ഇന്റർനാഷണൽ സ്‌പേസ് സ്റ്റേഷനിൽ കുടുങ്ങിയ അമേരിക്കൻ ബഹിരാകാശ യാത്രിക സുനിത വില്യംസും സഹയാത്രികൻ യൂജിൻ ബുച്ച് വിൽമോറും ഭൂമിയിലെത്താൻ അടുത്ത വർഷം ഫെബ്രുവരി വരെ കാത്തിരിക്കണമെന്ന് നാസ. എന്നാൽ മടക്കം ബോയിങ്ങിന്റെ സ്റ്റാർ ലൈനറിലായിരിക്കില്ല, പകരം സ്‌പേസ് എക്‌സിന്റെ ക്രൂ - 9 മിഷന്റെ ഡ്രാഗൺ ക്രൂ കാപ്‌സ്യൂളാവും ഇരുവരെയും ഭൂമിയിലെത്തിക്കുക. ബോയിങ്ങ് സ്റ്റാർലൈനർ ഐ.എസ്.എസിന് അരികിലെത്തിയപ്പോൾ പേടകത്തിൽ നിന്ന് വാതകച്ചോർച്ച ഉണ്ടായതാണ് പ്രതിസന്ധിക്ക് കാരണമായത്. ചില യന്ത്രഭാഗങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയാതിരുന്നതും ദൗത്യം ദുഷ്‌കരമാക്കിയിരുന്നു. ഇതിന് പുറമേ പേടകത്തിന്റെ സഞ്ചാരം സുഗമമാക്കുന്ന ത്രസ്റ്ററുകൾ കൂടി പണി മുടക്കിയിരുന്നു. ഇത് പരിഹരിക്കാൻ ശ്രമിച്ചിട്ടും സാധ്യമായില്ല.
നിലവിലെ സാഹചര്യത്തിൽ ഇരുവരെയും തിരികെക്കൊണ്ടുവരുന്നത് അപകടമേറിയ ദൗത്യമാണെന്ന് നാസ വ്യക്തമാക്കി. യാത്രികരുടെ സുരക്ഷയാണ് പ്രധാനം. ഇതോടെ, ബോയിങ്ങിന്റെ സ്റ്റാർലൈനർ യാത്രക്കനാരില്ലാതെ ഭൂമിയിലേക്ക് തിരിക്കുമെന്ന് ഉറപ്പായി. സെപ്റ്റംബർ ആദ്യത്തോടെ സ്റ്റാർലൈനർ സുരക്ഷിതമായി എത്തിക്കാനാണ് ശ്രമമെന്നും നാസ അറിയിച്ചു. ഇതോടെ എട്ട് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ദൗത്യം എട്ടുമാസത്തോളം നീളും. 2025 ഫെബ്രുവരിയിൽ തിരിച്ചെത്തുന്നത് വരെ ഗവേഷണം, സിസ്റ്റം ടെസ്റ്റിംഗ് എന്നിവ ഉൾപ്പെടെയുള്ള ജോലികൾ സ്റ്റേഷനിൽ തുടരുമെന്നും നാസ അറിയിച്ചു. തിരിച്ചെത്തുന്ന സ്റ്റാർലൈനറിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ബോയിങ്ങും നാസയും ശേഖരിക്കും. പലവട്ടം മാറ്റിവച്ചശേഷം ജൂൺ അഞ്ചിനാണ് ബോയിങ്ങ് സ്റ്റാർലൈനർ പേടകത്തിന്റെ, മനുഷ്യരെ വഹിച്ചുള്ള ആദ്യ പരീക്ഷണ ദൗത്യത്തിന്റെ ഭാഗമായി സുനിത വില്യംസ്, ബുച്ച് വിൽമോർ എന്നിവരെ ബഹിരാകാശ നിലയത്തിലെത്തിയത്. വാണിജ്യ ആവശ്യങ്ങൾക്കായി സ്റ്റാർലൈനർ എങ്ങനെ ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ് നാസയുമായി ചേർന്നുളള പരീക്ഷണം. നാസയുടെ ഈ ദൗത്യത്തിന് പേര് നൽകിയിരുന്നത് ക്രൂ ഫ്‌ളൈറ്റ് ടെസ്റ്റ് എന്നാണ്.
ബഹിരാകാശത്ത് കുടുങ്ങിയ സുനിത വില്യംസ് മടങ്ങിയെത്തുക ഫെബ്രുവരിയിൽ
സുനിത വില്യംസ് മടങ്ങുക സ്പേസ് എക്സ് പേടകത്തിൽ. ബോയിങ്ങ് സ്റ്റാർലൈനർ ആളില്ലാതെ മടങ്ങും. എട്ട് ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ദൗത്യം എട്ടുമാസത്തോളം നീളും