിക്കുന്നുവെന്നാരോപിച്ച് അമേരിക്ക യുനെസ്‌കോ വിടുകയുണ്ടായി (2003 ൽ മാത്രമാണ് അമേരിക്ക തിരികെ പ്രവേശിച്ചത്). അക്കാലത്ത് ഇന്ത്യയിലേയും മറ്റിടങ്ങളിലേയും ബുദ്ധിജീവികൾ യുനെസ്‌കോയുടെ വക്താക്കളായിരുന്നു. അതിന്റെ പുരോഗമനപരമായ നിലപാടുകളും ഇടപെടലുകളും ആയിരുന്നു അതിനുകാരണം. എന്നാൽ എഴുത്തുകാരൻ ഒ. വി. വിജയന്റെ നിലപാടുകളാണ് പലരേയും അത്ഭുതപ്പെടുത്തിയത്. അദ്ദേഹം മറ്റൊരു വഴിയാണ് യുനെസ്‌കോയെ വിമർശിക്കുന്നതിന് സ്വീകരിച്ചത്. 1980 ൽ മാതൃഭൂമിയിലെ "ഇന്ദ്രപ്രസ്ഥം' എന്ന കോളത്തിൽ യുനെസ്‌കോയെ വിമർശിച്ച് വിജയൻ എഴുതി. അതിനോട് പ്രതികരിച്ച് ഞാൻ എഴുതിയെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഇസ്രായേലിന്റെ സാമ്രാജ്യത്വ നയങ്ങളോടും സയണിസത്തിനുമെതിരായ യുനെസ്‌കോയുടെ സ്ഥിരതയാർന്ന നിലപാടുകളാണ് അദ്ദേഹത്തിന്റെ എതിർപ്പിന് കാരണമായതെന്ന് വ്യക്തമാണ്. തന്റെ ഇസ്രായേൽ അനുകൂല സമീപനം ഒരിക്കലും ഒ. വി. വിജയൻ മറച്ചുവെച്ചിരുന്നില്ല. എന്നുമാത്രമല്ല, ജന്മനാട്ടിൽ കഴിയാനുള്ള ഫലസ്തീൻ ജനതയുടെ അവകാശങ്ങളെ അദ്ദേഹം ഒരിക്കലും ഉയർത്തിപിടിച്ചുമില്ല. മതാധിഷ്ഠിത ഫാസിസ്റ്റ് രാജ്യങ്ങൾക്കെതിരായ ഗോവിന്ദന്റെ നിലപാടിൽനിന്ന് വ്യത്യസ്തമായിരുന്നു അത്. അത്ഭുതകരമെന്ന് പറയട്ടെ മാനവികതാ വാദത്തിന്റെ രണ്ട് ധാരകളിൽപെട്ടവരായിരുന്നു ഗോവിന്ദനും വിജയനും. യാഥാസ്ഥിതിക ഇടതുപാർട്ടികൾ അവരെ കമ്മ്യൂണിസ്റ്റ് വിരുദ്ധർ എന്ന് വിളിക്കാനും കാരണമായത് ഇതുകൊണ്ടാണ്.

സിയാൻ മാക്ബ്രൈഡ്

പാശ്ചാത്യ രാജ്യങ്ങളും യുനെസ്‌കോയും തമ്മിലുള്ള ബന്ധത്തെ നിർണയിച്ചിരുന്നത് ഫലസ്തീനും ഇസ്രായേലുമായി ബന്ധപ്പെട്ട വിഷയങ്ങളായിരുന്നു. എന്നാൽ 2011 ൽ ഫലസ്തീനെ സ്വതന്ത്ര അംഗ രാജ്യമായി യുനെസ്‌കോ അംഗീകരിച്ചതിനുശേഷമാണ് ഈ ബന്ധം മോശമായത്. ഫലസ്തീനെ അംഗീകരിക്കുന്ന ഏത് സംഘടനയ്ക്കും ധനസഹായം നൽകില്ലെന്ന നിലപാട് അമേരിക്ക സ്വീകരിച്ചത് ഇതോടെയാണ്. ഇത് വഴിയുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒബാമ ഭരണകൂടത്തിന് കഴിഞ്ഞുമില്ല. ഇസ്രായേൽ വിരുദ്ധ സമീപനമാണ് യുനെസ്‌കോക്കെന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങൾ ഉന്നയിച്ച് ട്രംപ് ഭരണകൂടം 2018 ഡിസംബർ 31 ന് യുനെസ്‌കോയിൽനിന്ന് പിൻവാങ്ങുകയും ചെയ്തു.

വികസിത രാജ്യങ്ങളിൽനിന്നുള്ള എതിർപ്പുകൾ പ്രശ്നങ്ങൾ സൃഷ്ടിച്ചെങ്കിലും യുനെസ്‌കോ അതിന്റെ ലക്ഷ്യങ്ങളിൽനിന്ന് വ്യതിചലിച്ചില്ല. കോവിഡ്- 19 മഹാമാരിയായി പടർന്ന് ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ ശാസ്ത്രീയമായ സഹകരണത്തോടെ അതിനെ നേരിടേണ്ടതിന്റെ ആവശ്യകതയാണ് യുനെസ്‌കോ എടുത്തുപറഞ്ഞത്. സംസ്‌കാരത്തെ അറിവുമായി ബന്ധപ്പെടുത്തുകയെന്ന അതിന്റെ അടിസ്ഥാന പദ്ധതി പുതിയ മാനം കൈവരിച്ചിരിക്കുകയാണ്. ലോകത്തെമ്പാടുമുള്ള മനുഷ്യർ ആരോഗ്യ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുമ്പോൾ, യുനെസ്കോ മനുഷ്യരുടെ ഐക്യം ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ച് പറയുന്നു. മനുഷ്യനാണ് സംസ്‌കാരത്തിന്റെ കേന്ദ്ര ബിന്ദുവെന്ന യുനെസ്‌കോയുടെ മുഖ്യആശയം ശരിയാണെന്നാണ് മഹാമാരി തെളിയിച്ചിരിക്കുന്നത്. ഇതേ ആശയമാണ് തന്റെ ജീവിതകാലം മുഴുവൻ എം. ഗോവിന്ദൻ പിന്തുടർന്നത്. ▮

റഫറൻസ്

(1986) അൽ ഹമീദിന്റെ കഥയും കുറെ കാര്യങ്ങളും, എം. ഗോവിന്ദന്റെ ഉപന്യാസങ്ങൾ, കോട്ടയം നാഷണൽ ബുക്ക് സ്റ്റാൾ. UNESCO (1976) Moving towards change, some thoughts on the new international economic order Paris, para 15. UNESCO (1983): Problems of Culture and Cultural Values in the Contemporary World, Paris, https://unesdoc.unesco.org/ark:/08223/pf000005o68l. UNESCO (1981): Many Voices, One World: Report by the International Commission for the Study of Communication Problems, Paris: UNESCO, available at https://d3n8a8pro7vhmx.c1oudfront.net/medium/pages/72/attachments/original/1516334503/0o0066eb2.pdñl5l633o503.


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments