മറ്റ് ജന്തുക്കളുടെ അവയവങ്ങളോ ശരീരഭാഗങ്ങളോ മനുഷ്യരിൽ തുന്നിച്ചേർക്കുന്നത് ഒട്ടും അസാധാരണമല്ല. എന്നാൽ ജനുവരി ഏഴിന് യൂണിവേഴ്‌സിറ്റി ഓഫ് മെരിലാൻറിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ തീർച്ചയായും നൂതനവും ക്രാന്തദർശനമുള്ളതുമാണ്, സംശയമില്ല. എന്തുകൊണ്ടും സ്വീകാര്യമാവുന്നതും സാധാരണ ട്രാൻസ്‌പ്ലന്റേഷനിൽ
നടക്കുന്നതുപോലെ ഉപേക്ഷിക്കപ്പെടാൻ സാധ്യത വളരെയേറെ കുറഞ്ഞതുമായ ഒരു പുതിയ രീതിയുടെ ആവിഷ്‌കാര സാഫല്യമാണിത് - അതിനുവേണ്ടി ജനിതകമാറ്റം വരുത്തിയ പന്നിയുടെ ഹൃദയമാണ് ഉപയോഗിക്കപ്പെട്ടത് എന്നതിനാൽ.
പന്നിയുടെ ഹൃദയം ബാബൂണിൽ രണ്ടുവർഷം വരെ പ്രവർത്തിച്ചതായി നിരീക്ഷിച്ചിട്ടുമുണ്ട്. ഈ തന്റേടമാണ് ഡേവിഡ് ബെന്നെറ്റിൽ ജനിതകമാറ്റം നടത്തിയ പന്നിഹൃദയം തുന്നിച്ചേർക്കാൻ ആത്മവിശ്വാസമായത്.
മറ്റ് പുതുമകൾ, ആധുനികമായ ഒരു പ്രതിരോധശമനി (immunosuppressant) രോഗിയിൽ ഉപയോഗിച്ചു എന്നതും പന്നിയുടെ ഹൃദയം സൂക്ഷിച്ചത് കൊക്കെയ്ൻ കലർന്ന ഒരു ലായനിയിൽ ആയിരുന്നു എന്നതുമാണ്. എത്ര വിജയകരമായി ഈ പരീക്ഷണം എന്ന് തെളിയാനാകുന്നതേയുള്ളൂ എന്നാലും ഈ തന്ത്രം അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് കാത്തിരിക്കുന്ന ഒട്ടേറെപ്പേർക്ക് സഹായകരമാകും എന്ന പ്രതീക്ഷ നൽകുന്നു എന്നതാണ് ഈ സർജറിയുടെ സാംഗത്യം. എട്ടുമണിക്കൂർ നീണ്ടു സർജറി. മൂന്നാം ദിവസം രോഗി സ്വമേധയാ ശ്വസിച്ചു തുടങ്ങി. പന്നിയുടെ ഹൃദയം സാധാരണ എന്ന പോലെ മിടിയ്ക്കുന്നുമുണ്ട്.
57 വയസ്സായ ഡേവിഡ് ബെന്നറ്റിന് ഹൃദയമിടിപ്പ് കണക്കിലധികം കൂടുന്ന അസുഖമായിരുന്നു (Ventricular fibrillation arrhythmia). അതുമൂലം ഹൃദയം മിക്കവാറും പ്രവർത്തനരഹിതമായി, തീവ്രമായ ഹൃദയസ്തംഭനവും ഉണ്ടായി. ട്രാൻസ്‌പ്ലന്റേഷന് ഒരു മനുഷ്യഹൃദയത്തിനുവേണ്ടി കാത്തിരിക്കാനുള്ള അവസ്ഥയല്ലായിരുന്നു അദ്ദേഹത്തിന്റേത്. അത് റിജക്റ്റ് ചെയ്യാതെ സൂക്ഷിക്കാൻ പ്രാപ്തമല്ലാത്തവിധം തീരെ മോശം ആരോഗ്യാവസ്ഥയായിരുന്നു ഡേവിഡിന്.
മാത്രമല്ല, ഒരു മനുഷ്യഹൃദയം അദ്ദേഹത്തിനു നൽകുന്നത് നഷ്ടവുമായിരിക്കും. ഉയർന്ന രക്തസമ്മർദം ഉണ്ടായിരുന്നത് വേണ്ടവിധം പരിചരിക്കാതിരുന്ന ആളുമാണ്. കാർഡിയാക് സർജൻ മുഹമ്മദ് മൊഹിയുദ്ദീൻ പറഞ്ഞത്, ‘A human organ is considered very precious thing, the main concern was whether to give the heart to a person who may not be able to take care of it' എന്നാണ്. ഡേവിഡ് ബെന്നറ്റിന്റെ അനുവാദത്തോടെ എഫ്.ഡി.എ ( Food and Drug Administration) ‘സഹാനുഭൂതിപര ഉപയോഗ' (compassionate use) ത്തിനുള്ള അനുജ്ഞ നൽകി, പന്നിയുടെ ഹൃദയം തുന്നിച്ചേർക്കാൻ. ഡേവിഡിനെ സംബന്ധിച്ച് ഇതല്ലെങ്കിൽ സാവധാനം മരണത്തിനു കീഴടങ്ങുക എന്ന പോംവഴിയേ ഉണ്ടായിരുന്നുള്ളു.
മൊഹിയുദ്ദീനും കൂട്ടർക്കും റിവൈവിക്കോർ ( Revivicor) എന്ന കമ്പനി പ്രദാനംചെയ്ത പന്നിയുടെ അവയവങ്ങൾ ബാബൂൺ കുരങ്ങുകളിലും മറ്റും സ്ഥാനാന്തരണം (transplantation) ചെയ്ത് പരിചയമുണ്ട്. പന്നിയുടെ ഹൃദയം ബാബൂണിൽ രണ്ടുവർഷം വരെ പ്രവർത്തിച്ചതായി നിരീക്ഷിച്ചിട്ടുമുണ്ട്. ഈ തന്റേടമാണ് ഡേവിഡ് ബെന്നെറ്റിൽ അറ്റകൈ പ്രയോഗമായി ജനിതകമാറ്റം നടത്തിയ പന്നിഹൃദയം തുന്നിച്ചേർക്കാൻ ആത്മവിശ്വാസം നൽകിയത്.
ഡിസൈനർ മൃഗങ്ങൾ
നൂറ്റാണ്ടുകളായി മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിൽ തുന്നിച്ചേർക്കുന്ന വിദ്യ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. 1960 കളിൽ ചിമ്പൻസികളുടെ കിഡ്‌നി മനുഷ്യരിൽ ചേർത്തിട്ടുണ്ട്. വിജയകരമല്ലായിരുന്നു ആ പരീക്ഷണങ്ങൾ. 1984-ൽ ബാബൂൺ കുരങ്ങിന്റെ ഹൃദയം ഒരു കുഞ്ഞിൽ ചേർത്തുനോക്കിയിട്ടുണ്ട്. 21 ദിവസം മാത്രം ആ കുഞ്ഞ് ജീവിച്ചു. ഇതിനുശേഷം മെഡിക്കൽ സമൂഹം പൊതുവേ അന്യ അവയവങ്ങൾ മനുഷ്യരിൽ തുന്നിച്ചേർക്കുന്നതിൽ (Xenotransplantation. Xeno = അന്യ) ഒട്ടും താൽപര്യം കാണിച്ചില്ല.
ഏതൊക്കെ ജീനുകൾ മാറ്റിമറിച്ചാൽ മനുഷ്യരിൽ മറ്റ് ജന്തുക്കളുടെ അവയവങ്ങൾ നെടുനാൾ പ്രാവർത്തികമായിരിക്കും, പ്രതിരോധവ്യവസ്ഥ ആ അവയവങ്ങളെ തള്ളിക്കളയാതിരിക്കും എന്നതിലൊക്കെ ഇനിയും അറിവുകൾ നേടേണ്ടതുണ്ട്.
മനുഷ്യരുടെ പ്രതിരോധവ്യവസ്ഥ വളരെ ബലിഷ്ഠവും വീര്യവത്തും ആണ്, അന്യകോശങ്ങളെയോ അവയവങ്ങളെയോ പുറന്തള്ളാൻ അതിസാമർഥ്യമുള്ളതാണ്. ഇത് xenotransplantation ന് വൻ വെല്ലുവിളിയാണ്. ഇപ്പോൾ ഡി.എൻ.എ.യിൽ മാറ്റം വരുത്താൻ എളുപ്പമുള്ള ഉപായങ്ങളും പദ്ധതികളുമുണ്ട്, മനുഷ്യരുടെ ഫിസിയോളജിയുമായി ഒത്തുപോകുന്ന അവയവങ്ങളുള്ള ‘ഡിസൈനർ മൃഗങ്ങളെ' സൃഷ്ടിക്കാമെന്നുള്ള സാധ്യത ഒരു സ്വപ്നസാക്ഷാത്കാരം തന്നെയാണ്. റിവൈവിക്കോർ കമ്പനി ജനിതകമാറ്റം വരുത്തിയ പന്നിയെ സൃഷ്ടിച്ചത് അതിന്റെ ഹൃദയം മനുഷ്യരിൽ സ്വീകരിക്കപ്പെടാനുള്ള ഉപാധികളോടെയാണ്.
1993-ൽ ‘ഡോളി' എന്ന ചെമ്മരിയാട്ടിൻ കുട്ടിയെ ക്ലോൺ ചെയ്‌തെടുത്ത പി.പി.എൽ. തെറാപ്യൂടിക്‌സ് കമ്പനിയിൽ നിന്ന് ഉരുത്തിരിഞ്ഞതാണ് ഇന്നത്തെ ഡിസൈനർ പന്നിയെ നിർമിച്ച റിവൈവിക്കോർ കമ്പനി. പിന്നീട് യുണൈറ്റെഡ് തെറാപ്യൂടിക്‌സ് ഇത് ഏറ്റെടുത്തു. ഈ കമ്പനിയുടെ തലപ്പത്തുള്ളതോ xenotransplantation ശ്രദ്ധോന്മത്തയും ഭവിഷ്യവക്താവു (futurist) മായ മാർടീൻ റോത്ബ്ലാറ്റും. ആധുനിക മോളിക്യുലാർ ബയോളജിയും വൈദ്യശാസ്ത്രവും ഒന്നിച്ച് വെല്ലുവിളികൾ ഏറ്റെടുത്ത് ചികിത്സാരീതികളിൽ വിപ്ലവം സൃഷ്ടിച്ച വേള.
10 ജീനുകൾ മാറ്റിയെടുത്തു
ഹൃദയദാതാക്കളായ പന്നികളുടെ 10 ജീനുകളാണ് മാറ്റിമറിക്കപ്പെട്ടത്. റിവൈവിക്കോർ കമ്പനിയുടെ പ്രാഗൽഭ്യനിദർശനം. ഭ്രൂണാവസ്ഥയിൽത്തന്നെ ജീൻ എഡിറ്റിങ് നടത്തിയാണ് ഈ പുതിയ ജനിതകവ്യവസ്ഥയുള്ള പന്നികളെ നിർമിച്ചെടുത്തത്. ഇതിൽ ആറെണ്ണം മനുഷരുടെ ജീനുകളാണ്.
അവയവ സ്ഥാനാന്തരീകരണം മറ്റ് ജന്തുക്കളിൽ നിന്ന് മനുഷ്യരിലേക്ക് നടത്തുമ്പോൾ പ്രതിരോധശക്തി തീവ്രമായി പ്രയോഗിക്കപ്പെടും. മനുഷ്യഹൃദയം മാറ്റിവയ്ക്കപ്പെടുന്ന പോലെയല്ല. ഓരോ ജന്തുവിനും തന്റെ വ്യക്തിത്വം സൂചിപ്പിക്കുന്ന അന്നജ തന്മാത്രകൾ (carbohydrates) കോശങ്ങളുടെ ഉപരിതലത്തിൽ ഉണ്ട്. മറ്റൊരു ജന്തുവിൽ ഈ കോശങ്ങൾ (അവയവങ്ങൾ) എത്തുമ്പോൾ ഈ തന്മാത്രകൾക്കെതിരെ ആൻറിബോഡികൾ നിർമിച്ച് പുതുതായി കയറിപ്പറ്റുന്ന കോശങ്ങളെ ഇല്ലാതാക്കാൻ പ്രതിരോധവ്യവസ്ഥ ശ്രമിക്കും. പന്നിയുടെ ഹൃദയകോശങ്ങളുടെ ഉപരിതലത്തിൽ മനുഷ്യരിൽ ഇല്ലാത്ത ഈ അന്നജ തന്മാത്രകൾ (galactose എന്ന ചെറു അന്നജതന്മാത്ര പ്രോട്ടീനുമായി ഘടിപ്പിക്കപ്പെട്ടവയാണിവ) തിരിച്ചറിഞ്ഞ് അവയ്‌ക്കെതിരെ നമ്മുടെ പ്രതിരോധവ്യസ്ഥ ആൻറിബോഡികൾ നിർമിച്ചെടുത്ത് ആ കോശങ്ങളെ നശിപ്പിക്കും, പുതിയ അവയവത്തെ നിരാകരിക്കും. അതുകൊണ്ട് ഹൃദയദാതാക്കളായ പന്നികളിലെ കോശോപരിതലത്തിലുള്ള ഈ തന്മാത്രകൾ നിർമിച്ചെടുക്കാൻ സഹായിക്കുന്ന മൂന്ന് എൻസൈമുകളുടെ ജീനുകളെ നിർവിരീകരിച്ചു ആദ്യമേ. അപ്പോൾ കോശങ്ങൾ അന്നജ തമാത്രകൾ നിർമിക്കുകയില്ല. Gene knock out എന്ന തന്ത്രമാണിത്.
മനുഷ്യരുടേതായ ആറു ജീനുകൾ സന്നിവേശിക്കപ്പെട്ടു ഈ പന്നിഭ്രൂണങ്ങളിൽ. അതിൽ രണ്ടെണ്ണം നീർവീക്കം (inflammation) തടയാനുള്ളവ ആയിരുന്നു. ട്രാൻസ്‌പ്ലാൻറ് ചെയ്യപ്പെടുന്ന അവയവങ്ങളിൽ നീർവീക്കം സാധാരണയാണ്. വേറേ രണ്ട് ജീനുകൾ സ്വാഭാവികമായി രക്തം കട്ടപിടിയ്ക്കാൻ സഹായിക്കുന്നവയാണ്. ക്ഷതമേൽക്കുന്ന രക്തക്കുഴലുകളെ പരിരക്ഷിക്കാനാണിത്. മറ്റ് രണ്ട് ജീനുകൾ പ്രതിരോധവ്യവസ്ഥ ആൻറിബോഡികൾ നിർമിയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നവയാണ്. അങ്ങനെ അത്ര പെട്ടെന്ന് ഈ പുതിയ ഹൃദയത്തെ നിരാകരിക്കാൻ സാധ്യമല്ലാതെ വരികയാണ്. പത്താമത്തെ ജീൻ മാറ്റം ഹൃദയത്തിന്റെ വലിപ്പം വെയ്ക്കൽ തടയാൻ ഉദ്ദേശിച്ചുള്ളതാണ്. 2021-ൽ ഡോ. മൊഹിയുദ്ദീനും കൂട്ടരും ബാബൂണുകളിൽ നടത്തിയ പരീക്ഷണങ്ങൾ സൂചിപ്പിച്ചത് ട്രാൻസ്പ്ലാന്റേഷനുശേഷം ഹൃദയം ചെറിയ രീതിയിൽ വലിപ്പം വയ്ക്കുന്നു എന്നാണ്, വളർച്ചാ ഹോർമോൺ (growth hormone) കോശങ്ങൾക്കകത്ത് കയറുന്നത് തടയുകയാണ് ഇതിന്റെ പ്രതിവിധി എന്നും അന്ന് അവർ നിരീക്ഷിച്ചിരുന്നു. വളർച്ചാ ഹോർമോൺ കോശോപരിതലത്തിൽ പറ്റിപ്പിടിയ്ക്കാൻ ഉപയോഗിക്കുന്ന സ്വീകരണി (receptor) നിർമിയ്ക്കുന്ന ജീനിനെ ഇല്ലാതാക്കുക എന്നതായിരുന്നു തന്ത്രം. ഇത് ചെയ്തില്ലെങ്കിൽ നമ്മുടെ നെഞ്ചുകൂടിന്റെ അനുപാതത്തിലല്ലാതെ ഹൃദയത്തിനു വലിപ്പം വെയ്ക്കാൻ സാധ്യതയുണ്ട്. ഇങ്ങനെ പത്ത് ജീനുകൾ ഭ്രൂണാവസ്ഥയിൽ തന്നെ മാറ്റിയെടുക്കപ്പെട്ട ഒരു ജീവിയുടെ അവയവം മനുഷ്യരിൽ ട്രാൻസ്പ്ലാൻറ്ചെയ്യപ്പെടുന്നത് ആദ്യമായാണ്.
പന്നികളുടെ ഡി.എൻ.എ.യിൽ സ്വതവേ കയറിക്കൂടിയിരിക്കുന്ന ചില വൈറസ് ജീനുകൾ അവയവമാറ്റത്തിലൂടെ മനുഷ്യരിൽ പെരുകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.
ഈ പത്ത് ജീനുകളിലെയും മാറ്റങ്ങൾ ആവശ്യമായിരുന്നോ എന്ന ചോദ്യം സംഗതമാണെങ്കിലും കൃത്യമായ മറുപടി ഇപ്പോഴില്ല. ഏതൊക്കെ ജീനുകൾ മാറ്റിമറിച്ചാൽ മനുഷ്യരിൽ മറ്റ് ജന്തുക്കളുടെ അവയവങ്ങൾ നെടുനാൾ പ്രാവർത്തികമായിരിക്കും, പ്രതിരോധവ്യവസ്ഥ ആ അവയവങ്ങളെ തള്ളിക്കളയാതിരിക്കും എന്നതിലൊക്കെ ഇനിയും അറിവുകൾ നേടേണ്ടതുണ്ട്. നീർവീക്കം കുറയ്ക്കുന്ന മനുഷ്യ ജീൻ (CD47) ഉൾച്ചേർത്ത പന്നിയുടെ മജ്ജാകോശങ്ങൾ (bone marrow stem cells) ബാബൂണുകളിൽ ട്രാൻസ്‌പ്ലാൻറ് ചെയ്തത് വിജയകരമായിരുന്നു, എന്നാൽ ഇതേ ജീൻ മാറ്റം കിഡ്‌നിയിൽ പ്രയോഗിക്കപ്പെട്ടപ്പോൾ നേർവിപരീത ഫലങ്ങളാണ് ഉളവായത്. പന്നിയുടെ കിഡ്‌നി മനുഷ്യരിൽ ട്രാൻസ്‌പ്ലാൻറ് ചെയ്യാനാവശ്യമായ ജനിതകമാറ്റങ്ങളെക്കുറിച്ച് പല കമ്പനികളും പഠനത്തിൽ ഏർപ്പെട്ടിട്ടുണ്ട്.
ഡേവിഡ് ബെന്നെറ്റിന് പുതിയ ചില മരുന്നുകളും പരീക്ഷണാർഥം നൽകുന്നുണ്ട്. പ്രതിരോധപ്രവർത്തനം കുറയ്ക്കാനുള്ള (immunosuppression) ആൻറിബോഡി (KPL-404) ആണത്. മനുഷ്യരുടെ തന്നെ അവയവങ്ങൾ ട്രാൻസ്പ്ലന്റേഷന്ഉപയോഗിയ്ക്കുമ്പോൾ നൽകാറുള്ള immunosuppressants പോരാതെ വരികയാണ് മറ്റൊരു ജന്തുവിന്റെ- പന്നിയുടെ- ഹൃദയം മനുഷ്യരിൽ തുന്നിച്ചേർക്കുമ്പോൾ. KPL-404 ചെയ്യുന്നത് നമ്മുടെ രക്തത്തിലുള്ള, ആൻറിബോഡികൾ നിർമിക്കുന്ന ബി കോശങ്ങളുടെ (B cells) പ്രവർത്തനം നിർവിരീകരിയ്ക്കുകയാണ്. അതേസമയം ഈ ബി കോശങ്ങൾ, മറ്റൊരു പടയാളിസമൂഹമായ ടി കോശങ്ങൾക്ക് (T cells) അറിവുകൊടുക്കുന്നതും തടയപ്പെടുകയാണ്. ടി കോശങ്ങൾ നേരിട്ട് പടവെട്ടി വരത്തന്മാരെ നശിപ്പിക്കുന്നവരാണ്. ഈ പുതിയ immunosuppressant ആയ KPL-404 ഒരു ‘game changer' തന്നെ എന്ന് ഡോ. മൊഹിയുദ്ദീൻ അവകാശപ്പെടുന്നു. മാറ്റപ്പെട്ട 10 ജീനുകളേക്കാൾ പ്രാധാന്യം അർഹിക്കുന്നതാണിതത്രേ.
ശ്രദ്ധപതിപ്പിക്കേണ്ട നിർണായകമായ ഒരു കാര്യം, പന്നികളുടെ ഡി.എൻ.എ.യിൽ സ്വതവേ കയറിക്കൂടിയിരിക്കുന്ന ചില വൈറസ് ജീനുകളെപ്പറ്റിയാണ്. അവയവമാറ്റത്തിലൂടെ ഈ വൈറസുകൾ മനുഷ്യരിൽ പെരുകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. പന്നികളുടെ പാൻക്രിയാസ് കോശങ്ങൾ പ്രമേഹരോഗികളിൽ നിക്ഷേപിയ്ക്കപ്പെട്ടിട്ടുണ്ട്, വൈറസുകളൊന്നും ഇവ ലഭ്യമായ മനുഷ്യരിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ആൾക്കുരങ്ങകളിൽ ട്രാൻസ്‌പ്ലാൻറ് ചെയ്യപ്പെട്ട പന്നി അവയങ്ങളും ഇത്തരം ഒരു വൈറസ് ബാധ ഏൽപ്പിച്ചതായും നിരീക്ഷണങ്ങളില്ല. എങ്കിലും ഡേവിഡ് ബെന്നറ്റിൽ ഇത്തരം വൈറസുകൾ പ്രത്യക്ഷപ്പെടുന്നുണ്ടോ എന്നറിയുന്നതിൽ ജാഗരൂകരാണ് ഡോക്ടർമാർ.
ഹൃദയപരിപാലനം- നൂതനരീതികൾ
ട്രാൻസ്‌പ്ലന്റേഷനു മുൻപേ അതീവ സൂക്ഷ്മതയോടെ, പുതിയ രീതിയിൽ പരിപാലിക്കപ്പെട്ടിരുന്നു പന്നിയുടെ ഹൃദയം. നേരത്തെ ബാബൂൺ കുരങ്ങുകളിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്ന് ഉൾക്കൊണ്ട പാഠങ്ങൾ ഇവിടെ സഹായകമായി. പന്നിയിൽ നിന്ന് മുറിച്ചുമാറ്റപ്പെട്ടുകഴിഞ്ഞ് അവശ്യ പോഷകാംശങ്ങൾ അടങ്ങിയ ഒരു ലായനി ആ ഹൃദയത്തിൽ ഒഴുകിപ്പരക്കാനുള്ള സാഹചര്യം നിർമിക്കുക എന്നത് അതിലൊന്നായിരുന്നു.
ആയിരക്കണക്കിനു രോഗികളാണ് ഇത് പ്രതീക്ഷിച്ചുകഴിയുന്നത്. അമേരിക്കയിൽ മാത്രം 1,00,000 ആൾക്കാരുണ്ട് മറ്റൊരു ഹൃദയം ഉറ്റുനോക്കുന്നവർ.
അല്ലെങ്കിൽ ട്രാൻസ്‌പ്ലന്റേഷനുശേഷം ഹൃദയം അവശതയിലാകും. രക്തമൊഴുക്കും ഓക്‌സിജനും ഇല്ലാതെ ഹൃദയകോശങ്ങൾ പരിക്ഷീണരാവുകയാണ്. ഊർജനിർമിതി നടപ്പാക്കുന്ന ‘മൈറ്റൊക്കോൻഡ്രിയ’ എന്ന ചെറു കോശാവയവം പ്രവർത്തനരഹിതാമാവുന്നതായിരിക്കാം കാരണം. മേൽപ്പറഞ്ഞ പോഷകലായനിയിൽ ഹൃദയത്തെ ഊർജസ്വലമാക്കി നിർത്തുന്ന ഹോർമോണുകൾ - അഡ്രീനലിൻ, കോർട്ടിസോൾ- ഉൾപ്പെടുന്നു. മാത്രമല്ല, ഹൃദയമിടിപ്പിന്റെ തോത് നിലനിർത്താനെന്നവണ്ണം സാക്ഷാൽ കൊക്കെയ്ൻ തന്നെ ഈ ലായനിയിൽ കലർത്തിയിട്ടുണ്ട്. അവയവമാറ്റ ശസ്ത്രക്രിയാരീതികളിലെ വിപ്ലവാതമക മാറ്റങ്ങളിൽ ചിലതാണിത്.
ക്ലിനിക്കൽ ട്രയലുകൾ അത്യാവശ്യം
ഒരേ ഒരു പരീക്ഷണമെന്ന നിലയ്ക്കാണ് ഈ ശസ്ത്രക്രിയയ്ക്ക് അനുമതി ലഭിച്ചത്. ഇനിയും ഇത് ആവർത്തിക്കണമെങ്കിൽ കൂടുതൽ നിരീക്ഷണങ്ങളും പഠനങ്ങളും ആവശ്യമാണ്. ബാബൂണിലെങ്കിലും ഇത്തരം ശസ്ത്രക്രിയകൾ നടത്തി വിപുലമായ അറിവുകൾ നേടി എഫ്.ഡി.എ.യുടെ അനുമതി നേടാനാണ് ഡോ. മൊഹിയുദ്ദീനും സംഘവും ശ്രമിക്കുന്നത്. ജനിതകമാറ്റം സംഭവിപ്പിച്ച് പന്നികളെ വളർത്തിയെടുക്കുന്ന കമ്പനിയായ റിവൈവിക്കോർ അവരുടെ പദ്ധതികളും ഗവേഷണസൗകര്യങ്ങളും വിസ്തൃതമാക്കിക്കൊണ്ടിരിക്കയാണ്. വൻ രീതിയിൽ പന്നിഹൃദയങ്ങൾ ലഭ്യമാക്കുന്ന ഘട്ടത്തിലേയ്ക്കാണ് അവരുടെ നീക്കം. 2023 ഓടെ ഇത് സാധ്യമാവുമെന്നാണ് കണക്കുകൂട്ടൽ. ഒരു പ്രസവത്തിൽ എട്ടുകുഞ്ഞുങ്ങൾ വരെ കാണും, ഒരുവയസ്സ് ആകുമ്പോഴേയ്ക്കും ഇണചേരാനുള്ള പ്രാപ്തിയും ലഭിയ്ക്കും, അതുകൊണ്ട് ഹൃദയലഭ്യത ഒരു കടമ്പയായിരിക്കില്ലത്രെ. എന്നാലും അവയവമാറ്റത്തിൽ ഇതൊരു നിത്യസത്യം എന്ന നിലയിലേയ്ക്ക് മാറാൻ സമയമെടുക്കും എന്ന് ഡോക്ടർമാരും ഗവേഷണ കമ്പനികളും സമ്മതിയ്ക്കുന്നുണ്ട്. പക്ഷേ, അവയവ ദൗർലഭ്യത്തിനു പ്രതിവിധിയായി പന്നിഹൃദയങ്ങൾ ഉണ്ടാകുമെന്നത് ആശാവഹമാണ്, പ്രത്യേകിച്ചും ആയിരക്കണക്കിനു രോഗികളാണ് ഇത് പ്രതീക്ഷിച്ചുകഴിയുന്നത്. അമേരിക്കയിൽ മാത്രം 1,00,000 ആൾക്കാരുണ്ട് മറ്റൊരു ഹൃദയം ഉറ്റുനോക്കുന്നവർ. ഓരോ വർഷവും 60,00 ഹൃദ്രോഗികൾ ഈ കാത്തിരിപ്പിനിടയിൽ മരിച്ചുപോകുന്നുമുണ്ട്.
ധാർമികത എവിടെ?
വളരെക്കാലമായുള്ള ഒരു വിവാദം വീണ്ടും ഉയർന്നുവന്നിട്ടുണ്ട്. മനുഷ്യന്ആവശ്യമുള്ളപ്പോഴൊക്കെ മൃഗങ്ങളെ കൊന്ന് അവരുടെ അവയവങ്ങൾ എടുക്കുക എന്നത് നീതിബോധത്തിനു യുക്തമല്ല. ഈ വാദവുമായി മൃഗാവകാശ സംരക്ഷണ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്, ഈ സർജറിയെ നിശിതമായി അപലപിച്ചും കഴിഞ്ഞു. PETA- People for the Ethical Treatment of Animals ഭാരവാഹികൾ ജനുവരി 10-ന് ഒരു പ്രസ്താവന ഇറക്കിയിട്ടുണ്ട്. മൃഗങ്ങൾ എപ്പോഴും കൈയേറാനുള്ള വെറും ഉപകരണശാലകൾ മാത്രമല്ലെന്നും സങ്കീർണത പേറുന്ന ബുദ്ധിയുള്ള ജീവികളാണെന്നും വാദിയ്ക്കുന്നു അവർ. മൃഗങ്ങളിലുള്ള വൈറസുകൾ മനുഷ്യരിൽ കയറിപ്പറ്റി അധിവാസം ഉറപ്പിയ്ക്കുന്ന പ്രതിഭാസം വന്നുചേർന്നേക്കാം എന്ന് അവർ സൂചന നൽകുന്നു. ‘‘അവയവങ്ങൾക്ക് ക്ഷാമം ഉണ്ടെങ്കിൽ മറ്റുവഴികൾ നോക്കൂ''- അവർ കൃത്യമായി താക്കീത് തരുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.