ബിഗ് ടെക്
കുത്തകകൾ
നിർമിച്ചുകഴിഞ്ഞു,
നമ്മുടെ digital twin

ആഗോള ഇന്റർനെറ്റ് സെർച്ച് മാർക്കറ്റിന്റെ 90 ശതമാനവും ഗൂഗിളിന്റെ കൈകളിലാണെങ്കിൽ, ആഗോള സോഷ്യൽ മീഡിയ പരസ്യവിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുന്നത് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്. അമേരിക്കയിൽ മാത്രം ഈ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 7.1 ട്രില്യൺ ഡോളറാണ്. ഈ സാമ്പത്തിക കരുത്ത് ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തെയും നിയമനിർമ്മാണങ്ങളെയും സ്വാധീനിക്കാൻ കുത്തകകൾക്ക് സാധിക്കുന്നു: ബിഗ് ടെക് കുത്തകകളുടെ കോർപ്പറേറ്റ് അധിനിവേശത്തെക്കുറിച്ച് എഴുതുന്നു, ശാക്കിർ കെ. മജീദി.

തൊണ്ണൂറുകളുടെ അവസാനത്തോടെ ഇന്റർനെറ്റ് വ്യാപകമായപ്പോൾ വിവരങ്ങളുടെ വലിയൊരു പ്രവാഹമാണ് ലോകത്തുണ്ടായത്. ഓരോ രണ്ടു വർഷം കൂടുമ്പോഴും ഡിജിറ്റൽ ഡേറ്റയുടെ അളവ് ഇരട്ടിച്ചുകൊണ്ടിരിക്കുന്ന ആധുനിക ലോകത്ത് മനുഷ്യന്റെ ശ്രദ്ധ ഏറ്റവും ദൗർലഭ്യമുള്ള ഒരു വിഭവമായി മാറിയിരിക്കുന്നു.

1960-കളുടെ അവസാനത്തിൽ ഹെർബർട്ട് എ. സൈമൺ ആണ് വിവരങ്ങളുടെ അതിപ്രസരത്തെ ഒരു സാമ്പത്തിക പ്രശ്നമായി കണ്ട് 'അറ്റൻഷൻ ഇക്കോണമി' അഥവാ ശ്രദ്ധയുടെ സാമ്പത്തികശാസ്ത്രം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. ഒരു ദിവസത്തിലെ നിശ്ചിത മണിക്കൂറുകൾക്കുള്ളിൽ മനുഷ്യന് നൽകാൻ കഴിയുന്ന ശ്രദ്ധയ്ക്ക് പരിമിതികളുണ്ട് എന്ന തിരിച്ചറിവാണ് ഈ സിദ്ധാന്തത്തിന്റെ കാതൽ. ഡാവൻപോർട്ടും ബെക്കും 2001-ൽ ഈ ആശയത്തെ വികസിപ്പിക്കുകയും മനുഷ്യന്റെ ശ്രദ്ധയെ കമ്പോളത്തിലെ വിലപിടിപ്പുള്ള ഒരു ചരക്കായി നിർവചിക്കുകയും ചെയ്തു.

ഡിജിറ്റൽ ലോകത്ത് നാം ജീവിക്കുന്നത് വിവരങ്ങളുടെ സമ്പദ്‌വ്യവസ്ഥയിലല്ല, നമ്മുടെ ഏകാഗ്രതയെ വിറ്റഴിക്കുന്ന ശ്രദ്ധയുടെ സമ്പദ്‌വ്യവസ്ഥയിലാണ്. വില്യം ജെയിംസ് നിരീക്ഷിച്ചതുപോലെ, നമ്മൾ എന്തിലേക്ക് ശ്രദ്ധ തിരിക്കുന്നുവോ അതാണ് നമ്മുടെ ജീവിതാനുഭവമായി മാറുന്നത്. ഈ അനുഭവമണ്ഡലത്തെയാണ് ആഗോള ടെക് ഭീമന്മാർ തങ്ങളുടെ അൽഗോരിതങ്ങൾ വഴി ഇന്ന് പൂർണ്ണമായും നിയന്ത്രിക്കുന്നത്.

ആഗോള ഡിജിറ്റൽ പരസ്യവരുമാനത്തിന്റെ പകുതിയിലധികവും ഗൂഗ്ൾ, മെറ്റ എന്നീ കമ്പനികളിലേക്ക് ചുരുങ്ങുന്നു. ആഗോള ഇന്റർനെറ്റ് സെർച്ച് മാർക്കറ്റിന്റെ 90 ശതമാനവും ഗൂഗ്ളിന്റെ കൈകളിലാണെങ്കിൽ, ആഗോള സോഷ്യൽ മീഡിയ പരസ്യവിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുന്നത് മെറ്റയാണ്.

ഫേസ്ബുക്ക്, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ടിക് ടോക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളെല്ലാം ഉപഭോക്താക്കൾക്ക് സൗജന്യമായാണ് സേവനങ്ങൾ നൽകുന്നത് എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കുന്നു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ടിം വു 'ദ അറ്റൻഷൻ മർച്ചന്റ്സ്' എന്ന പുസ്തകത്തിൽ വ്യക്തമാക്കുന്നത്, ഇത്തരം സൗജന്യ സേവനങ്ങൾക്ക് നാം പണം നൽകുന്നില്ലെങ്കിലും നമ്മുടെ വിലപ്പെട്ട ശ്രദ്ധയും സമയവുമാണ് പകരമായി നൽകുന്നത് എന്നാണ്.

പരസ്യദാതാക്കൾക്ക് ഉപഭോക്താക്കളെ എത്തിച്ചുകൊടുക്കുന്ന ഇടനിലക്കാരായി സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രവർത്തിക്കുന്നു. ഒരു വ്യക്തി എത്ര സമയം സ്ക്രീനിൽ ചെലവഴിക്കുന്നുവോ അത്രത്തോളം പരസ്യങ്ങൾ അവരിലേക്ക് എത്തിക്കാൻ സാധിക്കുന്നു. നമ്മുടെ ബ്രൗസിംഗ് രീതികൾ, ലൊക്കേഷൻ, സാമൂഹികബന്ധങ്ങൾ, സ്ക്രീനിലെ ചെറിയൊരു നിശ്ചലത പോലും കൃത്യമായി രേഖപ്പെടുത്തിയാണ് അൽഗോരിതങ്ങൾ പ്രവർത്തിക്കുന്നത്. ഇങ്ങനെയുള്ള വിവരങ്ങൾ വിശകലനം ചെയ്ത് ഓരോ വ്യക്തിയുടെയും താല്പര്യങ്ങൾക്കനുസരിച്ചുള്ള പരസ്യങ്ങൾ തത്സമയ ലേലത്തിലൂടെ വിറ്റഴിക്കപ്പെടുന്നു. ശോശാന സുബോഫ് ഇതിനെ 'സർവൈലൻസ് ക്യാപിറ്റലിസം' അഥവാ നിരീക്ഷണ മുതലാളിത്തം എന്ന് വിളിക്കുന്നു. ഉപഭോക്താക്കളുടെ അറിവോ സമ്മതമോ ഇല്ലാതെ അവരുടെ പെരുമാറ്റരീതികളെ അസംസ്കൃത വസ്തുക്കളാക്കി മാറ്റി ലാഭം കൊയ്യുന്ന രീതിയാണിത്.

1960-കളുടെ അവസാനത്തിൽ ഹെർബർട്ട് എ. സൈമൺ ആണ് വിവരങ്ങളുടെ അതിപ്രസരത്തെ ഒരു സാമ്പത്തിക പ്രശ്നമായി കണ്ട് 'അറ്റൻഷൻ ഇക്കോണമി' അഥവാ ശ്രദ്ധയുടെ സാമ്പത്തികശാസ്ത്രം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.
1960-കളുടെ അവസാനത്തിൽ ഹെർബർട്ട് എ. സൈമൺ ആണ് വിവരങ്ങളുടെ അതിപ്രസരത്തെ ഒരു സാമ്പത്തിക പ്രശ്നമായി കണ്ട് 'അറ്റൻഷൻ ഇക്കോണമി' അഥവാ ശ്രദ്ധയുടെ സാമ്പത്തികശാസ്ത്രം എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്.

ആഗോള കുത്തക മുതലാളിത്തം ഈ ശ്രദ്ധാവിപണിയെ എത്രത്തോളം കയ്യടക്കിവെച്ചിരിക്കുന്നു എന്ന് പഠനരേഖകളിലെ കണക്കുകൾ വ്യക്തമാക്കുന്നു. 2022-ൽ 567 ബില്യൺ ഡോളറായിരുന്ന ആഗോള ഡിജിറ്റൽ പരസ്യവിപണിയുടെ മൂല്യം 2025-ഓടെ 700 ബില്യൺ ഡോളർ കടക്കുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നതെങ്കിലും, അതിവേഗ വളർച്ചയിലൂടെ 2024-ൽ തന്നെ വിപണി ഏകദേശം 790 ബില്യൺ ഡോളറിലെത്തുകയും, 2025 ആയപ്പോഴേക്കും അത് 835 മുതൽ 850 ബില്യൺ ഡോളർ വരെ ഉയരുകയും ചെയ്തു. ഇതിന്റെ 30 ശ തമാനത്തോളം ഭാഗവും സാമൂഹിക മാധ്യമങ്ങളിലെ പരസ്യങ്ങളാണ്.

ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 2025-ൽ പരസ്യങ്ങളിലൂടെ മാത്രം 300 ബില്യണിലധികം ഡോളറും, മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) 190-ലേറെ ബില്യൺ ഡോളറും നേടിയിട്ടുണ്ട്. ആഗോള ഡിജിറ്റൽ പരസ്യവരുമാനത്തിന്റെ പകുതിയിലധികവും ഗൂഗ്ൾ, മെറ്റ എന്നീ കമ്പനികളിലേക്ക് മാത്രമായി ചുരുങ്ങുന്നു. ആഗോള ഇന്റർനെറ്റ് സെർച്ച് മാർക്കറ്റിന്റെ 90 ശതമാനവും ഗൂഗിളിന്റെ കൈകളിലാണെങ്കിൽ, ആഗോള സോഷ്യൽ മീഡിയ പരസ്യവിപണിയുടെ 65 ശതമാനവും നിയന്ത്രിക്കുന്നത് ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റയാണ്. അമേരിക്കയിൽ മാത്രം ഈ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ മൂല്യം 7.1 ട്രില്യൺ ഡോളറായി കണക്കാക്കപ്പെട്ടിരിക്കുന്നു. ഫേസ്ബുക്ക്, ഗൂഗിൾ, ആപ്പിൾ, ആമസോൺ, മൈക്രോസോഫ്റ്റ് എന്നീ അഞ്ച് വമ്പൻ കമ്പനികളുടെ 2025-ലെ ആകെ വരുമാനം 1.83 ട്രില്യൺ ഡോളറായിരുന്നു; ഇവയുടെ സംയോജിത വരുമാനത്തിൽ 13% മുതൽ 15% വരെ വളർച്ചയാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. 

ഈ സാമ്പത്തിക കരുത്ത് ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തെയും നിയമനിർമ്മാണങ്ങളെയും സ്വാധീനിക്കാൻ കുത്തകകൾക്ക് സാധിക്കുന്നു. സ്വകാര്യതാനിയമങ്ങളെയും കുത്തകവിരുദ്ധ നീക്കങ്ങളെയും പ്രതിരോധിക്കാനായി 2022-ൽ ആൽഫബെറ്റ് 11 മില്യൺ ഡോളറും മെറ്റ 19 മില്യൺ ഡോളറുമാണ് ലോബിയിങ്ങിനായി ചെലവഴിച്ചിരുന്നതെങ്കിൽ, പിന്നീട് വന്ന വർഷങ്ങളിൽ ഈ തുക കുത്തനെ വർദ്ധിപ്പിച്ച് ആൽഫബെറ്റ് 13 മില്യൺ ഡോളറിലധികവും, മെറ്റ റെക്കോർഡ് തുകയായ 26 മില്യൺ ഡോളറിലധികവും ഫെഡറൽ ലോബിയിങ്ങിനായി മാത്രം മുടക്കുകയുണ്ടായി. പുതിയ എതിരാളികളെ തുടക്കത്തിലേ കണ്ടെത്തി നശിപ്പിക്കാനും വിപണിയിലെ ആധിപത്യം നിലനിർത്താനും ബിഗ് ഡേറ്റയും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇവർക്ക് തുണയാകുന്നു.

ലാഭം പരമാവധിയാക്കാൻ ഉപഭോക്താക്കളെ കൂടുതൽ സമയം സ്ക്രീനിൽ പിടിച്ചിരുത്തേണ്ടതുണ്ട്. ഇതിനായി മനുഷ്യന്റെ ജൈവികവും മനഃശാസ്ത്രപരവുമായ ബലഹീനതകളെ ചൂഷണം ചെയ്യുന്ന രീതിയിലാണ് അൽഗോരിതങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പരമ്പരാഗത വാർത്താമാധ്യമങ്ങളുടെ പരസ്യവരുമാനം ഇത്തരം പ്ലാറ്റ്‌ഫോമുകൾ കവർന്നെടുക്കുന്നതോടെ പ്രാദേശിക മാധ്യമങ്ങളും സ്വതന്ത്ര പത്രപ്രവർത്തനവും വലിയ പ്രതിസന്ധിയിലാകുന്നു. അമേരിക്കയിലെ വിർജീനിയയിലുള്ള ഫെഡറൽ കോടതി ജഡ്ജി ലിയോണി ബ്രിങ്കെമ 2025 ഏപ്രിൽ 17-ന് നടത്തിയ വിധിപ്രസ്താവത്തിൽ, ഓൺലൈൻ പരസ്യ വിപണിയിൽ ഗൂഗിൾ നിയമവിരുദ്ധമായി കുത്തക നിലനിർത്തുന്നുവെന്നും ഇത് ഉപഭോക്താക്കൾക്കും പ്രസാധകർക്കും ദോഷകരമാണെന്നും കണ്ടെത്തുകയുണ്ടായി. ഗൂഗിളിന്റെ പരസ്യ ബിസിനസ്സ് വിഭജിക്കുന്നതുൾപ്പെടെയുള്ള കർശന നടപടികളിലേക്ക് നീങ്ങാൻ ഈ വിധി അമേരിക്കൻ നീതിന്യായ വകുപ്പിന് വഴിതുറന്നു. പരമ്പരാഗത കുത്തകവിരുദ്ധ നിയമങ്ങൾ ഉൽപ്പന്നങ്ങളുടെ വിലയെ അടിസ്ഥാനമാക്കിയുള്ളതാണ് എന്നതിനാൽ, സൗജന്യമായി സേവനം നൽകി ശ്രദ്ധയെ ചൂഷണം ചെയ്യുന്ന ഈ പുതിയ വിപണിയെ നിയന്ത്രിക്കാൻ അവ അപര്യാപ്തമാണെന്ന് ടിം വു മുന്നറിയിപ്പ് നൽകുന്നു.

ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 2025-ൽ പരസ്യങ്ങളിലൂടെ മാത്രം 300 ബില്യണിലധികം ഡോളറും, മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) 190-ലേറെ ബില്യൺ ഡോളറും നേടിയിട്ടുണ്ട്.
ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് 2025-ൽ പരസ്യങ്ങളിലൂടെ മാത്രം 300 ബില്യണിലധികം ഡോളറും, മെറ്റ (ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം) 190-ലേറെ ബില്യൺ ഡോളറും നേടിയിട്ടുണ്ട്.

ലാഭം പരമാവധിയാക്കാൻ ഉപഭോക്താക്കളെ കൂടുതൽ സമയം സ്ക്രീനിൽ പിടിച്ചിരുത്തേണ്ടതുണ്ട്. ഇതിനായി മനുഷ്യന്റെ ജൈവികവും മനഃശാസ്ത്രപരവുമായ ബലഹീനതകളെ ചൂഷണം ചെയ്യുന്ന രീതിയിലാണ് അൽഗോരിതങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. സത്യസന്ധമായ വിവരങ്ങളേക്കാൾ ഭയം, രോഷം, ഉത്കണ്ഠ, വിദ്വേഷം എന്നിവ ഉണർത്തുന്ന ഉള്ളടക്കങ്ങൾക്കാണ് അൽഗോരിതങ്ങൾ മുൻഗണന നൽകുന്നത്. നാഷണൽ അക്കാദമി ഓഫ് സയൻസസ് ഫേസ്ബുക്കിലെയും ട്വിറ്ററിലെയും 30 ലക്ഷം പോസ്റ്റുകൾ വിശകലനം ചെയ്തപ്പോൾ കണ്ടെത്തിയത്, എതിർ ചേരിയിലുള്ളവരെ അധിക്ഷേപിക്കുന്ന ഭാഷ ഉപയോഗിക്കുന്ന പോസ്റ്റുകൾ ഷെയർ ചെയ്യപ്പെടാനുള്ള സാധ്യത 67 ശതമാനം കൂടുതലാണ് എന്നാണ്. 2021-ലെ MIT പഠനമനുസരിച്ച് തീവ്രമായ പക്ഷപാതം നിറഞ്ഞതോ വൈകാരികമായതോ ആയ ട്വീറ്റുകൾ സാധാരണ ട്വീറ്റുകളേക്കാൾ 70 ശതമാനം കൂടുതൽ റീട്വീറ്റ് ചെയ്യപ്പെടുന്നു. ട്വിറ്ററിൽ സത്യമായ വാർത്തകളേക്കാൾ ആറിരട്ടി വേഗത്തിലാണ് വ്യാജവാർത്തകൾ പടരുന്നതെന്നും ഗവേഷണങ്ങൾ തെളിയിക്കുന്നു. മണിക്കൂറുകൾ നീളുന്ന ഗൗരവകരമായ പാർലമെന്ററി ചർച്ചകളിൽ നിന്ന് കേവലം 20 സെക്കൻഡ് മാത്രമുള്ള ഒരു വാഗ്വാദം മാത്രം അടർത്തിയെടുത്ത് വൈറലാക്കുന്ന രീതിയിലേക്ക് നമ്മുടെ പൊതുമണ്ഡലം ചുരുങ്ങിയിരിക്കുന്നു.

വ്യക്തികളുടെ വിവരണാത്മകവും പെരുമാറ്റപരവുമായ ഡേറ്റ ശേഖരിച്ച് ഓരോ മനുഷ്യന്റെയും കൃത്യമായ ഒരു ഡിജിറ്റൽ പതിപ്പ് അഥവാ 'ഹ്യൂമൻ ഡിജിറ്റൽ ട്വിൻ' നിർമ്മിക്കാൻ ഇന്ന് ഈ കമ്പനികൾക്ക് സാധിക്കുന്നു. നമ്മുടെ ഭാവിയിലെ പെരുമാറ്റങ്ങളെപ്പോലും പ്രവചിക്കാനും നിയന്ത്രിക്കാനും കഴിയുന്ന തരത്തിൽ ഈ ഡിജിറ്റൽ ഇരട്ടകളെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകൾ പോലെ കമ്പോളത്തിൽ വിൽക്കുന്നു. സ്വന്തം ശ്രദ്ധ എങ്ങോട്ട് തിരിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള മനുഷ്യന്റെ കഴിവിനെയാണ് 'കോഗ്നിറ്റീവ് ഓട്ടോണമി' അഥവാ ബൗദ്ധിക സ്വയംഭരണം എന്ന് വിളിക്കുന്നത്. നിരന്തരമായ നോട്ടിഫിക്കേഷനുകളും വൈകാരികമായ ഉള്ളടക്കങ്ങളും മനുഷ്യന്റെ ആഴത്തിൽ ചിന്തിക്കാനുള്ള കഴിവിനെയും ഓർമ്മശക്തിയെയും വൈകാരിക സ്ഥിരതയെയും നശിപ്പിക്കുന്നതായി ക്രിസ് ഹെയ്‌സ് 'ദ സൈറൺസ് കോൾ' എന്ന കൃതിയിൽ ചൂണ്ടിക്കാട്ടുന്നു.

റുവന്തിസ്സ അബേരത്നെയുടെ പഠനമനുസരിച്ച്, അൽഗോരിതങ്ങളുടെ അംഗീകാരത്തിനായി സ്വയം പ്രദർശിപ്പിക്കാനുള്ള നിരന്തര ശ്രമം മനുഷ്യനെ ഒരുതരം സ്വയംനിരീക്ഷണത്തിലേക്ക് തള്ളിവിടുകയും വ്യക്തിത്വത്തിന്റെ തനിമ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. വ്യക്തികളുടെ ചിന്താശേഷിയിലുണ്ടാകുന്ന ഈ തകർച്ച സമൂഹത്തിന്റെയാകെ ശ്രദ്ധയുടെ ദൈർഘ്യം കുറയ്ക്കുന്നു. 2013-നും 2016-നമിടയിൽ ട്വിറ്ററിൽ ആഗോളതലത്തിൽ ട്രെൻഡിങ് ആകുന്ന ഒരു ഹാഷ്ടാഗിന്റെ ആയുസ്സ് 17.5 മണിക്കൂറിൽ നിന്ന് 11.9 മണിക്കൂറായി ചുരുങ്ങിയത് ഈ സാമൂഹിക മാറ്റത്തിന്റെ വേഗതയാണ് കാണിക്കുന്നത്.

ആഗോള ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെ നാല് ശതമാനവും ഡിജിറ്റൽ പ്രവർത്തനങ്ങൾ വഴിയാണ് ഉണ്ടാകുന്നത്, 2030-ഓടെ ഇത് 21 ശതമാനമായി ഉയരുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

ബൗദ്ധിക സ്വയംഭരണത്തിന്റെ തകർച്ച ജനാധിപത്യ വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്നു. 2020-ലെ പ്യൂ റിസർച്ച് സെന്റർ സർവേ പ്രകാരം 64% അമേരിക്കക്കാരും വിശ്വസിക്കുന്നത്, സോഷ്യൽ മീഡിയ രാജ്യത്തിന്റെ ഗതിയെ പ്രതികൂലമായി ബാധിക്കുന്നുവെന്നാണ്. അൽഗോരിതങ്ങൾ സൃഷ്ടിക്കുന്ന എക്കോ ചേമ്പറുകൾ രാഷ്ട്രീയ ധ്രുവീകരണവും തീവ്രവാദവും വളർത്തുന്നു. അമേരിക്കയിൽ ആഭ്യന്തര ഭീകരാക്രമണങ്ങളുടെയും ഗൂഢാലോചനകളുടെയും എണ്ണം 2017-ൽ 67 ആയിരുന്നത് 2021-ൽ 110 -ആയി ഉയർന്നതിനുപിന്നിൽ ഓൺലൈൻ റാഡിക്കലൈസേഷന് വലിയ പങ്കുണ്ട് എന്ന് സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസ് വ്യക്തമാക്കുന്നു. 2021 ജനുവരി ആറിലെ യു.എസ് ക്യാപിറ്റോൾ ആക്രമണവും 2023 ജനുവരി എട്ടിലെ ബ്രസീൽ കലാപവും തിരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങൾ അൽഗോരിതങ്ങൾ വഴി പടർന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ്. മ്യാൻമറിലെ പട്ടാള അട്ടിമറിക്കുശേഷം സൈനിക പ്രൊപ്പഗണ്ടകൾ ഫേസ്ബുക്ക് അൽഗോരിതം വഴി വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതും ഇതോടൊപ്പം ചേർത്തുവായിക്കേണ്ടതാണ്.

വ്യക്തികളുടെ വിവരണാത്മകവും പെരുമാറ്റപരവുമായ ഡേറ്റ ശേഖരിച്ച് ഓരോ മനുഷ്യന്റെയും കൃത്യമായ ഒരു ഡിജിറ്റൽ പതിപ്പ് അഥവാ 'ഹ്യൂമൻ ഡിജിറ്റൽ ട്വിൻ' നിർമ്മിക്കാൻ ഇന്ന് ഈ കമ്പനികൾക്ക് സാധിക്കുന്നു.
വ്യക്തികളുടെ വിവരണാത്മകവും പെരുമാറ്റപരവുമായ ഡേറ്റ ശേഖരിച്ച് ഓരോ മനുഷ്യന്റെയും കൃത്യമായ ഒരു ഡിജിറ്റൽ പതിപ്പ് അഥവാ 'ഹ്യൂമൻ ഡിജിറ്റൽ ട്വിൻ' നിർമ്മിക്കാൻ ഇന്ന് ഈ കമ്പനികൾക്ക് സാധിക്കുന്നു.

ഗൗരവകരമായ മറ്റൊരു വശം, ഈ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതമാണ്. ആഗോള ഹരിതഗൃഹ വാതക ബഹിർഗമനത്തിന്റെ നാല് ശതമാനവും ഡിജിറ്റൽ പ്രവർത്തനങ്ങൾ വഴിയാണ് ഉണ്ടാകുന്നത്, 2030-ഓടെ ഇത് 21 ശതമാനമായി ഉയരുമെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. സ്പാം ഇമെയിലുകൾ ഉണ്ടാക്കുന്ന മലിനീകരണം തടയാൻ മാത്രം നൂറ്റി അറുപത് കോടി മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടി വരും എന്നത് ഈ വിപണിയുടെ മറഞ്ഞിരിക്കുന്ന ഭീകരത വെളിവാക്കുന്നു.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ 2021-ൽ നടത്തിയ പ്രസംഗത്തിൽ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുടെ വളർച്ചയും ഡാറ്റയുടെ ദുരുപയോഗവും മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ വിപത്തുകളിൽ ഒന്നായി ചൂണ്ടിക്കാട്ടിയിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശം മനുഷ്യാവകാശമായി അംഗീകരിച്ച ഐക്യരാഷ്ട്രസഭയുടെ പ്രമേയങ്ങളും, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ നൈതികതയെക്കുറിച്ചുള്ള യുനെസ്കോയുടെ ശുപാർശകളും, യൂറോപ്യൻ യൂണിയന്റെ GDPR നിയമങ്ങളും ഈ മേഖലയിലെ പ്രതിരോധ ശ്രമങ്ങളാണ്. ചൂഷണാധിഷ്ഠിതമായ ഇന്നത്തെ അറ്റൻഷൻ ഇക്കോണമിക്ക് പകരമായി മനുഷ്യന്റെ ഉദ്ദേശ്യങ്ങൾക്കും ക്ഷേമത്തിനും മുൻഗണന നൽകുന്ന ഒരു 'യെല്ലോ ഇക്കോണമി' അഥവാ പുനരുജ്ജീവന സമ്പദ്‌വ്യവസ്ഥ വേണമെന്ന ആശയം യു.എൻ ഇക്കണോമിസ്റ്റ് നെറ്റ്‌വർക്ക് മുന്നോട്ടുവെക്കുന്നു. ഭൗതികമായ അതിക്രമിച്ചു കടക്കൽ പോലെ തന്നെ മനുഷ്യന്റെ മനസ്സിലേക്കുള്ള അനധികൃതമായ കടന്നുകയറ്റത്തെയും 'അറ്റൻഷണൽ ഇൻട്രൂഷൻ' ആയി കണ്ട് നിയമപരമായി തടയേണ്ടതുണ്ട്. ഡേറ്റയുടെയും ശ്രദ്ധയുടെയും മേലുള്ള വ്യക്തികളുടെ പരമാധികാരം ഉറപ്പാക്കാനും, അൽഗോരിതങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കാനും, മനസ്സിന്റെ സ്വയംഭരണാവകാശത്തെ ഒരു പൊതുനന്മയായി സംരക്ഷിക്കാനും ശക്തമായ ആഗോള ഇടപെടലുകൾ അനിവാര്യമാണ്. അല്ലാത്തപക്ഷം മനുഷ്യന്റെ ചിന്തകളെയും ജനാധിപത്യത്തെയും കോർപ്പറേറ്റ് അൽഗോരിതങ്ങൾ പൂർണ്ണമായും വിഴുങ്ങുന്ന കാലം വിദൂരമല്ല.

▮

റഫറൻസുകൾ

  1. Masoud, R. H. (2025). The Attention Economy and the Collapse of Cognitive Autonomy. Denny Centre.

  1. Carpentier, C. L., Cheng, H. W. J., Jackobs, A., Roehrl, R., Klauer, P., & Doerfler, K. New Economics for Sustainable Development: Attention Economy. United Nations Economist Network (UNEN).

  1. Wu, T. (2016). The Attention Merchants: The Epic Scramble to Get Inside Our Heads. Knopf.

  1. Zuboff, S. (2019). Surveillance Capitalism and the Challenge of Collective Action. New Labour Forum, 28(1), 10-29.

  1. Davenport, T. H., & Beck, J. C. (2001). The Attention Economy: Understanding the New Currency of Business.

  1. Hayes, C. (2024). The Sirens' Call.

  1. Abeyratne, R. (2025). The Attention Economy and Commodifying the Human Mind.

  1. Rathje, S., Van Bavel, J. J., & van der Linden, S. (2021). Out-group animosity drives engagement on social media. Proceedings of the National Academy of Sciences, 118(26), e2024292118.

  1. Vosoughi, S., Roy, D., & Aral, S. (2018). The spread of true and false news online. Science, 359(6380), 1146-1151.

  1. Allcott, H., et al. (2020). The Welfare Effects of Social Media. American Economic Review.

  1. Pew Research Centre. (2020). Most Americans Say Social Media Has Negative Effect on the Way Things Are Going in the U.S. Today.

  1. UNCTAD. (2021). Digital Economy Report 2021.

  1. McGovern, G. (2020). World Wide Waste. Silver Beach.

  1. Munn, L. (2020). Angry by Design: Toxic communication and technical architectures. Humanities and Social Sciences Communication, 7(53).

  1. Calo, R., Powell, L., & Gittinger, D. W. (2017). Artificial Intelligence Policy: A Primer and Roadmap. University of California, Davis Law Review, 51, 399-435.

  1. eMarketer / Insider Intelligence. (2024–2025). Global Digital Ad Spending: Forecast and Trends. eMarketer Publishing.

  1. Statista Research Department. (2025). Alphabet and Meta Advertising Revenue Breakdown & Big Five Tech Financial Performance 2025. Statista.

  1. OpenSecrets. (2025). Federal Lobbying Statistics: Alphabet Inc. and Meta Platforms Inc. Lobbying Expenditures. Centre for Responsive Politics.

Comments