"നിരീക്ഷണ മുതലാളിത്തം അതിന്റെ സത്തയിൽ തന്നെ പരാന്നഭോജിയും സ്വപരാമർശപരവുമായ ഒന്നാണ്. മുതലാളിത്തം അധ്വാനമൂറ്റിക്കുടിച്ചു വളരുന്ന ചെകുത്താനാണെന്ന കാൾ*മാർക്‌സിന്റെ പഴയ സങ്കല്പനത്തെ തീർത്തും അപ്രതീക്ഷിതമായിട്ടുള്ള ഒരു തിരിമറിച്ചിലിലൂടെ, അത് ബലപ്പെടുത്തിയിരിക്കുന്നു. അധ്വാനത്തിനു പകരം നിരീക്ഷണ മുതലാളിത്തം ഊറ്റിക്കുടിക്കുന്നത് ഓരോ മനുഷ്യരുടെയും അനുഭവങ്ങളുടെ സർവതലങ്ങളെയുമാണ്.'ഷോഷനാ സ്യൂബോഫിന്റെ ദ് ഏജ് ഓഫ് സർവയലൻസ് കാപിറ്റലിസം* എന്ന കൃതിയിൽ നിന്ന്.
കോവിഡ്-19 വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട് വ്യക്തികളുടെ വിവരങ്ങൾ ശേഖരിച്ച് ഒരു ഡാറ്റാബേസ് തയ്യാറാക്കുന്നതിനും അങ്ങനെ ലഭ്യമാകുന്ന ക്രമരഹിതമായ ഡാറ്റയെ വിശകലനം ചെയ്ത് പ്രാധാന്യമുള്ളവ കണ്ടെത്തി ആവശ്യക്കാരിലേക്ക് സമയം വൈകാതെ സഹായമെത്തിക്കുന്നതിനും മറ്റുമായി ഒരു മികച്ച ഐ.ടി. ടൂൾ ലഭ്യമാക്കുവാനും അമേരിക്കൻ കമ്പനിയായ സ്പ്രിംക്ളറിന്റെ സോഫ്റ്റ്‌വെയർ സേവനം തേടാനും കേരളസർക്കാർ തീരുമാനിച്ചിരിക്കുന്നു.
കോവിഡ്-19 പോലെയുള്ള മഹാമാരികളുടെ പശ്ചാത്തലത്തിലും ആവർത്തിച്ചേക്കാവുന്ന പ്രകൃതിദുരന്തങ്ങളുടെയും മറ്റ് മഹാരോഗങ്ങളുടെയും സാധ്യതയുടെ പശ്ചാത്തലത്തിലും കേരളീയർക്ക് പെട്ടെന്ന് പരിഹാരനിർദേശങ്ങൾ നൽകുന്നതിനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും ഒക്കെയായി ആൾക്കാരുടെ വ്യക്തിഗത വിവരങ്ങളോടൊപ്പം ആരോഗ്യവിവരങ്ങളും അത്യാവശ്യമാണെന്ന് വന്നിരിക്കുന്നു. അപ്പോൾ അത്തരത്തിലുള്ള ഒരു ഡാറ്റാ ബാങ്ക് ഉണ്ടാക്കുകയാണെങ്കിൽ അത് ഇപ്പോഴെന്നല്ല എല്ലാ കാലത്തേക്കും ഉപയോഗിക്കാവുന്ന ഒരു സംവിധാനമായി ഡിജിറ്റൽ ഫോർമാറ്റിൽ നിലനിന്നുകൊള്ളുകയും ചെയ്യും. ഇങ്ങനെയൊരു ഡാറ്റാബാങ്ക് തയ്യാറാക്കുക എന്ന നടപടിയിലേക്ക് നീങ്ങുന്നതിൽ കേരളസർക്കാറിനെ പ്രേരിപ്പിച്ചിരിക്കുന്ന ഘടകം ഇതാണ്.
ഇങ്ങനെയൊരു അടിയന്തിര ഘട്ടത്തിൽ, വളരെ വിശദമായ ഡാറ്റാ ശേഖരണത്തിനും വിശകലനത്തിനും ഒക്കെ ഉതകുന്ന ഒരു സംവിധാനം വളരെ പെട്ടെന്ന് വികസിപ്പിച്ചെടുക്കുന്നതിനുള്ള പശ്ചാത്തലസൗകര്യം സർക്കാർ സംവിധാനങ്ങൾക്കില്ലാത്തതിനാലും ഇത്തരത്തിലുള്ള വൻകിട ഡാറ്റ ശേഖരിച്ചുവെക്കുവാൻ മാത്രമുള്ള ശേഷി സർക്കാർ സർവറുകളിൽ ഇപ്പോൾ ലഭ്യമല്ലാത്തതിനാലുമാണ് സൗജന്യമായി ഈ സേവനം ലഭ്യമാക്കും എന്ന് പറഞ്ഞിട്ടുള്ള, മലയാളിയായ രാഗി തോമസിന്റെ നേതൃത്വത്തിലുള്ള സ്പ്രിംക്ളർ എന്ന അമേരിക്കൻ കമ്പനിയെ ഈ ദൗത്യം ഏൽപിച്ചിട്ടുള്ളത്.
ഇത്തരത്തിൽ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്ന പല കമ്പനികളും ഇപ്പോൾ സ്വകാര്യതാലംഘനം സംബന്ധിച്ച പലതരം ആരോപണങ്ങളുടെ നിഴലിലാണ് എന്നതായിരിക്കാം ഒരു പക്ഷെ കേരള സർക്കാറിന്റെ ഈ നടപടി പല ഭാഗത്തുനിന്നും വിമർശനങ്ങളെ ക്ഷണിച്ചുവരുത്തിയത്. പ്രത്യേകിച്ചും കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന ബിഗ്ഡാറ്റ ബിസിനസ് കമ്പനി ഫേസ്ബുക്ക് വിവരങ്ങൾ ചോർത്തിയതുമായും അത് പലതരത്തിലുള്ള ഉപജാപങ്ങൾക്ക് ഉപയോഗിച്ചതുമായും ബന്ധപ്പെട്ട ഇനിയും കെട്ടടങ്ങിയിട്ടില്ലാത്ത വൻവിവാദം സ്വകാര്യതാലംഘനവുമായി ബന്ധപ്പട്ട് ഉയർത്തിയ ചർച്ചകൾ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
സമ്പർക്കപഥത്തെ പിന്തുടരാനുള്ള സംവിധാനങ്ങൾ
ഇന്ത്യാ ഗവണ്മെന്റ് പുറത്തിറക്കിയിട്ടുള്ള ആരോഗ്യസേതു അടക്കം, സമ്പർക്കപഥത്തെ പിന്തുടരുന്നതിനുള്ള (contact tracing) വിവിധ സംവിധാനങ്ങൾ പല ലോകരാജ്യങ്ങളും ഇതിനോടകം തയ്യാറാക്കിയിട്ടുണ്ട്. മൊബൈൽ ഫോണുകളിൽ ആപ്പുകളായി ഇൻസ്റ്റാൾ ചെയ്യാവുന്ന ഈ സംവിധാനങ്ങൾ ബ്ലൂടൂത്ത് അല്ലെങ്കിൽ ജി.പി.എസ്. സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി ഹോട്‌സ്‌പോട്ടുകളും രോഗീസാമീപ്യവും തിരിച്ചറിഞ്ഞ് മൊബൈൽ ഉടമയ്‌ക്കോ പൊതുജനാരോഗ്യ സംവിധാനങ്ങൾക്കോ മുന്നറിയിപ്പ് നൽകുന്ന രീതിയാണ് കോൺടാക്റ്റ് ട്രേസിങിൽ ഉൾപ്പെട്ടിരിക്കുന്നത്.
ജനസംഖ്യയിൽ 50% പേരെങ്കിലും അവരവരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ആരോഗ്യസേതു ആപ് വിജയകരമാവൂ എന്ന് ഇതിന്റെ റിലീസ് സമയത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. മൂന്നിൽ രണ്ട് ഭാഗവും സ്മാർട് ഫോണുകൾ ഉപയോഗിക്കാത്ത രാജ്യത്ത് ഈ ആപ് ഒരു പരാജയമാവും എന്നാണോ ഇതിന്റെ അർത്ഥം?
ലോകാരോഗ്യസംഘടനയുടെ അഭിപ്രായത്തിൽ കൊറോണ പ്രതിരോധതന്ത്രങ്ങളിലെ നാല് നെടുംതൂണുകൾ പരിശോധന, ഐസൊലേഷൻ/ക്വാറന്റൈൻ, സഞ്ചാരപഥം മനസ്സിലാക്കൽ, ചികിത്സ എന്നിവയാണ്. ഇവയിൽ രോഗി അല്ലെങ്കിൽ വൈറസ് വാഹകർ സഞ്ചരിച്ചിരിക്കുന്ന പഥം കണ്ടെത്തുക എന്നതിന് വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. രോഗികൾ സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കി പുറത്തുവിടുക എന്നത് കേരളത്തിലും നാം സ്വീകരിച്ചിരുന്ന ഒരു പ്രധാനമാർഗമായിരുന്നു. ഈ സഞ്ചാരപഥം നോക്കി രോഗവാഹകർ വഴി രോഗം പടർന്നിരിക്കാനിടയുള്ള ഇടങ്ങളിലെല്ലാം ഉണ്ടായിരുന്ന ആളുകളെ കണ്ടെത്തി തിരിച്ചറിഞ്ഞ് അവരെ ഐസോലേറ്റ് ചെയ്യാനോ ക്വാറന്റൈൻ ചെയ്യാനോ സാധിച്ചിരുന്നു എന്നുള്ളത് കേരളത്തിൽ രോഗപ്പകർച്ച കുറയുന്നതിന് വളരെ സഹായകരമാവുകയും ചെയ്തിട്ടുണ്ട്.
നമ്മുടെ അയൽ സംസ്ഥാനങ്ങളിൽ, കോവിഡ്-19 സംശയിക്കപ്പെടുന്നവരെയും ക്വാറന്റൈനിലുള്ളവരെയും മറ്റുള്ളവരെയും നിരീക്ഷിക്കുന്നതിന് ഇപ്പോൾ ഉപയോഗിച്ചുവരുന്ന സംവിധാനങ്ങളെന്തൊക്കെയാണെന്ന് നോക്കാം.
തമിഴ്‌നാട്ടിൽ ഗോ ബഡ്ഡി (GoBuddy) എന്ന ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഈ ആവശ്യത്തിലേക്ക് ഉപയോഗിക്കുന്നത്. മുഖം തിരിച്ചറിയുന്ന ഉപാധികളും ജിയോഫെൻസിങുമാണ് ഈ ആപ്പിന്റെ സവിശേഷത. ജി.പി.എസ് ലൊക്കേഷനും സ്വന്തം മുഖത്തിന്റെ ഫോട്ടോയും ഉപയോക്താക്കൾ ഈ ആപ്പിലേക്ക് നൽകണം. വീട്ടിൽ നിന്ന് 10 മീറ്റർ മുതൽ 100 മീറ്റർ വരെയുള്ള ദൂരം സഞ്ചാരപരിധിയായി നിജപ്പെടുത്തിക്കൊണ്ടുള്ള ഒരു അദൃശ്യവേലി (ജിയൊഫെൻസ്) ഈ ആപ്പിൽ സൃഷ്ടിക്കപ്പെടുന്നു. ആദ്യം കൊടുത്ത ഫോട്ടോയുമായി ഒത്തുനോക്കുവാൻ രണ്ടോ മൂന്നോ പ്രാവശ്യം മുഖത്തിന്റെ ഫോട്ടോ ആപ് വീണ്ടും ആവശ്യപ്പെടും. ഈ ആപ്പിന് എന്തെങ്കിലും പ്രൈവസി പോളിസിയുള്ളതായി കാണുന്നില്ല. തെളിവുകളൊന്നും എടുത്തുകാണിക്കാനില്ലെങ്കിലും, ഈ ആപ് അവകാശപ്പെടുന്നത് വ്യക്തിഗതവിവരങ്ങൾ സ്വകാര്യമായിരിക്കും എന്നാണ്.
കർണാടകത്തിൽ സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവരുടെ പേരും സ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്ന നയത്തിന് വിരുദ്ധമാണ്.
കർണാടകത്തിലെ സ്ഥിതി കുറച്ചുകൂടി കടുത്തതാണ്. ക്വാറന്റൈൻ വാച് എന്ന ആൻഡ്രോയ്ഡ് ആപ്പാണ് കർണാടകത്തിൽ സർക്കാർ ഈ ആവശ്യത്തിന് ഉപയോഗിക്കുന്നത്. ഈ ആപ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്ത ശേഷം ക്വാറന്റൈനിലുള്ള ഉപയോക്താക്കൾ രാവിലെ 7നും രാത്രി 10നുമിടയിൽ ഓരോ മണിക്കൂറിലും ഈ ആപ്പിലേക്ക് സ്വന്തം മുഖത്തിന്റെ ഫോട്ടോകൾ നൽകിക്കൊണ്ടിരിക്കണം; അതും ജി.പി.എസ് ലൊക്കേഷൻ കോഓഡിനേറ്റുകളുടെ വിവരങ്ങൾ സഹിതം. ഇത് ചെയ്തില്ലെങ്കിൽ സർക്കാറിൽ നിന്ന് അതിനുള്ള നിർദേശം കിട്ടും. ആരെങ്കിലും തെറ്റായ ഫോട്ടോ ഇടുകയാണെങ്കിൽ അവരെ ഉടൻ തന്നെ വീട്ടിൽ നിന്നും മാസ് ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് മാറ്റും.
കർണാടകത്തിൽ സർക്കാർ ക്വാറന്റൈനിൽ കഴിയുന്നവരുടെ പേരും സ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ പൊതുജനങ്ങൾക്കായി പ്രസിദ്ധപ്പെടുത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണം എന്ന നയത്തിന് വിരുദ്ധമാണ്. പഞ്ചാബും ഏതാണ്ട് ഈ രീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.
ലോകത്തിലെ വിവിധ രാജ്യങ്ങൾ മൊബൈൽ ഫോണും ലൊക്കേഷൻ ഡാറ്റയും അടിസ്ഥാനമാക്കിയ നിരീക്ഷണസംവിധാനങ്ങൾ കോവിഡ്-19 പശ്ചാത്തലത്തിൽ ഉപയോഗിച്ചുവരുന്നുണ്ട്. അതുകൊണ്ടുതന്നെ പല രാജ്യങ്ങളും അവിടത്തെ നിവാസികളോട് മൊബൈൽ ഫോൺ യാതൊരു കാരണവശാലും ഓഫ് ചെയ്യരുത് എന്ന നിർദേശവും നൽകിയിട്ടുണ്ട്. ടെലികോം മേഖല നേരിട്ട് സർക്കാറിന്റെ കീഴിലല്ലാത്ത പല രാജ്യങ്ങളും അവിടത്തെ സ്വകാര്യ ടെലികോം സേവനദാതാക്കളുമായി ഇത്തരം വിവരങ്ങൾ കൈമാറ്റം ചെയ്യുന്നതിനായി കരാറുകളും ഉണ്ടാക്കിയിട്ടുണ്ട്. ഇങ്ങനെ കിട്ടുന്ന, ആളുകളുടെ ലൊക്കേഷനുമായി ബന്ധപ്പെട്ട വിവരങ്ങൾ, രാജ്യത്തെ കൊറോണ ബാധയുടെ ഗൗരവത്തിനനുസരിച്ച്, പല രാജ്യങ്ങളും പല രീതിയിലാണ് കൈകാര്യം ചെയ്തുവരുന്നത്.
സിസിടിവി ദൃശ്യങ്ങളും ആളുകളുടെ മുഖം തിരിച്ചറിയുന്ന പരിശോധനകളും ശരീരതാപനില അളക്കാനാവുന്ന സംവിധാനങ്ങളും ക്രെഡിറ്റ് കാർഡ് ഇടപാടുകളുടെ വിവരവും എല്ലാം ഒരുമിച്ച് ശേഖരിച്ചുകൊണ്ടാണ് ചൈന രോഗികളുടെ സഞ്ചാരത്തെ നിയന്ത്രിക്കുന്നതിനുള്ള ആപ് അവതരിപ്പിച്ചത്. ചുവപ്പ്, മഞ്ഞ, പച്ച എന്നിങ്ങനെ കളർകോഡുകൾ നൽകിക്കൊണ്ടാണ് അവിടെ രോഗികളെയും രോഗസാധ്യതയുള്ളവരെയും രോഗം ഭേദമായവരെയും സോഫ്റ്റ് വെയർ ഉപയോഗിച്ച് വർഗീകരിച്ചിരുന്നത്. ഈ കളർകോഡുകളായിരുന്നു അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെ നിയന്ത്രിച്ചിരുന്നത്.
സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പകർച്ചവ്യാധി നിയന്ത്രണ സംവിധാനങ്ങളിലെല്ലാം ഉണ്ടായേക്കാവുന്ന ഒരു പ്രധാന പ്രശ്‌നം പുറത്തുള്ള ചില സ്വകാര്യ ഏജൻസികളുടെ നുഴഞ്ഞുകയറ്റമാണ്. ഇസ്രയേലി സൈബർ സെക്യൂരിറ്റി സ്ഥാപനമായ NSO ഗ്രൂപ് ലിമിറ്റഡ് ഇത്തരത്തിലൊരു സ്വകാര്യ ഏജൻസിയുടെ ഉദാഹരണമാണ്. സർക്കാർ ഏജൻസികൾക്ക് സ്‌പൈവേറുകൾ നിർമിച്ച് നൽകുന്ന ഒരു സ്ഥാപനമാണ് NSO ഗ്രൂപ്പ് ലിമിറ്റഡ്. ലോകമെമ്പാടുമുള്ള ഒരു പാട് മനുഷ്യാവകാശലംഘന പ്രശ്‌നങ്ങളിൽ ഇവർക്ക് പങ്കുള്ളതുമാണ്.
ഇവർ നിർമിച്ചിട്ടുള്ള പെഗാസസ് എന്ന സ്‌പൈവേർ ഉപയോഗിച്ചാണ് സൗദി അറേബ്യൻ സർക്കാർ സൗദി അറേബ്യൻ വിമതനും വാഷിങ്ടൺ പോസ്റ്റിലെ കോളമിസ്റ്റുമായ ജമാൽ ഖഷോഗിയുടെ ഫോൺ സംഭാഷണങ്ങൾ ചോർത്തുന്നതും പിന്നീട് അത് ഖഷോഗിയുടെ കൊലപാതകത്തിലേക്ക് നയിക്കുന്നതും എന്ന ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ഇതേ ഗ്രൂപ്പിന്റെ സ്‌പൈവേർ ഉപയോഗിച്ചാണ് ഇന്ത്യയിലെ കുറേ പത്രപ്രവർത്തകരുടെയും വക്കീലന്മാരുടെയും ഫോണുകൾ ചോർത്തിയിട്ടുള്ളതെന്ന് വാട്‌സ്ആപ്പ് സമ്മതിച്ചിട്ടുള്ളതുമാണ്.
ഈ NSO ഗ്രൂപ്പിനെ പല സർക്കാരുകളും ജനങ്ങളുടെ സഞ്ചാരപഥം മനസ്സിലാക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിന് സമീപിച്ചിട്ടുള്ളതായി വാർത്തകളുണ്ട്. അത്തരത്തിലുള്ള വൻകിടക്കാരുടെ ഇടപെടൽ ഡാറ്റ സുരക്ഷിതത്വത്തിന് വൻഭീഷണിയാകുമെന്ന കാര്യത്തിൽ സംശയമേയില്ല.
മസാച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുടെ നേതൃത്വത്തിൽ സാംക്രമികരോഗവിദഗ്ധരും എഞ്ചിനീയർമാരും ഡാറ്റാ ശാസ്ത്രജ്ഞരും ഡിജിറ്റൽ പ്രൈവസിക്കുവേണ്ടി വാദിക്കുന്നവരും പ്രൊഫസർമാരും ഗവേഷകരും എല്ലാം ഉൾപ്പെടുന്ന ഒരു വലിയ സംഘം വികസിപ്പിച്ചെടുത്തിട്ടുള്ള പ്രൈവറ്റ് കിറ്റ്‌സ്: സേഫ് പാത്സ് (Private Kit: Safe Paths) എന്ന മൊബൈൽ ആപ് ഇതിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ഒന്നാണ്. ആളുകൾക്ക് അവരുടെ സ്വന്തം ഇഷ്ടപ്രകാരം മാത്രം തിരഞ്ഞെടുക്കാവുന്ന ഒപ്ഷനുകളാണ് ഇതിൽ ഉള്ളതെന്ന് മാത്രമല്ല ഇതിൽ നാം കൊടുക്കുന്ന വിവരങ്ങൾ കൊടുക്കുന്നവരുടെ മൊബൈലിൽ മാത്രമായി നിൽക്കുന്നു എന്നതാണ് ഇതിന്റ പ്രത്യേകത.
1885ലെ ടെലഗ്രാഫ് ആക്റ്റ്, 2000ലെ ഐ.ടി. ആക്റ്റ് തുടങ്ങിയവയെ ആശ്രയിച്ച് ഡാറ്റാ പ്രൊട്ടക്ഷൻ നടപ്പിലാക്കാൻ നോക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഈ വ്യക്തിഗതവിവരങ്ങളുടെ സുരക്ഷിതത്വം എങ്ങനെയായിരിക്കും എന്നത് ഊഹിക്കാനേ പറ്റൂ.
ഉപയോക്താക്കളുടെ സമ്മതമുണ്ടെങ്കിൽ മാത്രം കോവിഡ്-19 രോഗവാഹകർക്ക് അവരുടെ ലൊക്കേഷൻ വിവരങ്ങൾ പൊതുജനാരോഗ്യസംവിധാനങ്ങളുമായി പങ്കുവെക്കാം. വ്യക്തിയുടെ വിവരങ്ങൾ സർക്കാരുമായോ മറ്റേതെങ്കിലും തേഡ് പാർട്ടിയുമായോ പങ്കുവെക്കേണ്ട ആവശ്യം ഇവിടെ വരുന്നുമില്ല.
ഇന്ത്യയുടെ ആരോഗ്യസേതു എന്ന ആപ്പിനും ധാരാളം പ്രശ്‌നങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട പ്രശ്‌നം അത് സ്മാർട് ഫോണുകളിൽ മാത്രമേ ഇൻസ്റ്റാൾ ചെയ്യാൻ പറ്റൂ എന്നുള്ളതാണ്. ഇന്ത്യൻ ജനസംഖ്യയിലെ മൂന്നിൽ രണ്ടു ഭാഗം പേരും ഉപയോഗിക്കുന്നത് സ്മാർട് ഫോണുകളല്ല എന്നത് അത്രയും പേരെ ഈ ആപ് ഇൻസ്റ്റാൾ ചെയ്യുന്നതിൽ നിന്നും അകറ്റിനിർത്തുന്നുണ്ട്. ജനസംഖ്യയിൽ 50% പേരെങ്കിലും അവരവരുടെ ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്താൽ മാത്രമേ ഈ ആപ് വിജയകരമാവൂ എന്ന് ഇതിന്റെ റിലീസ് സമയത്ത് പറഞ്ഞിട്ടുണ്ടായിരുന്നു. മൂന്നിൽ രണ്ട് ഭാഗവും സ്മാർട് ഫോണുകൾ ഉപയോഗിക്കാത്ത രാജ്യത്ത് ഈ ആപ് ഒരു പരാജയമാവും എന്നാണോ ഇതിന്റെ അർത്ഥം?
പോരാത്തതിന് മറ്റേത് ആപ്പുകൾ ശേഖരിക്കുന്നതിലും കൂടുതലായി ഡാറ്റാ പോയിന്റുകൾ വ്യക്തിഗതവിവരങ്ങളായി ഈ ആപ് സ്വീകരിക്കുന്നുണ്ട്. കാര്യമായ ഡാറ്റ പ്രൊട്ടക്ഷൻ നിയമങ്ങളൊന്നും നിലവിലില്ലാതെ, പ്രധാനമായും 1885ലെ ടെലഗ്രാഫ് ആക്റ്റ്, 2000ലെ ഐ.ടി. ആക്റ്റ് തുടങ്ങിയവയെ ആശ്രയിച്ച് ഡാറ്റാ പ്രൊട്ടക്ഷൻ നടപ്പിലാക്കാൻ നോക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഈ വ്യക്തിഗതവിവരങ്ങളുടെ സുരക്ഷിതത്വം എങ്ങനെയായിരിക്കും എന്നത് ഊഹിക്കാനേ പറ്റൂ.
ഡാറ്റ അത്ര വിലകുറഞ്ഞ ചരക്കല്ല
മേൽപ്പറഞ്ഞ നിരീക്ഷണ (സർവയലൻസ്) ആപ്പുകളെല്ലാം പ്രാഥമികമായ ഉദ്ദേശം കോവിഡ്-19 രോഗവ്യാപനം തടഞ്ഞ് ക്വാറന്റൈൻ സമ്പ്രദായം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിക്കുവാൻ സർക്കാർ ഏജൻസികളെ സഹായിക്കുക എന്നതാണ്. എന്നാൽ ഇത്തരം സർവയലൻസ് ആപ്പുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ നിരവധി തന്നെയാണ്.
"" ഇനി ഇപ്പറയുന്ന sprinkler കമ്പനി എന്റെ ഡേറ്റ അങ്ങ് ചോർത്തി കൊണ്ടുപോയാലും ഒരു ചുക്കും വരാനില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ. പൊതുജനത്തിനോ ലോകത്തിൽ ആർക്കെങ്കിലുമോ അറിയാൻ പാടില്ലാത്ത ഒരു ഡേറ്റയും കള്ളപ്പണവും ഞങ്ങൾ സാധാരണക്കാരുടെ കയ്യിൽ ഇല്ല. വീട്ടിലറിഞ്ഞാൽ പ്രശ്‌നമാകുന്ന തരം ഫോൺ ഡേറ്റയും ഇല്ല. മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളൂ.'' എന്ന് എഴുത്തുകാരനായ ബെന്യാമിൻ പറയുന്നതുപോലെ അതീവലളിതമാക്കിയും നിസ്സാരവൽകരിച്ചും യുക്തിരഹിതമായും വിലയിരുത്താവുന്ന ഒരു ചെറിയ പ്രശ്‌നമല്ല ഡാറ്റയുമായി ബന്ധപ്പെട്ടത്.
സ്വന്തം വ്യക്തിവിവരങ്ങൾ ചോർത്തിയാൽ എനിക്കൊന്നും നഷ്ടപ്പെടാനില്ല എന്ന സാമാന്യവാദം കൊണ്ട് ബിഗ് ഡാറ്റയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിരോധിക്കാൻ വന്നാൽ ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുപ്പിൽ വിജയിക്കാനിടയാക്കിയ, ബ്രെക്‌സിറ്റ് ക്യാംപെയിനിന്റെ വിജയത്തിനുതകിയ ഒരു വൻകിട മൂലധനവ്യവസായത്തെ വായ മൂടിക്കെട്ടി അംഗീകരിക്കുക എന്നതിലേക്കാണ് അതെത്തുക. ബിഗ് ഡാറ്റയും അതിന്റെ അനാലിസിസും ഇന്ന് വൻകിട ബിസിനസായി മാറിയിരിക്കുന്നു. അതെങ്ങനെയാണ് ഇത്ര വലിയ ബിസിനസാകുന്നത് എന്നിടത്താണ് സർവയലൻസ് കാപ്പിറ്റലിസം (ഇതിനെ നിരീക്ഷണ മുതലാളിത്തം എന്ന് പരിഭാഷപ്പെടുത്താമെങ്കിലും ഒളിനോട്ട മുതലാളിത്തം എന്ന വാക്കാണ് ഇവിടെ കൂടുതലിണങ്ങുക എന്ന് തോന്നുന്നു) എന്ന ഗഹനമായ വിഷയത്തിന്റെ പ്രാധാന്യം കടന്നുവരുന്നതും.
സ്വന്തം വ്യക്തിവിവരങ്ങൾ ചോർത്തിയാൽ എനിക്കൊന്നും നഷ്ടപ്പെടാനില്ല എന്ന സാമാന്യവാദം കൊണ്ട് ബിഗ് ഡാറ്റയുമായി ബന്ധപ്പെട്ട വിഷയങ്ങളെ പ്രതിരോധിക്കാൻ വന്നാൽ ഡൊണാൾഡ് ട്രംപിനെ തിരഞ്ഞെടുപ്പിൽ വിജയിക്കാനിടയാക്കിയ, ബ്രെക്‌സിറ്റ് ക്യാംപെയിനിന്റെ വിജയത്തിനുതകിയ ഒരു വൻകിട മൂലധനവ്യവസായത്തെ വായ മൂടിക്കെട്ടി അംഗീകരിക്കുക എന്നതിലേക്കാണ് അതെത്തുക.
ഇവിടെ വിൽപനച്ചരക്കാവുന്നത് നമ്മുടെ ഇഷ്ടങ്ങളാണ്. യാതൊരു പ്രശ്‌നവുമില്ല എന്ന് പറഞ്ഞ് നമ്മൾ കൊടുക്കുന്നതോ, നമ്മുടെ ഇന്റർനെറ്റ് വ്യവഹാരങ്ങളിൽ നിന്ന് ചോർത്തിയെടുത്തതോ ആയ വ്യക്തിഗത വിവരങ്ങൾ ഉപയോഗിച്ച് നമ്മുടെ ഇഷ്ടങ്ങൾ നിർവചിക്കപ്പെടുകയോ നിർണയിക്കപ്പെടുകയോ ചെയ്യുക എന്നതിലുപരി നമ്മുടെ സ്വഭാവത്തെ തന്നെ ഗഹനമായി പഠിച്ച് ആഴത്തിൽ സ്വാധീനിച്ച് ആ രീതിയിൽ ഒരു വിപണിസാധ്യത തുറന്നുവച്ചിട്ടുള്ള ഒരു മൂലധനപദ്ധതിയാണ് ഒളിനോട്ട മുതലാളിത്തം. സാധാരണ മനുഷ്യന്റെ വിവരങ്ങൾ ചോർത്തിയാൽ ആർക്കെന്ത് കിട്ടാനാണ് എന്ന ബാലിശമായ ചോദ്യം, ഒളിനോട്ട മുതലാളിത്തം ശതകോടികളുടെ ബിസിനസായി മാറിക്കഴിഞ്ഞ ഇക്കാലത്തും ഉയർന്നുകൊണ്ടിരിക്കുന്നുണ്ടെങ്കിൽ ഒരു കാര്യം വ്യക്തമാണ്. ഒന്നുകിൽ അങ്ങനെയൊരു മൂലധനവ്യവഹാരത്തെ പറ്റി സമഗ്രവും വ്യാപകവുമായി മനസ്സിലാക്കപ്പെട്ടിട്ടില്ല; അല്ലെങ്കിൽ പലരും ഇക്കാര്യം മനസ്സിലാക്കാനുദ്ദേശിച്ചിട്ടില്ല.
മുഖ്യമന്ത്രി പിണറായി വിജയനോ ഐ.ടി വകുപ്പിനോ കേരളത്തിലെ സ്പ്രിംക്ളർ വിഷയത്തിൽ തെറ്റ് പറ്റിയിട്ടില്ലെങ്കിലും ഉണ്ടെങ്കിലും, ഈ വിവാദങ്ങളിൽ കഴമ്പുണ്ടെങ്കിലും ഇല്ലെങ്കിലും, സൈബർകാലത്ത് ഏറ്റവും വലിയ, വിലയേറിയ, അതീവഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടുന്ന ആയുധം ഏതാണ് അല്ലെങ്കിൽ എന്താണ് എന്ന് ചോദിച്ചാൽ ആ ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ, ഡാറ്റ എന്ന ആയുധം; പ്രത്യേകിച്ചും നമ്മളോരോരുത്തരെയും കുറിച്ചുള്ള വ്യക്തിഗതവിവരങ്ങൾ ഉൾപ്പെടുന്ന ഡാറ്റ.
കേംബ്രിഡ്ജ് അനലിറ്റിക്കയുമായും അവർ ലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങൾ ചോർത്തിയതുമായും ബന്ധപ്പെട്ട് 2018ൽ പുറത്തുവന്ന വൻവിവാദങ്ങളും വെളിപ്പെടുത്തലുകളും അതിനെത്തുടർന്നുള്ള സംഭവവികാസങ്ങളും കേംബ്രിഡ്ജ് അനലിറ്റിക എന്ന കമ്പനി എന്നെന്നേക്കുമായി പൂട്ടിപ്പോകുന്നതിന് ഇടയാക്കിയിരുന്നുവെങ്കിലും, ആ പ്രശ്‌നത്തിലൂടെ പുറത്തുവന്ന വിവരചോരണവുമായും ഡാറ്റ മൈനിങ്ങുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല എന്ന വസ്തുത നാം മനസ്സിലാക്കിയേ പറ്റൂ.
ഓൺലൈനായി പങ്കുവെക്കപ്പെടുന്ന വ്യക്തിഗതവിവരങ്ങളെന്തായാലും ഒളിനോട്ടമുതലാളിത്തക്കാർക്ക് ഒരു വൻ ബിസിനസ് സാധ്യതയാണ് ഇന്നത് തുറന്നുനൽകുന്നത്. ഇത്തരത്തിൽ ഓൺലൈനായി പങ്കുവെക്കുന്ന ഡാറ്റയെ മൂലധനമാക്കിക്കൊണ്ടുതന്നെയാണ് ഒളിനോട്ട മുതലാളിത്തം ലോകത്ത് പടർന്നുപന്തലിച്ചതും ലാഭക്കൊയ്ത്ത് ആരംഭിച്ചതും.
ഒരു ഉല്പന്നം വാങ്ങിച്ചുകഴിഞ്ഞാൽ അതുമായി ബന്ധപ്പെട്ട പരസ്യങ്ങൾ ഓൺലൈനിൽ നിരന്തരമായി വന്നുകൊണ്ടിരിക്കുന്ന കാര്യം ഇന്റർനെറ്റ് ഉപയോഗിക്കുന്നവരെല്ലാം ശ്രദ്ധിച്ചിട്ടുണ്ടാവേണ്ടതാണ്. ഈ പരസ്യങ്ങൾ ഓൺലൈൻ പർച്ചേസുകൾക്ക് മാത്രമേ വരൂ എന്നൊന്നുമില്ല. കടയിൽ നിന്ന് നടത്തിയ പർചേസ് ആണെങ്കിലും, ആ കടയിൽ നമ്മുടെ ഫോൺ നമ്പറോ ഇ-മെയിൽ അഡ്രസോ നൽകിയിട്ടുണ്ടെങ്കിൽ ഈ രീതിയിൽ ഉള്ള പരസ്യങ്ങൾ നമ്മളുപയോഗിക്കുന്ന കമ്പ്യൂട്ടറിലോ മൊബൈൽ ഫോണിലോ നിരന്തരമായി വരും.
ഓൺലൈനായി പങ്കുവെക്കപ്പെടുന്ന വ്യക്തിഗതവിവരങ്ങളെന്തായാലും ഒളിനോട്ടമുതലാളിത്തക്കാർക്ക് ഒരു വൻ ബിസിനസ് സാധ്യതയാണ് ഇന്നത് തുറന്നുനൽകുന്നത്. ഇത്തരത്തിൽ ഓൺലൈനായി പങ്കുവെക്കുന്ന ഡാറ്റയെ മൂലധനമാക്കിക്കൊണ്ടുതന്നെയാണ് ഒളിനോട്ട മുതലാളിത്തം ലോകത്ത് പടർന്നുപന്തലിച്ചതും ലാഭക്കൊയ്ത്ത് ആരംഭിച്ചതും.
യൂട്യൂബിൽ ഏതെങ്കിലും ഒരു പാട്ടോ മറ്റേതെങ്കിലും വീഡിയോയോ സെർച്ച് ചെയ്തിട്ടുണ്ടെങ്കിൽ സമാനമായ പാട്ടുകളും വീഡിയോകളും കാണുന്നതിനുള്ള ലിങ്കുകൾ അതിൽ നിരന്തരമായി വന്നുകൊണ്ടിരിക്കുന്നത് ശ്രദ്ധിക്കാറുണ്ടല്ലോ. ചിലപ്പോൾ ഒരു പാട്ട് കേട്ടുകൊണ്ടിരിക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് വന്ന മറ്റൊരു ഗാനത്തിന്റെ ലിങ്ക് ആവും, നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ട്, അടുത്തതായി നമ്മുടെ മുന്നിലേക്ക് വരുന്നത്. മോണിങ് വാക്ക് കഴിഞ്ഞ് തിരിച്ചെത്തുമ്പോൾ ജോഗിങ് ഷൂവിന്റെ പരസ്യം പ്രത്യക്ഷപ്പെടുന്നതു പോലെ ഒരുല്പന്നം മേടിക്കാൻ സാധ്യതയുള്ള ഒരു കൃത്യസമയത്തോ സന്ദർഭത്തിലോ ആ ഉല്പന്നത്തിന്റെ പരസ്യം പ്രത്യക്ഷപ്പെടുന്നത് ഇതിന്റെ അല്പം കൂടി മുന്തിയസംവിധാനങ്ങളാണ്. നമ്മുടെ ഇഷ്ടങ്ങൾ പോലും കൃത്യമായി തിരിച്ചറിയുന്ന രീതിയിൽ ഇതെങ്ങനെയാണ് സംഭവിക്കുന്നത് എന്ന് ആലോചിച്ചിട്ടുണ്ടോ? നമ്മൾ നിസ്സാരം എന്ന് കരുതി ഓൺലൈനിൽ ഷെയർ ചെയ്യുന്ന ഡാറ്റ തന്നെയാണ് ഇതിനെല്ലാം ആധാരമായിട്ടുള്ളത്.
മനഃശാസ്ത്രപരമായ കരുനീക്കങ്ങൾ
സൈക്കൊഗ്രാഫിക്‌സ് (psychographics) എന്നാണ് ഇത് അറിയപ്പെടുന്നത്. മനുഷ്യരുടെ മനോഭാവം, അഭിലാഷങ്ങൾ എന്നിവ പോലെയുള്ള നിരവധി മനഃശാസ്ത്രപരമായ അളവുകോലുകളെ നിദാനമാക്കി - വിശിഷ്യാ വിപണി ആവശ്യങ്ങൾക്കു വേണ്ടി - അവരെ പഠിക്കുന്നതിനെയും തരംതിരിക്കുന്നതിനെയും, ആണ് സൈക്കോഗ്രാഫിക്‌സ് എന്നു വിളിക്കുന്നത്. ഇങ്ങനെ മനുഷ്യരെ അളക്കുന്നതിനുള്ള ഈ അളവുകോൽ സൈക്കൊമെട്രിക്‌സ് എന്നും അറിയപ്പെടുന്നു.
മനുഷ്യർക്കിടയിൽ സൗഹൃദം പങ്കിടുന്നതിനുള്ള മാധ്യമമായി നിലവിൽ വന്ന ഫേസ്ബുക്ക് ഇന്ന് നമ്മളോരോരുത്തരെയും സംബന്ധിച്ചുള്ള അതീവരഹസ്യങ്ങളുടെ കലവറ കൂടിയാണ്.
ഓൺലൈൻ വിവരങ്ങളിലൂടെ മനുഷ്യരെ പഠിച്ച് ഓരോ വ്യക്തിയെയും സംബന്ധിച്ച സൈക്കോളജിക്കൽ പ്രൊഫൈൽ ഉണ്ടാക്കുകയും അതിനനുസൃതമായി വ്യക്തികളിലേക്ക് അവരുടെ ഇഷ്ടത്തിനനുസരിച്ച ഉല്പന്നങ്ങളോ സേവനങ്ങളോ എത്തിക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഗൂഗിളിൽ നമ്മളെന്തെങ്കിലും തിരയുമ്പോൾ തിരിച്ച് നമ്മൾ തിരയപ്പെട്ടുകൊണ്ടിരിക്കുകയാണ്. മനുഷ്യർക്കിടയിൽ സൗഹൃദം പങ്കിടുന്നതിനുള്ള മാധ്യമമായി നിലവിൽ വന്ന ഫേസ്ബുക്ക് ഇന്ന് നമ്മളോരോരുത്തരെയും സംബന്ധിച്ചുള്ള അതീവരഹസ്യങ്ങളുടെ കലവറ കൂടിയാണ്. ഓൺലൈനിൽ ലഭ്യമായിട്ടുള്ള ഇത്തരം വിവരങ്ങളെല്ലാം ഒരുമിച്ച് ചേർത്താണ് നാമോരോരുത്തരുടെയും സൈക്കോളജിക്കൽ പ്രൊഫൈൽ പിന്നണിയിൽ തയ്യാറാക്കിക്കൊണ്ടിരിക്കുന്നത്.
ഒളിനോട്ടമുതലാളിത്തത്തിന്റെ അടിത്തറ പണിയുന്ന പ്രക്രിയയാണ് മുകളിൽ പറഞ്ഞത്. ഒളിനോട്ടമുതലാളിത്തം എന്ന വിപണി നിയന്ത്രിത പ്രക്രിയയിലെ അസംസ്‌കൃതവസ്തു നമ്മളോരോരുത്തരെയും കുറിച്ചുള്ള വിവരങ്ങളാണ്. അത് ലഭിക്കുന്നത് ഇന്റർനെറ്റിലൂടെ നടക്കുന്ന വൻനിരീക്ഷണങ്ങൾ വഴിയാണ്. ഇത് സാധ്യമാകുന്നത് നമുക്ക് സൗജന്യ ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കിക്കൊണ്ടിരിക്കുന്ന സെർച്ച് എഞ്ചിനായ ഗൂഗിൾ, സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ഇൻസ്റ്റഗ്രാം തുടങ്ങിയ സംവിധാനങ്ങൾ വഴിയാണ്. ഇത്തരം കമ്പനികൾ, നമ്മുടെ ഇഷ്ടങ്ങൾ, അനിഷ്ടങ്ങൾ, തിരച്ചിലുകൾ, പർച്ചേസുകൾ, നാമുൾപ്പെട്ടിട്ടുള്ള സോഷ്യൽ നെറ്റ് വർക്കുകൾ, എന്നിവയിലൂടെയെല്ലാം നമ്മുടെ ഓൺലൈൻ പ്രകൃതം എന്താണെന്ന് വളരെ കൃത്യമായി മനസ്സിലാക്കുന്നു.
ഈ വിവരങ്ങൾ വച്ചാണ് വിപണിസാധ്യതക്ക് ഉതകുന്ന രീതിയിൽ നമ്മുടെ സൈക്കോളജിക്കൽ പ്രൊഫൈൽ തയ്യാറാക്കുന്നത്. ഇത് നമ്മുടെ പൂർണമായ അറിവോടെ ആയിരിക്കണമെന്നില്ല. പല ഓൺലൈൻ സംവിധാനങ്ങളിലും കയറുന്നതിന് മുമ്പായി നമ്മൾ ടേംസ് ആന്റ് കണ്ടീഷൻസ് ഒന്നും വായിച്ചുനോക്കാതെ തന്നെ I Agree എന്നെഴുതിയ ബട്ടണിൽ ക്ലിക്ക് ചെയ്യുമ്പോൾ നമ്മളെക്കുറിച്ചുള്ള ഡാറ്റ, വിനിമയത്തിന് ലഭ്യമാണ് എന്നുള്ള സമ്മതപത്രം കൂടിയാണ് നമ്മൾ നൽകുന്നത്.
ദ് ഗ്രേറ്റ് ഹാക്
ഈ പശ്ചാത്തലത്തിലാണ് നേരത്തെ സൂചിപ്പിച്ച കേംബ്രിഡ്ജ് അനലിറ്റിക-ഫേസ്ബുക്ക് ഡാറ്റാ ചോർത്തൽ വിവാദത്തെ നോക്കിക്കാണേണ്ടത്. അക്കാര്യം വിശദമാക്കുന്നത് ദ് ഗ്രേറ്റ് ഹാക് എന്ന ഡോക്യുമെന്ററി (സംവിധാനം - കരീം അമർ, ജെഹാൻ നൂജെയ്ം) ചലച്ചിത്രത്തെ പരിചയപ്പെടുത്തിക്കൊണ്ടാവാം.
ഈ ചിത്രം കേംബ്രിഡ്ജ് അനലിറ്റികയുടെ നേതൃത്വത്തിൽ നടന്നിട്ടുള്ള വൻ വിവരചോരണത്തിന്റെയും അതിന്റെ ഫലമായി ലോകം അനുഭവിക്കേണ്ടിവന്ന ചില വൻകിട തിരിമറികളെയും അട്ടിമറികളെയും യഥാതഥമായി അവലോകനം ചെയ്യുന്ന ഒന്നാണ്. ആരും പ്രതീക്ഷിക്കാതിരുന്ന ബ്രെക്‌സിറ്റ് ക്യാംപെയ്‌ന്റെയും ഡൊണാൾഡ് ട്രംപിന്റെയും വിജയം എങ്ങനെയാണ് കേംബ്രിഡ്ജ് അനലിറ്റിക എന്ന ബ്രിട്ടീഷ് രാഷ്ട്രീയ ഉപദേശക-വിവര ദല്ലാൾ സ്ഥാപനം, ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗതവിവരങ്ങൾ ചോർത്തിക്കൊണ്ട് വളരെ ആസൂത്രിതമായി നടപ്പിലാക്കിയത് എന്നതിന്റെ നേർക്കാഴ്ചയാണീ ചിത്രം.
പ്രധാനമായും മൂന്ന് വ്യക്തികളുമായുള്ള അഭിമുഖങ്ങളിലൂടെയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. കേംബ്രിഡ്ജ് അനലിറ്റിക എന്ന സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ബ്രിറ്റനി കെയ്‌സർ ആണ് ഇവരിലൊരാൾ. സാധാരണക്കാരായ മനുഷ്യരുടെ വിവരങ്ങൾ ചോർത്തിയെടുത്ത് കോർപറേറ്റുകളുടെ താൽപര്യങ്ങൾക്കായി വിനിയോഗിക്കുന്നതിൽ മുൻപന്തിയിൽ നിന്ന് ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥയായിരുന്നു അവർ. പക്ഷെ ചെയ്യുന്ന ജോലിയിലെ നൈതികതയില്ലായ്മ അവരെ ഒരു പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുകയും അതിനെത്തുടർന്ന് മനംമാറ്റം വന്ന അവർ കേംബ്രിഡ്ജ് അനലിറ്റികയിലെ ജോലി രാജിവെച്ച് പുറത്തുവരികയുമായിരുന്നു. തുടർന്ന് അവർ കേംബ്രിഡ്ജ് അനലിറ്റികക്കെതിരായ ഒരു വിസിൽ ബ്ലോവർ ആയി മാറി.
അവർ കേംബ്രിഡ്ജ് അനലിറ്റികയിൽ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നതെന്ന് ഈ ചിത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ബ്രെക്‌സിറ്റിനു വേണ്ടി പ്രവർത്തിച്ച ആരോൺ ബാങ്ക്‌സ് ഉൾപ്പെടുന്ന ബാഡ് ബോയ്‌സ് എന്ന് അറിയപ്പെട്ടിരുന്നവരുമായി കേംബ്രിഡ്ജ് അനലിറ്റികക്ക് ഉണ്ടായിരുന്ന അഗാധമായ ബന്ധത്തെക്കുറിച്ചും അവർ ചിത്രത്തിൽ സംസാരിക്കുന്നുണ്ട്.
ചിത്രത്തിൽ അഭിമുഖം ചെയ്യപ്പെടുന്ന മറ്റൊരു വ്യക്തി പ്രമുഖ ബ്രിട്ടീഷ് പത്രപ്രവർത്തകയായ കരോൾ കാഡ്വാളഡർ ആണ്. അവരാണ് ബ്രെക്‌സിറ്റ് ക്യാംപെയ്‌ന്റെയും ട്രംപിന്റെയും വിജയത്തിന്റെ പിറകിൽ കേംബ്രിഡ്ജ് അനലിറ്റികക്കുള്ള പങ്കിനെക്കുറിച്ച് സുപ്രധാന വെളിപ്പെടുത്തലുകളെല്ലാം പുറത്തുകൊണ്ടുവന്നത്. അതുകൊണ്ടുതന്നെ സ്വന്തം ജീവന് ഇപ്പോഴും ഭീഷണിയുള്ള ഒരു വ്യക്തിയാണവർ. ആളുകളുടെ സമ്മതമില്ലാതെ അവരുടെ വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് അതുവച്ച് ദല്ലാൾപ്പണിയും വില്പനയും നടത്തി, ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിലെ നിർണായകമായേക്കാവുന്ന വോട്ടുകളെ മുഴുവൻ അവരുദ്ദേശിക്കുന്ന രീതിയിൽ മറിക്കുവാൻ കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് സാധിച്ചതെങ്ങനെയെന്നത് കാഡ്വാളഡർ ഇതിൽ വ്യക്തമായിത്തന്നെ പറയുന്നുണ്ട്.
മൂന്നാമത് ചിത്രത്തിൽ വരുന്നത് അമേരിക്കൻ മാധ്യമവിദഗ്ദ്ധനായ ഡേവിഡ് കരോൾ ആണ്. അദ്ദേഹമാണ് കേംബ്രിഡ്ജ് അനലിറ്റികക്കെതിരെ ബ്രിട്ടനിൽ കേസ് ഫയൽ ചെയ്തത്. തന്നെക്കുറിച്ച് കേംബ്രിഡ്ജ് അനലിറ്റകയുടെ കയ്യിൽ ഉള്ള ഡാറ്റയുടെ റിപോർട്ട് വിട്ടുകിട്ടണം എന്നതായിരുന്നു കരോളിന്റെ ആവശ്യം.
അതിനായി അദ്ദേഹം സഞ്ചരിച്ച വഴികൾ കേംബ്രിഡ്ജ് അനലിറ്റികയെക്കുറിച്ചുള്ള പുതിയ പുതിയ വെളിപ്പെടുത്തലുകളിലേക്ക് എത്തുകയായിരുന്നു.
ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിൽ വോട്ടു ചെയ്യുവാൻ ഏത് പക്ഷം നോക്കണം, എന്ത് തീരുമാനമെടുക്കണം എന്നറിയാതെ നിൽക്കുന്ന, വേണമെങ്കിൽ ഏത് ചേരിയിലേക്കും തിരിയാവുന്ന കുറേ ജനങ്ങളുണ്ടാകും. ഇവർ രേഖപ്പെടുത്തുന്ന വോട്ടുകളാണ്, ഒരു പക്ഷെ, ആ തിരഞ്ഞെടുപ്പിൽ ഒരു കക്ഷിയുടെ വിജയം നിർണയിക്കുന്നത്. ഇത്തരത്തിലുള്ള വോട്ടർമാരെയാണ് കേംബ്രിഡ്ജ് അനലിറ്റിക സ്വാധീനിച്ചത്. പാട്ടിലാക്കാവുന്നവർ (persuadables) എന്ന വാക്കാണ് ഇത്തരത്തിൽ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ ആർക്ക് വോട്ട് ചെയ്യണം എന്ന തീരുമാനമെടുക്കാതെ നിൽക്കുന്ന ആളുകളെ വിശേഷിപ്പിക്കാൻ കേംബ്രിഡ്ജ് അനലിറ്റിക ഉപയോഗിച്ചത്.
പാട്ടിലാക്കാവുന്നവരുടെ മനസുകളിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തുക എന്നതാണ് പിന്നീട് കേംബ്രിഡ്ജ് അനലിറ്റിക പോലെയുള്ള സ്ഥാപനങ്ങൾ ഏറ്റെടുക്കുന്ന ദൗത്യം. അതിനായി ഇവരിലേക്ക് നിരന്തരം ഫേസ്ബുക്ക് വഴിയും മറ്റുമായി അവരിഷ്ടപ്പെടുന്ന തരത്തിലുള്ള വിവരങ്ങൾ പരസ്യരൂപത്തിലും മറ്റും കൊടുത്തുകൊണ്ടേയിരിക്കുന്നു. അവരിൽ പലർക്കുമുള്ള ചില മുൻധാരണകളെ ഊട്ടിയുറപ്പിക്കുന്ന വിധത്തിലുള്ള പരസ്യങ്ങളും സന്ദേശങ്ങളുമായിരിക്കും ഓരോരുത്തർക്കും അവരവരുടെ സ്മാർട്‌ഫോണുകളിൽ ലഭിച്ചുകൊണ്ടേയിരിക്കുന്നത്. സ്വന്തം അരക്ഷിതാവസ്ഥയെക്കുറിച്ച് അവർക്കുള്ള അതേ വേവലാതികൾ തന്നെയാവും ഇങ്ങനെ ലഭിക്കുന്ന സന്ദേശങ്ങളുടെയും ഉള്ളടക്കം. അതേസമയം അവ ഇവരുടെ വേവലാതികളുടെയും വിഷമങ്ങളുടെയും കാരണങ്ങളെ യാഥാർത്ഥ്യത്തിൽ നിന്നും അടർത്തിമാറ്റി പർവതീകരിച്ചും വക്രീകരിച്ചും അവതരിപ്പിക്കുന്നതുമായിരിക്കും. ഇത് അവർക്ക് നിരന്തരം കിട്ടിക്കൊണ്ടിരിക്കും. തങ്ങളുടെ വ്യക്തിഗതവിവരങ്ങൾ വിൽക്കപ്പെട്ടിരിക്കുന്നു എന്ന വിവരം ഈ പാവങ്ങൾ അറിയുകയേയില്ല. ഈ വിവരങ്ങൾ ലഭിച്ച മുതലാളിത്ത സംഘങ്ങളാകട്ടെ, ആരുടെയൊക്കെ വിവരങ്ങളാണോ തങ്ങൾക്ക് കിട്ടിയിരിക്കുന്നത് അവരെയെല്ലാം ഒരു കാണാച്ചരടിൽ കോർത്തിട്ട് അവർ പോലും അറിയാതെ അവരെ ഒരു പുതിയ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോവും.
തെക്കെ അമേരിക്കയിൽ വെനസ്വേലയോട് ചേർന്ന് അറ്റ്‌ലാന്റിക് മഹാസുമദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് റിപബ്ലിക്കാണ് ട്രിനിഡാഡ്-ടൊബാഗൊ. അവിടത്തെ തിരഞ്ഞെടുപ്പിനെ കേംബ്രിഡ്ജ് അനലിറ്റിക എങ്ങനെയാണ് സ്വാധീനിച്ചത് എന്നതാണ് ചിത്രം നമുക്ക് കാണിച്ചുതരുന്നത്.
ഇവരാകട്ടെ നടക്കുന്നതെന്താണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ലാതെ ഫേസ്ബുക്കിലും മറ്റ് സോഷ്യൽമീഡിയ ആപ്പുകളിലും കിട്ടുന്ന ഇത്തരം നിർമിത (manufactured)സന്ദേശങ്ങളുടെ പിറകേ പോകുന്ന ഹാമെലിൻ എലികളായി മാറിപ്പോകുന്നു. അത്തരം ഹാമെലിൻ എലികളെക്കൊണ്ട് ഒരു നാടിന്റെ ഭാഗധേയം നിർണയിപ്പിക്കാം എന്നു വരുന്നിടത്ത്, വലിയ രീതിയിൽ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്നത്തെ ജനാധിപത്യത്തിന് ഇനിയങ്ങോട്ട് എന്താണ് പ്രസക്തി എന്ന വലിയൊരു ചോദ്യം ഈ ചിത്രം ആത്യന്തികമായി ഉന്നയിക്കുന്നു.
കേംബ്രിഡ്ജ് അനലിറ്റിക എന്നാൽ ആരാണ് എന്താണ് എന്നത് അവർ തന്നെ വിശദമാക്കുന്ന ഒരു ഭാഗം ഈ ചിത്രത്തിലുണ്ട്. Who We Are എന്ന പേരിൽ കേംബ്രിഡ്ജ് അനലിറ്റിക തന്നെ തയ്യാറാക്കിയ സേൽസ് പ്രസന്റേഷൻ വീഡിയോ, ബ്രിറ്റാനി കെയ്‌സറുടെ കമ്പ്യൂട്ടറിൽ നിന്ന് ലഭിച്ചത് അതേപടി ഈ ഡോക്യുമെന്ററിയിൽ കാണിക്കുന്നുണ്ട്. അ വീഡിയോയിൽ പറയുന്നത് ഇപ്രകാരമാണ്:
"ആളുകളുടെ സ്വഭാവം തന്നെ മാറ്റിമറിക്കാനുള്ള ഒരു ഏജൻസിയാണ് ഞങ്ങൾ. ആളുകളുടെ സ്വഭാവം തന്നെ മാറ്റിമറിക്കുന്നതിന് തുടക്കമിടാൻ നിങ്ങൾക്ക് കഴിയും എന്ന വസ്തുതയാണ് വാർത്താവിതരണമേഖലയിലെ അമൂല്യനിധി.' തുടർന്ന് ട്രിനിഡാഡിൽ കേംബ്രിഡ്ജ് അനലിറ്റിക വിജയകരമായി നടത്തിയ ഒരു തിരഞ്ഞെടുപ്പ് പരീക്ഷണത്തിന്റെ ദൃശ്യങ്ങളിലേക്ക് ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു.
തെക്കെ അമേരിക്കയിൽ വെനസ്വേലയോട് ചേർന്ന് അറ്റ്‌ലാന്റിക് മഹാസുമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ദ്വീപ് റിപബ്ലിക്കാണ് ട്രിനിഡാഡ്-ടൊബാഗൊ. അവിടത്തെ തിരഞ്ഞെടുപ്പിനെ കേംബ്രിഡ്ജ് അനലിറ്റിക എങ്ങനെയാണ് സ്വാധീനിച്ചത് എന്നതാണ് ചിത്രം നമുക്ക് കാണിച്ചുതരുന്നത്. ഇവിടെ പ്രധാനമായും രണ്ട് വിഭാഗം ആൾക്കാരാണുള്ളത്. അവിടത്തെ യഥാർത്ഥ നിവാസികളായ കറുത്തവർഗക്കാരും പിന്നെ ഇന്ത്യക്കാരുടെ ഒരു വിഭാഗവും. കൊളോണിയൽ ഭരണകാലത്ത് പല തൊഴിലുകളും ചെയ്യുന്നതിനായി ട്രിനിഡാഡിലും ടൊബാഗൊയിലും എത്തിക്കപ്പെട്ട ഇന്ത്യൻ ജനത അവിടെ ഒരു വലിയ സമൂഹമായി പിന്നീട് വളരുകയായിരുന്നു. ഈ രണ്ട് പ്രബലവിഭാഗങ്ങൾ തമ്മിൽ എല്ലായ്‌പ്പോഴും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിക്കൊണ്ടിരിക്കും.
കേംബ്രിഡ്ജ് അനലിറ്റിക ഇന്ത്യക്കാർക്കു വേണ്ടിയാണ് അവിടെ പ്രവർത്തിച്ചിരുന്നത്. യുവാക്കളെ ലക്ഷ്യം വച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു അവിടത്തേക്ക് അവർ തിരഞ്ഞെടുത്ത രീതിശാസ്ത്രം. കന്നിവോട്ട് ചെയ്യാൻ പോകുന്ന യുവാക്കളിൽ വോട്ടെടുപ്പ് സംബന്ധിച്ച് താൽപര്യമില്ലായ്മ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് അവിടത്തെ പ്രവർത്തനങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക ആരംഭിച്ചത്. അത്തരത്തിലുള്ള ഒരു പ്രചരണം അരാഷ്ട്രീയമായിരിക്കണം എന്നത് അവർക്ക് ഉറപ്പായിരുന്നു; കാരണം യുവജനത രാഷ്ട്രീയം തീരെ ഇഷ്ടപ്പെട്ടിരുന്നില്ല. അതുപോലെ ആ ക്യാംപെയ്ൻ ക്ഷിപ്രപ്രതികരണങ്ങളുളവാക്കുന്നതുമായിരിക്കണം; കാരണം പുതുതലമുറ പൊതുവേ മടിയന്മാരാണ്.
അതിനായി ജോയിൻ ദ ഗ്യാങ് എന്ന പേരിൽ ഒരു ക്യാംപെയ്ൻ ആരംഭിച്ചു. ഇങ്ങിനെ ചെയ്യൂ എന്നർത്ഥം വരുന്ന Do So എന്ന പേരാണ് ഈ പ്രസ്ഥാനത്തിന് നൽകിയത്. Do So ക്യാംപെയ്ൻ ട്രിനിഡാഡിലെ യുവാക്കൾക്കിടയിൽ വൻപ്രചരണം നേടി. മുൻപത്തെ സർക്കാറിന്റെ തിരസ്‌കാരമായിരുന്നു ഈ ക്യാംപെയിനിന്റെ ഭാഗമായി വന്ന പൊതുവികാരം. ഞാൻ വോട്ട് ചെയ്യുന്നില്ല എന്നതായിരുന്നു Do So എന്നതുകൊണ്ട് അർത്ഥമാക്കിയിരുന്നത്. അതായത് മുൻസർക്കാറിന്റെ ജനദ്രോഹനടപടികളിൽ പ്രതിഷേധിച്ച് അവർക്ക് നിങ്ങൾ വോട്ട് ചെയ്യാതിരിക്കൂ എന്ന ഉദ്ദേശത്തിലാണ് ആ ക്യാംപെയ്ൻ തുടങ്ങിയത് എന്നർത്ഥം.
Do So! Don't Vote എന്ന മുദ്രാവാക്യം ട്രിനിഡാഡിലെ തെരുവുകളിലെല്ലാം ഉച്ചത്തിൽ മുഴങ്ങി. രണ്ട് കൈകളും പരസ്പരം X ആകൃതിയിൽ കോർത്ത എംബ്ലമായിരുന്നു ഈ ക്യാംപെയ്ൻ സ്വീകരിച്ചത്. ആ എംബ്ലം പതിച്ച തൊപ്പികളും ടീഷർട്ടുകളും രാജ്യത്ത് മുഴുവൻ വ്യാപകമായി ഉപയോഗിക്കപ്പെട്ടു. ഈ ആശയപ്രചരണത്തിനായി നിരവധി യുട്യൂബ് വീഡിയോകളും ഇറങ്ങി.
മലേഷ്യ, ലിത്വാനിയ, റൊമേനിയ, കെനിയ, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായ ഇടപെടലുകൾ കേംബ്രിഡ്ജ് അനലിറ്റിക നടത്തിയിട്ടുണ്ട്. ബീഹാറിലെ തിരഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലിറ്റിക ഇടപെട്ടിരുന്നതായി വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്.
സത്യത്തിൽ Do So എന്ന പേരിൽ രാജ്യം മുഴുവൻ നടന്ന പ്രതിഷേധം സർക്കാറിനെതിരെ ആയിരുന്നില്ല; മറിച്ച് രാഷ്ട്രീയത്തിനും വോട്ട് ചെയ്യുന്നതിനുമെതിരെയായിരുന്നു. Do So ക്യംപെയ്‌നിന്റെ ഭാഗമായ ആഫ്രോ-കരീബിയൻ വിഭാഗത്തിൽ പെട്ട യുവാക്കളൊന്നും തന്നെ വോട്ട് ചെയ്യില്ലെന്ന കാര്യം കേംബ്രിഡ്ജ് അനലിറ്റികക്ക് ഉറപ്പായിരുന്നു. അതേ സമയം ഇന്ത്യൻ യുവവോട്ടർമാരാണെങ്കിലോ? അവർ അവരുടെ രക്ഷിതാക്കൾ പറയുന്നതിനപ്പുറത്തേക്ക് ഒന്നും ചെയ്യുമായിരുന്നില്ല. രക്ഷിതാക്കൾ സ്വാഭാവികമായും അവരോട് വോട്ട് ചെയ്യാനാവശ്യപ്പെടുമ്പോൾ അവർ വോട്ട് ചെയ്യും. ഇത് തന്നെയായിരുന്നു കേംബ്രിഡ്ജ് അനലിറ്റികക്ക് വേണ്ടിയിരുന്നതും.
ഒരു കാര്യം ചെയ്യാതിരിക്കാനുള്ള ക്യാംപെയ്‌നിന് Do So എന്ന പേര് നൽകിയത് അതിലുള്ള വിരോധാഭാസം എടുത്തുകാട്ടുന്നുണ്ട്. ആ ക്യാംപെയ്ൻ വൻ വിജയമായിരുന്നു. പ്രതിപക്ഷകക്ഷിയായ UCL അവിടെ അധികാരത്തിലേറി. 18നും 35നും ഇടയിലുള്ളവരിൽ വോട്ട് ചെയ്യാനെത്തിയവരിൽ ഏതാണ്ട് 40%ത്തിന്റെ വ്യത്യാസമുണ്ടായിരുന്നു. UCLന്റെ വിജയം ഉറപ്പിക്കാൻ അതുതന്നെ ധാരാളമായിരുന്നു. വോട്ട് ചെയ്യുന്നതെല്ലാം പാഴാണ് എന്ന് കരുതുന്ന ഒരുപാടാളുകൾക്കുള്ള പാഠം കൂടിയാണ് ഈ ചിത്രം.
പ്രധാനമന്ത്രി, പ്രസിഡണ്ട് തിരഞ്ഞെടുപ്പുകളിൽ വർഷം തോറും പത്ത് ദേശീയ ക്യാംപെയ്‌നുകളെങ്കിലും കേംബ്രിഡ്ജ് അനലിറ്റിക ഏറ്റെടുത്ത് നടത്തി വരുന്നുണ്ടെന്ന് ഈ പ്രൊമോഷണൽ വീഡിയോയിൽ പറയുന്നുണ്ട്. മലേഷ്യ, ലിത്വാനിയ, റൊമേനിയ, കെനിയ, ഘാന, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സജീവമായ ഇടപെടലുകൾ കേംബ്രിഡ്ജ് അനലിറ്റിക നടത്തിയിട്ടുണ്ട്. ഇന്ത്യയിലടക്കം ബീഹാറിലെ തിരഞ്ഞെടുപ്പിൽ കേംബ്രിഡ്ജ് അനലിറ്റിക ഇടപെട്ടിരുന്നതായി പിന്നീട് വെളിപ്പെടുത്തലുകൾ വന്നിട്ടുണ്ട്.
2013നും 2015നും ഇടയിൽ ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപഭോക്താക്കളുടെ പ്രൊഫൈൽ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക ചോർത്തുകയുണ്ടായി. ഈ ചോർത്തൽ നടന്നത് ഈ ഉപഭോക്താക്കളുടെയൊന്നും അറിവോടെയല്ലായിരുന്നു. ഈ വിവരങ്ങൾ അവർ ഉപയോഗിച്ചത് വലിയ ഒരു വിപണിതന്ത്രത്തിനായിട്ടായിരുന്നു. ചോർത്തിയ ഈ പ്രൊഫൈൽ വിവരങ്ങളെല്ലാം ഉപയോഗിച്ച് ഉപഭോക്താക്കളുടെ ഇഷ്ടങ്ങളെയും താൽപര്യങ്ങളെയും കൃത്യമായി തിരിച്ചറിയാൻ കേംബ്രിഡ്ജ് അനലിറ്റികക്ക് സാധിച്ചു. ഇതുപയോഗിച്ചുകൊണ്ട് ജനങ്ങളെ വിപണിപരമായി കൃത്യമായി ലക്ഷ്യം വച്ചുകൊണ്ടുള്ളതും അതിഭീമമായതും ആയ ഒരു വിവരശേഖരണി കേംബ്രിഡ്ജ് അനലിറ്റിക ഉണ്ടാക്കി. ഈ ഡാറ്റാബേസ് ആണ് വിവിധ രാജ്യങ്ങളിലെ തീവ്രവലതുപക്ഷ നിലപാടുകാരുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായി അവർ വിറ്റത്.
ഇവിടെ ഒരു കാര്യം നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കേംബ്രിഡ്ജ് അനലിറ്റിക 'ചോർത്തി' എന്ന് പറയപ്പെടുന്ന വിവരങ്ങളിൽ ഏറിയ പങ്കും യഥാർത്ഥത്തിൽ ചോർത്തിയതല്ല. ഫേസ്ബുക്കിലെ ഉപഭോക്താക്കളുടെ പ്രൊഫൈൽ, താൽപര്യങ്ങൾ എന്നീ ഇനത്തിൽ പെടുന്ന വിവരങ്ങളൊന്നും തന്നെ പ്രൈവറ്റ് ആയിട്ടുള്ള വിവരങ്ങൾ അല്ല എന്നതാണ് വാസ്തവം. നമ്മളിൽ പലരും കരുതുന്നത് അത് പ്രൈവറ്റായ വിവരങ്ങളാണെന്നാണ്.
ഫേസ്ബുക്ക് ആപ്പിന്റെ API (Application Programming Interface) ക്കുള്ള ഒരു ചെറിയ തകരാറാണ് ചോർത്താതെ തന്നെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ വൻതോതിൽ ശേഖരിക്കുവാൻ കേംബ്രിഡ്ജ് അനലിറ്റിക പോലുള്ള സ്ഥാപനങ്ങളെ സഹായിച്ചത്. നമുക്കറിയാം പല ആപ്പുകളിലേക്കും വെബ് പേജുകളിലേക്കും ഫേസ്ബുക്ക് ലോഗിൻ വഴി കയറാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്. ഒരു ആപ്പ് ഉപയോഗിക്കുന്നതിന് പലപ്പോഴും അത് ഇൻസ്റ്റാൾ ചെയ്ത ശേഷം അതിലേക്ക് രജിസ്റ്റർ ചെയ്ത് അതിനൊരു പാസ് വേഡ് സൃഷ്ടിച്ച് രജിസ്‌ടേഷൻ പൂർത്തിയാക്കുന്നതിന് വേണ്ട മറ്റ് വിവരങ്ങളെല്ലാം നൽകേണ്ടത് ആവശ്യമാണ്. ഇതിന്റെ നൂലാമാലകൾ എളുപ്പമാക്കുവാനാണ് ഫേസ്ബുക്ക് ലോഗിൻ അല്ലെങ്കിൽ ഗൂഗിൾ ലോഗിൻ വഴി കയറാനുള്ള സൗകര്യം ഒട്ടുമിക്ക ആപ്പുകളും ഒരുക്കിയിട്ടുള്ളത്. ഇങ്ങനെ ഫേസ്ബുക്ക് ലോഗിൻ വഴി ഒരു ആപ്പിലേക്ക് കയറിക്കഴിഞ്ഞാൽ കയറുന്നയാളുടെ വ്യക്തിഗത വിവരങ്ങളും താൽപര്യങ്ങളും മാത്രമല്ല അയാളുടെ ഫേസ്ബുക്ക് സുഹൃദ് വലയത്തിലുള്ള സകലമാനയാൾക്കാരുടെയും വ്യക്തിഗതവിവരങ്ങളും താൽപര്യങ്ങളും എല്ലാം ഈ പുതിയ ആപ്പിന്റെ ഡവലപ്പർക്ക് കിട്ടുന്നു.
ഫേസ്ബുക്കിന്റെ APIക്ക് ഉണ്ടായിരുന്ന ഒരു തകരാറ് കാരണമാണ് ഇത് സാധ്യമായതെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. എന്നാലീ തകരാറിനെക്കുറിച്ച് അന്നുതന്നെ പല വിമർശകരും ഫേസ്ബുക്കിനെ അറിയിച്ചിരുന്നെങ്കിലും അത്തരം മുന്നറിയിപ്പുകൾ ഫേസ്ബുക്ക് അവഗണിക്കുകയായിരുന്നു. 2015ൽ മാത്രമാണ് ഈ പ്രശ്‌നം തിരുത്തി പുതിയ API ഇറക്കാൻ ഫേസ്ബുക്കിന് കഴിഞ്ഞത്. എന്നാലപ്പോഴേക്കും അമ്പത് ദശലക്ഷത്തോളം ആളുകളുടെ വിവരങ്ങൾ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ കൈകളിലെത്തിക്കഴിഞ്ഞിരുന്നു.
സൈക്കോഗ്രാഫിക്‌സിനെ ആയുധമായി ഉപയോഗിക്കുക എന്ന നയമാണ് ഈ കമ്പനി സ്വീകരിച്ചിരിക്കുന്നത് എന്ന കാര്യം വളരെ വ്യക്തമാണ്. ബ്രെക്‌സിറ്റിനുള്ള Leave.EU ക്യാംപെയ്‌നിന്റെ ഭാഗമായി ലക്ഷക്കണക്കിന് ബ്രിട്ടീഷ് പൗരന്മാരുടെ വ്യക്തിഗതവിവരങ്ങളാണ് ഈ രീതിയിൽ ചോർത്തി സൈക്കോളജിക്കൽ പ്രൊഫൈലിങിന് വിധേയമാക്കിയത്. ഡാറ്റ ആയുധമായി ഉപയോഗിക്കുന്നതിന്റെ ശക്തി എന്തുമാത്രമാണെന്ന് ബ്രെക്‌സിറ്റ് റഫറണ്ടത്തിൽ നമ്മൾ കണ്ടുകഴിഞ്ഞതുമാണ്.
അമേരിക്കയിൽ ഡൊണാൾഡ് ട്രംപിനെ പ്രസിഡണ്ടായി തിരഞ്ഞെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുള്ള ഒരു പരീക്ഷണപദ്ധതി (Petri dish) ആയിരുന്നു ബ്രെക്‌സിറ്റ് ക്യാംപെയ്‌നും അതിന്റെ വിജയവും എന്നാണ് കരോൾ കാഡ്വാളഡർ ഈ ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നത്. മിലിട്ടറി ഭാഷയിൽ സയോപ്‌സ് (Psyops - Psychological operations) എന്നാണ് ഇത് അറിയപ്പെടുന്നത്. ഒരു പ്രദേശം ബോംബിട്ട് തകർക്കുന്നതിന് പകരം മനഃശാസ്ത്രപരമായ രീതിയിലൂടെ അവിടത്തെ ആളുകളെ തങ്ങളുടെ പക്ഷത്തേക്ക് കൊണ്ടുവരാൻ പല സ്ഥലങ്ങളിലും പട്ടാളം ഉപയോഗിച്ച ഒരു രീതിയാണിത്.
കേംബ്രിഡ്ജ് അനലിറ്റികയുടെ പാരന്റ് കമ്പനിയായ SCL, ഡിഫൻസ് ബിസിനസുമായി ബന്ധപ്പെട്ട് അറിയപ്പെടുന്ന സ്ഥാപനമായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തെയും, നാവികസേനയെയും അമേരിക്കൻ പട്ടാളത്തെയും അമേരിക്കൻ പ്രത്യേകസേനകളെയും പരിശീലിപ്പിക്കുന്നതിൽ SCLനും പങ്കുണ്ട്. അതോടൊപ്പം NATO, CIA, ആഭ്യന്തരവകുപ്പുകൾ, പെന്റഗൺ എന്നിവർക്കും അവർ പരിശീലനം നൽകുന്നു. എതിർപ്പുള്ളയാളുകളുടെ പോലും സ്വഭാവത്തെ മാറ്റുവാനുളള ഗവേഷണങ്ങളാണ് ഇതിൽ അവർ ഉപയോഗിച്ചിരുന്നത്. അഫ്ഗാനിസ്ഥാനിലും ഇറാഖിലുമെല്ലാം അവർ ഇത്തരത്തിലുള്ള ഓപറേഷൻസ് നടത്തിയിരുന്നു. പിന്നീട് തിരഞ്ഞെടുപ്പുകൾ മാനിപ്പുലേറ്റ് ചെയ്യുന്ന രീതിയിൽ കളം മാറ്റിച്ചവിട്ടിയുള്ള കളികൾ തുടങ്ങി എന്നതാണ് യാഥാർത്ഥ്യം.
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ്
അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റണെ വഞ്ചകിയാക്കി ചിത്രീകരിച്ചുകൊണ്ടുള്ള Crooked Hillary എന്ന കൊണ്ടുപിടിച്ച ക്യാംപെയ്‌നിലൂടെ, അവർക്കെതിരായി ദുഷ്പ്രചരണങ്ങളും അപവാദങ്ങളും അഴിച്ചുവിട്ടുകൊണ്ട്, നേരത്തെ പറഞ്ഞ തരത്തിലുള്ള പാട്ടിലാക്കാവുന്നവർ എന്ന വിഭാഗത്തിൽ പെടുന്ന ജനവിഭാഗങ്ങളിലേക്ക് നിരന്തരമായി ഇത്തരത്തിലുള്ള മെസേജുകൾ അയച്ചുകൊണ്ട് അത്തരക്കാരുടെ വോട്ടുകൾ ട്രംപിന് അനുകൂലമായി ചെയ്യിക്കുകയായിരുന്നു ചെയ്തത്. അവസാനനിമിഷം വരെ വിജയസാധ്യത കൽപിച്ചിരുന്ന ഹിലരി ക്ലിന്റൺ എങ്ങനെ പരാജയപ്പെട്ടു എന്ന് ലോകത്തിലെ പ്രമുഖരായ സെഫോളജിസ്റ്റുകൾക്കൊന്നും ഒരെത്തും പിടിയും കിട്ടുന്നുണ്ടായിരുന്നില്ല. പക്ഷെ കേംബ്രിഡ്ജ് അനലിറ്റിക അത് നേടിയെടുക്കുക തന്നെ ചെയ്തു.
ബ്രിട്ടീഷ് പൗരരെയോരോരുത്തരെയും സംബന്ധിച്ചും ആയിരക്കണക്കിന് ഡാറ്റാ പോയിന്റുകൾ ശേഖരിച്ചുവെച്ചിരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ബ്രിട്ടനിൽ ഇനി സാധ്യമാകാനിടയില്ലെന്ന് കരോൾ കോഡ്വാളഡർ ഈ ചിത്രത്തിൽ പറയുന്നുണ്ട്.
ഓൺലൈനിലൂടെ നമ്മൾ കൈമാറുന്ന ചെറിയ കമന്റുകൾ പോലും കേംബ്രിഡ്ജ് അനലിറ്റികയ്ക്ക് ഓരോ വ്യക്തിയെയും സംബന്ധിച്ച സൈക്കോളജിക്കൽ പ്രൊഫൈലുകൾ ഉണ്ടാക്കാനുള്ള ചെറിയ ചെറിയ നുറുങ്ങുകളായിരുന്നു. ഇങ്ങനെ അമേരിക്കയിലെ ഓരോ വോട്ടർമാരുടെയും വ്യക്തിഗതവിവരങ്ങൾ ശേഖരിച്ച് അനലൈസ് ചെയ്ത കേംബ്രിഡ്ജ് അനലിറ്റിക അവരിലോരോരുത്തർക്കുമായി 5000 ഡാറ്റാ പോയിന്റുകളാണ് കണ്ടെത്തിയത്. അത് വച്ച് നടത്തിയ 'ഡാറ്റായുദ്ധ'ത്തിലൂടെയാണ് അവരെ ഹിലാരിക്കെതിരായി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചത്. അങ്ങനെയാണ് ആരും പ്രതീക്ഷിക്കാതിരുന്ന ട്രംപ് അമേരിക്കൻ പ്രസിഡണ്ടായതും. ആർക്ക് വോട്ട് ചെയ്യണം എന്ന് നിശ്ചയമില്ലാതിരുന്ന ഏതാണ്ട് 70000ത്തോളം വരുന്ന വോട്ടർമാരെയാണ് കേംബ്രിഡ്ജ് അനലിറ്റിക കഴിഞ്ഞ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വാധീനിച്ചത്.
ബ്രിട്ടീഷ് പൗരരെയോരോരുത്തരെയും സംബന്ധിച്ചും ആയിരക്കണക്കിന് ഡാറ്റാ പോയിന്റുകൾ ശേഖരിച്ചുവെച്ചിരിക്കുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ സ്വതന്ത്രവും നീതിപൂർവകവുമായ തിരഞ്ഞെടുപ്പ് ബ്രിട്ടനിൽ ഇനി സാധ്യമാകാനിടയില്ലെന്ന് കരോൾ കോഡ്വാളഡർ ഈ ചിത്രത്തിൽ പറയുന്നുണ്ട്. കാരണം പൗരരുടെ ഇഷ്ടങ്ങളൊന്നും അവരുടേതല്ലാത്ത അവസ്ഥ വന്നുചേർന്നിരിക്കുന്നു. അവരോട് പറയുന്നതെന്താണോ അതാണ് അവരുടെ ഇഷ്ടം എന്ന നിലയിൽ അവരുടെ സ്വഭാവത്തെ മാറ്റിമറിക്കാൻ വൻ ഡാറ്റ കൈകാര്യം ചെയ്യുന്ന ബിസിനസ് സ്ഥാപനങ്ങൾക്ക് സാധിച്ചിരിക്കുന്നു. ഒളിനോട്ട മുതലാളിത്തം മുന്നോട്ടുവെക്കുന്ന കമ്പോളത്തിൽ, ഉല്പന്നങ്ങളും വസ്തുക്കളും മാത്രമല്ല ആശയങ്ങളെയും സ്ഥാനാർത്ഥികളെയും വരെ വിൽക്കാൻ പറ്റും എന്നർത്ഥം.
ബിഗ് ഡാറ്റ
കഴിഞ്ഞ 5 വർഷങ്ങളിൽ മിക്കവരും നിരന്തരമായി കേട്ടിരിക്കാനിടയുള്ള ഒരു വാക്കാണ് ബിഗ് ഡാറ്റ. എന്താണ് ഈ ബിഗ് ഡാറ്റ? വൻതോതിലുള്ള ഡാറ്റയെയാണ് ഈ പദം കൊണ്ട് സൂചിപ്പിക്കുന്നത്. അത് ഒരു നിശ്ചിതക്രമത്തിലുള്ളതോ തീർത്തും ക്രമരഹിതമോ ആയ ഒന്നാവാം. ഈ ഡാറ്റയുടെ അളവിനല്ല പ്രാധാന്യം. ഈ ഡാറ്റ വെച്ച് ചെയ്യുന്നതെന്താണോ അതാണ് പ്രധാനം.
കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പർച്ചേസുകളും, ഗൂഗിളിൽ നമ്മൾ നടത്തുന്ന ഓരോ തിരച്ചിലുകളും മൊബൈൽ ഫോണുമായി നമ്മൾ നടത്തുന്ന ഓരോ ചലനവും, ഫേസ്ബുക്കിലും യൂട്യൂബ് വീഡിയോകളിലും മറ്റ് പല സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിലും നമ്മൾ നൽകുന്ന ഓരോ ലൈക്കുകളും ഡിസ്ലൈക്കുകളും എവിടെയൊക്കെയോ ശേഖരിച്ചുവെക്കപ്പെടുന്നുണ്ട്.
ഡിജിറ്റൽ കാലഘട്ടത്തിൽ നമ്മൾ ഓൺലൈനോ ഓഫ് ലൈനോ ആയി ചെയ്യുന്ന ഏതൊരു പ്രവർത്തനവും അതിന്റെ ചില പാടുകൾ അവിടെ അവശേഷിപ്പിക്കുന്നുണ്ട്. നമുക്കിതിനെ digital traces എന്ന് വിളിക്കാം. കാർഡ് ഉപയോഗിച്ച് നടത്തുന്ന ഓരോ പർച്ചേസുകളും, ഗൂഗിളിൽ നമ്മൾ നടത്തുന്ന ഓരോ തിരച്ചിലുകളും മൊബൈൽ ഫോണുമായി നമ്മൾ നടത്തുന്ന ഓരോ ചലനവും, ഫേസ്ബുക്കിലും യൂട്യൂബ് വീഡിയോകളിലും മറ്റ് പല സോഷ്യൽ നെറ്റ് വർക്കിങ് സൈറ്റുകളിലും നമ്മൾ നൽകുന്ന ഓരോ ലൈക്കുകളും ഡിസ്ലൈക്കുകളും.... എല്ലാമെല്ലാം എവിടെയൊക്കെയോ ശേഖരിച്ചുവെക്കപ്പെടുന്നുണ്ട്.
ഇങ്ങനെ ശേഖരിച്ചുവെക്കപ്പെടുന്ന വിവരങ്ങൾ ബിഗ് ഡാറ്റയാണ്. ഇതുകൊണ്ട് എന്തെങ്കിലും വലിയ കാര്യലാഭം ഉണ്ടാക്കാനാവുമെന്ന് ആദ്യമൊന്നും ആരും കരുതിയിരുന്നില്ല. ഗൂഗിളിൽ normal blood sugar level എന്ന് തിരഞ്ഞാൽ മിക്കവാറും വീട്ടിൽ നിന്ന് ബ്ലഡ് ഷുഗർ ചെക്ക് ചെയ്യാനുള്ള വിവിധതരം ഗ്ലൂക്കോമീറ്ററുകളുടെ പരസ്യം നമുക്ക് വരുന്നതുപോലെ, ഒരു ബസ് ടിക്കറ്റ് ബുക്ക് ചെയ്താൽ നമ്മൾ നിരന്തരമായി യാത്ര ചെയ്യുന്ന ഒരാളാണ് എന്ന മട്ടിൽ വിവിധ ബസ് ടിക്കറ്റ് ബുക്കിങ് കമ്പനികളുടെ പരസ്യം വരുന്നതുപോലെ, നമ്മളേതെങ്കിലും ഒരു ഹോട്ടലിലോ ടൂറിസ്റ്റ് കേന്ദ്രത്തിലോ പോയാൽ അതുപോലുള്ള നിരവിധി കേന്ദ്രങ്ങളുടെ പരസ്യം നമുക്ക് വരുന്നതുപോലെ ഒക്കെയുള്ള നിസ്സാരം എന്ന് തോന്നിയേക്കാവുന്ന പരസ്യങ്ങളുടെ വിൽപനാകേന്ദ്രമായി നമ്മുടെ വിപണി ശരീരത്തെ മാറ്റുന്നു എന്നതിൽക്കവിഞ്ഞ കാര്യങ്ങളൊന്നും, നേരത്തേ പറഞ്ഞ തരത്തിൽ നമ്മളിൽ നിന്ന് ശേഖരിക്കപ്പെടുന്ന വിവരങ്ങൾ കൊണ്ട് ചെയ്യാൻ സാധിക്കും എന്ന് ആരും തന്നെ കരുതിയിരുന്നുമില്ല.
പക്ഷെ, നേരത്തേ സൂചിപ്പിച്ചതുപോലെ, ട്രംപിന്റെ വിജയവും ബ്രെക്‌സിറ്റ് ഫലവും പോലെയുള്ള തീർത്തും അപ്രതീക്ഷിതമായ ചില വൻ അട്ടിമറികൾ നടന്നപ്പോഴാണ് ബിഗ് ഡാറ്റ കൊണ്ടുള്ള കളികൾ അത്ര നിസ്സാരമല്ലെന്ന് പലർക്കും ബോധ്യമായത്; ഈ വിവരചോരണത്തിന്റെ അപകടം പലരും മനസ്സിലാക്കിത്തുടങ്ങിയതും അപ്പോഴാണ്. ഇവിടെ വ്യക്തിഗത വിവരങ്ങൾ വൻ വിനിമയ മൂല്യമുള്ള വിൽപ്പനച്ചരക്കുകളായി മാറ്റപ്പെടുകയാണ് ചെയ്യുന്നത്.
സൈക്കോളജിക്കൽ പ്രൊഫൈലിങ് ഉപയോഗിച്ചുള്ള ഈ പരിപാടി 2012ൽ ഒബാമ ക്യാംപെയ്‌നിങ്ങിലും നടത്തിയിരുന്നു എങ്കിലും ഒരു വൻകിട ഡാറ്റാ ചോരണ സ്ഥാപനത്തിന്റെ പിന്തുണയില്ലാത്തതു കൊണ്ടായിരിക്കാം, അത് വലിയ വിജയമായില്ല.
ഡാറ്റയിൽ നിന്ന് വ്യക്തിയുടെ സ്വഭാവത്തിലേക്ക്
മുകളിൽ പറഞ്ഞ കാര്യങ്ങൾ വ്യക്തമായിട്ടില്ലാത്തവർക്കായി കുറച്ചുകൂടി ലളിതമായി പറയാം. ഉദാഹരണത്തിന് ഒരു വ്യക്തി ഫേസ്ബുക്കിലോ അതുപോലുള്ള മറ്റേതെങ്കിലും സാമൂഹ്യ മാധ്യമങ്ങളിലോ ഇടുന്ന പോസ്റ്റുകളും കമന്റുകളും ലൈക്കുകളും കൃത്യമായി ആരെങ്കിലും പഠിക്കുന്നു എന്നു കരുതുക. അങ്ങനെയാണെങ്കിൽ അത്തരം ഗഹനമായ പഠനത്തിലൂടെ പോസ്റ്റിട്ട വ്യക്തിയുടെ ഒരു സൈക്കോഗ്രാഫിക് പ്രൊഫൈൽ തയ്യാറാക്കുവാൻ ബുദ്ധിമുട്ടില്ല. അയാളുടെ ഇഷ്ടങ്ങളെന്ത് അനിഷ്ടങ്ങളെന്ത്, യോജിപ്പുകളും വിയോജിപ്പുകളും ഏതിനോടൊക്കെയാണ്, അയാൾക്കുള്ള ഗുണങ്ങളെന്ത് ദോഷങ്ങളെന്ത് അയാൾക്ക് ദേഷ്യം വരുന്നതെപ്പോൾ സന്തോഷം തോന്നുന്നതെപ്പോൾ എന്നതെല്ലാം വ്യക്തമായി മനസ്സിലാക്കാനും അങ്ങനെ ആത്യന്തികമായി അയാളുടെ രാഷ്ട്രീയത്തെക്കുറിച്ചും നിലപാടുകളെക്കുറിച്ചും ഒക്കെ വളരെ വ്യക്തമായ ഒരു കാഴ്ചപ്പാടിലെത്താൻ ഈ സൈക്കോളജിക്കൽ പ്രൊഫൈലുകൾ അതുണ്ടാക്കുന്നവരെ സഹായിക്കുന്നു.
അടുത്തതായി ഈ ഫേസ്ബുക്ക് അംഗം സ്വാധീനിക്കാൻ/പാട്ടിലാക്കാൻ കഴിയുന്ന ഗണത്തിൽ പെടുന്നയാളാണോ എന്ന കൃത്യമായ നിഗമനത്തിലേക്ക് അവരെത്തിച്ചേരുന്നു. എന്ത് തരം വാർത്തകൾ/വിവരങ്ങൾ നൽകിയാൽ അവരെ വൈകാരികമായി സ്വാധീനിക്കാം എന്ന കണ്ടെത്തലിന് വിവരചോരരെ സഹായിക്കുന്നത് ഇത്തരം സൈക്കോളജിക്കൽ പ്രൊഫൈലുകളാണ്.
ഇവിടെ പറഞ്ഞിരിക്കുന്ന ഉദാഹരണത്തിൽ സൂചിപ്പിച്ചത് ഒരു വ്യക്തിയുടെ സ്വഭാവത്തെ സംബന്ധിച്ച രണ്ടോ മൂന്നോ ഡാറ്റാ പോയിന്റുകളെക്കുറിച്ച് മാത്രമാണ്. ഇത്തരത്തിൽ ഒരു വ്യക്തിയെ സംബന്ധിച്ച് എത്രയേറെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നുവോ അതിനനുസൃതമായി അവരെക്കുറിച്ച് ഉണ്ടാക്കാവുന്ന ഡാറ്റാ പോയിന്റുകളുടെ എണ്ണവും കൂടുന്നു. ഡാറ്റാ പോയിന്റുകൾ കൂടുന്നതിനനുസരിച്ച് അയാളുടെ സ്വഭാവത്തെയും പ്രകൃതത്തെയും സംബന്ധിച്ചുള്ള പഠനത്തിന്റെ വ്യക്തത കൂടുന്നു; അതോടെ അവരിലേക്ക് തൊടുക്കാവുന്ന വിവരായുധങ്ങളുടെ കൃത്യതയും കണിശതയും വർദ്ധിക്കുന്നു.
അമേരിക്കയിലെ പാട്ടിലാക്കാവുന്ന വോട്ടർമാരിലേക്ക് അവിടത്തെ പ്രധാന എതിർസ്ഥാനാർത്ഥിയായിരുന്ന ഹിലാരി ക്ലിന്റണെതിരായ നിർമിതവും തീർത്തും വ്യാജവുമായ പോസ്റ്റുകൾ നിരന്തരമായി പ്രവഹിപ്പിക്കാനാരംഭിച്ചു. പാട്ടിലാക്കാവുന്നവരായ ഓരോ വ്യക്തിയുടെയും സാമൂഹ്യ മാധ്യമങ്ങളിലെ പേർസണൽ വിലാസങ്ങളിലേക്ക് ആ വ്യക്തിയുടെ സ്വാഭാവത്തിനിണങ്ങുന്ന തരത്തിലുള്ള, അവരുടെ നിലപാടുകളുമായി യോജിച്ചുപോകുന്ന തരത്തിലുള്ള വെവ്വേറെ പോസ്റ്റുകളായാണ് ഈ വ്യാജ ആരോപണങ്ങൾ ഇത്തരത്തിൽ ഓരോരുത്തരിലേക്കും മാറിമാറി പടർന്നത്. ഈ ഗീബൽസിയൻ തന്ത്രത്തിൽ വീണു പോയ ഒരു വലിയ വിഭാഗം വോട്ടർമാരുടെ വോട്ടുകൾ പെട്ടിയിലാക്കാൻ കഴിഞ്ഞതുകൊണ്ട് മാത്രമാണ് എല്ലാ തിരഞ്ഞെടുപ്പ് പൂർവ പ്രവചനങ്ങളെയും അനാലിസിസുകളെയും കീഴ്‌മേൽ മറിച്ചു കൊണ്ട് ട്രംപ് 2016ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഈ വിജയം കേംബ്രിഡ്ജ് അനലിറ്റിക ശരിക്കും ആലോചിച്ചിരുന്നു എന്ന കാര്യം ബ്രിറ്റാനി സ്പിയേഴ്‌സ് വ്യക്തമാക്കുന്നുമുണ്ട്.
ഈ ആവശ്യത്തിലേക്കായി ഡൊണാൾഡ് ട്രംപ് കേംബ്രിഡ്ജ് അനലിറ്റികക്ക് 15 ദശലക്ഷം ഡോളറാണ് (ഏതാണ്ട് 110 കോടി ഇന്ത്യൻ രൂപ) നൽകിയിരുന്നത് എന്ന കാര്യം കേംബ്രിഡ്ജ് അനലിറ്റികയുടെ സി.ഇ.ഒ. ആയ അലക്‌സാണ്ടർ നിക്‌സ് തന്നെ ഒരു ജർമൻ വാരികക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.
ഈ സൈക്കോളജിക്കൽ പ്രൊഫൈലിങ്ങിന്റെ ഭാഗമായി കേംബ്രിഡ്ജ് അനലിറ്റിക ചെയ്ത കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് അമേരിക്കൻ ജനതയെ ഒന്നടങ്കം, അവരുടെ സ്വഭാവത്തിനനുസരിച്ച് 32 ഗ്രൂപ്പുകളായി തരംതിരിച്ചു എന്നതാണ്. 17 സംസ്ഥാനങ്ങളിൽ മാത്രമാണ് അവർ ശ്രദ്ധ കേന്ദ്രീകരിച്ചത്. അവിടങ്ങളിലാണ് വോട്ട് എങ്ങോട്ട് വേണമെങ്കിലും മറിയാനുള്ള സാധ്യത നിലനിന്നിരുന്നത്. എന്തുതന്നെയായാലും ആളുകൾ ഹിലാരിക്ക് തന്നെ വോട്ട് ചെയ്യും എന്ന് ഏതാണ്ടുറപ്പായ പ്രദേശങ്ങളിലേക്കൊന്നും അവർ പോയതേയില്ല. മറിച്ച് വോട്ട് ചെയ്യുന്നത് ആർക്കായിരിക്കണം എന്ന് അന്തിമതീരുമാനമെടുത്തിട്ടില്ലാത്ത, ആർക്ക് വോട്ടു ചെയ്താലും തനിക്കെന്താ എന്നൊക്കെ സംശയങ്ങളുള്ള ആളുകളിലേക്ക് മാത്രമായാണ് അവർ എത്തിയത്. അവരുടെ വോട്ട് ട്രംപിന് അനുകൂലമായി രീതിയിൽ എങ്ങിനെ മറിക്കാം എന്നതിലേക്കാണ് സൈക്കോളജിക് പ്രൊഫൈലിങ് വഴി ആളുകളുടെ സ്വഭാവത്തെ കുറിച്ച് നടത്തിയ കണ്ടെത്തലുകളുടെ ഫലത്തെ അവർ ഉപയോഗിച്ചതും പ്രയോഗിച്ചതും.
ഈ സിനിമയെക്കുറിച്ച് ഇത്രയും പറഞ്ഞത് ഡാറ്റ കൊടുക്കുക എന്നത് പലരും പറയുകയോ കരുതുകയോ ചെയ്യുന്നതുപോലെ അത്ര നിസ്സാരമായ ഒരു കാര്യമല്ല എന്ന കാര്യം ഉദാഹരണസഹിതം അറിയിക്കുന്നതിനാണ്. ലോക് ഡൗൺ കാലത്ത് താൽപര്യമുള്ളവർക്ക് ഈ സിനിമ കാണാനുള്ള പല സൗകര്യങ്ങളും പ്രയോജനപ്പെടുത്താവുന്നതാണ്.
ഒളിനോട്ട മുതലാളിത്തം പ്രായോഗികതലത്തിൽ
"ഉല്പാദന ഉപാധികളുടെ സാന്ദ്രീകരണം നിരന്തരം വർദ്ധിപ്പിച്ചുകൊണ്ടിരിക്കുക എന്നതാണ് വ്യവസായ മുതലാളിത്തത്തിന്റെ പ്രേരകശക്തിയെങ്കിൽ ഒളിനോട്ടമുതലാളിത്ത ശക്തികളും അവരുടെ കമ്പോളക്കളിക്കാരും സ്വഭാവപരിണാമത്തിനുള്ള ഉപാധികളുടെ സാന്ദ്രീകരണം നിരന്തരം വർദ്ധിപ്പിക്കുന്നതിലാണ് മുഴുകിയിരിക്കുന്നത്' എന്ന ഷോഷനാ സ്യൂബോഫിന്റെ നിരീക്ഷണങ്ങൾക്ക് ഈ ഘട്ടത്തിൽ ഏറെ പ്രസക്തിയുണ്ട്.
ഒളിനോട്ടമുതലാളിത്തം ആദ്യമായി പ്രയോഗിച്ചു തുടങ്ങയിത് ഗൂഗിൾ ആണ്. ഇപ്പോൾ ഗൂഗിളിനൊപ്പം ഫേസ്ബുക്ക്, ആമസോൺ തുടങ്ങിയ കമ്പനികളും ഈ രംഗത്ത് സജീവമാണ്. ഇവരെല്ലാം ചേർന്ന് നമ്മളോരോരുത്തരുടെയും പ്രകൃതത്തെക്കുറിച്ചുള്ള വിവരങ്ങൾ സമാനതകളില്ലാത്ത വിധം ശേഖരിച്ച് അതിനനുസൃതമായ ഉല്പന്നങ്ങളോ സേവനങ്ങളോ രൂപകല്പന ചെയ്യുന്നു. ലഭ്യമായിക്കൊണ്ടിരിക്കുന്ന ഡാറ്റയുടെ അളവ് ദിനംപ്രതിയെന്നോണം വർദ്ധിച്ചുവരികയുമാണ്.
ആരോഗ്യ ഇൻഷുറൻസ് മേഖലയാണ് ഇത്തരം ഡാറ്റ കൊണ്ട് തഴച്ചുവളരുന്ന മറ്റൊരു കൂട്ടർ. അമേരിക്കയിലാണെങ്കിൽ ഹെൽത്ത് ഇൻഷുറൻസ് എടുത്ത കക്ഷികളുടെ കയ്യിലുള്ള ഏതെങ്കിലും ഉപകരണത്തിൽ നിന്നുള്ള ഡിജിറ്റൽ ഫീഡ്ബാക്ക് ലഭ്യമാകുമെങ്കിൽ മാത്രമേ ചില ഇൻഷുറൻസ് കമ്പനികൾ സേവനം ലഭ്യമാക്കൂ എന്ന സ്ഥിതി പോലുമുണ്ട്. ഇവിടെയെല്ലാം വ്യക്തിവിവരങ്ങൾ നിർദാക്ഷിണ്യം വൻകിട ബിസിനസുകാർ ഉപയോഗപ്പെടുത്തുകയാണ്.
നമ്മുടെ കയ്യിലുള്ള നമ്മുടെ മാത്രമായ വിവരങ്ങളുപയോഗിച്ച് നമ്മുടെ സ്വഭാവത്തെയും പ്രകൃതത്തെയും പെരുമാറ്റത്തെയുമെല്ലാം പഠിച്ച് അതിൽ നിന്നാണ് ഒളിനോട്ടമുതലാളിത്തം വളരുന്നതും തഴയ്ക്കുന്നതും ശതകോടികളുടെ ആസ്തികൾ സൃഷ്ടിക്കുന്നതും. ഉല്പാദനത്തിനും വില്പനയ്ക്കുമുള്ള സൗജന്യ അസംസ്‌കൃതവസ്തുക്കളായി മനുഷ്യന്റെ സ്വകാര്യ അനുഭവങ്ങളെ ഏകപക്ഷീയമായി അവകാശപ്പെടുന്നിടത്താണ് അതിന്റെ യുക്തി തുടങ്ങുന്നത് തന്നെ.
നിങ്ങൾ പാർക്കിലൂടെ നടക്കുന്നതും, ഓൺലൈനിൽ ബ്രൗസ് ചെയ്യുന്നതും വിനിമയം നടത്തുന്നതും, വാഹനം പാർക് ചെയ്യുവാനുള്ള ഇടമന്വേഷിച്ചലയുന്നതും, പ്രാതൽ മേശയ്ക്ക് ചുറ്റുമിരുന്ന് സംസാരിക്കുന്നതുമെല്ലാം ഇതിന് ആവശ്യമാണ്. ഈ അനുഭവങ്ങളെല്ലാം ബിഹേവിയറൽ (നമ്മുടെ സ്വഭാവം, പ്രകൃതം, പെരുമാറ്റം എന്നിവയുമായി ബന്ധപ്പെട്ട) ഡാറ്റ എന്ന നിലയിൽ അവർ മനസ്സിലാക്കുന്നു. നമുക്ക് ആവശ്യമായ ചില ഉല്പന്നങ്ങളോ സേവനങ്ങളോ മെച്ചപ്പെടുത്തുന്നതിന് ഇതിന്റെ ചെറിയൊരംശം ഉപകരിച്ചേക്കാം. ബാക്കിയുള്ളതെല്ലാം ബിഹേവിയറൽ മിച്ചമൂല്യം എന്ന നിലയിൽ മനുഷ്യന്റെ ബിഹേവിയർ പ്രവചിച്ച് മനുഷ്യരെക്കുറിച്ച് കാര്യങ്ങൾ വളരെ കൃത്യമായി പ്രവചിക്കാവുന്ന കാര്യങ്ങൾക്കായി നീക്കിവെക്കപ്പെടും.
ഒരു മനുഷ്യൻ ഉള്ള ഭൂമിശാസ്ത്രപരമായ ഇടം, അവരുടെ വയസ്സ്, തൊഴിൽ, ജീവിതശൈലി, ശീലങ്ങൾ എന്നിവയും അയാളുടെ വ്യക്തിപരവും തൊഴിൽപരവുമായ ഇഷ്ടാനിഷ്ടങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഡാറ്റ അവശേഷിപ്പിക്കുന്ന ബിഹേവിയറൽ മിച്ചമൂല്യം ഉപയോഗിച്ചാണ് മനുഷ്യപ്രകൃതം, സ്വഭാവം, പെരുമാറ്റം എന്നിവയെക്കുറിച്ച് കൃത്യമായി അളക്കുന്നതും മനസ്സിലാക്കുന്നതും. ഗൂഗിൾ ഈ രീതി പരീക്ഷിക്കാനാരംഭിച്ച 2000 തൊട്ട് 2004 വരെയുള്ള അഞ്ച് വർഷങ്ങളിൽ അവരുടെ വരുമാനം 3590% വർദ്ധിച്ചിരുന്നു എന്ന വസ്തുത മനസ്സിലാക്കുമ്പോഴാണ് ഒളിനോട്ടമുതലാളിത്തം എന്തുമാത്രം ഭീമമായ പദ്ധതിയാണ് എന്ന് നമുക്ക് മനസ്സിലാവുക.
ഈ പുത്തൻ മുതലാളിത്ത വിപണി, നിർബന്ധമോ ബലമോ ചെലുത്തി നമ്മെ ഒരു കാര്യത്തിന് പ്രേരിപ്പിക്കുകയല്ല ചെയ്യുന്നത്; മറിച്ച് അവർ തരുന്ന സംഗീതത്തിന് അനുസൃതമായി നൃത്തം ചെയ്യുന്ന യാന്ത്രികജീവികളായി നമ്മെ മാറ്റിക്കൊണ്ടിരിക്കുകയാണ്.
ഡാറ്റ ഉപയോഗിച്ച് തന്നെയാണ് ഒളിനോട്ടമുതലാളിത്തം ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്; അതിനായി ഡാറ്റ ആർക്കെങ്കിലും മറിച്ചുവിൽക്കുകയോ ചോർത്തിക്കൊടുക്കുകയോ ഒന്നും ചെയ്യണമെന്നില്ല. ലഭ്യമായ ബിഗ് ഡാറ്റയെ കൃത്യമായി അനലൈസ് ചെയ്ത് വിദഗ്ധമായി ഉപയോഗിച്ചാൽ മതി.
ഈ രീതിയിൽ അടിച്ചേല്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ആവശ്യങ്ങൾ ജനാധിപത്യത്തെ മുകളിൽ നിന്നും കീഴിൽ നിന്നും ദ്രവിപ്പിച്ചുകൊണ്ടിരിക്കുകയാണ്. താഴേത്തട്ടിൽ, വ്യക്തിതലത്തിലുള്ള അവബോധത്തെ ഇല്ലാതാക്കുന്ന, മാനുഷിക വ്യവഹാരങ്ങളെ വിലകുറച്ചുകാണുന്ന, തീരുമാനമെടുക്കാനുള്ള അവകാശങ്ങളെ ഇല്ലാതാക്കുന്ന, സ്വാവലംബത്തെ ഇല്ലായ്മ ചെയ്യുന്ന സംവിധാനങ്ങൾ രൂപകല്പന ചെയ്തുകൊണ്ട് നമുക്ക് പൊരുതാനുള്ള അവകാശം പോലും ഇല്ലാതാക്കുന്നു.
അറിവിന്റെയും അധികാരത്തിന്റെയും അനിതരസാധാരണമായ കേന്ദ്രീകരണത്തിലേക്കാണ് ഇത് നയിക്കുക. ഒളിനോട്ടമുതലാളിത്തത്തിന്റെ പ്രയോക്താക്കൾക്ക് നമ്മെക്കുറിച്ചുള്ള സകലമാന കാര്യങ്ങളും അറിയാം, എന്നാൽ നമുക്ക് അവരെക്കുറിച്ച് ഒരു ചുക്കും അറിയുകയും ചെയ്യില്ല. നമ്മുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും താല്പര്യങ്ങളും രാഷ്ട്രീയ ചായ്‌വും വരെ ഫേസ്ബുക്ക് പോലെയുള്ള മൾട്ടിനാഷണൽ സ്ഥാപനങ്ങൾ വിൽപ്പനച്ചരക്കാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. ഫേസ്ബുക്ക് ഉപയോക്താക്കളിൽ മുക്കാൽ പങ്കിനും ഇതിനെക്കുറിച്ചൊന്നും യാതൊന്നും അറിയാത്ത സാഹചര്യമാണ് നിലവിലുള്ളതും. ഇങ്ങനെ ബിഹേവിയറൽ മിച്ചമൂല്യത്തെ കൈമുതലാക്കിയ ഒളിനോട്ടമുതലാളിത്തത്തെ നാം സൂക്ഷിച്ചേ പറ്റൂ.
ചെറിയൊരു ഡാറ്റ ആരെങ്കിലുമായി പങ്കുവെച്ചു എന്നൊക്കെ വളരെ നിസ്സാരമായി പറഞ്ഞൊതുക്കാവുന്ന ഒന്നല്ല ഈ വിഷയം. ഇത്തരം ഡാറ്റ ഇപ്പോൾത്തന്നെ എല്ലായിടത്തും ധാരാളമായി കിട്ടാനില്ലേ, അവരുടെ കയ്യിലുള്ള ഡാറ്റ വിൽക്കുന്നത് ആ ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കില്ലേ, ആധാറിൽ ബയോമെട്രിക് ഡാറ്റ അടക്കം കൊടുത്തിട്ടുള്ള നമുക്ക് ഈ ചെറിയ ഡാറ്റ കൊടുക്കുന്നതാണോ പ്രശ്‌നം എന്നൊക്കെയുള്ള മട്ടിലുള്ള പല അഭിപ്രായങ്ങളും പല കോണിൽ നിന്നും ഉയർന്നുവരുന്നുണ്ട്. അങ്ങനെ ഇതിനോടകം കൊടുത്തിട്ടുള്ള ഡാറ്റയാണെങ്കിൽ അതുപയോഗിച്ചാൽ പോരേ എന്തിനാണ് വീണ്ടും ഡാറ്റ ശേഖരിക്കുന്നത് എന്ന് തിരിച്ചു ചോദിച്ചാൽ അവയൊന്നും സ്ട്രക്‌ചേഡ് രീതിയിലല്ല എന്നൊക്കെയാവും ഇക്കൂട്ടരുടെ മറുപടി. എന്നാൽ ആധാർ ഡാറ്റ എല്ലാവരെയും സംബന്ധിച്ച് ഒരു പോലെ സ്ട്രക്‌ചേഡ് ആയി കിട്ടില്ലേ? കേന്ദ്രസർക്കാറും അത് ഉപയോഗിക്കുന്നില്ല. അപ്പോൾ പിന്നെ ഒരു കാര്യം ഉറപ്പാണ്. ഇത്തരത്തിൽ ഇതിനോടകം നൽകിക്കഴിഞ്ഞിട്ടുള്ള വ്യക്തിഗതവിവരങ്ങളിലൊന്നും ഉൾപ്പെടാത്ത എന്തോ ഒരു വിവരമെങ്കിലും ഈ പുതിയ ഡാറ്റാശേഖരണത്തിലൂടെ അധികമായി കിട്ടാനുണ്ടെന്നത് തന്നെയാണ്. അവിടെയാണ് ഈ പുതിയ ബിഗ് ഡാറ്റയുടെ കാതൽ.
ഇതേ രീതിയിലുള്ള ഡാറ്റ ഉപയോഗിച്ച് തന്നെയാണ് ഒളിനോട്ടമുതലാളിത്തം ശതകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരിക്കുന്നത്; അതിനായി ഡാറ്റ ആർക്കെങ്കിലും മറിച്ചുവിൽക്കുകയോ ചോർത്തിക്കൊടുക്കുകയോ ഒന്നും ചെയ്യണമെന്നില്ല. ലഭ്യമായ ബിഗ് ഡാറ്റയെ കൃത്യമായി അനലൈസ് ചെയ്ത് വിദഗ്ധമായി ഉപയോഗിച്ചാൽ മതി.
മഹാമാരിയുടെ കാലത്ത് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ വിവരശേഖരണം നടക്കുന്നത്. എന്തായാലും സ്പ്രിംഗ്‌ളറുമായി സർക്കാർ ഉണ്ടാക്കിയിട്ടുള്ള കരാർ ഏത് ദിശയിലേക്കാണ് നീങ്ങാൻ പോകുന്നതെന്ന കാര്യം ഇപ്പോഴും വ്യക്തമായിട്ടില്ല. ആരോഗ്യസേതു എന്ന മൊബൈൽ ആപ്ലിക്കേഷന് വേണമെങ്കിൽ ഇപ്പോൾത്തന്നെ പൗരന്മാരെ നിരന്തര നിരീക്ഷണത്തിന് വിധേയമാക്കാനുളള സാധ്യതകൾ ഉണ്ട് താനും. എന്നാൽ ഇവയെല്ലാം തന്നെ ബിഗ് ഡാറ്റയുടെ സ്റ്റോറേജും അനാലിസിസുമായി ബന്ധപ്പെട്ട കാര്യങ്ങൾ തന്നെയാണ്. ബിഗ് ഡാറ്റ ബിസിനസ് ഒരു വമ്പൻ മൂലധന സാധ്യതയാണ് മുന്നോട്ടുവെക്കുന്നത് എന്ന് നാമിത്രയും നേരം സംസാരിച്ചതുമാണ്.
അപ്പോൾ സ്പ്രിംക്ളറുമായി ബന്ധപ്പെട്ട്, വ്യക്തിഗതവിവരങ്ങളെ ഉദ്ദേശിക്കപ്പെട്ടിട്ടുള്ള ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗപ്പെടുത്തുന്നു എന്നുറപ്പുവരുത്താനുള്ള പരമാവധി സാധ്യതകൾ സർക്കാർ ഐ.ടി വിദഗ്ദ്ധരുമായി കൂടിയാലോചന നടത്തി കണ്ടെത്തേണ്ടതുണ്ട്; പൂർണമായ അർത്ഥത്തിൽ ഇത് ഒരിക്കലും സാധ്യമല്ലെങ്കിൽ പോലും.
കാരണം ബിഗ് ഡാറ്റ നൂറ് ശതമാനം സുരക്ഷിതമാക്കിവെക്കാനുള്ള മാർഗങ്ങളൊന്നും തന്നെ ഇന്ന് നിലവിലില്ലെന്നതുതന്നെ. വ്യക്തിഗതവിരങ്ങൾ പങ്കുവെക്കപ്പെടുന്നതിന് നമ്മളായിട്ട് പ്രോത്സാഹനം നൽകണോ വേണ്ടയോ എന്നത് രാഷ്ട്രീയ തിരഞ്ഞെടുപ്പാണ് എന്ന കാര്യം എല്ലാവരുടെയും മനസ്സിൽ ഉണ്ടാകേണ്ടത്. ഒരു പക്ഷെ നമ്മുടെ സ്വകാര്യത മറ്റാരുടെയെങ്കിലും മൂലധനമായി മാറുകയാവാം ചെയ്യുന്നത്.