സാങ്കേതികവിദ്യയെ നിത്യജീവിതത്തിൽ നിന്ന് വേർതിരിച്ച് കാണാൻ കഴിയാത്ത ഒരു വർത്തമാനകാലത്തിലാണ് നമ്മൾ ജീവിക്കുന്നത്. വിവരസാങ്കേതികവിദ്യയുടെ ലോകത്തുണ്ടായ മുന്നേറ്റമാണ് ഇന്നുകാണുന്ന രീതിയിൽ സാങ്കേതികവിദ്യയെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കിയത്. മനുഷ്യർക്ക് ചെയ്യാൻ വിഷമകരമായ എന്തിനെയും എളുപ്പമാക്കാൻ സഹായിക്കുന്ന ഒന്ന് എന്നതിലുപരി നമ്മൾ എന്ത് ചെയ്യണം, എങ്ങനെ ചെയ്യണം എന്ന് തീരുമാനിക്കുന്ന ഒന്നായി സാങ്കേതികവിദ്യയുടെ ഇടപെടൽ മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു മഹാമാരിയുടെ നടുവിൽ നിൽക്കുന്ന ലോകക്രമത്തിലാവട്ടെ സാങ്കേതിക വിദ്യ അതിന്റെ സാന്നിധ്യം കുറെ കൂടി അരക്കിട്ടുറപ്പിക്കുകയാണ് ചെയ്യുന്നത്. കോവിഡ് കാലത്ത് സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന അടച്ചുപൂട്ടലിലേക്ക് നീങ്ങാൻ ജനാധിപത്യ ഭരണകൂടങ്ങൾക്ക് പിൻബലം നൽകിയത് സാങ്കേതികവിദ്യ പകരുന്ന സൗകര്യങ്ങളായിരുന്നു. ജനങ്ങളുടെ സഞ്ചാരം ട്രാക്ക് ചെയ്ത് രേഖപ്പെടുത്തുക, അവർ രോഗബാധിതരുമായി സമ്പർക്കം പുലർത്തിയോ എന്നത് അവരറിയാതെ തന്നെ കണ്ടെത്തുക എന്നിങ്ങനെ നവസാങ്കേതികവിദ്യ തുറന്നു നൽകിയത് ഒരു സാധാരണ ലോകത്ത് ഏകാധിപത്യ ഭരണകൂടങ്ങൾ ആഗ്രഹിച്ച സൗകര്യങ്ങളായിരുന്നു. ജനാധിപത്യ ഭരണകൂടങ്ങൾ പൗരന് നൽകുന്നു എന്ന് അവകാശപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കാനുള്ള ശക്തമായ ഉപകരണങ്ങളായി സാങ്കേതികവിദ്യ മാറുന്ന ചിത്രമാണ് നാം സമീപകാലത്ത് കണ്ടത്. കോവിഡ് നിയന്ത്രണങ്ങൾ ഈ പ്രക്രിയക്ക് വേഗം കൂട്ടാൻ സഹായിച്ചു.
അജ്ഞാതമായ ഒരു സാംക്രമിക രോഗത്തെ പറ്റിയുള്ള ഭയം ഭരണ സംവിധാനങ്ങളോട് സഹകരിക്കാൻ മനുഷ്യരെ സ്വമേധയാ തയ്യാറാക്കുകയും ചെയ്തു. അവർ കാണിച്ച അച്ചടക്കത്തിനുപകരം സാധാരണ പൗരന് രോഗത്തിൽ നിന്നുള്ള സംരക്ഷണവും രോഗബാധക്കുള്ള ചികിൽസയും ഭരണകൂടങ്ങൾ നൽകി. എന്നാൽ എല്ലാവരും വീടുകളിലേക്ക് മടങ്ങുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. ഭരണസംവിധാനങ്ങൾക്ക് പുറമേ ജീവൻ നിലനിർത്തുന്നതിനുള്ള അവശ്യ വസ്തുക്കളുടെ വിതരണം എന്നിങ്ങനെയുള്ളവ അനുസ്യൂതം തുടരേണ്ടതുണ്ടല്ലോ. അതിനും സാങ്കേതിക വിദ്യയെയാണ് മനുഷ്യർ ആശ്രയിച്ചത്.
ഇങ്ങനെ പറയുമ്പോൾ ഈ സാങ്കേതികവിദ്യകളുടെ സൗകര്യങ്ങൾ എല്ലാവർക്കും വേണ്ട രീതിയിൽ ലഭ്യമായിരുന്നു എന്നൊന്നും അർത്ഥമില്ല. നിലവിലെ സാമ്പത്തിക അസമത്വം ഇവയുടെ ലഭ്യതയെയും നിയന്ത്രിച്ചു എന്ന് എളുപ്പത്തിൽ കാണാവുന്നതാണ്. ഈ സാങ്കേതികവിദ്യകൾ ഒന്നും തന്നെ പുതുമുഖങ്ങൾ ആയിരുന്നില്ല എന്നതാണ് വസ്തുത. ഇവ പലരൂപത്തിലും ഭാവത്തിലും നമുക്കുചുറ്റും ഉണ്ടായിരുന്നവ തന്നെയാണ്. വിദ്യാഭ്യാസമേഖല, തൊഴിൽ മേഖല, ക്രമസമാധാനപാലനം എന്നിവയിൽ സാങ്കേതികവിദ്യ നടത്തിയ ഇടപെടലുകൾ ആണ് പ്രധാനമായും കോവിഡ് കാലത്തെ ജീവിതചര്യാ മാറ്റങ്ങളെ അടയാളപ്പെടുത്തിയത്. അതിനാൽ തന്നെ സാങ്കേതികവിദ്യയും ജനാധിപത്യവും തമ്മിലുള്ള കൊടുക്കൽ വാങ്ങലുകളെ കുറെ കൂടി സൂക്ഷ്മമായി വിശകലനം ചെയ്യാനുള്ള ഒരു സാധ്യത വർത്തമാനകാലം നമുക്ക് മുന്നിൽ തുറന്നിടുന്നുണ്ട്. അതിനുള്ള ശ്രമമാണ് ഈ ലേഖനം.
വിവരവിശകലനത്തിനായുള്ള അൽഗോരിതങ്ങൾ, സാങ്കേതിക വിദ്യകളുടെ രാഷ്ട്രീയ നിഷ്പക്ഷത എന്ന പ്രസക്തമായ ചില ചോദ്യങ്ങൾ നമ്മുടെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടിയാണ്
സർക്കാരുകളും സ്വകാര്യ കമ്പനികളും നിരന്തരമായി വിവരശേഖരണം നടത്തികൊണ്ടിരിക്കുന്ന ഒരു ലോകമാണ് നമ്മുടേത്. വിവരശേഖരണത്തിന്റെ സാങ്കേതികവിദ്യയും സാധ്യതകളും അവ സൃഷ്ടിച്ചേക്കാവുന്ന സങ്കീർണതകളുമാണ് നമ്മൾ ആദ്യം പരിശോധിക്കുന്നത്. എന്തിനാണ് സാങ്കേതികവിദ്യയുടെ ഇത്തരം വായന, അവ എന്തുതരം ചോദ്യങ്ങളാണ് നമുക്ക് മുൻപിൽ തുറക്കുന്നത് എന്ന ഒരു അന്വേഷണവും ഇതോടൊപ്പം നടത്താം. വിവരവിശകലനത്തിനായുള്ള അൽഗോരിതങ്ങൾ, സാങ്കേതിക വിദ്യകളുടെ രാഷ്ട്രീയ നിഷ്പക്ഷത എന്ന പ്രസക്തമായ ചില ചോദ്യങ്ങൾ നമ്മുടെ ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങൾ കൂടിയാണ്. ബയോമെട്രിക്ക് ഡാറ്റ ശേഖരിക്കുന്ന യു.എൻ പോലുള്ള ഏജൻസികളുടെ പ്രവർത്തനം ഡാറ്റയുടെ ഉപയോഗ സാധ്യതകളുടെ നൈതികതയെ പറ്റിയുള്ള ചില ചോദ്യങ്ങൾ ഉയർത്തുന്നു. പ്ലാറ്റ്‌ഫോം/ഡിജിറ്റൽ ലേബർ എങ്ങനെയാണ് തൊഴിൽ നിയമങ്ങളെ മറികടക്കുന്നത് എന്നതാണ് പിന്നീട് നമ്മൾ വിശകലനം ചെയ്യാൻ ശ്രമിക്കുന്ന മറ്റൊരു ചോദ്യം. ഈ വിശകലനങ്ങൾക്ക് ശേഷം സാങ്കേതിക വിദ്യ, ഭരണകൂടം (State) - കമ്പോളം (Market) - പൗരൻ (Citizen) ബന്ധത്തെ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ എങ്ങനെ സ്വാധീനിച്ചേക്കാം, അത് ജനാധിപത്യത്തിന്റെ ഭാവിയിൽ ചെലുത്തിയേക്കാവുന്ന സ്വാധീനം എന്നിവയും വിശകലനം ചെയ്യുന്നു.
വിവരശേഖരണത്തിന്റെ സാധ്യതകൾ
കോവിഡ് കാലത്ത് നമ്മൾ ഉപയോഗിക്കാൻ തുടങ്ങിയ പല ഡിജിറ്റൽ സങ്കേതങ്ങളും പുതുസാങ്കേതിക വിദ്യകളല്ല. നാലാം വ്യാവസായിക വിപ്ലവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല മാറ്റങ്ങൾക്കും ആധാരമായ ബിഗ് ഡാറ്റ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിംഗ് എന്നീ മേഖലകളിലുണ്ടായ വലിയ മാറ്റങ്ങൾ മഹാമാരിയുടെ പിടിയിൽ അകപ്പെടും മുമ്പേ മനുഷ്യജീവിതത്തിലെ വിവിധ മേഖലകളിൽ കാര്യമായി ഇടപെട്ടു തുടങ്ങിയിരുന്നു. ജനാധിപത്യ സർക്കാരുകളും വലിയ കോർപ്പറേഷനുകളും വൻതോതിൽ വിവരശേഖരണം നടത്തുന്നതിനുള്ള മാർഗങ്ങൾ ആലോചിച്ച് നടപ്പിലാക്കിക്കൊണ്ടിരുന്നു. കോർപ്പറേറ്റ് ഡാറ്റാ ശേഖരണം ഒരു ദൈനംദിന പ്രക്രിയയാണ്. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച ആധാർ, സർക്കാർ സംവിധാനങ്ങൾ നടത്തുന്ന വൻതോതിലുള്ള വിവരശേഖരണ ശ്രമത്തിന് ഉദാഹരണമാണ്. ആധാറിൽ ശേഖരിക്കുന്ന വിവരങ്ങളിൽ വ്യക്തിയുടെ ബയോമെട്രിക് ഡാറ്റയും ഉൾപ്പെടുന്നു - റെറ്റിന സ്‌കാനും വിരലടയാളവും.
ആധാറിലെ ബയോമെട്രിക് വിവരശേഖരണത്തിലേക്ക് പിന്നീട് വരാം. എന്നാൽ വലിയ തോതിൽ ഡാറ്റ ശേഖരിക്കാനും അവ സൂക്ഷിച്ചുവെക്കാനും അവ ഉപയോഗിച്ച് തീരുമാനം എടുക്കാനുമുള്ള സാങ്കേതിക സംവിധാനങ്ങളുടെ നിർമാണം പ്രസക്തമായ ചില ചോദ്യങ്ങൾ ഉയർത്തുകയാണ്. ഇത്തരം സങ്കേതങ്ങളുടെ രാഷ്ട്രീയം എന്താണ്? അതോ അവക്ക് സ്വന്തമായ രാഷ്ട്രീയം ഉണ്ടോ? ശാസ്ത്രവും സാങ്കേതികവിദ്യയും രാഷ്ട്രീയ താൽപര്യങ്ങൾക്ക് മുകളിൽ നിൽക്കുന്ന അറിവിന്റെ രൂപങ്ങളാണ് എന്ന ധാരണയിൽ നിന്നാണ് പുരോഗതിയെ എല്ലായ്‌പ്പോഴും ശാസ്ത്ര- സാങ്കേതിക പുരോഗതിയുമായി ബന്ധപ്പെടുത്തി കാണാൻ നമ്മൾ ശ്രമിക്കുന്നത്. എന്നാൽ വിവരസാങ്കേതിക വിദ്യയുടെ പുരോഗതി ബിഗ് ഡാറ്റ ഉപയോഗത്തിനു വഴിമരുന്നിടുന്ന രീതിയിലായിരിക്കും എന്നത് ഒരു സ്വാഭാവിക പരിണാമമാണോ? ഇത്തരം ഡാറ്റ ഉപയോഗിച്ച് ജനസാമാന്യങ്ങളെ നിയന്ത്രിക്കാനും ഭരിക്കാനും അവർക്കുവേണ്ടീ തീരുമാനങ്ങൾ എടുക്കാനും ഉതകുന്ന രീതിയിലേക്കുള്ള വളർച്ച രാഷ്ട്രീയത്തിന് അതീതമായ ഒന്നാണോ? സാമൂഹ്യ- രാഷ്ട്രീയ- സാമ്പത്തിക ഘടകങ്ങൾ ഒന്നും ഈ പരിണാമത്തിൽ പങ്കുവഹിച്ചിരിക്കില്ലേ? ഇത്തരം ചോദ്യങ്ങൾ നമ്മൾ ഉയർത്തേണ്ടതുണ്ട്, അവ ജനാധിപത്യ സമൂഹങ്ങളുടെ ഭാവിയെ സംബന്ധിച്ച നിർണായകമായ ചില ചോദ്യങ്ങളാണ്.
നൂതന സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുന്നതിലും അവയുടെ ഉൽപ്പാദന പ്രക്രിയയിലും സ്വകാര്യ കോർപറേഷനുകൾക്കുള്ള മേൽക്കൈ, അങ്ങനെ രൂപപ്പെടുന്ന സാങ്കേതിക വിദ്യക്ക് ഭരണസംവിധാനങ്ങൾ, നിയമവാഴ്ച എന്നിവയെ സ്വാധീനിക്കാനുള്ള കഴിവ് എന്നിവ സ്റ്റേറ്റ് - മാർക്കറ്റ് ബന്ധത്തെ പുതിയ ഒരു തലത്തിലേക്ക് മാറ്റുന്നു എന്ന് കാണാം
ഒരു സാങ്കേതികവിദ്യ സമൂഹത്തിൽ പ്രതിഷ്ഠിക്കപ്പെട്ട ശേഷമുള്ള മാറ്റങ്ങൾക്കുപരി അത് പ്രതിഷ്ഠിക്കപ്പെടുന്ന രൂപം കൈവരിക്കാനുള്ള കാരണങ്ങളും പഠനവിധേയമാക്കണം എന്നതുകൊണ്ടാണ് ഈ ചോദ്യങ്ങൾ പ്രസക്തമാകുന്നത്. ഇത്തരം ചോദ്യങ്ങൾ വിവരസാങ്കേതികവിദ്യയിലെ പുതിയ നേട്ടങ്ങളെ കുറിച്ച് മാത്രമല്ല, മനുഷ്യരാശി കടന്നുവന്ന എല്ലാ മാറ്റങ്ങളെ കുറിച്ചും, സാങ്കേതിക പുരോഗതിയെ കുറിച്ചും വിശകലനം ചെയ്യുമ്പോൾ ഉന്നയിക്കേണ്ട ഒന്നാണ്. സാങ്കേതികവിദ്യയെ സംബന്ധിച്ച ഇത്തരം വിശകലനം മറ്റ് സാമൂഹ്യമാറ്റങ്ങളെ വിശകലനം ചെയ്യുന്ന രീതികളിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ വേണമോ എന്നത് ഇന്നും തർക്കിക്കപ്പെടുന്ന ഒരു കാര്യമാണ്. നൂതന സാങ്കേതിക വിദ്യകൾ രൂപപ്പെടുത്തുന്നതിലും അവയുടെ ഉൽപ്പാദന പ്രക്രിയയിലും സ്വകാര്യ കോർപറേഷനുകൾക്കുള്ള മേൽക്കൈ, അങ്ങനെ രൂപപ്പെടുന്ന സാങ്കേതിക വിദ്യക്ക് ഭരണസംവിധാനങ്ങൾ, നിയമവാഴ്ച എന്നിവയെ സ്വാധീനിക്കാനുള്ള കഴിവ് എന്നിവ സ്റ്റേറ്റ് - മാർക്കറ്റ് ബന്ധത്തെ പുതിയ ഒരു തലത്തിലേക്ക് മാറ്റുന്നു എന്ന് കാണാം. ഇവിടെയാണ് സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ ഘടകങ്ങളുടെ വിശകലനം പ്രസക്തമാവുന്നത്.
ടെക്‌നോളജിക്കൽ സൊല്യൂഷനിസം അരാഷ്ട്രീയമോ?
വിവരശേഖരണം സാധ്യമാക്കുന്ന സാങ്കേതികവിദ്യകളാണ് വിവരശേഖരണത്തിന്റെയും വിശകലനത്തിന്റെയും അടിസ്ഥാനത്തിലുള്ള സാമൂഹ്യ പ്രശ്‌നപരിഹാരങ്ങളുടെ ആധാരം. ഇത്തരം സാങ്കേതിക വിദ്യകൾക്ക് സമൂഹത്തിൽ കിട്ടുന്ന അംഗീകാരം പലപ്പോഴും അവയുടെ പ്രശ്‌ന പരിഹാര സാധ്യതയെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ്. ഉദാഹരണത്തിന് ആധാർ എന്ന ആശയം യാഥാർത്ഥ്യമാകുന്നത് അത്രയും വിവരങ്ങൾ സൂക്ഷിക്കാനും ഇഷ്ടാനുസരണം ഉപയോഗിക്കാനും പ്രാപ്തമാക്കുന്ന സാങ്കേതിക വിദ്യയിലൂടെയാണ്. ക്ഷേമരാഷ്ട്രം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാനുള്ള ഒരു ടെക്‌നോളജിക്കൽ സൊല്യൂഷൻ. അഴിമതി ഇല്ലാതാക്കുന്നു, സർക്കാർ വിതരണം ചെയ്യുന്ന ക്ഷേമ പദ്ധതികൾ അർഹരിൽ എത്തുന്നു എന്നുറപ്പാക്കുന്നു, മധ്യവർത്തികളെ ഒഴിവാക്കുന്നു എന്നിങ്ങനെ പൊതുമണ്ഡലത്തിൽ ഇത് സംബന്ധിച്ച് ആവർത്തിക്കപ്പെടുന്ന ഗുണങ്ങൾ നിരവധിയാണ്. ആധാർ വഴി നിർമിക്കപ്പെടുന്ന ഒരു സംഖ്യ (യുണീക് ഐഡി) ബില്യൺ ജനങ്ങളിൽ ഒരാളെ കൃത്യമായി അടയാളപ്പെടുത്തുന്നു, അയാൾക്ക് ഡ്യൂപ്ലിക്കേറ്റുകൾ ഉണ്ടാവുക അസാധ്യം തന്നെ (സാങ്കേതികമായി പറഞ്ഞാൽ). പിന്നീട് സ്റ്റേറ്റിന് അതിന്റെ പൗരനെ ഈ സംഖ്യയിലൂടെ നോക്കിക്കാണാം. ഈ സംഖ്യ ആ പൗരന്റെ സാമൂഹ്യ വ്യവഹാരങ്ങളിലേക്കുള്ള വാതിലാണ് - സർക്കാരുമായും മറ്റ് സ്വകാര്യ സംവിധാനങ്ങളുമായും വ്യക്തി ഇടപെടുന്ന ഇടങ്ങളിൽ എല്ലാം ഈ സംഖ്യ നിർബന്ധമാക്കുക എന്ന ഒരൊറ്റ നിയമ നിർമാണത്തിലൂടെ ( ആധാർ ലിങ്ക് ചെയ്യൽ ) ഭരണകൂടത്തിന് ഇത് സാധിച്ചെടുക്കാൻ കഴിയും. ഇവിടെ ഗുണപരമായ സാമൂഹ്യമാറ്റം എന്ന പ്രഖ്യാപിത ലക്ഷ്യത്തിൽ ഉണ്ടാക്കിയെടുത്ത ഒരു സാങ്കേതിക പരിഹാരം എങ്ങനെയാണ് നിരീക്ഷണ സംവിധാനം എന്ന നിലയിലേക്ക് ക്രമേണ പരിണമിക്കുന്നത് എന്ന് കാണാം. അത്തരം സാധ്യതകളുള്ള ഒരു സാങ്കേതികവിദ്യ അതിന്റെ ഉൽഭവകാലത്ത് തീർത്തും സാമൂഹ്യ രാഷ്ട്രീയ മാനങ്ങളിൽ നിന്നകന്നുനിൽക്കുന്ന ഒരു വൈജ്ഞാനിക പുരോഗതി മാത്രമായി കാണാൻ ആവുമോ എന്നതാണ് നമ്മുടെ മുമ്പിലെ ചോദ്യം.
ഡാറ്റ കൈവശപ്പെടുത്തിയ ശേഷം ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന അൽഗോരിതങ്ങൾ ആണ് സാങ്കേതികവിദ്യയുടെ മറ്റൊരു മുഖം
രാഷ്ട്രീയ നിഷ്പക്ഷമായ ഒരു വൈജ്ഞാനിക മുന്നേറ്റമായി മാത്രം സാങ്കേതികവിദ്യയെ നിരീക്ഷിക്കുന്നത് അതിന്റെ സാമൂഹ്യ- രാഷ്ട്രീയ ഇടപെടലുകളെ പ്രശ്‌നവൽക്കരിക്കാനുള്ള സാധ്യതകളെ ചുരുക്കുകയാണ് ചെയ്യുന്നത്. മേൽപ്പറഞ്ഞ ആധാർ ഉദാഹരണത്തിൽ വിവരം ശേഖരിക്കാനും സംഭരിക്കാനും ഉള്ള സാങ്കേതികവിദ്യയെ മാത്രമാണ് നമ്മൾ പരാമർശിച്ചത്. എന്ത് വിവരമാണ് ശേഖരിക്കുന്നത് എന്നത് തീർത്തും രാഷ്ട്രീയമായ തീരുമാനമാണെന്നും അതിനാൽ തന്നെ വിവരശേഖരണത്തിന്റെ സാങ്കേതികവിദ്യക്ക് അതിൽ പങ്കില്ലെന്നും വാദിക്കാം. എന്നാൽ ഇത്തരം ഒരു സാങ്കേതിക വിദ്യയുടെ ഗവേഷണത്തിനും അതിൽ പുതുകണ്ടുപിടുത്തങ്ങൾ നടത്തുന്നതിനും ഉള്ള സാമ്പത്തികമായ പ്രചോദനം ഒരു സ്വകാര്യ കോർപ്പറേറ്റിന് ഉണ്ടാവണമെങ്കിൽ ആ വിവരശേഖരണത്തിന്റെ വിപണനത്തിലെ ലാഭ നഷ്ട സാധ്യതകൾ കൂടി പ്രസക്തമാവുന്നുണ്ട്. അങ്ങനെ വരുമ്പോൾ എന്ത് വിവരം ശേഖരിക്കുന്നു എന്നത് ഈ സാങ്കേതികവിദ്യയിൽ പണമിറക്കുന്നവരുടെ കാഴ്ചവട്ടത്തിൽ നേരത്തെ തന്നെ എത്തിയിരിക്കണം, പ്രത്യക്ഷത്തിൽ അതിനെ പറ്റി പറയുന്നില്ലെങ്കിലും.
ഡാറ്റ കൈവശപ്പെടുത്തിയ ശേഷം ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് തീരുമാനമെടുക്കാൻ സഹായിക്കുന്ന അൽഗോരിതങ്ങൾ ആണ് സാങ്കേതികവിദ്യയുടെ മറ്റൊരു മുഖം. ഈ അൽഗോരിതങ്ങൾ തീർത്തും വസ്തു നിഷ്ഠമാകും എന്നത് ഉട്ടോപ്യൻ സാധ്യത മാത്രമാണ്. അവ ഉണ്ടാക്കുന്ന വ്യക്തിയിൽ തുടങ്ങി, അവ ഉണ്ടാക്കാൻ സാങ്കേതിക വിദഗ്ധനെ നിയോഗിക്കുന്ന ബിസിനസ് സ്ഥാപനം, അവരുടെ വാണിജ്യ താൽപര്യങ്ങൾ എന്നിവ ഇവയുടെ രൂപവും ഭാവവും നിർണയിക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. നിലവിലെ സാമ്പത്തിക- സാമൂഹ്യ അസമത്വങ്ങൾ, നിലവിലുള്ള അധികാര സ്ഥാപനങ്ങളുടെ ആഗ്രഹങ്ങൾ, വ്യക്തിപരവും സാമൂഹ്യവുമായ മുൻവിധികൾ ഇവയെല്ലാം ഈ അൽഗോരിതങ്ങളോടൊപ്പം ഇഴ പിരിക്കാനാവാതെ സമൂഹത്തിൽ എത്തുന്നു. ആ പശ്ചാത്തലത്തിലാണ് ഈ അൽഗോരിതങ്ങൾ നിയമ നിർമാണത്തിലും നിയമം നടപ്പിലാക്കുന്നതിലും പങ്കുവഹിക്കുന്ന ഒരു ഭാവിയെ നമ്മൾ നോക്കിക്കാണേണ്ടത്.
സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവരശേഖരണത്തെ അസാധ്യമാക്കുന്ന മറുസാങ്കേതികവിദ്യകൾ ധാരാളമുണ്ട്. നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം എന്ന നിർദ്ദേശങ്ങൾ വ്യാപകമായി ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നതിനുവേണ്ട സാങ്കേതിക പരിജ്ഞാനം പലർക്കും അപ്രാപ്യമാണ്
ജനങ്ങളിലേക്ക് അധികാരം കൂടുതലായി എത്തിക്കാനുള്ള നിയമ നിർമാണവും നിയമ പാലനവും ജനാധിപത്യ പ്രക്രിയയിലെ അവിഭാജ്യ ഘടകങ്ങൾ ആണ്, എന്നാൽ സമൂഹത്തിൽ നിലവിലൂള്ള അധികാര സമവാക്യങ്ങളെ പുഷ്ടിപ്പെടുത്തുന്ന രീതിയിൽ രൂപമെടുക്കുന്ന അൽഗോരിതങ്ങൾക്ക് മനുഷ്യ നിർമിതമായ പരിധികൾ നിർണയിക്കാതെ സർവതന്ത്ര സ്വാതന്ത്ര്യം നൽകുന്നത് ഒരു വ്യവസ്ഥിതി എന്ന നിലയിൽ ജനാധിപത്യത്തെ തന്നെ ദുർബലപ്പെടുത്തുമോ എന്ന ആശങ്ക അടിസ്ഥാന രഹിതമല്ല. സാമ്പത്തിക- സാമൂഹ്യ അസമത്വങ്ങൾ മാത്രമല്ല ഇവിടെ പ്രധാനമാകുന്നത്. അറിവിന്റെ അസമത്വം ( Information Asymmetry ) എന്നത് ഇവിടെ പ്രധാനമാണ്. വ്യക്തിയുടെ സ്വകാര്യതയിലേക്ക് അധികാരം നടത്തുന്ന കടന്നുകയറ്റത്തെ തന്നെ നോക്കുക. സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വിവരശേഖരണത്തെ അസാധ്യമാക്കുന്ന മറുസാങ്കേതികവിദ്യകൾ ധാരാളമുണ്ട്. നിങ്ങളുടെ സ്വകാര്യത എങ്ങനെ സംരക്ഷിക്കാം എന്ന നിർദ്ദേശങ്ങൾ വ്യാപകമായി ലഭ്യമാണ്. എന്നാൽ ഇവ ഉപയോഗിക്കുന്നതിനുവേണ്ട സാങ്കേതിക പരിജ്ഞാനം പലർക്കും അപ്രാപ്യമാണ് എന്നതിനാൽ തന്നെ സ്വകാര്യത ലംഘനം നടക്കുന്നുണ്ടാവാം എന്നറിഞ്ഞിട്ടും അത്തരം ടൂളുകൾ ഉപയോഗിക്കാൻ പലപ്പോഴും സാധാരണക്കാർ നിർബന്ധിതരാവുകയാണ്. മറുമരുന്നായി പ്രയോഗിക്കാവുന്ന സങ്കേതങ്ങളിൽ എന്തുകൊണ്ട് പണം ചെലവഴിക്കാനും ഗവേഷണങ്ങൾ നടത്താനും അവയെ ജനകീയമാക്കാനും വ്യാപകമായ ശ്രമങ്ങൾ ഉണ്ടാകുന്നില്ല എന്നത് പ്രസക്തമായ ചോദ്യമാണ്. ഓപ്പൺ സോഴ്‌സ് കമ്യൂണിറ്റികൾ നടത്തുന്ന വേറിട്ട ശ്രമങ്ങളെ മറന്നുകൊണ്ടല്ല ഇങ്ങനെ പരാമർശിക്കുന്നത്. അത്തരം ഉദ്യമങ്ങൾക്ക് കിട്ടുന്ന പ്രചാരവും പിന്തുണയും എത്രത്തോളമുണ്ട് എന്നതും ചിന്തിക്കപ്പെടേണ്ട വിഷയമാണ്. അവക്ക് കോർപ്പറേറ്റ് പിന്തുണയുള്ള ഗവേഷണങ്ങളെ ചെറുത്ത് തോൽപ്പിക്കാനുള്ള പരിമിതികൾ, സ്റ്റേറ്റ് - മാർക്കറ്റ് കൂട്ടുകെട്ടിന്റെ അധികാരശക്തിയോട് പൊരുതാനുള്ള പരിമിതികൾ ഇവ കൂടി കണക്കിലെടുത്താണ് ഇങ്ങനെ പറയുന്നത്. നിലവിലെ സാമൂഹ്യ - സാമ്പത്തിക അസമത്വങ്ങൾക്ക് പുറമെയാണു അറിവിലുള്ള അസമത്വം ഈ പശ്ചാത്തലത്തിൽ പ്രവർത്തിക്കുന്നത്. ഇത്തരം അറിവുകൾ സാർവത്രികമാക്കാനുള്ള ശ്രമങ്ങൾ ഭരണകൂടങ്ങളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുകയോ, ഇത്തരം കൊടുക്കൽ വാങ്ങലുകളിൽ ഒരു ജനപക്ഷ സ്ഥാനം എടുക്കുകയോ ചെയ്യുക എന്നത് ജനാധിപത്യ ഭരണകൂടങ്ങളുടെ കർത്തവ്യമാണ്.
ബയോമെട്രിക്ക് സർവൈലൻസിന്റെ സാമ്രാജ്യത്വ അജണ്ട
ഡാറ്റയുടെ സഹായം വ്യാപകമായി ഭരണകൂടം ഉപയോഗിക്കുമ്പോൾ എന്തുതരം ഡാറ്റ ശേഖരിക്കുന്നു എന്നതും പ്രസക്തമാണ്. അവിടെയാണ് ബയോമെട്രിക്ക് ഡാറ്റ ശേഖരണം ശ്രദ്ധയാകർഷിക്കുന്നത്. ഇത്തരത്തിൽ ഫിംഗർ പ്രിന്റുകളും റെറ്റിനാ സ്‌കാൻ പോലുള്ള വിവരങ്ങളും ശേഖരിക്കുന്നത് ഗവണ്മെന്റുകൾ മാത്രമല്ല; അന്താരാഷ്ട്ര ഏജൻസികൾ കൂടിയാണ്. നൊബേൽ സമ്മാനം നേടിയ ഐക്യരാഷ്ട്ര സംഘടനയുടെ വേൾഡ് ഫുഡ് പ്രോഗ്രാം അഭയാർത്ഥികൾക്കിടയിൽ നിന്ന് ശേഖരിച്ച ബയോമെട്രിക് ഡാറ്റ ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ആധാർ വിഷയത്തിൽ നമ്മൾ കണ്ട ഫലപ്രദവും കാര്യക്ഷമവും എന്ന വാദങ്ങൾ തന്നെയാണ് ഇവിടെയും മുന്നോട്ട് വെക്കപ്പെടുന്നത്. എന്നാൽ അത്രത്തോളം നിഷ്‌കളങ്കമാണോ ഈ വിവര ശേഖരണം? യു.എൻ പോലുള്ള അന്താരാഷ്ട്ര ഏജൻസികൾ അഭയാർത്ഥികളിൽ നിന്ന് ശേഖരിക്കുന്ന വിവരങ്ങൾ ഗവണ്മെന്റുകളുമായി പങ്കുവെക്കുന്നു എന്ന റിപ്പോർട്ടുകളുണ്ട്. ഇവ പലപ്പോഴും ഇമിഗ്രന്റ്‌സിനെ തടയാൻ വേണ്ടി അതിർത്തികളിൽ ഉപയോഗിക്കപ്പെടാൻ സാധ്യതയുണ്ട്. ചുരുക്കത്തിൽ ഒരു ആവശ്യത്തിനായി ശേഖരിക്കുന്ന വിവരങ്ങൾ അതുമായി ബന്ധമില്ലാത്ത മറ്റൊരു വിഷയത്തിൽ ഉപയോഗിക്കാനുള്ള സാധ്യത കൂടുതലാണ് എന്ന് കാണാം.
യു.എൻ നടത്തുന്ന ഹ്യുമാനിറ്റേറിയൻ പ്രവർത്തനങ്ങളിൽ പലതിലും വലിയ കോർപറേറ്റുകൾക്ക് പ്രധാനമായ പങ്കുണ്ട്. ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ശേഖരിക്കുന്ന ഡാറ്റ ഇത്തരം കോർപ്പറേറ്റുകൾക്ക് സങ്കേതിക വിദ്യ വികസിപ്പിക്കാനുള്ള മൂലധനമായി പ്രവർത്തിക്കുകയും ചെയ്യുന്നു. കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിക്കപ്പുറം ഒരു ബിസിനസ് സാധ്യത കൂടിയാണ് വിവരശേഖരണം അവർക്ക് മുന്നിൽ തുറന്നിടുന്നത്. കച്ചവട താൽപര്യങ്ങൾക്കപ്പുറമാണ് ഒരു പ്രത്യേക ജനവിഭാഗത്തെ മാറ്റി നിർത്താൻ, അവരോട് വിവേചനപരമായി പെരുമാറാൻ സാധ്യതയുള്ള ഒരു ഭരണകൂടത്തിന് ഇത്തരം വിവരങ്ങളിൽ നിന്നുള്ള അറിവുകൾ പകർന്നു തരുന്ന ശക്തി. ഇവിടെ തുടക്കത്തിൽ ജീവൻ നിലനിർത്തുന്നതിന് ഡാറ്റ നൽകാൻ തയ്യാറായ അഭയാർത്ഥികൾ ശക്തമായ ഭരണകൂടങ്ങൾ ഏർപ്പെടുത്തുന്ന സർവൈലൻസ് സംവിധാനങ്ങളാൽ നിരന്തരം വിവേചനത്തിനിരയാവുന്ന അവസ്ഥ കൂടി വന്നുചേരുന്നു. അഭയാർത്ഥികൾക്കിടയിലുള്ള റിലീഫ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള വിവരശേഖരണത്തെ പരാമർശിക്കുവാൻ ഡാറ്റാ കൊളോണിയലിസം എന്ന വാക്ക് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഇത് പ്രധാനമായും ഇത്തരം വിവരശേഖരണത്തിലൂടെ സാങ്കേതിക വിദ്യങ്ങൾ യാഥാർത്ഥ്യമാക്കുന്ന പ്രശ്‌ന പരിഹാരങ്ങളുടെ സാമ്രാജ്യത്വ സ്വഭാവത്തെ തുറന്നുകാട്ടുക എന്ന ഉദ്ദേശത്തിൽ കൂടിയുള്ള പ്രയോഗമാണ്. ബയോമെട്രിക്ക് സർവൈലൻസിന്റെ സാമ്രാജ്യത്വ അജണ്ടയും കോളനിവൽക്കരണ സ്വഭാവവും വിശദ പഠനത്തിനു വിധേയമാക്കേണ്ട വിഷയങ്ങളാണ്.
ഒരു കാര്യത്തിനായി ശേഖരിക്കപ്പെടുന്ന ഡാറ്റ മറ്റ് പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കപ്പേടുന്നുണ്ടാവുമോ? ഇനി അങ്ങനെ സംഭവിക്കുന്നെങ്കിൽ അത് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജനങ്ങൾക്ക് കഴിയുമോ?
ഇന്റർനെറ്റ് ഓഫ് തിംഗ്‌സ്, ഡിജിറ്റൽ ലേബർ
നിത്യജീവിതത്തിൽ ഇന്റർനെറ്റിന്റെ കടന്നുകയറ്റം കുറേകൂടി പ്രകടമായ ദിവസങ്ങളാണ് കോവിഡ് കാലത്ത് നാം കണ്ടത്. വർക്ക് ഫ്രം ഹോം, ഓൺലൈൻ ക്ലാസുകൾ എന്നിങ്ങനെ വീട്ടിൽ നിന്ന് ഇന്റർനെറ്റിലേക്ക് കണക്റ്റ് ചെയ്യുക എന്നത് ഒഴിവാക്കാൻ കഴിയാത്ത ചില ജീവിത മാതൃകകൾ. ഇവ അലോസരപ്പെടുത്തുന്നു എങ്കിൽ ഇന്റർനെറ്റ് ഓഫ് തിംഗ്‌സിന്റെ സാധ്യതകൾ എന്തായിരിക്കും എന്ന് ആലോചിച്ചുനോക്കൂ. നമ്മുടെ ഭൗതികലോകം ഇന്റർനെറ്റിന്റെ അദൃശ്യലോകവുമായി കൈകോർക്കുന്നതിന്റെ സാധ്യതകൾ അനന്തമാണ്.
ഒരുപക്ഷെ സയൻസ് ഫിക്ഷൻ എന്ന് തോന്നിപ്പിക്കുന്ന പല മുന്നേറ്റങ്ങളും ഈ മേഖലയിലുണ്ടായിട്ടുണ്ട്. അതിനപ്പുറം ജിജ്ഞാസയുള്ള ഒരു മേൽനോട്ട സംവിധാനത്തിന് നമ്മുടെ സ്വകാര്യ ജീവിതത്തിൽ കടന്നു കയറാനുള്ള, അതിനെ നിയന്ത്രിക്കാനുള്ള ഒരു വഴി കൂടി തുറന്നുവെക്കുന്നുണ്ട് ഈ നൂതന സാങ്കേതിക വിദ്യ. നമ്മുടെ ജീവിതത്തിന്റെ ഓരോ നിമിഷവും അതുമായി ബന്ധപ്പെട്ട ഡാറ്റയും കച്ചവട സാധ്യതയുള്ള ഒരു ഉൽപന്നം സൃഷ്ടിക്കാനുള്ള അസംസ്‌കൃത വസ്തുവാണെന്ന ബിസിനസ് ലോജിക്കാണ് ഈ സങ്കേതികവിദ്യയുടെ വികാസത്തെ മുന്നോട്ട് നയിക്കുന്ന ബുദ്ധി. ഒരു മുതലാളിത്ത കച്ചവട സംവിധാനത്തിൽ വിൽപനച്ചരക്ക് ആക്കാവുന്ന എന്തിനെയും കൈവശപ്പെടുത്താനുള്ള ശ്രമത്തിൽ സാങ്കേതിക വിദ്യക്ക് പങ്കുണ്ട്. ഇവ നമ്മുടെ ജീവിതം എളുപ്പമാക്കുകയും എന്റർടെയിൻമെന്റ് സാധ്യതകൾ തുറന്നുവെക്കുകയും മാത്രമാണോ ചെയ്യുന്നത്? ഹ്യൂമാനിറ്റേറിയൻ എയ്ഡിന്റെ വിഷയത്തിൽ പറഞ്ഞത് പോലെ ഒരു കാര്യത്തിനായി ശേഖരിക്കപ്പെടുന്ന ഡാറ്റ മറ്റ് പല ആവശ്യങ്ങൾക്കുമായി ഉപയോഗിക്കപ്പെടുന്നുണ്ടാവുമോ? ഇനി അങ്ങനെ സംഭവിക്കുന്നെങ്കിൽ അത് നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ ജനങ്ങൾക്ക് കഴിയുമോ? സ്റ്റേറ്റ് - മാർക്കറ്റ് സംവിധാനത്തിൽ ജനാധിപത്യപരമായ അധികാരം ഉപയോഗിച്ച് ഈ ഡാറ്റ അനിയന്ത്രിതമായി കൈമാറ്റം ചെയ്യപ്പെടുന്നതിനെ എങ്ങനെ നിയന്ത്രിക്കാം? എന്നീ ചോദ്യങ്ങൾ പ്രസക്തമാവുകയാണ്. ഇവക്ക് വ്യക്തമായ ഉത്തരങ്ങൾ നമ്മുടെ മുൻപിൽ ഇല്ല. റഗുലേഷൻ എന്നതാണ് ഏറ്റവും എളുപ്പത്തിൽ മുന്നോട്ട് വെക്കപ്പെടുന്ന ഒരു ഉത്തരം. എന്നാൽ ക്യാപ്പിറ്റലിസ്റ്റ് റഗുലേഷന്റെ ചരിത്രം ജനാധിപത്യത്തെയാണൊ മാർക്കറ്റിനെയാണോ കൂടുതൽ സഹായിച്ചിട്ടുള്ളത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.
ഡിജിറ്റൽ സാങ്കേതികവിദ്യ തീർത്തും മാറ്റിമറിക്കുന്നത് തൊഴിൽ മേഖലയെയാണ്. ലേബർ മാർക്കറ്റിന്റെ ഡിജിറ്റൽ രൂപങ്ങളാണ് ഇന്ന് തൊഴിൽ ദായകരായി രംഗത്ത് വന്നിരിക്കുന്നത്. നമുക്ക് പരിചിതമായ ഊബർ, ഓല തുടങ്ങിയ ടാക്‌സി പ്ലാറ്റ്‌ഫോമുകൾ, അർബൻ കമ്പനി തുടങ്ങിയ സർവീസുകൾ, സ്വിഗ്ഗി/സൊമാറ്റോ തുടങ്ങിയ ഭക്ഷണ വിതരണം നടത്തുന്ന പ്ലാറ്റ്‌ഫോമുകൾ - ഇവയെല്ലാം തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങളാണ് വരുത്തിക്കൊണ്ടിരിക്കുന്നത്. തൊഴിൽ നിലനിൽക്കുകയും തൊഴിലാളികൾ ഇല്ലാതാവുകയും ചെയ്യുന്നു എന്നതാണ് ഇതിലെ പ്രസക്തമായ ഒരു മാറ്റം. ഒരു നിശ്ചിത സമയം ഒരു പ്രത്യേക ഫാക്ടറിയിൽ തൊഴിൽ ചെയ്ത് ഉൽപ്പാദനപ്രക്രിയയിൽ ഏർപ്പെടുന്ന ഒരു തൊഴിലാളി എന്ന സങ്കൽപ്പം പഴഞ്ചനാക്കി മാറ്റിയിരിക്കുന്നു ഇവ. ഇവ കൂടാതെ ഓൺലൈൻ ആയി നിർവഹിക്കാൻ സാധ്യതയുള്ള ജോലികൾ വീട്ടിലിരുന്ന് ചെയ്യാൻ സഹായിക്കുന്ന ആമസോൺ മെക്കാനിക്കൽ ടർക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളും ഉണ്ട്.
കോവിഡ് ലോക്ക്ഡൗൺ കാലത്ത് നടന്ന പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, തൊഴിലാളി ക്ഷേമ പദ്ധതികളുടെ അഭാവത്തിൽ രോഗബാധ എന്ന റിസ്‌ക് ഏറ്റെടുത്തുകൊണ്ട് തൊഴിലിൽ ഏർപ്പെടാൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾ നിർബന്ധിതരായി എന്നതാണ്. ഓൺലൈനിൽ തീരുമാനിക്കപ്പെട്ട് ഓൺലൈനിൽ ചെയ്തുതീർക്കുന്ന ജോലികളാണിവ. ഊബർ പോലുള്ള ടാക്സി പ്ലാറ്റ്ഫോമുകളിൽ ആര്, എന്ത് ജോലി ചെയ്യണം എന്നത് മാത്രമാണ് പ്ലാറ്റ്ഫോമിൽ നിശ്ചയിക്കപ്പെടുന്നത്. യഥാർത്ഥജോലി ചെയ്യപ്പെടുന്നത് നേരിട്ടാണ്.
യാത്രക്കാരനെ അയാൾ നിൽക്കുന്നിടത്ത് നിന്ന് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുന്ന ജോലി. പ്ലാറ്റ്‌ഫോം ഒരു മധ്യവർത്തിയാണ്. ഒരു പട്ടണത്തിൽ പ്രത്യേക സ്ഥാനത്ത് നിൽക്കുന്ന ഒരു ഉപഭോക്താവിനെ ഒരു ഡ്രൈവറുമായി പ്ലാറ്റ്‌ഫോം ബന്ധിപ്പിക്കുന്നു. ജോലി ചെയ്യാനുള്ള സാമഗ്രികൾ ഡ്രൈവറുടെതാണ്. ഉപഭോക്താവിനെ കണ്ടെത്താൻ സഹായിക്കുന്നു എന്നതാണ് പ്ലാറ്റ്‌ഫോം ചെയ്യുന്ന പ്രധാന പ്രവൃത്തി. എന്നാൽ ഈ മധ്യവർത്തിയാണ് യാത്രയുടെ നിരക്ക് നിശ്ചയിക്കുന്നത്. യാത്രക്കാരൻ ആണ് ഡ്രൈവറുടെ പെർഫൊമൻസ് എത്ര നന്നായിരുന്നു അല്ലെങ്കിൽ മോശമായിരുന്നു എന്ന് തീരുമാനിക്കുന്നത്. ഒരു പ്രദേശത്തെ നിലവിലുള്ള തിരക്കും വാഹനങ്ങളുടെ ലഭ്യതയും അനുസരിച്ച് യാത്രാനിരക്കും ആർക്ക് ജോലി ലഭിക്കണം എന്നും തീരുമാനിക്കുന്നത് പ്ലാറ്റ്‌ഫോമാണ്. ചെയ്യുന്ന ജോലിയുടെ കാര്യത്തിൽ ഇത്രയൊന്നും നിയന്ത്രണം ഇല്ലെങ്കിലും രാജ്യത്ത് നിലവിലുള്ള തൊഴിൽ നിയമങ്ങൾ പ്രകാരം തൊഴിലാളിയായി ഇവർ കണക്കാക്കപ്പെടുന്നുമില്ല. പകരം ഇവർ ഇൻഡിപെൻഡന്റ് കോണ്ട്രാക്ടർ എന്ന രീതിയിലാണ് അറിയപ്പെടുന്നത്. സൊമാറ്റോ/സ്വിഗ്ഗി എന്നിവർ ഡെലിവറി പാർട്ണർ എന്ന പേരിലാണ് തൊഴിലാളികളെ വിശേഷിപ്പിക്കുന്നത്.
തൊഴിലാളികൾ അല്ലാത്തതിനാൽ മിനിമം വേതനം, അവധി ദിനങ്ങൾ, പി.എഫ് തുടങ്ങിയ ആനുകൂല്യങ്ങൾക്ക് ഇവർ അർഹരുമല്ല. ഇന്ത്യൻ നഗരങ്ങൾ പ്രധാനമായും ഇവരെയാണ് കോവിഡ് കാലത്ത് അവശ്യ സർവീസുകൾക്ക് ആശ്രയിച്ചത്. കോവിഡ് ലോക്ക്ഡൗൺ കാലത്ത് നടന്ന പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്, തൊഴിലാളി ക്ഷേമ പദ്ധതികളുടെ അഭാവത്തിൽ രോഗബാധ എന്ന റിസ്‌ക് ഏറ്റെടുത്തുകൊണ്ട് തൊഴിലിൽ ഏർപ്പെടാൻ പ്ലാറ്റ്‌ഫോം തൊഴിലാളികൾ നിർബന്ധിതരായി എന്നതാണ്. എന്നാൽ ഈ റിസ്‌കിന് സമാനമായ പ്രതിഫലം നൽകാനോ സാമൂഹ്യസുരക്ഷാ പദ്ധതികൾ നൽകാനോ മിക്ക പ്ലാറ്റ്‌ഫോമുകളും തയ്യാറായതുമില്ല. നേരത്തെ പരാമർശിച്ച റെഗുലേഷൻ സംവിധാനത്തിന്റെ തൊഴിൽ മേഖലയിലെ അവസ്ഥ ഇങ്ങനെയാണ്.
പ്ലാറ്റ്‌ഫോം തൊഴിൽ വളരെ കൃത്യമായി തൊഴിൽ നിയമങ്ങൾ എന്ന റെഗുലേഷൻ സംവിധാനം മറികടക്കുന്നു. പാർട്ണർ എന്ന തുല്യത കരാറിൽ ഉണ്ടെങ്കിലും പ്ലാറ്റ്‌ഫോമും തൊഴിലാളിയും തമ്മിൽ നിലനിൽക്കുന്ന ഇൻഫർമേഷൻ അസിമട്രി ഒരു മേശക്കിരുപുറം ഇരുന്നുകൊണ്ട് അവകാശങ്ങൾക്കുവേണ്ടി ചർച്ച നടത്താനുള്ള സാധ്യത ഇല്ലായ്മ ചെയ്യുന്നു. പ്ലാറ്റ്‌ഫോം ആപ്പിന്റെ അൽഗോരിതം ആണ് തൊഴിലാളിയുടെ പെർഫോമൻസ് നിശ്ചയിക്കുന്നത്. അതിനായി ഉപഭോക്താക്കൾ നൽകുന്ന വിലയിരുത്തലിനെ പ്ലാറ്റ്‌ഫോം ആശ്രയിക്കുന്നു. എന്നാൽ തൊഴിലാളിക്ക് തൊഴിൽ നൽകാൻ ഉപയോഗിക്കുന്ന അൽഗോരിതം, റേറ്റിങ്ങ് ഏതെല്ലാം രീതിയിൽ ഉപയോഗിക്കുന്നു എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഇവയൊന്നും തന്നെ അൽഗോരിതം നിർമിക്കുന്ന കമ്പനി പുറത്തുവിടുന്നില്ല. ഒരേ പ്ലാറ്റ്‌ഫോമിനു വേണ്ടി പണിയെടുക്കുന്നവർക്ക് തമ്മിൽ കാണാനോ സംഘടിക്കാനോ ഉള്ള അവസരങ്ങൾ ജോലിയുടെ പ്രത്യേകത കൊണ്ട് തന്നെ തീരെ കുറവാണെന്ന് കാണാം. സംഘടിക്കുക എന്ന സാധ്യതയെ തന്നെ ഇല്ലായ്മ ചെയ്യാൻ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾക്ക് വളരെ എളുപ്പം സാധിക്കുന്നു. എൻട്രി ബാരിയർ ഇല്ലാതാകുന്നു എന്നതാണ് തൊഴിൽ തേടുന്നവരെ ഇത്തരം പ്ലാറ്റ്‌ഫോമുകളിൽ ആകൃഷ്ടരാക്കുന്നത്. എന്നാൽ ഇതേ കാരണത്താൽ തന്നെ ഈ ഡിജിറ്റൽ ലേബർ മാർക്കറ്റിൽ മൽസരം അനിയന്ത്രിതമാവുകയും അത് വേതനം കാര്യമായി കുറക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു. മിനിമം വേജിന്റെ ബാധ്യതകൾ ഇല്ല എന്നതിനാൽ തന്നെ പ്ലാറ്റ്‌ഫോമുകൾക്ക് ഈ മൽസരം ഒരു തലവേദന ആകുന്നുമില്ല.
അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള സാധ്യതകളെ ഏതാണ്ട് പൂർണമായും നീക്കം ചെയ്യുന്ന ഒന്നാണ് ഡിജിറ്റൽ ലേബർ എന്നത് കാണാതിരിക്കാനാവില്ല. ഇത് കളക്ടീവ് ബാർഗെയ്‌നിങ് എന്ന തൊഴിലാളി വർഗത്തിന്റെ ശക്തിയെ ഏതാണ്ട് പൂർണമായും ഉന്മൂലനം ചെയ്യുന്നു
പ്ലാറ്റ്‌ഫോമുകൾ ഉപയോഗപ്പെടുത്തുന്നത് ഡിജിറ്റൽ സാങ്കേതിക വിദ്യയാൽ തൊഴിലിനെ അളക്കാനുള്ള സാധ്യതയാണ്. ഒരു തൊഴിലിനെ പ്ലാറ്റ്‌ഫോമിൽ എത്തിക്കുവാനുള്ള സാധ്യത കൂടുന്നത് ആ തൊഴിലിനെ അളക്കാൻ നമുക്ക് പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുമ്പോഴാണ്. ഇത്തരം തൊഴിലുകൾ തൊഴിലാളിയെ നിരീക്ഷിക്കാനുള്ള പ്ലാറ്റ്‌ഫോമിന്റെ സാധ്യത വർധിപ്പിക്കുന്നു. ഇതിനൊപ്പം ഉപഭോക്താവും പ്ലാറ്റ്‌ഫോമിന്റെ നിരന്തരമായ നിരീക്ഷണത്തിലാണ്. ഏതെല്ലാം ദിവസങ്ങളിൽ എവിടെയെല്ലാം പോകുന്നു എന്നതിനനുസരിച്ച് ഉപഭോക്താവിന്റെ ഒരു ബിഹേവിയറൽ പാറ്റേൺ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്നു. സമാനമായ പ്ലാറ്റ്‌ഫോമുകളൂടെ ഇന്റഗ്രേഷനിലൂടെ ഒരു വ്യക്തിയുടെ മൊത്തം ജീവിതത്തിന്റെ ഒരു ഡിജിറ്റൽ ചിത്രം സൃഷ്ടിക്കാൻ പ്ലാറ്റ്‌ഫോമുകൾക്ക് കഴിയുന്നു. യാത്ര, യാത്രയിലെ ഭക്ഷണം കഴിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ പ്ലാറ്റ്‌ഫോമുകളുടെ കണ്ണിൽ ആവുന്നതോടെ ഒരു വ്യക്തിയുടെ ജീവിതത്തിൽ ഡിജിറ്റൽ ലോകത്ത് നിന്ന് മാറി സംഭവിക്കാൻ സാധ്യതയുള്ള ജീവിതചര്യകൾ കൂടി രേഖപ്പെടുത്തപ്പെടുകയാണ്.
കോവിഡ് കാലം പ്ലാറ്റ്‌ഫോം തൊഴിൽ എന്നത് ഒരു അനിവാര്യതയാണ് എന്ന തരം ഓർമപ്പെടുത്തൽ ആണ് നമുക്ക് നൽകുന്നത്. സ്വിഗ്ഗിയോ, മറ്റ് ഡെലിവറീ സർവീസുകളോ ഇല്ലായിരുന്നെങ്കിൽ ഇന്ത്യൻ നഗരങ്ങൾ ഒന്നിനും തന്നെ ലോക്ക്ഡൗൺ എന്ന അവസ്ഥയെ നേരിടാൻ കഴിയുമായിരുന്നില്ല. എന്നാൽ അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള സാധ്യതകളെ ഏതാണ്ട് പൂർണമായും നീക്കം ചെയ്യുന്ന ഒന്നാണ് ഡിജിറ്റൽ ലേബർ എന്നത് കാണാതിരിക്കാനാവില്ല. കളക്ടീവ് ബാർഗെയ്‌നിങ് എന്ന തൊഴിലാളി വർഗത്തിന്റെ ശക്തിയെ ഏതാണ്ട് പൂർണമായും ഉന്മൂലനം ചെയ്യുകയും നിലവിലുള്ള നിയമ സംവിധാനങ്ങളിൽ നിന്ന് മാറി നടക്കാനുള്ള കരുത്ത് നേടുകയും ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾ വൻതോതിൽ തൊഴിൽ നൽകുന്ന തൊഴിൽ ദാതാക്കൾ കൂടിയാണ്. ഇവയുടെ സ്വാധീനം വളരുകയാണു ചെയ്യുന്നത്. എന്നാൽ മിനിമം വേതനം, സാമൂഹ്യ സുരക്ഷ എന്നിവയുടെ അഭാവം ആശാവഹമായ ഒരു ഭാവിയിലേക്കല്ല വിരൽ ചൂണ്ടുന്നത് - പ്രത്യേകിച്ച് തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്റെ കാര്യത്തിൽ.
ജനാധിപത്യത്തിന്റെ സാധ്യതകൾ
ഭരണസംവിധാനങ്ങൾ കൂടുതലായി സാങ്കേതികവിദ്യയെ ആശ്രയിക്കുന്നു. നിയമവാഴ്ച നടപ്പിലാക്കാൻ വരെ സാങ്കേതിക വിദ്യകളുടെ സഹായം തേടുന്നു. അറിഞ്ഞും അറിയാതെയും നമ്മുടെ നിത്യജീവിതത്തിൽ കോർപറേറ്റുകളും സർക്കാരുകളും ഇടപെടുന്നു. സാങ്കേതികവിദ്യയുടെ സഹായത്താൽ അവർ വ്യക്തികളെ പറ്റി, സമൂഹത്തെ പറ്റി, വ്യക്തികളുടെ ചിന്താപദ്ധതികളെ പറ്റി, രാഷ്ട്രീയ ചായ്‌വിനെ പറ്റി എല്ലാമുള്ള വിവരങ്ങൾ ശേഖരിച്ചു വെക്കുന്നു, അവ വിശകലനം ചെയ്യുന്നു, അവ ഉപയോഗിച്ച് വ്യക്തികളുടെ പ്രവർത്തനങ്ങളെ പ്രവചിക്കുന്നു, അതിൽ അവരുടെ അധികാരത്തിനു എതിരുനിൽക്കാനുള്ള സാധ്യതകൾ ഉണ്ടെങ്കിൽ അവയെ മുൻകൂട്ടി കണ്ട് പ്രതിരോധിക്കുന്നു. ഒരു വ്യക്തിയുടെ പ്രവർത്തനം നിയമവിധേയമോ അല്ലയോ എന്ന തീർപ്പിന്റെ ഒരു പ്രാഥമിക വിശകലനം അൽഗോരിതങ്ങൾ നിർവഹിക്കുന്നു. വലിയ തോതിലുള്ള ഡാറ്റ ശേഖരിച്ച് ജനാധിപത്യ ഗവണ്മെന്റുകൾ അവരുടെ പൗരന്മാരെ നിരന്തരം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു. തൊഴിൽ, തൊഴിൽ അനുബന്ധ പ്രവൃത്തികൾ എന്നിവയെ പൂർവാധികം ഡിജിറ്റൽ മിഴിവുള്ളതാക്കുക വഴി തൊഴിലാളിയെയും ഉപഭോക്താവിനെയും നിരീക്ഷിക്കാൻ കെൽപ്പുള്ള ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ സർവ സാധാരണമാവുന്നു. ഈ വർത്തമാനകാല യാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ട് മാത്രമേ സാങ്കേതികവിദ്യയുടെ ഇന്നിനെ സാമൂഹ്യശാസ്ത്രപരമായി വിശകലനം ചെയ്യാനാവൂ. ഇതിൽ ഏറ്റവും പ്രധാനം ജനാധിപത്യവ്യവസ്ഥിതിയെ ഈ സാങ്കേതിക പുരോഗതികൾ ഏത് രീതിയിൽ സ്വാധീനിക്കുന്നു എന്നതാണ്.
മനുഷ്യന്റെ, സമൂഹത്തിന്റെ സ്വയം നിർണയാധികാരത്തിൽ കൈ കടത്താൻ ഭരണ - അധികാര വർഗങ്ങൾക്ക് കൂടുതൽ ശക്തി പകരുന്ന ഒന്നായി സാങ്കേതികവിദ്യയുടെ പ്രയോഗം മാറുന്നുണ്ടെങ്കിൽ അത് പ്രയോഗത്തിന്റെ മാത്രം പ്രശ്‌നമല്ല, മറിച്ച് സാങ്കേതികവിദ്യയുടെ നിർമാണ പ്രക്രിയയുടെ കൂടി പ്രശ്‌നമാണ്. ആർക്ക് വേണ്ടി നിർമിക്കപ്പെടുന്നു, ആരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് നിർമിക്കപ്പെടുന്നു എന്നതാണ് കാതലായ വിഷയം. സാങ്കേതികവിദ്യയുടെ കാര്യത്തിൽ മാത്രമല്ല, ഇവ ഉപയോഗിച്ച് സർക്കാരുകൾക്കായി ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ കൈവശാവകാശത്തിന്റെ കാര്യത്തിലും ഈ പ്രശ്‌നമുണ്ട്. ഈ അവകാശങ്ങൾ ആരിലാണ് എന്നത് പൂർണമായും നിർവചിക്കപ്പെട്ടിട്ടില്ലാത്ത നിയമ സംവിധാനങ്ങളാണ് നമുക്കുള്ളത്. ലിബർട്ടേറിയൻ വാദങ്ങളിലെ നിയന്ത്രണങ്ങൾ ഇല്ലാത്ത ലോകത്ത് നിയന്ത്രണങ്ങൾ ഇല്ലാതാവുന്നത് മുതലാളിത്തത്തിന്റെ താൽപര്യങ്ങൾക്ക് മാത്രമാവുന്നു. സ്റ്റേറ്റും മാർക്കറ്റും തമ്മിലുള്ള കൂട്ടുകെട്ടിന് ജനാധിപത്യ വ്യവസ്ഥിതിയിലുള്ള അധികാരം ശക്തിപ്പെടുമ്പോൾ അത് ജനാധിപത്യ വ്യവസ്ഥിതിയിൽ ജനങ്ങളിലുള്ള ഊന്നലിന്റെ സന്തുലനം തെറ്റിക്കാൻ സാധ്യതയുണ്ട്. ഇവിടെ ജനാധിപത്യ വ്യവസ്ഥയിലെ പൗരൻ, അവന്റെ സ്റ്റേറ്റുമായുള്ള ബന്ധം, സർവൈലൻസ് ടൂളുകൾ നിർമിക്കാൻ കഴിവുള്ള അധികാരമുള്ള ഒരു സ്റ്റേറ്റ് പൗരന് നൽകാൻ സാധ്യതയുള്ള അവകാശങ്ങളൂടെ പ്രസക്തി, കൂടുതൽ അധികാരങ്ങളുള്ള ഒരു സ്റ്റേറ്റിനെ പൗരന് ആശ്രയിക്കേണ്ടിവരുമ്പോൾ അത് ഒരു ഹൊബേസിയൻ സ്റ്റേറ്റ് ആയി മാറാനുള്ള സാധ്യത ( ആശയപരമായെങ്കിലും ) ഇവയാണ് കൂടുതൽ വിശകലനങ്ങൾക്ക് വിധേയമാകേണ്ടത്. റെഗുലേഷന്റെ സാധ്യതകൾ അതത് ഭരണകൂടങ്ങളുടെ കഴിവിനെ പൂർണമായും ആശ്രയിച്ചിരിക്കുന്നു. പല വിഷയങ്ങളിലും ഇൻഫർമേഷൻ അസിമട്രി എന്നത് വലിയ കോർപ്പറേറ്റുകളെ നിയന്ത്രിക്കുന്നതിൽ ഭരണകൂടങ്ങളെ അശക്തരാക്കുന്നുമുണ്ട്.
കോവിഡ് കാലം ഒരു നിമിത്തമാണ്. വ്യക്തിസ്വാതന്ത്ര്യം ചെറിയ തോതിലെങ്കിലും കവർന്നെടുക്കാൻ ജനങ്ങൾക്ക് ഭരണകൂടത്തോട് സമ്മതം മൂളേണ്ടി വന്ന ഒരു കാലം. ഇത് വരാനിരിക്കുന്ന ദൈനംദിന ജീവിതത്തിലേക്കുള്ള ചൂണ്ടുപലകയാണെങ്കിൽ സാങ്കേതിക വിദ്യയുടെ ഉപയോഗത്തിന്റെ കടിഞ്ഞാൺ കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെട്ട സംവിധാനങ്ങളിലേക്ക് മാറേണ്ടതുണ്ട്. ശാസ്ത്ര സാങ്കേതികവിദ്യകളുടെ ഗുണഫലങ്ങൾ അധികാര ശ്രേണിയുടെ ഏറ്റവും താഴെ നിൽക്കുന്ന ജനങ്ങളിലേക്ക് എത്തിക്കുന്നത് അവരുടെ മനുഷ്യാവകാശത്തിന്റെയും ജനാധിപത്യ അധികാരങ്ങളുടെയും ഒരു പങ്ക് പകരമായി ചോദിച്ചുകൊണ്ടല്ല. എന്നാൽ അത്തരം ഒരു വ്യവസ്ഥിതിയായി മാറാൻ ജനാധിപത്യം എന്ന രാഷ്ട്രീയക്രമത്തിന് മുതലാളിത്തം എന്ന സാമ്പത്തിക ക്രമത്തിന്റെമേൽ ആധിപത്യം നേടേണ്ടതുണ്ട്. അറിവിന്റെ അധികാരം കൂടുതലായി വിപണിയിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ ജനാധിപത്യ സംവിധാനങ്ങളുടെ കഴിവ് ചോദ്യം ചെയ്യപ്പെടുകയാണ്. ഇവിടെ സാങ്കേതികവിദ്യയുടെ ശക്തി ഉപയോഗപ്പെടുത്താൻ പ്രതിരോധ മുന്നേറ്റങ്ങൾക്ക് കഴിയുമോ എന്നത് ഭാവിയിലേക്കുള്ള ചോദ്യമായി അവശേഷിക്കുന്നു. അതിന്, ജനാധിപത്യം പൊരുതേണ്ടത് അതിന്റെ രാഷ്ട്രീയവ്യവസ്ഥിതിയുടെ മേൽ സാമ്പത്തിക മൂലധനം പ്രയോഗിക്കാൻ സാധ്യതയുള്ള നിയന്ത്രണങ്ങളോട് കൂടിയാണ്. ഈ കൊടുക്കൽ വാങ്ങലുകളിൽ സാങ്കേതികവിദ്യ ആരുടെ പക്ഷത്ത് നിൽക്കും എന്നത് കുഴപ്പം പിടിച്ച ഒരു ചോദ്യം കൂടിയാണ്. നമ്മുടെ ദൈനംദിന വ്യവഹാരങ്ങളിൽ കൂടുതലായി സാങ്കേതികവിദ്യ പ്രത്യക്ഷപ്പെടുന്നതിനൊപ്പം ഈ ചോദ്യത്തിന്റെ ആഴവും പരപ്പും വർധിക്കുകയും ചെയ്യുന്നു.▮
ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 05-ൽ പ്രസിദ്ധീകരിച്ചത്.