ഡിജിറ്റൽ ഇടത്തിലെയും പുറത്തെയും ഹിംസ തമ്മിൽ ഒരു പാരസ്പര്യമുണ്ട്

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

അഭിപ്രായസ്വാതന്ത്ര്യം ജനാധിപത്യത്തിന്റെ ഹൃദയമാണ്. അഭിപ്രായസ്വാതന്ത്ര്യമെന്നാൽ അഭിപ്രായ ഐക്യം മാത്രമല്ല, ഭിന്നാഭിപ്രായങ്ങക്കുള്ള ഇടം കൂടി ഉൾപ്പെടുന്നതാണ്. ഭിന്നാഭിപ്രായങ്ങൾക്കും വീക്ഷണങ്ങൾക്കും വ്യത്യസ്ത ആശയങ്ങൾക്കും പുലരാവുന്ന തുറസ്സിലാണ് സംവാദമുണ്ടാവുക. വിമർശനവും വിയോജിപ്പും ആശയ സംഘർഷവുമെല്ലാമാണ് സംവാദങ്ങളെ സജീവമാക്കുന്നത്.

സംവാദങ്ങളാണ് പുതിയ അറിവിലേയ്ക്കും ആശയങ്ങളിലേയ്ക്കും നയിക്കുകയും ജനാധിപത്യത്തെ നിരന്തരം നവീകരിക്കുകയും ചെയ്യുന്നത്. സംവാദങ്ങളില്ലാത്ത ജനാധിപത്യം കെട്ടിക്കിടക്കുന്ന ജലം പോലെ മലിനവും ദുർഗന്ധം വമിക്കുന്നതുമാകും. ജനാധിപത്യം ചീഞ്ഞാൽ ഏകാധിപത്യത്തിന് വളമാകും. അംബേദ്കർ ഭരണഘടനാ നിർമാണവേളയിൽ ഈ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

നിലപാടുകളും വീക്ഷണങ്ങളും യുക്തിയും ബോധ്യപ്പെടുത്താൻ കഴിയുന്ന തെളിച്ചവും വ്യക്തതയും ലാളിത്യവും സംവാദഭാഷയ്ക്കുണ്ടാകണം എന്നു കരുതുന്നു. സഹിഷ്ണുത, സംയമനം, സമചിത്തത എന്നിവയാണ് സംവാദ ഭാഷയ്ക്കുണ്ടാകേണ്ട ഗുണങ്ങൾ.

ശക്തമായ എതിർപ്പും വിയോജിപ്പും പ്രകടിപ്പിക്കുമ്പോൾ പോലും ഭാഷയിൽ പരസ്പര ബഹുമാനം ചോർന്നുപോകാതിരിക്കാൻ നിഷ്‌കർഷ വേണം. വിമർശനങ്ങൾ നിർദയമായി എന്നതുകൊണ്ടുമാത്രം സൈബർ ആക്രമണം എന്ന് വ്യാഖ്യാനിക്കുന്നത് അതിവാദവുമാണ്. ഭാഷയുടെ ജനാധിപത്യ സീമകൾ ലംഘിയ്ക്കാത്ത ഏത് വിമർശനവുമാകാം.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർ സ്‌പേസ് ആവിഷ്‌കാരത്തിന്റെ ഒരു ഇടം മാത്രമാണ്. യഥാർഥത്തിൽ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യശോഷണമാണ് സൈബറിടത്തിലെ ജനാധിപത്യവിരുദ്ധ ഭാഷയിലൂടെ വെളിപ്പെടുന്നത്. ലോകത്താകെയും ഇന്ത്യയിൽ പ്രത്യേകിച്ചും സംഭവിക്കുന്ന സമൂഹത്തിന്റെ വലതുപക്ഷവത്കരണത്തിന്റെ അടയാളങ്ങളായ സങ്കുചിതവും അക്രമോത്സുകവുമായ ദേശീയത, പുരുഷാധിപത്യ ഘോഷണങ്ങൾ, വീരാരാധനാ മനോഭാവം, അപരവിദ്വേഷം എന്നിവയെല്ലാം ബലം, ഹിംസ എന്നിവയിലൂടെ ആധിപത്യം സ്ഥാപിക്കാനുള്ള ത്വര വളർത്തുന്നുണ്ട്.

ഭാഷയിലും പെരുമാറ്റത്തിലും പ്രവൃത്തിയിലുമെല്ലാം ആ ആക്രമണോത്സുകത പ്രകടമായി കാണാം. ബലം/ ഹിംസ എന്നിവയിലൂടെ കീഴ്‌പ്പെടുത്താനുള്ള ഈ മനോഭാവമാണ് സൈബറിടത്തിലെ വ്യക്തിഹത്യയുടെയും അധിക്ഷേപങ്ങളുടെയും യഥാർഥ ഉറവിടം. സമൂഹത്തിലെ ജനാധിപത്യ ദാരിദ്ര്യത്തിന്റെ ഇരുട്ടിൽ നിന്നാണ് അവ ഉൽഭവിക്കുന്നത്. അതുകൊണ്ട്, കാരണം സൈബർ സ്‌പേസിൽ മാത്രമല്ല തിരയേണ്ടത്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

തെരുവിലെ ആൾക്കൂട്ട ആക്രമണങ്ങൾ ഇന്ന് പതിവായിത്തീർന്നിട്ടുണ്ടല്ലോ. നേരത്തെ പറഞ്ഞ പ്രവണതയുടെ ഭാഗമാണത്. തെരുവിൽ മാത്രമല്ല, വീട്ടകങ്ങൾ ഉൾപ്പെടെ സ്വകാര്യ-പൊതുവിടങ്ങളിലെല്ലാം ഹിംസയുടെ അതിപ്രസരം കാണാം. പ്രത്യക്ഷമായ ഈ ഹിംസയുടെ വകഭേദമാണ് ഡിജിറ്റൽ സ്‌പേസിലെ ആൾക്കൂട്ട ആക്രമണം. പലപ്പോഴും തെരുവിലെ ആൾക്കൂട്ടാക്രമണങ്ങളിലേയ്ക്ക് നയിക്കുന്നത് ഡിജിറ്റൽ സ്‌പേസിൽ നിന്ന് തുടങ്ങുന്ന വാചിക ഹിംസയാണ് എന്നും കാണാം. സമൂഹത്തിലെ പ്രത്യക്ഷവും ക്രൂരവുമായ ഹിംസയുടെ ദൃശ്യങ്ങളും മറ്റും ഡിജിറ്റൽ ഇടത്തിലൂടെ അതിവേഗം പ്രസരിക്കുന്നത് ഹിംസയോടുള്ള പ്രതികരണങ്ങളിൽ ഒരു മരവിപ്പും പൊരുത്തപ്പെടലും മാത്രമല്ല അതിൽ അഭിരമിക്കുന്ന പ്രവണത പോലും സൃഷ്ടിച്ചിട്ടുണ്ട്. അതാതയത് ഡിജിറ്റൽ ഇടത്തിലെയും പുറത്തെയും ഹിംസ തമ്മിൽ ഒരു പാരസ്പര്യമുണ്ട്.

ഇതോടൊപ്പം ചേർത്തുവായിക്കേണ്ട മറ്റൊന്നുകൂടിയുണ്ട്. യൂട്യൂബ് ചാനലുകളടക്കമുള്ള ഡിജിറ്റൽ മാധ്യമങ്ങളും ഫേസ്ബുക്ക്, വാട്‌സാപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളും പോലെ മുഖ്യധാരാ മാധ്യമങ്ങളും ഈ ആൾക്കൂട്ട ആക്രമണത്തിന്റെ മനശാസ്ത്രം വികസിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട് എന്നതാണത്. മുഖ്യധാരാ മാധ്യമങ്ങൾ നടത്തുന്ന മാധ്യമവിചാരണകൾ, ക്രൂരമായ വ്യക്തിഹത്യകൾ, ആസൂത്രിതവും നിരന്തരവുമായ അസത്യ പ്രചരണങ്ങൾ, വാർത്താ ചർച്ചകളിലെ അവതാരകർ തന്നെ വളർത്തിയെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അക്രമോത്സുകവും എല്ലാ പരിധികളും ലംഘിക്കുന്നതുമായ ഭാഷാ പ്രയോഗങ്ങൾ എന്നിവയെല്ലാം ചേർന്ന് സൃഷ്ടിച്ച അടിമുടി ജനാധിപത്യവിരുദ്ധമായ ആശയ പരിസരത്തിന്റെ സൃഷ്ടിയും കെടുതിയുമാണ് സൈബർ സ്‌പേസിൽ നടക്കുന്ന ആൾക്കൂട്ട ആക്രമണങ്ങൾ. ആക്രമണത്തിന്റെ രൂപത്തിൽ വ്യത്യാസങ്ങളുണ്ടാകാമെങ്കിലും ആധിപത്യത്തിന്റെ മനശാസ്ത്രമാണ് എല്ലാറ്റിന്റെയും അടിസ്ഥാനമായി പ്രവർത്തിക്കുന്നത്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായി സൈബർ ആൾക്കകൂട്ടാക്രമണം ധാരാളം നേരിട്ട ഒരാളാണ് ഞാൻ. സംഘടിതമായ മാധ്യമ ആക്രമണവും നേരിട്ടിട്ടുണ്ട്. ആസൂത്രിതമായ ഒരു ആക്രമണത്തിന് തുടക്കമിട്ട വളരെ ക്രൂരവും അധമവും അടിസ്ഥാനമില്ലാത്തതുമായ ഒരു ആരോപണം ഉന്നയിച്ച ആൾക്കെതിരായി മാത്രം ക്രിമിനൽ കേസ് നൽകി. അത് കോടതിയിൽ നടന്നുവരുന്നു. ഇപ്പോൾ ആൾക്കൂട്ടാക്രമണങ്ങളെ ഗൗനിക്കാറേയില്ല. നിലപാടിന് കരുത്ത് കൂട്ടുന്ന ഊർജമാക്കി അതിനെ മാറ്റാൻ കഴിയുംവിധം ഇപ്പോൾ മാറി.
എന്നാൽ ഒരു കാര്യം തോന്നിയിട്ടുള്ളത് രാഷ്ട്രീയക്കാരെക്കുറിച്ച് എന്തും പറയാം, അവർ സൈബർ ആക്രമണം അർഹിക്കുന്നു എന്നൊരു മനോഭാവമുള്ളതായി അനുഭവപ്പെട്ടിട്ടുണ്ട്. രോഗം, ചികിത്സ എന്നിവയുടെയൊക്കെ പേരിൽ പോലും രാഷ്ട്രീയക്കാരെയും കുടുംബാംഗങ്ങളെയുമൊക്കെ വേട്ടയാടാം, അതൊക്കെ സ്വാഭാവികം എന്ന് ലഘൂകരിക്കുന്ന പ്രവണതയുണ്ട്.

Comments