A Scene from the Movie La La Land (Manipulated)

ഉമ്മവച്ചുമ്മവച്ചുണർത്താം
പ്രണയവും രതിയും;
ഒപ്പമുണ്ട് വൈറസും…

‘‘ഉമ്മയുടെ ചരിത്രം ശാസ്ത്രജ്ഞർ ഇന്ന് പഠിക്കാനെടുത്തിരിക്കയാണ്. ചില വൈറസുകൾ പകരുന്നത് ചുംബനം വഴിയാണ്. ചില വൈറസുകൾ ലോകത്ത് പടർന്നതും അവയുടെ ഉറവിടവും അറിയാൻ മാത്രമല്ല, മനുഷ്യ പരിണാമവും കുടിയേറ്റങ്ങളും പഠിക്കാനും ചുംബനചരിത്രം അറിഞ്ഞേപറ്റൂ എന്നാണ് പറയുന്നത്’’- എതിരൻ കതിരവൻ എഴുതുന്ന ശാസ്ത്രപരമ്പര- എപ്പിസ്റ്റീം- തുടരുന്നു.

EPISTEME- 16

ന്നാണ് മനുഷ്യൻ ചുംബിച്ചു തുടങ്ങിയത്? എന്തിനാണ് മനുഷ്യൻ ചുംബിക്കുന്നത്?

നരവംശശാസ്ത്രത്തിൻ്റെ ചോദ്യങ്ങളാണിത്. രാഷ്ട്രീയക്കാരോ സമൂഹനീതികൾ നടപ്പാക്കുന്നവരോ സദാചാര പോലീസോ ചോദിക്കുന്നതല്ല. ഉമ്മയുടെ ചരിത്രം ശാസ്ത്രജ്ഞർ ഇന്ന് പഠിക്കാനെടുത്തിരിക്കയാണ്. ചില വൈറസുകൾ പകരുന്നത് ചുംബനം വഴിയാണ്. ചില വൈറസുകൾ ലോകത്ത് പടർന്നതും അവയുടെ ഉറവിടവും അറിയാൻ മാത്രമല്ല, മനുഷ്യ പരിണാമവും കുടിയേറ്റങ്ങളും പഠിക്കാനും ചുംബനചരിത്രം അറിഞ്ഞേപറ്റൂ എന്നാണ് പറയുന്നത്. വൈറസുകളുടെ പരിണാമവും മനുഷ്യരുടെ സമൂഹപരിണാമവും ബന്ധപ്പെട്ടിരിക്കുന്നു. ചില വൈറസ് പഠനങ്ങൾ, അതുകൊണ്ട് ചുംബനചരിത്രത്തിലെത്തി നിൽക്കും. പ്രത്യേകിച്ച്, ഹെർപിസ് വൈറസിന്റേത്. വായിൽ വളരുന്ന ഇവ ഉമ്മ വെക്കുന്നതുവഴിയാണ് പടരുന്നത്.

രതിയുടെ ഭാഗമാണോ ചുംബനം?
മനുഷ്യർക്ക് ആയിരിക്കാം, പക്ഷേ മറ്റ് മൃഗങ്ങൾക്ക് അല്ല. ചിമ്പൻസികളും മറ്റ് മൃഗങ്ങളും മണമറിഞ്ഞ് പരിചയപ്പെടാനും സാമൂഹികബന്ധങ്ങൾ ഉറപ്പിക്കാനും ചുണ്ടുകൾ കൂട്ടിമുട്ടിക്കും. എന്നാൽ ബോണോബോസ് കുരങ്ങുകൾ രതിലീലയുടെ ഭാഗമായി തന്നെ ഉമ്മ വയ്ക്കും. ചിമ്പൻസികളാവട്ടെ വെറും ‘പ്ലാറ്റോണിക്’ ഉമ്മക്കാരാണ്. മനുഷ്യരുടേയും എല്ലാ ഉമ്മകളും രതിയുടേതല്ല.

കുരങ്ങുകളുടെ ചുംബനം. രണ്ടും അമ്മമാരാണ്. കൂട്ടായ്മ ഉറപ്പിക്കാനായിരിക്കണം.

നമുക്കറിയാം; മാതാപിതാക്കൾ കുഞ്ഞിനെ ചുബിക്കുന്നത് വാൽസല്യാതിരേകത്താലാണ്. പല സംസ്കാരങ്ങളിലും, ആണുങ്ങൾ തമ്മിലും, പരസ്പരം കവിളിൽ ചുംബിക്കുന്നത് സ്നേഹാദരങ്ങളുടെ പ്രകടനമായാണ്, രത്യോന്മുഖമല്ല. മുത്തശ്ശി നിങ്ങളുടെ നെറ്റിയുടെ മുകളിൽ ഉമ്മ വെയ്ക്കുന്നത് ആശിസ്സും അനുഗ്രഹവും നൽകാനാണ്. എന്നാൽ പ്രായപൂർത്തിയായവർ ചുണ്ടിൽ ചുംബിക്കുന്നത് മിക്കപ്പൊഴും പ്രേമപ്രകടനത്തിന്റെയും അത് അനുഭവിച്ചറിയുന്നതിന്റെയും വേളയായിട്ടാണ്. സ്നേഹ/വാൽസല്യ ചുംബനങ്ങൾ (friendly-parental kiss) ലോകമെമ്പാടും മിക്കവാറും എല്ലാ സംസ്കാരങ്ങളിലുമുണ്ട്, അവക്ക് ഗാഢത കുറവാണ്, പലപ്പോഴും ചുണ്ടുകൾ തമ്മിലായിരിക്കില്ല, ആണെങ്കിലും അവ തമ്മിൽ സ്പർശിക്കുന്നതേയുള്ളൂ.
രത്യോന്മുഖ ചുംബനമാകട്ടെ (romantic- sexual kiss), പലപ്പോഴും ഉമിനീർ പരസ്പരം പകരുന്നവയാകാൻ സാദ്ധ്യതയുണ്ട്. ഉമിനീരിലാകട്ടെ, സ്വൽപം വിഷവുമുണ്ട്. പുറത്തു നിന്നോ ഭക്ഷണത്തിലൂടെയോ വരുന്ന അണുക്കളെ കൊല്ലാൻ വേണ്ടിയാണിത്, ഉമ്മ വെയ്ക്കുന്നവർ പേടിക്കേണ്ട.

പാശ്ചാത്യനാടുകളിൽ ഗാഢചുംബനം വളരെ പരസ്യമായാണ്, സമൂഹം അംഗീകരിച്ചിട്ടുള്ളതുമാണ്. കാൽപ്പനികവൽക്കരിക്കപ്പെട്ട ചുംബനം ലോഭമെന്യേ സാഹിത്യകൃതികൾ പൊതുബോധത്തിൽ എത്തിച്ചിട്ടുണ്ട്.

എന്തിനു ചുംബനം?

ഇണയെ തെരഞ്ഞെടുക്കാൻ, നിജപ്പെടുത്താൻ പരിണാമം ആവിഷ്ക്കരിച്ച ഒരു പെരുമാറ്റരീതിയാണത്രേ ഉമ്മ വെയ്ക്കൽ. പ്രേമോദാരമായ ചുംബനം എല്ലാ സംസ്കാരങ്ങളിലും അത്ര പ്രാവർത്തികമല്ലെങ്കിലും, പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോഴും ഡേറ്റ് ചെയ്യുമ്പോഴുള്ള ആദ്യ ചുംബനം പിന്നീട് ആ ബന്ധം തുടരണോ എന്ന് തീരുമാനിക്കാൻ ഉപയുക്തമാകുന്നുണ്ട്. ശ്വാസത്തിലോ ഉമിനീരിലോ ഉള്ള രാസസൂചനകൾ അനുഭവിച്ചറിയുകയും അതുവഴി തമ്മിൽ ചേരുന്നവരാണോ എന്ന് തീരുമാനിക്കാനും അത് ഉപകാരപ്പെടുമത്രേ. ഇണ ചേരുന്നതിലേക്ക് നയിക്കപ്പെടാനുള്ള തീരുമാനത്തെ ഇത് സഹായിക്കും. പരിണാമം ഈ പെരുമാറ്റത്തെ പ്രോൽസാഹിപ്പിച്ചിരിക്കണം. മൃഗങ്ങൾ പലതും ‘ഫെറോമോൺ’ ( pheromones ) എന്നൊരു ഗന്ധവസ്തു പുറപ്പെടുവിക്കുന്ന പ്രതിഭാസമുണ്ട്. ഇണയെ ആകർഷിക്കാനുള്ളതാണ്. മനുഷ്യർക്ക് അത് ഇല്ലെങ്കിലും, ചുംബിക്കുന്ന സമയത്ത് ഉച്ഛ്വാസവായുവിലുള്ള രാസവസ്തുക്കൾ തിരിച്ചറിയാനാവുമത്രെ.

പാശ്ചാത്യരാജ്യങ്ങളിൽ ഇപ്പോഴും ഡേറ്റ് ചെയ്യുമ്പോഴുള്ള ആദ്യ ചുംബനം പിന്നീട് ആ ബന്ധം തുടരണോ എന്ന് തീരുമാനിക്കാൻ ഉപയുക്തമാകുന്നുണ്ട്. / Photo: Moonlight Movie

സാമൂഹിക ചുറ്റുപാടുകൾ, നിയമങ്ങൾ, കാലാവസ്ഥ, മതപരമായോ വിശ്വാസപരമായോ ഉള്ള നീതിബോധങ്ങൾ ഒക്കെ ചുംബനം എത്ര പ്രാവർത്തികമാണ് എന്നതിനെ ബാധിച്ചിട്ടുണ്ട്, ബാധിക്കാറുണ്ട്. കേരളത്തിൽ ഇതൊരു രാഷ്ട്രീയ ഇടപെടലിൻ്റെ ഭാഗമായത് ഓർക്കുക. പാശ്ചാത്യനാടുകളിൽ ഗാഢചുംബനം വളരെ പരസ്യമായാണ്, സമൂഹം അംഗീകരിച്ചിട്ടുള്ളതുമാണ്. കാൽപ്പനികവൽക്കരിക്കപ്പെട്ട ചുംബനം ലോഭമെന്യേ സാഹിത്യകൃതികൾ പൊതുബോധത്തിൽ എത്തിച്ചിട്ടുണ്ട്. വേദങ്ങളിൽ ചുംബന പരാമർശമുണ്ട്. Sleeping Beauty- യെ നിതാന്ത ഉറക്കത്തിൽ നിന്ന് രാജകുമാരൻ ഉണർത്തിയെടുക്കുന്നത് ഉമ്മ വെച്ചാണ്. ഉറക്കമുളവാക്കുന്നതും ചുംബനമാണ്. മരണം വന്ന് നമ്മെ കൊണ്ടുപോകുന്നത് ഉമ്മ വെച്ചാണ്. Kiss of Death എന്ന ഓമനപ്പേരുമുണ്ട്. ഗീതാഗോവിന്ദത്തിലെ രാധയുടെ ചുണ്ടുകൾ ചുംബനത്തിനുവേണ്ടി പുറത്തേക്ക് കാണിച്ച് അകത്തേയ്ക്ക് ചുരുക്കുന്നതായിട്ടുണ്ട് (“ചുംബന വലിതാധരേ....” —15 -ാം അഷ്ടപദി). പിന്നീട് ചുംബനത്തെ കാവ്യാത്മകമായി പൊലിപ്പിച്ചെടുത്ത് മലയാളിയുടെ മനസ്സിൽ പതിപ്പിച്ചത് ചങ്ങമ്പുഴ തന്നെ.

Kiss of Death by sculptor J. Barga

ചുണ്ട് ചുണ്ടോടടുക്കുമ്പോൾ;
ഉമ്മയുടെ ന്യൂറോബയോളജി

പല്ലുകളില്ലാത്ത കുഞ്ഞിന് അമ്മ ആഹാരം ചവച്ച് വായിൽ വെച്ച് കൊടുക്കുന്നത് പല ജന്തുക്കളിൽ-മനുഷ്യനടക്കം- ഒരു രീതിയിയാണ്. ആമസോൺ കാടുകളിലെ മനുഷ്യർ ഇപ്പോഴും ഈ പ്രവൃത്തി ചെയ്യുന്നവരാണ്. ചുണ്ട് ചുണ്ടോടുരുമ്മുക എന്നത് സംവേദനത്തിൻ്റെ ഭാഗമായിത്തീരുകയാണ്, ഇതു മൂലം. സംരക്ഷണയുടേയും സ്വാന്തനത്തിൻ്റേയും നിയോഗവഴി. ചുണ്ടുകളിൽ ധാരാളം ഞരമ്പ് സ്വീകരിണികളുണ്ട് (nerve receptors), മറ്റെങ്ങുമില്ലാത്തപോലെ. അതുകൊണ്ട് ഇവിടം വളരെ സംവേദനക്ഷമതയുള്ളതാണ്. രക്തചംക്രമണവും ചുണ്ടുകളിൽ കൂടുതലാണ്. അവിടെ ത്വക്ക് വളരെ നേർത്ത സ്തരം മാത്രമാണ്. ചുണ്ട് പെട്ടെന്ന് പൊട്ടുന്നതും രക്തം വാർന്നു പോകുന്നതും അതുകൊണ്ടാണ്. ചുണ്ടുകളിൽ നിന്നുള്ള സംവേദനങ്ങൾ സ്വീകരിക്കാനും അവയെ വിശകലനം ചെയ്യാനും തലച്ചോറിൽ വലിയ ഒരു ഇടം തന്നെയുണ്ട്. മറ്റ് വലിയ അവയവങ്ങൾക്ക് കൊടുത്തിരിക്കുന്നതിനേക്കാൾ കൂടുതൽ ഇടം.

The Kiss by Gustav Klimt

അധരം കൊണ്ട് അധരത്തിൽ അമൃത് നിവേദിക്കുമ്പോൾ അസുലഭനിർവൃതി അറിയുന്നത് തലച്ചോറിൻ്റെ പ്രവൃത്തികൾ മൂലമാണ്. ചുണ്ടോട് ചുണ്ട് അമർത്തപ്പെടുമ്പോൾ ഞരമ്പാഗ്രങ്ങൾ (nerve terminals) വഴി സ്വീകരിക്കപ്പെടുന്ന സംവേദനങ്ങൾ തലച്ചോറിലെ ഈ ഇടത്ത് എത്തുകയാണ്. ഒരു ന്യൂറോ ഹോർമോൺ- ‘കോക്റ്റയിൽ’- തന്നെ നിർമിക്കപ്പെടുകയാണ് ഉടൻ. തലച്ചോർ ആകെ ആനന്ദതുന്ദിലമാകുകയാണ്. സുഖദായകകേന്ദ്രങ്ങൾ ഉണരുകയായി, അതോടെ. ഡോപമിൻ, ഓക്സിറ്റോസിൻ, സിററ്റോണിൻ എന്നിവയാണ് ഈ മത്ത് പിടിപ്പിക്കുന്ന ചേരുവയിൽ. ഇതിൽ ഡോപമിനാകട്ടെ കൊക്കെയ്ൻ, ഹെറോയിൻ എന്നിവ ലാക്കാക്കുന്ന കേന്ദ്രങ്ങൾ തന്നെയാണ് ഉണർത്തിയെടുക്കുന്നത്, ആകപ്പാടെ പരമാനന്ദവും ഉല്ലാസോന്മാദവും ഉളവാകും, ഇനിയും വേണം എന്ന തോന്നലും. !ഓക്സിറ്റോസിൻ -പ്രേമ ഹോർമോൺ എന്നും വിളിക്കും- സ്നേഹവും അഭിനിവേശവുമാണ് അനുഭവിപ്പിക്കുന്നത്. സിറടോണിൻ പ്രവർത്തനത്താൽ അടങ്ങാത്ത ആസക്തിയുണ്ടാകും. ഇത് രതിയിലേക്ക് പിന്നീട് നയിച്ചേക്കാം. മനുഷ്യരോട് ജനിതകപരമായി വളരെ അടുത്തുനിൽക്കുന്ന ബോണോബൊസ് കുരങ്ങുകളിലും രത്യോന്മുഖ ചുംബനം പ്രാവർത്തികമാണ്. ആദിമമനുഷ്യരിലും ഇത് പിൻ തുടർന്നതാവാനാണു വഴി.

വെങ്കലയുഗത്തിൽ, 1500 ബി സിയിൽ എഴുതപ്പെട്ടത്, ഇന്ത്യയിൽ നിന്ന് ലഭ്യമായതാണ്, ചുംബനചരിത്രത്തിൻ്റെ ആദ്യരേഖ. എന്നാൽ ഈ വിശ്വാസത്തെ അട്ടിമറിച്ച് മെസൊപൊടോമിയയിൽ നിന്ന് ലഭിച്ച രേഖകൾ ചുംബനചരിത്രത്തെ നൂറ്റാണ്ടുകൾ പുറകോട്ട് കൊണ്ടുപോയി.

നമ്മൾ നിയാൻഡർതാൽ മനുഷ്യരെ
ഉമ്മ വെച്ചിരുന്നു

വായിലെ ബാക്റ്റീരിയയായ മെതനോ ബ്രൈവി ബാക്റ്റർ ഒറാലിസ് (Methano brevibacter oralis) പകർന്നതിൻ്റെ ചരിത്രം നമുക്കിപ്പോൾ അറിവുണ്ട്. ഫോസിലുകളിലെ പല്ലുകൾ ഈ വിവരം വെളിവാക്കിത്തരികയാണ്. പല്ലുകളിൽ അടിഞ്ഞുകൂടുന്ന plaques-ൽ ആണ് രഹസ്യം ഒളിഞ്ഞിരിക്കുന്നത്. ഇവയിലുള്ള ഡി എൻ എ ശുദ്ധീകരിച്ചെടുത്ത് വിശകലനം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ ലഭ്യമായത്. എന്ത് ആഹാരം കഴിച്ചിരുന്നു എന്നതുമാത്രമല്ല, വായിലെ ബാക്റ്റീരിയയെക്കുറിച്ചും അറിവ് തരുന്നുണ്ട് ഈ ഫോസിൽ പ്ലാക്സ് ഡി എൻ എ. നമ്മുടെ വായിൽ ഇന്നും കാണുന്നതാണ് മേൽച്ചൊന്ന മെതനോ ബ്രൈവിബാക്റ്റർ ബാക്റ്റീരിയ. ഇതേ ബാക്റ്റീരിയ ഒരു ലക്ഷം വർഷങ്ങൾക്കു മുൻപേയുള്ള നിയാൻഡർതാലിലെ പല്ലുകളിലും കാണപ്പെടുന്നുണ്ട്. എന്നാൽ അതിനും മുൻപുള്ള ഹോമൊ സാപിയൻസ് പൂർവികരിൽ ഇത് കാണപ്പെടുന്നില്ല എന്നതുകൊണ്ട് ഈ ബാക്റ്റീരിയ നിയാൻഡർതാലരിൽ നിന്ന് നമുക്ക് ലഭിച്ചതാകണം. അവരുമായി നമ്മുടെ പൂർവ്വികർ വേഴ്ചയിലേർപ്പെട്ട് കുഞ്ഞുങ്ങളുണ്ടായിട്ടുണ്ട് എന്നത് സത്യമാണ്, ഈ ഉമ്മ വെയ്ക്കലിൽ അദ്ഭുതമില്ല. പക്ഷേ പ്രധാന കാര്യം, അണുക്കളുടെ സംക്രമണത്തെക്കുറിച്ചുള്ള ചരിത്രം ഇത്തരം വെളിപാടുകൾ വിദിതമാക്കുന്നു എന്നതാണ്.

നാക്ക് വെളിയിലാക്കിയുള്ള ചുംബനം. ജെയ്ൻ അമ്പലം, ജൈസാൽമിർ. 12-ആം നൂറ്റാണ്ട്.

എന്നാൽ രത്യോന്മുഖമായ ചുംബനത്തിൻ്റെ ചരിത്ര രേഖകൾ നമുക്ക് അത്ര ലഭ്യമായിട്ടില്ല. 1500 ബി സിയിലെ ഒരു രേഖ, വെങ്കലയുഗത്തിൽ, 1500 ബി സിയിൽ എഴുതപ്പെട്ടത്, ഇന്ത്യയിൽ നിന്ന് ലഭ്യമായതാണ്, ചുംബനചരിത്രത്തിൻ്റെ ആദ്യരേഖ. എന്നാൽ ഈ വിശ്വാസത്തെ അട്ടിമറിച്ച് മെസൊപൊടോമിയയിൽ നിന്ന് ലഭിച്ച രേഖകൾ ചുംബനചരിത്രത്തെ നൂറ്റാണ്ടുകൾ പുറകോട്ട് കൊണ്ടുപോയി. 2500 ബി.സിയിൽ മെസൊപൊടേമിയ (ഇന്നത്തെ ഇറാക്ക്, സിറിയ) യിൽ ഇത് നിലനിന്നിരുന്നു എന്ന് അവിടുന്നു ലഭിച്ച ആലേഖനങ്ങളും കളിമൺ ഫലകങ്ങളും സൂചിപ്പിക്കുന്നു. അതിനും മുൻപ് 3200 ബി. സിയിൽ തെക്കേ ഇറാക്കിലും ഈജിപ്റ്റിലും എഴുത്ത് കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. ഈ സുമേരിയൻ ഭാഷകളിൽ രതിയുടെ ഭാഗമായി, സംഭോഗത്തിനു മുൻപുള്ള, ചുണ്ടിൽ ചുണ്ടിലുള്ള ഉമ്മ വെയ്ക്കലിനെപ്പറ്റി കുറിപ്പുകളുണ്ട്. അക്കേഡിയൻ (Akkadian) ഭാഷയിലാകട്ടെ, രണ്ട് വ്യത്യസ്ത ചുംബനങ്ങളെപ്പറ്റി- സ്നേഹവാൽസല്യ സൂചകമായതും രത്യോന്മുഖമായതും-വിവരണങ്ങളുണ്ട്. പാദങ്ങളിലും മണ്ണിലും വന്ദ്യസൂചകമായുള്ള ചുംബനങ്ങളെക്കുറിച്ചും പരാമർശങ്ങളുണ്ട്. Cuneiform എന്ന ചിത്രലിപിയിൽ എഴുതപ്പെട്ട ആയിരക്കണക്കിന് ആഖ്യാനങ്ങളിൽ രത്യോന്മുഖ ചുംബനത്തെക്കുറിച്ച് പരാമർശങ്ങൾ തുലോം കുറവാണ്. പ്രധാനമായും കല്യാണം കഴിച്ചവർ ചെയ്യുന്നവരുടെയും പ്രേമത്തിൽ പെട്ടവരുടെയും പ്രവൃത്തിയായാണ് വ്യാഖ്യാനം.

1800 ബി.സി യിലെ ഒരു മെസൊപൊടേമിയൻ കളിമൺ ഫലകം. രത്യോന്മുഖ ചുംബനത്തിൻ്റെ ആദികാല പ്രത്യക്ഷം. / Photo: British Museum

1800 ബി.സിയോടടുത്ത് എഴുതപ്പെട്ട ഒന്നിൽ, വിവാഹിതയായ ഒരു സ്ത്രീ ഭർത്താവല്ലാത്ത ഒരാളുടെ ചുംബനത്താൽ വഴിവിട്ട കഥയും അവിവാഹിതയായ ഒരുവൾ ചുംബനവും രതിയും നിഷേധിക്കുന്നതായും ഉണ്ട്. ഈ സമയത്ത് കളിമണ്ണിൽ തീർത്ത ഫലകങ്ങൾ രതി ചുംബനാദികളെ ചിത്രീകരിച്ചിട്ടുണ്ട്. സംഭോഗത്തിലേക്ക് നയിക്കുന ചുംബനങ്ങളെ തള്ളിപ്പറയുകയും പൊതുസ്ഥലത്തുവെച്ചുള്ള ചുംബനങ്ങളെ ഇകഴ്ത്തുകയും ചെയ്യുന്നുണ്ട് ഈ പൗരാണിക നിബന്ധനകൾ. ആചാരപരമായോ അനുഷ്ഠാനപരമായോ ചുംബനം അനുവദിക്കുന്നുണ്ട് അന്നത്തെ സാമൂഹ്യരീതികൾ. ലൈംഗികപരമായ ചേഷ്ടകൾ ഗോപ്യമായിരിക്കണമെന്ന സാമൂഹ്യനിയമം പരക്കെ പ്രചാരത്തിലുണ്ടായിരുന്നു എന്നുസാരം.

ചുംബന ചരിത്രം,
അണുബാധ ചരിത്രം

ഇന്ന് സാമൂഹ്യപരമോ ലൈംഗികപരമോ ആയ സാംഗത്യങ്ങളേക്കാൾ ചുംബനം അത് ഉദ്ദേശിക്കാത്ത രണ്ടാമതൊരു ധർമം അറിയാതെ നിറവേറ്റുന്നുണ്ട്. വായിൽനിന്നുള്ള (orally transmitted) അണുക്കളുടെ സാംക്രമികതയാണത്. ഇത് ചരിത്രത്തിലുടനീളം സംഭവിച്ചിട്ടുള്ളതുതന്നെ. മേൽച്ചൊന്ന പോലെ ഫോസിൽ പല്ലുകൾ ഇതിൻ്റെ ചരിത്രം കൃത്യമായി വെളിപ്പെടുത്തുന്നുണ്ട്. വളരെ പഴക്കമേറിയ ഫോസിലുകളിൽ നിന്ന് ഡി എൻ എ ശുദ്ധീകരിച്ചെടുക്കാനുള്ള മാർഗം ഇന്ന് ലഭ്യമാണ്. ബാക്ടീരിയ മുതലായ അണുക്കളുടെ വിപുലമായ പംക്തികളാണ് കണ്ടുപിടിയ്ക്കപ്പെടുന്നത്. ഹെർപിസ് വൈറസ് (Herpes simplex virus 1, HSV-1), എപ്സ്റ്റീൻ ബാർ വൈറസ് (Epsteen -Barr virus), മനുഷ്യരിലെ പാർവോ വൈറസ് (Human parvovirus) ഒക്കെ അതിപുരാതന മനുഷ്യരിൽ നിന്ന് വേർതിരിച്ചെടുത്തിട്ടുണ്ട്. ഇവയുടെ സംക്രമണത്തിൽ ഉമിനീരിനും ഒരു പങ്കുണ്ട്.

HSV-1 വൈറസ് ബാധ

ഇത്തരം പഠനങ്ങൾ, ചരിത്രാതീതകാലത്തു തന്നെ ചുംബനം വഴി അണുക്കൾ പകർന്നിരുന്നു എന്നത് സ്ഥിരീകരിക്കുന്നു. 2000 ബി.സി മുതൽ തുടങ്ങിയ വെങ്കലയുഗത്തിൽ ഹെർപിസ് വൈറസ് ചില കുടുംബങ്ങളുടെ അസ്ഥികളിൽ കണ്ടെത്തിയിട്ടുണ്ട്. വെങ്കലയുഗത്തിൽ കുടുംബങ്ങളിൽ മാത്രം സംക്രമിച്ചിരുന്ന (vertical spread) ഈ വൈറസ് സമൂഹത്തിൽ പരക്കുന്നതായി (lateral spread) പിന്നീട് കണ്ടുപിടിച്ചു. പ്രത്യേകിച്ച്, പുതിയ കുടിയേറ്റക്കാരുടെ ഇടയിൽ. സമൂഹത്തിൽ വന്ന സാംസ്കാരിക മാറ്റങ്ങൾ, പ്രത്യേകിച്ച്, പരസ്പരമുള്ള രത്യോന്മുഖ ചുംബനങ്ങൾ ആയിരിക്കണം ഈ അണുപരക്കലിനു കാരണം എന്നാണ് നിഗമനം.

ചുംബനം എന്ന പ്രത്യേക പെരുമാറ്റരീതി ആധുനികമാണെന്ന സിദ്ധാന്തത്തെ തകർക്കുന്നു, ഇന്നത്തെ ഗവേഷണഫലങ്ങൾ.

മെസൊപൊടേമിയയിലെ ചികിൽസാ ആഖ്യാനങ്ങളിലും മരുന്ന് നിർദ്ദേശിക്കലിലും പല അസുഖങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്, ഡിഫ്തീരിയ അടക്കം. ‘ബു സാനു’ (bu’ sanu) എന്ന് വിവക്ഷിച്ചിട്ടൂള്ള അസുഖം ഏകദേശം ഹെർപിസ് വൈറസ് (HSV-1) ലക്ഷണങ്ങളുമായി താരതമ്യമുള്ളതാണ്. വായയുടെ ചുറ്റും അകത്തും തൊണ്ടയിലും ഈ അസുഖം കാണപ്പെടുന്നു എന്നാണ് വിവരണം. ‘ബു സാനു’ എന്ന വാക്കിൻ്റെ അർത്ഥം ‘നാറ്റം വരിക’ എന്നാണ്. ഈ അസുഖത്തിൻ്റെ ലക്ഷണം ബുബു’റ്റു (bubu’tu) ആണ്. ബുബു’റ്റു എന്നാൽ കുമിള, ചൊറി, വൃണം എന്നൊക്കെയാണ്. വായ്ക്കത്തും ചുറ്റിനും കുമിളകളുണ്ടാകുന്നത് ഹെർപിസ് വൈറസിൻ്റേയും ലക്ഷണമാണ്. ചുംബനം വഴിയാണിത് പകരുന്നത് എന്ന വിവരമില്ലെങ്കിലും അസുഖം വന്നയാളുമായി സമ്പർക്കം പുലർത്തരുത് എന്ന നിർദ്ദേശമുണ്ട്. ബി. സി 1775-ലെ ഒരു ലിഖിതത്തിൽ ഈ അസുഖം വന്നവർ കുടിച്ച പാത്രത്തിൽ നിന്ന് കുടിക്കരുതെന്നും കൂടെ ഇരിക്കുകയോ കിടക്കുയോ ചെയ്യരുതെന്നുമൊക്കെ സൂചിപ്പിക്കുന്നുണ്ട്. ചുംബനം എന്ന പ്രത്യേക പെരുമാറ്റരീതി ആധുനികമാണെന്ന സിദ്ധാന്തത്തെ തകർക്കുന്നു, ഇന്നത്തെ ഗവേഷണഫലങ്ങൾ.

HSV-1 വൈറസ്

ഒരു ലക്ഷം വർഷം മുൻപ് നിയാൻഡർതാലരെ നമ്മൾ ഉമ്മ വെച്ചെങ്കിൽ 3000 ബി.സിയിൽ ഇത് സംഭവിച്ചതിൽ അദ്ഭുതമില്ല. പക്ഷേ നിയാൻഡർതാലരെ ചുംബിച്ചെങ്കിൽ അത് വെറും സ്നേഹചുംബനമോ രതിചുംബനമോ? അറിവില്ല. ഇനിയും ഫോസിൽ ഡി എൻ എ പഠനങ്ങൾ ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കും എന്നു കരുതാം. മെസൊപൊടേമിയൻ ആലേഖനങ്ങളും കളിമൺ ശിൽപ്പങ്ങളും സൂചിപ്പിക്കുന്നത്, ഉമ്മ വെയ്ക്കൽ- സ്നേഹപരമോ രത്യോന്മുഖമോ- ദൈനംദിന ജീവിതത്തിൻ്റെ ഭാഗമായിരുന്നു എന്നാണ്. ഇന്ത്യയിൽ നിന്ന് ലഭിച്ച വിവരങ്ങൾ 1500- ബി.സി യിലെ ചുംബനത്തെപ്പറ്റിയാണെങ്കിൽ മെസൊപൊടേമിയൻ ചുംബനസംസ്ക്കാരത്തിൻ്റെ തെളിവുകൾ 3000 ബി.സിയിൽ നിന്നുമാണ്. രതിലീലയുമായി ബന്ധപ്പെട്ടത് എന്നതുകൊണ്ട് ചില സ്ഥലങ്ങളിൽ അത്ര പ്രാവർത്തികമായ പെരുമാറ്റ രീതിയായിരുന്നിരിക്കയില്ല. ചില സമൂഹങ്ങളിൽ പ്രേമപുരസ്സരചുംബനത്തിന് വിലക്കുകളോ മറകളോ നിഷ്ക്കർഷിക്കപ്പെട്ടിരിക്കാം. വിവാഹേതര ചുംബനങ്ങൾ നിരാകരിക്കപ്പെട്ടിരുന്നിരിക്കാം. പക്ഷേ സ്വാഭാവിക ചോദന എന്ന നിലക്ക് രൂപപ്പെട്ട, രതിജനകമായ ചുംബനത്തിന് ന്യൂറൽ അടിസ്ഥാനങ്ങളും മസ്തിഷ്ക്കത്തിൻ്റെ പ്രവർത്തനങ്ങളും ഭാഗമാകുന്നു. പരസ്പര സംവേദന സാദ്ധ്യതയുള്ളതും sexual selection-ൽ പങ്കുവഹിച്ചേക്കാവുന്നതുമായ ഈ പ്രവൃത്തി ആദിമകാലത്തു തന്നെ പരിണമിച്ചു വന്നതായിരിക്കണം.

നിയാൻഡർതാലരെ ചുംബിച്ചെങ്കിൽ അത് വെറും സ്നേഹചുംബനമോ രതിചുംബനമോ? / Photo: Jean-Jacques Hublin, Twitter

ഇന്ന് സാംക്രമികരോഗങ്ങളുടെ വ്യാപനം ചുംബനവുമായി ബന്ധപ്പെടുത്തി കൃത്യത കൈവരിക്കുന്നു എന്നത് തികച്ചും വ്യത്യസ്തമായ ശാസ്ത്രവഴികളുടെ അപൂർവ സംയോജനത്തിൻ്റെ ഉദാഹരണമാണ്. അതോടൊപ്പം മനുഷ്യരുടെ ദേശാടനചരിത്രവും വിദിതമാകുന്നു. സമൂഹചര്യകളുടെ ചരിത്രവും ഇതോടൊപ്പമുണ്ട്. നിയാൻഡർതാലരുടെ പല്ലുകളിലെ ബാക്റ്റീരിയ അതേപടി നമ്മുടെ വായിലും കാണപ്പെടുന്നു എന്നത് ഇത്തരം ചരിത്രങ്ങളുടെ സാംഗത്യം വെളിവാക്കുന്നതാണ്. ഒരു പ്രത്യേക ‘strain’ ഹെർപിസ് വൈറസ് യൂറോപ്പിലെത്തിയത് ആഫ്രിക്കയിൽനിന്ന് മനുഷ്യർ അവിടെ എത്തിയപ്പോഴാണ്. ചുംബനകഥകൾ ഇന്ന് നരവംശ ശാസ്ത്രത്തേയും അതോടൊപ്പം വൈറസ് പരിണാമത്തേയും സാമൂഹ്യബന്ധ നിർമിതികളേയും ചുറ്റിപ്പറ്റിയുള്ള നിഗമനങ്ങളേയും പുതുക്കിപ്പണിയുകയാണ്.

References:
1.Arbell, T. P. and Rasmussen, S. L.- The ancient history of kissing. Science 380: 688-690, 2023.
2.Guellil, M., van Dorp, L., Inskip, S. A. and Scheib, C. L.- Ancient herpes simplex 1 genomes reveal recent viral structure in Eurasia. Science Advances 8: 1-13, 2022.
3.Callaway, E. - Plaque DNA hints at Neanderthal lifestyle. Nature 543:163, 2017.
4. Kirshenbaum, S.- The Science of Kissing: What Our Lips Are Telling Us. Grand Central Publishing, 2011.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments