എന്തുകൊണ്ട് ഇന്ത്യയിൽ നിന്ന് ഒരു മൈക്രോസോഫ്‌റ്റോ ഗൂഗിളോ ആപ്പിളോ ഉണ്ടാകുന്നില്ല?

നമ്മുടെ കുട്ടികളുടെ ബുദ്ധിശക്തിയുടെ കുറവല്ല മറിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും, യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ സാഹചര്യങ്ങളുടെയും കുഴപ്പം കൊണ്ടാണ് പുതിയ കമ്പനികളും ആശയങ്ങളും കണ്ടുപിടുത്തങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടാകാത്തത്

"മ്പ്യൂട്ടർ സയൻസ് കോഴ്‌സിൽ ചേരാൻ വരുന്നവർ Python പോലുള്ള ഒരു പ്രോഗ്രാമിങ് ഭാഷ പഠിച്ചിട്ട് വരണം. രണ്ട് ദിവസങ്ങൾ കൊണ്ട് ഒരു കമ്പ്യൂട്ടർ ഭാഷ പഠിച്ചെടുക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം'- എന്റെ മൂത്ത മകൻ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ ബെർക്കിലി ക്യാമ്പസിൽ കമ്പ്യൂട്ടർ സയൻസ് മേജർ ആയി എടുത്തു ചേരാൻ തീരുമാനിച്ചപ്പോൾ യൂണിവേഴ്‌സിറ്റിയിൽ നിന്ന് വന്ന ഇമെയിലിൽ ഉണ്ടായിരുന്ന വാചകമാണ്.

പ്രോഗ്രാമിങ് ലാംഗ്വേജ് പഠിക്കാനല്ലേ നമ്മൾ കമ്പ്യൂട്ടർ സയൻസ് വിഷയം ആയെടുത്ത് യൂണിവേഴ്‌സിറ്റിയിൽ ചേരുന്നത്, അവർ തന്നെ ഇത് നമ്മൾ സ്വന്തമായി പഠിച്ചുവരണം എന്നുപറഞ്ഞാൽ പിന്നെ അവരെന്തു തേങ്ങയാണ് ഇവരെ പഠിപ്പിക്കാൻ പോകുന്നത് എന്നാണ്​ ഞാൻ ആലോചിച്ചത്. കാരണം ഞാൻ തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ എം.സി.എ ചെയ്യുമ്പോളാണ് പാസ്‌കൽ, ഫോർട്രാൻ കോബോൾ, സി, സി പ്ലസ് തുടങ്ങിയ കമ്പ്യൂട്ടർ പ്രോഗ്രാമിങ് ഭാഷകൾ പഠിച്ചത്. പിന്നെ രണ്ടുദിവസം കൊണ്ട് എന്തായാലും ഒരു ഭാഷ പഠിക്കാൻ സാധിക്കില്ല എന്ന് എനിക്കുറപ്പായിരുന്നു.

അവൻ കോഴ്‌സ് തുടങ്ങുന്നതിനു മുൻപുള്ള വേനൽക്കാലത്ത് കുത്തിയിരുന്ന്​ഒരു പുസ്തകം നോക്കി പൈത്തോൺ തനിയെ പഠിച്ചു. കൊറോണ കാരണം കോഴ്‌സ് തുടങ്ങുന്നതിനു മുൻപ് കുറച്ച് ഇലക്​​ട്രോണിക്‌സ് സാധനങ്ങൾ യൂണിവേഴ്‌സിറ്റി അയച്ചു കൊടുക്കുകയും ചെയ്തു. കോഴ്‌സ് തുടങ്ങി ഇടയ്ക്കിടെ ഇവൻ എന്താണ് പഠിക്കുന്നത് എന്ന് ഞാൻ അന്വേഷിച്ചുകൊണ്ടിരുന്നു. ഞാനും ഒരു സോഫ്റ്റവെയർ എഞ്ചിനീയർ ആയതുകൊണ്ട് കുറെ ചോദ്യങ്ങൾ പുള്ളി എന്നോടും ചോദിച്ചു. പക്ഷെ ഒരെണ്ണത്തിന് പോലും എനിക്ക് ഉത്തരമുണ്ടായില്ല, കാരണം പുള്ളി ചോദിക്കുന്ന ചോദ്യങ്ങൾ ഞാൻ പ്രതീക്ഷിച്ച ചോദ്യങ്ങൾ ആയിരുന്നില്ല. ഏതെങ്കിലും പ്രോഗ്രാമിങ് ലാംഗ്വേജ് വച്ച് എങ്ങിനെ പ്രോഗ്രാം എഴുതണം എന്നൊക്കെ സംശയം പ്രതീക്ഷിച്ച എനിക്ക് നേരെ ആദ്യത്തെ നാലു മാസങ്ങളിൽ വന്ന സംശയങ്ങൾ ഇവയാണ്:

1 . ഒരു അക്രമം നടന്ന സ്ഥലത്തു നിന്ന് ഒരു കാറിന്റെ നമ്പർ പ്ലേറ്റിന്റെ ഫോട്ടോ കിട്ടുന്നു, പക്ഷെ ഒരു വളവ് തിരിയുന്ന സമയത്താണ് ഫോട്ടോ എടുത്തത് എന്നതുകൊണ്ട് നമ്പർ പ്ലേറ്റിലെ അക്ഷരങ്ങൾ ഒട്ടും വ്യക്തമല്ല. ഒരു പ്രോഗ്രാം എഴുതി ഈ ഫോട്ടോ നേരെ ആക്കി, നമ്പർ പ്ലേറ്റിലെ അക്ഷരങ്ങൾ എന്താണെന്നു കണ്ടുപിടിക്കുക. (ഈ ചോദ്യം കൊടുത്ത ഹാനി ഫരീദ് ഡിജിറ്റൽ ഫോറൻസിക് എന്ന ശാസ്ത്ര ശാഖയിലെ തലതൊട്ടപ്പൻ ആയാണ് അറിയപ്പെടുന്നത്, ഈ ചോദ്യം പുള്ളിയുടെ ഒരു കേസ് ഡയറിയിൽ നിന്നാണ്. ഇവിടെ പഠിപ്പിക്കുന്ന അദ്ധ്യാപകരിൽ പലരും ഈ മേഖലകളിലെ പുലികളാണ്).

2 . യൂണിവേഴ്‌സിറ്റി അയച്ചുകൊടുത്ത കിടുതാപ്പുകൾ വച്ച് ഒരു കാമറ ഉണ്ടാക്കുക. മൂന്നോ നാലോ ഫോട്ടോ സെൻസറുകൾ മാത്രമാണ് ഉള്ളത് അതിൽ വീഴുന്ന വെളിച്ചം കണക്കു ഉപയോഗിച്ച് വിശകലനം ചെയ്ത് ഫോട്ടോ ഉണ്ടാക്കി എടുക്കണം.

3. രണ്ടു ചക്രങ്ങളിൽ പോകുന്ന സെഗ്‌വേ സ്വയം ബാലൻസ് ചെയ്യാനുള്ള കണക്കുകൾ കണ്ടുപിടിക്കുക.

4. ഒരു റോഡിന്റെ രണ്ടു വശങ്ങളിലായി രണ്ടു രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങൾ ഒരേ സമയം നടക്കുന്നു. രണ്ടുപേർ കുറച്ചു ദൂരം മാറിനിന്നു അവരുടെ പ്രസംഗങ്ങൾ റെക്കോർഡ് ചെയ്യുന്നു. രണ്ടു പ്രസംഗങ്ങളുടെയും ശബ്ദങ്ങൾ കലർന്ന രണ്ടു ഓഡിയോ ഫയലുകൾ തന്നിട്ടുണ്ട് കേട്ടാൽ ഒന്നും മനസിലാകില്ല. റെക്കോർഡ് ചെയ്യുന്ന രണ്ടുപേരും സ്റ്റേജിന്റെ എത്ര ദൂരെ എത്ര വശത്തേക്ക് മാറി നില്കുന്നു എന്ന വിവരം മാത്രം നൽകിയാൽ ഇവയിൽ നിന്ന് ഓരോ പ്രസംഗവും ലീനിയർ അൽജിബ്ര ഉപയോഗിച്ച് വേർതിരിച്ച എടുക്കുക. (സത്യം പറഞ്ഞാൽ വേർതിരിച്ചെടുത്ത് ഈ പ്രസംഗങ്ങൾ കേൾക്കുമ്പോൾ നമ്മൾ അത്ഭുതം കൂറും, അത്രക്ക് ക്ലിയർ ആയാണ് ഓരോ ശബ്ദവും വരിക, ഇടകലർന്ന ശബ്ദം കേട്ടാൽ അതിനകത്തു ഒരു പ്രസംഗം ഉണ്ടെന്നു നമുക്ക് തോന്നുകയേ ഇല്ല).

ഇതോടു കൂടി ഞാൻ അവന്റെ അടുത്തേക്ക് പോകാതെ ആയി. വെറുതെ എന്തിനാണ് നമ്മുടെ അറിവില്ലായ്മ കുട്ടികളുടെ മുൻപിൽ കാണിക്കുന്നത്. രണ്ടാമത്തെ സെമെസ്റ്ററിൽ കാര്യങ്ങൾ കൂടുതൽ കൈവിട്ടു പോയി. കഴിഞ്ഞ ദിവസം അവൻ ഒരു പുതിയ കമ്പ്യൂട്ടർ ലാംഗ്വേജ് ഉണ്ടാക്കി കാണിച്ചു. കാരണം ഒരു പ്രോഗ്രാമിങ് ലാംഗ്വേജ് എങ്ങിനെ ഉണ്ടാക്കാം എന്ന് വേണ്ട എല്ലാ സംഭവങ്ങളും ആദ്യത്തെ സെമെസ്റ്ററിൽ അവരെ പഠിപ്പിച്ചു കഴിഞ്ഞിരുന്നു. അതിനു വേണ്ടി അവരെ ലിസ്പ് എന്നൊരു ഭാഷ പഠിപ്പിച്ചു, ആ അറിവ് വച്ച് സ്‌കീം എന്നൊരു പുതിയ ഭാഷ അവരെക്കൊണ്ട് തന്നെ പൈത്തോണിൽ എഴുതിപ്പിച്ചു.

ചുരുക്കിപ്പറഞ്ഞാൽ ഞാൻ കോളേജിൽ നിന്നിറങ്ങുമ്പോൾ എന്റെ തലയിൽ ഒരു കുട്ട നിറയെ കമ്പ്യൂട്ടർ ഭാഷകൾ ആകുന്ന മീനുകൾ തന്നുവിട്ടുവെങ്കിൽ ഇവർക്ക് രണ്ടാം സെമെസ്റ്ററിൽ തന്നെ മീൻ പിടിക്കാൻ പഠിപ്പിച്ചു കൊടുത്തു, കയ്യിൽ ചൂണ്ടയും കൊടുത്തു കഴിഞ്ഞു. ഇനി കടലിൽ മീൻ ഉള്ളിടത്തോളം കാലം അവർ മീൻ പിടിച്ചു ജീവിച്ചോളും.

ഇത് കൂടാതെ ലീനിയർ അൽജിബ്ര, പ്രോബബിലിറ്റി, സ്റ്റാറ്റിസ്റ്റിക്സ്, Multivariable calculus എന്നിവ ഉപയോഗിച്ച് മെഷീൻ ലേണിംഗിൽ ഉപയോഗിക്കുന്ന അൽഗരിതങ്ങളെ കുറിച്ച് ഒരു ക്ലാസ് കൂടി നിതിൻ എനിക്കെടുത്തു തന്നു. എന്റെ തലയിൽ നിന്ന് ആയിരം കിളികൾ പറന്നുപോയെന്നു പറഞ്ഞാൽ മതിയല്ലോ. ഇപ്പോൾ ഇവൻ എങ്ങിനെയെങ്കിലും കൊറോണ കഴിഞ്ഞു യൂണിവേഴ്‌സിറ്റിയിൽ പോയാൽ മതി എന്ന അവസ്ഥയിൽ ആയി ഞാൻ. മാത്രമല്ല ഞാൻ ഒരു സോഫ്റ്റ്​വെയർ എൻജിനീയർ ആണെന്ന തോന്നലും പോയിക്കിട്ടി.

ഇനി ഇതിൽ കൂടുതൽ എന്താണ് പഠിക്കാനുള്ളത് എന്ന് അത്ഭുതപ്പെട്ടിരിക്കുമ്പോൾ ഒരു കാര്യം നടന്നു. റിങ് എന്ന പ്രശസ്തമായ ഒരു സെക്യൂരിറ്റി കാമറ ഉണ്ടാക്കിയ ഒരാളെ ഇവർക്ക് സെമിനാർ എടുക്കാൻ കൊണ്ടുവന്നു. ഇവന്മാരെ കാമറ ഉണ്ടാകന്ന പഠിപ്പിച്ച കാര്യം ഞാൻ നേരത്തെ പറഞ്ഞില്ലേ? അതിന്റെ യഥാർത്ഥ ലോകത്തിലെ വിജയ കഥയാണ് റിങ്. വാതിലിൽ പിടിപ്പിച്ചാൽ ആരെങ്കിലും വാതിലിൽ വന്നാൽ നമ്മുടെ ഫോണിൽ അലെർട്ട്​ വരുന്ന സംഭവം ആണിത്. ആമസോൺ ഈ കമ്പനി വാങ്ങിയത് ഒരു ബില്യൺ ഡോളറിനാണ്. ആ സെമിനാർ കൂടി കഴിഞ്ഞപ്പോൾ പ്രധാന പല കാര്യങ്ങൾ ഇവർ രണ്ടു സെമസ്റ്ററിൽ പഠിച്ചു കഴിഞ്ഞു എന്നെനിക്ക് മനസിലായി. 1. ഹാർഡ്‌വെയർ
2. സോഫ്റ്റ്​‌വെയർ
3. അതുവെച്ച്​ എങ്ങനെ പ്രോഡക്റ്റ് ഉണ്ടാക്കാം
4. അത് എങ്ങനെ മാർക്കറ്റ് ചെയ്യാം.
5. ഇതിന്റെ പിറകിലെ കണക്കും ശാസ്ത്രവും.

അമേരിക്കയിൽ എന്തുകൊണ്ടാണ് മൈക്രോസോഫ്റ്റ്​, ആപ്പിൾ, ഗൂഗിൾ തുടങ്ങി അനേകം സംരംഭങ്ങൾ ഉണ്ടാകുന്നത് എന്ന് ഇത്രയും കൊണ്ടുതന്നെ എനിക്ക് മനസിലായി. ഇവരുടെ പ്രൊഫസർമാർ പലരും പല കമ്പനികളിലെയും ഡയറക്ടർമാരും, ചിലർ സ്വന്തമായി ഗവേഷണ ടീമിനെയും ചിലപ്പോൾ സ്വന്തം കമ്പനി വരെയും നടത്തുന്നവരാണ്. ഈ യൂണിവേഴ്‌സിറ്റിയിലെ തന്നെ കെമിസ്ട്രി ഡിപ്പാർട്ടുമെന്റിലെ ഗവേഷകരാണ് ക്രിസ്പേർ / Cas9 സാങ്കേതികവിദ്യ കണ്ടുപിടിച്ചതും അതിന് കഴിഞ്ഞ വർഷം നോബൽ സമ്മാനം ലഭിച്ചതും. നമ്മുടെ നാട്ടിലെ ഗവേഷണങ്ങൾ പലപ്പോഴും അദ്ധ്യാപക ജോലി ലഭിക്കാനുള്ള ഒരു വഴിയായിട്ടല്ലാതെ വേറെ ഏതെങ്കിലും തരത്തിൽ സമൂഹത്തിനു ഗുണം ചെയ്യുന്നുണ്ടോ എന്നെനിക്ക് സംശയമുണ്ട്.

പക്ഷെ ഇത് രണ്ടു സെമസ്റ്റർ കൊണ്ട് നടന്നതല്ല. മറിച്ച്, ചെറുപ്പം മുതൽ ഒരു കാര്യത്തിന്റെ അടിസ്ഥാന കാര്യങ്ങൾ വിശദമായി പഠിക്കുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ കലാശക്കൊട്ടാണ് ഇതിൽ ഞാൻ കാണുന്നത്. നിതിൻ പ്രൈമറി സ്‌കൂളിൽ പഠിക്കുമ്പോൾ ഒരു ടീച്ചറോട് ഇവർക്ക് ആവശ്യത്തിന് ഹോംവർക്ക്​ കൊടുക്കുന്നില്ല, പെരുക്കപ്പട്ടിക പഠിപ്പിക്കുന്നില്ല എന്നൊക്കെ പരാതി പറഞ്ഞ ഒരു രക്ഷകർത്താവിനോട് ഒരു ടീച്ചർ പറഞ്ഞത് എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട്.

നസീർ ഹുസൈന്റെ മകൻ നിതിൻ മെഷീൻ ലേണിംഗിൽ ഉപയോഗിക്കുന്ന അൽഗരിതങ്ങളെ കുറിച്ച് ​ തയാറാക്കിയ നോട്ട്​

"ഒന്ന് എന്നാൽ എന്താണ് എന്ന് കുട്ടികളെ പഠിപ്പിക്കുക എന്നത് വളരെ പ്രധാനമാണ്, കാരണം discrete mathematics മാത്രമല്ല ലോകത്തുള്ളത്. ഒന്നിനും രണ്ടിനും ഇടക്ക് അനന്തമായ സംഖ്യകൾ ഉണ്ടെന്ന് അവർ അറിയേണ്ടതുണ്ട്. മാത്രമല്ല ഒരു പുഴയും മറ്റൊരു പുഴയും ചേർന്നാൽ രണ്ടു പുഴയാകില്ല എന്നതും അവരറിയണം (ബഷീറിനെ ഓർമ വന്ന വാക്കുകൾ).

അപ്പോൾ മുതൽ എന്ത് പഠിക്കുമ്പോഴും അതിന്റെ അടിസ്ഥാനം പഠിച്ചുറപ്പിക്കുകയും, അതിന്റെ ലോകത്തുള്ള ആപ്ലിക്കേഷൻ പഠിപ്പിക്കുകയും ചെയ്യുന്ന വിദ്യാഭ്യാസത്തിന്റെ മാജിക് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. dy/dx ഓഫ് x സ്‌ക്വയർ ഈക്വൽ ടു 2x എന്ന് കാണാതെ കാൽക്കുലസ് കാണാതെ പഠിച്ചതല്ലാതെ ഇതൊക്കെ എന്ത് തേങ്ങയാണെന്നും ഇതിനൊക്കെ യഥാർത്ഥ ലോകത്ത് എവിടെയാണ് ഉപയോഗിക്കേണ്ടത് എന്നും ഞാൻ പഠിച്ചതായി എനിക്കോർമയില്ല.

സ്റ്റാൻഡേർഡ് ഡീവിയേഷൻ തന്നെ ഫോർമുല കാണാതെ പഠിച്ചതല്ലാതെ അതിന്റെ ഉപയോഗം ഞാൻ ഒരു ബാങ്കിൽ ജോലിക്കു കയറിയതിൽ പിന്നെയാണ് മനസിലായത്, അതും ഖാൻ അക്കാഡമി വഴി രണ്ടാമത് പഠിച്ചത് കൊണ്ട്. (പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അന്തരം അളക്കാൻ ഉപയോഗിക്കുന്ന Gini coefficient തുടങ്ങി സാമ്പത്തിക റിസ്‌ക് അളക്കുന്ന മാർഗങ്ങൾ ഒക്കെ പഠിക്കുമ്പോൾ സ്റ്റാറ്റിസ്റ്റിക്സ് അടിസ്ഥാനം അറിഞ്ഞു പഠിക്കാതെ വയ്യ). യഥാർത്ഥത്തിൽ ഇന്ത്യയിൽ നമ്മൾ പഠിക്കുന്നത് സൂത്രവാക്യങ്ങൾ ഓർമയിൽ സൂക്ഷിക്കാൻ മാത്രമാണ്. അല്ലാതെ അതിന്റെ അടിസ്ഥാന കാര്യങ്ങളും അതിന്റെ ഉപയോഗവും നമ്മൾ പഠിക്കാറേ ഇല്ല.

ഇത്രയും പറഞ്ഞപ്പോൾ എന്റെ എം.സി.എ കാലത്തെ ഒരു സംഭവം ഓർമ വന്നു. അതും കൂടി പറഞ്ഞാലേ ഈ എഴുത്ത് പൂർണമാകൂ. ഞാൻ എം.സി.എ പഠിച്ച കാലത്ത് പഠിക്കാൻ ഏറ്റവും എളുപ്പമുള്ള ഒരു വിഷയമായിരുന്നു ഗ്രാഫ് തിയറി. രാജു സാർ ആണ് അതെടുത്തുകൊണ്ടിരുന്നത്. സാർ പഠിപ്പിച്ച ചില ചോദ്യങ്ങളും ഉത്തരങ്ങളും കണ്ടിട്ട് ഇത്ര എളുപ്പമുള്ള ഒരു വിഷയം എങ്ങിനെ എം.സി.എയ്ക്ക് പഠിക്കാൻ വന്നു എന്നൊക്കെ ഞങ്ങൾക്ക് തന്നെ സംശയം വന്നു. പരീക്ഷയുടെ തലേന്ന് ഹോസ്റ്റലിൽ ഇരുന്ന് കുറച്ചു ഫോർമുലകൾ കാണാതെ പഠിച്ച് വളരെ ആത്മവിശ്വാസത്തോടെ ഞങ്ങൾ പരീക്ഷ എഴുതാൻ പോയി. ആദ്യത്തെ ചോദ്യം ഏതാണ്ട് ഇതുപോലെ ആയിരുന്നു. (കൃത്യമായി ഓർമയില്ല)

"Given a list of cities and the distances between each pair of cities, what is the shortest possible route that visits each city exactly once and returns to the origin city?'
എന്ന് വച്ചാൽ കുറച്ച് നഗരങ്ങളുടെ പേരും, അവ തമ്മിലുള്ള ദൂരവും തന്നാൽ, ഓരോ നഗരവും ഒരു തവണ മാത്രം സന്ദർശിച്ച് തിരികെ യാത്ര തുടങ്ങിയ നഗരത്തിൽ എത്തിച്ചേരാനുള്ള ഏറ്റവും ദൂരം കുറഞ്ഞ മാർഗമെന്താണ്?

ആദ്യ ചോദ്യം വായിച്ചപ്പോൾ തന്നെ ഞങ്ങൾക്ക് തന്ന ചോദ്യ പേപ്പർ തെറ്റിപ്പോയോ എന്നൊരു സംശയം ക്ലാസിൽ എല്ലാവർക്കുമുണ്ടായി എന്ന് തോന്നുന്നു. ചോദ്യപേപ്പർ ഗ്രാഫ് തിയറിയുടെ തന്നെ ആണെന്ന് ഉറപ്പു വരുത്തി കഴിഞ്ഞപ്പോൾ, എല്ലാവരും മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കി, ചിലർ ചിരിക്കണോ കരയണോ എന്നറിയാത്ത അവസ്ഥയിൽ ആയിരുന്നു.

ഗ്രാഫ് തിയറി വച്ച് ഇങ്ങിനെ ഉള്ള ചോദ്യങ്ങളുടെ ഉത്തരം എങ്ങിനെ കണ്ടുപിടിക്കണം എന്ന് രാജു സാർ ഞങ്ങളെ പഠിപ്പിച്ചിരുന്നില്ല. മാത്രമല്ല സമവാക്യങ്ങൾ കാണാതെ പഠിച്ച് ഓർമ വയ്ക്കുകയും അതിനെ അടിസ്ഥാനമാക്കി മുൻ വർഷങ്ങളിൽ വന്ന ചോദ്യങ്ങളെ പോലെ ചോദ്യങ്ങൾ വരുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. പക്ഷെ ഏതോ കാരണത്താൽ ഇത്തവണത്തെ ചോദ്യപേപ്പർ തയ്യാറാക്കിയയത് ഏതോ ഐ.ഐ.ടി യിലെ പ്രൊഫസർമാർ ആയിരുന്നു. പണി പാളി. പരീക്ഷ കഴിഞ്ഞു എല്ലാവരും കൂടി സർവ്വകലാശയക്ക് പരാതി കൊടുത്തു. പാസ് മാർക്ക്​ നൽകി എല്ലവരെയും ആ പേപ്പറിൽ പാസാക്കി എന്നാണ് എന്റെ ഓർമ.

ആ ഒരേ ഒരു സമയത്തു മാത്രമാണ് ഞങ്ങളുടെ തലച്ചോറിനെ പരീക്ഷിക്കുന്ന ഒരു ചോദ്യം വന്നത്. ബാക്കി എല്ലാം കഴിഞ്ഞു പോയ കുറെ പരീക്ഷകളുടെ ചോദ്യപേപ്പറുകൾ പഠിച്ചാൽ പാസ്സാകുന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു. സഖാവ് കെ.ജയദേവൻ ഈയടുത്ത് ഒരു പ്രസംഗത്തിൽ പറഞ്ഞ പോലെ ഇന്ത്യയിൽ ഉള്ളത് പുട്ടുകുറ്റി വിദ്യാഭ്യാസ സമ്പ്രദായമാണ്. പരീക്ഷ നടക്കുന്ന വരെ നമ്മുടെ ഓർമയിൽ കാര്യങ്ങൾ ഓർത്തുവയ്ക്കുകയും, പരീക്ഷയ്ക്ക് പുട്ടു കുറ്റിയിൽ നിന്ന് പേപ്പറിലേക്ക് പുട്ട് കുത്തി ഇറക്കുന്ന പോലെ ഉത്തരങ്ങൾ ഇറക്കി വയ്ക്കുകയും ചെയ്യുന്ന സമ്പ്രദായം. പരീക്ഷ കഴിഞ്ഞു രണ്ടു ദിവസം കഴിഞ്ഞാൽ ഒന്നും ഓർമയുണ്ടാവില്ല.

യഥാർത്ഥത്തിൽ നമ്മുടെ നാട്ടിൽ കുട്ടികൾ പഠിക്കുന്നത് എങ്ങിനെ പരീക്ഷ എഴുതാം / പാസാകാം എന്നാണ്. കഴിഞ്ഞ അഞ്ചു വർഷത്തെ ചോദ്യപേപ്പറുകൾ പഠിച്ചാൽ പാസാക്കുന്ന പരീക്ഷകളാണ് ഇന്ത്യയിലുള്ളതെങ്കിൽ ടെക്സ്റ്റ് പുസ്തകം തുറന്നു വച്ചെഴുതിയാലും സ്വന്തം ബുദ്ധി ഉപയോഗിക്കാതെ ജയിക്കാൻ പറ്റാത്ത പരീക്ഷകളാണ് പലപ്പോഴും കോളേജുകളിലെങ്കിലും അമേരിക്കയിലെയും മറ്റും യൂണിവേഴ്‌സിറ്റികളിൽ കൊടുക്കുന്നത്.

ഇതൊക്കെ STEM (Science, technology, engineering, and mathematics) വിഷയങ്ങളിലെ കാര്യം മാത്രമല്ല. ഉദാഹരണത്തിന് ഞാൻ സോഷ്യൽ സയൻസ് പഠിച്ചത് പലപ്പോഴും യുദ്ധങ്ങൾ നടന്ന വർഷങ്ങളും രാജാക്കന്മാരുടെ പേരും കാണാതെ പഠിച്ചാണ്. പക്ഷെ ഇവിടെ എന്റെ ഇളയ മകന് സോഷ്യൽ സയൻസിൽ പഠിക്കാൻ ഉണ്ടായ ചില ചോദ്യങ്ങൾ.

മനുഷ്യ നാഗരികതയുടെ തൊട്ടിൽ എന്നറിയപ്പെടുന്ന ഇടമാണ് മധ്യേഷ്യയിലെ Fertile Crescent. അവിടെയുള്ള യൂഫ്രേറ്റിസ്, ടൈഗ്രിസ് , നൈൽ തുടങ്ങിയ നദികൾ എങ്ങിനെയാണ് ഈ പ്രദേശത്തെ മനുഷ്യരെ സ്വാധീനിച്ചത്? ഈ പ്രദേശത്തു നടന്ന സംഭവങ്ങൾ പിന്നീട് എങ്ങിനെയാണ് ലോക ചരിത്രത്തെ സ്വാധീനിച്ചത് (Guns, Germs, and Steel എന്ന Jared Diamond ന്റെ പുസ്തകം വായിച്ചവർക്ക് ഈ ചോദ്യം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലാകും).

നിങ്ങൾ പ്രസിഡൻറ്​ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടു ചെയ്യും എന്തുകൊണ്ട് എന്നത് രണ്ടുപുറത്തിൽ കവിയാത്ത ഉപന്യസിക്കുക.

ഇങ്ങനെ വളരെ താല്പര്യം ഉണർത്തുന്നതും, ഈ ലോകത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധമുള്ളതും ഓർമ അല്ലാതെ നമ്മുടെ തലച്ചോർ ഉപയോഗിച്ച് വിശകലനം ചെയ്യേണ്ടുന്നവയും ആയ കാര്യങ്ങളാണ് ഇവരെ സ്‌കൂളിൽ പഠിപ്പിക്കുന്നത്. ഓർമ ഒട്ടും ഉപയോഗിക്കാതെ ചരിത്രം പഠിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല, പക്ഷെ ഓർമ മാത്രം അടിസ്ഥാനം ആക്കിയുള്ള പഠനവും തെറ്റാണ്​.

ജോലി കിട്ടാനുള്ള സാധ്യത കൊണ്ട് മിടുക്കന്മാർ ഡോക്​റാകാനും എൻജിനീയറാകാനും ശ്രമിക്കുന്ന കാലം കഴിഞ്ഞിട്ടില്ല എന്നെനിക്ക് തോന്നുന്നു. പക്ഷെ ഈ ഡോക്ടർമാർക്കും എൻജിനീയർമാർക്കും നാട്ടിൽ തന്നെ ജോലി ചെയ്യാൻ കഴിയുമോ, അങ്ങനെ ചെയ്താൽ തന്നെ എത്ര ശമ്പളം കിട്ടും എന്നൊക്കെ തീരുമാനിക്കുന്നത് പലപ്പോഴും ഫോർത്ത്​ ഗ്രൂപ്പ് പഠിച്ച സാമ്പത്തിക വിദഗ്ധരും, തേർഡ് ഗ്രൂപ്പ് പഠിച്ച രാഷ്ട്രീയക്കാരും മറ്റുമായിരിക്കും. നമുക്ക് നല്ല അദ്ധ്യാപകരെയും, സാമ്പത്തിക വിദഗ്ധരെയും, സാങ്കേതിക വിദ്യ അറിയുന്നവരെയും, രാഷ്ട്രതന്ത്രജ്ഞരെയും എല്ലാം ഡോക്​ടർമാരുടെയും എൻജിനീയർമാരുടെയും അത്രയും തന്നെ ആവശ്യമുണ്ട്. ഇന്ത്യയിലെ കുട്ടികൾ വിദേശത്തു പോയാൽ അവർ പുതിയ കണ്ടുപിടുത്തങ്ങളുടെ ഭാഗമാകുന്നതും അമേരിക്കയിൽ തന്നെ കമ്പനികൾ സ്ഥാപിക്കുന്നതും നോബൽ സമ്മാനം നേടുന്നതുമെല്ലാം കാണുന്നതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത്, നമ്മുടെ കുട്ടികളുടെ ബുദ്ധിശക്തിയുടെ കുറവല്ല മറിച്ച് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെയും, യൂണിവേഴ്‌സിറ്റിയിലെ ഗവേഷണ സാഹചര്യങ്ങളുടെയും കുഴപ്പം കൊണ്ടാണ് പുതിയ കമ്പനികളും ആശയങ്ങളും കണ്ടുപിടുത്തങ്ങളും നമ്മുടെ നാട്ടിൽ ഉണ്ടാകാത്തത് എന്ന് കാണാൻ കഴിയും.

ഗവേഷണ രംഗത്ത് ഇന്ത്യ കൂടുതൽ പണം ചെലവാക്കേണ്ടതുണ്ട്, അതേപോലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വ്യവസായങ്ങളുമായി കൂട്ടിയോജിപ്പിക്കലും വേണം. ഇവിടെ യൂണിവേഴ്‌സിറ്റികളിൽ മൂന്നാം വർഷവും നാലാം വർഷവും പഠിക്കുന്ന കുട്ടികൾ വേനൽക്കാലത്ത് മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ കമ്പനികളിൽ ഇന്റേൺഷിപ്പ്​ ചെയ്ത്​ പ്രായോഗിക അറിവുകളും പുതിയ തലച്ചോർ വഴി ഈ കമ്പനികൾക്ക് കിട്ടുന്ന പുതിയ ആശയങ്ങളുമായുള്ള പരസ്പര പൂരകമായ (symbiotic) അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. (ഞാൻ പഠിച്ച കാലത്ത് എന്റെ കോളേജിലെ ബിടെക് കുട്ടികൾ ഇൻഡസ്ട്രി ടൂർ പോകുന്നത് പ്രധാനമായും ടൂറിസ്റ്റ് സ്ഥലങ്ങൾ സന്ദർശിക്കാൻ ആയിരുന്നു ).

അറിവ് അടിസ്ഥാനമാക്കിയുള്ള ഒരു വ്യവസായം കേരളത്തിൽ ഉണ്ടായി വരണം. കേരളം അതിന്​ മികച്ച സാധ്യതയുള്ള ഒരു സ്ഥലമാണ്. ഞാൻ മേല്പറഞ്ഞ ക്രിസ്പർ സാങ്കേതിക വിദ്യ ഉപയോഗിച്ച് ജനിതക പരീക്ഷണം നടത്താൻ അധികം ചെലവ് വരില്ല. ഇപ്പോൾ ഓൺലൈൻ വഴി വളരെയധികം കിറ്റുകൾ ലഭ്യമാണ്. ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്ന ഒരു മേഖലയാണ് ബയോടെക്‌നോളജി. ഇങ്ങനെ ഇനി നടക്കാൻ പോകുന്ന പുതിയ സാങ്കേതിക വിദ്യകളും അറിവുകളും ഉപയോഗിച്ച് നമ്മൾ ജനിച്ച സ്ഥലത്തു തന്നെ ജോലി ചെയ്യാവുന്ന , പുതിയ സാങ്കേതിക വിദ്യകളും ഉത്പന്നങ്ങളും ഉണ്ടായിവരുന്ന ഒരു സ്ഥലമായി കേരളം മാറിക്കഴിഞ്ഞാൽ എന്ത് അടിപൊളി ആയിരിക്കും?

അതിനു വേണ്ടത് നമ്മുടെ വിദ്യാഭ്യാസ രംഗം അടിമുടി അഴിച്ചു പണിയലാണ്. ഓർമ ഉപയോഗിച്ചുള്ള സമ്പ്രദായത്തിൽ നിന്ന് ബുദ്ധി ഉപയോഗിച്ചുള്ള ഒരു മാർഗത്തിലേക്ക് മാറണം. കൂടുതൽ വിശകലനങ്ങൾ വരണം. പുതിയ കണ്ടുപിടുത്തങ്ങൾ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാകണം. കോളേജിൽ നിന്ന് ഇറങ്ങുമ്പോൾ തന്നെ ഒരു പുതിയ ആശയം മനസിലുള്ള ഒരു തലമുറ വളർന്നു വരണം. ഇതിനൊക്കെ തടസമായി നിന്നത് നമ്മുടെ സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ആയിരുന്നു. ഇപ്പോൾ ഹൈടെക് ആയി മാറിയ സ്‌കൂളുകളിൽ ഇനി വരേണ്ടത് ഹൈടെക് സിലബസ് ആണ്. അടുത്ത സർക്കാർ അതിനുവേണ്ടി നടപടി എടുക്കും എന്നാണെന്റെ പ്രതീക്ഷ.

ഹൈടെക് എന്നതുകൊണ്ട് ശാസ്ത്ര സാങ്കേതികവിദ്യയിൽ സിലബസ് മാറ്റം മാത്രമാണ് എന്ന് കരുതരുത്. പത്തിൽ, 100ൽ 45 മാർക്ക് ഇംഗ്ലീഷിനും, 100ൽ 35 മാർക്കു മാത്രം ഹിന്ദിക്കും കിട്ടിയ എനിക്ക് (അതും കാണാതെ പഠിച്ച് കറക്കികുത്തി കിട്ടിയ മാർക്ക്) ഒരിക്കലും സ്‌കൂളിൽ നിന്ന് ഭാഷയുടെ വ്യാകരണമോ ഉപയോഗമോ മനസിലായിരുന്നില്ല. ഇന്നും മലയാളം- ഇംഗ്ലീഷ് മീഡിയം വ്യത്യാസമില്ലാതെ തന്നെ നമ്മുടെ കുട്ടികൾക്ക് ഭംഗിയായി ഇംഗ്ലീഷ്- ഹിന്ദി ഭാഷകളിൽ സംസാരിക്കാൻ വലിയ ബുദ്ധിമുട്ടാണ്.

ശാസ്ത്ര സാങ്കേതിക വിദ്യ വിഷയങ്ങളിൽ നല്ല സിലബസുകൾ ഉണ്ടാക്കാൻ ഇന്നത്തെ കാലത്ത് വളരെ എളുപ്പമാണ്. MIT, സ്റ്റാൻഫോർഡ് തുടങ്ങി ലോകത്തിലെ ഏതാണ്ട് എല്ലാ സർവകലാശാലകളും അവരുടെ സിലബസ് ഓൺലൈനിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്, പലപ്പോഴും പഠന സഹായികളും, ചോദ്യങ്ങളും, പ്രൊഫസർമാരുടെ ക്ലാസിന്റെ വിഡിയോയും സഹിതം. എഴുപത് ലക്ഷത്തോളം ആളുകൾ കണ്ട സ്റ്റാൻഫോർഡ് പ്രൊഫസർ റോബർട്ട് സാപ്പോൽസ്‌കിയുടെ Introduction to Human Behavioral Biology മുതൽ നമ്മുടെ സ്വന്തം മദ്രാസ് ഐ.ഐ.ടി യിലെ പ്രൊഫസർ ടി.എസ്. നടരാജന്റെ ഇലക്​ട്രോണിക്‌സ് ക്ലാസും, എം.ഐ.ടി പ്രൊഫസർ ഗിൽബെർട് സ്ട്രാങ്ങിന്റെ ലീനിയർ അൽജിബ്ര ക്ലാസും എല്ലാം യൂട്യൂബ് ഹിറ്റാണ്. അധ്യാപകരും വിദ്യാർത്ഥികളും വിദ്യാഭ്യാസ വിചക്ഷണരും ഭരണകർത്താക്കളും ഒരുമിച്ച് വിചാരിച്ചാൽ നമ്മുടെ വിദ്യാഭ്യാസ നിലവാരം ലോകോത്തരമാക്കാം.

Comments