സൈബർ ആക്രമണം: ആദ്യമൊക്കെ വിഷമം തോന്നിയിരുന്നു, ഇപ്പോൾ വ്യക്തിപരമായി ബാധിക്കാറില്ല.

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

നാധിപത്യമെന്നത് വ്യത്യസ്ത അഭിപ്രായങ്ങളുടെ സജീവ സംവാദ മണ്ഡലം കൂടിയാണല്ലോ? വ്യത്യസ്ത ആശയഗതികൾ തമ്മിലുള്ള ഏറ്റുമുട്ടലിലൂടെയാണ് സമൂഹവും പൊതുബോധവും വളരുന്നത്. രാഷ്ട്രീയത്തിലും സാമൂഹ്യ ജീവിതത്തിലും മാത്രമല്ല, ശാസ്ത്രം, സാമൂഹിക ശാസ്ത്രങ്ങൾ തുടങ്ങിയ വൈജ്ഞാനിക മണ്ഡലങ്ങളിലും പുതിയ പുതിയ അറിവുകൾ വികസിക്കുന്നതും കണ്ടെത്തലുകൾ സംഭവിക്കുന്നതും സംവാദങ്ങളിലൂടെയാണ്. തിരുവായ്ക്ക് എതിർവായില്ലാത്ത, മതശാസനങ്ങൾ അവസാന വാക്കായി കരുതിയിരുന്ന കാലത്തു നിന്നും സ്വാനുഭവങ്ങളിലൂടെയും സമരങ്ങളിലൂടെയും വികസിപ്പിച്ചതാണല്ലോ സംവാദത്തിന്റെ സംസ്‌കാരം.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിൽ നാം ഉപയോഗിക്കുന്ന ഭാഷയ്ക്ക് വലിയ സ്ഥാനമുണ്ട്. ഒരു സവിശേഷ സന്ദർഭത്തിൽ അധികാരികൾക്കെതിരെ അടിച്ചമർത്തപ്പെട്ട മനുഷ്യർ അവരുടെ സഹനത്തിന്റെ ഭാഗമായി പരുഷവും അക്രമോത്സുകവുമായ ഭാഷ ഉപയോഗിച്ചേക്കാം. അത് ഗുരുതരമായ കുറ്റമൊന്നുമല്ല (പരമാവധി അതും ഒഴിവാക്കുന്നതാണ് നല്ലത് എന്നേയുള്ളൂ). പ്രശ്‌നം പലവിധ പ്രിവിലേജുകളുടെയും അധികാരത്തിന്റെയും പേരിൽ ഉപയോഗിക്കുന്ന ഭാഷയിൽ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും സ്വാഭാവികമെന്നോണം കടന്നുവരുമ്പോണ്. അതുപോലെ അധികാര സ്ഥാനത്തിരിക്കുന്നവർ തങ്ങൾക്ക് നേരെ വിമർശനവും വിയോജിപ്പും പ്രകടിപ്പിക്കുന്നവർക്ക് നേരെ ദ്വയാർത്ഥ പ്രയോഗങ്ങൾ, വംശീയാധിക്ഷേപ പരാമർശങ്ങൾ തുടങ്ങിയവ പ്രയോഗിക്കുന്നത് അക്ഷരാർത്ഥത്തിൽ ആക്രമണവും അധികാര പ്രയോഗവും തന്നെയാണ്. ചിലപ്പോഴൊക്കെ ശാരീരികാക്രമണത്തേക്കാൾ തീവ്രവും വേദനാജനകവുമാണ് അത്തരം ആക്രമണങ്ങൾക്ക് വിധേയരാവുന്നവർ.
ദൗർഭാഗ്യവശാൽ നമ്മുടെ ഉത്തരവാദപ്പെട്ട പല നേതാക്കളും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുകയും അതിൽ ഒട്ടും ലജ്ജ തോന്നാത്തവരുമാണ്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

രണ്ടു പ്രവണതകളും കാണാനുണ്ട് എന്ന് പറയേണ്ടിവരും.

പുതിയ തലമുറയിൽപ്പെട്ട കുട്ടികളധികവും സംവാദങ്ങളിലെ ജനാധിപത്യ ഭാഷ തിരിച്ചറിയുന്നവരാണ്. ജനാധിപത്യ വിരുദ്ധമായ പ്രയോഗങ്ങൾ അവരിന്ന് കൂടുതൽ കൂടുതൽ തിരിച്ചറിയുന്നുണ്ട്. അത് പ്രതിരോധിക്കപ്പെടുന്നുമുണ്ട്. അത് നേരിയ പ്രതീക്ഷയാണ്.

സ്ത്രീകൾ, ദലിതർ, ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങൾ തുടങ്ങി പല തരത്തിൽ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ദൃശ്യത സൈബർ സ്‌പേസിൽ വർദ്ധിക്കുന്നുണ്ടല്ലോ. മുഖ്യധാര രാഷ്ട്രീയ കക്ഷികളുടെയോ മാദ്ധ്യമങ്ങളുടെയോ പിന്തുണയില്ലാതെ തന്നെ അവർക്ക് സ്വയം വെളിപ്പെടാനും നിർണ്ണയിക്കാനുമുള്ള അവസ്ഥയുണ്ട്. അതിനോടുള്ള അസഹിഷ്ണുതയും സംഘടിതമായ അവഹേളനവും ആക്രമണവും ആൾക്കൂട്ട വിചാരണകളും സൈബർ ഇടത്തിലും വ്യാപകമാണ്. ചെറിയ പ്രായക്കാരായ കുട്ടികളും യുവാക്കളും ഇക്കൂട്ടത്തിലും ഉണ്ടെന്നത് ദുഃഖകരമാണ്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഒരിക്കലുമല്ല. കാരണം ഡിജിറ്റൽ സ്‌പേസ് ഒഴിവാക്കിയുള്ള ഒരു ജീവിതം ഇനി നമുക്ക് സാദ്ധ്യമല്ല. ഓഫ്ലൈനും ഓൺലൈനുമായ ജീവിതങ്ങൾ ഇന്ന് രണ്ടല്ല. ഒന്ന് മറ്റൊന്നിന്റെ തുടർച്ചയാണ്. അതുകൊണ്ടുതന്നെ റിയൽ സ്‌പേസിൽ ഒരു വ്യക്തിക്ക് ലഭിക്കുന്ന സുരക്ഷയും സ്വകാര്യതയും അന്തസ്സും അഭിമാനവുമൊക്കെ സൈബറിടത്തിലും ലഭിക്കാൻ അവകാശമുണ്ട്. അത് പരസ്പരം അംഗീകരിച്ചു കൊടുക്കാൻ അവിടെ ഇടപെടുന്നവർക്ക് ഉത്തരവാദിത്തമുണ്ട്. പലപ്പോഴും നേരിട്ടുള്ള ആക്രമണത്തിൽ നാം ആക്രമിക്കപ്പെടുന്നു എന്ന വസ്തുത കുറച്ചുകൂടി സമൂഹം മനസ്സിലാക്കും. എന്നാൽ സൈബർ ആക്രമണങ്ങൾ ആക്രമണം തന്നെയാണ് എന്ന ഗൗരവത്തിൽ ഇനിയും പൊതുസമൂഹം മനസ്സിലാക്കിയിട്ടില്ല. അത് ഇരകളെ വല്ലാതെ ഒറ്റപ്പെടുത്തും. മാത്രമല്ല, അതിന്റെ പ്രചാരം ഒരു കാലത്തും പൂർണ്ണമായി അവസാനിക്കുകയുമില്ല.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

പറഞ്ഞു തുടങ്ങിയാൽ ഒരുപാടുണ്ട്. ഭർത്താവിന്റെ ചിതയണയും മുമ്പ് ചാനലുകളെ കണ്ടു എന്നതായിരുന്നു ആദ്യ ആരോപണം. കൊല്ലപ്പെട്ട ടി.പിയെക്കുറിച്ച് സി.പി.എം. അനുകൂല പ്രൊഫൈലുകളിൽ നിന്ന് കൊല നടന്ന കാലത്ത് നടന്ന അപവാദ പ്രചരണങ്ങൾക്ക് കയ്യും കണക്കുമുണ്ടായിരുന്നില്ല. മരിച്ചു പോയ ഒരാൾക്ക് വന്ന് മറുപടി പറയാനാവില്ലല്ലോ. അത് സൈബർ ഇടത്തിൽ മാത്രമല്ല, "പത്ത് മണിക്ക് ശേഷം എല്ലാവരും വീട്ടിൽ പോവുമ്പോൾ ഈ മഹാൻ എങ്ങോട്ട് പോയി എന്ന് അന്വേഷിക്കണ്ടേ ?' എന്ന് പ്രസംഗിച്ചത് അന്നത്തെ സി.പി.എം. സംസ്ഥാന സെക്രട്ടറിയും ഇപ്പോഴത്തെ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ തന്നെയാണ്. ടി.പി.യോടുള്ള ശത്രുത ശരി, സി.പി.എമ്മിന്റെ താഴേ തട്ടിലെ പൊതു പ്രവർത്തകർക്ക് രാത്രി പത്തു മണിക്ക് ശേഷം ഇടപെടേണ്ടതും ചെയ്തു തീർക്കേണ്ടതുമായ കാര്യങ്ങളൊന്നുമുണ്ടാവാറില്ലേ? പത്തു മണിക്ക് പുറത്തു പോവുന്ന സകല പൊതുപ്രവർത്തകരെയും അപമാനിക്കുന്ന പ്രസ്താവനയായി അത്. അതേത്തുടർന്ന് ഒരു ജില്ലാ നേതാവ് ഒരു സ്ത്രീയുമായി ടി.പി.ക്ക് അവിഹിത ബന്ധമുണ്ട് എന്ന് വിളിച്ചു പറഞ്ഞു. എണ്ണമറ്റ സി.പി.എം. പ്രൊഫൈലുകൾ ഇക്കാര്യം സൈബറിടത്തിൽ പ്രചരിപ്പിച്ചു. "ഒഞ്ചിയം റാണി' "ആസ്ഥാന വിധവ ' തുടങ്ങിയ പട്ടങ്ങളായിരുന്നു അടുത്ത കാലം വരെ.

2016ലെ തെരെഞ്ഞെടുപ്പ് കാലത്ത് കൈരളി ചാനൽ ഒരു മുഴുദിനം നടത്തിയ വ്യാജ പ്രചരണം കോടതിയിൽ പരാജയപ്പെട്ട വാർത്ത നിങ്ങളും കണ്ടിട്ടുണ്ടാവുമല്ലോ? ഒരു പെൺകുട്ടിയെ ഞാൻ തെറി വിളിച്ചു എന്നായിരുന്നു വാർത്ത. ഞാൻ മോളേ എന്നു വിളിക്കുന്നതിന്റെ മുന്നിൽ ഒരു അസഭ്യപദം എഡിറ്റ് ചെയ്ത് ചേർത്ത് വ്യാപകമായി പ്രചരിപ്പിച്ചു. അതിന്റെ നിജസ്ഥിതി പുറത്തു കൊണ്ടുവരാൻ ഞാൻ കൊടുത്ത കേസിൽ ഒറിജിനൽ ഫുട്ടേജ് ഹാജരാക്കാൻ കഴിയാതെ കൈരളി പരാജയപ്പെട്ടു.

അതേ തെരഞ്ഞെടുപ്പു കാലത്ത് നാദാപുരത്ത് കൊലചെയ്യപ്പെട്ട DYFI പ്രവർത്തകൻ ഷിബിന്റെ കൊലയാളികൾക്കൊപ്പം കെ.കെ. രമ നിൽക്കുന്നു എന്ന് പറഞ്ഞ് ഒരു സെൽഫി പ്രചരിപ്പിച്ചു. വടകര താഴങ്ങാടിയിലെ നിരപരാധികളായ ഒരു കൂട്ടം മുസ്ലിം ചെറുപ്പക്കാരായിരുന്നു അത്. അവർ തന്നെ ലൈവിൽ വന്ന് കാര്യം പറഞ്ഞു. ഇപ്പോഴും ആ ഫോട്ടോ പ്രചരിക്കുന്നുണ്ട്.

ഇതൊക്കെയാണ് പെട്ടന്ന് ഓർമ്മയിൽ വരുന്ന കാര്യങ്ങൾ. ആദ്യമൊക്കെ വ്യക്തിപരമായി വിഷമം തോന്നിയിരുന്നു. പാർട്ടി സഖാക്കളും പൊതു സമൂഹത്തിൽ വലിയൊരു വിഭാഗം ജനങ്ങളും എക്കാലത്തും ഒപ്പം നിന്നിട്ടുണ്ട് എന്നതാണ് വലിയ ആശ്വാസം. ആ കരുത്തിൽ അതിജീവിച്ച് വന്നതു കൊണ്ടാവണം ഇപ്പോൾ അതൊന്നും വ്യക്തിപരമായി ബാധിക്കാറില്ല.


Summary: പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.


കെ.കെ. രമ

വടകര മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗം.

Comments