സൈബർ സ്പേസിൽ ജനാധിപത്യത്തിന്റെ വസന്തസേനകൾ എന്തുചെയ്യും?

അധിക്ഷേപങ്ങൾ, വ്യക്തിപരമായി നിക്ഷിപ്ത താത്പര്യങ്ങൾ ആരോപിക്കൽ, ഭീഷണികൾ എന്നിവയൊക്കെ ഒരു തുടർച്ച എന്ന മട്ടിൽ ഉണ്ടാകുന്നുണ്ട്. സംഘപരിവാർ സൈബർ ഗുണ്ടകളാണ് പൊതുവെ അത്രയേറെ മെനക്കെടാറുള്ളത്. സൈബർ ആൾക്കൂട്ട ആക്രമണത്തിൽ വ്യക്തികളെ തെരഞ്ഞെടുക്കാനും അവർക്കെതിരെയുള്ള ആക്രമണത്തിന്റെ ചട്ടക്കൂടുണ്ടാക്കാനുമൊക്കെ കേരളത്തിൽ എല്ലാ കക്ഷികളുടേയും സൈബർ ആൾക്കൂട്ടങ്ങൾക്ക് ഏതാണ്ട് സമാനമായ പാഠപുസ്തകങ്ങളാണുള്ളത്.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

​പ്രമോദ്​ പുഴങ്കര: ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്ത് എന്നൊരു ചോദ്യം, വാസ്തവത്തിൽ ജനാധിപത്യ രാജ്യത്ത് ജനാധിപത്യമെന്തിന് എന്ന മട്ടിലാണ് കാണേണ്ടത്. കാരണം സംവാദമാണ് ജനാധിപത്യം. ആ സംവാദങ്ങളുടെ വ്യാകരണമാകട്ടെ ജനാധിപത്യമല്ലാതെ മറ്റൊന്നാകാനും പാടില്ല. എങ്ങനെയാണ് ജനാധിപത്യം എന്നൊരു സങ്കല്പനം തന്നെ വളർന്നുവന്നത്? വളരെ കേന്ദ്രീകൃതമായ അധികാരത്തിന്റെ പ്രയോഗത്തിൽ നിന്നും സമൂഹത്തിന് മുഴുവനായും അധികാരത്തിന്റെ പ്രയോഗരീതികളിൽ തങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണം എന്ന രാഷ്ട്രീയാവശ്യത്തിൽ നിന്നും തന്നെയാണ് ജനാധിപത്യത്തിനുവേണ്ടിയുള്ള നാനാവിധ അന്വേഷണങ്ങൾ നാഗരികതകളുടെ ചരിത്രത്തിൽ നടന്നിട്ടുള്ളത്. ഇത് സമൂർത്തമായൊരു പദ്ധതിയോ അതിന്റെ കൃത്യമായ പൂർത്തീകരണമോ ആയി ചരിത്രത്തിലുണ്ടായി എന്നല്ല ഇതിനർത്ഥം. അത്തരത്തിലൊരു ആവശ്യമായിരുന്നു എക്കാലത്തും മനുഷ്യരുടെ രാഷ്ട്രീയാധികാരവുമായുള്ള ഇടപെടലുകളെയും കലാപങ്ങളേയും മുന്നോട്ടുകൊണ്ടുപോയിരുന്നത്.

സംവാദം (Debate) എന്നതിനെ പല തരത്തിൽ ഇല്ലാതാക്കുകയാണ് എല്ലാ സമഗ്രാധിപത്യ ഭരണകൂടങ്ങളുടെയും ആവശ്യം. ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ എത്ര വേഗത്തിലാണ് എല്ലാ വിധത്തിലുള്ള അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതായത് എന്ന് നാം കണ്ടിട്ടുണ്ട്. ‘നാവടക്കൂ പണിയെടുക്കൂ’ എന്നത് രാജ്യസ്‌നേഹമായി മാറി. ‘ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിര’ എന്ന പോലുള്ള വാഴ്ത്തുകൾ മാത്രം കലയായി സ്വീകരിക്കപ്പെട്ടു. എതിർപ്പുകൾക്ക് കയ്യാമവും വിമതശബ്ദങ്ങൾക്ക് തുറുങ്കും വിധിച്ചു. അതിന്റെ പാഠം എന്നത് അഭിപ്രായസ്വാതന്ത്യ്രത്തിനു വേണ്ടി നിലകൊള്ളുമെന്നു കരുതുന്ന കോടതി, മാധ്യമസ്ഥാപനങ്ങൾ എന്നിവയൊക്കെ വളരെ വേഗം പുതിയ ലോകത്തിനുവേണ്ടി പാകപ്പെട്ടു എന്നതാണ്. ഇതുതന്നെയാണ് മോദി ഭരണകാലത്തും സംഭവിക്കുന്നത്.

സംവാദ രാഹിത്യത്തിന്റെ ഒരു അന്തരീക്ഷത്തിൽ എങ്ങനെയാണ് ജനാധിപത്യത്തിന് അതിന്റെ Eco -system നിലനിർത്താനാവുക എന്നതാണ് പ്രശ്‌നം. ഫാസിസം ജനങ്ങളെ ഒപ്പം നിർത്തിക്കൊണ്ടാണ് മുന്നോട്ടുപോകാൻ ശ്രമിക്കുക എന്നത് കേൾക്കുമ്പോൾ വൈരുധ്യമായി തോന്നുമെങ്കിലും വാസ്തവമാണ്. ഹിറ്റ്‌ലറായാലും മുസോളിനിയായാലും ഇങ്ങേയറ്റത്ത് നരേന്ദ്ര മോദിയായാലും ജനങ്ങളുടെ പേരിലാണ് ആണയിടുക. എന്നാൽ അവരാവശ്യപ്പെടുന്നത് സംവാദരഹിതമായ ഒരു സമൂഹത്തെയാണ്. ഉന്മാദം നിറഞ്ഞ ആൾക്കൂട്ടത്തെ അവർക്കു വേണം. പക്ഷെ ചോദ്യങ്ങളുണ്ടാകാൻ പാടില്ല. കവികളും കലാകാരന്മാരും നർത്തകരും നാടകക്കാരുമൊക്കെ ഫാഷിസത്തിനും എല്ലാ ഏകാധിപതികൾക്കും വേണം. പക്ഷെ അതൊക്കെ സംവാദരഹിതമായ അനുസരണയുടെ മുൻ നിശ്ചയിക്കപ്പെട്ട അധികാരത്തിന്റെ വിധേയത്തത്തിനുള്ളിൽ നിൽക്കുന്നവയാകണം.

അങ്ങനെയല്ലാത്ത ഒരു രാഷ്ട്രീയാധികാരം സംവിധാനമാണ് ജനാധിപത്യം എന്നതാണ് അതിന്റെ നിലനിൽപ്പ് എല്ലാ കാലത്തും അധികാരത്തിന്റെ കേന്ദ്രീകരണ സ്വഭാവവുമായി നിരന്തരമായ സംഘർഷത്തിലേർപ്പെടുന്ന ഒരു രാഷ്ട്രീയബോധമാക്കി ചരിത്രത്തിൽ നിലനിർത്തുന്നത്. ഈ സംഘർഷത്തിനെ അടിച്ചമർത്തുന്നതിനാണ് ഭരണകൂടവും ആധുനിക ചരിത്രത്തിൽ ഏതാണ്ടെല്ലാകാലത്തും അധികാരം കയ്യാളുന്ന ധനികവർഗവും ശ്രമിക്കുന്നത്. ജനാധിപത്യം എന്ന് പറഞ്ഞുകൊണ്ട് സാമാന്യമായ രാഷ്ട്രീയ പങ്കാളിത്തം ഉറപ്പുവരുത്തുന്ന വികസിത രാജ്യങ്ങളിൽപ്പോലും അത് സ്വത്തുടമാവർഗ്ഗത്തിന്റെ അധികാരമാണ്. യു.എസിലൊക്കെയുള്ള പോലെ പ്രത്യക്ഷമായിത്തന്നെ കോർപറേറ്റുകളും അവരുടെ രാഷ്ട്രീയ ദല്ലാളന്മാരും നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനമാണ് മറ്റു പലയിടങ്ങളിലും. എന്നാൽ പൗരാവകാശങ്ങളുടെ ഏറ്റവും പരിമിതമായ അർത്ഥത്തിൽപ്പോലും ജനാധിപത്യ സ്വാതന്ത്ര്യങ്ങൾ ഇല്ലാതെ വരുന്നു എന്നതാണ് പല രാജ്യങ്ങളിലുമുള്ള പ്രശ്‌നം. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ശക്തി വർധിക്കുന്ന രാജ്യങ്ങളിൽ ഇത് ആൾക്കൂട്ടത്തിന്റെ കൂടി സഹായത്തോടെയാണ് നടപ്പിലാവുക. ഇന്ത്യ ഇതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ്.

നിസ്വരും അടിച്ചമർത്തപ്പെടുന്നവരും അധികാരം പിടിച്ചെടുക്കുന്നു എന്നതുകൊണ്ടുമാത്രം ജനാധിപത്യം നടപ്പാക്കണം എന്നില്ല. അതൊരു നിരന്തരമായ രാഷ്ട്രീയ പ്രക്രിയയാകണം. അല്ലാത്തപക്ഷം വിപ്ലവങ്ങളുടെ ആദ്യഘട്ടം കഴിഞ്ഞാൽ തീരുമാനങ്ങളെടുക്കുന്ന ഒരു ന്യൂനപക്ഷം അധികാരത്തിൽ സ്ഥിരപ്പെടുകയും രാഷ്ട്രീയാധികാരവും സാമൂഹ്യാധികാരവും കൂട്ടിക്കിച്ചേര്ന്ന ഒരു പുത്തൻ വർഗം-The New Class - രൂപപ്പെടുകയും ചെയ്യും. സോവിയറ്റ് യൂണിയനിലടക്കം സംഭവിച്ചത് ഇതാണ്. സോഷ്യലിസ്റ്റ് രാജ്യങ്ങളിൽ ഇതിനു സ്വത്തുടമസ്ഥതയുടെ സ്വഭാവം ഇല്ലായിരുന്നു, പകരം പാർട്ടിക്കകത്ത് പരമാധികാര കേന്ദ്രങ്ങൾ രൂപപ്പെടുകയും പാർട്ടിക്കകത്തും പൊതുസമൂഹത്തിലും ജനാധിപത്യസംവാദങ്ങൾ ഇല്ലാതാക്കുകയും ചെയ്തു. അതോടെ നിരന്തരം പുതുക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു സോഷ്യലിസ്റ്റ് ജനാധിപത്യ സമൂഹത്തിനു പകരം ഒരു പുത്തൻ വർഗം എല്ലാവിധത്തിലുള്ള മർദ്ദക സംവിധാനങ്ങളുമുപയോഗിച്ച് രാഷ്ട്രീയാധികാരം നിലനിർത്തുന്ന ഒരു സമൂഹമായി അത് മാറും.

ഏറെക്കാലം ജനാധിപത്യബാഹ്യമായ രാഷ്ട്രീയ- സാമൂഹ്യ വ്യവഹാര രീതികളിൽക്കൂടി പാകപ്പെടുത്തപ്പെടുന്ന ഒരു ജനതയെ കൈകാര്യം ചെയ്യാൻ ഭരണകൂടത്തിന് എളുപ്പമായിരിക്കും. അഞ്ചുകൊല്ലം കൂടുമ്പോൾ വോട്ടു ചെയ്തു തിരിച്ചുവരികയും അടുത്ത തെരഞ്ഞെടുപ്പുവരെ മിണ്ടാതിരിക്കുകയും ചെയ്യുന്ന വോട്ടുകുത്തിയന്ത്രങ്ങളായി മനുഷ്യർ മാറുമ്പോൾ അവർ സാങ്കേതികമായി ജനാധിപത്യത്തിലെ പൗരന്മാരും പ്രായോഗികമായി കേവലം പ്രജകളും മാത്രമാണ്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിൽ ഭാഷയുടെ പ്രാധാന്യം അതിന്റെ ഏറ്റവും ഉപരിപ്ലവമായ അർത്ഥത്തിൽ സംവാദത്തിനൊരു ഭാഷ കൂടിയേ കഴിയൂ എന്നതാണ്. ആ ഭാഷ എന്ത് ഭാഷയാകണം എന്നതാണ് ജനാധിപത്യ സംവാദങ്ങളെ നിർണയിക്കുന്നത്, അഥവാ ഒരു സംവാദത്തെ ജനാധിപത്യവത്കരിക്കുന്നത്, സംവാദത്തിന് ഒരു ഭാഷയും ജീവിതത്തിലെ മറ്റ് വ്യവഹാരങ്ങൾക്ക് വേറൊരു ഭാഷയും എന്നത് വാസ്തവത്തിലുണ്ടാകുന്നത് സംവാദത്തിന് ജീവിതവുമായി ബന്ധമില്ലാതെ വരുമ്പോഴാണ് എന്നുവേണമെങ്കിൽ പറയാം. അല്ലെങ്കിൽ ജീവിതം അത്രയേറെ സംവാദ വിരുദ്ധമാകുമ്പോഴാണ് എന്നും കാണാം.

അതുകൊണ്ട് ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ ജീവിതത്തിന്റെ ഭാഷയെന്താണ് എന്നത് വളരെ നിർണായകമായൊരു കാര്യമാണ്. ജനാധിപത്യം ഒരു ജീവിതരീതിയാകുമ്പോൾ മാത്രമാണ് സാമൂഹ്യ സംവാദങ്ങൾ ജനാധിപത്യപരമായ ഭാഷയിൽ നടക്കുക. അല്ലെങ്കിൽ സമൂഹത്തിലെ ജനാധിപത്യവിരുദ്ധത മുഴുവനും സംവാദങ്ങളിൽ തിരയടിച്ചുകൊണ്ടിരിക്കും.

എന്നാലിത് യാതൊരു എതിർപ്പുമില്ലാതെ സ്വീകരിക്കപ്പെടേണ്ട ഒരു പ്രതിഭാസമല്ല. ജനാധിപത്യ രാഷ്ട്രീയത്തിന് നടത്തുന്ന എല്ലാ സമരങ്ങളും സംവാദങ്ങളും ജനാധിപത്യത്തിന്റെ ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കാൻ ബാധ്യസ്ഥരാണ്. അല്ലാത്തപക്ഷം ജനാധിപത്യവിരുദ്ധതയുടെ എതിർകക്ഷി വളരെ ലളിതമായി നിങ്ങളെ തോൽപ്പിച്ചുകളയും. കാരണം അതവർക്ക് തഴക്കം വന്ന കളിയാണ്.

എല്ലാ സംവാദങ്ങളും അതുകൊണ്ട് മറ്റൊരു അഭിപ്രായത്തിനുകൂടി ഇടമുള്ള തരത്തിൽ, ഭാഷയിൽ നടത്തേണ്ടതുണ്ട്. അത് സംവാദത്തിന്റെ അടിസ്ഥാന മാനദണ്ഡമാകണം. സാമാന്യ ജീവിതത്തിന്റെ അലസമായ അഴകളവുകളുള്ള ഭാഷയിൽ നിങ്ങൾക്ക് പലപ്പോഴും സംവാദത്തിന്റെ കുപ്പായം ധരിക്കാൻ കഴിയാത്തത് സംവാദ വിഷയങ്ങൾ നിത്യജീവിതത്തിലെ എളുപ്പം പരിഹരിക്കാവുന്ന ഏതെങ്കിലുമൊരു വ്യക്തിപരമായ ആകുലതയുടെ ഭാഷാപ്രകാശനം അല്ലാത്തതുകൊണ്ടാണ്. പൊതുസമൂഹത്തിൽ നടക്കുന്ന ഒരു സംവാദമാകട്ടെ അതിനു തുടക്കമിട്ടവരിൽ തുടങ്ങുന്നതോ അവരിൽ ഒതുങ്ങുന്നതോ അല്ല. അതിനൊരു നൈരന്തര്യമുണ്ട്. അത്തരമൊരു നൈരന്തര്യം സാധ്യമാകണമെങ്കിൽ അതിനു നിത്യപ്രയോഗങ്ങളുടെ കുറുക്കുവഴികൾ സാധ്യമാക്കുന്ന ഭാഷയെ സങ്കടത്തോടെ മാറ്റിവെക്കുകയും ഭാവിയെക്കൂടി കൊളുത്തിപ്പിടിക്കുന്ന ഒരു ഭാഷയെ വാഹനമാക്കുകയും ചെയ്യേണ്ടിവരും.

‘തെറിക്കുത്തരം മുറിപ്പത്തൽ’ എന്ന നാട്ടുപ്രയോഗമുണ്ടാകുന്നത് അത്തരത്തിലൊരു പ്രയോഗഭാഷയുടെ സംവാദസാധ്യതയെ കാണിക്കുന്നതാണ്. നമുക്കറിയാത്ത ഒരു ആശയലോകവും അത്തരത്തിലൊരു പ്രയോഗഭാഷ തുറന്നുതരുന്നില്ല. ഭാഷയുടെ ലാളിത്യമല്ല ഇപ്പറഞ്ഞതുകൊണ്ട് ഉദ്ദേശിക്കുന്നത്. സങ്കീർണമാകണം സംവാദഭാഷ എന്നല്ല, എന്നാൽ സംവാദത്തിന്റെ ആശയവിനിമയം സാധ്യമാകണമെങ്കിൽ സംവാദത്തിനൊരു തുടർച്ചയുണ്ടാക്കുന്ന ഭാഷ വേണം. തീർത്തും വിരുദ്ധ ധ്രുവങ്ങളിൽ നിന്നുകൊണ്ട് ഒരിക്കലും യോജിക്കാത്ത ആശയങ്ങളുമായി ഏറ്റുമുട്ടാം. അപ്പോഴും നമുക്ക് സംസാരിക്കാൻ നാവുണ്ടാവുക എന്നതിന്റെ നിലനിൽപ്പ് മറ്റുള്ളവർക്കും സംസാരിക്കാൻ ശബ്ദമുണ്ടാവുക എന്നതിന്റെ അതെ യുക്തിയിലാണ് എന്നൊരു തിരിച്ചറിവ് ജനാധിപത്യത്തിന് നല്ലതാണ്. ജനാധിപത്യം അത്ര നിർബന്ധമില്ലാത്ത സംവാദമാണെങ്കിൽ അത് തടികേടാകാതിരിക്കാൻ നല്ലതാണെന്ന് നമ്മൾ പറയും.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർ സ്പേസിനെ പരമ്പരാഗത പൊതുവിടത്തിൽ നിന്നും വ്യത്യസ്തമാക്കുന്ന ഒരു സംഗതി അത് അകലം എന്ന സങ്കല്പനത്തെ മായ്ച്ചുകളയുകയും ആളുകളുടെ തുടർച്ചയായി ചലിച്ചുകൊണ്ടിരിക്കുന്ന ഒരു ആശയവിനിമയ പ്രതലം ഉണ്ടാക്കുകയും ചെയ്യുന്നു എന്നതാണ്. നവ സാമൂഹ്യ മാധ്യമങ്ങൾ എന്നറിയപ്പെടുന്ന ഇത്തരമിടങ്ങൾക്ക് മനുഷ്യരുടെ സാമൂഹ്യ ജീവിതത്തിൽ ഒരു നാല് പതിറ്റാണ്ടിന്റെ ചരിത്രമേ പരമാവധി ആയിട്ടുള്ളു. അതുകൊണ്ടുതന്നെ അതിന്റെ മാത്രമായ, സവിശേഷമായ ഒരു സ്വഭാവത്തിലൂടെ മനുഷ്യർ അതിനുള്ളിൽ ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട് എന്ന് പറയാനാകില്ല. പൊതുസമൂഹത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക അവസ്ഥയുടെ പ്രതിഫലനം തന്നെയാണ് ഏറിയും കുറഞ്ഞും സൈബർ സ്പേസിലും കാണാൻ കഴിയുക.

എന്നാൽ പരമ്പരാഗത സംവാദങ്ങളിൽ നിന്ന്​ വ്യത്യസ്തമായി വിപുലമായൊരു ഇടപെടലിനുള്ള സാധ്യത സൈബർ സ്പേസ് തുറന്നിട്ടുണ്ട്. അതിന്റെ സൂക്ഷ്മമായ നിയന്ത്രണം മൂലധന ശക്തികളുടെയും ഭരണകൂടങ്ങളുടെയും കയ്യിലാണ് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. എന്നാൽ ഏതൊരു സാങ്കേതികവിദ്യയേയും പോലെ ജനങ്ങൾ അതിനെ ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കിനുള്ള സമരായുധങ്ങളായി ഉപയോഗപ്പെടുത്തുന്നുണ്ട്. അച്ചടി അങ്ങനെയാണ് ഉപയോഗപ്പെടുത്തിയത്. അച്ചടി തന്നെ യന്ത്രവത്കൃതമായപ്പോഴാണ് ലോകത്ത് ഭരണഘടനകൾ ഒന്നിനുപിറകെ ഒന്നായി എഴുതാൻ തുടങ്ങിയത് എന്ന് ചരിത്രത്തിൽ കാണാം. കാരണം രാഷ്ട്രീയാശയങ്ങളുടെ വിനിമയം അതിന്റെ പകർപ്പുകളുടെ രൂപത്തിൽ ഭൂഖണ്ഡങ്ങൾ കടന്നു സാധ്യമായത് അപ്പോഴാണ്. കമ്മ്യൂണിസ്റ്റ് പാർടികൾ ലോകത്ത് എവിടെ തുടങ്ങിയാലും ഒപ്പം ഒരു പത്രവും തുടങ്ങിയിരുന്നത് അതുകൊണ്ടാണ്. ഏതൊരു സാങ്കേതികവിദ്യയുടെയും വില്പന സാധ്യതയാണ് മുതലാളിത്തം ഉപയോഗിക്കുന്നതെങ്കിൽ അതിന്റെ സമരസാധ്യതയാണ് ജനങ്ങൾ പിടിച്ചെടുക്കുക.

ഇത്തരത്തിലൊരു സാധ്യത നവ- സാമൂഹ്യ മാധ്യമങ്ങൾക്കുണ്ട്. രാവിലെ എഴുന്നേറ്റാൽ നിങ്ങൾക്ക് വേണമെങ്കിൽ അഞ്ഞൂറ് പേരോട് തന്റെ രാഷ്ട്രീയാഭിപ്രായം പറയാം എന്നത് ജനാധിപത്യ സമൂഹങ്ങളുടെ ചരിത്രത്തിൽ ഒട്ടും ചെറിയ കാര്യമല്ല. അതായത് ഒരു അധികാര ഉപരിവർഗത്തിനു മാത്രം പ്രാപ്തമായിരുന്ന ആശയപ്രകാശന സ്വാതന്ത്ര്യവും അവസരവുമാണ് വലിയൊരു വിഭാഗം ജനങൾക്ക് കൂടി കയ്യിൽ കിട്ടിയിരിക്കുന്നത്. വസ്തുതകൾക്ക് മുകളിലുള്ള പ്രാപ്യത കുറേക്കൂടി സാമാന്യവത്കരിക്കപ്പെട്ടിരിക്കുന്നു. Black Lives Matter എന്ന സമരവും Occupy Wallstreet -ഉം ഒക്കെ നവ-സാമൂഹ്യമാധ്യമങ്ങളുടെ ജനാധിപത്യസമര സാദ്ധ്യതകൾ ഉപയോഗിച്ച സമരങ്ങളാണ്. Digital Democracy എന്നത് നിശ്ചയമായും ഇതിനുള്ളിൽ നടക്കേണ്ട ഇരട്ട സമരത്തിന്റെ ഭാഗമാണ്.

അത്തരമൊരു ഇടത്തിൽ സംവാദത്തിന്റെ ജനാധിപത്യത്തെ ഉൾക്കൊള്ളുക എന്നത് പൊതുസമൂഹത്തിന്റെ രാഷ്ട്രീയ- സാമൂഹ്യ പ്രയോഗങ്ങളുടെ ഒരു ഡിജിറ്റൽ പതിപ്പ് എന്ന രീതിയിലാകും വരിക. ‘മുസ്​ലിംകൾക്ക് ഖബറിസ്ഥാൻ അല്ലെങ്കിൽ പാകിസ്ഥാൻ’ എന്നലറുന്ന രാഷ്ട്രീയ നേതൃത്വമുള്ളോരു നാട്ടിൽ സൈബർ സ്പേസിൽ ജനാധിപത്യത്തിന്റെ വസന്തസേനകൾ നൃത്തം ചെയ്യില്ല. രാഷ്ട്രീയ കൊലപാതകങ്ങൾക്ക് പലവിധം ന്യായങ്ങളുമുണ്ട് എന്ന് പരസ്യമായി ഏതാണ്ടെല്ലാ രാഷ്ട്രീയ കക്ഷികളും പരസ്യമായി പറയുന്നൊരു നാട്ടിൽ സൈബർ ഇടങ്ങൾ അതെ പക്വത മാത്രമേ പ്രതിഫലിപ്പിക്കൂ. നിയമസഭയിൽ കസേര എടുത്തെറിയുകയും ബഹളം വെക്കുകയും ഒക്കെ ചെയ്യുന്ന ഒരു രാഷ്ട്രീയ നേതൃത്വമുള്ളപ്പോൾ പക്വതയുടെ സാമൂഹ്യ മാനദണ്ഡത്തിനാണ് പ്രശ്‌നം.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഡിജിറ്റൽ സ്പേസിലെ ആൾക്കൂട്ട ആക്രമണങ്ങൾ അതല്ലാത്ത ആൾക്കൂട്ട ആക്രമണങ്ങളിൽ നിന്ന്​ വ്യത്യസ്തമാകുന്നത് അത് പെ​ട്ടെന്ന് നേരിട്ടുള്ള ശാരീരികാക്രമണ സാധ്യത ഉണ്ടാക്കുന്നില്ല എന്നതാണ്. എന്നാൽ അത്തരത്തിലുള്ള ശാരീരികാക്രമണ സാധ്യതകൾക്ക് അത് നിർദ്ദേശം നൽകുകയും നടത്തിക്കുകയുമൊക്കെ ചെയ്യാം. അതേസമയം ഒരു വ്യക്തിയെ വ്യക്തിഹത്യ ചെയ്യാനും പ്രതിരോധത്തിന് പരിമിതികളുണ്ടാക്കുന്ന വിധത്തിൽ ആൾക്കൂട്ട ആക്രമണം നടത്താനുമുള്ള സൈബർ സ്പേസിന്റെ സാധ്യത ഭയാനകമാണ്. ഒരു തീരുമാനത്തിന്റെ ഭാഗമായി ചില അജണ്ടകൾ പ്രചരിപ്പിക്കാൻ ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ നടത്താറുണ്ട്. ആക്രമിക്കപ്പെടുന്ന വ്യക്തിക്ക് യാതൊരുവിധത്തിലും തന്റെ ഭാഗം പറയാൻ സാധ്യതയില്ലാത്തവിധത്തിലുള്ള എത്രയോ പേരിലേക്ക് ആൾക്കൂട്ടാക്രമണത്തിന്റെ അജണ്ട പ്രചരിപ്പിക്കാൻ കഴിയും. ഇതൊരു വ്യക്തിയുടെ നേർക്ക് എന്ന നിലയിൽ മാത്രമായി ചുരുങ്ങുന്നില്ല. ഉദാഹരണത്തിന് ജനാധിപത്യം എന്ന ആശയത്തിനുനേരെയാണ് ഇന്ത്യയിൽ സംഘപരിവാർ ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. അതിനുവേണ്ടി അവർ ജനാധിപത്യ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന വ്യക്തികളെ വളഞ്ഞിട്ട് ആക്രമിക്കും. അത് വാസ്തവത്തിൽ വ്യക്തിപരമായി ചെറുക്കാൻ ഒരു സാധ്യതയുമില്ലാത്ത ആക്രമണമാണ്.

ഇത്തരം ആൾക്കൂട്ട ആക്രമണങ്ങൾ അത് സൈബർ സ്പേസിലായാലും അതിനു പുറത്തായാലും ജനാധിപത്യത്തിന്റെ അന്തകവിത്തുകളാണ്. സൈബർ സ്പേസിൽ അതിനെ കൂടുതൽ അപകടകാരിയാക്കുന്നത് ഒരു ആശയം എന്ന നിലയിൽ അതിനുള്ള വ്യാപനസാധ്യതയാണ്. ആയിരക്കണക്കിന് ഫേസ്ബുക്, വാട്‌സ്ആപ് ഗ്രൂപ്പുകളാണ് സംഘപരിവാർ തെരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രചാരണത്തിന് ഉപയോഗിക്കുന്നത്.

ഡിജിറ്റൽ ആൾക്കൂട്ട ആക്രമണങ്ങളുടെ ഒരു സ്വഭാവവിശേഷം അതിന്റെ തുടർച്ചയും അവസാനവുമൊക്കെ ആൾക്കൂട്ടത്തിന്റെ അല്ലെങ്കിൽ അവരെ നിയന്ത്രിക്കുന്നവരുടെ തീരുമാനത്തിനനുസരിച്ചാണ് എന്നാണ്. അതായത് നിങ്ങൾക്ക് ഓടിയൊളിക്കാൻ പ്രത്യേകിച്ച് ഇടമൊന്നുമില്ല. ഈ ആൾക്കൂട്ടത്തെ പൊടുന്നനെയുണ്ടാകുന്ന പരസ്പരബന്ധമില്ലാത്ത ആൾക്കൂട്ടമായി കാണുന്നത് തെറ്റാണ്. ഓരോ ആൾക്കൂട്ട ആക്രമണത്തിലെ അക്രമികളും സവിശേഷമായൊരു രാഷ്ട്രീയ-സാമൂഹ്യ ബോധത്തിന്റെ നൂലിൽ കോർക്കപ്പെട്ടിരിക്കുന്നു. അതാണ് അവർ തമ്മിലുള്ള പാരസ്പര്യം. അതുകൊണ്ടാണ് വളരെയേറെ മുന്നൊരുക്കങ്ങളൊന്നുമില്ലാതെ ഇത്തരം ആക്രമണങ്ങൾ അതിവേഗം ഡിജിറ്റൽ സ്പേസിൽ പടർന്നുപിടിക്കുന്നത്. മാത്രവുമല്ല അജ്ഞാതനായിരിക്കുക അല്ലെങ്കിൽ ശാരീരികമായി അപ്രത്യക്ഷനായിരിക്കുക എന്നത് ഒരു Voyeuristic pleasure കൂടി ആൾക്കൂട്ടത്തിലെ ഓരോ മനുഷ്യനും ലഭിക്കുന്നുണ്ട്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായി സൈബർ ആക്രമണം വളരെ വിപുലമായ രീതിയിൽ അധികം തവണ നേരിട്ടിട്ടില്ല. അധിക്ഷേപങ്ങൾ, വ്യക്തിപരമായി നിക്ഷിപ്ത താത്പര്യങ്ങൾ ആരോപിക്കൽ, ഭീഷണികൾ എന്നിവയൊക്കെ ഒരു തുടർച്ച എന്ന മട്ടിൽ ഉണ്ടാകുന്നുണ്ട്. സംഘപരിവാർ സൈബർ ഗുണ്ടകളാണ് പൊതുവെ അത്രയേറെ മെനക്കെടാറുള്ളത്. സൈബർ ആൾക്കൂട്ട ആക്രമണത്തിൽ വ്യക്തികളെ തെരഞ്ഞെടുക്കാനും അവർക്കെതിരെയുള്ള ആക്രമണത്തിന്റെ ചട്ടക്കൂടുണ്ടാക്കാനുമൊക്കെ കേരളത്തിൽ എല്ലാ കക്ഷികളുടേയും സൈബർ ആൾക്കൂട്ടങ്ങൾക്ക് ഏതാണ്ട് സമാനമായ പാഠപുസ്തകങ്ങളാണുള്ളത്.

രാഷ്ട്രീയമാണ് പറയുന്നത് എന്നതുകൊണ്ട് അതിനോടുള്ള പ്രതികരണങ്ങൾ വ്യക്തിപരമായി അവഹേളിക്കുന്നവയാണെന്നു വരുന്ന ഘട്ടങ്ങളിലും അങ്ങനെ എടുക്കാറില്ല. രാഷ്ട്രീയം പറയുമ്പോൾ മറ്റു ഭയങ്ങളും താത്പര്യങ്ങളും ഉണ്ടാകാതിരിക്കുക എന്നതൊരു സ്വാഭാവിക രീതിയായി മാറിയതുകൊണ്ട് അത്തരം ആകുലതകളും ഇല്ല. സാമൂഹ്യപ്രവർത്തന രംഗത്തുള്ള എന്റെ ജീവിതപങ്കാളിയുടെ കാര്യത്തിൽ ഇതത്ര എളുപ്പമായിരുന്നില്ല. ഒരു സ്ത്രീ എന്ന നിലയിൽ അപകടകരമായ ആക്രമണ ഭീഷണികൾ സൈബർ സ്പേസും അതിനുപുറത്തുള്ള ഇടവും തമ്മിൽ കൂടിപ്പിണഞ്ഞു കിടക്കുമ്പോൾ വളരെ ബുദ്ധിമുട്ടാണ്.

Comments