Artificial Dalit Intelligence: മനുഷ്യനിലെ യന്ത്രത്തെ മറികടക്കാം

വംശീയതയുടെയും ജാതിയുടെയും മറ്റ് അനവധി വിവേചനങ്ങളുടെയും ക്രൂരമായ പ്രയോഗങ്ങളെ നേരിടാൻ ദളിത് വിഭാഗങ്ങളും ഭിന്നശേഷിക്കാരും പാർശ്വവൽക്കരിക്കപ്പെടുന്നവരും നിർമിത ബുദ്ധിയുടെ സങ്കേതങ്ങൾ പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം വിശകലനം ചെയ്യുന്ന, പൂർണമായും കാഴ്ചശക്തിയില്ലാത്ത ഒരു ഗവേഷക വിദ്യാർഥിയുടെ വേറിട്ട അന്വേഷണമാണിത്. ഡിജിറ്റൽ രംഗത്തുള്ള ഹിന്ദുത്വത്തിന്റെ മുന്നേറ്റം തടയാൻ ദളിത് അനുഭവങ്ങളും ചിന്തയും അന്വേഷണങ്ങളും സമരങ്ങളുമെല്ലാം നിർമിത ബുദ്ധിയിൽ കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു

ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (GIS), ബിഗ് ഡാറ്റ (BD), ആർട്ടിഫിഷൽ ഇന്റലിജൻസ് (AI) എന്നിവയുടെ ഫലപ്രദമായ ഉപയോഗമാണ് 2018 ഏപ്രിൽ രണ്ടിന് ദളിത് ഗ്രൂപ്പുകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് വിജയിക്കാൻ പ്രധാന കാരണം എന്ന് യു.എസ് ആസ്ഥാനമായ ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ ഹൊറൈസൺ എന്ന ദളിത് ഐ.ടി. പ്രൊഫഷണൽ സംഘം പറയുന്നു. യു.എസ്, യു.കെ, ആസ്‌ത്രേലിയ, മിഡിലീസ്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള നൂറോളം വിദേശ ദളിത് പ്രവർത്തകരുടെ ഒരു എൻ.ജി.ഒ ശ്രംഖലയാണത്. അതിന്റെ സ്ഥാപകനായ ദിലീപ് മഹാസ്‌കെ (Deelip Mhaske) പറയുന്നത്, ‘ദളിതർക്ക് ഇനി ഒരു രാഷ്ട്രീയ സ്ഥാപനവുമായും ബന്ധമുണ്ടാകേണ്ടതില്ല എന്ന് ഈ ഭാരതബന്ദ് അസന്നിഗ്ദമായി തെളിയിക്കുന്നു' എന്നാണ്. AI, GIS, സമൂഹമാധ്യമങ്ങൾ എന്നിവ സ്വീകരിച്ച് ദളിത് രാഷ്ട്രീയത്തിന് ഒരു പുതിയ യുഗം ആരംഭിക്കാവുന്നതാണ്' എന്നുതന്നെ അദ്ദേഹം തീർത്തു പറഞ്ഞു. വ്യത്യസ്ത ജീവിതസാഹചര്യങ്ങളും താൽപര്യങ്ങളും രൂപങ്ങളുമുള്ള ദളിത് ഗ്രൂപ്പുകളെ ദേശീയമായി അണിനിരത്തുന്നതിൽ അൽഗോരിതങ്ങൾ നിർവഹിച്ച പങ്ക് അദ്ദേഹം കൃത്യമായി വിശദീകരിക്കുന്നുമുണ്ട്.

2015 മുതൽ ഇന്ത്യയിലുടനീളമുള്ള ദളിത് ആക്റ്റിവിസ്റ്റുകളുടേയും ചിന്തകരുടേയും എഴുത്തുകാരുടേയും ഒരു സമൂഹമാധ്യമ ശ്രൃംഖല സൃഷ്ടിക്കാൻ തങ്ങളുടെ അൽഗോരിതങ്ങൾ പ്രവർത്തിച്ചിട്ടുണ്ട് എന്ന് അവർ പറയുന്നു. പൊതുവായി ലഭ്യമായ ദശലക്ഷക്കണക്കിന് ഡാറ്റകളെ പ്രത്യേകരീതികളിൽ പരസ്പരം ബന്ധിപ്പിക്കുന്നതിലൂടെ ദളിത് പ്രശ്‌നങ്ങളേയും ചലനങ്ങളേയും സംഭവങ്ങളെയും നിരന്തരം സമൂഹമാധ്യമങ്ങളുടെ ഫ്രന്റ്‌ലയറുകളിൽ കൊണ്ടുവരാൻ തങ്ങളുടെ അൽഗോരിതങ്ങൾക്ക് സാധിച്ചു എന്ന് മഹാസ്‌കെ അവകാശപ്പെടുന്നു. സമൂഹമാധ്യമ സ്ഥാപനങ്ങളിൽനിന്ന് പ്രസക്തമായ ഡാറ്റകൾ വാങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു ലക്ഷം ഡോളർ വരെ ഈ സംഘം ചെലവഴിച്ചു. പൂർണമായും നിയമപരമായ സാധുതയിലൂടെ തന്നെയാണ് സംഘം ഡാറ്റ ശേഖരിച്ചത്. വിവരചോർച്ചയുടെ കേന്ദ്രങ്ങളായ കേംബ്രിഡ്ജ് അനലറ്റിക്ക പോലെയുള്ള വിവാദസ്ഥാപനങ്ങളെ എല്ലാ പ്രവർത്തനഘട്ടത്തിലും വിട്ടുനിർത്തി. 59 പേജുള്ള ‘Social Media and Dalit Atrocities : A report on social media strategy for Dalit Advocacy group' എന്ന പ്രബന്ധം അവർ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ റിപ്പോർട്ടിൽ ഇന്ത്യയിലെ 100 നിയോജകമണ്ഡലങ്ങളുടെ രാഷ്ട്രീയ പരിതാവസ്ഥയെ നിർണയിക്കുവാനുള്ള ശേഷി ദളിതർക്കുണ്ടെന്നും അത് സാക്ഷാൽക്കരിക്കുവാൻ നിർമിതബുദ്ധികളും വിവരബാങ്കുകളുമെല്ലാം അനിവാര്യമാണെന്നും സമർത്ഥിക്കുന്നു. GIS ന്റെ ഉപയോഗം സോഷ്യൽ മാപ്പിങ്ങിന് പുതിയ ചില സാധ്യതകൾ തുറന്നുതരുന്നുണ്ടെന്നും ഒരു വിമോചന പ്രക്ഷോഭത്തിൽ അത് ആദ്യമായി പ്രയോഗിച്ചത് ഈ ഭാരത് ബന്ദിന്റെ സാഹചര്യത്തിലാണെന്നും ആ റിപ്പോർട്ട് പറയുന്നു.

AI എന്ന വിമോചന വാഹകം

ജാതി അടിസ്ഥാനമാക്കിയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനും നയരൂപീകരണങ്ങളിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും ദളിതർക്കിടയിൽ തന്നെ ശാക്തീകരണം സാധ്യമാക്കുന്നതിനും സാമൂഹ്യമാധ്യമ തന്ത്രങ്ങൾ ഉപകരിക്കുമെന്ന് ഈ സംഘം പറയുന്നു. ഇത്തരം സാമൂഹ്യമാധ്യമ തന്ത്രങ്ങളുടെ പിയർ-റ്റു-പിയർ (peer-to-peer) ടാർജറ്റിനു വേണ്ടിയുള്ള ട്രയൽ റണ്ണായിട്ടാണ് ദളിത് ഭാരത് ബന്ദിനെ അവർ കണ്ടിരുന്നത്. അംബേദ്ക്കറിന്റെ 127ാം ജന്മവാർഷികത്തിൽ ഈ സംഘം ന്യൂയോർക്കിലെ നാഷൻസ് ജനറൽ അസംബ്ലി ഹാളിൽ വെച്ച് ഒരു ഐ.ടി. സമ്മേളനം വിളിച്ചുകൂട്ടാൻ തീരുമാനിച്ചിരുന്നു. ഇന്ത്യയിലേയും മറ്റിടങ്ങളിലേയും ജാതിപ്രശ്‌നങ്ങളെ നിർമൂലനം ചെയ്യുവാൻ നിർമിത ബുദ്ധിയെ പ്രാപ്തമാക്കുന്ന പ്രൊജക്റ്റിൽ ഐ.ബി.എം, മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, ഫെയ്‌സ്ബുക്ക് തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുന്നതിനായിരുന്നു ഈ സമ്മേളനം.
ഫൗണ്ടേഷൻ ഫോർ ഹ്യൂമൻ ഹൊറൈസണിനു പുറമേ ഇന്റർനാഷണൽ കമ്മീഷൻ ഫോർ ദളിത് റൈറ്റേസ്, ഡോ. അംബേദ്ക്കർ ഇന്റർനാഷണൽ സെന്റർ, ഇന്റർനാഷണൽ ദളിത് സോളിഡാരിറ്റി നെറ്റ്‌വർക്ക്, അംബേദ്ക്കർ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക തുടങ്ങി നിരവധി അംബേദ്ക്കർ ഫോറങ്ങൾ ജാതിപ്രശ്‌നത്തെ നേരിടാൻ AI ഉപയോഗിക്കുന്നതിനെ കുറിച്ച് വ്യാപകമായി ഇന്ന് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നു.

Photo: Pixabay

നിർമിത ബുദ്ധിയുടെ പ്രയോഗത്തിലൂടെയും അൽഗോരിതങ്ങളുടെ ദിശയിലൂടെയും ദളിത് ചിന്ത വികസിക്കുകയാണെങ്കിൽ 2030കളോടെ തന്നെ ഇന്ത്യൻ സമൂഹം സമൂലമായ പരിവർത്തനത്തിനു വിധേയമാകുമെന്നാണ് മഹാസ്‌കെ ഉൾപ്പെടെയുള്ള ഒട്ടേറെ പേർ കരുതുന്നത്. പൊതുവായ എല്ലാ കാര്യങ്ങളിലും സുതാര്യമായ ഇടപെടലുകളുണ്ടാകുമെന്നും കുറ്റകൃത്യങ്ങൾ കുറയുമെന്നും ഭരണകൂടാധികാരം പരിമിതപ്പെടുമെന്നും വ്യക്തിയും കുടുംബവും സ്വത്തുക്കളും പൊതുവേദികളിലേക്ക് സാന്ദ്രീകരിക്കപ്പെടുമെന്നും അവർ പ്രതീക്ഷിക്കുന്നു. ആധുനിക സാങ്കേതികവിദ്യ ദളിതർ തങ്ങളുടെ സ്വത്വത്തിന്റേയും അസ്ഥിത്വത്തിന്റെയും ഭാഗമായി സ്വീകരിച്ചാൽ ചൈനക്കു ശേഷം ലോകത്തെ രണ്ടാമത്തെ ശക്തിയായിരിക്കും അവർ. ദളിതർക്കു മാത്രമല്ല രണ്ടാം പദവിയിലുള്ള എല്ലാ മനുഷ്യർക്കും AI വിമോചന വാഹകമായിരിക്കും.

വിമോചിപ്പിക്കപ്പെടുന്ന നിർമിത ബുദ്ധി

മനുഷ്യചരിത്രം ഉപകരണങ്ങളുടേയും യന്ത്രങ്ങളുടേയും ലോകങ്ങളെ പിന്നിലാക്കിയതുപോലെ ഇന്ന് സാങ്കേതികതയുടെ ലോകത്തേയും പിന്നിടുകയാണ്. അൽഗോരിതങ്ങളിൽ അധിഷ്ഠിതമായ പുതിയ വസ്തുക്കളും അതിന്റെ ക്രമങ്ങളും അവയുടെ വ്യവസ്ഥകളും ഇന്ന് മനുഷ്യചരിത്രത്തെ നിർണയിച്ചുതുടങ്ങിയിരിക്കുന്നു. മനുഷ്യന്റെ ബൗദ്ധിക പ്രക്രിയകളെ അനുകരിക്കാനും സങ്കീർണമായ സ്വയംതിരുത്തൽ ജോലികൾ ചെയ്യാനുമുള്ള കമ്പ്യൂട്ടർ സിസ്റ്റങ്ങളുടെ പൊട്ടൻഷലിനെയാണ് നിർമിത ബുദ്ധി എന്ന് പണ്ടു വിളിച്ചിരുന്നത്. സാങ്കേതികവിദ്യക്ക് നിർമിത ബുദ്ധി കീഴ്‌പ്പെട്ടിരുന്ന കാലമായിരുന്നു അത്. എന്നാൽ ഇന്ന് നിർമിത ബുദ്ധി സാങ്കേതികതയിൽ നിന്ന് വലിയ അളവിൽ മോചിതമായിക്കൊണ്ടിരിക്കുകയും അൽഗോരിതങ്ങളുടെ സ്വതന്ത്ര നിലനിൽപ്പ് സാധ്യമാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

മുമ്പ് സാങ്കേതികവിദ്യയിലൂടെ മനുഷ്യൻ നൽകുന്ന ഡാറ്റകൾക്കനുസരിച്ചാണ് സിസ്റ്റങ്ങളിൽ അൽഗോരിതങ്ങൾ പ്രവർത്തിച്ചിരുന്നത് എങ്കിൽ ഇന്ന് അൽഗോരിതങ്ങൾ സാങ്കേതികവിദ്യയിലൂടെ സ്വയം ഡാറ്റകൾ കണ്ടെത്തുകയും സ്വന്തം മാനദണ്ഡങ്ങളിൽ ബുദ്ധിമാനായി തീരുകയും ചെയ്യുന്നു. രൂപകാത്മകമായി പറഞ്ഞാൽ നിർമിത ബുദ്ധിക്ക് തങ്ങളുടെ മനോധർമ്മമനുസരിച്ച് പ്രവർത്തിക്കാൻ ശക്തി കൈവരുന്നു എന്നർത്ഥം. അലക്‌സ പോലെയുള്ള പേഴ്‌സണൽ അസിസ്റ്റന്റുമാർ മുതൽ ലാബോ പോലെയുള്ള ശാസ്ത്രജ്ഞർ വരെയുള്ള നിർമിത ബുദ്ധികൾ ഈ നിലയിൽ പ്രവർത്തിക്കുന്നു. ഉറവിടങ്ങളിൽ നിന്ന് ഡാറ്റകൾ സംഭരിക്കുകയും വിശകലനം ചെയ്യുകയും മാത്രമല്ല ആ വിവരങ്ങളെ അടിസ്ഥാനമാക്കി പ്രോഗ്രാം ചെയ്തിട്ടില്ലാത്ത സാഹചര്യങ്ങളിൽ പോലും സ്വതന്ത്ര നിഗമനങ്ങളിൽ എത്തിച്ചേരുവാനും പുതിയ തലമുറയിൽ പെട്ട നിർമിത ബുദ്ധികൾക്ക് സാധിക്കും. ഇന്ന് സ്മാർട്ട് ഫോണുകളിലും വിനോദ പ്ലാറ്റ്‌ഫോമുകളിലും ആശുപത്രികളിലും ഗതാഗതമേഖലയിലും ബഹിരാകാശത്തു പോലും തങ്ങൾക്ക് എന്തെല്ലാം സാധ്യതകളുണ്ടെന്നു വരെ സ്വയം കണ്ടെത്തുവാനും പ്രവചിക്കുവാനും നിർമിത ബുദ്ധിക്കു സാധിക്കുന്നു.

മനുഷ്യൻ അപ്രസക്തനാകുമോ?

AI ഇന്ന് ലളിതവും സങ്കീർണവുമായ പല പ്രവർത്തനങ്ങളിലും മനുഷ്യന്റെ പങ്കാളിയായി തീരുന്നുണ്ട്. പുതിയ നിർമിത ബുദ്ധികളുടെ നിർമ്മാണത്തിൽ പോലും ഇന്ന് നിർമിത ബുദ്ധി മനുഷ്യന്റെ പങ്കാളിയാകുന്നു. മാത്രമല്ല, സ്വന്തം ഭാവി പ്രവചിക്കുവാൻ നിർമിത ബുദ്ധികൾക്ക് സാധിക്കുന്നു. തന്റെ സാധ്യതകളെ കൂടുതൽ വികസിപ്പിക്കുവാനും പരിമിതികളെ പരിഹരിക്കുവാനും ഏതെല്ലാം നിലയിലുള്ള പരിഷ്‌കരണങ്ങളാണ് തന്നിൽ വരുത്തേണ്ടതെന്നും നിർദ്ദേശിക്കുവാനും മുന്നറിയിപ്പുകൾ നൽകുവാനും ഇന്നത്തെ നിർമിത ബുദ്ധികൾക്ക് സാധിക്കുന്നു. അടുത്തിടെ ഒരു ആളില്ലാ കടത്തുവള്ളം ബാഹ്യനിയന്ത്രണങ്ങളില്ലാതെ ഹെൽസിങ്കി തുറമുഖത്തിലൂടെ നയിക്കപ്പെട്ടിരുന്നു. ആയിരത്തിലധികം കപ്പലുകളേയും അവയുടെ സാങ്കേതിക ഘടകങ്ങളേയും സഞ്ചാര സാഹചര്യങ്ങളേയും റൂട്ട് ഒപ്റ്റിമൈസേഷനുകളേയും സമുദ്രവിജ്ഞാനത്തേയുമെല്ലാം വിശകലനം ചെയ്തുകൊണ്ടാണ് ഇത്തരമൊരു അൽഗോരിതം നിർമിക്കപ്പെട്ടത്. അറ്റകുറ്റ പണികൾ മുൻകൂട്ടി തിരിച്ചറിയുവാനും സാധ്യമായവ സ്വയം പരിഹരിക്കുവാനും ഗൗരവമായവ റിപ്പോർട്ട് ചെയ്യുവാനും ഈ കപ്പലുകൾക്ക് സാധിക്കുന്നു. ഓട്ടോമേറ്റീവ് ഷിപ്പിങ്ങിന്റെ വലിയ സാധ്യതകളാണ് ആ പരീക്ഷണം തുറന്നു തന്നത്. ഊർജനഷ്ടം വലിയ അളവിൽ പരിഹരിക്കുവാൻ ഇത്തരം നിർമിത ബുദ്ധികൾ സഹായകമാണ്.
നിർമിത ബുദ്ധി ഇപ്പോഴും അതിന്റെ പ്രാഥമിക ദശയിലാണെന്ന് വിശദീകരിക്കുന്ന സാങ്കേതിക വിദഗ്ദർ പക്ഷെ പ്രവചിക്കുന്നത് സമീപഭാവിയിൽ തന്നെ നിർമിത ബുദ്ധി മനുഷ്യനുമേൽ ആപേക്ഷികമായ ആധിപത്യം ചെലുത്തുമെന്നാണ്. എന്നിരുന്നാലും AI നിർവഹിക്കുന്ന എല്ലാ ജോലികളിലും മനുഷ്യബുദ്ധിയുടെ അനുകരണം പ്രധാനമായി തുടരും. അതുകൊണ്ടു തന്നെ മാനവികതയ്‌ക്കെതിരെയുള്ള വെല്ലുവിളി സമീപഭാവിയിൽ നടപ്പിലാകുവാൻ സാധ്യതയില്ല. നിർമിത ബുദ്ധിയിലേക്ക് മാറ്റാൻ അപര്യാപ്തമായതും അപ്രധാനവുമായ ജോലികളും പ്രക്രിയകളും വംശനാശത്തിനു വിധേയമാകുവാൻ സാധ്യതയുണ്ട്. മനുഷ്യന്റെ പങ്കാളിത്തം ആവശ്യമില്ലാത്ത സ്വതന്ത്രമായ ഒരു പരിണാമത്തിലേക്കാണ് നിർമിത ബുദ്ധി സഞ്ചരിക്കുന്നത്. നിർമിത ബുദ്ധികൾക്കിടയിൽ തന്നെ സ്വാഭാവികമായി ഒരു മാൽസരികത രൂപപ്പെട്ടിട്ടുണ്ടെന്ന് വിദഗ്ദർ പറയുന്നു.

നിർമിത സംസ്‌കാരം അഥവ നിർമിത ദളിത് ബുദ്ധി

ഭരണകൂടങ്ങളുടെ പൊതുനയരൂപീകരണങ്ങളിലും തീരുമാനമെടുക്കൽ പ്രക്രിയകളിലുമെല്ലാം ഇന്ന് വലിയ അളവിൽ അൽഗോരിതങ്ങൾ അനിവാര്യമായിത്തീർന്നിട്ടുണ്ട്. ഇത് ജനാധിപത്യത്തെ കുറിച്ചുള്ള സങ്കൽപങ്ങളിൽ കാതലായ മാറ്റം സൃഷ്ടിക്കുന്നു. അൽഗോഗ്രസി എന്ന നിലയിൽ തന്നെ അത് ഇന്ന് വ്യവഹരിക്കപ്പെടുകയും ചെയ്യുന്നു. ലഭ്യമാകുന്ന ഡാറ്റകളോട് പൂർണാർത്ഥത്തിൽ വസ്തുനിഷ്ഠമാകുന്ന അൽഗോരിതങ്ങൾ പക്ഷെ സമൂഹത്തിലെ തെറ്റായ മുൻവിധികളേയും പ്രവണതകളേയും അനുകരിക്കുന്നു. ആഫ്രോ-അമേരിക്കൻ കമ്യൂണിറ്റികളിലെ നിർമിത ബുദ്ധികളുടെ ഉപയോഗത്തിൽ ഇത്തരം പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണമായി യു.എസ്.എ. യിലെ പ്രധാന കോടതികളിലെ ക്രിമിനൽ കേസുകളിൽ 2014 വരെ റിസ്‌ക്ക് സ്‌കോർ സോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തിയിരുന്നു. ഒരാൾ കുറ്റവാളിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടുകഴിഞ്ഞാൽ ആ വ്യക്തി ഇനി കുറ്റം ചെയ്യാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് അളക്കുവാനായിരുന്നു ഈ നിർമിത ബുദ്ധി ഉപയോഗിച്ചിരുന്നത്. ലക്ഷക്കണക്കിന് ഡാറ്റകൾ വിശകലനം ചെയ്തുകൊണ്ടാണ് അതിന്റെ അൽഗോരിതം നിർമിക്കപ്പെട്ടിട്ടുള്ളത്. മുൻകാല ക്രൈം റെക്കോർഡുകളിൽ കുറ്റവാളികളായവരിൽ കറുത്തവർഗക്കാർ വലിയ ശതമാനമായിരുന്നു. അമേരിക്കയിൽ നിലനിന്നിരുന്ന വിവേചന സംസ്‌കാരത്തിന്റെ ഫലമായിരുന്നു അത്. എന്നാൽ ഈ ഡാറ്റ പരിഗണിച്ച് ഈ സോഫ്റ്റ്‌വെയർ കറുത്തവർഗക്കാരോട് കുറ്റകൃത്യത്തെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള മുൻവിധി സൂക്ഷിക്കുന്നുണ്ടെന്ന് ഒരു കേസിന്റെ വിചാരണയിൽ വ്യക്തമായി. ആ സംഭവത്തെ തുടർന്ന് അത്തരം നിർമിത ബുദ്ധികളുടെ ഉപയോഗം കോടതിവ്യവഹാരങ്ങളിൽ പരിമിതപ്പെടുത്തി.
ഇൻപുട്ട് ഡാറ്റകളിൽ വേണ്ടത്ര പ്രതിനിധീകരിക്കാത്ത ജാതി-മത വിഭാഗങ്ങളുടെ കാര്യത്തിൽ തെറ്റായ വർഗീകരണങ്ങൾ സാധാരണമാകും. മാത്രമല്ല, സിസ്റ്റം മോഡലുകളുടെ പരിമിതി മൂലം മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ തവണ ഫോട്ടോ എടുത്ത, അല്ലെങ്കിൽ നിരീക്ഷണത്തിന് ടാർജറ്റ് ചെയ്ത ഗ്രൂപ്പുകൾ, അല്ലെങ്കിൽ ഡാറ്റാ ബെയ്‌സുകളിൽ അമിതമായി പ്രതിനിധീകരിക്കപ്പെടുന്ന ഗ്രൂപ്പുകൾക്ക് അനുകൂലമായി പക്ഷപാതിത്തം സൃഷ്ടിക്കപ്പെടുന്നു. കമ്പ്യൂട്ടർ മോഡലുകൾ മനുഷ്യപക്ഷപാതിത്തങ്ങളെ ആവർത്തിക്കുക മാത്രമല്ല പ്രചരിപ്പിക്കുകയും വലുതാക്കുകയും ചെയ്യുന്നു. സമൂഹം ഭാവിയിൽ കൂടുതൽ നീതിയുക്തമായിത്തീർന്നാലും നിർമിത ബുദ്ധിയുടെ വികാസത്തിൽ നിന്ന് ആ വിവേചനത്തെ മാറ്റിനിർത്തുവാൻ ഏറെ പ്രയാസമായിരിക്കും. ഒരു മതവിഭാഗത്തിനെതിരെ വ്യവസ്ഥാപിതമായി പക്ഷപാതപരമായി പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ മോഡലിന് ചില വർഗീയ വ്യക്തികളേക്കാൾ വിനാശകരമായ പ്രത്യാഘാതം സൃഷ്ടിക്കാൻ സാധിച്ചേക്കാം. സുതാര്യതയുടെ അഭാവം, ഡാറ്റകളുടെ ഭീമമായ ശേഖരം, അൽഗോരിതത്തിന്റെ സങ്കീർണത, അൽഗോരിതങ്ങളുടെ ബൗദ്ധികാവകാശം എന്നിവ കാരണം ഇത്തരം പ്രശ്‌നങ്ങൾ ബാഹ്യമായ നിയമനിർമാണത്തിലൂടെ പരിഹരിക്കുക അസാധ്യമാണ്. എങ്കിലും കമ്പ്യൂട്ടർ മോഡലുകളുടെ രൂപകൽപ്പനയിലും ഉപയോഗത്തിലും ന്യായവും കൃത്യതയും തമ്മിലുള്ള ശരിയായ ബന്ധങ്ങൾ സ്ഥാപിക്കപ്പെടേണ്ടതുണ്ട്. സാമ്പത്തിക പ്രോൽസാഹനങ്ങൾ മോഡൽ ഡിസൈനർമാരെയും സംരംഭകരേയും കൂടുതൽ കൃത്യതയിലേക്ക് ചായാൻ പ്രേരിപ്പിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുവാൻ കൂടുതൽ ന്യായത്തിലേക്ക് ചായ്ന്നുനിൽക്കുന്ന ഒരു നിർമിത സംസ്‌കാരം രൂപപ്പെടേണ്ടതുണ്ട്. ഇതിനെയാണ് നാം ഇന്ത്യൻ സാഹചര്യത്തിൽ നിർമിത ദളിത് ബുദ്ധി എന്നു വിളിക്കുന്നത്. സാമൂഹ്യസ്ഥിതിയിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ AI ക്കു സാധിക്കുന്നുണ്ടെങ്കിലും സാമൂഹ്യാവസ്ഥയെ പരിവർത്തിപ്പിക്കാൻ അവ പര്യാപ്തമല്ല. അത്തരം പരിമിതികളെ കൂടെ മറികടക്കാനാണ് നിർമിത ദളിത് ബുദ്ധി ശ്രമിക്കുന്നത്.

വേണം, അൽഗോരിത സാക്ഷരത

അൽഗോരിത മോഡലുകൾ ഇതിനകം ഇന്ത്യയിൽ നിയമനിർവഹണത്തിന് ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. മഹാരാഷ്ട്രയും ഡൽഹിയുമാണ് ഈ രീതിയിലുള്ള പൊലീസിങ്ങിന്റെ കാര്യത്തിൽ ഏറെ മുന്നോട്ടു പോയത്. മറ്റു പല സംസ്ഥാനങ്ങളും ദിശാസൂചിയായി അതിനെ കാണുകയും ചെയ്യുന്നു. ഡിജിറ്റലൈസ് ചെയ്ത ക്രിമിനൽ രേഖകൾക്കിടയിൽ ഒരു പൊരുത്തം കൊണ്ടുവരാൻ രാജസ്ഥാൻ, പഞ്ചാബ്, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾ ഫേഷ്യൽ റെക്കഗ്‌നിഷൻ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നു. നാഷണൽ ക്രൈം ആന്റ് റെക്കോർഡ് ബ്യൂറോക്കും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനും ഫേഷ്യൽ റെക്കഗ്‌നിഷൻ അൽഗോരിതം ഉപയോഗിക്കുന്നതിന് പ്രത്യേക പദ്ധതികളുണ്ട്. അതുപോലെ ഇന്ത്യൻ ഫിൻടെക്ക് സ്റ്റാർട്ടപ്പുകൾ ബയോഡാറ്റകൾ ക്രമപ്പെടുത്തുവാനും റിക്യൂട്ട്‌മെന്റ് കാര്യക്ഷമമാക്കുവാനും വായ്പ അനുവദിക്കുവാനുമൊക്കെ കമ്പ്യൂട്ടർ മോഡലുകൾ ഉപയോഗിക്കുന്നു. ജുഡീഷൽ തീരുമാനങ്ങളെടുക്കുന്നതിൽ നിലവിൽ ഇന്ത്യയിൽ നിർമിത ബുദ്ധി ഉപയോഗിക്കുന്നില്ല. എങ്കിലും ഭരണഘടനയിലും കോടതിവിധികളിലും പീനൽകോഡിലുമെല്ലാം ട്രെയിനിങ് ലഭിച്ച മോഡലുകൾ ഇന്ത്യൻ സോഫ്റ്റ്‌വെയർ വിപണിയിൽ ലഭ്യമാണ്. അവ ഔദ്യോഗികമായി ഉപയോഗിച്ച് തുടങ്ങുന്നതിനുമുമ്പുള്ള സമയമേ ഒരു പ്രതിരോധം സൃഷ്ടിക്കാൻ നമ്മുടെ മുന്നിലുള്ളൂ.

ശ്രീകൃഷ്ണ കമ്മിറ്റി നിർദ്ദേശിച്ച പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ (2018) നിർമിത ബുദ്ധികൾക്ക് വ്യക്തികത ഡാറ്റ ആക്‌സസ് ചെയ്യുന്നതിനും സ്ഥിരീകരിക്കുന്നതിനുമുള്ള അവകാശം നൽകുന്നു. കമ്പ്യൂട്ടർ മോഡലുകൾക്ക് തങ്ങളുടെ തീരുമാനങ്ങൾ വിശദീകരിക്കേണ്ട ആവശ്യവുമില്ല. ആ ബില്ലിന് അൽഗോരിതങ്ങൾക്കുള്ളിലെ വൈരുധ്യങ്ങളെ അഭിമുഖീകരിക്കുവാൻ സാധിച്ചിട്ടില്ല എന്നു പറയേണ്ടിവരും. കൂടുതൽ വിശാലമായ രൂപരേഖയോടുകൂടി ഒരു അൽഗോരിത സുതാര്യതാ ബില്ല് ഇന്ത്യ കൊണ്ടുവരേണ്ടതുണ്ട്. ആ ബില്ലിലൂടെ അൽഗോരിതങ്ങളും അതിന്റെ ഡാറ്റകളും ബാഹ്യമായ ഓഡിറ്റിങ്ങിനു വിധേയമാക്കുവാനും സാധ്യമാകുമ്പോഴെല്ലാം പൊതുപരിശോധനയ്ക്ക് ലഭ്യമാക്കുവാനും കഴിയേണ്ടതുണ്ട്. അൽഗോരിതങ്ങളിലെ അന്ധസ്ഥലികൾ കണ്ടെത്തുന്നതിനും പരിഹരിക്കുന്നതിനും അതിന്റെ പ്രവൃത്തിമണ്ഡലവും സമയമാനദണ്ഡങ്ങളും കൂടുതൽ ബഹുസ്വരമാക്കാനും സാധിക്കേണ്ടതുണ്ട്. അൽഗോരിതങ്ങളുടെ കൊഗ്‌നറ്റീവ് സ്‌ക്കില്ലുകൾക്ക് ലൈസൻസ് ഏർപ്പെടുത്തേണ്ടതും നിരീക്ഷിക്കപ്പെടേണ്ടതുമുണ്ട്. പക്ഷപാതിത്തങ്ങൾ കണ്ടെത്തുന്നതിനും ലഘൂകരിക്കുന്നതിനും സെൻസറ്റീവ് ഡാറ്റകൾ ഉപയോഗിക്കാൻ സാഹചര്യങ്ങളുണ്ടാകേണ്ടതുണ്ട്. അതിനുവേണ്ടി നിർമിത ബുദ്ധികളുടെ രൂപകൽപ്പനയിൽ തന്നെ ഇളവുകൾ അനുവദിക്കപ്പെടണം. ഉപഭോക്താക്കൾക്കിടയിൽ അൽഗോരിത സാക്ഷരത വർധിപ്പിക്കുവാനും സാധിക്കണം.

Photo: Pixabay

നിർമിത ബുദ്ധികളിലെ പക്ഷപാതിത്ത നിലപാടുകൾ കുറക്കാൻ സഹായിക്കുന്ന അൽഗോരിത ഗവേഷണങ്ങൾ ഔദ്യോഗികമായി പ്രോൽസാഹിപ്പിക്കപ്പെടേണ്ടതുണ്ട്. സാമൂഹ്യപശ്ചാത്തലങ്ങളിൽ പ്രയോഗിക്കപ്പെടുന്ന നിർമിത ബുദ്ധികൾക്ക് ആത്മവിമർശന സാധ്യതകൾ ലഭ്യമാകണം. കൂടാതെ നിർമിത ബുദ്ധിയിൽ സമത്വനിയമങ്ങളും സ്വാതന്ത്ര്യനിയമങ്ങളും എങ്ങനെ ബാധകമാകുമെന്ന് വ്യക്തമാക്കുന്നതിന് അത്തരം നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരണം. ദളിത് വിവരാവകാശ പ്രവർത്തകനായ രാഘേഷ് കുമാർ ഈ വിഷയത്തിൽ പ്രൗഢമായ ഒരു പ്രബന്ധം രചിച്ചിട്ടുണ്ട്. 2019 ഏപ്രിലിൽ യു.എസ്. കോൺഗ്രസിൽ അവതരിപ്പിച്ച അൽഗോരിതം അക്കൗണ്ടബിലിറ്റി ആക്ടും 2017ൽ ന്യൂയോർക്ക് സിറ്റി കൗൺസിൽ പാസാക്കിയ അൽഗോരിതം ട്രാൻസ്പരസി ബില്ലും മാതൃകാരേഖകളാണ്. എന്നാലും അവ ഇന്ത്യൻ സാഹചര്യങ്ങളിൽ നിന്ന് തീർത്തും ഭിന്നവുമാണ്.

ജാതിയും നിർമിത ബുദ്ധിയും

ജാതി എന്നത് മനുഷ്യനിർമിത ആശയമാണ് (artificial idea). ജൈവികമോ മാനുഷികമോ ആയ ഒരു അടിത്തറയും അതിനില്ല. ജാതിയേക്കാൾ നിർമിത സ്വഭാവമുള്ള ആശയങ്ങളെ, സങ്കൽപ്പങ്ങളെ, ബോധത്തെ, ചിന്തയെ കൊണ്ട് മാത്രമേ അതിനെ പിഴുതെറിയുവാൻ കഴിയൂ. ഇവിടെയാണ് അൽഗോരിതങ്ങളുടെ ദർശനം നമ്മെ സഹായിക്കുക. ജൈവികമോ മാനുഷികമോ ആയ യാതൊരു അടിത്തറയുമില്ല എന്നതുകൊണ്ട് ജാതി ചരിത്രപരമാകാതിരിക്കുന്നില്ല. ഉപകരണങ്ങളുടേയും യന്ത്രങ്ങളുടേയും സാങ്കേതികതയുടേയും ചരിത്രം മനുഷ്യചരിത്രത്തിന്റെ ഭാഗം തന്നെയാണല്ലോ. അതുപോലെ മനുഷ്യന്റെ നിർമിത ബുദ്ധിയുടെ ചരിത്രത്തിലാണ് നാം ജാതിയുടെ ചരിത്രപരതയെ കണ്ടെത്തേണ്ടത്. അല്ലാതെ ജാതിവ്യവസ്ഥ എന്നത് ഒരു പ്രത്യയശാസ്ത്ര പ്രവർത്തനം മാത്രമല്ല. മനുഷ്യരുടെ ബുദ്ധിപ്രവർത്തനത്തെ തന്നെ ഊർജ്ജമാക്കുന്ന ഒരു ഘടകം ജാതിയിൽ ഉള്ളടങ്ങുന്നുണ്ട്.
ജാതിയെ കുറിച്ചുള്ള സാമൂഹ്യനിർമിതി വാദത്തെ (social constructionism) തലതിരിച്ചുനിർത്തിയാൽ മാത്രമേ അതിന്റെ നിർമിത സ്വഭാവം വ്യക്തമാകൂ. ജാതിവ്യവസ്ഥ എന്നത് ഒരു നിർമിത സമൂഹമാണ് (artificial society). അത് സമൂഹത്തിന്റെ ജൈവികരൂപമോ മാനുഷികരൂപമോ അല്ല. ഇന്ത്യയിൽ മനുഷ്യശ്രംഖലകൾ കൂടുതലും പ്രവർത്തിക്കുന്നത് ജാതിയുടെ സൂത്രവാക്യങ്ങളിലാണ്. എന്തുകൊണ്ടാണ് ഹിന്ദുത്വം ഡിജിറ്റൽ ഇന്ത്യയെ പ്രധാന മുദ്രാവാക്യമായി ഉയർത്തിക്കാണിക്കുന്നത്? ഹിന്ദുത്വത്തിന് അതിവേഗം ഇന്ത്യൻ സമൂഹത്തിന്റെ നിർമിത സ്വഭാവത്തെ തിരിച്ചറിയുവാൻ സാധിച്ചു എന്നാണത് തെളിയിക്കുന്നത്. ഇന്ത്യൻ സമൂഹത്തിന്റെ അൽഗോരിതം ജാതിയാണെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. നമുക്ക് ജാതിവിരുദ്ധമായ അൽഗോരിതങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കണം. ദളിത് അനുഭവങ്ങളും ചിന്തയും അന്വേഷണങ്ങളും സമരങ്ങളുമെല്ലാം നിർമിത ബുദ്ധിയിൽ വളരെ കൂടുതൽ നിക്ഷേപം നടത്തേണ്ടതുണ്ട്. ദളിത് സമൂഹം ഒരു ഡിജിറ്റൽ സമുദായമായി സംഘടിക്കണം. അതിന്, പ്രാഥമികമായി ഡിജിറ്റൽ രംഗത്തുള്ള ഹിന്ദുത്വത്തിന്റെ മുന്നേറ്റത്തെ തടസ്സപ്പെടുത്താനാകണം.

നിർമിത ബുദ്ധിയുടെ മേഖലയിൽ ഒരു ദളിത് സമീപനം രൂപപ്പെടേണ്ട അനിവാര്യ സാഹചര്യം എന്താണ്. നമുക്കറിയാവുന്നതുപോലെ സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങൾ പോലും സാമ്പത്തികമായ നിലവാരത്തിനനുസരിച്ച് വിന്യസിക്കുവാനുള്ള അൽഗോരിതങ്ങൾ ഇന്ന് ലഭ്യമാണ്. തീർത്തും ദരിദ്രനായ ഒരു ദളിതന്റെ ഫെയ്‌സ്ബുക്ക് ചുമരിൽ കോടിക്കണക്കിന് വില വരുന്ന ഫ്‌ളാറ്റുകളുടേയും ലക്ഷക്കണക്കിന് വിലവരുന്ന കാറുകളുടേയും പരസ്യങ്ങൾ പ്രത്യക്ഷപ്പെടുത്തേണ്ട കാര്യമില്ലല്ലോ എന്നവർ ചിന്തിക്കുന്നു. സോഷ്യൽ മീഡിയകളിലെ ഓൺലൈൻ ന്യൂസ് സ്ട്രീമുകളിലും ഈ പ്രവണത കാണാം. ഓട്ടോമേറ്റഡ് എഡിറ്റോറിയൽ അൽഗോരിതമുപയോഗിച്ച് അവർക്ക് സമാന ചിന്താഗതിക്കാരായ വ്യക്തികളും ഗ്രൂപ്പുകളുമായി കാര്യക്ഷമമായി അടുക്കുവാൻ സാധിക്കുന്നു. ഇതുവഴി അവർ അവരുടെ കാഴ്ചകളെ വർധിപ്പിക്കുന്ന എക്കോ ചേമ്പറുകളെ സൃഷ്ടിക്കുന്നു. അച്ചടി-ദൃശ്യ മാധ്യമങ്ങളെ പോലെ നിക്ഷ്പക്ഷതാനാട്യം പ്രകടിപ്പിക്കേണ്ട ബാധ്യത ഓൺലൈൻ വാർത്തകൾക്കില്ലാത്തത് അതുകൊണ്ടാണ്. അവർക്ക് മത-രാഷ്ട്രീയ-ലിംഗ പക്ഷപാദിത്തങ്ങൾ പ്രകടിപ്പിക്കുന്നതിൽ അംഗീകാരം ലഭിക്കുന്നു. വലിയ കാര്യക്ഷമതയുള്ള സോഷ്യൽമീഡിയാ കമ്പനികളെ ഉപയോഗിച്ചുകൊണ്ട് മാരകമായ ഫലങ്ങളുണ്ടാക്കുവാൻ ഇന്ത്യയിൽ ഹിന്ദുത്വത്തിന് സാധിച്ചതിൽ അതിശയിക്കാനൊന്നുമില്ലെന്ന് സൺസ്‌റ്റൈനിന്റെ പഠനം (2018) വ്യക്തമാക്കുന്നു.

അൽഗോരിത വംശീയത

നിർമിത ബുദ്ധിയുടെ രൂപകൽപ്പനയിലും മറ്റും വിവേചനാത്മകമായ സമീപനങ്ങൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ചില പ്രത്യേക പേരുകൾ, പ്രത്യേക മുഖ സവിശേഷതകൾ, ശിരോവസ്ത്രം, ചർമത്തിന്റെ നിറം തുടങ്ങി ധാരാളം വിവരമാനദണ്ഡങ്ങളിൽ പ്രവർത്തിക്കാൻ സാധിക്കുന്ന അൽഗോരിതങ്ങൾ ഇന്ന് പ്രവർത്തിക്കുന്നു. ഒരാളുടെ പോർട്രെയ്‌റ്റോ ഫ്രന്റ്‌ഷോട്ടോ മാത്രം ഉപയോഗിച്ച്, ഫേഷ്യൽ റെക്കഗ്‌നിഷനിലൂടെ അയാളിലെ അക്രമവാസന പ്രവചിക്കാനാകും എന്ന അവകാശവാദവുമായി അമേരിക്കയിലെ പെൻസിൽവാനിയയിലുള്ള ഹാരിസ്ബർഗ് സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകർ രംഗത്ത് വന്നിരുന്നു. 80 ശതമാനം കൃത്യതയോടെ, ന്യൂറൽ നെറ്റ്​വർക്ക് മോഡലുകൾ ഉപയോഗിച്ച് ‘പ്രഡിക്റ്റ് ക്രിമിനാലിറ്റി യൂസിങ് ഇമേജ് പ്രോസസിങ്' എന്ന അൽഗോരിതമാണ് അവർ നിർമ്മിച്ചത്. ഈ അൽഗോരിതത്തിലൂടെ സമൂഹത്തിലെ കുറ്റകൃത്യനിരക്ക് കുറയ്ക്കുവാൻ സഹായിക്കുമെന്നായിരുന്നു അവരുടെ വിശദീകരണം. സ്റ്റാൻഫോർഡിൽ നിന്നും ഗൂഗ്‌ളിൽ നിന്നുമെല്ലാം ഈ സോഫ്റ്റ്‌വെയറിനെതിരെ പ്രതിഷേധമുയർന്നിരുന്നു. എന്നാൽ, ഈ പഠനത്തെ അൽഗോരിത വംശീയതയുടെ ഉദാഹരണമായി കണ്ട് ഉടൻ റദ്ദാക്കണമെന്നാവശ്യപ്പെട്ട് 1700ലധികം IT ഗവേഷകർ ഒരു തുറന്ന കത്ത് സർവകലാശാലയ്ക്കു നൽകി. ഇത്തരമൊരു അൽഗോരിതം സൃഷ്ടിച്ച ഗവേഷകർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നായിരുന്നു ഇന്ത്യയിൽ നിന്നുള്ള AI വിദഗ്ദയായ കൃതിക ഡിസിൽവ ആവശ്യപ്പെട്ടത്.
AI ഗവേഷണത്തിന്റെ ആസ്ഥാനമായ സാൻഫ്രാൻസിസ്‌കോ തന്നെയാണ് ഫേഷ്യൽ റെക്കഗ്‌നീഷൻ സോഫ്‌റ്റ്വെയറുകൾ ആദ്യം നിരോധിച്ച അമേരിക്കൻ നഗരവും. രഹസ്യനിരീക്ഷണത്തിന് ഈ അൽഗോരിതം വഴിതുറക്കുന്നു എന്നാരോപിച്ച് സിവിൽ റൈറ്റ്‌സ് സംഘടനകൾ സമരം നടത്തിയതിനെ തുടർന്ന് കഴിഞ്ഞ മെയിലാണ് അത്തരം അൽഗോരിതങ്ങൾ നഗരഭരണകൂടം നിരോധിച്ചത്. അതുപോലെ ന്യൂയോർക്കിൽ വസ്ത്രങ്ങൾ ധരിച്ച ഫോട്ടോകളിൽ നിന്ന് നഗ്‌നചിത്രങ്ങൾ സൃഷ്ടിച്ചെടുക്കാൻ ഉണ്ടാക്കിയ ഡീപ് ന്യൂഡ് അൽഗോരിതം വൻവിവാദത്തെ തുടർന്ന് കഴിഞ്ഞ ജൂണിൽ പിൻവലിച്ചിരുന്നു. ആരുടേയും സമ്മതം കൂടാതെ അവരുടെ ഫോട്ടോകളിൽ നിന്ന് നഗ്‌നചിത്രങ്ങൾ നിർമിക്കാവുന്ന ഈ അൽഗോരിതത്തിന്റെ വില 50 ഡോളർ മാത്രമായിരുന്നു. വിനോദപരമായ ഉദ്ദേശ്യങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഡെവലപ്പറായ ഏലിയാസ് ആൽബർട്ടോ പറയുന്നു.

ആമസോൺ തൊഴിൽ അപ്ലിക്കേഷനുകൾ സ്‌ക്രീനിങ് ചെയ്യുന്നതിന് ഒരു ഓൺലൈൻ സംവിധാനം നിർമിച്ചിരുന്നു. ആ നിർമിത ബുദ്ധി എല്ലാ യോഗ്യതകളുമുണ്ടായിരുന്നിട്ടും നിരന്തരം സ്ത്രീകളെ അവഗണിക്കുന്നതായി പരാതികളുയർന്നപ്പോൾ ആമസോണിനത് നിർത്തിവെക്കേണ്ടിവന്നു. ചരിത്രപരമായ ഡാറ്റകൾ പുരുഷന്മാരെ കൂടുതൽ നിയമിക്കാൻ സാഹചര്യമുണ്ടാക്കുന്നു. അതുപോലെ ബ്രിട്ടനിലെ സെന്റ് ജോർജ് ഹോസ്പിറ്റൽ രോഗികളുടെ പേരുവിവരങ്ങൾ മെഡിക്കൽ രേഖകളിൽ ഉൾപ്പെടുത്തില്ലെന്ന് തീരുമാനിച്ചു. രോഗങ്ങളെ കുറിച്ച് പഠിക്കുവാൻ രൂപപ്പെടുത്തിയ എക്‌സ്പർട്ട് സിസ്റ്റങ്ങൾ സമാന പേരുകളുള്ള രോഗികളുടെ രോഗവിവരങ്ങൾ പരസ്പരം താരതമ്യം ചെയ്യുന്നു, ഒരേ പ്രദേശത്തുള്ള വ്യക്തികളുടെ രോഗസാധ്യതകൾ കണക്കുകൂട്ടുന്നു, ഇത്തരത്തിലുള്ള ധാരാളം പ്രശ്‌നങ്ങൾ സൃഷ്ടിച്ചതുകൊണ്ടാണ് അവർ അങ്ങനെ ചെയ്തത്. രോഗങ്ങളെ കുറിച്ച് പഠിക്കാൻ നിർമിത ബുദ്ധി എന്തെല്ലാം മാനദണ്ഡങ്ങളാണ് സ്വീകരിക്കുക എന്ന് അതിന്റെ ഉൽപാദകർക്ക് പോലും പറയാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.

ഇന്ത്യയിലെ പ്രധാന വിവാഹാലോചനാ സൈറ്റുകളിൽ പ്രയോഗിക്കപ്പെടുന്ന അൽഗോരിതങ്ങൾ ദളിത് വിരുദ്ധത പ്രകടിപ്പിക്കുന്നുണ്ടെന്നും ഭരണഘടനയിലെ സമത്വനിയമവുമായി അത് വൈരുധ്യത്തിലാകുന്നുണ്ടെന്നും വ്യാപകമായി ആരോപിക്കപ്പെട്ടിരുന്നു. Shaadi.Com ആയിരുന്നു ആരോപണവിധേയമായതിൽ പ്രധാനി. വിവാഹപൊരുത്വവും ദാമ്പത്യസാധ്യതയും വിവാഹമോചന സാധ്യതയും കണക്കാക്കുന്ന അൽഗോരിതങ്ങൾ ദളിത് വ്യക്തികൾക്ക് ഏറ്റവും കുറഞ്ഞ മൂല്യമാണ് നൽകുന്നത്. സിസ്റ്റത്തിൽ യാതൊരു പക്ഷപാതിത്തമില്ലന്നും ശാസ്ത്രീയമായ വസ്തുനിഷ്ഠത ലംഘിക്കപ്പെട്ടിട്ടില്ലെന്നും ഷാഡി.കോമിന്റെ സാങ്കേതികവിദഗ്ദർ ഉറപ്പുനൽകുകയും ചെയ്യുന്നു. നിലവിൽ സമൂഹത്തിലുള്ള വിവാഹ രജിസ്‌ട്രേഷനുകളുടേയും കുടുംബപ്രശ്‌നങ്ങളുടേയും വിവാഹമോചന കേസുകളുടേയും ഡാറ്റകൾ വിശകലനം ചെയ്തുകൊണ്ടാണ് അത്തരം നിർമിത ബുദ്ധികൾ പ്രവർത്തിക്കുന്നത്. ഈ ഡാറ്റകൾ നിശ്ചയമായും സമൂഹത്തിൽ ജാതിവ്യവസ്ഥ സൃഷ്ടിക്കുന്ന വിവേചനങ്ങളേയും പാർശ്വവൽക്കരണത്തേയും ഇരട്ടിപ്പിക്കുന്ന ഘടകമായാണ് വർത്തിക്കുന്നത്. തൊഴിലവസര പോർട്ടലുകൾ മുതൽ പ്ലെയ്‌സ്‌മെന്റ് സൈറ്റുകൾ വരെയുള്ളവയിലും ഇത്തരത്തിൽ ജാതിയധിഷ്ഠിതമായ അൽഗോരിതങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് 2016 ജൂലൈയിൽ നോർക്കെയെ മുൻനിർത്തി ഒരു ആരോപണം ഉയർന്നിരുന്നു. ഉയർന്ന പദവികളിൽ കൂടുതൽ പ്രാതിനിധ്യവും പ്രാഗൽഭ്യവുമുള്ളവർ നിശ്ചയമായും മേൽജാതി വിഭാഗങ്ങളായിരിക്കുമല്ലോ. ഈ ഡാറ്റ മാനദണ്ഡമായെടുത്തുകൊണ്ട് അത്തരം സോഫറ്റ്‌വെയറുകൾ താഴ്ന്ന ജാതിയിലുള്ളവരെ പിന്നിലേക്ക് മാറ്റിനിർത്തുന്നു. ഇവിടെയാണ് ദളിത് അൽഗോരിതങ്ങളുടെയും ഡാറ്റകളുടേയും പ്രസക്തി.
സൊമാറ്റോ സ്വിഗ്ഗി പോലുള്ള ഭക്ഷണ വിതരണ സേവന കമ്പനികളിൽ ഭക്ഷണം ഓർഡർ ചെയ്യുന്ന ഉയർന്ന ജാതിയിലുള്ളവർ സ്വന്തം ജാതിയിലുള്ള തൊഴിലാളികളെ ആവശ്യപ്പെടുന്നു. ഓൺലൈനിലൂടെ ടാക്‌സി ബുക്ക് ചെയ്യുന്നവർ ഡ്രൈവർമാരുടെ ജാതി അന്വേഷിക്കുന്നു. ഇതിനെയെല്ലാം ഡാറ്റകളായി സ്വീകരിച്ച് സൂപ്പർവൈസിങ് സോഫ്റ്റ്‌വെയറുകൾ തൊഴിലാളികളെ അതിനനുസരിച്ച് നിയോഗിക്കുന്നു. ഇതുപോലെ ലോൺ എജിബിലിറ്റി കണ്ടീഷൻ, വീഡിയോ ക്രൈം മോണിറ്ററിങ്, സ്മാർട്ട് എജ്യുക്കേഷൻ സിസ്റ്റം എന്നിവയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പാർതീപ് അത്രി വിപുല പഠനം തയ്യാറാക്കിയിട്ടുണ്ട്. നിങ്ങൾ ഏത് സാങ്കേതികവിദ്യ ഉപയോഗിച്ചാലും അതിന് ജാതിയെ ഉൾക്കൊള്ളുവാനുള്ള സമീപനമില്ലെങ്കിൽ അത് നിശ്ചയമായും ജാതിപക്ഷപാതപരമാകും.

ഹിന്ദുത്വ സർവൈലെൻസിങ് നേരിടാൻ

വാസ്തവത്തിൽ കൂടുതൽ ഇൻക്ലൂസീവായ ഒരു സാമൂഹ്യക്രമം കൊണ്ടുവരുവാൻ നിർമിത ബുദ്ധിക്ക് വിമോചന മുന്നേറ്റങ്ങളെ സഹായിക്കാനാകുമോ? കഴിയുമെന്നാണ് ഈ ലേഖകന്റെ അഭിപ്രായം. AIക്ക്​ വിദൂരമായും അജ്ഞാതമായും വ്യക്തികത രീതിയിലും പ്രവർത്തിക്കുവാൻ കഴിയും. ദളിത് മുന്നേറ്റങ്ങളെ ദുർബലപ്പെടുത്തുന്ന ഒരു പ്രധാന കാര്യം ഇന്ത്യയുടെ വിദൂരത തന്നെയാണ്. അത്രമേൽ വൈവിധ്യം നിറഞ്ഞതും പരസ്പരം വൈരുധ്യം പുലർത്തുന്നതുമായ ജാതിസംസ്‌കാരമാണ് ഇന്ത്യയിൽ ഓരോ പ്രദേശത്തും നിലനിൽക്കുന്നത്. ദളിത് വിമോചനത്തിന് ഐക്യപ്പെടുമ്പോൾ ദളിത് സമൂഹത്തിന്റെ ബഹുസ്വരതയെ കൈയ്യൊഴിയുവാനും സാധിക്കില്ല. ദളിത് രാഷ്ട്രീയത്തിന് ബഹുജൻ രാഷ്ട്രീയത്തിന്റെ പിന്തുണ അനിവാര്യമായിത്തീരുന്നത് അതുകൊണ്ടാണ്. ഈ സാഹചര്യത്തെ നിലനിർത്തിക്കൊണ്ടുപോകാൻ അൽഗോരിത പദ്ധതികൾക്ക് സാധിക്കും.

ഉദാഹരണമായി ഇന്ന് സാഹിത്യരചയിതാക്കളെയും പഠിതാക്കളേയും വലിയ അളവിൽ നിർമിത ബുദ്ധികൾ സഹായിക്കുന്നുണ്ട്. ഭാഷ വിശകലനം ചെയ്യുവാനും സാഹിത്യഭാഷയുടെ സാധ്യത കണ്ടെത്തുവാനും സാഹിതീയ ഡാറ്റകൾ വിശകലനം ചെയ്യാനും വിവർത്തനം സുഗമമാക്കുവാനുമെല്ലാം നിർമിത ബുദ്ധികൾ വലിയ സഹായം ചെയ്യുന്നു. AI സ്വന്തം നിലയിൽ രചിച്ച കവിതകളെ മനുഷ്യരുടെ കവിതകളിൽ നിന്ന് വേർതിരിച്ചറിയുവാനാകില്ലെന്ന് സമീപകാലത്തെ ഒരു ഡ്യൂറിങ് ടെസ്റ്റ് തെളിയിച്ചതുമാണ്. ഈ സാധ്യതകളെയെല്ലാം അതിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ പിടിച്ചുപറ്റുവാൻ വിമോചന ആശയങ്ങൾക്ക് സാധിക്കണം. ഇന്ത്യയിൽ ഈ സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തുവാനാകുക തീർച്ചയായും ദളിത് സാഹിത്യത്തിനും ദളിത് ചിന്തയ്ക്കുമായിരിക്കും. കാരണം ഇന്ത്യയുടെ ചരിത്രപരമായ ഡാറ്റകളിൽ സാർവത്രികമായി വ്യാപിച്ചുകിടക്കുന്ന ഒന്നാണ് ജാതിപ്രശ്‌നം എന്നത്.

ദളിത് മുന്നേറ്റങ്ങൾ നേരിടുന്ന മറ്റൊരു വലിയ പരിമിതി ഹിന്ദുത്വത്തിന്റെ സർവൈലെൻസിങ്ങും പിടിച്ചുപറ്റലുകളുമാണ്. ഇതിനെയും മറികടക്കുവാൻ അൽഗോരിതങ്ങളുടെ അജ്ഞേയത്വം സഹായകമാണ്. മാത്രമല്ല, ദളിത് എന്നത് എത്ര സാമുദായികമാണോ അത്ര അനുഭവാധിഷ്ഠിതവുമാണ്. വൈയക്തിക അനുഭവതലങ്ങളെ സാമുദായികമായി സംഘടിപ്പിക്കുന്നതിൽ ദളിത് മുന്നേറ്റങ്ങൾ വലിയ പ്രയാസം നേരിടുന്നുണ്ട്. വൈയക്തിക ഡാറ്റകളേയും ചരിത്രപരമായ ഡാറ്റകളേയും ഒരേസമയം കണക്കിലെടുക്കുവാൻ നിർമിത ബുദ്ധികൾ അനിവാര്യമാണ്. ദളിതരെ ഒരു സമുദായമായി സംഘടിപ്പിക്കുമ്പോൾ തന്നെ അതിലെ വ്യക്തികളുടെ വ്യക്തിത്വങ്ങൾ സംരക്ഷിക്കുവാൻ AI പ്രാപ്തമാണ്.

നിർമിത ബുദ്ധിയുടെ സാഹചര്യങ്ങളുമായി വർഗസങ്കൽപം വലിയ അളവിൽ കൂട്ടിയിണക്കപ്പെട്ടിട്ടുണ്ട്. ഒരു കൂട്ടർ പറയുന്നത്, മുൻകാലങ്ങളെ അപേക്ഷിച്ച് നിർമിത ബുദ്ധിയുടെ യുഗമാണ് മാർക്‌സിനെ കൂടുതൽ മൂല്യവത്താക്കുന്നത് എന്നാണ്. എന്നാൽ മറ്റു ചിലർ നിർമിത ബുദ്ധിയെ നവലിബറൽ ചൂഷണത്തിന്റെ രൂപമായും കാണുന്നുണ്ട്. പക്ഷെ ജാതി എന്ന സംവർഗത്തിന് ഇപ്പോഴും നിർമിത ബുദ്ധിയോട് സംവദിക്കുവാൻ സാധിച്ചിട്ടില്ല. അതുപോലെ പ്രത്യയശാസ്ത്ര തലത്തിൽ ഇന്ത്യയിലെ ജാതിചോദ്യങ്ങളേയും വർഗചോദ്യങ്ങളേയും പരസ്പരം കൂട്ടിയിണക്കുന്നതിൽ വലിയ പ്രതിസന്ധികളും വൈരുധ്യങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ അൽഗോരിതങ്ങളുടെ തലത്തിൽ എല്ലാ വൈരുധ്യങ്ങളേയും വ്യത്യസ്തതകളേയും നിലനിർത്തിക്കൊണ്ടുതന്നെ ഒരു മുന്നേറ്റത്തിൽ പരസ്പരം ഐക്യപ്പെടാൻ ജാതി-വർഗ സംവർഗങ്ങൾക്ക് ധാരാളം സാധ്യതകളുണ്ട്.

ദളിതരെ നിശ്ശബ്ദരാക്കുന്ന പ്രയോഗങ്ങൾ

ഈ നിലയിലുണ്ടായ ചില പഠനങ്ങൾ പരിചയപ്പെടുന്നത് ഉചിതമായിരിക്കും. ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള, ജാതി എന്ന വിഷയം ഉൾക്കൊള്ളുന്ന വാക്‌മേയങ്ങളെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുന്ന ഗവേഷണ പ്രൊജക്റ്റ് അന്റോണിയോ ഫിലിപ്പ് ഫോൺസെക്ക, സോഹോം ബാൻഡോപാധ്യായ, ജോർജ്ജ് ലൂക്ക എന്നിവരുടെ നേതൃത്വത്തിൽ നടന്നിരുന്നു. ലേറ്റൻറ്​ ഡിറിക്ലെറ്റ് അലോക്കേഷനും (Latent Dirichlet allocation - LDA) വേഡ് ഡിസ്​ട്രിബ്യൂട്ട് വെയ്ക്കിളുകളും (VD) രണ്ട് ന്യൂറൽ നെറ്റ്‌വർക്ക് ലെയറുകളും (NNL) 4d ഫോർമാറ്റിലുള്ള സ്റ്റാറ്റിസ്റ്റിക്കൽ ഡിസ്റ്റിബ്യൂട്ടുകളും (SD) ഉൾക്കൊള്ളുന്ന അത്യാധുനിക അൽഗോരിത മിശ്രിതങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള കമ്പ്യൂട്ടർ അനാലിസിസാണ് അവർ നടത്തിയത്. അതിലൂടെ അവർക്ക് ഹിന്ദു, ഇന്ത്യൻ എക്​സ്​പ്രസ്​, ടൈംസ് ഓഫ് ഇന്ത്യ എന്നീ പ്രധാന പത്രങ്ങളുടെ, 2016-2017 വർഷങ്ങളിലെ ഡാറ്റ ആർക്കൈവുകളിലൂടെ നിഷ്​പ്രയാസം സഞ്ചരിക്കാൻ സാധിച്ചു. ഇത്രയധികം ഡാറ്റകളിലൂടെ ഒരേ മാനസിക-ബുദ്ധി നിലവാരമുപയോഗിച്ച് കടന്നുപോകുക എന്നത് മനുഷ്യന് അസാധ്യമായ കാര്യമാണ്. 1996ൽ മാധ്യമപ്രവർത്തകനായ ബി.എൻ. യൂനിയാൽ ഇത്തരമൊരു പഠനം മാന്വൽശേഷി ഉപയോഗിച്ച് നടത്തിയിരുന്നു. പക്ഷെ അദ്ദേഹത്തിന് കുറഞ്ഞ കാലയളവിലുള്ള വളരെ കുറച്ച് ഡാറ്റകളെ മാത്രമേ വിശകലനം ചെയ്യാൻ സാധിച്ചുള്ളൂ.

ഡാറ്റകളിൽ നിന്ന് പദങ്ങളുടെ ഉപയോഗത്തിന്റെയും ആവിഷ്‌കാരത്തിന്റെയും പാറ്റേൺ വേർതിരിച്ചെടുക്കുക, തുടർന്ന് ആ പാറ്റേണുകൾ തമ്മിലുള്ള സഹവർത്തിത്വം വ്യാഖ്യാനിക്കുക എന്നിവയായിരുന്നു കമ്പ്യൂട്ടർ അനാലിസിസിന്റെ രീതിശാസ്ത്രം. ഈ രീതിശാസ്ത്രത്തിന് പല ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടിവന്നു. ആദ്യം കംപ്രസീവ്​ വെബ് സ്ട്രാപ്പിങ് എഞ്ചിനുകൾ ഉപയോഗിച്ച് പത്രപ്പതിപ്പുകൾ ശേഖരിച്ചു. ഉള്ളടക്കങ്ങളിലേക്ക് എച്ച്.ടി.എം.എൽ കോഡുകൾ കടത്തിവിടുകയും പ്രാഥമിക ക്ലീനിങ്ങ് പ്രോസസുകൾ നിർവഹിക്കുകയും ചെയ്തു. സ്റ്റോക്ക് വേഡുകൾ ഉപയോഗിച്ച് സാധ്യതാ വാചകങ്ങൾ മുൻകൂട്ടി പ്രോസസ് ചെയ്തു. പദജോടികൾ തിരിച്ചറിയുന്നതിന് ബിഗ്രാം അൽഗോരിതങ്ങൾ പ്രയോഗിച്ചു. അതിൽ നിന്ന് ലഭിച്ച ടെക്സ്റ്റുകളിൽ നിന്ന് വേഡ് വെക്ടറുകൾ നിർമിച്ചു. പദങ്ങൾക്കിടയിലുള്ള ആപേക്ഷികമായ സമീപസ്ഥത കണക്കാക്കുന്ന പ്രോബബിലിസ്റ്റിക് നടപടികളിലൂടെ ‘വേഡ് എംബെഡിങ്​സ്’​ എന്ന് പൊതുവെ വിളിക്കാറുള്ള എൻ.പി.എൽ ടെക്‌നിക്കുകൾ പ്രയുക്തമാക്കി. വാക്യഘടനാ മൂല്യത്തേക്കാൾ പദങ്ങളുടെ അർത്ഥപരമായ മൂല്യം പിടിച്ചെടുക്കാൻ ഈ ടെക്‌നിക്കുകൾ ഉപകരിക്കും. സവിശേഷമായി ഓരോ വാക്കിനോടും ബന്ധപ്പെട്ടിരിക്കുന്ന വേഡ് വെക്ടറുകളിൽ നിന്ന് യൂക്ലിഡിയൻ വെക്ടറുകൾ ഉപയോഗിച്ച് അർത്ഥപരമായി സമാനതയുള്ള വാക്യങ്ങൾ രചിക്കുവാനുള്ള അൽഗോരിതങ്ങൾ നിർമിച്ചെടുക്കുന്നു.
വെക്ടർ നിഘണ്ടു എക്‌സ്ട്രാക്റ്റ് ചെയ്തുകഴിഞ്ഞാൽ ക്യുമുലേറ്റീവ് പ്രോബബിലിറ്റി ഡിസ്റ്റിബ്യൂഷൻ കണക്കാക്കി ജാതി എന്ന തീമിലേക്ക് അതിനെ സാന്ദ്രീകരിക്കുന്നു. അങ്ങനെ ലഭിച്ച വാക്കുകൾ തമ്മിലുള്ള ബന്ധങ്ങളെ വാക്യഘടനയ്ക്കപ്പുറത്ത് ലിങ്കുകളിലൂടെ പരസ്പരം ബന്ധിപ്പിച്ച് നെറ്റുവർക്കുകളുണ്ടാക്കുന്നു. രണ്ട് പദങ്ങൾ തമ്മിലുള്ള ലിങ്കുകളുടെ തൂക്കത്തെ ഒരു വിഷയമായി കണക്കാക്കാം. ഒരു വിഷയം അതിലെ പദബന്ധത്തിന് വാർത്തകളിലുള്ള പ്രയോഗസാധ്യതകളുടെ ആകെത്തുകയെ പ്രതിനിധീകരിക്കുന്നു. സ്ലൈഡ് വിന്റോകളിലൂടെ വിഷയങ്ങളെ പരസ്പരം താരതമ്യം ചെയ്യുകയും പരസ്പരം സമന്വയിക്കുകയും ചെയ്യാം. ഇതിലൂടെ വാർത്തയുടെ ആഖ്യാനസ്വഭാവം പിടിച്ചെടുക്കാം. രാഷ്ട്രീയം, വിവാദം, അക്രമം, നീതി, മതം, കുടുംബം, കൃഷി, വിദ്യാർത്ഥി, കോടതി, വിനോദം, കല, സെലിബ്രിറ്റി, സ്‌പോർട്‌സ്, ഫിലിം, തുടങ്ങി ജാതിയുമായി ബന്ധപ്പെട്ട 25ഓളം വിഷയങ്ങളെ ഇത്തരത്തിൽ അപഗ്രഥിക്കുവാൻ ഈ കമ്പ്യൂട്ടർ അനാലിസിസിനു സാധിച്ചു. കൂടുതൽ ശക്തമായ സാങ്കേതിക പിന്തുണയും ധൈഷണിക നിക്ഷേപവും ഉണ്ടായിരുന്നെങ്കിൽ കൂടുതൽ വിഷയങ്ങളെ അഭിമുഖീകരിക്കുവാൻ സാധിക്കുമായിരുന്നു എന്ന് ഗവേഷകസംഘം പറയുന്നു.

വളരെ യാന്ത്രികമെന്നോ സാങ്കേതികമെന്നോ തോന്നാവുന്ന ഈ പഠനത്തിലൂടെ അവർക്ക് സാമൂഹ്യ അശാന്തിയും താഴ്ന്ന ജാതിക്കാരോടുള്ള അക്രമവും തമ്മിലുള്ള ബന്ധം വസ്തുനിഷ്ഠമായി സമർത്ഥിക്കുവാൻ സാധിച്ചു. ഇത് കേവലം സ്റ്റാറ്റിസ്റ്റിക്‌സിന്റെ സാമാന്യവൽക്കരണത്തിലൂടെയുള്ള കണ്ടെത്തലുകളല്ല. മറിച്ച് ഓരോ ഒറ്റപ്പെട്ട വിശേഷസംഭവങ്ങൾക്കും അതിന്റേതായ പ്രാധാന്യവും പാരസ്പര്യവും അൽഗോരിത പഠനത്തിൽ ലഭ്യമാകുന്നു. ഉദാഹരണത്തിന്, ഈ പഠനത്തിലൂടെ ജാതീയ അതിക്രമങ്ങളെ കുറിച്ച് വാർത്ത നൽകുമ്പോൾ പത്രങ്ങൾ ഇരകളുടെ വ്യക്തിപരമായ സ്വത്വവും അവരുടെ ജീവിതസാഹചര്യങ്ങളും മറച്ചുപിടിക്കാൻ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് കണ്ടെത്തി. ഇരകളിൽ നിന്ന് നേരിട്ട് വിവരം ശേഖരിക്കുന്നതിൽ പത്രങ്ങൾ വിമുഖത പ്രകടിപ്പിക്കുന്നുണ്ടെന്നും പരമാവധി പൊലീസിനേയും ഉദ്യോഗസ്ഥരേയും മറ്റും ഉദ്ധരിക്കുവാനാണ് പത്രങ്ങൾ ശ്രമിക്കുന്നതെന്നും കണ്ടെത്തി. ദളിതരെ നിഷ്‌കളങ്കർ, അജ്ഞർ, ദരിദ്രർ, ഇരകൾ, കുറ്റവാളികൾ, യാത്ര ചെയ്യാത്തവർ, നല്ല ഭക്ഷണം കഴിക്കാത്തവർ, നല്ല ദാമ്പത്യമില്ലാത്തവർ എന്നീ നിലകളിൽ മാത്രമാണ് പത്രങ്ങൾ അവതരിപ്പിക്കുന്നത് എന്നും തിരിച്ചറിഞ്ഞു. ദളിതർ നേരിട്ട ഏകപക്ഷീയമായ അതിക്രമങ്ങളെ ജാതിവിഭാഗങ്ങൾക്കിടയിൽ നടക്കുന്ന സംഘർഷങ്ങളായാണ് പത്രങ്ങൾ ചിത്രീകരിക്കുന്നതെന്നും അത് ജാതിവിഭാഗങ്ങൾ തമ്മിലുള്ള വിടവുകളും പിളർപ്പുകളും വർധിപ്പിക്കുവാനും ജാതിപ്രശ്‌നത്തെ ഒരു വർഗീയപ്രശ്‌നമായി മാറ്റുകയുമാണ് ചെയ്യുന്നത് എന്നും കണ്ടെത്തി. ബ്രാഹ്മണർ എല്ലായ്‌പ്പോഴും പുരോഗതിയുമായും നിയമവുമായും സംസ്‌കാരവുമായും ബന്ധപ്പെട്ടിരിക്കുന്നു, ദളിതർ എപ്പോഴും അക്രമങ്ങളും സംഘർഷങ്ങളും പ്രയാസങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു., ഇങ്ങനെയൊരു ചിഹ്നശാസ്ത്രമാണ് പത്രങ്ങൾ പ്രയോഗിക്കുന്നത്. മൊത്തത്തിൽ പത്രങ്ങൾ നെഗറ്റീവ് സ്റ്റീരിയോടൈപ്പുകളെ സൃഷ്ടിക്കുകയും ശ്രേഷ്ഠതയേയും അപഹർഷതയേയും കുറിച്ചുള്ള ധാരണകളെ ശക്തിപ്പെടുത്തുകയുമാണ് ചെയ്യുന്നത് എന്ന് അവർ വിലയിരുത്തി.

ഇത്തരം കണ്ടെത്തലുകളിലൂടെ എങ്ങനെയാണ് പത്രങ്ങൾ ദളിതരുടെ ശബ്ദത്തേയും ഏജൻസിയേയും നിശബ്ദീകരിക്കുന്നത് എന്ന് സമർത്ഥിക്കുവാൻ അവർക്ക് സാധിച്ചു. തുടർന്ന് ന്യൂസ് റൂമുകൾക്ക് വേണ്ടി ഒരു ദളിത് വാർത്താനയം മുന്നോട്ടുവെക്കാനും അവർക്ക് കഴിഞ്ഞു. കമ്പ്യൂട്ടർ വിശകലനങ്ങൾക്ക് ഗുണപരമായ വശങ്ങളേയും പഠനവിധേയമാക്കാൻ സാധിക്കുമെന്നതിന്റെ വലിയൊരു മാതൃകയാണിത്. കീവേഡ് പ്രോസസർ, ഉള്ളടക്ക വിശകലന സിസ്റ്റം, കമ്പ്യൂട്ടേഷണൽ സോഷ്യൽ സയൻസ്, നാച്വറൽ ലാങ്കേജ് പ്രോസസിങ് എന്നീ മേഖലകളിൽ നിലവിലുള്ള അൽഗോരിതങ്ങളും അവർക്ക് ഫലപ്രദമായി ഉപയോഗിക്കുവാൻ സാധിച്ചു. ഇന്ത്യൻ സാഹിത്യം ജാതിപ്രശ്‌നത്തെ എത്രത്തോളം ഉൾക്കൊള്ളുന്നുണ്ട് എന്ന് പഠിക്കുന്നതിൽ കമ്പ്യൂട്ടർ അനാലിസിസിനെ ആശ്രയിക്കുവാനാകുമോ എന്നറിയുവാനുള്ള ഒരു ട്രയൽ പഠനമായിരുന്നു ഇത്. അതിൽ അവർ വിജയിക്കുകയുണ്ടായി. സാഹിത്യപാഠങ്ങളിൽ പ്രയോഗിക്കാൻ സാധിക്കുന്ന സിവിൽ കൊഹെറൻസ് മെഷർമെന്റ് എന്ന അൽഗോരിതം അവർക്ക് കണക്കാക്കുവാൻ സാധിച്ചു.

ഓൺലൈൻ ഹിന്ദുത്വവും ഓൺലൈൻ ദളിത് വ്യവഹാരങ്ങളും തമ്മിൽ

സെന്റിമെന്റൽ അനലൈസർ ഉപയോഗിച്ച് സാഹിത്യപാഠങ്ങളെയും ഇത്തരത്തിൽ പഠനവിധേയമാക്കാൻ ശ്രമങ്ങളുമുണ്ടായിട്ടുണ്ട്. ambedkar.org, jaibhim.co.in, utharakalam.com, navayan.com, dalitica.org, dalitindia.com, anbedkar.blogspot.in, samatha.in, ambedkaree.com, dalit-waz.com തുടങ്ങിയ ദളിത് വെബ് പോർട്ടലുകളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള സാഹിതീയമായ ഭാഷയുടെ പ്രകടനസ്വഭാവം കണക്കാക്കുവാൻ ambedkar.org തന്നെ നടത്തിയ പഠനമാണിതിൽ ഏറ്റവും പ്രധാനം. സെന്റിമൻസ് അനലൈസർ സ്വാഭാവിക ഭാഷാ പ്രോസസറുകൾ ഉപയോഗിച്ച് ചില പ്രത്യേക പ്രമേയങ്ങളിലുള്ള അഭിപ്രായഖനനം സാധ്യമാക്കുന്നു. പ്രതിനിധി പദങ്ങളേയും വിഷയപദങ്ങളേയും പ്രമാണപദങ്ങളേയും വേർതിരിച്ചറിയുന്ന ടിയോൺ സിസ്റ്റങ്ങളാണ് ഈ പഠനത്തിൽ ഉപയോഗിച്ചിട്ടുള്ളത്. മൾട്ടീ-ഇൻസ്‌പെക്ട് ബൂട്ട് സ്ട്രാപ്പിങ് ഉപയോഗിച്ചുകൊണ്ട് പദങ്ങൾക്കിടയിൽ പെറ്റീ ഐഡന്റിഫിക്കേഷൻ സാധ്യമാക്കി. അതുപോലെ 700 പോസിറ്റീവ് വികാരങ്ങളും 700 നെഗറ്റീവ് വികാരങ്ങളും തിരിച്ചറിയാനാവുന്ന മൂവിങ് കോർപ്പസുകളും പ്രയോഗിച്ചു.
ഓൺലൈൻ ഹിന്ദുത്വവും ഓൺലൈൻ ദളിത് വ്യവഹാരങ്ങളും തമ്മിൽ നിലനിൽക്കുന്ന, ആഴത്തിലുള്ള പ്രത്യയശാസ്ത്ര ഭിന്നതയെ സൈദ്ധാന്തീകരിക്കുവാൻ സാധിച്ചു എന്നതാണ് ഈ പഠനത്തിന്റെ പ്രസക്തി. രോഹിത് ചോപ്രയുടെ ‘ഇന്ത്യയിലെ സാങ്കേതികവിദ്യയും ദേശീയതയും: കൊളോണിയലിസം മുതൽ സൈബർസ്‌പെയ്‌സ് വരെയുള്ള സാംസ്‌കാരിക ചർച്ചകൾ' എന്ന പ്രബന്ധത്തിലെ ടെക്‌നോ കൾച്ചറൽ ഹിന്ദുത്വം എന്ന ആശയത്തിനു വസ്തുനിഷ്ഠത പ്രധാനം ചെയ്യാൻ ഈ പഠനത്തിനു സാധിച്ചു. അതുപോലെ പ്രമോദ് കെ. നായരുടെ ‘ഡിജിറ്റൽ ദളിത്: സൈബർട്ടേണിറ്റി ആന്റ് സൈബർസ്‌പെയ്‌സ്' എന്ന പ്രബന്ധത്തിൽ നൽകിയ സ്ഥിതിവിവര കണക്കുകൾക്ക് കോളിറ്റീവായ ഒരു വിശദീകരണം നൽകാനും ഈ പഠനത്തിനു കഴിഞ്ഞു.

സ്മാർട്ട് ശുചിത്വപദ്ധതിയിൽ ഉപയോഗിക്കുന്ന നിർമിത ബുദ്ധി എങ്ങനെയാണ് സാമൂഹ്യവസ്തുക്കളോടും ചരിത്രവസ്തുതകളോടും ഇടപെടുന്നത് എന്ന് ഗവേഷണാത്മകമായി പഠിക്കുവാൻ മാളവിക പ്രസാദും വിദുഷി മാർദയും ശ്രമിച്ചിട്ടുണ്ട്. ശുചീകരണപ്രവർത്തനത്തിനു വേണ്ടിയുള്ള നിർമിത ബുദ്ധി എങ്ങനെയെല്ലാമാണ് രൂപകൽപ്പന ചെയ്യപ്പെടുന്നതെന്നും എങ്ങനെയാണ് സ്വയംവികസനത്തിനു തയ്യാറാക്കപ്പെട്ടതെന്നും അന്വേഷിച്ച്​ അത് എങ്ങനെയാണ് ഇന്ത്യയിലെ ശുചിത്വ പ്രവർത്തനത്തിന്റെ അടിത്തറയായിട്ടുള്ള ജാതിയേയും ലിംഗഭേദത്തേയും ബാധിക്കുന്നത് എന്ന് കണ്ടെത്താനാണ് അവർ ശ്രമിച്ചത്. മാലിന്യവിവരങ്ങളുടെ ശേഖരണവും നിരീക്ഷണവും വിശകലനവുമെല്ലാം നിർവഹിക്കുന്നതിൽ ഇന്ന് AI വിജയകരമായ പങ്കുവഹിക്കുന്നു. സെൻസറുകളിലൂടെ ഇന്ന് ശേഖരിക്കുന്ന വിവരങ്ങൾ നാളത്തെ നിർമിത ബുദ്ധിയുടെ സ്വഭാവങ്ങളേയും രൂപവൽക്കരണത്തേയും വികസനത്തേയും നിർണയിക്കും എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഈ ഡാറ്റകൾ എങ്ങനെ സൃഷ്ടിക്കപ്പെട്ടു, അത് എവിടെനിന്നു വരുന്നു, ഏതു തരം സ്ഥിതിവിവര കണക്കുകളും നിരീക്ഷണമാനദണ്ഡങ്ങളും വിശകലനരീതികളുമാണ് പ്രയോഗിക്കപ്പെടുന്നത്, ഏത് മേഖലകളാണ് കൂടുതൽ കാര്യക്ഷമമാക്കുന്നത്, അതിന്റെ പ്രയോജനം ആർക്കാണ് ലഭിക്കുക തുടങ്ങി ധാരാളം ചോദ്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടാണ് നിർമിത ബുദ്ധിയുടെ ഭാവി നിശ്ചയിക്കപ്പെടുക. അതിൽ ജാതിപരമായ സാമൂഹ്യാസ്ഥിത്വം നിർണായകമായി ഇടപെടുമെന്നത് തീർച്ചയാണ്.

ദർശനങ്ങൾ

ജാതി, ലിംഗം, വർഗം തുടങ്ങിയവയെല്ലാം സമൂഹത്തിന്റെ ആന്തരിക വർഗീകരണങ്ങളാണ്. അതിനെ പൊളിച്ചുമാറ്റാൻ ബാഹ്യമായ, അരിത്ത്മാറ്റിക്കലായ (arithmetic) ചിന്ത കൊണ്ട് സാധിക്കില്ല. ഇവിടെയാണ് അൽഗോരിതാത്മകമായ ചിന്തയുടെ പ്രസക്തി. വാസ്തവത്തിൽ ഇവ രണ്ടും ഗണിതപരമായ യുക്തിയുടെ രണ്ടു രൂപങ്ങളാണ്. അരിത്ത്മാറ്റിക് എന്നത് ബാഹ്യമായ വ്യത്യാസങ്ങൾക്കുമേൽ തുടരുന്ന സംഖ്യകളുടെ അനന്തമായ ശ്രേണിയാണ്. എന്നാൽ അൽഗോരിതമാകട്ടെ ആന്തരികമായ വ്യത്യാസങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന ഒരു കോഡിന്റെ സിങ്കുലാരിറ്റിയാണ്. ഇത്തരത്തിലുള്ള ഒരു അൽഗോരിതാത്മക ചിന്തയും എഴുത്തും വിജ്ഞാനവും രാഷ്ട്രീയവും നമുക്ക് കണ്ടെത്തുവാനാകുക ഫ്രഞ്ച് തത്വചിന്തകനായ ഗീൽസ് ദല്യൂസിലാണ് (Gilles Deleuze). അദ്ദേഹത്തിന്റെ ‘വ്യത്യാസങ്ങളും ആവർത്തനങ്ങളും' (Difference and Repetition) എന്ന കൃതിയിൽ ഇത്തരമൊരു ചിന്തയ്ക്ക് ആശ്രയിക്കാവുന്ന ഒരു മെറ്റാ ഫിസിക്‌സ് വികസിപ്പിച്ചിട്ടുണ്ട്. മാർക്‌സിസ്റ്റ് രീതിശാസ്ത്രത്തിലും അൽഗോരിതാത്മകമായ ചിന്തയുടെ പൂർവരൂപം നമുക്ക് കണ്ടെത്താം. പക്ഷെ അത് വ്യത്യാസങ്ങൾക്കു പകരം വൈരുധ്യാത്മകമായ രീതികളിലേക്ക്, പിരിയൻ കോവണി പോലെയുള്ള ചില ചിന്താമാതൃകകളിലേക്ക് ഋജുവായിപ്പോകുകയാണ് ചെയ്തത്. മനുഷ്യന്റെ ജൈവികമായ ബൗദ്ധികതയെ സാങ്കേതികവൽക്കരിക്കുവാൻ നമുക്ക് സാധിക്കുന്നതുപോലെ നിർമിത ബുദ്ധിയുടെ സാങ്കേതികതയെ ജൈവികവൽക്കരിക്കാനും നമുക്ക് കഴിയേണ്ടതുണ്ട്. സൈബോർഗിയൻ ചിന്തയുടെ ലിബറൽ വീക്ഷണത്തിലല്ല ഇതു സാധ്യമാകേണ്ടത്. നമ്മുടെ ചിന്തയുടെ മാതൃകകളേയും പരിപ്രേഷ്യങ്ങളേയും പരിവർത്തിപ്പിച്ചുകൊണ്ട് നിർമിത ബുദ്ധിയുടെ ഉപയോഗങ്ങളെ രാഷ്ട്രീയവൽക്കരിക്കുവാൻ നമുക്ക് സാധിക്കണം. മനുഷ്യന്റെ ഇതുവരെയുള്ള സാമൂഹ്യപരിണാമം മനസിനേയും ബോധത്തേയും കേന്ദ്രീകരിച്ചുകൊണ്ടാണ് നടപ്പിലാക്കപ്പെട്ടത്. ബുദ്ധിയെയും ചിന്തയെയും ആശ്രയിക്കുന്ന ഒരു സാമൂഹ്യപരിണാമ പ്രക്രിയക്കുവേണ്ടി നാം നിലകൊള്ളേണ്ടതുണ്ട്. ഇതിന്റെ ഒരു ഏജൻസിയായാണ് നിർമിത ബുദ്ധിയുടെ അൽഗോരിത സംസ്‌കാരത്തെ നാം ഉൾക്കൊള്ളേണ്ടത്. സൈബോർഗിയൻ ചിന്ത പറയുന്നത്, മനുഷ്യന്റെ ജൈവിക-ജനിതക പരിണാമം അവസാനിച്ചുവെന്നും ഇനി ശരീരത്തെ സാങ്കേതിക പരിണാമത്തിന് വിട്ടുകൊടുക്കണമെന്നുമാണ്. മറ്റു ചിലർ പറയുന്നത് മനുഷ്യന്റെ സാമൂഹ്യചരിത്രത്തിൽ നിന്ന് മോചിതമായി സാങ്കേതികത സ്വന്തം നിലയിൽ ചരിത്രം സൃഷ്ടിക്കാൻ ആരംഭിക്കുന്നു എന്നുമാണ്. ഈ രണ്ട് വീക്ഷണങ്ങൾക്കും ശാസ്ത്രീയമായ സാധ്യതകൾ ഉണ്ടായെന്നു വരാം. പക്ഷെ അതിൽ നിന്ന് വിട്ടുപോകുന്നത് രാഷ്ട്രീയപരമായ ഒരു സമീപനമാണ്. മനുഷ്യൻ എന്ന ഗണം കേവലം ജൈവികമോ മനുഷ്യന്റെ ഗുണം കേവലം സാമൂഹികമോ അല്ല. മനുഷ്യൻ ഗണപരമായും ഗുണപരമായും ഒരു രാഷ്ട്രീയമൃഗമാണ്. ആ ഘടകം നിലനിൽപ്പിന്റെ ഒരു ഘട്ടത്തിലും നാം കൈയ്യൊഴിയുവാൻ പാടില്ല. സൈബോർഗിയൻ ചിന്തയോട് ധാർമികവും നൈതികവും തത്വചിന്താപരവുമായ വീക്ഷണങ്ങളിൽ പ്രതികരിക്കുവാനാണ് പൊതുവെ ബുദ്ധിജീവികൾ ശ്രമിക്കുന്നത്. അതിൽ നിന്ന് ഭിന്നമായി ഒരു രാഷ്ട്രീയസമീപനം രൂപപ്പെടുത്തുവാനാണ് നാം ശ്രമിക്കേണ്ടത്. പക്ഷെ അത് നവമാധ്യമങ്ങൾ ഭരണകൂടങ്ങളായിത്തീരുമോ എന്നൊക്കെയുള്ള ആശങ്കകളിലോ കൺട്രോളിങ് സൊസൈറ്റി പോലെയുള്ള പരികൽപ്പനകളിലോ തങ്ങിക്കിടക്കുവാനും പാടില്ല. കൃത്യമായും ഡാറ്റയുടെ, വിജ്ഞാനത്തിന്റെ തലത്തിലുള്ള രാഷ്ട്രീയമായി തന്നെ അതു ഏറ്റെടുക്കപ്പെടേണ്ടതുണ്ട്.

ലോകത്തിൽ വിജ്ഞാനത്തിന്റെ വിപണിമൂല്യം 65 ശതമാനവും കേന്ദ്രീകരിച്ചിരിക്കുന്നത് സർച്ച് ബിസിനസുകളിലാണ്. വിജ്ഞാനത്തിന് ഇന്ന് ഏറ്റവും കൂടുതൽ വിപണിമൂല്യം (40000 കോടി ഡോളർ) ലഭിക്കുന്ന നവമാധ്യമ പ്രതലമാണ് ഗൂഗ്‌ളി​േൻറത്. സ്വന്തമായി ഒരു ഉൽപന്നവുമില്ലാതെ സൈബർ സ്‌പെയ്‌സിനെ ചൂഷണം ചെയ്തുമാത്രം പ്രവർത്തിക്കുന്ന പുതിയതരം മധ്യവർത്തിയായ കുത്തകയാണ് ഇവർ. വിജ്ഞാനത്തെ വിവരങ്ങളായി ചുരുക്കിയെടുക്കുവാനാണ് അവർ ശ്രമിക്കുന്നത്. പരമമായ ജ്ഞാനം ചുമക്കാൻ ആർക്കും താൽപര്യമില്ലാതെയായി. വിജ്ഞാനഭാരമല്ല ലഘുവായ വിജ്ഞാനമാണ് ഇന്ന് ഏവരും ആഗ്രഹിക്കുന്നത്. ഇവിടെയാണ് ജ്ഞാനത്തിന്റെ സമഗ്രതയെ തിരിച്ചുപിടിക്കുവാനും അതേസമയം അതിനെ വിവരങ്ങളായി സൂക്ഷിക്കുവാനും സാധിക്കുന്ന ഒരു സാധ്യതയായി അൽഗോരിതങ്ങൾ കടന്നുവരുന്നത്. വിജ്ഞാനബന്ധങ്ങളെ നിർമിച്ചെടുക്കുന്നതിൽ കേവലമോ ആപേക്ഷികമോ ആയ യുക്തികൾക്കു പകരം ​ശ്രംഖലാപരമായ യുക്തികൾക്ക്, സമഗ്രയുക്തികൾക്ക് പ്രാധാന്യം നൽകേണ്ടത് അനിവാര്യമാണ്. ഒരു വിജ്ഞാനത്തെ അതിന് സാധ്യമായ എല്ലാ ദിശകളിലേക്കും ചിതറിത്തെറിച്ച് ബന്ധങ്ങളുണ്ടാക്കുവാൻ പ്രാപ്തിയുള്ള ഇന്റർനെറ്റ് ബോട്ടിന്റെ മാതൃകയിലുള്ള ചിന്താക്രമമാണ് നാം രൂപപ്പെടുത്തേണ്ടത്. ഒരു വിജ്ഞാനത്തിൽ ചരിത്രബന്ധങ്ങൾ പ്രവർത്തിക്കുന്നത് അനേകം ഇടനിലകളും ഇടർച്ചകളും വിച്ഛേദങ്ങളും വിഭജനങ്ങളും എല്ലാം ചേർന്നിട്ടാണ്. അതൊന്നും ചിലപ്പോൾ കാര്യ-കാരണ ബന്ധങ്ങളിലൂന്നിയ കേവലയുക്തിയിലൂടെ മനസിലാക്കുവാൻ സാധിക്കണമെന്നില്ല. നാനാദിശകളിലേക്കു ഒഴുകിപ്പോകുന്ന ഒന്നാണ് വിജ്ഞാനത്തിന്റെ ചരിത്രബന്ധങ്ങൾ. ഒരു മൈക്രോ പ്രോസസറിന്റേതു പോലുള്ള ഒരു സമഗ്രയുക്തിയായിരിക്കും ചരിത്രത്തെ യാഥാർത്ഥ്യബോധത്തിൽ തിരിച്ചറിയുവാൻ നമ്മെ സഹായിക്കുക സൂഫികൾ പറയുന്നത് മനുഷ്യൻ ജൈവികമായി തന്നെ ഒരു യന്ത്രമാണെന്നാണ്. തന്റെയുള്ളിൽ പ്രോഗ്രാം ചെയ്തുവെച്ച പരിപാടികൾക്കനുസരിച്ച് മാത്രമേ അവൻ പ്രതികരിക്കുന്നുള്ളൂ. മനുഷ്യന് ആത്മീയമായ പ്രവർത്തനങ്ങളിലൂടെ അവന്റെ ഈ യന്ത്രാത്മകതയെ മറികടക്കുവാൻ സാധിക്കേണ്ടതുണ്ട്. പ്രതിപ്രവർത്തനമല്ലാത്ത പ്രതികരണമായി ലോകത്തോട് പെരുമാറുക. അപ്പോൾ നിങ്ങൾ യന്ത്രമല്ലാതെയായിത്തീരും. യന്ത്രമല്ലാതെയാകുമ്പോൾ നിങ്ങൾ മനുഷ്യരാകുന്നു. ഇങ്ങനെ മാനുഷികതയ്ക്ക് അതിൽ തന്നെയുള്ള യന്ത്രാത്മകതയെ മറികടക്കുവാനുള്ള ഒരു സാധ്യതയാണ് അൽഗോരിതങ്ങൾ തുറന്നു തരുന്നത്. ഉദാഹരണമായി പറഞ്ഞാൽ ശരീരത്തിന്റെ തന്നെ യാന്ത്രികതയെ വലിയ അളവിൽ മറികടക്കാൻ AI നമ്മെ പ്രാപ്തമാക്കുന്നു.

അൽപം വ്യക്തിപരമായി പറഞ്ഞാൽ എന്നെ പോലെ ഭിന്നശേഷിക്കാരായ വ്യക്തികളെ ശാരീരിക വെല്ലുവിളി അതിജീവിക്കുവാൻ പ്രാപ്തമാക്കുന്നതിൽ നിർമിത ബുദ്ധികൾ വഹിക്കുന്ന പങ്ക് അത്രമേൽ സുദീർഘമാണ്. പുസ്തകം വായിക്കാനും ഇതുപോലെയുള്ള ലേഖനങ്ങൾ എഴുതുവാനും സ്വതന്ത്രമായി സഞ്ചരിക്കുവാനും സമത്വത്തോടെ സാമൂഹിക ഇടപെടലുകൾ നടത്തുവാനും AI ഞങ്ങളെ പ്രാപ്തമാക്കുന്നു. അതിനു പിന്നിൽ ധാരാളം സാങ്കേതിക പ്രവർത്തകരുടേയും ഭാഷാഗവേഷകരുടേയും സംരംഭകരുടേയുമെല്ലാം വലിയ അധ്വാനമാണ് നിറഞ്ഞിരിക്കുന്നത്. ഉപഭോക്താക്കൾ മാത്രമായല്ല ഉൽപാദകരായി കൂടെ ഭിന്നശേഷിക്കാർ പ്രവർത്തിക്കുന്നു. ഏഴാമത്തെ വയസിൽ കാഴ്ചശക്തി നഷ്ടപ്പെട്ട മൈക്രോസോഫ്റ്റ് എഞ്ചിനീയറായ സാകിബ് ഷൈഖാണ് ചിഹ്നങ്ങളും രേഖകളും വായിച്ചെടുക്കാവുന്നതും കറൻസിയും ഉൽപന്നങ്ങളും തിരിച്ചറിയാവുന്നതും സുഹൃത്തുക്കളുടെ മുഖഭാവങ്ങൾ മനസിലാക്കാവുന്നതും വ്യാഖ്യാനിക്കാവുന്നതുമായ ‘seeing' എന്ന AI വികസിപ്പിച്ചത്. ഇങ്ങനെ ഭിന്നശേഷി സമൂഹം അവരുടെ സ്വത്വത്തിന്റെയും അസ്ഥിത്വത്തിന്റെയും ഭാഗമായി നിർമിത ബുദ്ധികളെ ഉൾക്കൊള്ളുന്നു. ദളിത് സമൂഹവും ഇത്തരത്തിൽ ഒരു ഡിജിറ്റൽ സമുദായമായി സംഘടിക്കണം. ഭിന്നശേഷി സമൂഹത്തേയും ദളിത് സമൂഹത്തേയും സാമാന്യവൽക്കരിക്കുന്നതിൽ വലിയ പ്രശ്‌നങ്ങളുണ്ടാകാം. ഭിന്നശേഷിക്കാരനായ ഒരു വ്യക്തി ജീവിതത്തിൽ ഉടനീളം അനുഭവിക്കുന്ന ശാരീരികമായ അവഗണനകളേക്കാൾ എത്രയോ ഇരട്ടിയായിരിക്കും ഒരു ദളിതൻ അനുഭവിക്കുന്ന ജാതീയ അവഗണനകൾ.

കുറിപ്പ്:

ambedkar.org : Sentiment Analysis of Dalit Web Portals : Bioinfo publication - Volume 7, Issue 1 : 2015
Abhinjan Raj : The Remaking of War; Machine-learning set to usher in a whole new era of intelligent warfare: firstpost.com, 16.03.2020
Anand A. Sreevatsan, A. Tara Porevala : An Overview of the Smart Cities Mission in India : cprindia.org : 06.09.2018
Antonio Filipe Fonseca, Oshhom Bandyopadhyay, Jorge Louca : Cast in the news : A computational analysis of Indian Newspapers : orcid.org : 23.12.2019
Bennitt Callman : AI, GIS, big data helped in successful Bharat Bandh on April 2 : APP news - 17/04/2018
Malavika Prasad, Vidushi Marda : Interrogating smartness : A case study on the cast and gender blind spots of the smart sanitation project in Pune, India : article19.org :
Marda Vidushi : Artificial Intelligence policy in India : A framework for engaging the limits of Data-Driven decision- Making ; Philoosphical Transactions of the Royal Society : doi.org : 10.09.2018
Mattio Pasquinelli: the Abnormal Mind in the Age of Machine Intelligence : academia.edu : 12.01.2018
Niti Aayog : National Strategy for Artificial Intelligence : niti.gov.in.writereaddata.files. : 2018
Nipunika Sachdeva : Infographic ; Artificial intelligence - from World Domination to inclusive education: feminisminindia.com 16.07.2020
Lerman j. : Big data and Its Exclusions : stanfordlawreview.org : 2018
Pardeep Attri : Digital Discrimination is a Reality - Why shaadiDotCom's cast based matches : velivada.com :
Rakesh Kumar : India needs to bring an Algorithm transparency bill to combat bias : SpeakingIndia.com : 09.09.2019
Sukhayl Niyazov : Karl Marx in the ai age ; Will ai validate Karl Marx : Areo Magazine : മെയ് 2018
ശ്രീകുമാർ ടി.ടി, ഗോപാലകൃഷ്ണൻ എസ്. : ദൈവമാകാൻ ശ്രമിക്കുന്ന മനുഷ്യൻ: truecopythink.com : 22.05.2020
മലയാളം വാർത്ത: നഗ്‌നചിത്രങ്ങൾക്കായി ആപ്പ് : പരക്കെ വിമർശനം, പിൻവലിച്ച് നിർമ്മാതാക്കൾ : malayalamnewsdaily.com 28.06.2020
മാതൃഭൂമി വാർത്ത : മുഖം നോക്കി ക്രിമിനലാണോ എന്നു പറയുന്ന സോഫ്റ്റ്‌വെയറിനെതിരെ പ്രതിഷേധം: 25.06.2020

Comments