എല്ലാ സംവാദാത്മകരാഷ്ട്രീയത്തിനും ഒരാത്മീയ തലമുണ്ടാകണം

പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.

ഒരു ജനാധിപത്യ രാജ്യത്ത് സംവാദങ്ങളുടെ രാഷ്ട്രീയ പ്രാധാന്യമെന്താണ്?

നിലനിൽക്കുന്ന സാമൂഹ്യവ്യവസ്ഥിതിയേക്കാൾ മെച്ചപ്പെട്ടതും വികസിച്ചതുമായ ഒരു ലോകത്തിനുള്ള സാധ്യതകൾ ആരായുകയാകണം സംവാദങ്ങളുടെ ലക്ഷ്യം. സംവാദങ്ങളുടെ ശക്തി അപാരമാണ്. അത് സാംസ്‌കാരിക സാമൂഹിക രാഷ്ട്രീയ വൈജ്ഞാനിക പ്രവർത്തനങ്ങളുടെ അനിവാര്യതയാണ്. വ്യക്തികൾ ലോകത്തിന്റെ പല ഭാഗങ്ങളിലിരുന്ന് സ്വത്വവും സത്തയും വെളിപ്പെടുത്തുന്ന സംഭാഷണങ്ങളിൽ ഏർപ്പെടുന്നതിലൂടെ, ഒരു കാലഘട്ടവും സമൂഹവും അതിന്റെ സാംസ്‌കാരികാന്തരീക്ഷത്തെ പടിപടിയായി ഉയർത്തുകയാണ്. ആ മനോഹരമായ സാധ്യതയാണ് സൈബറിടങ്ങൾ തുറന്നു തന്നത്. ഓരോരുത്തരുടെയും സംഭാഷണ രീതിയും അവർ ഊന്നൽ കൊടുക്കുന്ന കാഴ്ചപ്പാടുമെല്ലാം വ്യത്യസ്തമായിരിക്കുമല്ലോ. ഈ വാങ്മയങ്ങളിലൂടെ തെളിഞ്ഞു വരേണ്ടത് ഉന്നതമായ ജീവിതാവബോധത്തിന്റെ സൗന്ദര്യാത്മക തലങ്ങളാണ്. തമ്മിൽത്തമ്മിൽ നേരിട്ടു കാണാതെ ലോകത്തു പലയിടങ്ങളിലിരുന്ന് ഒരുപാടു മനുഷ്യർ വിവിധ വിഷയങ്ങളിൽ സംഭാഷണങ്ങളിലേർപ്പെടുകയാണ്. അങ്ങനെ നിരന്തരസംവാദങ്ങളുടേതായ ഒരു അന്താരാഷ്ട്രതലം സൃഷ്ടിക്കപ്പെടുന്നു. അക്കാദമിക പാണ്ഡിത്യമോ അധികാരാവസ്ഥകളോ ജ്ഞാനസിദ്ധാന്തങ്ങളോ ഒന്നും ഒരാൾക്കും പരിമിതികളാകുന്നില്ല . ഇവിടെയൊരു എഡിറ്ററില്ല, മോഡറേറ്ററില്ല, സെൻസറുമില്ല. എല്ലാം ഞാൻ തന്നെ, ഞാൻ മാത്രം.

അക്കാദമികതാർക്കികരോട്, അധികാരികളോട് ഒക്കെ എനിക്ക് സധൈര്യം ഈ സദസ്സിൽ ഏറ്റുമുട്ടാം. എന്റെ വിയോജിപ്പുകൾ ഉറക്കെ പറയാം. എന്റെ ന്യായങ്ങൾ ധൈര്യമായി ഉയർത്തുവാനും സംവാദത്തിലേർപ്പെടാനും ജനസാമാന്യ (Public at large) ത്തിനു മുന്നിൽ എന്റെ കാഴ്ചപ്പാട് ഉറക്കെ പറയാനും ഈയിടം എനിക്കു ശക്തിയും ധൈര്യവും നൽകുന്നുണ്ട്. എന്റെ ന്യായങ്ങൾക്കൊരിടമാണ് സൈബറിടം. സൈബർ ലോകത്ത് നമ്മൾ എഴുതുകയും വായിക്കുകയുമല്ല, നിരന്തരം പറയുകയും കേൾക്കുകയുണ്. ഇവിടെ എഴുത്ത് എന്നാൽ പറച്ചിലാണ്. അത് തുറന്ന ഒരു ചെവിയും തുറന്ന ഒരു ബുദ്ധിയും തുറന്ന ഒരു ഹൃദയവും ആവശ്യപ്പെടുന്നുണ്ട്.

സംവാദത്തിൽ ഭാഷയ്ക്ക് എത്രത്തോളം പ്രാധാന്യമുണ്ട്? സംവാദ ഭാഷ മറ്റ് പ്രയോഗഭാഷകളിൽ നിന്ന് വേറിട്ട് നിൽക്കേണ്ടതുണ്ടോ?

സംവാദഭാഷ സരളവും സുതാര്യവുമായാൽ മാത്രം പോരാ. സംഘർഷങ്ങളിലൂടെ ആശയങ്ങളുടെ ആത്മാവും പൊരുളും വീണ്ടെടുക്കുവാനും അതിന് കഴിയണം. വ്യക്തിതലത്തിലെന്നതിനുപരി ജനസാമാന്യ തലങ്ങളിലാണ് ഇത് സംഭവിക്കേണ്ടത്. പരസ്പരം മനസ്സിലാകുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന ഏതു ഭാഷയും അതിനായി ഉപയോഗിക്കപ്പെടണം. എതിർ നിൽക്കുന്നവരെ ബഹുമാനിച്ചു കൊണ്ടുള്ള, അവർക്കുകൂടി ഉൾക്കൊള്ളാനാകുന്ന തരം ഭാഷയിലാകണം സംവാദങ്ങൾ. പറയേണ്ടത് ഉറക്കെപ്പറയാനും ഉറപ്പിച്ചു പറയാനും ഈ ഭാഷ കൊണ്ട് സാധ്യമാകണം. അതൊരിക്കലും മറുപക്ഷ നിധനത്തിനുള്ളതാകരുത്.

ഭാഷ എന്ന ഒരേ മീഡിയത്തിലാണ് നിർവ്വഹിക്കപ്പെടുന്നതെങ്കിലും സംവാദം പ്രസംഗമോ പ്രഭാഷണമോ അല്ല. എതിരാളിയുടെ ആശയത്തിന് ഇടമില്ലാത്തതൊന്നും സംവാദത്തിന്റെ ഭാഷയല്ല. ആന്തരികവും ആത്മീയവും (spiritual) ആയ തലത്തിൽ മനുഷ്യന്റെ ഉയർച്ചയാകണം എല്ലാത്തരം സംവാദങ്ങളുടെയും കാതൽ. അനന്തമായ സംവാദസാധ്യതയുള്ള ഒരു ഇടത്തെ, ദുരയും ആർത്തിയും പകയും കൊണ്ട് അങ്ങേയറ്റം കലുഷിതമാക്കുന്നതായാണ് കണ്ടുവരുന്നത്. എല്ലാ സംവാദാത്മകരാഷ്ട്രീയത്തിനും ഒരാത്മീയതലമുണ്ടാകണം. മതാത്മകതയുമായി ഒരു ബന്ധവുമില്ല. ആ തലത്തിലേക്കാണ് സംവാദങ്ങൾ ഉയർത്തപ്പെടേണ്ടത്. ഒരു True Gandhian spiritualityയിലെന്നതു പോലെ .

സൈബർ സ്‌പേസ്, സംവാദങ്ങളിലെ ജനാധിപത്യത്തേയും ജനാധിപത്യ ഭാഷയെയും കണ്ടെത്താനും ഉൾക്കൊള്ളാനും അംഗീകരിക്കാനും പക്വമായോ?

ആക്രമണത്തിന്റെയും ഉന്മൂലനത്തിന്റെയും ഭാഷയാണ് ഇപ്പോൾ ഇവിടെ നിറയുന്നത്. സംവാദസാധ്യതകളെ അത് പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നു. ആരോഗ്യപരമായ സംവാദം കൊണ്ട് നാം ഉയർത്തപ്പെടേണ്ടത് ഡമോക്രസിയുടെ ഭൗതികതലത്തിൽ നിന്ന് കോസ്‌മോക്രസിയുടെ ആത്മീയതലങ്ങളിലേക്കാണ്. ഒന്നിനെ ഉന്മൂലനം ചെയ്തു കൊണ്ട് മറ്റൊന്നിനെ വളർത്തുകയല്ല സംവാദമെന്നതു കൊണ്ട് അർഥമാക്കുന്നത്. നിരന്തരമായ ആശയ സംഘട്ടനങ്ങളും അനുസ്യൂതമായ സമന്വയ സാധ്യതകളുമാണ് അത് തുറന്നിടേണ്ടത്. ഈ സാധ്യതക്ക് ഏറ്റവും വലിയ പ്രതിബന്ധമായി വർത്തമാന കാലത്ത് നമുക്കനുഭവപ്പെടുന്നത് ഉന്നതവും വിശാലവുമായ രാഷ്ട്രീയ പ്രബുദ്ധതയുടെയും രാഷ്ട്രീയാവബോധത്തിന്റെയും അഭാവമാണ്. പാർട്ടി അവബോധത്തെ രാഷ്ട്രീയാവബോധമോ രാഷ്ട്രീയ പ്രബുദ്ധതയോ ആയി തെറ്റിദ്ധരിക്കുന്നതിന്റെ പ്രശ്‌നമാണിത്. ഇവിടെ നമ്മൾ നേരിടുന്ന ഭാഷ പാർട്ടിസാൻ "പ്രബുദ്ധത'യുടേതാണ്, രാഷ്ട്രീയ പ്രബുദ്ധതയുടേതല്ല. ഒരു വ്യക്തിയെ ആക്രമിച്ചു കീഴ്‌പെടുത്തിയാൽ, അധിക്ഷേപിച്ചാൽ അയാൾ മുന്നോട്ടു വെക്കുന്ന ആശയത്തെ ഉന്മൂലനം ചെയ്യാമെന്ന വക്രബുദ്ധിയുടെ ആയുധമായി ഭാഷയെ ഉപയോഗിക്കുന്നുവെന്നതാണ് ഇന്ന് സൈബറിടങ്ങൾ നേരിടുന്ന ദുര്യോഗം. ആത്മീയമായി ഉയർന്ന ചിന്തകളിലേക്ക് സംവാദങ്ങൾ പോകാതെ തടയിടേണ്ടത് ആൾക്കൂട്ടശക്തികളുടെ ആസൂത്രിത നയമാണ്. വിഷം പുരട്ടിയ ഭാഷയുടെ പലതരം ആയുധങ്ങളുമായി അവർ ഇവിടെ സജ്ജരാണ്. സ്വയം എങ്ങനെ പരിവർത്തനം ചെയ്യപ്പെടാമെന്നല്ല, സ്വയം എങ്ങനെ മാറാതിരിക്കാമെന്നതിനാണ് ഇവിടെ നിരന്തരന്യായങ്ങൾ നിർമ്മിക്കപ്പെടുന്നത്. വലിയൊരു മത്സരമായി അതു വളരുകയാണ്. ക്രിയാത്മകമായ സമരോത്സുകതക്കു പകരം ചുള്ളിക്കാടിന്റെ ഭാഷയിലെ നിധനോത്സുകതയാണ് ഇവിടെ നിറയുന്നത്. ഇടപെടുന്നവർ പാകമായാൽ മാത്രമേ സൈബറിടവും സൈബർ ഭാഷയും പാകമാകൂ.

ഡിജിറ്റൽ സ്‌പേസിൽ വ്യക്തികൾ നേരിടുന്ന ആൾക്കൂട്ട ആക്രമണങ്ങൾ ഡിജിറ്റലല്ലാത്ത സ്‌പേസിൽ നേരിടുന്ന ആക്രമണങ്ങളിൽ നിന്ന് ഏതെങ്കിലും തരത്തിൽ വ്യത്യസ്തമാണോ?

ഡിജിറ്റലല്ലാത്ത ഇടങ്ങളിൽ ഇടപെടുന്നവർക്ക് എഡിറ്റർ എന്ന ഒരു രക്ഷാകർത്താവുണ്ട്. ഒരു സംഘാടക സംഘം രക്ഷക്കുണ്ടാകും. സ്വന്തം കക്ഷി ആക്രമിക്കപ്പെടാതെ, അവർക്ക് രക്ഷപ്പെടുത്താനാകും. ഇവിടെ നേർക്കുനേർ വരുന്ന ശത്രുവിനോട് സ്വന്തം വാക്ബലത്തിലും ആന്തരികശക്തിയിലും ഏറ്റുമുട്ടണം. കണ്ണു വേണമിരുപുറമെപ്പോഴും കണ്ണു വേണം മുകളിലും താഴെയും എന്ന അവസ്ഥ. സ്വയം ഒരു മികച്ച എഡിറ്ററോ മോഡറേറ്ററോ സെൻസറോ ആകാൻ കഴിയാത്ത ഒരാൾക്കും സൈബറിടത്തിൽ നല്ല സംവാദകരാകാൻ കഴിയില്ല. പ്രസാദാത്മകമായ കലഹങ്ങളുടെയും കലാപങ്ങളുടെയും പരിവർത്തനങ്ങളുടെയും സമരങ്ങളുടെയും സംവാദതലങ്ങളാണ് ഇന്ന് അധിക്ഷേപഭാഷ കൊണ്ട് അരാജകരുടെ ഇടമായി ചിലപ്പോഴെങ്കിലും ചുരുക്കപ്പെട്ടു പോകുന്നത്. മറ്റിടങ്ങളിലേക്കാൾ സൈബർസ്ഥല ജനാധിപത്യത്തിൽ വ്യക്തിവാദവും ശിഥിലീകരണവുമാണ് ഏറി നിൽക്കുന്നത്. ഞാൻ മാത്രം, എന്റെ പാർട്ടി മാത്രം , എന്റെ മതം മാത്രം , എന്റെ വിശ്വാസം മാത്രം ഇവിടെ പുലർന്നാൽ മതി എന്ന അങ്ങേയറ്റം വിധ്വംസകവും ജനാധിപത്യത്തിനു നിരക്കാത്തതുമായ നിലപാടുകളാണ് സൈബറിടത്തിലെ ഭാഷയെ മലീമസമാക്കുന്നത്. കോസ്‌മോക്രസി പോട്ടെ, ജനാധിപത്യത്തിന്റെ സാരം പോലും മറന്നു പോകുന്നവരാണ് സ്വാതന്ത്ര്യത്തിന്റെ ഈ മനോഹരയിടങ്ങളെ കലുഷിതമാക്കുന്നത്.

വ്യക്തിപരമായി സൈബർ ആക്രമണം നേരിട്ടിട്ടുണ്ടോ? ആ അനുഭവം എന്തായിരുന്നു?

സൈബറിടത്തിൽ തുറന്നിടപെടുന്ന ആർക്കും എന്നതു പോലെ എനിക്കും അംഗീകാരവും അധിക്ഷേപവും നേരിടേണ്ടി വന്നിട്ടുണ്ട്. വ്യക്ത്യാക്രമണങ്ങളെ പോലും നേരിടുമ്പോൾ , അതൊന്നും എനിക്കല്ല, ഞാൻ പ്രതിനിധാനം ചെയ്യാനാഗ്രഹിക്കുന്ന ആശയങ്ങൾക്കു കിട്ടുന്നതാണ് എന്ന് മാത്രം കണ്ടാലല്ലാതെ ഇവിടെ തുടരാനാവില്ല. ഒരു തുറന്ന മൈതാനിയിലാണ് ഇടപെടുന്നതെന്ന ബോധ്യമുള്ളതു കൊണ്ട് രണ്ടിനുമുള്ള സാധ്യതകളെ കുറിച്ച് ബോധ്യമുണ്ട്. രണ്ടിനെയും ഒരേ രീതിയിൽ കാണുകയാണ് പതിവ്. പിന്തുണക്ക് ആളെ കാത്തു നിന്നിട്ടില്ല. ഈ ആൾക്കൂട്ടമൈതാനത്തിൽ നിന്ന് ഓടിയൊളിക്കാനും അവിടെത്തന്നെ തുടരാനും കഴിയുമെന്നിരിക്കെ തുടരുന്നതിലെ വീര്യമാണ് ഞാനിഷ്ടപ്പെടുന്നത്.
"എനിക്കു രസമീ നിമ്‌നോന്നതമാം വഴിക്കു തേരുരുൾ പായിക്കൽ
ഇതേതിരുൾക്കുഴി മേലുരുളട്ടെ വിടില്ല ഞാനീ രശ്മികളെ',


Summary: പൊതുമണ്ഡലത്തിൽ, മനുഷ്യർ തമ്മിലുള്ള ഇടപെടലുകളിൽ നിന്ന് ജനാധിപത്യ ബോധത്തിന്റെ അടിസ്ഥാനങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വർത്തമാന ഘട്ടത്തിൽ ട്രൂ കോപ്പി തിങ്ക് 'സംവാദ'ങ്ങളുടെ ജനാധിപത്യത്തെയും ഭാഷയെയും ഡിജിറ്റൽ സ്‌പേസിലെ സംവാദങ്ങളെയും കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട അഞ്ച് ചോദ്യങ്ങൾ സമൂഹത്തിന്റെ പല തലങ്ങളിൽ പ്രവർത്തിക്കുന്നവരോട് ചോദിച്ചു. നൽകിയ ഉത്തരങ്ങൾ തിങ്ക് പ്രസിദ്ധീകരിക്കുന്നു. സംവാദം - ജനാധിപത്യം.


എസ്​. ശാരദക്കുട്ടി

എഴുത്തുകാരി. സാഹിത്യ, സാംസ്​കാരിക, രാഷ്​ട്രീയ വിഷയങ്ങളിൽ സജീവമായി ഇടപെടുന്നു. പരുമല ദേവസ്വം ബോർഡ്​ കോളജിൽ മലയാളം അധ്യാപികയായിരുന്നു. പെൺവിനിമയങ്ങൾ, പെണ്ണ്​ കൊത്തിയ വാക്കുകൾ, ഞാൻ നിങ്ങൾക്കെതിരെ ആകാശത്തെയും ഭൂമിയെയും സാക്ഷ്യം വെക്കുന്നു, വിചാരം വിമർശം വിശ്വാസം, ഇവിടെ ഞാൻ എന്നെക്കാണുന്നു തുടങ്ങിയവ പ്രധാന കൃതികൾ.

Comments