ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമാണ് കേരളത്തിന്റെ സൈബർ സ്പേസ്

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

സ്​മിത നെരവത്ത്​: തെറ്റായ സംവാദ ശീലങ്ങളുടെ സൃഷ്ടികളാണ് ഹിറ്റ്‌ലർ അടക്കമുള്ള ഫാസിസ്റ്റുകളും, സ്വേച്ഛാധികാരികളും. അർധസത്യങ്ങളും, നുണകളും, എതിരാളികളെക്കുറിച്ചുള്ള അപവാദ പ്രചാരണങ്ങളുമെല്ലാം ചേർന്ന സംവാദങ്ങളിലൂടെ ജനങ്ങളെ സ്വാധീനിക്കുകയും അവരെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഹിറ്റ്‌ലർ അധികാരം നേടിയത്. ഒരു ജനാധിപത്യ രാജ്യത്ത് ആരോഗ്യകരമായ സംവാദങ്ങളുണ്ടാവുക എന്നത് ജനാധിപത്യ മൂല്യങ്ങളുറപ്പിക്കുന്നതിന് അത്യാവശ്യമാണ്. മറുപക്ഷത്ത് നിൽക്കുന്ന വ്യത്യസ്ത ആശയങ്ങളുള്ള മനുഷ്യരോട് സംവദിക്കുമ്പോൾ അവരെ ശത്രുക്കളായി കണ്ടുള്ള ആക്രമണങ്ങളാണ് ഇവിടെ സംവാദങ്ങളിൽ നടക്കുന്നത്. തികച്ചും ബയാസ്ഡ് ആയി, അവരെ ഒരു തരത്തിലും സ്വീകരിക്കാതെയുള്ള സംവാദങ്ങൾ യഥാർത്ഥത്തിൽ സംവാദങ്ങളേയല്ല.

എന്തിനാണ് സംവാദങ്ങൾ? പരസ്പരമുള്ള ആശയ പ്രകടനത്തിലൂടെ സ്വയം വളരാനും ഒപ്പം ക്രിയാത്മകമായ മാറ്റങ്ങളുണ്ടാക്കുവാനുമാണ് സംവാദങ്ങൾ ലക്ഷ്യമിടേണ്ടത്.അത്തരമൊരു സംവാദ ശീലമേ ജനാധിപത്യത്തെ ശക്തിപ്പെടുത്തുകയുള്ളൂ.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിന്റെ ഭാഷ ജനാധിപത്യപരമായിരിക്കണം. അപരനെ ഉൾക്കൊള്ളാനുള്ള ക്രിയാത്മകമായ സാധ്യത ഭാഷക്കുണ്ടാവണം. താൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന മാനസികാവസ്ഥയിലാണ് പലരും സംവാദത്തിലേർപ്പെടുന്നത്.അപ്പുറത്തുള്ളയാളിനെ വ്യക്തിപരമായി അധിക്ഷേപിക്കുവാനും മാനസികമായി തളർത്തുവാനുമുള്ള ശ്രമങ്ങൾ നടത്തുന്നതിലൂടെ കിട്ടുന്ന ഒരു സാഡിസ്റ്റിക് പ്ലഷറിൽ പുളയ്ക്കുന്നവരെയാണ് സമകാലീന സംവാദങ്ങളിലൊക്കെ കാണുന്നത്. ഇത്തരം സംവാദങ്ങളിലൊക്കെ അർദ്ധസത്യങ്ങളുടെ മേളങ്ങളായിരിക്കും. നുണകൾ തെളിയിക്കപ്പെടും. പക്ഷേ അർദ്ധ സത്യങ്ങൾ മറ്റുള്ളവരെ ആശയക്കുഴപ്പത്തിലാക്കും. സംവാദ ഭാഷ ശാസ്ത്രീയവും യുക്തി പൂർണവുമായിരിക്കണം.അത് അപരനെ ഉൾക്കൊള്ളാൻ കൂടി പക്വമായിരിക്കണം.

സൈബർ സ്പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

സൈബർ സ്പേസ് ഉപയോഗിക്കുന്ന ഒരു സമൂഹത്തിന്റെ സാംസ്​കാരിക നിലവാരമാണ് അതിലും പ്രതിഫലിക്കുക. കേരളത്തിന്റെ സൈബർ സ്പേസ് തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമാണ് എന്നു പറയേണ്ട അവസ്ഥയിലാണ് കാര്യങ്ങൾ. തന്റെ നിലപാടിനെ എതിർക്കുന്നവരെ ആശയപരമായി നേരിടുന്നതിനു പകരം അവരെ വ്യക്തിഹത്യ നടത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.

സി.ആർ നീലകണ്ഠനെതിരെയും, കെ.കെ രമക്കെതിരെയും, അനുപമക്കെതിരെയും, കാരശ്ശേരിക്കെതിരെയും ഒക്കെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ഇതിന്റെ വ്യക്തമായ ഉദാഹരണങ്ങളാണ്. ആശയപരമായ പാപ്പരത്തങ്ങളാണ് ഈ ആക്രമണങ്ങൾക്കു പുറകിൽ.അനുപമ എന്ന പെൺകുട്ടി നേരിട്ട ആക്രമണം കേരളത്തിന്റെ സ്​ത്രീവിരുദ്ധതയുടെ ഏറ്റവും വൃത്തികെട്ട മുഖം വെളിപ്പെടുത്തിയ ഒന്നായിരുന്നു. "പുരോഗമന' ഇടങ്ങൾ എന്നവകാശപ്പെടുന്ന എല്ലായിടത്തുമുള്ള പാട്രിയാർക്കിയുടെ അളിഞ്ഞ മാലിന്യങ്ങൾ ദുർഗന്ധം പടർത്തി പുറത്തു വന്നു ഈ വിഷയത്തിൽ. അനുപമയെ പിന്തുണച്ച എല്ലാ മനുഷ്യരും സൈബറിടത്തിൽ ആക്രമിക്കപ്പെട്ടു. ഇത്രയും ദലിത് വിരുദ്ധവും സ്ത്രീവിരുദ്ധവും, മനുഷ്യത്വ വിരുദ്ധവുമായ സമൂഹത്തിൽ സൈബർ ഇടത്തിൽ മാത്രമായി ഒരു ജനാധിപത്യത്തിന്റെ ഭാഷയോ, സംവാദങ്ങളോ പ്രതീക്ഷിക്കുന്നതിൽ അർത്ഥമില്ല.

ഡിജിറ്റൽ സ്പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

മേൽപ്പറഞ്ഞ രണ്ടിടങ്ങളിലേയും ആക്രമണത്തിന്റെ സ്വഭാവം വ്യത്യാസമുണ്ട്. ഡിജിറ്റൽ സ്പേസിൽ നിന്ന് നിങ്ങൾക്കെപ്പോഴും ഇറങ്ങിപ്പോകാം. നിയമപരമായി നേരിടാം. പക്ഷേ കുടുംബത്തിൽ നിന്നും, സമൂഹത്തിൽ നിന്നും നേരിടുത്ത ആൾക്കൂട്ട ആക്രമണങ്ങൾ നേരിടാതെ മാറി നിൽക്കാൻ പറ്റില്ല. സാമൂഹികമായ ബഹിഷ്കരണങ്ങൾ ദൈനംദിന ജീവിതത്തെ ബാധിക്കും. സൂര്യനെല്ലി കേസിൽ ഇരയായ പെൺകുട്ടി നേരിട്ട സാമൂഹിക ആക്രമണങ്ങളും, ബഹിഷ്കരണങ്ങളും നേരിട്ടു കേട്ടിട്ടുണ്ട്. നിങ്ങളെ ജീവിക്കാനനുവദിക്കാത്ത വിധം അതു പിന്തുടർന്നുകൊണ്ടിരിക്കും. എത്രയോപേർ ഇത്തരം ആക്രമണങ്ങളെ ചെറുക്കാൻ കഴിയാതെ ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്. കേസുമായി പോയാൽ തന്നെ പോലീസിൽ നിന്ന്​ സഹകരണങ്ങൾ ഉണ്ടാകാറില്ല. കോംപ്രമൈസ് ചെയ്യാനാണ് അവിടെ നിന്ന് സമ്മർദ്ദം ഉണ്ടാകാറ്​.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസം കൊണ്ടുമാത്രം ആൾക്കൂട്ട ആക്രമണം നേരിട്ടിട്ടുള്ള ഒരു വ്യക്തിപരമായ അനുഭവം എനിക്കുണ്ട്. സൈബർ സ്പേസിൽ ഇതേ ആക്രമണത്തിന് വ്യക്തമായി മറുപടി കൊടുക്കാൻ കഴിയും. എന്നാൽ സ്വന്തം നാട്ടിൽ നമുക്കെതിരായി നടക്കുന്ന വ്യക്തിഹത്യകളെ പ്രതിരോധിക്കുക അത്ര എളുപ്പമല്ല. കണ്ടില്ലെന്ന് നടിച്ചു ജീവിക്കേണ്ടി വരും.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വ്യക്തിപരമായി വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ ഉണ്ടായിട്ടില്ല. എന്നാൽ കെ. കെ. രമയേയും അനുപമയേയും ഒക്കെ സപ്പോട്ട് ചെയ്തതിന്റെ ഭാഗമായി ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ട്. ഫെമിനിസ്റ്റു നിലപാടും, എഫ്.ബി യിലെ തുറന്നെഴുതലുകളുമൊക്കെ വ്യക്തിപരമായ അവഹേളനങ്ങൾക്കും, കമന്റുകൾക്കുമൊക്കെ കാരണമായിട്ടുണ്ട് എന്നതൊഴിച്ചാൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങൾ നേരിട്ടിട്ടില്ല. സൈബർ സ്പേസിൽ പലപ്പോഴും അത്ര ആക്റ്റീവല്ലാത്തതു കൊണ്ടു കൂടിയാവും.


Summary: പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.


സ്​മിത നെരവത്ത്​

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സ്‌കൂൾ ഓഫ് സിസ്റ്റൻസ് എജ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ. പാഠമില്ലെങ്കിൽ പാടത്തേക്കില്ല, അയ്യങ്കാളിയുടെ ജീവചരിത്രം, വാക്കിന്റെ രാഷ്​ട്രീയം എന്നിവ പ്രധാന കൃതികൾ.

Comments