"We are capable of delivering any message we want to the public, whether sweet or sour, true or fake’- 2018 സെപ്തംബർ 22 ന് രാജസ്ഥാനിലെ കോട്ടയിൽ നടന്ന ബി.ജെ.പി സോഷ്യൽ മീഡിയ വളണ്ടിയർമാരുടെ യോഗത്തിൽ ബി.ജെ.പി അദ്ധ്യക്ഷനായിരുന്ന അമിത് ഷാ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമാണിത്. കള്ളങ്ങൾ പ്രചരിപ്പിച്ച് സമൂഹത്തിൽ അരാജകത്വം സൃഷ്ടിക്കുന്ന സമൂഹ മാധ്യമങ്ങൾ രാജ്യത്ത് നിരോധിക്കണമെന്ന് സംഘപരിവാർ സൈദ്ധാന്തികരിൽ പ്രമുഖനായ ഗുരുമൂർത്തി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയുടെ വെളിച്ചത്തിൽ അമിത്ഷായുടെ അന്നത്തെ (ഇന്നത്തേയും) അഭിപ്രായത്തെ പരിശോധിക്കുന്നത് ഇപ്പോൾ ഏറെ കൗതുകകരമായിരിക്കും.
ഒരു വാർത്ത തെറ്റാണെങ്കിൽ തന്നെയും അതിനെ ജനങ്ങൾക്കിടയിൽ വൈറലാക്കാനുള്ള സംഘാടന മികവ് സൈബർ ലോകത്ത് തങ്ങൾക്കുണ്ട് എന്നും ഷാ ആ യോഗത്തിൽ പറയുകയുണ്ടായി. അതിനുള്ള ഒരുദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചത്, കഴിഞ്ഞ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് പ്രചരിച്ച ഒരു വാർത്തയാണ്. ഒരു സംഘപരിവാർ പ്രവർത്തകൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രസ്തുത വാർത്ത മണിക്കൂറുകൾക്കകം വൈറലായി. മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്റെ പിതാവ്
മുലായം സിംഗ് യാദവിനെ മർദ്ദിച്ചു എന്നായിരുന്നു വാർത്ത. യഥാർത്ഥത്തിൽ അത് തെറ്റായിരുന്നു. എന്നാൽ വാർത്ത വന്നയുടൻ ആയിരക്കണക്കിന് പേർ ഷെയർ ചെയ്യുകയും ലക്ഷക്കണക്കിന് പേർ അത് വായിക്കുകയും ചെയ്തു.
ഇതു പോലുള്ള ഉദാഹരണങ്ങൾ എത്ര വേണമെങ്കിലും നമുക്ക് ചൂണ്ടിക്കാണിക്കാനാകും. ഇന്ത്യയിലെ രാഷ്ട്രീയത്തേയും സമൂഹജീവിതത്തേയും ആഴത്തിൽ സ്വാധീനിക്കാൻ കഴിയുംവിധം സമൂഹമാധ്യമങ്ങൾ, വിശേഷിച്ച് ഫേസ്ബുക്കും വാട്‌സ്ആപ്പും എങ്ങനെയെല്ലാം മാറുന്നുണ്ട് എന്ന ഗൗരവപ്പെട്ട പഠനങ്ങൾ ഇപ്പോൾ വന്നു കൊണ്ടിരിക്കുകയാണ്. സമൂഹ മാധ്യമങ്ങളെ നിരോധിക്കണമെന്ന ഗുരു മൂർത്തിയുടെ ഏറ്റവും പുതിയ അഭിപ്രായത്തിന്റെ പശ്ചാത്തലത്തിൽ ആർ.എസ്.എസ്- ബി.ജെ.പി സംഘം എങ്ങനെയാണ് തങ്ങളുടെ പ്രൊപ്പഗാന്റകൾക്കായി ഫേസ്ബുക്ക് -വാട്ട്‌സ് ആപ്പ് ദ്വന്ദ്വത്തെ ഉപയോഗപ്പെടുത്തിയത് എന്ന് പരിശോധിക്കാം.
രാജ്യത്തെ അറിയപ്പെടുന്ന മാധ്യമപ്രവർത്തകരും ഗ്രന്ഥകർത്താക്കളുമായ പരഞ്‌ജോയ് ഗുഹ താക്കൂർത്ത, സ്വാതി ചതുർവേദി, അമേരിക്കൻ എഴുത്തുകാരനായ സാഷാ ഐസൻബർഗ് എന്നിവരുടെ പഠനങ്ങളിൽ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ഈ കുറിപ്പ്, ആൾക്കൂട്ട ആക്രമണങ്ങളുടേയും, വാട്‌സ് ആപ്പ് ഹർത്താലുകളുടേയും പശ്ചാത്തലത്തിൽ, ജനാധിപത്യവാദികൾ എത്രമാത്രം ഗൗരവത്തോടെ സമൂഹമാധ്യമങ്ങളെ സമീപിക്കണം എന്നുകൂടി ചൂണ്ടിക്കാണിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആ മേഖലയിൽ വർഗീയ വാദികൾ - പ്രത്യേകിച്ച് സംഘപരിവാർ - നടത്തുന്ന ഗൂഢപദ്ധതികൾ സാധാരണക്കാരായ മഹാഭൂരിപക്ഷം ജനങ്ങൾ മനസ്സിലാക്കുന്നേയില്ല എന്നുകൂടി തിരിച്ചറിയുമ്പോഴാണ് ഇപ്പോഴത്തെ ജാഗ്രതക്കുറവിനെക്കുറിച്ച് നമുക്ക് കൂടുതൽ ബോധ്യമാവുക.
130 കോടി ജനങ്ങളുള്ള ഇന്ത്യയിൽ 100 കോടി സിം കാർഡുകളുണ്ട് എന്നാണ് ഒരേകദേശ കണക്ക്. 70 കോടി ഹാൻറ് സെറ്റുകളും അതിൽ പകുതിയിലും നെറ്റ് കണക്ഷനുകളും ഉണ്ടത്രെ. റെയിൽ പാളങ്ങളിൽ രാവിലെ നിരനിരയായി വെളിക്കിരിക്കുമ്പോഴും നെറ്റ് നോക്കി രസിക്കാൻ കഴിയുന്ന ഒരത്ഭുത രാജ്യമാണ് നമ്മുടേത്! 2014ൽ 10 കോടിയോളം പേരാണ് ഫേസ് ബുക്കിൽ ഉണ്ടായിരുന്നത് എങ്കിൽ ഇന്നത് 15 കോടിയോളമായിട്ടുണ്ട്. വാട്‌സ്ആപ്പും ഫേസ്ബുക്കും കൂടി ചേർന്നാൽ 25 കോടിയിലധികം ജനങ്ങൾ അവയിൽ ഇപ്പോൾ സജീവമാണെന്നാണ് കണക്കുകൾ പറയുന്നത്. ആറ് കോടിയിലേറെ ജനങ്ങൾ ഇൻസ്റ്റാഗ്രാമിൽ വേറെയുമുണ്ട്. ചുരുക്കത്തിൽ, രാജ്യത്തെ സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോം വളരെ വേഗത്തിൽ വിപുലീകരിക്കപ്പെടുകയും ജനങ്ങളെ അത് വൻതോതിൽ സ്വാധീനിക്കുകയും ചെയ്യുന്നുണ്ട് എന്നർത്ഥം.
ഈ പശ്ചാത്തലത്തിൽ വേണം രാഷ്ട്രീയ പാർട്ടികളുടേയും മറ്റ് സംഘടനകളുടേയും സോഷ്യൽ മീഡിയാ ഇടപെടലുകളെ മനസ്സിലാക്കേണ്ടത്.
ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും സോഷ്യൽ മീഡിയയെ തങ്ങളുടെ ആശയപ്രചരണത്തിന് വൻതോതിൽ ഉപയോഗിക്കുന്നുണ്ട്. അതിനായി അവർക്കെല്ലാം പ്രത്യേക സംവിധാനങ്ങളുമുണ്ട്. എന്നാൽ മറ്റ് പാർട്ടികളിൽ നിന്ന് വ്യത്യസ്തമായി ബി.ജെ.പിയും സംഘപരിവാറും ഈ മേഖലയിൽ നടത്തുന്ന ഇടപെടലുകളെ കുറേക്കൂടി ഗൗരവത്തോടെ വേണം മനസ്സിലാക്കാൻ. കാരണം സത്യങ്ങളേക്കാൾ അർദ്ധസത്യങ്ങളും, പലപ്പോഴും പച്ചക്കള്ളങ്ങളും പ്രചരിപ്പിക്കുകയാണ് അവരുടെ സോഷ്യൽ മീഡിയ സ്ട്രാറ്റജി തന്നെ. ഇതിനായി കോടിക്കണക്കിന് രൂപ ചെലവഴിച്ചുകൊണ്ടുള്ള വിപുലമായ സംവിധാനങ്ങളും രാജ്യത്താകെ അവർക്കുണ്ട്.
തെരഞ്ഞെടുപ്പുകളും സോഷ്യൽ മീഡിയയും
2010 ലെ ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇന്ത്യയിലാദ്യമായി സോഷ്യൽ മീഡിയയെ വൻതോതിൽ ഉപയോഗപ്പെടുത്തിയത്. ബി.ജെ.പി തന്നെയായിരുന്നു അതിന്റെയും മുൻപന്തിയിൽ. തുടർന്ന് 2014ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ "മിഷൻ 272 +' എന്ന പ്രത്യേകമായൊരു കാമ്പയിൻ പദ്ധതി തന്നെ അവർ നടത്തുകയുണ്ടായി. ഇന്ത്യയിലാകെയുള്ള 60% പാർലമെൻറ് മണ്ഡലങ്ങളിൽ(അതായത് 299 എണ്ണം) നവ മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ സവിശേഷമായ ഒരു പ്രചാരണ പരിപാടിയായിരുന്നു അത്. ഇതിൽ 282 മണ്ഡലങ്ങളിലും എൻ.ഡി.എ സഖ്യം വിജയിച്ചു എന്ന് കൂടി മനസ്സിലാക്കുമ്പോഴാണ് അവരുടെ സോഷ്യൽ മീഡിയ പ്രവർത്തനങ്ങളുടെ പ്രത്യേകത ഗൗരവമായി നമുക്ക് ശ്രദ്ധിക്കേണ്ടി വരുന്നത്.
മുംബൈ ആസ്ഥാനമായ "നെറ്റ് കോർ ഇന്ത്യ' എന്ന സ്ഥാപനത്തിന്റെ മേധാവി രാജേഷ് ജെയിൻ ആയിരുന്നു 2014 ൽ സംഘടിപ്പിച്ച പ്രത്യേകമായ തെരഞ്ഞെടുപ്പ് പദ്ധതിയുടെ ചുമതലക്കാരൻ. (ബി.ജെ.പിയുടെ മിസ്ഡ് കാൾ മെമ്പർഷിപ്പിന്റെ ഉപജ്ഞാതാവും ഇദ്ദേഹമാണ്.) ഫേസ്ബുക്കിലും വാട്‌സ്ആപ്പിലും അംഗങ്ങളായവരുടെ നമ്പറുകൾ ശേഖരിക്കലായിരുന്നു അവരുടെ ആദ്യത്തെ പണി. പിന്നീട്, വിവിധ പേരുകളിൽ നൂറുകണക്കിന് എഫ്.ബി പേജുകളുണ്ടാക്കി നരേന്ദ്ര മോദിയെക്കുറിച്ച് കൃത്രിമമായ ഒരു ഇമേജ് സൃഷ്ടിക്കുക എന്ന ജോലി ഫേസ്ബുക്ക് വഴി മികച്ച രീതിയിൽ തന്നെ അവർ നടപ്പാക്കുകയുണ്ടായി. 14 ലക്ഷം ഫോളോവേഴ്‌സുള്ള "ജയ് മോദി രാജ് ' പോലുള്ള നിരവധി പേജുകൾ എഫ്.ബിയിൽ ഇപ്പോൾ കാണാനാകും. ലോകത്തെവിടേയും ഭരണവർഗ പാർട്ടികളുമായി അടുത്ത ബന്ധം പുലർത്തുന്ന ഫേസ്ബുക്കിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ - സുക്കർബർഗ് ഉൾപ്പെടെ - സഹായം വേണ്ടതിലധികം ഇക്കാര്യത്തിൽ ബി.ജെ.പി ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്.
മിലിട്ടറി ഫണ്ടമെന്റലിസം, ഹൈന്ദവ ദേശീയതയെക്കുറിച്ചുള്ള മിഥ്യാഭിമാനം തുടങ്ങിയ കാര്യങ്ങൾ ഉയർത്തിക്കാട്ടുകയും രാജ്യത്തിന്റെ യഥാർത്ഥ പ്രശ്‌നങ്ങളെ അവഗണിക്കുകയും ചെയ്യുക എന്നതാണ് ഇത്തരം പ്രചാരണങ്ങളുടെ ഒരു രീതി. നവ ഉദാരവൽക്കരണ നയങ്ങൾ ഉണ്ടാക്കുന്ന ആഘാതങ്ങളും, അഴിമതി ഉൾപ്പെടെയുള്ള ഗൗരവപ്പെട്ട വിഷയങ്ങളും തെല്ലും പരിഗണിക്കാതെ, നരേന്ദ്ര മോദിയുടെ ഊതി വീർപ്പിക്കപ്പെട്ട ഇമേജിൽ മാത്രം രാജ്യരക്ഷയെ കാണുന്ന വലിയൊരു വിഭാഗത്തെ ഉണ്ടാക്കിയെടുക്കാൻ ഈ പ്രചരണപരിപാടിയിലൂടെ അവർക്കിപ്പോൾ സാധിച്ചിട്ടുമുണ്ട്. അതായത്, നഗരങ്ങളിലെ മധ്യവർഗ മനുഷ്യരുടെ ഇപ്പോഴത്തെ അന്ധമായ മോദി ഭക്തിയെപ്പറ്റി മനസ്സിലാക്കാൻ മറ്റെവിടെയെങ്കിലും പോകേണ്ടതില്ല എന്നർത്ഥം.
ബി.ജെ.പി ഇക്കാലം വരെ നടത്തിയ / നടത്തിക്കൊണ്ടിരിക്കുന്ന വാട്‌സ് ആപ്പ് കർസേവകൾ കുറേക്കൂടി ഗൗരവത്തോടെ നാം കാണേണ്ടതാണ്. വാട്‌സ് ആപ്പ് ഉപഭോക്താക്കളെ ജാതി, മതം, പ്രദേശം എന്നിവയുടെ അടിസ്ഥാനത്തിൽ വിഭജിച്ച് ഓരോ വിഭാഗത്തിനും പറ്റിയ സന്ദേശങ്ങൾ അയക്കുക എന്നതായിരുന്നു ഈ പരിപാടികളുടേയെല്ലാം കാതൽ. പച്ചക്കള്ളങ്ങളാണ് ഇങ്ങനെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങളിൽ പലതും. നിരവധിവട്ടം വസ്തുതകൾ നിരത്തി പലരും പലതരത്തിൽ സ്ഥാപിക്കാൻ ശ്രമിച്ചിട്ടും, അമ്പലങ്ങളിലെ പണം സർക്കാർ ഖജനാവിലേക്ക് പോകുന്നു എന്ന കള്ളം കേരളത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു എന്നത് സൈബർ ലോകത്തെ ഈ തരം പ്രചരണങ്ങളുടെ ഉദാഹരണമായി കാണാവുന്നതാണ്. ഇത്തരത്തിലുള്ള എത്രയോ സംഭവങ്ങൾ വേറേയും ചൂണ്ടിക്കാട്ടാനാകും.
വാട്‌സ്ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ഫേക് വീഡിയോകളുടെ
എണ്ണവും അടുത്ത കാലത്തായി വൻതോതിൽ വർദ്ധിക്കുകയാണ് ചെയ്തിട്ടുള്ളത്. പലരും ഇത് ചെയ്യുന്നുണ്ടെങ്കിലും ബി.ജെ.പിയോളം വരില്ല മറ്റാരും. ബി.ജെ.പിക്ക് അനുകൂലമായ ആശയങ്ങളോടൊപ്പം രാഷ്ട്രീയ എതിരാളികളെ വ്യക്തിഹത്യ നടത്താനും ഇത്തരം ഗ്രൂപ്പുകൾ വ്യാപകമായി അവർ ഉപയോഗപ്പെടുത്തുന്നുണ്ട്. സമാനമനസ്‌കരാണ് പലപ്പോഴും ഓരോ ഗ്രൂപ്പുകളിലും ഉണ്ടാവുക എന്നതിനാൽ, തങ്ങൾക്ക് വന്ന സന്ദേശങ്ങളുടെ ന്യായാന്യായങ്ങൾ ഗ്രൂപ്പിന് വെളിയിലുള്ളവരുമായി ചർച്ച നടത്താൻ ഭൂരിപക്ഷം പേരും തയ്യാറാവുകയില്ല. ഇത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളുടെ പൊതു സ്വഭാവമാണെങ്കിലും നിരന്തരമായി കള്ളങ്ങൾ പ്രചരിപ്പിക്കുക എന്നത് ഒരു പദ്ധതിയായി വികസിപ്പിച്ചെടുത്തത് ബി.ജെ.പിയാണ് എന്ന് നിസ്സംശയം പറയാനാകും.
2014 ലെ തെരഞ്ഞെടുപ്പിൽ, നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് നടത്തിയ
"മിഷൻ 272 +' പദ്ധതിയുടെ ആദ്യ ഗ്രൂപ്പിന്റെ തലപ്പത്ത് രാജേഷ് ജെയിനെ കൂടാതെ പ്രസാർഭാരതിയുടെ മുൻ തലവൻ ശശി ശേഖറും ഉണ്ടായിരുന്നു.രണ്ടാമത്തെ സംഘത്തിന്റെ തലവൻ, ഇന്ത്യയിലെ തെരഞ്ഞെടുപ്പ് (കു)തന്ത്രങ്ങളുടെ ആശാനായി അറിയപ്പെടുന്ന പ്രശാന്ത് കിഷോറായിരുന്നു. "റൺ ഫോർ യൂണിറ്റി', "ചായ് പേ ചർച്ച' തുടങ്ങിയ നിരവധി പ്രോഗ്രാമുകൾ ആ സംഘമാണ് സംഘടിപ്പിച്ചത്. മൂന്നാമത്തെ സംഘത്തെ നയിച്ച ശിവ്‌നാഥ് തുക്‌റാൽ എൻ.ഡി.ടി.വിയിലെ മുൻ അവതാരകനും പിന്നീട് ഫേസ്ബുക്കിന്റെ സൗത്ത് ഏഷ്യയുടേയും, ഇന്ത്യയുടെയും പോളിസി ഡയറക്ടറുമായിരുന്ന വ്യക്തിയുമാണ്. നാലാമത്തെ സംഘത്തെ നയിച്ച അരവിന്ദ് ഗുപ്തയും അറിയപ്പെടുന്ന ഒരു ഐ.ടി.പ്രൊഫഷണലാണ്.
നാല് സംഘങ്ങളും വെവ്വേറെയായാണ് തങ്ങളുടെ ജോലികൾ ചെയ്തത്. എന്നാൽ
എല്ലാത്തിന്റേയും ഊന്നൽ നരേന്ദ്ര മോദിയെ അമാനുഷനായി ചിത്രീകരിക്കലും
എതിരാളികളെ മോശക്കാരാക്കലും മത-ജാതി- പ്രാദേശിക സ്വത്വബോധം സൃഷ്ടിക്കലുമായിരുന്നു.
സാന്ദർഭികമായി പറയട്ടെ - മോദി അധികാരത്തിൽ വന്നശേഷം
രാജേഷ് ജെയിനെ രണ്ട് പൊതുമഖലാ സംരംഭങ്ങളുടെ ഡയറക്ടർ ബോഡുകളിൽ ഉൾപ്പെടുത്തുകയുണ്ടായി - എൻ.ടി.പി.സിയുടേയും യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടേയും. ഇതിൽ തെർമ്മൽ പവറിന്റെ പ്രവർത്തനങ്ങളുമായി ജയിനിന്റെ നാളതു വരെയുള്ള ജീവിതത്തിന് പുലബന്ധം പോലുമുണ്ടായിരുന്നില്ല എന്ന കാര്യവും ഈയവസരത്തിൽ നാം ഓർക്കണം.
ഫേസ്ബുക്കിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളായിരുന്ന ഹിരേൺ ജോഷിയാണ് നരേന്ദ്ര മോദിയുടെ സോഷ്യൽ മീഡിയ ഗുരു. മോദിയും അമിത് ഷായും ലോകത്തെവിടെയായിരുന്നാലും ദിവസേന ഇദ്ദേഹവുമായി അന്നന്നത്തെ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാറുണ്ട് എന്നാണ് 2007 തൊട്ട് ബി.ജെ.പിയുടെ ഐ.ടി സെൽ രൂപീകരണത്തിൽ മുഖ്യപങ്ക് വഹിച്ച പ്രദ്യുത് ബോറ പറയുന്നത്. 2015 ൽ ബി.ജെ.പിയിൽ നിന്ന് രാജിവെച്ച അദ്ദേഹം പാർട്ടിയുടെ ഇത്തരത്തിലുള്ള സോഷ്യൽ മീഡിയ തന്ത്രങ്ങളെക്കുറിച്ചുള്ള ചില കാര്യങ്ങൾ പിന്നീട് വെളിപ്പെടുത്തുകയുണ്ടായി.
സ്വാതന്ത്ര്യാനന്തരം വിവിധ മേഖലകളിൽ ഇന്ത്യ നേടിയ പുരോഗതികളത്രയും കഴിഞ്ഞ അഞ്ച് വർഷത്തെ മോദി ഭരണത്തിന്റെ വരവിൽ ഉൾപ്പെടുത്തുക എന്ന ഒരു തന്ത്രം ഇക്കാലത്ത് അവർ വ്യാപകമായി പയറ്റുകയുണ്ടായി - വികസനത്തിന്റെ കാര്യത്തിലുള്ള രാജ്യത്തെ ഒരേയൊരു സ്രോതസ്സായി നരേന്ദ്ര മോദിയെ ഉയർത്തിക്കാട്ടുകയും അതോടൊപ്പം, സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ശാസത്ര - സാങ്കേതിക രംഗത്തും മതനിരപേക്ഷ സമൂഹ നിർമിതിയിലും ആഴത്തിലുള്ള സംഭാവനകൾ നൽകിയ ജവഹർലാൽ നെഹ്‌റു അടക്കമുള്ള നേതാക്കൾക്കെതിരെ വ്യക്തിഹത്യ ഉൾപ്പെടെയുള്ള വ്യാപകമായ പ്രചാരണം കെട്ടഴിച്ചുവിടുകയും ചെയ്യുക എന്നത് സമൂഹ മാധ്യമങ്ങളിലൂടെ ഇപ്പോഴും ഇടതടവില്ലാതെ നടന്നുകൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ഹിന്ദുക്കളാകെ അപകടത്തിലാണ് എന്ന ഒരു പ്രതീതി
ജനിപ്പിക്കും വിധത്തിൽ തികച്ചും നിഷ്പക്ഷവും നിഷ്‌കളങ്കവും എന്ന
മട്ടിലുള്ള സന്ദേശങ്ങൾ അതിശയോക്തിപരമായി പ്രചരിപ്പിക്കുക എന്നത് ഇക്കാലത്ത് ഒരു രീതി തന്നെയായിട്ടുണ്ട്. സംഘടിതവും കേന്ദ്രീകൃതവുമായാണ് ഇതെല്ലാം നടക്കുന്നത്. ഇത്തരം പ്രചരണങ്ങളുടെയെല്ലാം ഫലമായി, മതനിരപേക്ഷത എന്ന ആശയം തന്നെ ന്യൂനപക്ഷങ്ങളെ - വിശേഷിച്ച് മുസ്‌ലിംകളെ- പ്രീണിപ്പിക്കാനുള്ള ഒരു മറ മാത്രമാണ് എന്ന് കരുതുന്നവരുടെ എണ്ണം ഇപ്പോൾ കൂടിക്കൂടി വരുന്നുണ്ട് എന്നും കാണണം.
2019 ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കാനെത്തിയപ്പോൾ, തങ്ങളുടെ കൊടികൾ വീശി മുസ്‌ലിം ലീഗ് പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ രാജ്യമാകെ മേൽ പറഞ്ഞ സംവിധാനങ്ങളിലൂടെ ബി.ജെ.പി പ്രചരിപ്പിക്കുകയുണ്ടായി - പാക്കിസ്ഥാന്റെ കൊടികളാണ് അവിടെ വീശുന്നത് എന്ന അടിക്കുറിപ്പോടെ. തെരഞ്ഞെടുപ്പ് കഴിഞ്ഞ് മൂന്നുവർഷമാകാറായ ഈ സമയത്ത് പോലും, അന്ന് വീശിയിരുന്ന കൊടികൾ പാക്കിസ്ഥാന്റെതല്ല എന്ന് മനസ്സിലായിട്ടില്ലാത്ത ലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും ഇന്ത്യയിലുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്. വീഡിയോയിലെ ദൃശ്യം യഥാർത്ഥമാണ്, അതിന്റെ അടിക്കുറിപ്പായ ഒരു വാചകം മാത്രമാണ് കള്ളം. "തീവ്രവാദികളുടെ കൊടികൾ വീശി ജനങ്ങൾ സ്ഥാനാർത്ഥിത്വം ആഘോഷിക്കുന്ന വയനാട് എന്തുകൊണ്ടാണ് രാഹുൽ തെരഞ്ഞെടുത്തത് എന്ന് മനസ്സിലായല്ലോ?' എന്ന ചോദ്യം നിരവധി ഉത്തരങ്ങൾ ഉണ്ടാക്കാവുന്ന ഒരു വ്യാഖ്യാനാത്മകമായ ചോദ്യമാണ്. എഡിറ്റഡ് വീഡിയോകളുടെ ആയിരക്കണക്കിന് സാമ്പിളുകളിൽ ഒന്നാണിത്.
ഇത്തരം പ്രചാരണങ്ങൾ നടത്തുന്ന ഒരേയൊരു പാർട്ടി ബി.ജെ.പി ആണ് എന്നല്ല പറഞ്ഞു വരുന്നത്. "പള്ളികൾ ആക്രമിച്ചു' തുടങ്ങിയ കള്ളങ്ങൾ വാട്‌സ്
ആപ്പ് ഗ്രൂപ്പുകളിലൂടെ കേരളത്തിൽ പല തെരഞ്ഞെടുപ്പു കാലത്തും
പ്രചരിപ്പിക്കപ്പെട്ടിട്ടുണ്ട്. ഒരു വർഷം മുന്നേ മുസ്‌ലിം വർഗീയ വാദികൾ നടത്തിയ വാട്‌സ്ആപ്പ് ഹർത്താലിന്റെ പ്രചരണത്തിൽ ഇടതുപക്ഷ പ്രസ്ഥാനത്തിലെ ചില പ്രവർത്തകർ വരെ സ്വയമറിയാതെ പങ്കാളികളായി എന്ന കാര്യവും ഈയവസരത്തിൽ ഓർക്കേണ്ടതാണ്.
അതൊക്കെയുണ്ടെങ്കിലും ബി.ജെ.പി നടത്തുന്ന പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതും ഒരു തെരഞ്ഞെടുപ്പ് വിജയത്തിനപ്പുറം രാജ്യത്തിന് ആഴത്തിൽ അപകടങ്ങളുണ്ടാക്കുന്നതുമാണ്. കാര്യങ്ങൾ വേണ്ടത്ര ഉൾക്കാഴ്ച്ചയോടെ കാണാൻ മിനക്കെടാത്ത ഒരു സമൂഹം, കേവലമായ ഒരു സത്യാനന്തര സമൂഹത്തിൽ ജീവിക്കാൻ ഇതുവഴി പരിശീലിപ്പിക്കപ്പെടുക കൂടി ചെയ്യുന്നുണ്ട്. തന്നെയല്ല, ആധുനികമായ ഒരു ഇന്ത്യയും, അതിന്റെ ദേശീയതാ സങ്കൽപ്പങ്ങളും അപ്രസക്തമാവുകയും, അതിന്റെ സ്ഥാനത്ത് മറ്റൊരിന്ത്യയെപ്പറ്റിയുള്ള ധാരണകൾ രൂപപ്പെടാനിടയാക്കുകയും ചെയ്യുന്നുണ്ട് ഇത്തരം പ്രചാരണങ്ങൾ. കേവലമായ തെരഞ്ഞെടുപ്പ് ഫലങ്ങൾക്കപ്പുറത്ത് അതാണ് അതിന്റെ ആത്യതികമായ ദുരന്തം.
ഒരു മാധ്യമത്തെ നാം ഇഷ്ടപ്പെടുന്നത് അതിന്റെ ഉള്ളടക്കം കാരണമല്ല; മറിച്ച് സ്വഭാവം കാരണമാണ് എന്ന് കനേഡിയൻ മാധ്യമ വിദഗ്ധനായ മാർഷൽ മക്ലൂഹാൻ തന്റെ "understanding media' എന്ന ഗ്രന്ഥത്തിൽ പറയുന്നത് അത്രയും ശരിയാണ്. ആഴത്തിലുള്ള വായനയോ പഠനമോ ഇല്ലാത്ത ഒരു സമൂഹം- പ്രത്യേകിച്ച് യുവതലമുറയിൽ ഒരു വിഭാഗം - ഫേസ്ബുക്കിലും, വാട്‌സ്ആപ്പിലുമെല്ലാം മണിക്കൂറുകളാണ് ഓരോ ദിവസവും ചെലവഴിക്കുന്നത്. ആ സമയത്ത് സ്‌ക്രോൾ ചെയ്ത് പോകുന്ന വാർത്താ ശകലങ്ങൾ, പച്ചക്കള്ളങ്ങളായ ട്രോളുകൾ എന്നിവ ആധികാരികമാണ് എന്ന മട്ടിലാണ് അവർ സ്വീകരിക്കുന്നത്. അത്തരം ധാരണകൾ വെച്ച് അവർ ലോകത്തേയും ജീവിതത്തേയും അളക്കാൻ തുടങ്ങിയാൽ എന്തു സംഭവിക്കുമോ അത് മാത്രമാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.
എന്നാൽ, സമൂഹമാധ്യമങ്ങളിൽ തന്നെ ഇതിന് പ്രതിരോധങ്ങൾ സാധ്യമാണ് എന്നതും, അതും വ്യാപകമായിത്തന്നെ നടക്കുന്നുണ്ട് എന്നതും ഇപ്പോൾ ഏറെ ആശ്വാസകരമാണ്. ഓരോ മാധ്യമത്തിന്റേയും ഭാവുകത്വ വ്യത്യാസങ്ങൾ മനസ്സിലാക്കി അതിൽ അവധാനതയോടെ ഇടപെടുന്ന വ്യക്തികളും ഗ്രൂപ്പുകളും സൈബർ ലോകത്ത് ഇപ്പോൾ സജീവമാണ്. ആത്യന്തികമായി അതിൽ ആര് വിജയിക്കും എന്നതിനെക്കൂടി ആശ്രയിച്ചാണ് കേരളത്തിന്റേയും ഇന്ത്യയുടേയും ഭാവി ഇരിയ്ക്കുന്നത്.