നിങ്ങളുടെ ഉപഭോക്തൃ ഡാറ്റ അഥവാ കൺസ്യൂമർ ഡാറ്റാ പല തരം ബിസിനസുകൾക്ക് വിലപ്പെട്ടതാണ്. നിങ്ങൾ ഓൺലൈനിൽ എവിടെയൊക്കെയാണ് ഷോപ്പിംഗ് നടത്തുന്നത്, ഏതൊക്കെ ഫേസ്ബുക് പേജുകളാണ് നിങ്ങൾ ലൈക് ചെയ്തിട്ടുള്ളത്, വീടിനായി നിങ്ങൾ എത്രമാത്രം ചെലവഴിക്കുന്നു എന്നിവ കണ്ടെത്താൻ ഈ ബിസിനസ്സുകൾ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് ഡാറ്റാ ബ്രോക്കർമാർ എന്താണെന്നും അവരുടെ പ്രാധാന്യം എന്താണെന്നും നമ്മൾ മനസ്സിലാക്കേണ്ടത്.
നിങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ (നിങ്ങളറിയാതെ) ശേഖരിക്കുകയും പിന്നീട് ആ ഡാറ്റ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്യുന്ന കമ്പനികളാണ് ഡാറ്റാ ബ്രോക്കർമാർ. ഡാറ്റ ബ്രോക്കർമാർ ശേഖരിക്കുന്ന വിവരങ്ങൾ, നിങ്ങളുടെ ജനനത്തീയതി, വിലാസങ്ങൾ മുതൽ നിങ്ങളുടെ ജോലി, കുട്ടികളുടെ എണ്ണം, കൂടാതെ നിങ്ങളുടെ ബാഹ്യ താൽപ്പര്യങ്ങൾ എന്നിവ വരെ വളരെ വിപുലമായിരിക്കാം.
മിക്കപ്പോഴും, ഈ ഡാറ്റാ ബ്രോക്കർമാർ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ശേഖരിക്കുന്നതായി നിങ്ങൾക്ക് അറിയില്ലായിരിക്കാം.
ഡാറ്റാ ബ്രോക്കർമാർ ഒന്നുകിൽ വ്യക്തികളുടെ വിവരങ്ങൾ ശേഖരിക്കുകയോ മറ്റ് കമ്പനികളിൽ നിന്ന് വാങ്ങുകയോ ചെയ്യുന്നു. ഈ കമ്പനികൾ നിലനിൽക്കുന്നതിന്റെ സുപ്രധാന കാരണം ഡാറ്റാ വിൽക്കുന്ന ബിസിനസ്സ് ലാഭകരമായ ഒന്നാണ് എന്നതുതന്നെ. WebFX എന്ന റിസർച്ച് കമ്പനിയുടെ പഠനം അനുസരിച്ച്, 2019 ൽ ലോകമെമ്പാടും 4,000-ലധികം ഡാറ്റാ ബ്രോക്കറേജ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. ഇക്കൊല്ലത്തെ കണക്കുകൾ ഇനിയും ലഭ്യമായിട്ടില്ലെങ്കിലും ഏതാണ്ട് 5000 -ലധികം ഡാറ്റാ ബ്രോക്കറേജ് കമ്പനികൾ കണ്ടേക്കാം.
ഈ കമ്പനികൾ എത്രത്തോളം സജീവമാകുമെന്നതിന് മുകളിൽ പറഞ്ഞ റിസർച്ച് പഠനം ഒരു ഉദാഹരണം നൽകുന്നു: ഡാറ്റാ ബ്രോക്കറേജ് വ്യവസായത്തിലെ ഏറ്റവും വലിയ കമ്പനിയായി റാങ്ക് ചെയ്യുന്ന ഡാറ്റാ ബ്രോക്കറേജ് Acxiom, 500 ദശലക്ഷം ഉപഭോക്താക്കളുടെ ഡാറ്റ ശേഖരിക്കുന്നു. ഓരോ വ്യക്തിയുടെയും 1,500 വ്യത്യസ്ത വിവരങ്ങൾ വരെ ശേഖരിക്കുന്നുണ്ട് എന്നാണു കണക്ക്. 2019 -ൽ ഡാറ്റാ ബ്രോക്കറേജ് കമ്പനികൾ 220 ബില്യൺ ഡോളർ വരുമാനം നേടിയതായി റിസർച്ച് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2022 മുതൽ 2026 വരെയുള്ള കാലയളവിൽ ഇത് 350 ബില്യൺ ഡോളർ വരെ ആവാൻ സാധ്യതയുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഏത് തരത്തിലുള്ള വിവരങ്ങളാണ് ഡാറ്റ ബ്രോക്കർമാർ ശേഖരിക്കുന്നത്?
നിങ്ങൾക്ക് കൂടുതൽ ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കാൻ സഹായിക്കുന്നതിന് ഒരു കമ്പനി നിങ്ങളെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നത് എന്തൊക്കെയായിരിക്കുമെന്ന് ചിന്തിച്ചു നോക്കുക. ഡാറ്റാ ബ്രോക്കർമാർ നിങ്ങളിൽനിന്ന് ശേഖരിക്കുന്ന വിവരങ്ങൾ അതിനുതകുന്നവയായിരിക്കും.
ചില ഉദാഹരണങ്ങൾ നോക്കാം നിങ്ങൾക്ക് എത്ര കുട്ടികളുണ്ടെന്നും അവർക്കെന്തു പ്രായമുണ്ടെന്നും, അവർ ഏതു സ്‌കൂളിൽ അല്ലെങ്കിൽ കോളേജിൽ പഠിക്കുന്നു എന്നൊക്കെ ഡാറ്റാ ബ്രോക്കർമാർക്കറിയാം. നിങ്ങൾ എപ്പോഴാണ് വിവാഹം കഴിച്ചതെന്നും എവിടെയൊക്കെ വെക്കേഷന് പോയിട്ടുണ്ട് എന്നതൊക്കെ അവർക്കറിയാം. നിങ്ങളുടെ വരുമാനം, ലിംഗഭേദം, പ്രായം, വീട്ടുവിലാസം എന്നിവയെല്ലാം ഡാറ്റാ ബ്രോക്കർമാർ ശേഖരിക്കുന്ന വിവരങ്ങളാണ്.
ഉദാഹരണത്തിന് നിങ്ങൾ ഓൺലൈൻ വീഡിയോ ഗെയിമുകൾ കളിക്കാൻ ധാരാളം സമയം ചെലവഴിക്കുന്നു എന്ന് കരുതുക. ഡാറ്റാ ബ്രോക്കർമാർ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകളോ നിങ്ങളുടെ പ്രിയപ്പെട്ട ഗെയിമുകളുടെ വിഭാഗമോ കംപൈൽ ചെയ്തേക്കാം, തുടർന്ന് അവരുടെ സ്വന്തം വീഡിയോ ഗെയിമുകൾ നിങ്ങൾക്ക് വിൽക്കാൻ പ്രതീക്ഷിക്കുന്ന കമ്പനികൾക്ക് നിങ്ങളുടെ ആ വിവരങ്ങൾ വിൽക്കാൻ സാധ്യതയുണ്ട്. നിങ്ങൾ സൂപ്പർമാർക്കറ്റിൽ പോയി ഒരു പ്രത്യേക ബ്രാൻഡ് സോപ്പുപൊടി ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ, ഡാറ്റാ ബ്രോക്കർമാർക്കും ഇത് അറിയാമായിരിക്കും, അതവർ വേറെയൊരു സോപ്പുപൊടി ബ്രാൻഡ് കമ്പനിയ്ക്കു വിൽക്കാൻ സാധ്യതയുമുണ്ട് .
ഡാറ്റാ ബ്രോക്കർമാർക്ക് നിങ്ങളുടെ വിവരങ്ങൾ എങ്ങനെയാണ് ലഭിക്കുന്നത് ?
നിങ്ങളുടെ വ്യക്തിഗത സ്വകാര്യ വിവരങ്ങൾ എന്ന് നിങ്ങൾ കരുതുന്ന പല കാര്യങ്ങളും, ആവശ്യമുള്ള കമ്പനികൾക്ക് എത്രത്തോളം സൗജന്യമായി ലഭ്യമാണ് എന്നറിയുന്നതിൽ നിങ്ങൾ പലരും ആശ്ചര്യപ്പെട്ടേക്കാം. നിങ്ങളുടെ ഡാറ്റാ കണ്ടെത്തുന്നതിന് ഡാറ്റാ ബ്രോക്കർ കമ്പനികൾ വളരെയധികം പരിശ്രമിക്കേണ്ടതില്ല എന്നതാണ് പരമാർത്ഥം.
ഡാറ്റാ ബ്രോക്കർമാർ അവരുടെ മിക്ക വിവരങ്ങളും പൊതു രേഖകളിൽ നിന്ന് ശേഖരിക്കുന്നു. ഇതിൽ കോടതി രേഖകൾ, മോട്ടോർ വാഹന രേഖകൾ, സെൻസസ് ഡാറ്റാ, ജനന സർട്ടിഫിക്കറ്റുകൾ, വിവാഹ സർട്ടിഫിക്കറ്റുകൾ , വോട്ടർ രജിസ്‌ട്രേഷൻ വിവരങ്ങൾ, പാപ്പർ ഹർജ്ജി രേഖകൾ, വിവാഹമോചന രേഖകൾ എന്നിവ ഉൾപ്പെടുന്നു.
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളിൽ നിന്നും റീട്ടെയിലർമാരിൽ നിന്നും ബ്രോക്കർമാർ ഡാറ്റാ ശേഖരിക്കുകയോ വാങ്ങുകയോ ചെയ്യുന്നു. നിങ്ങളുടെ ഡിപ്പാർട്ട്മെന്റ് സ്റ്റോർ ക്രെഡിറ്റ് കാർഡിൽ കുടിശ്ശികയുള്ള തുക, നിങ്ങൾ ഉപയോഗിക്കുന്ന കൂപ്പണുകളുടെ തരം, ഒരു സ്റ്റോറിന്റെ ലോയൽറ്റി കാർഡ് സ്വൈപ്പ് ചെയ്തതിന് ശേഷം നിങ്ങൾ മുമ്പ് വാങ്ങിയ ഇനങ്ങൾ എന്നിവ പോലുള്ള വിവരങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സത്യത്തിൽ നമ്മുടെ പ്രൈവറ്റ് ഡാറ്റാ എല്ലാം പാറ്റകൾ പോലെ എല്ലായിടത്തുമുണ്ട് എന്നത് ഭയപ്പെടേണ്ടകാര്യം തന്നെയാണ്.
നിങ്ങൾ സോഷ്യൽ മീഡിയയിലോ ഓൺലൈൻ ലോകത്തോ ധാരാളം സമയം ചെലവഴിക്കുകയാണെങ്കിൽ, നിങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾതന്നെ ഡാറ്റാ ബ്രോക്കർമാർക്ക് നൽകുന്നു. നിങ്ങൾ ഓൺലൈനിൽ സൃഷ്ടിച്ച അല്ലെങ്കിൽ "ലൈക്ക് ചെയ്ത' പോസ്റ്റുകൾ, നിങ്ങൾ പങ്കെടുത്ത ഓൺലൈൻ ക്വിസുകൾ, നിങ്ങൾ നൽകിയ കമന്റുകൾ അല്ലെങ്കിൽ പബ്ലിക്കായി എഴുതിയ കുറിപ്പുകൾ, നിങ്ങൾ സന്ദർശിച്ച വെബ്സൈറ്റുകൾ എന്നിവയിൽ നിന്നുള്ള നിങ്ങളുടെ വ്യക്തിഗത വിവരങ്ങൾ ഡാറ്റാ ബ്രോക്കർമാർ കണ്ടെത്തിയേക്കാം. എവിടെ, എന്തൊക്കെ വിവരങ്ങൾ കൊടുക്കണമെന്നതു അധികസമയവും നമ്മുടെ കൺട്രോളിൽ ഉള്ള കാര്യങ്ങളാണ്. ഏതെങ്കിലും കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചശേഷം ബില്ലിങ് കൗണ്ടറിൽ ചെല്ലുമ്പോൾ "ഫ്രീ ഉല്ലാസയാത്ര' എന്നബോർഡ് കണ്ടിട്ട്, ബിരിയാണികിട്ടിയാലോ എന്നുകരുതി നിങ്ങളുടെ വിവരങ്ങൾ ഒരു കൂപ്പണിലെഴുതി അവിടെ നിക്ഷേപിക്കണമോ എന്നുള്ളത് നിങ്ങൾ ആലോചിക്കേണ്ടതാണ്.
ശേഖരിക്കപ്പെട്ട വിവരങ്ങളുടെ ഉപയോഗം
നിങ്ങളുടെ വിവരങ്ങൾ വിൽക്കുന്നത് ഡാറ്റാ ബ്രോക്കർമാർക്ക് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം, ഈ കമ്പനികൾക്ക് നിങ്ങളുടെ വിവരങ്ങൾ വാങ്ങാൻ ആകാംക്ഷയുള്ള ധാരാളം ഉപഭോക്താക്കളുണ്ട്.
നിങ്ങളുടെ ഡാറ്റാ വാങ്ങുന്നവരിൽ ചിലർ നിങ്ങളെ പ്രത്യേകം ടാർഗറ്റ് ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങൾ സൃഷ്ടിക്കാൻ നിങ്ങളുടെ വിവരങ്ങൾ ഉപയോഗിച്ചേക്കാം. നിങ്ങൾ ഒരു പേഴ്‌സണൽ ലോണിൽ ഗഡു അടയ്ക്കുന്നത് തെറ്റിക്കാനുള്ള സാധ്യത എത്രത്തോളം ഉണ്ടെന്ന് നിർണ്ണയിക്കാൻ ചിലർ ഇത് ഉപയോഗിച്ചേക്കാം. നിങ്ങൾ ഒരു ഇൻഷുറൻസ് ക്ലെയിം ഫയൽ ചെയ്യാനോ വാഹനാപകടത്തിൽ അകപ്പെടാനോ എത്രത്തോളം സാധ്യതയുണ്ടെന്ന് നിർണ്ണയിക്കാൻ വേറെ ചിലർ ഇമ്മാതിരി നിങ്ങളുടെ ഡാറ്റാ ഉപയോഗിച്ചേക്കാം. അങ്ങനെ പല പല രീതികളിൽ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്ന് മനസ്സിലാക്കുക.
ഇനി പല കാറ്റഗറികളിലായി എങ്ങനെയൊക്കെ ഇത് ഉപയോഗിക്കാറുണ്ട് എന്ന് നോക്കാം -
മാർക്കറ്റിങ്ങും അഡ്വർടൈസിങ്ങും
നിങ്ങൾ എപ്പോഴെങ്കിലും വെബ് ബ്രൗസ് ചെയ്തുകൊണ്ടിരിക്കുമ്പോൾ നിങ്ങൾ വാങ്ങാനാഗ്രഹിക്കുന്ന സാധനങ്ങളുടെ പരസ്യങ്ങൾ പോപ്പ് -അപ്പ് ആഡുകളായി വരുന്നതുകണ്ടിട്ടുണ്ടോ? പലപ്പോഴും, നിങ്ങളുടെ വീട്ടിലെ അലക്കുസോപ്പുപൊടിയുടെ സ്റ്റോക്ക് ഏതാണ്ട് തീരാറാവുമ്പോൾ, അലക്കു സോപ്പുപൊടികൾക്കായുള്ള പരസ്യം പ്രത്യക്ഷപ്പെടാം. ഡാറ്റാ ബ്രോക്കർമാരായിരിക്കാം ഇതിന് പിന്നിൽ.
ബിസിനസുകൾ നിങ്ങളുടെ ഷോപ്പിംഗ്, ചെലവ് വിവരങ്ങൾ പല സ്രോതസ്സുകളിൽ നിന്നും വാങ്ങുന്നു. നിങ്ങൾ മുമ്പ് ഏത് ബ്രാൻഡ് അലക്കു സോപ്പ് വാങ്ങിയെന്നും എപ്പോൾ വാങ്ങിയെന്നും ഡാറ്റാ ബ്രോക്കർമാർക്ക് അവരോട് പറയാനാകും. അതിനുമുകളിൽ നിങ്ങൾ ആഴ്ചയിൽ എത്രതവണ അലക്കാറുണ്ടെന്നും, നിങ്ങളുടെ വീട്ടിൽ എത്ര അംഗങ്ങളുണ്ടെന്നും അതിനാൽ ഒരു കിലോ സോപ്പുപൊടി എപ്പോൾ തീരാൻ സാധ്യതയുണ്ടെന്നും കണക്കുകൂട്ടി നിങ്ങൾ സോപ്പുപൊടി ഏതാണ്ടെപ്പോൾ വാങ്ങാൻപോകാൻ സാധ്യതയുണ്ടെന്നും കമ്പ്യൂട്ടർ മുഖേന പ്രവചിച്ച് അതിനുമുമ്പേ സമയബന്ധിതമായി പരസ്യങ്ങൾ അയയ്ക്കാൻ കമ്പനികളെ ഒരുപരിധി വരെ സഹായിക്കുന്നു. അതിനാൽ, ഡാറ്റാ ബ്രോക്കർമാരുടെ ഏറ്റവും സജീവമായ ഉപഭോക്താക്കളിൽ പല ബിസിനസുകളും ഉണ്ടാവുമെന്നതിൽ ഒട്ടും അതിശയിക്കാനില്ല.
തട്ടിപ്പ് അഥവാ ഫ്രോഡ് കണ്ടെത്തൽ
ചില ബിസിനസുകൾ അവരുടെ ഉൽപ്പന്നങ്ങളുടെ പരസ്യത്തിനോ വിപണനത്തിനോ വേണ്ടി മാത്രം നിങ്ങളുടെ വിവരങ്ങൾ വാങ്ങാറില്ല. ചിലർ ഇത് തട്ടിപ്പ് അഥവാ ഫ്രോഡ് കണ്ടെത്തുന്നതിന് ഉപയോഗിക്കുന്നു.
ഉദാഹരണത്തിനു നിങ്ങൾ ഒരു വാഹനവായ്പ്പക്ക് അപേക്ഷിക്കുന്നു എന്ന് കരുതുക. ഡാറ്റാ ബ്രോക്കർമാർ നിങ്ങളെ കണ്ടെത്തുന്ന ഡേറ്റാബേസുകൾക്കെതിരെ നിങ്ങളുടെ അപേക്ഷയിൽ നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് നിങ്ങൾക്ക് വായ്പ്പതരുന്ന ബിസിനസ്സ് പരിശോധിച്ചേക്കാം. വരുമാനം, കടങ്ങൾ, ശമ്പളം എന്നിവ സംബന്ധിച്ച് നിങ്ങൾ നൽകിയ വിവരങ്ങൾ വഞ്ചനാപരമല്ലെന്ന് നിർണ്ണയിക്കാൻ ഇത് കടം കൊടുക്കുന്നവരെ സഹായിക്കും.
ലോൺ ഓഫറുകൾ
ലോൺ ലെൻഡർമാർ, ബാങ്കുകൾ, ക്രെഡിറ്റ് കമ്പനികൾ എന്നിവയെല്ലാം നിങ്ങൾ ഇതിനകം കുടിശ്ശികയുള്ള പണം, നിങ്ങൾ ഇതിനകം അടച്ച വായ്പകൾ, നിങ്ങൾക്ക് നഷ്ടമായ പേയ്‌മെന്റുകൾ, വരുമാനം, ജോലി ചരിത്രം, നിങ്ങളുടെ ഉടമസ്ഥതയിലുള്ള വീടുകൾ, കാറുകൾ എന്നിവയിൽ താൽപ്പര്യമുള്ളവരാണ്. നിങ്ങൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളെക്കുറിച്ചും അവർക്ക് താൽപ്പര്യമുണ്ടാകാം.
എന്തുകൊണ്ട്? ഉയർന്ന പലിശ നിരക്കിൽ നിങ്ങൾക്ക് എന്തെങ്കിലും ലോൺ ഉണ്ടെങ്കിൽ, കുറഞ്ഞ നിരക്കിൽ ഒരു പുതിയ ലോണിലേക്ക് റീഫിനാൻസ് ചെയ്യാൻ ഒരു ലോൺ ലെൻഡർ നിങ്ങളെ ആകർഷിക്കാൻ ആഗ്രഹിച്ചേക്കാം. നിങ്ങൾ ഓൺലൈൻ കാർ ഡീലർഷിപ്പുകൾ സന്ദർശിച്ചിട്ടുണ്ടെങ്കിൽ, ഒരു കടം കൊടുക്കുന്നയാൾക്ക് അവരുടെ സ്വന്തം വാഹന വായ്പാ ഉൽപ്പന്നങ്ങൾ പ്രമോട്ട് ചെയ്യുന്ന ഓൺലൈൻ പരസ്യങ്ങൾ നിങ്ങൾക്കുമുമ്പിൽ ഡിസ്‌പ്ലേ ചെയ്യാൻ താൽപ്പര്യമുണ്ടാകാം.
അല്ലെങ്കിൽ നിങ്ങൾ ഏറ്റവും കുറഞ്ഞ ക്രെഡിറ്റ് കാർഡ് നിരക്കുകൾക്കായി ഓൺലൈൻ സെർച്ച് നടത്തുന്നുണ്ടാകാം. നിങ്ങൾ ഒരു പുതിയ കാർഡിന്റെ വിപണിയിലാണെന്ന് അറിയാൻ എല്ലാ ക്രെഡിറ്റ് കാർഡ് കമ്പനികളും ആഗ്രഹിക്കുന്നുണ്ടാവാം. ഈ വിവരങ്ങൾ ഡാറ്റാ ബ്രോക്കറിൽ നിന്നും കിട്ടുകയാണെങ്കിൽ ഓൺലൈനായോ പരമ്പരാഗത തപാൽ വഴിയോ അവർക്ക് പരസ്യം നിങ്ങളിലേക്ക് എത്തിക്കാൻ കഴിയും. അതാണ് വേറൊരു ബിസിനസ് മോഡൽ.
ഡാറ്റാ ബ്രോക്കറിങ് നിയമപരമാണോ?
ഓരോ രാജ്യത്തും അതവിടത്തെ നിയമമനുസരിച്ചാണ്. അമേരിക്കയിലും ഇന്ത്യയിലും ഇത് രണ്ടുരീതിയിലാണ് പ്രവർത്തിക്കുന്നത്. അവർ വിൽക്കുന്ന വിവരങ്ങൾ ലഭിക്കുന്നതിന് പൊതുവായി ലഭ്യമായ ഉറവിടങ്ങൾ ഉപയോഗിക്കുകയാണെങ്കിൽ ഡാറ്റ ബ്രോക്കർമാർ നിയമവിരുദ്ധമായി പ്രവർത്തിക്കുന്നില്ല എന്നാണ് പറയാറ്.
എന്നിരുന്നാലും, അമേരിക്കൻ ഐക്യനാടുകളിലെ പല സംസ്ഥാനങ്ങളും ഡാറ്റ ബ്രോക്കർമാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് സൂക്ഷ്മമായി പരിശോധിക്കുന്നുണ്ട്.
സംസ്ഥാനത്തെ നിവാസികളുടെ ഡാറ്റ വിൽക്കുകയോ പങ്കിടുകയോ ചെയ്യുന്ന എല്ലാ ബിസിനസുകളും ഒരു പൊതു ഡാറ്റാബേസിൽ രജിസ്റ്റർ ചെയ്യാനും അവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ പങ്കിടാനും ആവശ്യപ്പെടുന്ന ഒരു നിയമം 2018-ൽ വെർമോണ്ട് സംസ്ഥാനം പാസാക്കി.
കാലിഫോർണിയയിലെ ഉപഭോക്തൃ സ്വകാര്യതാ നിയമം താമസക്കാരെ ഡാറ്റാ ബ്രോക്കർമാർ കണ്ടെത്തിയ വിവരങ്ങളുടെ പകർപ്പുകൾ നേടാൻ അനുവദിക്കുന്നു. ഈ നിയമം കാലിഫോർണിയ ഉപഭോക്താക്കൾക്ക് വിവരങ്ങൾ മായ്ക്കണമെന്ന് അഭ്യർത്ഥിക്കാനും അവരുടെ ഡാറ്റ വിൽക്കുന്നത് ഒഴിവാക്കാനും അനുവദിക്കുന്നു.
ഇന്ത്യയിലെ അവസ്ഥ നോക്കിക്കഴിഞ്ഞാൽ, ഡാറ്റാ സംരക്ഷണ നിയമത്തിന്റെ ഏറ്റവും പുതിയ കരട് - ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ, 2022 (DPDP ബിൽ, 2022) - ഇപ്പോൾ പൊതുജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാനായി, 2023 ലെ ബജറ്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ ബിൽ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) നവംബർ 18-ന് ഏറെ കാത്തിരുന്ന ഡിജിറ്റൽ പേഴ്സണൽ ഡാറ്റ പ്രൊട്ടക്ഷൻ (DPDP) ബിൽ, 2022 പുറത്തിറക്കി. ഇന്ത്യയുടെ കരട് ഡാറ്റാ സംരക്ഷണ നിയമത്തിന്റെ നാലാമത്തെ വെർഷൻ ആണിത്. 2017-ൽ സുപ്രിംകോടതി, പുട്ടസ്വാമിയുടെ സുപ്രധാന വിധിയിൽ, സ്വകാര്യത ഇന്ത്യൻ പൗരന്മാരുടെ മൗലികാവകാശമാണെന്ന് വിധിച്ചപ്പോൾ, ഈ അവകാശം സംരക്ഷിക്കുന്നതിനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാരിനെ ബാധ്യസ്ഥരാക്കിക്കൊണ്ട് ഒരു ഡാറ്റാ പ്രൊട്ടക്ഷൻ നിയമം ക്രോഡീകരിച്ചു പാസ്സാക്കാൻ നിർദേശിച്ചു.
2022 ഡിസംബർ 17-നകം കരട് ബില്ലിനെക്കുറിച്ച് MeitY പൊതുജനങ്ങളിൽ നിന്ന് ഫീഡ്ബാക്ക് ക്ഷണിച്ചിട്ടുണ്ട്. MyGov വെബ്സൈറ്റിൽ (https://innovateindia.mygov.in/digital-data-protection/) ജനങ്ങൾക്ക് അവരുടെ അഭിപ്രായം സുരക്ഷിതമായി സമർപ്പിക്കാവുന്നതാണ്. "സമർപ്പണങ്ങളുടെ പരസ്യമായ വെളിപ്പെടുത്തൽ നടത്തുകയില്ല' എന്ന് MeitY അറിയിച്ചത് വളരെ ശ്രദ്ധേയമാണ്.
ഡാറ്റാ ബ്രോക്കർമാരിൽ നിന്ന് സ്വകാര്യ വിവരങ്ങൾ എങ്ങനെ സംരക്ഷിക്കാം ?
ഡാറ്റാ ബ്രോക്കർമാരിൽ നിന്നും പൂർണ്ണമായും അദൃശ്യമായിരിക്കാൻ സാധിക്കില്ല. എന്നാൽ അവർക്ക് നിങ്ങളിൽ നിന്ന് ശേഖരിക്കാനാകുന്ന വിവരങ്ങളുടെ അളവ് കുറയ്ക്കുന്നതിന് നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില സുരക്ഷാനടപടികളുണ്ട്.
ഇന്ത്യയിൽ ഒരു സെൻട്രൽ ഡാറ്റാ ഏജൻസി ഇല്ല. അതുകൊണ്ടു അമേരിക്കയിലെ പോലെ പല ഏജൻസികളിലും രജിസ്റ്റർ ചെയ്തു നമ്മുടെ പേർസണൽ വിവരങ്ങൾ മാറ്റാൻ അപേക്ഷകൊടുക്കാനുള്ള അവസരങ്ങളില്ല . നാഷണൽ Do-Not-Call registry യിൽ രജിസ്റ്റർ ചെയ്താൽ ഒരുപരിധി വരെ ടെലിമാർക്കെറ്റിംഗ് കോളുകളിൽ നിന്നും മുക്തി നേടാം.
ഡാറ്റാ ബ്രോക്കർമാരിൽ നിന്നും സ്വയം പരിരക്ഷിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഓൺലൈൻ പെരുമാറ്റം ഒന്ന് ക്രമീകരിക്കാൻ നിങ്ങൾക്ക് കഴിയും. സോഷ്യൽ മീഡിയയിൽ തികച്ചും വ്യക്തിപരമായ വിവരങ്ങൾ പബ്ലിക്കായി പോസ്റ്റ് ചെയ്യരുത്. ഓൺലൈൻ ക്വിസുകൾക്ക് ഉത്തരം നൽകരുത്, ഓൺലൈൻ തമാശ പോലെതോന്നുന്ന അപ്പുകൾക്കൊന്നും തലവെച്ചുകൊടുക്കരുത് ( ഉദാ : കോളേജിലെ നിങ്ങളുടെ വിളിപ്പേര് ഇതായിരുന്നു ... എന്ന തലക്കെട്ടോടുകൂടെ വരുന്ന നേരമ്പോക്ക് ആപ്പുകൾ). ഈ സൈറ്റുകളെല്ലാം ഡാറ്റാ ബ്രോക്കർമാർക്ക് നിങ്ങളെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നൽകുന്നു. ഇങ്ങനത്തെ അപ്പുകൾക്കു നിങ്ങൾ അഥവാ തലവെച്ചുകൊടുക്കുകയാണെങ്കിൽ ദയവുചെയ്ത് നിങ്ങൾക്ക് പരിചയമുള്ളവരെ കൂടെ ടാഗ്ഗ് ചെയ്യരുത്. അവരെങ്കിലും രക്ഷപ്പെട്ടോട്ടെ.
ഒരു VPN അല്ലെങ്കിൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കിനായി സൈനപ്പ് ചെയ്യുന്നത് നല്ലതായിരിക്കും. നിങ്ങൾ ഒരു VPN വഴി ഇന്റർനെറ്റിലേക്ക് കണക്റ്റുചെയ്യുമ്പോൾ, നിങ്ങളുടെ IP അഡ്രസ് മാസ്‌ക്ഡ് ആയിരിക്കും. നിങ്ങൾ ഇന്റർനെറ്റ് ബ്രൗസ് ചെയ്യുമ്പോൾ VPN-കൾ നിങ്ങളുടെ ഡാറ്റയും എൻക്രിപ്റ്റ് ചെയ്യുന്നു, അതായത് ഡാറ്റാ ബ്രോക്കർമാർ ഉൾപ്പെടെയുള്ള സ്‌കോപ്പുകളിൽ നിന്ന് നിങ്ങളുടെ ഓൺലൈൻ ബ്രൗസിംഗ് മറച്ചിരിക്കുന്നു. നിങ്ങളുടെ VPN നിങ്ങളുടെ ഡാറ്റാ മറ്റുള്ളവർക്ക് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക. സൗജന്യ VPN-കൾ ഒഴിവാക്കുകയും പകരം നിങ്ങളിൽ നിന്ന് ഫീസ് ഈടാക്കുന്നവരുമായി പ്രവർത്തിക്കുകയും ചെയ്യുന്നതാണ് ചിലപ്പോൾ നല്ലത്.
അടുത്തതവണ ഏതെങ്കിലും കടയിൽ എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻപോകുമ്പോൾ അവിടെ എന്തൊക്കെ പേർസണൽ വിവരങ്ങൾ കൊടുക്കരുത് എന്ന് ശ്രദ്ധിക്കുമല്ലോ. ഓൺലൈനിലും ഓഫ്‌ലൈനിലും ജാഗ്രത മുഖ്യം തന്നെ.
നല്ല കുറച്ചു മാറ്റങ്ങളോടുകൂടി ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ബിൽ, 2022 പാസ്സായിക്കഴിഞ്ഞാൽ മുകളിൽ പറഞ്ഞ ഡാറ്റാ കാര്യങ്ങളിലൊക്കെ നല്ല ആശ്വാസം നമുക്കെല്ലാം ലഭിക്കും എന്ന് പ്രത്യാശിക്കാം.