1998 ലെ ആണവപരീക്ഷണത്തിനിടെ പൊഖ്രാൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയ് / Photo: Hindustan Times

അണുബോംബ് പരീക്ഷിക്കുന്ന ഭരണകൂടത്തിന് ശത്രു സയൻസല്ല

എപ്രകാരമാണോ ഭരണകൂടാധികാരത്തോടും മൂലധനത്തോടും മതം താദാത്മ്യപ്പെട്ടിരിക്കുന്നത് അതേ വിധത്തിൽ സയൻസും അധികാരത്തിന്റെയും മൂലധനത്തിന്റെയും പതാകയേന്തുന്നു

ധുനികലോകത്ത് മതം, മതതീവ്രവാദം, മതാധിഷ്ഠിത രാഷ്ട്രീയം എന്നിവയ്ക്ക് സയൻസ് ശത്രുവാണോ? ഗോമൂത്രത്തെയും ചാണകത്തെയും സമാനതരത്തിലുള്ള വിശ്വാസതന്ത്രങ്ങളെയും പരസ്യമായി എഴുന്നള്ളിക്കുന്ന സംഘപരിവാര ബ്രാഹ്‌മണ മതം സയൻസിനെ ശത്രവായി കരുതുന്നുണ്ടോ?
ഇന്നത്തെ ലോകത്ത് ഒട്ടുമിക്ക പേരും മതത്തിലും അതിന്റെ അന്ധവിശ്വാസങ്ങളിലും ആത്മാർത്ഥമായി അഭിരമിക്കുമ്പോൾ തന്നെ ആധുനിക സൗകര്യങ്ങൾ നേരിട്ടനുഭവിക്കുന്നതുവഴിയും അടിസ്ഥാന ശാസ്ത്ര വിദ്യാഭ്യാസം കിട്ടുന്നതിലൂടെയും, മറുവശത്ത് സയൻസ് വിശ്വാസികളായികൂടി "ഉഭയജീവിതം' നയിക്കുന്നവരല്ലേ? അതായത് വിശ്വാസിയും അവിശ്വാസിയും ഒന്നിച്ചുറങ്ങുന്ന ഒരു കട്ടിലാണ് ആധുനിക ശാസ്ത്രം. എപ്രകാരമാണോ ഭരണകൂടാധികാരത്തോടും മൂലധനത്തോടും മതം താദാത്മ്യപ്പെട്ടിരിക്കുന്നത് അതേ വിധത്തിൽ സയൻസും അധികാരത്തിന്റെയും മൂലധനത്തിന്റെയും പതാകയേന്തുന്നുണ്ടിന്ന്. ശാസ്ത്രത്തിന്റെ സ്വതന്ത്രാന്വേഷണങ്ങൾ അധികാരത്തിനും മൂലധനാസക്തിക്കും രുചിക്കുന്നതല്ലെങ്കിൽ അവ അടിച്ചമർത്തപ്പെടുകയോ തഴയപ്പെടുകയോ സാധാരണമാണ്. ഗവേഷണങ്ങൾക്ക് ഏറെക്കുറേ ഫണ്ടു നൽകുന്നതും അവയുടെ മുൻഗണന നിശ്ചയിക്കുന്നതും കോർപ്പറേറ്റുകൾ തന്നെ.

കാർഷികാധിനിവേശം

കോളനിവാഴ്ചക്കാലത്തുപോലും ശാസ്ത്രപുരോഗതിയെന്നത് ഇംഗ്ലണ്ടിന്റെ ആവശ്യങ്ങളെ അനുസരിക്കുക എന്നതായിരുന്നു. അതിനു വിരുദ്ധമായി കൊടുത്ത സയൻസ് റിപ്പോർട്ടുകൾ അവർ അംഗീകരിച്ചിരുന്നില്ലെന്നതിന് തെളിവാണ് സർ ആൽബർട്ട് ഹോവാർഡ് എന്ന കാർഷിക ശാസ്ത്രജ്ഞന്റെ അനുഭവം. മണ്ണിലെ ഫലഭൂയിഷ്ഠതക്കു നിദാനമായ സൂക്ഷ്മജീവികളെയും പരിസ്ഥിതിയെയും മനുഷ്യാരോഗ്യത്തെയും നശിപ്പിക്കാത്തതാകണം കാർഷികമുറകൾ എന്ന ഹോവാർഡിന്റെ ശാസ്ത്രാവബോധത്തെ അന്നത്തെ ഭരണകൂടവും അതിനോട് വിധേയത്വം പുലർത്തുന്ന യാഥാസ്ഥിതിക സയൻസും മുഖവിലയ്‌ക്കെടുക്കുകയുണ്ടായില്ല.

ആൽബർട്ട് ഹോവാർഡ്
ആൽബർട്ട് ഹോവാർഡ്

കാരണം സമൂഹത്തെയും പരിസ്ഥിതിയെയും പരിഗണിക്കുന്ന സുസ്ഥിരമായ കാർഷിക ശാസ്ത്രം (Agroecology), ഏകവിളകൾ നട്ടുവളർത്തി ആഗോളമാർക്കറ്റു കീഴടക്കാൻ മത്സരിക്കുന്ന വിദേശമൂലധന താൽപ്പര്യങ്ങളുമായി ഒത്തുപോകുന്നതായിരുന്നില്ല. തുടർന്ന് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും ഡോ. റിച്ചാരിയ എന്ന കൃഷിശാസ്ത്രജ്ഞനും ഇതേ അവഗണനയാണ് ഭരണകൂടവും അതിന്റെ ഔദ്യോഗിക ശാസ്ത്രസമൂഹവും നൽകിയത്.
ആദിവാസികളും ദളിതുകളും ഉൾപ്പെടെയുള്ള ഇന്ത്യൻ കാർഷിക ജനത, അവരുടെ കൃഷിയിടമാകുന്ന പരീക്ഷണശാലയിൽ വെച്ച് തലമുറകളായി ഉരുവം കൊള്ളിച്ച വൈവിധ്യവൈചിത്ര്യങ്ങളുടെ കലവറയായ നാട്ടുനെല്ലിനങ്ങൾ സമാഹരിച്ച് സംരക്ഷിച്ച്, അതുവഴി ഇന്ത്യക്ക് സ്വയം സമ്പൂർണമായ കാർഷികാഭിവൃദ്ധി കൈവരിക്കുക എന്നതായിരുന്നു ഡോ. റിച്ചാരിയയുടെ പദ്ധതി. എന്നാൽ ഇതിനെ റോക്‌ഫെല്ലർ ഫൗണ്ടേഷനും അമേരിക്കയും കൂടി വശത്താക്കിയ ഇന്ത്യൻ കാർഷികഗവേഷകരും ഭരണകൂടവും ചേർന്ന് റദ്ദാക്കുകയും, പകരം വിത്തുവൈവിധ്യത്തെ ഉന്മൂലനം ചെയ്യുന്ന ഹരിതവിപ്ലവമെന്ന അടിമത്തത്തിന്റെ കാർഷികാധിനിവേശം നമുക്കുമേൽ അടിച്ചേൽപ്പിക്കുകയും ചെയ്തു. ഇന്ന് മാസങ്ങൾ പിന്നിടുന്ന കർഷകസമരത്തിലേക്ക് കൃഷിക്കാരെ കൊണ്ടെത്തിച്ചതിൽ ആദ്യം പ്രതിക്കൂട്ടിൽ കയറുന്നതും, ഇനിയും നേടാനാവാത്ത നഷ്ടപരിഹാരത്തിനായി എൻഡോസൾഫാൻ ഇരകളായ കുട്ടികളുടെ മാതാക്കളെ സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിലേക്കെത്തിക്കുന്നതും സയൻസിന്റെ മേലങ്കിയണിഞ്ഞു 1965 മുതലെത്തിയ ഇതേ കാർഷികാധിനിവേശമാണ്.

അധികാരപ്രയോഗത്തിന്റെ പ്രാകൃതമായ ദുശ്ശീലങ്ങൾക്ക് മതത്തിൽ മാത്രമല്ല, മൂലധനാസക്തമായ ശാസ്ത്രത്തിലും വേണ്ടുവോളം ഇടമുണ്ട്.

ആഗോളതാപനത്തിന്റെ കാർബൺ ബഹിർഗമനത്തിൽ നല്ലൊരു പങ്കു വഹിക്കുന്ന വിനാശകരമായ ആധുനിക കൃഷിക്കുപകരം പ്രകൃതിയുമായി സ്വരച്ചേർച്ചയിൽ പോകുന്ന, പ്രാദേശികഭേദങ്ങൾക്കിണങ്ങിയ തദ്ദേശീയ സമൂഹങ്ങളുടെ സുസ്ഥിരകൃഷിയാണ് മാർഗദർശനമെന്നു ഇപ്പോൾ ഐക്യരാഷ്ട്ര സഭയും ആവശ്യപ്പെട്ടിരിക്കുന്നു. എന്നിട്ടും കൃഷിയിലെ കോർപറേറ്റുവാഴ്ചക്കു കൊടിപിടിക്കുന്ന ഔദ്യോഗിക ശാസ്ത്രപൗരോഹിത്യവും അവരുടെ തിരുമൊഴികൾക്കു കാതുകൊടുക്കുന്ന ഭരണകൂടങ്ങളും അടിത്തട്ടു സമൂഹത്തിന്റെ നാട്ടുകാർഷികശാസ്ത്രത്തിന്റെ കാലികപ്രസക്തിയെ അശാസ്ത്രീയമെന്നു അവഹേളിച്ചു പടിക്കു പുറത്താക്കുക തന്നെ ചെയ്യുന്നു.
അഞ്ചു ലക്ഷത്തോളം ഏക്കർ പൊതുഭൂമി ഇന്നും തോട്ടംകൃഷിയെന്ന പേരിൽ സവർണാധികാരികൾ കൈക്കലാക്കി വെയ്ക്കുമ്പോൾ, കൃഷിക്കെന്നല്ല മൃതദേഹം മറവുചെയ്യാൻ പോലും മണ്ണില്ലാതെ നാലുസെന്റുകോളനികളിലെ ജീവിതങ്ങൾ ഭൂനീതിക്കായി അവകാശമുയർത്തേണ്ട അവസ്ഥ വന്നതിൽ, ഭരണകൂടത്തോടൊപ്പം അതിന്റെ ഉപകരണമായി വർത്തിക്കുന്ന കൃഷിസയൻസും വിചാരണ ചെയ്യപ്പെടേണ്ടതുണ്ട്. കോളനി ഭൂപ്രകൃതിയെ പഠിച്ചു, അതിനെ കണ്ണൻദേവൻ തോട്ടങ്ങളാക്കി മാറ്റിമറിച്ചു, അവ അധികാരത്തിന്റെയും സാമ്പത്തികവാഴ്ചയുടെയും പുത്തൻ സ്വരൂപങ്ങളാക്കി പരുവപ്പെടുത്തുന്നതിനു വൈജ്ഞാനികബലം നൽകിയ ആധുനികകൃഷിശാസ്ത്രത്തെ ഒരു പ്രത്യയശാസ്ത്രമായി കൂടി വ്യവച്ഛേദിക്കാൻ നമുക്കു കഴിയണം.

അധികാരപ്രയോവും ആധുനിക വൈദ്യവും

അധികാരവും മൂലധനവുമായി സന്ധിചെയ്ത് ആധുനിക കൃഷിശാസ്ത്രം എപ്രകാരമാണോ കോളനിഭൂമികളിലെ അധിനിവേശപ്രക്രിയ തന്നെയായി തീരുന്നത് അതേവിധം മനുഷ്യശരീരത്തിനുമേലും അധിനിവേശാധികാരം നടപ്പിലാക്കുന്നതിനുള്ള ഉപകരണമെന്നനിലയിൽക്കൂടി ആധുനിക വൈദ്യശാസ്ത്രത്തെയും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ആധുനിക വൈദ്യശാസ്ത്രത്തെ സയൻസിന്റെ ഒരു സംഭാവന എന്ന തരത്തിൽ മാത്രം വിലയിരുത്തിയാൽ പോരെന്ന് ബോധ്യപ്പെടുത്തിക്കൊണ്ട് ചരിത്രകാരന്മാരും സാമൂഹ്യശാസ്ത്രരംഗത്തുള്ളവരും അധികാരപ്രയോഗവുമായി ആധുനിക വൈദ്യത്തിന്റെ ബന്ധത്തെ പുറത്തുകൊണ്ടുവന്നിട്ടുണ്ടിന്ന്. ‘കോളനൈസിംഗ് ബോഡി' എന്ന തന്റെ കൃതിയിൽ ഡേവിഡ് ആർനോൾഡ് പറയുന്നു: Colonialism used-or attempted to use the body as a site for the construction of its own authority, legitimacy, and control. In part, therefore, the history of colonial medicine, and of the epidemic diseases with which it was so closely entwined, serves to illustrate the more general nature of colonial power and knowledge and to illuminate its hegemonic as well as its coercive processes. Over the long period of British rule in India, the accumulation of medical knowledge about the body contributed to the political evolution and ideological articulation of the colonial system. Thus, medicine cannot be regarded as merely a matter of scientific interest. It cannot meaningfully be abstracted from the border of the colonial order. On the contrary, even in its moments of criticism and dissent, it remained integral to colonialism's political concerns, its economic intents, and its cultural preoccupations.

2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലം / Photo: Neethu Joseph, The News Minute
2020 ഓഗസ്റ്റിൽ പെട്ടിമുടിയിലുണ്ടായ ഉരുൾപൊട്ടലിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലം / Photo: Neethu Joseph, The News Minute

കോളനി വാഴ്ചയുടെ സമകാലീനരൂപം ആഗോളീകരണത്തിന്റെ പ്രച്ഛന്നവേഷത്തിൽ, 1990 കളുടെ ആദ്യത്തിൽ അവതരിച്ച അതേസമയത്തു തന്നെ, കാവിയുടെ രഥയാത്രനടത്തിക്കൊണ്ട് ഹിന്ദുത്വം അതിന്റെ രൗദ്രഹിംസയെ രാകി മൂർച്ചകൂട്ടിയതും, സർക്കാർ ആശുപത്രികളിൽ ഒ.പി. ടിക്കറ്റും, അതിനുപുറത്ത് ചികിത്സാവ്യവസായം പടർന്നപന്തലിച്ചതും യാദൃച്ഛികമല്ല. അതേകാലത്തു തന്നെ, അമ്പലങ്ങൾ തോറുമെത്തി ഭക്തസഹസ്രങ്ങൾക്കു കെട്ടിപ്പിടുത്തത്തിന്റെ സാന്ത്വനമരുളുന്ന ആൾദൈവങ്ങൾ ഹിന്ദു തീവ്രവാദത്തിനു വെള്ളം കോരിയതും, അവർ തന്നെ സ്വന്തം പേരിൽ പഞ്ചനക്ഷത്ര അലോപ്പതി ആശുപത്രി ആരംഭിക്കുന്നതും, ആളുകൾക്ക് അവിടെയിറങ്ങാൻ വേണ്ടി, ഇന്ത്യൻ റെൽവേ ഇടപ്പള്ളി സ്റ്റോപ്പനുവദിക്കുന്നതും ആകസ്മികമല്ല. ഭരണകൂടവും മൾട്ടിനാഷണൽ മൂലധനവും പരസ്പരം ദൃഢമായി കൈകോർക്കുന്ന ആധുനിക വൈദ്യത്തോട് അന്ധകാലത്തിന്റെ ആത്മീയവ്യാപാരികൾ യാതൊരു തീണ്ടലും കൽപ്പിക്കുന്നില്ല. എന്നു മാത്രമല്ല ‘തിരുവായ്ക്ക് എതിർവായില്ല'എന്ന് ആത്മീയ വെളിപാടുകൾക്കു ജനം കൊടുക്കുന്ന അതേ വിശ്വാസസംരക്ഷണം അലോപ്പതിക്കും കിട്ടുന്നതുകൊണ്ട്, ആത്മീയകേന്ദ്രങ്ങളിൽ നടക്കുന്ന അരുതായ്മകൾ ചോദ്യം ചെയ്യപ്പെടാനാവാത്തതുപോലെ, പഞ്ചനക്ഷത്ര ചികിത്സാകേന്ദ്രത്തിലും സംഭവിക്കുന്ന കൊള്ളരുതായ്മകളും നീതീകരിപ്പെടുന്നു. അധികാരപ്രയോഗത്തിന്റെ പ്രാകൃതമായ ദുശ്ശീലങ്ങൾക്ക് മതത്തിൽ മാത്രമല്ല, മൂലധനാസക്തമായ ശാസ്ത്രത്തിലും വേണ്ടുവോളം ഇടമുണ്ട്.

"വാക്‌സിൻ നിർമാണ സാങ്കേതികവിദ്യ സൗജന്യമായി രാഷ്ട്രങ്ങൾക്ക് മരുന്നുകമ്പനികൾ നൽകുന്നതല്ല' എന്ന് ബിൽഗേറ്റ്‌സ് പറഞ്ഞതിനു സമാന്തരമായി, വിപുലമായ ഇന്ത്യൻ വിപണി കമ്പനികൾക്ക് കാഴ്ചവെയ്ക്കുകയാണ് ആദ്യം തന്നെ വാക്‌സിൻ നയത്തിലൂടെ നരേന്ദ്രമോദി സർക്കാർ ചെയ്തത്.

ആഗോള മൂലധനാർത്തിയുടെയും പൗരശരീരത്തിനുമേലുള്ള ഭരണകൂടവാഴ്ചയുടെയും അവയവം തന്നെയായി മാറിയിരിക്കുന്ന മോഡേൺ മെഡിസിനുമായി സർവ്വവിധത്തിലും ഐക്യപ്പെടാതെ സംഘടിത മതാധികാരത്തിനോ മതതീവ്രതയുടെ ഭരണകൂടരൂപങ്ങൾക്കോ ജനങ്ങൾക്കുമേൽ അധികാരപ്രയോഗം പ്രയാസമാണിന്ന്. അതുകൊണ്ട് അവകൾ ഒരു ദ്വിമുഖതന്ത്രമാണ് ഇക്കാര്യത്തിൽ പയറ്റുന്നത്. ഒരുവശത്ത് നരേന്ദ്രമോദി 130 കോടി ജനങ്ങളുള്ള, ഭൂലോകത്തിലെ അസുലഭമായ ആൾ വിപണി റഷ്യൻ പുട്ടിന്റെ സ്പുട്‌നിക് വരെയുള്ള വാക്‌സിൻ കമ്പനികൾക്ക് അവരുടെ സ്വൈര്യവിഹാരത്തിനു തുറന്നുകൊടുത്തു. കൂടാതെ ഇവിടെ നിന്ന് വാക്‌സിൻ ഉൽപ്പാദിപ്പിച്ച് കയറ്റുമതിയും നടത്തി. "വാക്‌സിൻ നിർമാണ സാങ്കേതികവിദ്യ സൗജന്യമായി രാഷ്ട്രങ്ങൾക്ക് മരുന്നുകമ്പനികൾ നൽകുന്നതല്ല' എന്ന് ബിൽഗേറ്റ്‌സ് പറഞ്ഞതിനു സമാന്തരമായി, വിപുലമായ ഇന്ത്യൻ വിപണി കമ്പനികൾക്ക് കാഴ്ചവെയ്ക്കുകയാണ് ആദ്യം തന്നെ വാക്‌സിൻ നയത്തിലൂടെ നരേന്ദ്രമോദി സർക്കാർ ചെയ്തത്. ഇന്ന് ഒരു ഡോസ് വാക്‌സിന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്നത് 950 രൂപയാണ്. സുപ്രീംകോടതി ഇടപെട്ടതുകൊണ്ട് ഗത്യന്തരമില്ലാതെ മോദിയും വാക്‌സിൻ കമ്പനികളും തലനാരിഴക്കു കുടുങ്ങുകയും, അവരുടെ മൾട്ടിബില്ല്യൻ സ്വപ്നങ്ങൾ കുറേയൊക്കെ പൊലിയുകയും ചെയ്തുവെന്നുമാത്രം.

അതായത് ഈ ആഗോളീകരണകാലത്ത് അതിന്റെ വിനീതവിധേയരായ ഭരണകൂടങ്ങളുടെ ദൗത്യമാണ് ആരോഗ്യമേഖലയിൽനിന്നും സർക്കാർ ചെലവ് പിൻവലിക്കുക എന്നതും തൽസ്ഥാനത്ത് സ്വകാരമുടക്കിനെ മേയാൻ ക്ഷണിക്കുക എന്നതും. അല്ലാതെ, മൂലധന സേവ ചെയ്യുന്ന സയൻസിനോട് അസ്പർശ്യതയൊന്നും സംഘപരിവാര മോദീപ്രഭൃതികൾക്കു സ്വപ്നത്തിൽ പോലുമില്ല. ‘ബുദ്ധൻ ചിരിക്കുന്നു' എന്ന് ഓമനപ്പേരിട്ട് 1974ലെ ഇന്ദിരാഗാന്ധിയുടെ ഒന്നാം പൊട്ടിക്കലിനുശേഷം, രാജസ്ഥാൻ മരുഭൂമിയിൽ പൊക്‌റാൻ- 2 അണുബോംബ് പൊട്ടിച്ച് ആർഷഭാരതാഭിമാനത്താൽ സകലമാന പൗരാവലിയെയും പുളകിതഗാത്രരാക്കിയത് ഇവരുടെ തലതൊട്ടപ്പനായിരുന്ന, കാക്കി ട്രൗസറും വെള്ള കുപ്പായവും തൊപ്പിയും വടിയും ധരിച്ചിരുന്ന അടൽജിയുടെ കാലത്താണെന്നോർക്കാവുന്നതാണ്.

ക്രോണി കാപ്പിറ്റലിസത്തിന്റെ കാഷായശരീരികൾ

ആധുനികശാസ്ത്രത്തിന്റെ അത്യുന്നത വരദാനമെന്ന് അമേരിക്കയും അവരുടെ മൊൺസാന്റൊ കമ്പനിയും നമ്മുടെ സർക്കാർ കാർഷികവിദഗ്ധരും യുക്തി-ശാസ്ത്രവാദികളും ഒന്നടങ്കം ആർപ്പുവിളിച്ചാനയിക്കുന്ന ജനിതകമാറ്റം വരുത്തിയ കടുക് ഇന്ത്യയിൽ കൃഷിചെയ്യാനും അത് ഇന്ത്യക്കാരെ തീറ്റിക്കാനും ഉത്തരവിട്ടത് നാം ശാസ്ത്രവിരോധികളെന്നു അപഹസിക്കുന്ന ഒന്നാം മോദിഭരണമാണ്, 2016ൽ. സുപ്രീംകോടതിയിൽ കൊടുത്ത രണ്ടു പൊതുതാൽപര്യ ഹർജികളിൽ തട്ടിത്തടഞ്ഞതിനാലാണ് പരിസ്ഥിതിക്കും കർഷകർക്കും ജനാരോഗ്യത്തിനും നാശം വിതയ്ക്കുന്ന ഈ വിഷവിത്തുകൾ ഇന്ത്യൻ മണ്ണിൽ ഇതുവരെ വീഴാത്തത്. ക്രോണി കാപ്പിറ്റലിസത്തിന്റെ കാഷായശരീരികളായ ഹിന്ദുത്വ തീവ്രഹൃദയരേക്കാൾ ജനവിരുദ്ധ ശാസ്ത്രത്തിന്റെ താലോലിപ്പുകാരാകാൻ മറ്റാർക്കും കഴിയില്ല എന്ന് നമ്മളേക്കാൾ അറിയുന്നവരാണ് മൊൺസാന്റോയും വാൾമാർട്ടും ബിൽഗേറ്റ്‌സുമെല്ലാം. അവരോടെല്ലാം, നാം കാണാതെ കണ്ണിറുക്കി കാണിച്ചിട്ടാണ്, പുണ്യപുരാതനഭാരതഭൂമിയുടെ ദിവ്യൗഷധങ്ങളായി, ഗോമൂത്രചാണകാദികളെപ്പറ്റി ഈ തട്ടിപ്പുസംഘം ഭജന പാടുന്നത്. അതുവഴി ഒരുവെടിക്കു മൂന്നു പക്ഷികളെയാണീ കുബുദ്ധികൾ താഴെ വീഴ്​ത്തുന്നത്. ഒന്നാമതായി, ബ്രാഹ്‌മണമത മേൽക്കോയ്മ പിടിവിട്ടുപോകാതെ നിലനിർത്തുക. അടുത്തതായി, എതിരാളികൾക്ക് നിഴൽയുദ്ധം നടത്തി വിജയം നേടി എന്ന മിഥ്യാബോധം വളർത്താൻ, എല്ലിൻ കഷണങ്ങളാകുന്ന മണ്ടത്തരങ്ങൾ എറിഞ്ഞുകൊടുത്ത് യഥാർത്ഥ വിഷയങ്ങളിൽ നിന്ന് വഴിതെറ്റിക്കുക. മൂന്നാമതായി, കൗരവരെ കുടത്തിൽ സൃഷ്ടിച്ച വ്യാസനാണ് ടെസ്‌റ്റ്​ ട്യൂബ് ശിശുവിന്റെ കണ്ടുപിടുത്തക്കാരൻ എന്ന് മിത്തുകളെ യാഥാർത്ഥ്യങ്ങളാക്കി തെറ്റിദ്ധരിപ്പിക്കുന്നതിലൂടെ, അതിജീവനത്തിനായി തദ്ദേശീയ സമൂഹങ്ങൾ നൂറ്റാണ്ടുകളുടെ അനുഭവബോധ്യത്തിലൂടെ ആർജ്ജിച്ചെടുത്ത നാട്ടുവിജ്ഞാനങ്ങളെ മുഴുവൻ, ആഗോള ശാസ്ത്രവാദികൾക്ക്​ അന്ധവിശ്വാസങ്ങളുടെ പട്ടികയിൽ പെടുത്തി റദ്ദാക്കാൻ അവസരം ഒരുക്കിക്കൊടുക്കുക.

കൊച്ചി ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌
കൊച്ചി ഇടപ്പള്ളിയിൽ സ്ഥിതി ചെയ്യുന്ന അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്‌

അതുകൊണ്ടാണ് ഇന്ത്യയെപ്പോലെ തന്നെ പലവിധ നാട്ടുചികിത്സകളുടെ പാരമ്പര്യമുള്ള ചൈന, അവയെയെല്ലാം അലോപ്പതിയ്‌ക്കൊപ്പം ഉചിതമായി സമ്മേളിപ്പിച്ച ആരോഗ്യനയത്തിലൂടെ കോവിഡ് പ്രതിസന്ധിയെ മറികടന്നപ്പോൾ, ഇവിടെ ആയുഷ് വകുപ്പിനുകീഴിലുള്ള ചികിത്സാപദ്ധതികളെ ആ വിധത്തിൽ അണിനിരത്തുന്നതിൽ ഭാരതീയ പാരമ്പര്യത്തിന്റെ അട്ടിപ്പേറവകാശികൾ എന്നാണയിടുന്ന ഹിന്ദുത്വതീവ്ര ഭരണക്കാർ യാതൊരു വിധ ഉത്സാഹവും കാണിക്കാത്തത്. വിദേശഭരണത്തോട് സംഘപരിവാരത്തിനു രാഷ്ട്രീയമായി മാത്രമുള്ളതല്ല വിധേയത്വം, അത് ആന്തരികമായിതന്നെ അവരും ഞങ്ങളും ആര്യവംശരക്തമാണെന്ന വ്യാജാഭിമാനത്തോളം വേരുകളുള്ളതാണ്.

ചാതുർവർണ്യത്തിനും ഭഗവത്ഗീതയ്ക്കുമെല്ലാം വൈവിധ്യസമ്പൂർണമായ ഇന്ത്യൻ സമൂഹത്തിൽ ഇന്നുകാണുന്ന വിധത്തിലുള്ള ഹൈന്ദവവൽക്കരണത്തിലൂടെ കൂടുതൽ സ്വാധീനമുണ്ടാക്കിക്കൊടുക്കുന്നതിൽ പാശ്ചാത്യ ഒറിയന്റലിസ്റ്റുകളുടെ ആര്യവംശസിദ്ധാന്തം തന്ത്രപരമായ പങ്കു വഹിച്ചിട്ടുണ്ട്. ബ്രാഹ്‌മണമതം വിശ്വാസത്തിന്റെ കെട്ടുകഥകൾ നിർമിച്ചാണ് അതിന്റെ അധികാരത്തെ സ്ഥാപിച്ചെടുത്തതെങ്കിൽ, യൂറോപ്യൻ അധിനിവേശം അതിന്റെ അധികാരസംസ്ഥാപനത്തിന് ആധുനിക ശാസ്ത്രത്തെയാണ് ഉപകരണമാക്കിയത്. തലയോട്ടികളുടെയും മൂക്കിന്റെയും കൈകാലുകളുടെയും അളവുകളെടുത്തു ആന്ത്രപ്പോളജിയും ബയോളജിയും ആയുധമാക്കി ആര്യേതരജനതയെ ഇന്ത്യൻ സെൻസസുവഴി ഉന്നതജാതരെന്നും അധമരെന്നും ശാസ്ത്രീയമായി തന്നെ അവർ തരംതിരിച്ചുവെച്ചു. അധിനിവേശം അതിനെ സ്വയം ന്യായീകരിച്ചുറപ്പിക്കുന്നതും അധികാര പ്രയോഗം നടത്തുന്നതും സയന്റിഫിക്കായിട്ടാണ്. 18-ാംനൂറ്റാണ്ടിന്റെ അവസാനത്തിൽ തുടക്കമിട്ടതും, തുടർന്ന് പാഠപുസ്തകങ്ങൾ വഴി ഇന്ത്യൻ സവർണ ബുദ്ധിജീവികൾക്ക് ആവേശവും അല്ലാത്തവർക്ക് അപകർഷതയും വരുത്തിവെച്ചതുമായ ഈ ആര്യൻ മിത്ത് നിർമിതിയിൽ നിന്ന് നമ്മുടെ പൊതുബോധം ഇന്നും ഒട്ടും പുറത്തുവന്നിട്ടില്ല. 1990കളോടെയാണ് "ആര്യൻ ശാസ്ത്ര'ത്തിന്റെ അശാസ്ത്രീയത തുറന്നുകാട്ടപ്പെടാൻ തുടങ്ങിയതും. എന്നാൽ ഈ യാഥാസ്ഥിതിക ചരിത്രശാസ്ത്രബോധത്തെ തങ്ങളുടെ സൈദ്ധാന്തികാടിത്തറയായി പൂവിട്ടുപൂജിക്കുന്നവരാണ് ഇന്ത്യയിലെ സവർണ വർഗ്ഗീയത. അതേ ശൈലിയിൽ തന്നെയാണ് അവർ ഭരണകൂടാധികാരപ്രയോഗത്തിനും മൂലധനസേവയ്ക്കും തുണയായി നിലകൊള്ളുന്ന ആണവശക്തിയോടും ജനിതകമാറ്റ വിളകളോടും ആധുനിക വൈദ്യത്തോടുമെല്ലാം നിരുപാധികമായ ആഭിമുഖ്യം കാട്ടുന്നത്.

ആഗോള ആതുരസേവന മൂലധനവും ഭരണകൂടങ്ങളും ആധുനിക വൈദ്യവും ചേർന്നു നടത്തുന്ന വൈറസ് വിരുദ്ധപ്പോരാട്ടങ്ങൾ അടിസ്ഥാനവിഷയങ്ങളെ അഭിമുഖീകരിക്കാൻ വിസമ്മതിക്കുകയാണ്​

കോവിഡ് വിരുദ്ധ യുദ്ധം എങ്ങോട്ട്​?

ഭരണകൂടാധിപത്യം, സാമ്പത്തികകേന്ദ്രീകരണം, യാഥാസ്ഥിതിക ശാസ്ത്രം എന്നിവയുടെ ആദ്യത്തെ എതിരാളി അധികാര നിർമുക്തവും വികേന്ദ്രീകൃതവും ജനപക്ഷശാസ്ത്രവുമായി സർവ്വാത്മനാ കൈകൊർത്തു നിൽക്കുന്നതുമായ അടിത്തട്ടു ജനതയുടെ നാട്ടുവിജ്ഞാനങ്ങളത്രേ. ചെലവു കുറഞ്ഞതും സ്വാശ്രിതവും പ്രാദേശികസാഹചര്യങ്ങൾക്ക് ചേരുന്നതുമായ തദ്ദേശീയ അറിവുകളെ ജനപക്ഷ ശാസ്ത്രവുമായി ഇണക്കിചേർക്കുന്നതിലൂടെയാകും ഉൽപാദന കേന്ദ്രീകരണം, സാമ്പത്തികാസമത്വം, നഗരവൽക്കരണം, മലിനീകരണം എന്നീ മുതലാളിത്ത ചതുർദോഷങ്ങളിൽ നിന്നും സ്ഥലകാലങ്ങൾക്കൊത്ത് സമൂഹത്തെ ഗ്രസിക്കുന്ന രോഗാതുരതയിൽ നിന്നും മോചനം സാധ്യമാകൂ. ഇപ്പോൾ ആഗോള ആതുരസേവന മൂലധനവും ഭരണകൂടങ്ങളും ആധുനിക വൈദ്യവും ചേർന്നു നടത്തുന്ന വൈറസ് വിരുദ്ധപ്പോരാട്ടങ്ങൾ അടിസ്ഥാനവിഷയങ്ങളെ അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്നതിനാൽ, ഈ കോവിഡ് വിരുദ്ധ യുദ്ധം കുറേക്കൂടി അധികാരകേന്ദ്രീകരണവും മലിനീകരണവും അസമത്വവും വരുത്തിത്തീർത്ത്, മനുഷ്യശരീരത്തിന്റെ പ്രതിരോധങ്ങളെ കുറേക്കൂടി ദുർബ്ബലമാക്കുകയേയുള്ളൂ. ഇന്ത്യയിലാകട്ടെ, കർഷകസമരങ്ങൾ ആളിപ്പടർന്ന് വടക്കേയിന്ത്യയിൽ ബി.ജെ.പി. വോട്ടുബാങ്കുകൾ തകർത്ത് തുടർഭരണത്തെ കെട്ടുകെട്ടിച്ചില്ലെങ്കിൽ, ഇതിലും ഭീകര പൗരാവകാശധ്വംസനങ്ങളായിരിക്കും കോവിഡാനന്തരം നാം അനുഭവിക്കേണ്ടി വരിക. ▮


അശോകകുമാർ വി.

അധ്യാപകൻ. സാഹിത്യം, പരിസ്​ഥിതി, കൃഷി, ആരോഗ്യം എന്നീ വിഷയങ്ങളിൽ എഴുതുന്നു.

Comments