ലോകം 1: പർപ്പിൾ റോൾസ് റോയ്സും
40 ലക്ഷത്തിന്റെ ടീ - ഷർട്ടും
കാറുകളോടുള്ള അമിത താൽപര്യം എന്നെ എന്റെ യൂട്യൂബ് അക്കൗണ്ടിലെ അൽഗോരിതം പല വീഡിയോകളിലേക്ക് എത്തിച്ചിട്ടുണ്ട്. സാങ്കേതികമായി ഏറ്റവും വേഗത ഏറിയ കാർ തൊട്ട് അവരുടെ നിർമാണ രീതികൾ കാണുന്നതുവരെ. അതിൽ കാണുവാൻ ഏറ്റവും ഇഷ്ടം റോൾസ് റോയ്സിന്റെ നിർമ്മാണ രീതിയാണ് - യൂട്യൂബിൽ കുറച്ച് വീഡിയോകൾ ഇത് കാണിച്ച് തരും. ഫാക്ടറിയിൽ ഉത്ഭവിക്കുന്ന ഒരു കലാസൃഷ്ടി എന്ന് തന്നെ പറയേണ്ടിവരും ഓരോ റോൾസ് റോയ്‌സ് കാറിനേയും.
അങ്ങനെ ഇരിക്കവേ ആണ് യൂട്യൂബിൽ ഒരു ഞെട്ടിക്കുന്ന വീഡിയോ കാണുന്നതും പിന്നീട് അതിനെ പറ്റി അന്വേഷിച്ച് വായിക്കുന്നതും. ഒരു ബിസിനസുകാരി, അവർ കഠിനാധ്വാനം ചെയ്ത് ഉണ്ടാക്കിയ പണം കൊണ്ട് റോൾസ് റോയ്‌സ് സ്വന്തമാക്കാൻ വന്നിരിക്കുന്നു. അവരെ റോൾസ് റോയ്‌സിന്റെ സെയിൽസ്മാൻ കാർ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്നു. ഇഷ്ട നിറം, ഏതു തരം ലെതർ ആണ് സീറ്റിനു വേണ്ടത്, ഏതുതരം തടിയാണ് ഇന്റീരിയറിന് വേണ്ടത്, സീലിംഗിൽ സ്റ്റാർലൈറ് (നക്ഷത്രക്കൂട്ടത്തെ അനുകരിക്കുന്ന പ്രത്യേക ലൈറ്റിംഗ് സംവിധാനം) പറക്കുന്ന ഉൽക്കയുടെ രീതിയിൽ വേണോ എന്നിങ്ങനെ പല ഘട്ടങ്ങളിലായി അവർ ഒരു നീണ്ട ചർച്ചയിൽ മുഴുകുന്നു. അവസാനം അവർ ആവശ്യപ്പെട്ട രീതിയിൽ ഉള്ള പർപ്പിൾ കാറിനുള്ള ഏകദേശ വില $5M ആണെന്നും ആണ് എന്റെ ഓർമയിൽ ഉള്ളത് - ഏകദേശം 48 കോടി രൂപ. ഇതാണ് റോൾസ് റോയ്‌സിന്റെ കച്ചവട രീതി - ആവശ്യക്കാരുടെ താല്പര്യങ്ങൾ കൂട്ടിചേർത്തുകൊണ്ട് അവരുടെ മോഡലുകൾ വിൽക്കുക.
ഒരു പുതിയ ലോകം തുറക്കുന്നത് പോലെ, കാറിൽ നിന്നുള്ള ശ്രദ്ധമാറി ഈ ഒരു കൂട്ടം മനുഷ്യരും അവരുടെ താല്പര്യങ്ങളും അവരുടെ ജീവിതരീതിയിലേക്കും ആയി എന്റെ ചിന്ത പതിഞ്ഞു. ചരിത്രത്തിലെ ഏറ്റവും വില കൂടിയ റോൾസ് റോയ്‌സ് കാറിന്റെ വില 172 കോടി രൂപ ആയിരുന്നു. ഇവരുടെ ജീവിതരീതിയെ പറ്റി കൂടുതൽ വായിച്ചപ്പോൾ കണ്ണഞ്ചിപ്പിക്കുന്ന കാര്യങ്ങളാണ് അറിയാൻ പറ്റിയത് - 96 കോടി രൂപയുടെ വാച്ച്, 4 കോടി രൂപയുടെ സ്കോച്ച് വിസ്കി (ഒരൊറ്റ കുപ്പി), എന്നിങ്ങനെ തുടങ്ങി 40 ലക്ഷത്തിന്റെ ടീ-ഷർട്ട് വരെ എത്തുന്നു.
ലോകം 2: നിർമ്മിതബുദ്ധി
ഏറ്റെടുക്കുന്ന ഭാവി
മുകളിൽ പറഞ്ഞ കൂട്ടർ അവരുടെ പ്രാഥമിക ബിസിനസ്സ് കൂടാതെ അവരുടെ സമ്പത്ത് വർദ്ധിപ്പിക്കുവാൻ വേണ്ടി പല ബിസിനസുകളിൽ നിക്ഷേപകരുമാണ്. അത് ഓയിൽ കമ്പനികൾ, ഹോസ്പിറ്റൽ ശൃംഖലകൾ തൊട്ട് AI (നിർമ്മിത ബുദ്ധി) കമ്പനികളിൽ വരെ എത്തിനിൽക്കുന്നു. ഈ അതിസമ്പന്നരുടെ (Ultra High Net Worth Individuals) പട്ടികയിൽ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് എത്തിയ കുറച്ച് പുതിയ പേരുകൾ ഇവയാണ്: സാം ആൾട്മാൻ (ഓപ്പൺ എ ഐ), ഡാരിയോ അമോഡി (ആൻ്റ്രോപിക് - ക്ലോഡ്), ജെൻസെൻ ഹോങ് (എൻവിഡിയ) ഉൾപ്പെടുന്ന AI കമ്പനികളുടെ തലവന്മാർ.
കഴിഞ്ഞ മാസം ഇവരിൽ പലരും ലോക മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു. നിർമ്മിതബുദ്ധിയെ അടിയന്തരമായി നമ്മൾ നിയന്ത്രിക്കേണ്ടതുണ്ട് അല്ലെങ്കിൽ നമ്മുടെ ഭാവിയുടെ നിയന്ത്രണം നമ്മുടെ കയ്യിൽ നിന്ന് നഷ്ടമാകും എന്നതായിരുന്നു അവരുടെ മുന്നറിയിപ്പ്. ഇതിനെ പിന്തുണച്ച് രംഗത്ത് എത്തിയത് അതിസമ്പന്നരിൽ ഒന്നാമതുള്ള ഇലോൺ മസ്ക്കും (ടെസ്ല, സ്പേസ് എക്സ്, ഗ്രോക്ക് എ ഐ തലവൻ). ഉടനെ തന്നെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ ആശങ്കയെ തള്ളിക്കളഞ്ഞുവെങ്കിലും അവർ പറഞ്ഞുവെച്ച മുന്നറിയിപ്പ് ലോകം മുഴുവനും ചർച്ച ചെയ്തു.
എന്താണ് ഇവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കാൻ പ്രേരിപ്പിച്ചത്? ഏറ്റവും കൃത്യമായ ഉത്തരം അവർക്കും ഒരുപക്ഷേ അമേരിക്കൻ സർക്കാരിനും അതിസമ്പന്നരിൽ പലർക്കും മാത്രമെ ഉണ്ടാവുകയുള്ളൂ. പക്ഷേ പല മാധ്യമങ്ങളുടെയും ടെക്നോളജിസ്റ്റുകളുടെയും ശ്രദ്ധ അതിന് മുൻപുണ്ടായ ഓപ്പൺ എഐയുടെ പുതിയ മോഡൽ പ്രകാശനത്തിലേക്ക് ആയിരുന്നു. AI കമ്പനികൾ ഓരോ പുതിയ മോഡൽ/പതിപ്പ് ഇറക്കുമ്പോഴും അതിന്റെ ചിന്തിക്കാനുള്ള കഴിവും കൂടുതൽ പ്രയാസമേറിയ ദൗത്യങ്ങൾ ചെയ്യുവാനുള്ള ശേഷിയും വർദ്ധിപ്പിച്ചിരിക്കും. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പ്രകാരമാണ് ഇത് അളക്കപ്പെടുന്നത്. അതിൽ ഒരു ശ്രദ്ധേയമായ അളവാണ് എജിഐ (AGI) സ്കോർ. AGI സ്കോർ (AGI Score) എന്നാൽ ഒരു നിർമ്മിതബുദ്ധി മോഡൽ മനുഷ്യന്റെ സർവ്വതോന്മുഖമായ ബുദ്ധിശക്തിയോട് (Artificial General Intelligence - AGI) എത്രത്തോളം അടുത്തുനിൽക്കുന്നു എന്ന് കണക്കാക്കുന്ന അളവാണ്.
സാധാരണ AI (Narrow AI) ചെസ്സ് കളിക്കുക, ഭാഷ വിവർത്തനം ചെയ്യുക തുടങ്ങിയ പ്രത്യേക ജോലികൾ മാത്രമാണ് ചെയ്യുന്നത്. എന്നാൽ AGI എന്നത് സാധാരണ മനുഷ്യനെരെപ്പോലെ പുതിയ കാര്യങ്ങൾ സ്വന്തമായി ചിന്തിച്ചു പഠിക്കാനും, യുക്തിപൂർവ്വം തീരുമാനങ്ങൾ എടുക്കാനും, മുൻപ് കണ്ടിട്ടില്ലാത്ത സങ്കീർണ്ണമായ പ്രശ്നങ്ങൾ പരിഹരിക്കാനും സാധിക്കുന്ന ഒന്നാണ്.

ഓപ്പൺ എ ഐ പ്രകാശനം ചെയ്ത പുതിയ മോഡൽ (GPT - 6 ആസ്ത്ര) ഇതുവരെ അളന്നതിൽ വെച്ച് ഏറ്റവും ഉയർന്ന AGI സ്കോർ ലഭിച്ച മോഡൽ ആണ്. ഒരു ബിസിനസ്സ് തുടക്കം മുതൽ സ്ഥിരവരുമാനം കിട്ടുന്നതുവരെ ഉള്ള പ്രവർത്തനപദ്ധതി, നയരേഖ സൃഷ്ടിക്കുക; യൂണിവേഴ്സിറ്റി തലത്തിൽ എല്ലാ വിഷയങ്ങളും പഠിപ്പിക്കുവാൻ കഴിയുക എന്നിങ്ങനെ പല ജോലികൾ താരതമേന്യ ഏറ്റവും കൃത്യമായി ചെയ്യാൻ പറ്റുന്ന മോഡലാണിത്. കോവിഡ് കഴിഞ്ഞ് ഉയർത്തെഴുന്നേൽക്കുന്ന ലോകത്തിനോട് വെറും നാല് കൊല്ലം കൊണ്ട് ഇത്രയും കാര്യക്ഷമത ഉള്ള നിർമ്മിത ബുദ്ധി ഉണ്ടാകും എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലായിരുന്നു. അതാണ് ഇതിന്റെ ഗവേഷണത്തിന്റെയും നിർമ്മാണത്തിന്റെയും വേഗത.
ഇപ്പോൾ ഇറങ്ങിയതിനേക്കാളും അത്യാധുനികവും സ്വയം ചിന്താശേഷിയും ഉള്ള മോഡലുകൾ അണിയറയിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്ന് എഐ കമ്പനികൾ തന്നെ സമ്മതിച്ചിട്ടുണ്ട്. ഇതിലും വേഗതയിൽ പൂർണമായും സ്വയം ചിന്തിക്കാൻ മോഡലുകൾക്ക് സാധിച്ചാൽ അത് അവരുടെ കൈ വിട്ടുപോകുമോ എന്ന ആശങ്കയാണ് മുകളിൽ പറഞ്ഞ തലവർ ആശങ്കപ്പെടുന്നത്. എന്നാൽ അമേരിക്കൻ സർക്കാർ ഇതിനെ ചൈനയുമായിട്ടുള്ള ഒരു മത്സര ഓട്ടമായിട്ടാണ് കാണുന്നത്.
ലോകം 3: ഭയത്തിന്റെ നിഴലിൽ
സാധാരണക്കാർ
ഐ.ടി മേഖലയിലെ കൂട്ടപിരിച്ചുവിടൽ, ഗ്രാഫിക്സ് മേഖലയിലെ എ.ഐ-യുടെ പൂർണ്ണ ഏറ്റെടുക്കൽ, നിയമമേഖല, വിദ്യാഭ്യാസം, റേഡിയോളജി എന്നിടങ്ങളിലേക്കുള്ള മുന്നേറ്റവും മുകളിൽ പറഞ്ഞ തലവർ പങ്കിട്ട ആശങ്കയും കൂട്ടിവായിച്ച് സാധാരണക്കാർ പരിഭ്രാന്തരാകുന്നതിൽ അവരെ കുറ്റം പറയാൻ പറ്റില്ല. ഇത് ഇന്ത്യയിൽ ഉൾപ്പെടെ ലോകമെമ്പാടും പല ലക്ഷണങ്ങളായി പ്രതിഫലിക്കുന്നുണ്ട്. ഒരു ടെക് ഹബ്ബായ ബാംഗ്ലൂരിലിരുന്ന് ചുറ്റും നോക്കിയാൽ ഈ അനിശ്ചിതത്വത്തിന്റെ ലക്ഷണങ്ങൾ കാണാം. ഐ.ടി രംഗത്തെ കരിയർ അരക്ഷിതാവസ്ഥ കാരണം ദീർഘകാല ബാധ്യതകളായ ഭവനവായ്പകളിലേക്കും വലിയ സാമ്പത്തിക പ്ലാനുകളിലേക്കും കടക്കാൻ പലരും മടിക്കുന്നു. തങ്ങളുടെ ഇന്നത്തെ ജോലി നാളെ ഉണ്ടാകുമോ എന്ന ചോദ്യം സാധാരണക്കാരെ സംബന്ധിച്ച് സ്വാഭാവികമാണ്.

ഏതു വ്യവസായവും മേഖലയും പരിശോധിച്ചാൽ ഒരോ അഞ്ചു കൊല്ലങ്ങൾ കൂടുംതോറും അതിന് ഒരു പ്രക്രിയമാറ്റം സംഭവിക്കും. നമ്മുടെ ഇടയിലെ ഏതൊരു വിജയിച്ച് മുന്നേറുന്ന വ്യവസായിയും കൃത്യമായ പദ്ധതികളിലൂടെ ഈ മാറ്റങ്ങളെ തന്റെ ബിസിനസ്സിൽ ഇണക്കിച്ചേർത്തവരാണ്. ഇപ്രാവശ്യം ഒരേ ഒരു വ്യത്യാസം മാത്രം - എല്ലാ മേഖലകളും വ്യവസായവും മാറേണ്ടത് AI ഉൾക്കൊണ്ടാകണം. എവിടെ തുടങ്ങണം, എങ്ങനെ ചെയ്യണം എന്ന സംശയങ്ങൾ ഏതൊരു മാറ്റത്തിന്റെയും കൂടെ വരുന്ന ചോദ്യങ്ങൾ ആണെങ്കിലും ഇത്തവണ നമ്മൾ അത് AI-യോട് തന്നെ ചോദിച്ച് മിനിറ്റുകൾക്കുള്ളിൽ ലോകത്തിന്റെ അപ്പുറത്തെ അറ്റത്ത് എങ്ങനെ ഇതേ മേഖലയിൽ AI ഉപയോഗിക്കപ്പെടുന്നു എന്നറിയാൻ പറ്റും. അതിനെ എങ്ങനെ ഉപയോഗിക്കാം എന്ന് അതിനോട് തന്നെ ചോദിച്ച് പഠിക്കുക. കൂടുതൽ ആഴത്തിൽ ഉള്ള ചോദ്യങ്ങൾ അത്രയും വിശദമായ ഉത്തരങ്ങൾ ലഭിക്കും. അതിനു നിങ്ങൾക്ക് ഓപ്പൺ ഇ ഐ - യുടെ ചാറ്റ് ജി പി ടി, ഗൂഗിളിന്റെ ജെമിനി എന്നിങ്ങനെ ഏതൊരു ആപ്പും ഉപയോഗിച്ച് തുടങ്ങാവുന്നതാണ്. ഒരു പ്രധാന യാഥാർഥ്യം ഇതാണ്: AI ഇല്ലാത്ത ഒരു ലോകത്തേക്ക് ഇനി ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ല.
അപ്പോൾ ഈ മൂന്ന് ലോകങ്ങളും
തമ്മിലുള്ള ബന്ധം?
ബന്ധം ഉണ്ട്. നമ്മൾക്ക് ആദ്യത്തെ ലോകത്തേക്ക് തിരിച്ചുപോകാം - കണ്ണഞ്ചിപ്പിക്കുന്ന ജീവിതരീതികൾ ഉള്ള അതിസമ്പന്നരുടെ ലോകത്തേക്ക്. പക്ഷെ ഈ ലോകത്തിലെ കൗതുകകരമായ ഒരു കാര്യം എന്തെന്നാൽ, ഈ അതിസമ്പന്നരിൽ 80 ശതമാനത്തോളം പേരുടെയും ആസ്തി നേരിട്ട് ആശ്രയിച്ചിരിക്കുന്നത് നമ്മൾ തൊട്ടുമുൻപ് പറഞ്ഞു വെച്ച സാധാരണ ജനങ്ങളുടെ വാങ്ങൽശേഷിയെയാണ്. ആമസോൺ, വാൾമാർട്ട്, ലൂയിസ് വിട്ടൺ എന്നിങ്ങനെ പല (അതിസമ്പന്ന) കമ്പനികളുടെ നേരിട്ടുള്ള വരുമാനം അവരുടെ ഉപഭോക്താക്കൾ അവരുടെ ഉത്പന്നങ്ങൾ വാങ്ങുന്നുണ്ടോ ഇല്ലയോ എന്നതിനെ ആശ്രയിച്ചിരിക്കും.
എന്നാൽ ലോകം -2-ലെ തലപ്പത്തുള്ളവർ പങ്കുവെച്ച ആശങ്ക ഒരു യാഥാർഥ്യമായാൽ - മനുഷ്യ രാശിക്ക് വരെ ഇത് ഒരു വെല്ലുവിളി ആകുമെന്നതിൽ സംശയം ഇല്ല. എല്ലാ മേഖലകളിളിലും ആയിട്ട് ലോകമെമ്പാടും ജോലി എ.ഐ-നെ കൊണ്ട് പകരം വെച്ചാൽ സാധാരണക്കാരുടെ അടിസ്ഥാന വരുമാനം ഇല്ലാണ്ടാവുകയും അവർക്കു ജീവിക്കാൻ വേണ്ടി സർക്കാരുകളെ ആശ്രയിക്കേണ്ടിയും വരും എന്നത് ഭാവിയിൽ നടക്കാവുന്ന ഒരു സാധ്യതയാണ് എന്നാണ് ഇലോൺ മസ്ക് പ്രവചിച്ചിരിക്കുന്നത്. അങ്ങനെ ആയാൽ സർക്കാരുകൾ എല്ലാർക്കും അടിസ്ഥാന വരുമാനം (Universal Basic Pay) കൊടുക്കേണ്ടിവരും എന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.

അടിസ്ഥാന വരുമാനം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇതിലൂടെ വ്യക്തമാകുന്നത് ഒന്നാണ് - ജനങ്ങളുടെ വാങ്ങൽശേഷിയിൽ വൻ ഇടിവ് ഉണ്ടാകും. ജീവിക്കാൻ കഷ്ടപ്പെടുന്നവർക്ക് ഇ-കോമേഴ്‌സ് ആപ്പുകളിൽ ഷോപ്പിംഗ് ചെയ്യാനോ, ബ്രാൻഡഡ് വസ്ത്രങ്ങൾ വാങ്ങാനോ ഇഷ്ടപെട്ട ഭക്ഷണശാലയിൽ നിന്ന് ഇഷ്ട ഭക്ഷണം ആപ്പുവഴി ഓർഡർ ചെയുന്നത് പോയിട്ട് നേരിട്ടുപോയി കഴിക്കാൻ കഴിയുമോ, തോന്നുമോ എന്നത് സാമ്പത്തിക ശാസ്ത്രജ്ഞർ ആലോചിച്ച് തുടങ്ങയിട്ട് കുറച്ച് കാലമായി. അതുകൊണ്ടു തന്നെ അവരിലും ഇതിനു പരിഹാരം കണ്ടെത്തും വരെയും ഭയം ഉണ്ടാകും എന്നതിൽ സംശയമില്ല, പലരും അത് പ്രകടിപ്പിച്ചിട്ടുമുണ്ട്.
എന്റെ ചിന്ത വീണ്ടും ഇഷ്ടനിറത്തിലുള്ള റോൾസ് റോയ്‌സ് മേടിക്കുന്നവരിൽ പതിഞ്ഞു. അവരുടെ ബിസിനസ്, അത് എന്തുമാവട്ടെ, വാങ്ങൽശേഷി ഉള്ള ഉപഭോക്താക്കൾ ഇല്ലെങ്കിൽ ഇടിയും എന്നത് ഉറപ്പാണ്. ബിസിനസ്സ് ഇടിഞ്ഞാൽ പിന്നെ എങ്ങനെ അവർ ആ റോൾസ് റോയ്‌സ് മേടിക്കും? എങ്ങനെ അവരുടെ ജീവിതരീതി നിലനിർത്താൻ കഴിയും? കഴിയില്ല. കാരണം അവരുടെ തകർച്ച അവരുടെ നിയന്ത്രണത്തിൽ അല്ലാതെ ആകും. നമ്മൾ നമ്മളുടെ ഭാവിയെ പറ്റി ഭയപ്പെടുന്നതിനേക്കാളും അവർ അവരുടെ ഭാവിയെ പറ്റി ഓർത്ത് ആശങ്കപ്പെടുന്നുണ്ട്.
AI നിറഞ്ഞ ഭാവി മനുഷ്യരാശിയുടെ അന്ത്യത്തിനോ ഉട്ടോപ്യൻ സോഷ്യലിസത്തിലേക്കോ എത്തുന്നതിനു മുൻപ് തന്നെ മുതലാളിത്തത്തിന്റെ കൈകളാൽ രക്ഷിക്കപ്പെടും എന്ന് വിശ്വസിക്കാം. അതുകൊണ്ട്, ചരിത്രം നമ്മളെ പഠിപ്പിക്കുന്നതുപോലെ ഭയപ്പെടാതെ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്.
അവരുടെ നിയന്ത്രണത്തിൽ ഇപ്പോൾ എന്താണുള്ളത്? വിളിപ്പുറത്തുള്ള അതിസമ്പന്നരുടെയും രാജ്യതലവന്മാരുടെയും കൂട്ടം - ലോകത്തിന്റെ പവർ ഗ്രൂപ്പ്. അവർ ഒന്നിച്ച് ഏതു വിതെനയും എഐ-യുടെ വളർച്ചയും വേഗതയും നിയന്ത്രിക്കും, അല്ലെങ്കിൽ ജനങ്ങളുടെ കയ്യിൽ പണം ഇല്ലാത്ത അവസ്ഥ അവർ ഒഴിവാക്കും. കമ്പനികളെ നയിക്കുന്നവരുടെ മുന്നറിയിപ്പിന് പിന്നിലും ഇവർ ഇല്ല എന്ന് നമുക്ക് തള്ളിപ്പറയാൻ പറ്റില്ല. എന്നാൽ ഈ അനുമാനം/സിദ്ധാന്തം/ഊഹം എന്റെ ഭാവനയിൽ മാത്രമാണോ? സാമ്പത്തിക ശാസ്ത്രജ്ഞർ അല്ല എന്ന് പറയും. ഏത് സാമ്പത്തിക ശാസ്ത്രജ്ഞർ എന്ന് നിങ്ങൾ ചോദിച്ചാൽ, സാക്ഷാൽ കാൾ മാർക്സ് തൊട്ട് ജോൺ മെയ്നാർഡ് കെയ്ൻസ് വരെ എത്തി നിൽക്കുന്നു.

മാർക്സിന്റെ നിരീക്ഷണത്തിൽ മുതലാളിമാർ സ്വയം സൃഷ്ടിക്കുന്ന പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ പുതിയ വഴികൾ തേടേണ്ടി വരും. എന്നാൽ തൊഴിലാളികളുടെ ചൂഷണം അതിരുകടക്കുമ്പോൾ വിപ്ലവത്തിലൂടെയാണ് മാറ്റം വരികയെന്ന് അദ്ദേഹം വിശ്വസിച്ചെങ്കിലും, വ്യവസ്ഥിതിയെ തകർച്ചയിൽ നിന്ന് താത്കാലികമായി രക്ഷിക്കാൻ മുതലാളിമാർ തന്നെ നയപരമായ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതരാകുമെന്നും മാർക്സിയൻ സാമ്പത്തിക ശാസ്ത്രം ചർച്ച ചെയ്യുന്നുണ്ട്. ഇനി കെയ്ൻസിന്റെ സിദ്ധാന്തം നോക്കിയാലോ - മുതലാളിത്തം അതിന്റെ സ്വാഭാവിക അവസ്ഥയിൽ കടുത്ത മാന്ദ്യത്തിലേക്കും ഡിമാൻഡ് കുറയുന്ന അവസ്ഥയിലേക്കും (Demand Deficient) എത്തുമ്പോൾ, വിപണിയെയും വാങ്ങൽശേഷിയെയും രക്ഷിക്കാൻ വലിയ തോതിലുള്ള ഇടപെടലുകൾ ആവശ്യമാണെന്ന് അദ്ദേഹം വാദിച്ചു. സമ്പത്ത് കുന്നുകൂട്ടി വെക്കുന്ന അതിസമ്പന്നരും മുതലാളിമാരും നേരിട്ടോ സർക്കാരുകൾ വഴിയോ പണം വിപണിയിലേക്ക് ഇറക്കണമെന്നും, എങ്കിൽ മാത്രമേ മുതലാളിത്ത വ്യവസ്ഥിതി നിലനിൽക്കൂ എന്നും കെയ്ൻസ് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അപ്പോൾ AI നിറഞ്ഞ ഭാവി മനുഷ്യരാശിയുടെ അന്ത്യത്തിനോ ഉട്ടോപ്യൻ സോഷ്യലിസത്തിലേക്കോ എത്തുന്നതിനു മുൻപ് തന്നെ മുതലാളിത്തത്തിന്റെ കൈകളാൽ രക്ഷിക്കപ്പെടും എന്ന് വിശ്വസിക്കാം. അതുകൊണ്ട്, ചരിത്രം നമ്മളെ പഠിപ്പിക്കുന്നതുപോലെ ഭയപ്പെടാതെ മാറ്റങ്ങളെ ഉൾക്കൊണ്ട് മുന്നോട്ട് പോവുകയാണ് വേണ്ടത്. ചുരുക്കത്തിൽ പറഞ്ഞാൽ ഇന്നത്തെ കാര്യം ഇന്ന് നോൽക്കുക എന്ന് പണ്ടുള്ളവർ പറയാറുള്ളത് പോലെ, ഇന്ന് AI-യെ ഉപയോഗിക്കാൻ പഠിക്കുക, ഉപയോഗിക്കുക, ഭയക്കേണ്ടതില്ല. അത് ജോലിയിലും, പഠനത്തിലും, ഗവേഷണത്തിലും, വ്യവസായത്തിലും കർശനമായി ഉപയോഗിക്കുക.

