ആക്രമിക്കുന്നവർ ക്ഷീണിച്ചുറങ്ങും അവഗണിക്കുന്നവർ സമാധാനമായുറങ്ങും

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

ജനാധിപത്യവും ഏകാധിപത്യവും തമ്മിലുള്ള പ്രധാന വ്യത്യാസം ആരോഗ്യപരമായ സംവാദങ്ങൾക്കുള്ള ഇടം ജനാധിപത്യത്തിലുണ്ട്, ഏകാധിപത്യത്തിൽ അതില്ല എന്നുള്ളതാണ്.
പുതിയ പദ്ധതിയോ ആശയമോ തുടങ്ങുന്നതിനുമുൻപ്, അതിന്റെ ആവശ്യകതയെക്കുറിച്ച്, അത് നടപ്പിലാക്കാനുള്ള ഘട്ടങ്ങൾ, പ്രതിസന്ധികൾ, അതുകൊണ്ടുള്ള ഗുണങ്ങൾ, ദോഷങ്ങൾ ഇതെല്ലാം ആ മേഖലയിലെ വിദഗ്ധർ വന്ന് സംസാരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യും.

അല്ലാതെ എങ്ങനെയാണ് സാധാരണ ജനങ്ങൾ അതിനെക്കുറിച്ച് ബോധമുള്ളവരാകുന്നത്ത്? മറിച്ച്, ഏകപക്ഷീയമായ തീരുമാനമെടുത്ത് അത് ജനങ്ങളുടെമേൽ അടിച്ചേൽപിക്കാൻ ശ്രമിച്ചാൽ ജനാധിപത്യമെന്ന വാക്കിന് പിന്നെന്തു പ്രസക്തി! അവിടെയാണ് സംവാദങ്ങളുടെ റോൾ. അതു വേണമെന്ന് തന്നെയാണ് കരുതുന്നത്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദത്തിൽ മാത്രമല്ല അനുദിന ജീവിതത്തിലും ഭാഷ ഉപയോഗിക്കുന്നത് വളരെ മര്യാദയോടെയും മാന്യതയോടെയും കൂടിയായിരിക്കണം എന്ന പക്ഷക്കാരിയാണ് ഞാൻ. ഒരുതുള്ളി ചോര പൊടിയാതെ ഹൃദയത്തെ രണ്ടായി പിളർക്കാൻ കത്തി വേണ്ട, മൂർച്ചയുള്ള വാക്കുകൾ മാത്രം മതി. അതേ വാക്കുകൾക്ക് തന്നെ ലേപനമാവാനും, കുളിർമ്മയാകാനും കഴിവുണ്ട്. ഭാഷക്കും വാക്കുകൾക്കും ശക്തിയുണ്ട് എന്ന തിരിച്ചറിവിൽ തന്നെ വേണം അതു കൈയിലുള്ളവർ ഉപയോഗിക്കേണ്ടത്.

സംവാദങ്ങളിൽ ആശയങ്ങളോടാണ് യോജിപ്പും വിയോജിപ്പും പ്രകടിപ്പിക്കേണ്ടത്. വ്യക്തികളോടല്ല. ടി.വി ചാനലുകളിലും മറ്റും കാണുന്ന സംവാദങ്ങളിൽ ചിലർ പറയുന്നത് കേൾക്കുമ്പോൾ ഇത്ര ദുഷിപ്പ് പറയാൻ ഇവർക്കെങ്ങനെ സാധിക്കുന്നു എന്ന് അത്ഭുതം തോന്നാറുണ്ട്. അതും ഏറ്റവും മോശമായ ഭാഷയിൽ. ചില രാഷ്ട്രീയക്കാർ തന്നെ ഇതിന് ഏറ്റവും വലിയ ഉദാഹരണം. ഒരു മനുഷ്യൻ പുറത്തേയ്ക്ക് വിടുന്നത് അയാളുടെ ഉള്ളിലുള്ളത് മാത്രമായിരിക്കും എന്നത് അറിയാഞ്ഞിട്ടല്ല. പക്ഷെ എന്തുകൊണ്ട് ഇത്ര മ്ലേഛമായി സംസാരിക്കുന്നവരെ ചർച്ചകളിലും സംവാദങ്ങളിലും ഉൾപ്പെടുത്തുന്നു? അതിന് democracy യുടെ fourth estate ആയ പ്രസ്സ് ആണ് ഉത്തരം പറയേണ്ടത്. ഇങ്ങനെ വന്നിരുന്ന് വിടുവായത്തരം പറയുന്നത് കേൾക്കാൻ ഓടിക്കൂടുന്ന സൊസൈറ്റിയും ഇതിനുത്തരം പറയാൻ ബാദ്ധ്യസ്ഥരാണ്.

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

അത് തികച്ചും വ്യക്തിനിഷ്ടമാണെന്നാണ് തോന്നിയിരിക്കുന്നത്. യോജിപ്പില്ലാത്ത ആശയങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കാനുള്ള പക്വത എനിയ്‌ക്കോ നിങ്ങൾക്കോ ഉണ്ടൊ അതോ ഇല്ലയോ എന്നത് ഓരോരുത്തരും അവനവനോട് സത്യസന്ധമായി ചോദിക്കേണ്ട ചോദ്യമാണ്. ആശയങ്ങളോടുള്ള അഭിപ്രായവ്യത്യാസം ഏറ്റവും മാന്യമായി പ്രകടിപ്പിക്കുന്നതിനുപകരം നിങ്ങൾ വ്യക്തിഹത്യയ്ക്കാണ് മുതിരുന്നതെങ്കിൽ (അപ്പനപ്പൂപ്പന്മാരെ തൊട്ട്, കുടുംബാംഗങ്ങളെവരെ "മ'യും "പ' യും കൂട്ടി തെ പറയാനാണ് തോന്നുന്നതെങ്കിൽ ) നിങ്ങൾക്ക് സൈബർ സ്‌പേസിലെന്നല്ല ഒരു സ്‌പേസിലും വാ തുറക്കാനുള്ള പക്വത ആയിട്ടില്ല എന്നുറപ്പിക്കാം. ഇക്കൂട്ടർ "മൗനം വിദ്വാനു ഭൂഷണം' എന്ന് ആലങ്കാരികമായി പറഞ്ഞ് വാ തുറക്കാതെ ഇരിക്കുന്നതാണ് വീടിനും നാടിനും നല്ലത്.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ശാരീരികാക്രമണമില്ല എന്നൊരു വ്യത്യാസം മാത്രം. മാനസികാഘാതം രണ്ടിലും ഒരുപോലാണ്. സോഷ്യൽ മീഡിയ പരിശോധിക്കുകയാണെങ്കിൽ ആക്റ്റിംഗ്, സിങ്ങിംഗ് എന്നീ ട്രഡീഷണൽ റോളുകൾ കൂടാതെ ഇതുവരെ ഇല്ലാതിരുന്ന പല പുതിയ റോളുകളും ഏറ്റെടുക്കുന്ന സ്ത്രീകളെ - ഇൻഫ്‌ളുവൻസേഴ്‌സായും, പേഴ്‌സണൽ ഹോബീസ് ഷോകേസ് ചെയ്യുന്നവരായും, ട്രാവൽ വ്‌ളോഗുകൾ ചെയ്യുന്നവരായും, പലവിധത്തിൽ വരുമാനം കിട്ടുന്ന തൊഴിൽ തേടുന്നവരായും നല്ല തന്റേടത്തോടെ മുന്നോട്ടു വരുന്ന സ്ത്രീകളെ - സൈബർ സ്‌പേസിൽ മുഖമില്ലാത്ത ഭീരുക്കൾ മോശം കമന്റുകളും മറ്റുമിട്ട് ആക്രമിക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ പ്രൊഫൈലിന് താഴെയാണ് ഏറ്റവുമധികം മോശം കമന്റുകൾ കാണുന്നത്.

പക്ഷെ ഡിജിറ്റൽ സ്‌പേസിൽ നമുക്കെതിരായിട്ടുള്ള ആക്രമണങ്ങളും കമന്റുകളും വായിക്കാതെയും കാണാതെയും ഇരിക്കാം എന്നൊരു സൗകര്യമുണ്ട്. ആക്രമിക്കുന്നവർ അവരുടെ സമയവും എനർജ്ജിയും നമുക്കെതിരെ ഘോരം ഘോരം ഉപയോഗിച്ചു ക്ഷീണിച്ച് കിടന്നുറങ്ങുമ്പോൾ നമ്മുടെ ലക്ഷ്യങ്ങൾക്കും സ്വപ്നങ്ങൾക്കുമായി വളരെ പ്രൊഡക്റ്റീവായി സമയം ഉപയോഗിച്ചിട്ടു് സമാധാനമായി നമ്മളും കിടന്നുറങ്ങുന്നു.

ഡിജിറ്റൽ സ്‌പേസിൽ ഉടലെടുക്കുന്ന ആൾക്കൂട്ടാക്രമണം അവിടെ ഒതുങ്ങി നിൽക്കാതെ നേരിട്ടുള്ള ആക്രമണമാകാനുള്ള സാധ്യതയും തള്ളിക്കളയാൻ പറ്റില്ല. അതുകൊണ്ടുതന്നെ പരിധി വിടുന്ന സൈബർ ആക്രമണങ്ങൾ നിയമപരമായി നേരിടുന്നതിനു മടിക്കേണ്ട എന്നൊരു അഭിപ്രായവുമുണ്ട്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

ഇല്ല.

Comments