അനുപാതരഹിതമായ പ്രതികരണവും അപകടം

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?
ജനാധിപത്യം എന്നാൽ സംവാദം എന്ന് തന്നെയുമാണ്. ഇതെഴുതുന്നത് റിപ്പബ്ലിക് ദിനത്തിലാണ്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജനാധിപത്യരാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്ന ദിവസം. ഭരണഘടനാ രൂപീകരണത്തിന് വേണ്ടി നടന്ന ചർച്ചകൾ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സംവാദം എന്നത് സാങ്കേതികമായി തന്നെ എത്രത്തോളം അവശ്യമായതാണ് എന്നതിനുള്ള തെളിവായി കാണാവുന്നതാണല്ലോ. 1947 തൊട്ട് 1949 വരെ 165 ദിവസങ്ങളിലായി നടന്ന ദീർഘ സംവാദമാണ് ഭരണഘടന ഉണ്ടാക്കിയത്. 36 ലക്ഷം വാക്കുകൾ , ഭരണഘടനാ രൂപീകരണചർച്ചയിൽ സംവാദകരാൽ ഉച്ചരിക്കപ്പെട്ടു എന്ന് യുപിഎസ്സി എക്സാം പഠിതാക്കൾ ഉപയോഗിക്കുന്നൊരു വെബ്സൈറ്റിൽ വായിച്ചു.

165 ദിവസങ്ങൾ, 36 ലക്ഷം വാക്കുകൾ. ഇത്ര വലുതും ദീർഘവുമായൊരു സംവാദം വഴി നിലവിൽ വന്നൊരു ഭരണഘടന ഉണ്ടാക്കിത്തന്ന ജനാധിപത്യ ഇടത്താണ് നമ്മളിരിക്കുന്നത്. കടുത്ത പിന്തിരിപ്പൻ വാദങ്ങളും ഭരണഘടനാ രൂപീകരണ കാലത്ത് പല അംഗങ്ങളും ഉയർത്തിയിരുന്നു, നമുക്കറിയാം. പിന്തിരിപ്പൻ മതരാഷ്ട്രവാദം ഉയർത്തിയവരും ഉണ്ടായിരുന്നു ചർച്ചയിൽ. പക്ഷെ അവരുടെ വാദങ്ങളെ ഡിബേറ്റ് ചെയ്ത് തോൽപ്പിച്ചാണ്, ഭൂരിപക്ഷത്തിന്റെ കരുത്ത് ഉപയോഗിച്ച് കൂവിത്തോൽപ്പിച്ചല്ല, ഭരണഘടനയുണ്ടാക്കിയവർ ശരിവാദങ്ങളെ സ്ഥാപിച്ചത്.

സംവാദം എന്ന് വെച്ചാൽ ജനാധിപത്യം തന്നെയാണ്. ഭയമില്ലാതെ അഭിപ്രായം പറയാനുള്ള ഇടം എല്ലാവർക്കും ലഭിക്കുന്നൊരു പൊതുമണ്ഡലം ദൈനംദിനജീവിതത്തെ തന്നെയും കൂടുതൽ ജീവസ്സുറ്റതാക്കും. അത്തരം ചർച്ചകളിലൂടെ വരുന്ന പ്രൊഡക്ട് മികച്ചതായിരിക്കും, ഇന്ത്യൻ ഭരണഘടന അതിന് തെളിവാണ്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

എൻ പ്രഭാകരന്റെ ഒരു കഥാസമാഹാരത്തിനുള്ള അവതാരികയിലാണെന്ന് തോന്നുന്നു, സക്കറിയ എഴുതിയിട്ടുണ്ട്. സത്യത്തിൽ ചെന്ന് തട്ടിവീഴുക എന്നതാണ് എപ്പോഴും കഥയെഴുത്തുകാരുടെ ഭാഷയുടെ ലക്ഷ്യമെന്ന്. സംവാദത്തിന് നമ്മളുപയോഗിക്കുന്ന ഭാഷയ്ക്കും ആ ദൗത്യമാണ് ഉള്ളതെന്ന്, വേണ്ടതെന്ന് തോന്നാറുണ്ട്. എങ്ങനെ വളഞ്ഞ് തിരിഞ്ഞ് പോയാലും അത് ഒടുവിൽ സത്യത്തിലാണ് ചെന്ന് തട്ടേണ്ടത്. അതിപ്പോ കെ റെയിൽ ചർച്ചയാണെങ്കിലും എന്താണ് നമുക്ക് ആത്യന്തികമായി വേണ്ടത്?

ഈ പ്രൊജക്ടിന്റെ പൂർണവിവരങ്ങളും, അതിന്റെ എല്ലാ വശങ്ങളും അറിയലാണല്ലോ. അതാണ് ലക്ഷ്യമെങ്കിൽ അതിനുപകരിക്കുന്ന ഭാഷയാണല്ലോ വേണ്ടത്. എല്ലാവർക്കും ഇടപെടാനും സംസാരിക്കാനും സ്വാതന്ത്ര്യം വരുന്ന വിധം അഗ്രഷൻ ഇല്ലാത്ത ഭാഷയാകും സംവാദത്തിന് നല്ലത് എന്നത് ഉറപ്പാണല്ലോ. സൗമ്യമായ ഭാഷ, ദീർഘവും തുറന്നതുമായ സംസാരത്തിന് ഇടയുണ്ടാക്കുന്നു, അത് വഴി ആകാവുന്നത്രയ്ക്ക് സത്യത്തിലേക്ക് എത്തിച്ചേരാൻ നമുക്ക് സാധിക്കുകയും ചെയ്യുന്നു. കെ റെയിലിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാനും സംശയം പ്രകടിപ്പിക്കാനും എല്ലാവർക്കും അവകാശമുണ്ട്. അത്തരം ചർച്ചകൾക്ക് വേണ്ട സൗഹാർദ്ദ അന്തരീക്ഷം സൈബർ ലോകത്ത് ഒരുക്കേണ്ട ചുമതല ഈ പദ്ധതിയെ അനുകൂലിക്കുന്നവർക്കാണ് കൂടുതൽ ഉള്ളത് എന്നും ഞാൻ വിചാരിക്കുന്നുണ്ട്.

സമൂഹം പല തരം ഭാഷകൾ ഉപയോഗിക്കുന്ന പല തരക്കാർ ചേർന്ന സ്ഥലമാണല്ലോ. വലിയ താൽപ്പര്യങ്ങളുള്ള മത, രാഷ്ട്രീയ ഗ്രൂപ്പുകളുടെ അണികളും ഇവിടെയുണ്ട്. അവരിൽ മാന്യമായ ഭാഷയുള്ളവർ മാത്രമല്ല ഉള്ളത്. അതുകൊണ്ട് അത്തരം മോശം ഭാഷ ഉപയോഗിക്കുന്നതും സോഷ്യൽ മീഡിയ ചർച്ചകളിൽ കാണും. അത്തരക്കാരെ നിയന്ത്രിക്കാൻ ബന്ധപ്പട്ട കക്ഷികളെ നിർബ്ബന്ധിക്കുകയാണ് പൊതുസമൂഹത്തിന് ചെയ്യാനാവുക.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ഇല്ലെന്നാണ് എനിക്ക് തോന്നുന്നത്. അതിന് പക്ഷെ, ഇവിടങ്ങളിലെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമല്ല കുറ്റക്കാർ എന്ന് എനിക്ക് തോന്നാറുണ്ട്. അവരിൽ കുറ്റമുണ്ട്, പക്ഷെ അവർ മാത്രമല്ല കുറ്റക്കാർ. സൈബർ ലോകത്ത് "സാധാരണക്കാർ' എന്നും, "അസംസ്‌കൃത ചാർച്ചികർ ' എന്നുമൊക്കെ വിചാരിക്കപ്പെടുന്ന അനേകർ പങ്കെടുക്കുന്ന ചില ചർച്ചകളാൽ "പ്രഗൽഭർ'ക്ക് ചിലപ്പോഴൊക്കെ ശല്യം ഉണ്ടാകുന്നുണ്ട്. ഈ ശല്യത്തോട് പലപ്പോഴും അനുപാതരഹിതമായാണ് പല പ്രഗൽഭരും പ്രതികരിച്ച് കാണാറ്.

ഉദാഹരണത്തിന് കെ റെയിൽ കവിതയ്ക്കെതിരെ സൈബർ ആക്രമണം നടന്നു എന്നൊക്കെ പറയുന്നത് കടന്ന ആരോപണമായിരുന്നു. പരിഹാസത്തോടെയുള്ള പ്രതികരണം അവിടവിടെ കണ്ടു, ശരി തന്നെ. പക്ഷെ പരിഹാസം സാമൂഹ്യചർച്ചകളുടെ ഭാഗമാകുന്നത് അത്ര വലിയ കുറ്റകൃത്യമൊന്നുമല്ല. അതിനെ അവഗണിച്ച് തള്ളാനേ ഉണ്ടായിരുന്നുള്ളൂ. പകരം മലയാളമനോരമ എന്ന, കേരളത്തിലെ ഏറ്റവും പ്രധാനപത്രത്തിന്റെ, എഡിറ്റ് പേജിലാണ് ഈ ചർച്ചകളെക്കുറിച്ചുള്ള കുറ്റപ്പെടുത്തൽ പ്രതികരണം വന്നത്. അതോടെ ആ സംഗതിയുടെ ലെവല് തന്നെ മാറിപ്പോയി. കവിയുടെ മുറിവേറ്റ സുഹൃത്തുക്കൾ സംഗതിയെ അനുപാതരഹിതമായൊരു സൈബറാക്രമണസംഭവമാക്കി ഉയരത്തിലെടുത്ത് വെച്ചു കളഞ്ഞു. ഇതിനൊക്കെ മാത്രമെന്താ ഉണ്ടായിട്ടുള്ളത് എന്ന തോന്നലാണ് ബാക്കി. അഭിപ്രായം പറയാൻ എല്ലാവർക്കും അവകാശവും സ്പേസും കൈവന്ന പുതിയ കാലത്തോട് അസഹിഷ്ണുത പ്രകടിപ്പിക്കുന്ന പല പ്രമുഖരും ഇങ്ങനെ സൈബർ ലോകം അപക്വമാണല്ലോ എന്ന തോന്നലുണ്ടാക്കാൻ ഇടയാക്കുന്നവരാണ്.

സൈബർ ആക്രമണം വസ്തുതയാണ്. എന്ത് കാരണത്തിന്റെ പേരിലായാലും സംഘടിതരായ ഒരു കൂട്ടം ഒരു വ്യക്തിയെയോ, വ്യക്തികളെയോ വട്ടമിട്ട് പിടിച്ച് ബുള്ളി ചെയ്യുന്നതൊക്കെ അതിൽ പെടും.
എന്ന് വെച്ച്, പരിഹാസവും കളി പറച്ചിലും ഒക്കെ ആക്രമണമാണ് എന്ന് സമീകരിക്കുന്നത് ശരിയല്ല. നാട്ടിലെ എല്ലാ പക്ഷത്തുമുള്ള രാഷ്ട്രീയ നേതാക്കൾ എങ്ങനെയൊക്കെ കളിയാക്കപ്പെടുന്നുണ്ട്. അവര് തിരിച്ച് ആക്രമിക്കുകയല്ലല്ലോ ചെയ്യുന്നത് ? അവഗണനയും സഹിഷ്ണുതയുമാണ് അവരിൽ ഭൂരിപക്ഷം പേരും ഇത്തരം കാര്യങ്ങളോട് സ്വീകരിക്കാറുള്ള നയം. ഇത് എല്ലാവർക്കും പാഠമാക്കാവുന്നതാണ്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?
ഒരു വ്യത്യസ്തത, സൈബർ ലോകത്തെ ആക്രമണത്തെ ഒരു പരിധി വരെ നമുക്ക് അവഗണിക്കാൻ കഴിയും എന്നതാണ്(ഒരു പരിധി വരെ എന്നാണ് പറയുന്നത്). നമ്മുടെ പോസ്റ്റുകൾക്ക് താഴെ വരുന്ന അധിക്ഷേപ കമന്റുകളെ ഡിലീറ്റ് ചെയ്യാനും, അത്തരക്കാരെ ബ്ലോക്ക് ചെയ്യാനും നമുക്ക് സാധിക്കും. ഇതൊക്കെ സകലയാൾക്കും തുറന്ന് വെച്ച് കൊടുക്കേണ്ട കാര്യമൊന്നുമില്ല. നമ്മൾ എഡിറ്ററായിരിക്കുന്ന ഒരു പേജാണ് ഇത് എന്ന് വിചാരിക്കുക, നമുക്ക് അഹിതമായി തോന്നുന്നത് എഡിറ്റ് ചെയ്ത് നീക്കുക. അത്ര തന്നെ. സമയമില്ലാത്തവർ കമന്റ് ബോക്സ് പൂട്ടിയിടുക. സോഷ്യൽ മീഡിയയിലാകെ നിങ്ങളെ തെറിവിളിയാണെങ്കിൽ അങ്ങോട്ട് മൊത്തമായി തന്നെ നോക്കാതിരിക്കുക. വല്ലാത്ത തോതിൽ ആക്രമിക്കപ്പെട്ട ഒരു കാലത്ത് ഇങ്ങനെയാണ് ഞാനിതിനെ അതിജീവിച്ചിട്ടുള്ളത്. വലിയ ആക്രമണം ഉണ്ടായപ്പോൾ ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ ആപ്പുകൾ തന്നെയും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു. നമുക്ക് നിയന്ത്രണണമുള്ള ഒരു കാര്യമാണല്ലോ അത്. ആക്രമണം നടക്കുന്ന ലോകത്ത് നിന്ന് തന്നെ മാറി നിൽക്കാൻ ഒരാൾക്ക് സാധിക്കുമെന്നത് ചെറിയ കാര്യമല്ല. അധിക്ഷേപത്തിന്റെ വലുപ്പം നിങ്ങളറിയുന്നില്ല, അത് കൊണ്ട് തന്നെ അതിനാൽ നിങ്ങൾ ക്ഷീണിക്കുന്നതിന്റെ അളവ് കുറയും.

ഞാൻ പറഞ്ഞത്, ഓൺലൈനിൽ നിങ്ങൾക്ക് വാതിലുകളടച്ച് ഉള്ളിലിരിക്കാവുന്ന സാഹചര്യം ഒരളവോളം ഉണ്ട് എന്നതാണ്. ഓഫ്ലൈൻ ആക്രമണത്തിൽ അത് ഇല്ല. മുഖ്യധാരാ മാധ്യമങ്ങളാൽ ആക്രമിക്കപ്പെട്ടാലും ഈ സൗകര്യം ഇല്ല എന്ന് നമ്മൾ പ്രത്യേകമായി ഓർക്കണം. അവയ്ക്ക് വലിയ സ്വാധീനവും ആധികാരികതയും പെനിട്രേഷനും ഉള്ള ഈ സമൂഹത്തിൽ അവ വഴി ആക്രമണം വരുമ്പോൾ ഈ പറഞ്ഞ ഒഴിഞ്ഞിരിക്കൽ സാധ്യമല്ല. മുൻകാലങ്ങളിൽ മുഖ്യധാരാ ആക്രമണങ്ങൾക്ക് വിധേയരാകുന്ന ഒറ്റയൊറ്റ വ്യക്തികൾക്ക് ആശ്വാസത്തിന്റെ ചെറുകണിക പോലും പ്രതീക്ഷിക്കാനില്ലായിരുന്നു. സോഷ്യൽ മീഡിയയാണ് അത്തരക്കാർക്ക് പിടിച്ച് നിൽക്കാൻ ഊന്ന് വടിയായത് എന്ന് നമ്മൾ കാണണം

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

വലിയ ആക്രമണം നേരിട്ടുണ്ട്. അതിന്റെ വെളിച്ചത്തിൽ കൂടിയാണ് സമീപകാലത്ത് നടന്നതൊന്നുമല്ല ശരിയായ സൈബർ ആക്രമണം എന്ന് ഉറപ്പിച്ച് പറയാൻ എനിക്ക് സാധിക്കുന്നതും. ഓഫീസിലുണ്ടായ ഒരു തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടായിരുന്നു അത്. ഞാൻ ഒരു തരത്തിലും പങ്കാളിയോ ഉത്തരവാദിയോ അല്ലാതിരുന്ന കാര്യം. വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. രണ്ട് ഓൺലൈൻ മാധ്യമങ്ങളുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. അവർ കണ്ടന്റ് ഉണ്ടാക്കി നൽകും,എവിടെ നിന്നൊക്കെയോ വന്ന് ചേരുന്ന വൻ സംഘം സംഘം അതുമെടുത്ത് പിന്നാലെ നടന്ന് കൂട്ടത്തല്ല് നടത്തും. ഇതായിരുന്നു രീതി. പ്രധാനമായും സംഘപരിവാരികളായിരുന്നു അക്രമികളെങ്കിലും അവരല്ലാത്തവരും ഇഷ്ടം പോലെ. ഞാൻ മാത്രമല്ലായിരുന്നു ഇര. ഇതെതുടർന്ന് ഞങ്ങളുടെ കൂട്ടത്തിലൊരു സുഹൃത്ത് ജീവൻ നഷ്ടമാകുന്നതിന്റെ വക്ക് വരെയെത്തി. ഇപ്പോഴാലോചിക്കുമ്പോൾ അിശ്വസനീയമായി തോന്നുന്നത്രയ്ക്ക് ബലത്തിലുള്ള സംഘടിതാക്രമണമായിരുന്നു അത്. കേരളത്തിൽ മാധ്യമമേഖലയടക്കമുള്ള ഇടങ്ങളിലെ സ്ത്രീകൾ നേരിടുന്ന അധിക്ഷേപത്തിന്റെ ചെറിയ ശതമാനം പോലും ഞാനടക്കമുള്ള ആണുങ്ങൾക്ക് നേരെ വന്നിട്ടില്ല എന്നൊരു തോന്നൽ കൂടെ ഉള്ളത് കൊണ്ട് കൂടുതൽ വിശദാംശങ്ങൾ ഇവിടെ പറയുന്നില്ല.

ഞങ്ങളെ ആക്രമിച്ചവരിൽ ഒരു ഓൺലൈൻ മാധ്യമക്കാരൻ മൂന്ന് വർഷത്തിന് ശേഷം മെസേജ് അയച്ച് ഖേദം പ്രകടിപ്പിച്ചു. എനിക്കാ ഖേദമെസേജ് കണ്ടപ്പോൾ വലിയ ചിരിയും അത്ര തന്നെ രോഷവും വന്നു. ആ മെസേജ് ഞാനെടുത്ത് വെച്ചിട്ടുണ്ട്.

Comments